Saturday, July 31, 2010

ഒരു നിലാവിന്‍റെ ഓര്‍മ്മയ്ക്ക്

വട്ടമുഖം.  വിശാലമായ നെറ്റി.  നീണ്ട മൂക്ക്.  എണ്ണമയമില്ലാത്ത ചുരുണ്ട മുടി. ഇത് നീല അയ്യര്‍ .  അതെ അവള്‍ ഒരു ചന്തക്കുട്ടി തന്നെയാണ്. ടൈപ്റൈറ്ററിലൂടെ  അവളുടെ നീണ്ടുമെലിഞ്ഞ വെളുത്ത വിരലുകള്‍ താളാത്മകമായി ചലിക്കുന്നത് ആരും ഒരു നിമിഷം നോക്കി നില്‍ക്കും.

ലെഡ്ജറിന്‍റേയും കാഷ്ബുക്കിന്‍റേയും വിരസതയ്ക്കുള്ള അറുതിയെന്നോണം അയാള്‍ നീലയുടെ അടുത്തെത്തുന്നു അവളുടെ വിരലുകളുടെ താളരസങ്ങള്‍ക്ക്

സുധാകര്‍, നീയെത്തിയോ? കുറച്ചെന്നെ സഹായിക്ക്...കിഴവനെത്തിയാല്‍ പണി കഴിഞ്ഞില്ലെങ്കില്‍ തന്ത എന്നെ കൊന്നു തിന്നും............ അവള്‍ പൊട്ടിച്ചിരിച്ചു.

മലയാളം ഒരുവിധം ഒപ്പിക്കുന്ന നീല.  അവളുടെ അച്ഛന്‍ പാലക്കാടിനടുത്തുള്ള ഒരു ഗ്രാമത്തിലും അമ്മ കോയമ്പത്തൂര്‍കാരിയുമാണ്..  അച്ഛന്‍റെ ഗ്രാമത്തിനെക്കുറിച്ച് അവള്‍ ഒരുപാടു  ഓര്‍മ്മകള്‍ വളപ്പൊട്ടു പോലെ സൂക്ഷിക്കുന്നു.  അതവള്‍ക്ക് അമൂല്യ നിധിയാണ്.

അവളുടെ അച്ഛന്‍റെ വീട്ടില്‍ നിന്ന് കോഴിക്കോട്ടുള്ള ആന്‍റിയുടെ വീട്ടിലേക്ക് യാത്ര ചെയ്ത ഓര്‍മ്മകള്‍ അയവിറക്കി അവള്‍ വാചാലയാകുമായിരുന്നു.  അന്നേരം അവളുടെ വിടര്‍ന്ന കണ്ണുകളത്രയും ഏതോ മാസ്മരിക ഭാവത്തില്‍ സംസാരിക്കുന്നു


എന്തൊരു ഭംഗിയാണ്........സ്വര്‍ണ്ണമണികള്‍ വാരിവിതറിയ നെല്‍പ്പാടങ്ങള്‍.  അവയ്ക്ക് കുറുകെ പറന്നകലുന്ന കൊറ്റികള്‍.  ഇരുകരകളോടും സ്വകാര്യം പറഞ്ഞൊഴുകുന്ന പുഴ......അവളുടെ നുണക്കുഴികള്‍ പതിവിലധികം വിരിഞ്ഞു.

മതി......മതി........നിന്‍റെയൊരു പ്രകൃതി വര്‍ണ്ണന

നിനക്കെന്തു പറ്റി സുധാകര്‍......അവള്‍ ഒട്ടൊരു ആശ്ചര്യത്തോടെ അയാളെ നോക്കി.

അയാള്‍ ഒന്നും പറയാതെ പിന്‍ തിരിഞ്ഞു
അക്കങ്ങളുടെ ലോകത്തേക്ക് ഉള്വലിയാന്‍ ആയാള്‍ ശ്രമിച്ചു.  പക്ഷെ കഴിഞ്ഞില്ല.  താന്‍ എന്തിനാണ് നീലയോട് കയര്‍ത്തത്.  ഛേ, മോശമായി

ഇരിക്കപ്പൊറുതിയില്ലാതെ അയാള്‍ എഴുന്നേറ്റു.

ടൈപ് റൈറ്ററില്‍ തിരുകിക്കയറ്റിയ കമ്പനിയുടെ ചരിഞ്ഞ അക്ഷരങ്ങളുള്ള ലെറ്റര്‍ ഹെഡ്ഡില്‍ താളം പിടിച്ചു കൊണ്ടവള്‍ ഇരിക്കുകയായിരുന്നു.

സോറി, നീലാ

എന്തേ? ഓ...അതോ...സാരല്ല........ഇയ്യിടെയായിട്ട് നീ വല്ലാതെ ദേഷ്യപ്പെടുന്നു.  എന്തു പറ്റി നിനക്ക്

നതിങ്ങ് സീരിയസ്

എനിക്കറിയാം.  നിനക്ക് നാട്ടില്‍ പോണം......കിഴവന്‍ അവധി തരുന്നില്ല.  ശരിയല്ലേ

കിഴവനും അവന്‍റെയൊരു കമ്പനീം....ആര്‍ക്കു വേണം

വെരി ഗുഡ്. നിന്‍റെ ചുണ കാണിച്ച് കൊട് കിഴവന്

ആത്മര്‍ത്ഥതയില്ലാതെ പെരുമാറാന്‍ പറ്റുന്നില്ല നീലാ

ബുള്‍ഷിറ്റ്.......ആത്മാര്‍ത്ഥത വണ്‍വേട്രാഫിക്ക് ആവരുതല്ലോ......നോക്ക്, എനിക്കിവിടെ അധികനാള്‍ തുടരാന്‍ ഉദ്ദേശമില്ല......എനിക്ക് ഐ.എ.എസ്. എഴുതണം

അതു ശരി.  പാവങ്ങളെ പറ്റിച്ച് നിനക്ക് പണവം പാപ്പാസുമുണ്ടാക്കണം!

നിനക്ക് അങ്ങിനെ തോന്നുന്നുണ്ടോ, സുധാകര്‍?

നഗര ജീവിയായ നിനക്ക് മറ്റൊരു തരത്തില്‍ ചിന്തിക്കാന്‍ പറ്റുമോ?

തീര്‍ച്ചയായും

ഏതായാലും ഒരു പ്രവചനത്തിന്‍റെ ആവശ്യമില്ല - അയാള്‍ പറഞ്ഞു

വേണ്ട.......പക്ഷെ, സുധാകര്‍ നീയിവിടെ ഇനിയും നില്‍ക്കരുത്

നോക്കാം

പ്ലീസ്......നിന്‍റെ ഭാവിയെ ഓര്‍ത്തെങ്കിലും.  കിഴവന്‍ ഒരു മുശേട്ടയാണ്.  പണത്തിന് കാവലിരിക്കുന്ന ഭൂതത്താന്‍

മറ്റുള്ളവര്‍ക്ക് അപ്രിയമായവ അവള്‍ സ്വാഭാവികമായി പറയുന്നു.  ഉള്ളില്‍ അശേഷം കന്മഷമില്ലാതെ അവളുടെ വാക്കുകള്‍ പൊട്ടിച്ചിതറുമ്പോള്‍ അത് സത്യത്തിന്‍റെ നേര്‍ക്കുള്ള വഴികാട്ടിയാകുന്നു.

ചിലപ്പോള്‍ ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍ പറ്റുന്ന സംഭാഷണ ശകലങ്ങളും..........

ഒരു വാരാന്ത്യം. സന്ധ്യ മയങ്ങുന്നു.  ഡബിള്‍ ഡക്കറിന്‍റെ മുകള്‍ തട്ടിലിരുന്ന് പുറം കാഴ്ചകള്‍ കാണുകയായിരുന്നു.  അവളിലെ ഗ്രാമീണ സൌന്ദര്യം സജീവ സാന്നിദ്ധ്യമാകുന്നത് അയാള്‍ അറിഞ്ഞു.

