Monday, May 17, 2010

ഗര്‍ഭകാലത്ത് അമ്മയുടെ വാക്കിന് കാതോര്‍ക്കുക


PRO
ഗര്‍ഭിണികള്‍ ഡോക്ടര്‍മാര്‍ പറയുന്നതിനെക്കാള്‍ സ്വന്തം അമ്മയുടെ വാക്കുകള്‍ക്ക് കാതോര്‍ക്കുന്നത് കൂടുതല്‍ ഉചിതമായിരിക്കുമെന്ന് നിരീക്ഷണം. ലണ്ടന്‍ കേന്ദ്രമാക്കിയുള്ള ഒരു സംഘം ഗവേഷകരാ‍ണ് ഗര്‍ഭിണികള്‍ക്ക് ഈ ഉപദേശം നല്‍കുന്നത്. കഴിഞ്ഞ തലമുറകളിലെ അമ്മമാരെയും പങ്കെടുപ്പിച്ച് നടത്തിയ സര്‍വ്വെയ്ക്ക് ശേഷമാണ് ഗവേഷകര്‍ ഈ വിലയിരുത്തല്‍ കൈമാറുന്നത്.

യൂണിവേഴ്സിറ്റി ഓഫ് ലണ്ടനില്‍ നിന്നുള്ള ഒരു സംഘമാണ് ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരുന്നത്. 1970 കളിലെയും 80 കളിലെയും മുതല്‍ രണ്ടായിരം വരെയുള്ള പല തലമുറകളില്‍ പെട്ട അമ്മമാരോട് ഇവര്‍ ഗര്‍ഭകാല പരിചരണത്തെക്കുറിച്ച് ആരാഞ്ഞിരുന്നു. പുതുതലമുറയിലെ അമ്മമാര്‍ ഡോക്ടര്‍മാരുടെ ഉപദേശം കൂടി ചെവിക്കൊള്ളണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ പഴയ തലമുറയിലെ അമ്മമാര്‍ ഇതിനോട് അധികം യോജിച്ചില്ല.

2000-2010 കാലയളവില്‍ അമ്മമാരായവരുടെ ഇടയില്‍ നടത്തിയ അഭിപ്രായ ശേഖരണത്തില്‍ ഗര്‍ഭകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മനസിലാക്കാനായി ഇവര്‍ പ്രധാനമായും ബുക്കുകളും ഇന്‍റര്‍നെറ്റുമാണ് ആശ്രയിച്ചിരുന്നത്. കുടുംബത്തിലെ മുതിര്‍ന്നവരുടെ ഉപദേശവും പരിചരണവും ഇവരില്‍ പലര്‍ക്കും അധികം ലഭിച്ചിട്ടില്ല. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ ബുക്കില്‍ നിന്നും മറ്റും ലഭിക്കുന്ന വിവരങ്ങളേക്കാള്‍ സ്വന്തം അമ്മമാരുടെയോ അല്ലെങ്കില്‍ ആ സ്ഥാനത്തുള്ള ആരുടെയെങ്കിലുമോ പരിചരണം ആഗ്രഹിക്കുന്നതായാണ് ഇവരില്‍ ഭൂരിഭാഗവും മനസു തുറന്നത്.

ഗര്‍ഭിണികളുടെ ദിനചര്യകളില്‍ അമ്മമാര്‍ക്ക് കൂടുതല്‍ സ്വാധീനം ചെലുത്താമെന്നും ഇപ്പോള്‍ വ്യാപകമായി കണ്ടുവരുന്ന ഗര്‍ഭകാല രോഗങ്ങളും മറ്റും ഈ ശ്രദ്ധയിലൂടെ ഏറെക്കുറെ ഒഴിവാക്കാമെന്നും ഈ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഗര്‍ഭകാലത്തെ ആശങ്കയും ആകുലതകളും അകറ്റുന്നതിന് അമ്മമാരുടെ പരിചരണവും ഉപദേശവും ഡോക്ടറുടെ പക്കല്‍ നിന്ന് ലഭിക്കുന്നതിന്‍റെ ഇരട്ടി ഫലം ചെയ്യുമെന്നും ഇവര്‍ പറയുന്നു

Mums-to-be trust their mothers more than doctors | ഗര്‍ഭകാലത്ത് അമ്മയുടെ വാക്കിന് കാതോര്‍ക്കുക

No comments: