Wednesday, May 12, 2010

ശ്രീനിവാസന്‍ തിരക്കഥ മോഷ്ടിച്ചു?


PRO
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ എല്ലാവര്‍ക്കും ഇഷ്ടമാണ്, ബഹുമാനവുമാണ്. മലയാള സിനിമയിലെ ‘അപൂര്‍വ ജീനിയസ്’ ആയാണ് ശ്രീനിയെ ഏവരും കരുതുന്നത്. എന്നാല്‍ ഇടയ്ക്കിടെ ചില ‘അടിച്ചുമാറ്റല്‍‘ ആരോപണങ്ങളില്‍ ശ്രീനി കുടുങ്ങാറുണ്ട്. ഇപ്പോഴിതാ, ശ്രീനിവാസന്‍ തിരക്കഥ മോഷ്ടിച്ചതായി ആരോപിച്ച് ഒരാള്‍ രംഗത്തെത്തിയിരിക്കുന്നു.

‘ഒരുനാള്‍ വരും’ എന്ന പുതിയ ചിത്രത്തിന്‍റെ തിരക്കഥ മോഷണമാണെന്ന ആരോപണവുമായാണ് മുക്കം സ്വദേശിയായ കെ വി വിജയന്‍ എന്നയാള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ഇത് പരിഗണിച്ച കോടതി മേയ് 31 വരെ ‘ഒരുനാള്‍ വരും’ റിലീസ് ചെയ്യരുതെന്ന് നിര്‍ദ്ദേശിച്ചു.

മേയ് 14ന് ഈ സിനിമ റിലീസ് ചെയ്യുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. അതിനാലാണ് 31 വരെ റിലീസ് തടഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം റിലീസ് ഡേറ്റ് ജൂണ്‍ 25 ആയി നിര്‍മ്മാതാവ് മണിയന്‍‌പിള്ള രാജു പ്രഖ്യാപിച്ചിരുന്നു. ഇതോടെ കോടതി വിലക്ക് നീട്ടുമെന്നാണ് സൂചന.

ടി കെ രാജീവ്‌കുമാര്‍ സംവിധാനം ചെയ്യുന്ന ഒരുനാള്‍ വരും സാമൂഹ്യവിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഒരു ഫാമിലി സ്റ്റോറിയാണ്. മോഹന്‍ലാലും ശ്രീനിവാസനും സമീര റെഡ്ഡിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശ്രീനി മുമ്പ് തിരക്കഥയെഴുതിയ ‘കഥ പറയുമ്പോള്‍’ മോഷണമാണെന്ന് ആരോപണമുണ്ടായിരുന്നു. ശ്രീനിയുടെ ഉദയനാണ് താരം, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം എന്നീ സിനിമകള്‍ ഹോളിവുഡ് സിനിമകളുടെ അനുകരണമാണെന്നും ആരോപണങ്ങള്‍ വന്നിരുന്നു

Sreeni stole script for Orunaal Varum | ശ്രീനിവാസന്‍ തിരക്കഥ മോഷ്ടിച്ചു?

ചൈനീസ് സ്കൂളില്‍ വീണ്ടും അക്രമം: എട്ട് മരണം

ചൈനയിലെ ഒരു നഴ്സറി സ്കൂളിലുണ്ടായ അക്രമത്തില്‍ ഏഴു കുട്ടികളും ഒരു അദ്ധ്യാപികയും കൊല്ലപ്പെട്ടു. നാല്‍‌പത്തിയെട്ടുകാരനായ ഒരാള്‍ കറിക്കത്തി ഉപയോഗിച്ച് കുട്ടികളെയും അദ്ധ്യാപികയെയും കുത്തിക്കൊല്ലുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. പതിനൊന്ന് കുട്ടികള്‍ ഉള്‍പ്പെടെ പന്ത്രണ്ട് പേര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റിട്ടുണ്ട്.

രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ഷാന്‍‌ക്സി മേഖലയിലെ ലിഞ്ചാംഗ് ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസിയായ വൂ ഹുവാന്‍‌മിന്‍ ആണ് അക്രമം നടത്തിയത്. അക്രമത്തിന് ശേഷം ഇയാള്‍ ജീവനൊടുക്കുകയും ചെയ്തു. പരുക്കേറ്റവരില്‍ രണ്ട് കുട്ടികളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

സ്കൂളില്‍ അക്രമം നടത്തിയതിന് ശേഷം തിരികെ സ്വന്തം വീട്ടിലെത്തിയ വൂ ഹുവാന്‍‌മിന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. സ്കൂളുകളില്‍ ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത് ചൈനയില്‍ സ്ഥിരമായിരിക്കുകയാണ്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിലെ അഞ്ചാമത്തെ സമാന സംഭവമാണിത്.

അക്രമത്തിന് പിന്നിലെ ലക്‍ഷ്യമെന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല. അക്രമങ്ങളെ തുടര്‍ന്ന് വിദ്യാലയങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ ചൈന സ്വീകരിച്ചുവരികയാണ്

Eight killed in China kindergarten attack | ചൈനീസ് സ്കൂളില്‍ വീണ്ടും അക്രമം: എട്ട് മരണം