ലുക് ദേര്‍, സുധാകാര്‍ - അവള്‍ വിരല്‍ ചൂണ്ടിയ ദിക്കിലേക്ക് അയാള്‍ കണ്ണുകള്‍ പായിച്ചു.

ചത്തപോലെ ജീവിക്കുന്ന മനുഷ്യക്കോലങ്ങള്‍ ചീഞ്ഞളിഞ്ഞ് നാറ്റം വമിക്കുന്ന കുപ്പത്തൊട്ടിയിലെ അഴുകിയ പദാര്‍ത്ഥങ്ങള്‍ക്ക് നായ്ക്കൊള്‍ക്കൊപ്പം കടിപിടി കൂടുന്നു.

ഇതാണ് ഇന്ത്യയുടെ യഥാര്‍ത്ഥ മുഖം - അവള്‍ പറഞ്ഞു.

എത്ര ശരി.  ഈ നഗരത്തില്‍ മനുഷ്യന് ഒരു വിലയുമില്ലെന്ന് അയാള്‍ അറിഞ്ഞു.

ബസ്സിനു പുറത്തിറങ്ങി ടെര്‍മിനസ് ലക്ഷ്യമാക്കി അയാള്‍ അവളോടൊപ്പം നടന്നു.

നീയെന്നാ എന്‍റെ വീട്ടിലേക്ക് വരണേ - അവള്‍ ചോദിച്ചു.

ആവാം എന്നെങ്കിലുമൊരു ദിവസം

ഇന്ന് വാ........നാളെ അവധിയല്ലേ

മറ്റൊരു ദിവസം.  ഗുഡ്നൈറ്റ്

അവളുടെ പ്രതികരണത്തിനു കാക്കാതെ ധൃതിയില്‍ അയാള്‍ സ്റ്റേഷന്‍റെ അകത്തെത്തി............

മൂടല്‍ മഞ്ഞ് പുകമറ സൃഷ്ടിച്ച അടുത്ത പ്രഭാതത്തില്‍ ഓഫീസ് വഴിപോവുന്ന ബസ് പിടിക്കാന്‍ അയാള്‍ സ്റ്റോപ്പിലേക്ക് തിരക്കിട്ട് നടക്കുകയായിരുന്നു.  ബസ്സ്റ്റോപ്പിന്‍റെ കുറച്ചപ്പുറത്ത് തണുത്ത പ്രഭാതത്തിലും ആള്‍ക്കാര്‍ തടിച്ചു കൂടിയത് അയാള്‍ ശ്രദ്ധിച്ചു.

ഓഫീസിലെത്താന്‍ വൈകിയ നേരത്തും നഗരവാസിയുടെ സഹജമായ  നേരമ്പോക്കെന്നവണ്ണം ജനക്കൂട്ടത്തിലെന്തെന്നറിയാന്‍ ആയാള്‍ക്ക് ആകാംഷയുണ്ടായി.

എത്തിനോക്കി പിന്മാറുന്ന ആള്‍തിരക്കിന്‍റെ വിടവിലൂടെ അയാള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നീലയെ കണ്ടു

ജനസഞ്ചയത്തെ വകഞ്ഞു മാറ്റി ചോര വാര്‍ന്നൊഴുകുന്ന നീലയെ അയാള്‍ വാരിയെടുത്തു.  ടാക്സി പിടിച്ച് നേരെ ആശുപത്രിയിലേക്ക്.

ആശുപത്രിയുടെ എന്‍ക്വയറി കൌണ്ടറിനടുത്ത് അയാളെ പ്രതീക്ഷിച്ചെന്നവണ്ണം അയാളുടെ സഹപാഠി ഡോക്റ്റര്‍ രാഹുല്‍ ഒരു ദേവദൂതനെപ്പോലെ..... സ്കൂളില്‍ അവര്‍ ഒരുമിച്ചാണ് പഠിച്ചിരുന്നത്.

രാഹുല്‍, നീ ഇവിടെ!

ജോയിന്‍ ചെയ്തിട്ട് ഒരാഴ്ചയായി..........എന്തു പറ്റി?

ഒരു ആക്സിഡന്‍റ്......ഇവളെന്‍റെ സഹപ്രവര്‍ത്തകയാണ്.

രാഹുല്‍ എല്ലാം പെട്ടെന്ന് ശരിയാക്കി.  അവളെ കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിച്ചു

സുധാകര്‍, നീ പോയി വേണ്ടപ്പെട്ടവരെ വിവരം അറിയിക്ക്.  ഷീ ഈസ് ഓള്‍ റൈറ്റ്

അയാള്‍ മിഴിച്ചു നിന്നു.

അയാളുടെ ചുമലില്‍ തട്ടി രാഹുല്‍ സമാധാനിപ്പിച്ചു -ഞാന്‍ ഇവിടില്ലേ. ഒന്നും സംഭവിക്കില്ല.  നീ പോയി ആ കുട്ടിയുടെ പേരന്‍റ്സിനെ വിവരം അറിയിക്ക്  

ഓഫീസിലേക്ക് ഫോണ്‍ ചെയ്ത് അവളുടെ അച്ഛന്‍റെ ഫോണ്‍ നമ്പര്‍ കുറിച്ചെടുത്തു.......കുറച്ചു സമയത്തിനുള്ളില്‍ നീലയുടെ അച്ഛനും അമ്മയും ആസ്പത്രിയിലെത്തി.......

ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ ആശുപത്രി സന്ദര്‍ശിക്കുക അയാള്‍ പതിവാക്കി.  ദിവസങ്ങള്‍ക്കു ശേഷം ഒരു വൈകുന്നേരം ആശുപത്രിയിലെ നിഴലുറങ്ങുന്ന ഇടനാഴിയിലൂടെ അയാള്‍ നടക്കുകയായിരുന്നു.  ഡോക്റ്റര്‍ രാഹുലിനെ അയാള്‍ കണ്ടു.

നീലയുടെ ഒരു കാല്‍ മുട്ടിനു താഴെ മുറിച്ചു - രാഹുല്‍ പറഞ്ഞു.

അയാള്‍ കൂടുതലൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ തിരിഞ്ഞു നടന്നു.

അവള്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയതിനു ശേഷം അവള്‍ക്ക് അയാളെ നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ട് അവളുടെ അച്ഛന്‍ അയാള്‍ക്ക് ഫോണ്‍ ചെയ്തു.  അയാള്‍ ചെന്നില്ല.  അയാക്കൊരു കത്തയച്ചു അവള്‍.  കത്തു പൊട്ടിക്കാതെ അയാള്‍ മേശ വലിപ്പിലിട്ടു.

പിന്നെയും മുന്നോട്ടുരുണ്ട കാലത്തിനിടയില്‍ അയാളിലും ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു.  അയാള്‍ ഔദ്യോഗിക തലത്തില്‍ ഉയര്‍ന്ന പദവികള്‍ ചവുട്ടിക്കയറി........

അവിചാരിതമായി അയാള്‍ക്കൊരു കത്ത് കിട്ടി.  അത് നീലയുടെ കത്ത് ആയിരുന്നു.  ചെറ്റിട ആ കത്ത് അയാള്‍ തിരിച്ചും മറിച്ചും പിടിച്ചു.  ഒരുവേള കത്ത് പൊട്ടിച്ചു വായിക്കാന്‍ അയാള്‍ ആഗ്രഹിച്ചു. പിന്നെ വേണ്ടെന്നു വെച്ച് അയാള്‍ കത്ത് മേശവലിപ്പിലിട്ടു.

പിന്നെയും വര്‍ഷങ്ങള്‍ പലതു കൊഴിഞ്ഞു.  ഒരു ദിവസം ഇംഗ്ലീഷ് പത്രം വായിക്കുന്നതിടയില്‍ മുന്‍ താളിലെ വലതുവശത്ത് ചിത്രത്തോടെ കൊടുത്ത വാര്‍ത്ത - District collector killed in violence.

സമുദായ ലഹളയില്‍ മരണമടഞ്ഞ നീല അയ്യരെ കുറിച്ച് പത്രം സവിസ്തരം എഴുതിയിരിക്കുന്നു.  പൊയ്ക്കാലുമായി പോലീസ് വ്യൂഹത്തിനൊപ്പം ലഹള നിയന്ത്രിക്കാന്‍ ജില്ലാ കലക്ടരും ഉണ്ടായിരുന്നുവത്ര!

കനത്ത ഹൃദയത്തോടെ മേശവലിപ്പില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന രണ്ടു കത്തുകള്‍ അയാള്‍ പുറത്തെടുത്തു -

സുധാകര്‍, നിന്നെയൊന്നു കാണണം.  നന്ദി പറയാനല്ല.  നീയെന്നെ വെറുക്കരുതെന്നു പറയാന്‍ വേണ്ടി മാത്രം. പ്ലീസ്....

രണ്ടാമത്തെ നീലയുടെ കത്ത് - സുധാകര്‍, ഐ.എ.എസ്. കിട്ടി. പോസ്റ്റിങ്ങ് എന്‍റെ പ്രിയപ്പെട്ട നാട്ടില്‍....

ഒരിറ്റു കണ്ണീര്‍ അടര്‍ന്നു വീണൂ.  നീലയ്ക്ക് ബലിതര്‍പ്പണമായി............

Friday, July 23, 2010

വിവേചനം ഇങ്ങനെയും


Posted on: 19 Jul 2010
പി.ഇ. ഉഷ


ഇപ്പോഴും ആദിവാസി മേഖലകളില്‍ പുറത്തുനിന്ന് വന്നിട്ടുള്ള പുരുഷന്മാര്‍ ആദിവാസി സ്ത്രീകളെ തന്ത്രപൂര്‍വം കുരുക്കില്‍പ്പെടുത്തുന്ന സംഭവങ്ങള്‍ വിരളമല്ല. ഇവയൊന്നുംതന്നെ വിവാഹമെന്ന സ്ഥാപനത്തിലെത്തുന്നവയല്ല. സ്ത്രീയുടെ ഇടവും വിഭവങ്ങളും ഉപയോഗപ്പെടുത്തി അവരോടൊപ്പം കുറച്ച് കാലം ചെലവഴിച്ച് പിരിഞ്ഞുപോകുന്നവരാണ് ഏറെയും


അനീഷ പ്ലസ് ടു പാസ്സായത് എഴുപത്തിമൂന്ന് ശതമാനം മാര്‍ക്കോടുകൂടിയാണ്. അവളുടെ സമൂഹത്തില്‍നിന്ന് ഇത്രയും മാര്‍ക്കോടെ ഒരു കുട്ടി പ്ലസ് ടു പാസ്സാകുന്നത് ആദ്യമായാണ്. പ്രത്യേക ട്യൂഷനോ സഹായങ്ങളോ ഒന്നുംതന്നെയുണ്ടായിരുന്നില്ല. സ്വന്തം പ്രയത്‌നത്തിന്റെ ഫലം. പ്രൊഫഷണല്‍ കോഴ്‌സിന് പ്രവേശന പരീക്ഷയെഴുതി. ആദിവാസി ആചാരങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്ന അവള്‍ ആദിവാസി വിഭാഗത്തിനായി നീക്കിവെച്ച സീറ്റിനായി അപേക്ഷ നല്കി. അപ്പോഴാണ് പ്രശ്‌നമുണ്ടാകുന്നത്.

അച്ഛന്‍ ഈഴവനും അമ്മയുടെ അച്ഛന്‍ നായരുമായതുകൊണ്ട് അവളെ ആദിവാസിവിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല എന്ന ഉത്തരവുണ്ടായി. അമ്മയുടെ അച്ഛന്‍ അമ്മയുടെ അമ്മയുടെ ഒപ്പം ജീവിച്ചിരുന്നത് അവരുടെ ഊരില്‍ത്തന്നെയായിരുന്നു. അയാള്‍ നായരാണെന്ന് അറിഞ്ഞത് വിളിപ്പേരില്‍നിന്നു മാത്രമായിരുന്നു. അദ്ദേഹത്തിന്റെ നാട്ടിലേക്ക് മക്കളെയോ അവരുടെ അമ്മയെയോ കൊണ്ടുപോയിട്ടില്ല. ബന്ധുക്കളെയും അറിയില്ല. അദ്ദേഹം മരിച്ചതും ഊരില്‍വെച്ചുതന്നെയായിരുന്നു.

നായരായിരുന്ന അനീഷയുടെ അമ്മയുടെ അച്ഛന്‍ കുടുംബത്തിന്റെ സമൃദ്ധിക്കായി തന്റെ വീട്ടില്‍നിന്ന് ഒന്നും കൊണ്ടുവന്നതായി അറിയില്ല. മറിച്ച് ആ കുടുംബം നിലനിന്നത് അനീഷയുടെ അമ്മയുടെ അമ്മയുടെ ഭൂസ്വത്ത് ഉപയോഗപ്പെടുത്തി മാത്രമായിരുന്നു. അദ്ദേഹം ആ പ്രദേശത്ത് എത്തുന്നത് മണ്ണാര്‍ക്കാട് മൂപ്പില്‍ നായരുടെ പണിക്കാരനായിട്ടാണ്. അമ്മയുടെ അമ്മ നഞ്ചിയെ കണ്ടെത്തുന്നത് ഊരിനടുത്ത് ജോലിക്ക് വന്നപ്പോഴായിരുന്നു. അനീഷയുടെ അമ്മയും ഈഴവ സമുദായത്തില്‍പ്പെട്ട അനീഷയുടെ അച്ഛനും സ്‌നേഹിച്ച് അവരുടെ ഊരില്‍ത്തന്നെ ഒരുമിച്ച് ജീവിക്കുകയായിരുന്നു. അനീഷയ്ക്ക് ഇളയതായി പിറന്ന, സെറിബ്രല്‍ പാള്‍സി ബാധിച്ച കുഞ്ഞിന്റെ ചികിത്സയ്ക്കും പരിചരണങ്ങള്‍ക്കുമായാണ് അവര്‍ ഊരില്‍നിന്നും യാത്രാസൗകര്യമുള്ള മറ്റൊരിടത്തേക്ക് മാറി താമസിക്കുന്നത്. അധികം താമസിയാതെ അനീഷയുടെ അച്ഛന്‍ മരിച്ചു. ടി.ടി.സി. പാസ്സായ അനീഷയുടെ അമ്മയ്ക്ക് ഒരിക്കല്‍ സര്‍ക്കാര്‍ ജോലി അടുത്തെത്തിയെങ്കിലും അച്ഛന്‍ നായരാണെന്നതിനാല്‍ നഷ്ടമായി. ഇപ്പോള്‍ ദിവസക്കൂലിയടിസ്ഥാനത്തില്‍ ജോലി ചെയ്ത് ഉപജീവനം കണ്ടെത്തുന്നു.

സുപ്രീംകോടതി വിധിയെത്തുടര്‍ന്നാണ് അച്ഛന്റെ ജാതിയാണ് കുട്ടികള്‍ക്ക് കണക്കാക്കേണ്ടത് എന്ന സര്‍ക്കാര്‍ ഉത്തരവ്. അതുപിന്നീട് പരിഷ്‌കരിക്കപ്പെട്ടു. ആദിവാസികളുടെ ആചാരപ്രകാരമാണ് ജീവിക്കുന്നത്. എങ്കില്‍ അവര്‍ക്ക് ആദിവാസി എന്ന പരിഗണന നല്കാമെന്നായി. എന്നാല്‍ ഇവിടെ തര്‍ക്കവിഷയമായി വരുന്ന രണ്ടുമൂന്നു കാര്യങ്ങളുണ്ട്. ഒന്ന്, ആചാരങ്ങള്‍ ആരാണ് തീരുമാനിക്കുക. രണ്ട്, ആചാരങ്ങള്‍ കാലാനുസൃതമായി മാറിക്കൊണ്ടിരിക്കുമ്പോള്‍ അത് എങ്ങനെ തീരുമാനിക്കപ്പെടും?

ഇത്തരം കാര്യങ്ങളില്‍ കേരളത്തില്‍ തീര്‍പ്പുകല്പിക്കുന്നത് കിര്‍ത്താഡ്‌സ് ആണ്. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് പെണ്‍കുട്ടിക്ക് സംവരണാനുകൂല്യത്തിന് അര്‍ഹതയില്ല എന്നു വിധിച്ചു. ഇവിടെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് പ്രസക്തിയുണ്ടായില്ല.

പത്തുമാസം ഗര്‍ഭം ചുമക്കുകയും പ്രസവിക്കുകയും ചെയ്ത് മറ്റെല്ലാ ഉത്തരവാദിത്വങ്ങളും നിറവേറ്റി കുഞ്ഞു വളരുമ്പോള്‍ അച്ഛന്റെ ജാതി കുട്ടിക്ക് ചാര്‍ത്തിക്കിട്ടുകയാണ്. ഇത് സ്ത്രീകളോടുള്ള വിവേചനമാണ്. സാമൂഹികമായ അനീതിയുമാണ്. അനീഷ ഉള്‍പ്പെടുന്ന മുഡൂഗ സമൂഹത്തില്‍നിന്ന് ഒരേയൊരു ഡോക്ടര്‍ മാത്രമാണ് ഇതുവരെയുണ്ടായിട്ടുള്ളത്. അനീഷയുടെ വീട്ടില്‍ ആരുംതന്നെ ഉയര്‍ന്ന വിദ്യാഭ്യാസമോ സര്‍ക്കാര്‍ ഉദ്യോഗമോ ഉള്ളവരല്ല. നായരുടെ മകളായ അനീഷയുടെ അമ്മയൊഴികെ, എല്ലാ മക്കളും വിവാഹം കഴിച്ചിരിക്കുന്നത് മുഡൂഗ സമുദായത്തില്‍നിന്നോ അല്ലെങ്കില്‍ പ്രാക്തന ഗോത്രത്തില്‍പ്പെട്ട കുറുംബ സമുദായത്തില്‍നിന്നോ ആണ്.

അനീഷ ഈഴവ ആചാരങ്ങളനുസരിച്ചുള്ള ഒരു ചടങ്ങുകള്‍ക്കും വിധേയയായിട്ടില്ല. അതുപോലെ നായര്‍ സമുദായ ആചാരങ്ങള്‍ക്കനുസരിച്ചുള്ള ചടങ്ങുകള്‍ക്ക് അനീഷയുടെ അമ്മയും. എസ്.എന്‍.ഡി.പി.ക്കാരോ എന്‍.എസ്.എസ്സുകാരോ അനീഷയെയോ അനീഷയുടെ അമ്മയെയോ അറിയുമോ? സാധ്യതയില്ല. സര്‍ക്കാര്‍ ഉത്തരവുകൊണ്ട് ഉണ്ടാക്കാവുന്നതല്ലല്ലോ അത്തരം സാധ്യതകള്‍.

ഇപ്പോഴും ആദിവാസി മേഖലകളില്‍ പുറത്തുനിന്ന് വന്നിട്ടുള്ള പുരുഷന്മാര്‍ ആദിവാസി സ്ത്രീകളെ തന്ത്രപൂര്‍വം കുരുക്കില്‍പ്പെടുത്തുന്ന സംഭവങ്ങള്‍ വിരളമല്ല. ഇവയൊന്നുംതന്നെ വിവാഹമെന്ന സ്ഥാപനത്തിലെത്തുന്നവയല്ല. സ്ത്രീയുടെ ഇടവും വിഭവങ്ങളും ഉപയോഗപ്പെടുത്തി അവരോടൊപ്പം കുറച്ച് കാലം ചെലവഴിച്ച് പിരിഞ്ഞുപോകുന്നവരാണ് ഏറെയും.

ആ കുട്ടികള്‍ക്ക് ഈ അച്ഛന്മാരുടെ ജാതി ചാര്‍ത്തിക്കൊടുക്കുന്ന ഉത്തരവ് എത്ര ആഭാസകരമാണ്. സ്വന്തം ശരീരത്തിന്മേല്‍ സ്ത്രീകള്‍ക്കുള്ള അവകാശം സംരക്ഷിച്ചുകിട്ടാതിരിക്കുന്ന അവസ്ഥ നേരിടുന്ന അവര്‍ തന്നെ തങ്ങള്‍ കഷ്ടപ്പെട്ടു വളര്‍ത്തിയുണ്ടാക്കിയ കുട്ടികള്‍ തങ്ങളുടെ ജാതിക്കാരല്ല എന്നു കേട്ട് അത്ഭുതപ്പെടുമ്പോഴും അവരുടെ ജാതി നിര്‍ണയിക്കുന്ന ഊരുമൂപ്പന്മാരും മറ്റും ഈ കുട്ടികള്‍ അവരുടെ ജാതിയിലാണെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇത്തരം സംഭവങ്ങളോടുള്ള അലംഭാവങ്ങള്‍ ഒരു സമൂഹത്തോടുതന്നെ ചെയ്യുന്ന ക്രൂരതകളാണ്.

തന്റേതല്ലാത്ത കാരണങ്ങളാല്‍ അവകാശനിഷേധവുമായി താന്‍ ജീവിക്കുന്ന സമൂഹത്തിന്റെ മുഴുവന്‍ ദൗര്‍ബല്യങ്ങളെയും പിന്നാക്കാവസ്ഥകളെയും സ്വാംശീകരിച്ച് അനീഷ നമുക്കു മുന്നില്‍ നിശ്ശബ്ദയായി നില്ക്കുമ്പോള്‍ കിര്‍ത്താഡ്‌സ് പോലെയുള്ള സ്ഥാപനങ്ങള്‍ ഇത്ര ലാഘവത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്തുകൂടാ എന്നു പറയേണ്ടിവരുന്നു. അതോടൊപ്പം ഒരു സമൂഹത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം ആ സമൂഹത്തിനുതന്നെ വിട്ടുകൊടുക്കുകയാണ് വേണ്ടത്.

സര്‍ക്കാര്‍ ഉത്തരവുണ്ടാകുമ്പോള്‍ തന്നെ അത് എങ്ങനെ നടപ്പാക്കപ്പെടുന്നുവെന്നത് വിലയിരുത്തണം; പ്രത്യേകിച്ചും പ്രാന്തവല്‍കൃത സമൂഹങ്ങള്‍ക്കുവേണ്ടിയുള്ളതാകുമ്പോള്‍. നീതിപീഠങ്ങളെയും അതുപോലെ മറ്റു സ്ഥാപനങ്ങളെയും സമീപിച്ച് അന്തിമമായി നീതി നടപ്പാക്കിയെടുക്കാനുള്ള ശേഷിയില്ലാത്ത സമൂഹങ്ങളോട് ഇത്തരത്തിലുള്ള നീതികേട് ഇനിയെങ്കിലും കാണിക്കരുത്. അവരുടെ കുട്ടികള്‍ക്ക് ജന്മാവകാശമായി കിട്ടുന്ന സ്വന്തം വംശത്തിന്റെ അവകാശമെങ്കിലും അനുവദിച്ച് കൊടുക്കാനുള്ള കാരുണ്യം ഉണ്ടാവുമെന്ന് ഇനിയും പ്രതീക്ഷിക്കാമോ? അഥവാ നമ്മുടെ പൊതുസമൂഹത്തില്‍ ഇത്തരം നീതികേടുകളെ തളച്ചിടാന്‍ ആരു തയ്യാറുണ്ട്? 

http://www.mathrubhumi.com/story.php?id=114001

Tuesday, July 20, 2010

സുകുമാര്‍ അഴീക്കോടും കാലികപ്രശ്നങ്ങളും

ഞങ്ങള്‍ അമ്പലവാസികളില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള യുവതികളുണ്ട്.  അമ്പലങ്ങളില്‍ ഗുമസ്തപ്പണിയെങ്കിലും കൊടുത്ത് അവരെ രക്ഷിക്കേണ്ടതിനു പകരം അനാഥരാക്കുന്ന നയമല്ലേ സര്‍ക്കാര്‍ സ്വീകരിക്കുന്നത്?

എന്തിനാണ് ക്ഷേത്രഭരണം സര്‍ക്കാര്‍ ഏറ്റെടുത്തത്?  വിദേശഫണ്ടുകള്‍ കുത്തിയൊഴുകുന്ന ഹൈന്ദവേതര മതസ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ എന്തുകൊണ്ട് സര്‍ക്കാര്‍ തയ്യാറാകുന്നില്ല?  മുക്രിക്കും മദ്രസ അദ്ധ്യാപകര്‍ക്കും പെന്ഷന്‍ കൊടുക്കുകയും ഹജ്ജിന് സബ്സിഡി അനുവദിക്കുകയും വഖഫ് ബോര്‍ഡിനെ തോളിലേറ്റി തലോടുകയും ചെയ്യുന്ന സര്‍ക്കാര്‍ എന്തു സംവര്‍ണമാണ് സവര്‍ണ ന്യൂനപക്ഷത്തിന് നല്‍കിയത്?  ഉയര്‍ന്ന ജാതിക്കാര്‍ക്ക് സംവരണം നല്‍കരുതെന്ന് സുപ്രീംകോടതിയില്‍ കേസ് വന്നപ്പോള്‍ അന്നത്തെ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍ അരഭിപ്രായം രേഖപ്പെടുത്തി - "സവര്‍ണരിലും പാവപ്പെട്ടവരില്ലേ" എന്ന്.  നാല് വോട്ടിനു വേണ്ടി കേരളത്തിലെ മുന്‍-പിന്‍ സര്‍ക്കാരുകള്‍ നടത്തുന്ന തീക്കളി സമൂഹത്തിലുണ്ടാക്കാവുന്ന ഭവിഷ്യത്തുകള്‍ എത്രമാത്രം തീക്ഷ്ണമായിരിക്കുമെന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചരിക്കുന്നു.

.ഈ സവര്‍ണര്‍ ഇന്ത്യക്കാരല്ലേ?  കേരളീയരല്ലേ?  അര്‍ഹിക്കുന്നവര്‍ക്ക് സംവരണം കൊടുക്കരുതെന്ന് പറയാനുള്ള അവകാശം ഈ ജനാധിപത്യ വ്യവസ്ഥയില്‍ ഇല്ലെന്ന കാര്യം മറക്കരുത്..  സംവരണത്തിന്‍റെ ക്രൂരത ഏറ്റവുമധികം അനുഭവിച്ചിട്ടുണ്ട്.  എന്‍ട്രന്സ് പരീക്ഷയ്ക്ക് 30,000 റാങ്കില്‍ വന്ന സംവരണക്കാരെ എടുത്തിട്ടേ 4000 - 5000 റാങ്കുകാര്‍ക്ക് കിട്ടൂ.  ഇന്ത്യയിലല്ലാതെ ലോകത്തിന്‍റെ മറ്റൊരു കോണിലും ഇങ്ങനെയുള്ള അനീതികള്‍ നടക്കുന്നില്ല.  പാശ്ചാത്യരാജ്യങ്ങളില്‍ മികവുതന്നെയാണ് പ്രധാനം.

"രാധ എപ്പോഴും ദുഃഖിതയാണ്" എന്ന് മാസ്റ്റര്‍ സൂചിപ്പിച്ചു.  സന്തോഷിക്കാന്‍ കഴിയുന്നില്ല.  30 വര്‍ഷം അദ്ധ്യാപികയായിരുന്നു.  സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി വിദ്യാലയത്തില്‍ ലക്ചററും പ്രിന്സിപ്പലുമൊക്കെയാവാന്‍ സാദ്ധ്യതകളുണ്ടായിരുന്നു.  എന്‍റെ സീനിയോറിറ്റി മറികടന്ന് ഒരദ്ധ്യാപകന്‍ ലക്ചററായി, പ്രിന്സിപ്പലായി.  9 വര്‍ഷം!  ഐക്യജനാധിപത്യ മുന്നണിയോ ഇടതുപക്ഷ സര്‍ക്കാരോ സഹായിച്ചിട്ടില്ല.  സെക്രട്ടേറിയറ്റിലെ ഫയലുകളില്‍ (വിദ്യാഭ്യാസ വകുപ്പില്‍) എന്‍റെ നിരവധി പരാതികള്‍ സുഖനിദ്രയിലായിരിക്കും.  മുന്‍ വിദ്യാഭ്യാസ മന്ത്രി ഇ.ടി.മുഹമ്മദ് ബഷീറിനും ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിക്കും 'അനര്‍ഹമായതൊന്നും വേണ്ട, അര്‍ഹിക്കുന്ന പോസ്റ്റ് അനുവദിക്കണ' മെന്ന് അനേകം നിവേദനങ്ങള്‍.  ഒന്നും സംഭവിച്ചില്ല.  ഒടുവില്‍ ഹൈക്കോടതിയില്‍ കേസ് കൊടുത്തു.  എല്ലാ ആനുകൂല്യങ്ങളും നല്‍കി ഹയര്‍ സെക്കണ്ടറിയിലേക്ക് ഉദ്യോഗക്കയറ്റം കൊടുക്കണമെന്ന് കോടതി.  2007 മെയ് 9-ന് തിരുവനന്തപുരത്തെത്തി.  ശിക്ഷക് സദനില്‍ താമസിച്ചു.  ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റില്‍ പലതവണ കയറിയിറങ്ങി.  അന്നത്തെ എച്ച്.എസ്.എസ്. ഡയറക്ടര്‍ കാര്‍ത്തികേയന്‍ നായരെ കണ്ടു.  ഉദ്യോഗസ്ഥരായ ഷാജി, ബാബു, രാധിക എല്ലാവരും ഒരേ മനസ്സായിരുന്നു.  2007 മെയ് 31ന് വിരമിക്കുന്ന എനിക്ക് എച്ച്.എസ്.എസ്സിലേക്ക് പ്രമോഷന്‍ അനുവദിക്കണം.  കാര്‍ത്തികേയന്‍ നായര്‍ നേരിട്ടുതന്നെ നിയമകാര്യവകുപ്പിലെത്തി അന്വേഷിച്ചു.  നടന്നില്ല.

വനം മന്ത്രി ബിനോയി വിശ്വത്തെ ഓഫീസില്‍ പോയി കണ്ടു.  കെ.എസ്.ടി.എ. ഓഫീസില്‍ പോയി എ.കെ.ചന്ദ്രനെ കണ്ടു.  രക്ഷയില്ല.  കോടതിവിധി നടപ്പാക്കിക്കിട്ടാനാണ് ഈ ജനാധിപത്യരാജ്യത്ത്,  സാക്ഷരകേരളത്തില്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ വാതിലുകള്‍ കയറിയിറങ്ങിയത്.  മെയ് 12ന് വീണ്ടും ബിനോയ് വിശ്വത്തിന്‍റെ ചേംബറിലെത്തി.  മന്ത്രിക്കു മുന്നില്‍ നിരവധി ഉദ്യോഗസ്ഥരുണ്ടായിരുന്നു.  അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയെ കാണാന്‍ നിര്‍ദ്ദേശിച്ചു.  എം.എ.ബേബി സ്ഥലത്തില്ല.  അദ്ദേഹത്തിന്‍റെ പി.എ. മണിറാമിനെ കണ്ടു.  നിവേദനം സമര്‍പ്പിച്ചു.  ഒരാഴ്ചകൊണ്ട് കാര്യം ശരിയാകുമെന്ന് പറഞ്ഞു.  വര്‍ഷം 2010 ആയി.  ഒന്നും സംഭവിച്ചില്ല.

സമാന രീതിയിലുള്ള ഒരു പ്രശ്നത്തില്‍ നായനാര്‍ മന്ത്രിസഭ പാസ്സാക്കി സര്‍വ ആനുകൂല്യങ്ങളും നല്‍കിയ അദ്ധ്യാപക ദമ്പതികളെ അറിയാം.  അവര്‍ക്ക് രാഷ്ട്രീയ പിന്ബലമുണ്ട്;  എന്‍റെ സേവനകാലമാകെ അട്ടിമറിച്ച അദ്ധ്യാപകനും.  എനിക്കുവേണ്ടി കേസ് വാദിച്ചു ജയിച്ചത് പി.ആര്‍. രാമചന്ദ്രമേനോനായിരുന്നു.  അദ്ദേഹം ഇന്ന് ഹൈക്കോടതി ജഡ്ജിയാണെന്ന് പത്രം വഴി അറിഞ്ഞു.  രാഷ്ട്രീയ സ്വാധീനവും ധനവുമുണ്ടെങ്കില്‍ കേരളത്തില്‍ ഏതു ജയിച്ച കേസും ഇല്ലാതാക്കാം.


നാലു പ്രാവശ്യം തോറ്റ, ഒരു രാഷ്ട്രീയക്കാരന്‍റെ ഭാര്യയ്ക്ക് അഞ്ചാം തവണ രണ്ടാം റാങ്ക്!  രണ്ടാം റാങ്ക് ലഭിക്കാന്‍ അര്‍ഹതപ്പെട്ടവന്‍ കേസ് കൊടുത്തു.  രണ്ടാം റാങ്കുകാരിയുടെ സര്‍ട്ടിഫിക്കറ്റ് സറണ്ടര്‍ ചെയ്തുവെന്ന് കേട്ടു.  ദീര്‍ഘകാല അദ്ധ്യാപന പരിചയം കൊണ്ട് എഴുതുകയാണ് - നാലഞ്ചു പ്രാവശ്യം പരാജയപ്പെട്ട ഒരു വിദ്യാര്‍ത്ഥിക്ക് റാങ്ക് കിട്ടുക പ്രയാസമാണ്.  പാസ്സാകുമായിരിക്കും.  ഏതു മുന്നണി ഭരിച്ചാലും ഇങ്ങനെയുള്ള പക്ഷപാതം കാണാറുണ്ട്.


( ശ്രീമതി. കെ.എം. രാധ ജ്വാല മാസികയില്‍ എഴുതിയ ഹൃദയ സ്പര്‍ശിയായ ലേഖനത്തില്‍ നിന്ന്.  മുഴുവന്‍ വായനക്കും അവര്‍ എഴുതിയ ലേഖനത്തിന്‍റെ താളുകള്‍ ഇവിടെ സ്കാന്‍ ചെയ്ത് ചേര്‍ക്കുന്നു.  കാരണം അവരുടെ ഓര്‍മ്മകളിലുടെയുള്ള ഗുരുവന്ദനത്തിന്‍റെ തീര്‍ത്ഥാടനം ഹൃദയഹാരിതന്നെയാണ്)
Monday, July 19, 2010

പെരിയാറിനെ രക്ഷിക്കാന്‍

ഡോ.സി.എം.ജോയി

 ആദിശങ്കരാചാര്യരുടെ ധന്യജീവിതവുമായി ബന്ധമുള്ള കേരളത്തിലെ ഏക നദിയാണ്‌ പെരിയാര്‍. കേരളീയര്‍ പുണ്യനദിയായിട്ടാണ്‌ പെരിയാറിനെ കാണുന്നത്‌. കാലടി, മലയാറ്റൂര്‍, ആലുവ ശിവരാത്രി മണപ്പുറം ഉളിയന്നൂര്‍ പെരുന്തച്ചന്‍ അമ്പലം, ചേലാമറ്റം, തിരുഐരാണിക്കുളം തുടങ്ങി എണ്ണമറ്റ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ പെരിയാറിന്റെ തീരത്താണ്‌. ഇതുകൂടാതെ ജലവൈദ്യുതപദ്ധതികള്‍, ലിഫ്റ്റ്‌ ഇറിഗേഷനുകള്‍, കുടിവെള്ള പമ്പിംഗ്‌, വ്യാവസായിക പമ്പിംഗ്‌ എന്നിവയ്ക്കെല്ലാം പെരിയാര്‍ വെള്ളം ഉപയോഗിക്കുന്നുണ്ട്‌. പെരിയാറ്റില്‍ 15 അണക്കെട്ടുകളുണ്ട്‌. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി പെരിയാറ്റിലാണ്‌. വ്യവസായം, കുടിവെള്ളം, കൃഷി എന്നീ ആവശ്യങ്ങള്‍ക്ക്‌ പെരിയാറിനെ ആശ്രയിക്കുന്നുണ്ടെങ്കിലും പെരിയാറിന്റെ സംരക്ഷണം ഏറ്റെടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത്‌ തികഞ്ഞ അനാസ്ഥയാണ്‌. 

ഇന്ന്‌ പെരിയാര്‍ തീരം കയ്യേറുന്നത്‌ ഒരു പതിവുകാഴ്ചയാണ്‌. മണല്‍വാരല്‍മൂലവും വൃഷ്ടിപ്രദേശ വനനശീകരണംമൂലവും കുന്നിടിക്കലും പുഴവെള്ളം തിരിച്ചുവിടുന്നതും അണക്കെട്ടുകളും മൂലവും പുഴയുടെ ഒഴുക്കുതന്നെ ശോച്യാവസ്ഥയിലാണ്‌. ഒഴുക്ക്‌ കുറഞ്ഞപ്പോള്‍ നദീതീരത്ത്‌ തെളിഞ്ഞുവന്ന കരയാണ്‌ ആളുകള്‍ കൈവശപ്പെടുത്തിയിരിക്കുന്നത്‌. മണല്‍വാരല്‍ നിരോധിച്ചിരിക്കുന്ന ഈ കാലഘട്ടത്തിലും വ്യാപകമായ മണല്‍ ഖാനനം നടക്കുകയാണ്‌. പുഴയുടെ അടിത്തട്ട്‌ പൊളിച്ച്‌ മണല്‍വാരുന്നതുമൂലം സമീപപ്രദേശ കിണറുകള്‍ മഴമാറിയാല്‍ വറ്റുന്ന അവസ്ഥയിലാണ്‌. മണല്‍വാരി പുഴ നശിപ്പിക്കുന്നതും പുഴ മലിനീകരിക്കുന്നതും പുഴ വെള്ളം ദുരുപയോഗം ചെയ്യുന്നതും തടയുവാന്‍ തക്കസംവിധാനങ്ങളുടെ അപര്യാപ്തത പെരിയാര്‍ നദിയെ കൂടുതല്‍ നാശോന്മുഖമാക്കുകയാണ്‌. കൊച്ചി നഗരത്തിലെ 10 ലക്ഷം ജനങ്ങള്‍ക്ക്‌ കുടിവെള്ളം നല്‍കുന്നതുള്‍പ്പെടെ 50 ലക്ഷം ആളുകള്‍ പെരിയാറിനെ ആശ്രയിക്കുന്നവരാണ്‌.ഒരുപക്ഷെ പെരിയാര്‍ പൂര്‍ണ്ണമായി മലിനീകരിക്കപ്പെട്ടാല്‍ നാമാവശേഷമാകുക കൊച്ചി നഗരമായിരിക്കും. നഗരത്തില്‍ കിണര്‍ കുഴിച്ചാല്‍ ഉപ്പുവെള്ളമായതിനാല്‍ ഈ നഗരം ജല ആവശ്യങ്ങള്‍ക്ക്‌ മുഴുവനായും പെരിയാറിനെയാണ്‌ ആശ്രയിക്കുന്നത്‌. പെരിയാറിന്റെ വൃഷ്ടിപ്രദേശത്തെ വനമേഖല നശിപ്പിക്കുന്നത്‌ തടയുന്നതിനോ, നദിയിലോട്ട്‌ അഴുക്കുചാലുകള്‍ തുറന്നുവച്ചിരിക്കുന്നത്‌ ഒഴിവാക്കുവാനോ, സംസ്കരിക്കാത്തതും പകുതി സംസ്കരിച്ചതുമായ ദ്രവ-ഖരമാലിന്യങ്ങള്‍ നദിയിലോട്ട്‌ തള്ളുന്നത്‌ തടയുന്നതിനോ, നദീതീരം ഇടിയുന്നത്‌ തടയുന്നതിനോ, നദീസംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണവും നിയമം നടപ്പാക്കുന്നതിനോ നദിയുടെ സഞ്ചാരപാത കയ്യേറി സ്വകാര്യവ്യക്തികള്‍ സ്വന്തമാക്കുന്നത്‌ തടയുന്നതിനോ കൃഷിയിടങ്ങളില്‍നിന്ന്‌ വ്യാപകമായി ഒലിച്ചിറങ്ങുന്ന കീടനാശിനിയും കൂടിയതോതിലുള്ള രാസവളവും പുഴയിലോട്ട്‌ ഒലിച്ചിറങ്ങുന്നത്‌ തടയുന്നതിനോ ഉള്‍നാടന്‍ പുഴമത്സ്യവും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിനോ സര്‍ക്കാര്‍ ഒരു നടപടിയും ചെയ്യുന്നില്ല.

പെരിയാറിന്റെ സംരക്ഷണത്തിനായി ലക്ഷങ്ങള്‍ മുടക്കി ഉണ്ടാക്കിയ ഒരു ഡസനിലേറെ പദ്ധതികള്‍ കടലാസ്സുകളില്‍ ഉറങ്ങിക്കിടക്കുകയാണ്‌. പെരിയാര്‍ സംരക്ഷണത്തിനായി ഇതുവരെ നടത്തിയ സെമിനാറുകളും സമ്മേളനങ്ങളും ശില്‍പ്പശാലകളും പാഴ്‌വേലകളായി മാറിയിരിക്കുകയാണ്‌. ജനങ്ങള്‍ക്ക്‌ ശുദ്ധജലം നല്‍കുന്നതിലും ഒരു നാടിന്റെ ജീവനാഡിയായ നദിയെ സംരക്ഷിക്കുന്നതിലും ഈ സര്‍ക്കാരിന്‌ ഒരു താല്‍പ്പര്യമില്ല എന്നുതന്നെയായിട്ടുമാത്രമേ ഈ അവഗണനയെ കാണാനാകൂ. ഇരവികുളം ദേശീയ ഉദ്യാനം, ഇന്ദിരാഗാന്ധി ദേശീയ ഉദ്യാനം, പെരിയാര്‍ കടുവ സംരക്ഷണകേന്ദ്രം, ഇടുക്കി വന്യജീവി സംരക്ഷണകേന്ദ്രം, ചിന്നാര്‍ വന്യജീവിസംരക്ഷണകേന്ദ്രം, തട്ടേക്കാട്‌ പക്ഷി സങ്കേതം എന്നിവയ്ക്ക്‌ പെരിയാര്‍ നിലനിന്നാല്‍മാത്രമേ പ്രസക്തിയുണ്ടാകൂ.

കേരളത്തിലെ 300 ലധികം വ്യവസായശാലകള്‍ക്ക്‌ ജലം നല്‍കുന്ന പെരിയാര്‍ നശിച്ചാല്‍ കേരളത്തിന്റെ സാമ്പത്തിക, വ്യാവസായിക, വാണിജ്യ അടിത്തറയാണ്‌ ഇളകുക. വ്യവസായ മലിനജലം തടയുവാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കാത്തതിനാല്‍ മത്സ്യക്കുരുതിയും ജൈവ വൈവിധ്യ ശോഷണവും പെരിയാറ്റില്‍ അരങ്ങേറുകയാണ്‌.

മഴക്കാലത്ത്‌ 850 കോടിയിലധികം ലിറ്റര്‍ ജലം പ്രതിദിനം ഒഴുകുന്ന പെരിയാറ്റിലെ ഒഴുക്ക്‌ വേനല്‍കാലങ്ങളില്‍ വെറും 50 കോടി ലിറ്ററാണ്‌. അശാസ്ത്രീയമായി പെരിയാര്‍ നദീതട മാനേജ്മെന്റാണ്‌ ഇത്തരത്തില്‍ ജലം പാഴായിപ്പോകുന്നതിന്‌ ഇടവരുത്തുന്നത്‌. നദിയിലെ ഒഴുക്ക്‌ ക്രമാതീതമായി കുറയുന്ന വേനല്‍ക്കാലത്തിനുമുമ്പുതന്നെ കിലോമീറ്ററുകളോളം നദിയ്ക്കകത്തോട്ട്‌ ഉപ്പുവെള്ളം ഇരച്ചുകയറുകയാണ്‌. ഇതു തടയുവാന്‍ പാതാളത്തും മഞ്ഞുമ്മലും പുറപ്പിള്ളിക്കാവിലും ബണ്ടുകള്‍ നിര്‍മിക്കുകയാണ്‌ പതിവ്‌. മഞ്ഞുമ്മലില്‍ ഇതിനോടകം റഗുലേറ്റര്‍ കം ബ്രിഡ്ജ്‌ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. എന്നിരിക്കിലും പെരിയാറ്റിലെ ഓരുവെള്ളക്കയറ്റം മൂലമുള്ള പ്രശ്നങ്ങള്‍ക്ക്‌ പരിഹാരമായിട്ടില്ല. ആഗോളതാപനവും മഞ്ഞുരുകലും കാലാവസ്ഥാ വ്യതിയാനവും കടല്‍നിരപ്പ്‌ ഉയരലും മറ്റും കടലിലേയ്ക്കും കായലിലേയ്ക്കും ഒഴുകിയെത്തുന്ന പെരിയാര്‍പോലുള്ള നദികള്‍ക്കും നദിയെ ആശ്രയിച്ചു കഴിയുന്ന ലക്ഷോപലക്ഷം ആളുകള്‍ക്കും ഭീഷണിയാണ്‌.

കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി പെരിയാര്‍ സംരക്ഷണത്തിനായി മുറവിളികൂട്ടുന്ന നാട്ടുകാര്‍ക്ക്‌ നേരെ സര്‍ക്കാര്‍ പുറംതിരിഞ്ഞുനില്‍ക്കുകയാണ്‌. പെരിയാര്‍ അതോറിറ്റിയോ നദീതട അതോറിറ്റിയോ സ്ഥാപിക്കുമെന്ന്‌ പല തവണ പറഞ്ഞെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും മറ്റു നടപടിയൊന്നും ഉണ്ടായിട്ടില്ല.

പെരിയാര്‍ വെള്ളം വില്‍പനയ്ക്ക്‌ വച്ചപ്പോള്‍ അധിനിവേശമാണെന്ന്‌ മുറവിളി കൂട്ടിയവരാണ്‌ പെരിയാറിനെ രക്ഷിക്കുവാന്‍ അവസരം ലഭിച്ചിട്ടും ഒന്നും ചെയ്യാതിരിക്കുന്നത്‌. പെരിയാറിന്റെ സംരക്ഷണത്തിന്‌ ഇച്ഛാശക്തിയോടെയുള്ള ഒരു ഇടപെടലാണാവശ്യം. നദിയൊഴുകുന്ന സ്ഥലങ്ങളില്‍ ജണ്ടയിട്ട്‌ തിരിക്കുന്ന ജോലി യുദ്ധകാലാടസ്ഥാനത്തില്‍ തുടങ്ങണം. അല്ലെങ്കില്‍ നദി വെറും തോടായി മാറുവാന്‍ കാലമേറെ വേണ്ടിവരില്ല. മലിനീകരണം തടയുവാന്‍ നദീ സംരക്ഷണ സ്ക്വാര്‍ഡ്‌ നിയമിക്കപ്പെടണം. കുടിവെള്ളക്ഷാമം വിളിച്ചുവരുത്തുന്ന മണല്‍വാരല്‍ നിയന്ത്രിച്ചേ മതിയാകൂ. അടിത്തട്ടുവരെ മണല്‍വാരി തീര്‍ത്ത നദിയമ.?ല്‍ ഏതാനും വര്‍ഷത്തേയ്ക്ക്‌ മണല്‍ വാരലിന്‌ മൊറട്ടോറിയം ഏര്‍പ്പെടുത്തണം. മലിനീകരിക്കുന്നവര്‍ നഷ്ടപരിഹാരം നല്‍കല്‍ എന്ന നിയമം പാസ്സാക്കണം. വൃഷ്ടിപ്രദേശം, കൃഷിഭൂമികള്‍, നദീതീരം, നദീപ്രദേശ തണ്ണീര്‍ത്തടങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി നദീതട ജല മാനേജ്മെന്റ്‌ പദ്ധതി നടപ്പാക്കിയാല്‍ മാത്രമേ നദിയിലെ വേനല്‍ക്കാല നീരൊഴുക്ക്‌ വീണ്ടെടുക്കുവാനാകൂ. നദീതീരം കരിങ്കല്‍ ഭിത്തികെട്ടി സംരക്ഷിക്കുക എന്ന പേരില്‍ സര്‍ക്കാര്‍ ചെലവില്‍ നദീതീരം കയ്യേറുവാന്‍ അവസരം നല്‍കുന്നത്‌ തടയണം. റിവര്‍ മാനേജ്മെന്റ്‌ ഫണ്ട്‌ ഭിത്തികെട്ടുവാന്‍ ഉപയോഗിക്കരുത്‌. ദ്രവ-ഖര മാലിന്യങ്ങള്‍ പുഴയിലോട്ട്‌ തള്ളുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കെതിരെയും സ്വകാര്യ വ്യക്തികള്‍ക്കെതിരെയും മുഖം നോക്കാതെ നടപടി സ്വീകരിക്കണം. ഇടുക്കിയില്‍നിന്ന്‌ മൂലമറ്റത്തേയ്ക്ക്‌ വൈദ്യുതി ഉല്‍പ്പാദനത്തിനായി തിരിച്ചുവിട്ട പെരിയാര്‍ ജലം വൈദ്യുതി ഉല്‍പാദനത്തിനുശേഷം മൂവാറ്റുപുഴയിലേക്ക്‌ ഒഴുക്കുന്നതിനുപകരം പെരിയാറ്റിലേക്ക്‌ തിരിച്ചെത്തിക്കുവാനുള്ള നടപടി സ്വീകരിക്കണം. സംസ്ഥാനത്തെ ലക്ഷക്കണക്കിന്‌ ആളുകളുടെ കുടിവെള്ള സ്രോതസ്സായ പെരിയാര്‍ സംരക്ഷിക്കപ്പെടണം. സ്മാര്‍ട്ട്‌ സിറ്റി പദ്ധതിപോലെയും മെട്രോ റെയില്‍ പദ്ധതിപോലെയും നാടുനീളെ കല്ലിട്ട്‌ വരും എന്നുപറയുന്ന ഐടി പാര്‍ക്കുകള്‍പോലെയും തറക്കല്ലിട്ട പാലങ്ങള്‍പോലെയും നടക്കാത്ത വികസന വാഗ്ദാനങ്ങള്‍പോലെയൊന്നും പെരിയാര്‍ അതോറിറ്റി സ്ഥാപിക്കുന്നത്‌ മുടങ്ങിപ്പോകരുത്‌. ഒരു നാടിന്റെ വികസനക്കുതിപ്പാണ്‌ പെരിയാറിന്റെ നാശംമൂലം നഷ്ടമാവുക. പെരിയാറിനെ മണല്‍ക്കൊള്ളക്കാര്‍ക്കും അതിന്റെ വൃഷ്ടിപ്രദേശം വനംകൊള്ളക്കാര്‍ക്കും തീരപ്രദേശം ഇഷ്ടിക കച്ചവടക്കാര്‍ക്കും കയ്യേറ്റക്കാര്‍ക്കും വിട്ടുകൊടുക്കാതെ സംരക്ഷിക്കുവാനുള്ള പൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്‌. പെരിയാര്‍ സംരക്ഷിക്കുമെന്ന്‌ വീമ്പിളക്കി അധികാരത്തിലേറിയ ആലുവ നഗരസഭയ്ക്കും കൊച്ചി നഗരസഭയ്ക്കും കേരളസര്‍ക്കാരിനും ഈ ഉത്തരവാദിത്തത്തില്‍നിന്നും ഒഴിഞ്ഞുമാറാനാകില്ല. 

പെരിയാര്‍ സംരക്ഷണം നടന്നില്ലെങ്കില്‍ ഭരണസംവിധാനത്തിന്റെ പിടിപ്പുകേടും അനാസ്ഥയും ഇക്കാര്യത്തിലുണ്ട്‌ എന്ന തരത്തിലാണ്‌ ജനം ഇതിനെ കണക്കാക്കുക. പ്രസ്താവനകളല്ല നമുക്കാവശ്യം, പ്രവര്‍ത്തിയാണ്‌. പെരിയാര്‍ സംരക്ഷണ കാര്യത്തില്‍ സര്‍ക്കാരിന്റെ കാലാവധി തീരുന്നതിനുമുമ്പുതന്നെ നടപടികള്‍ ഉണ്ടാകണം. പെരിയാറിന്റെ ഉത്ഭവം മുതല്‍ പതനംവരെയുള്ള ഭാഗവും നീര്‍ത്തടവും ഒന്നായിക്കണ്ടുകൊണ്ട്‌ പെരിയാര്‍ അതോറിറ്റി രൂപീകൃതമാകണം. പുണ്യനദിയായ പമ്പയ്ക്ക്‌ ലഭിച്ച പരിഗണന പെരിയാറിനും ലഭിക്കണം. പെരിയാര്‍ സംരക്ഷണത്തിനായി ദേശീയ പുഴ സംരക്ഷണ അതോറിറ്റി വഴി പദ്ധതികള്‍ പാസ്സാക്കിയെടുക്കുവാന്‍ സര്‍ക്കാര്‍ പരിശ്രമിക്കണം. പെരിയാര്‍ തീരത്തുള്ള നാല്‍പ്പത്തിയേഴ്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പെരിയാര്‍ സംരക്ഷണ ഉദ്യമത്തില്‍ പങ്കാളികളാകണം. പെരിയാര്‍ വെറും ഒരു നദി മാത്രമല്ല, ഒരു സംസ്കാരമാണെന്ന തിരിച്ചറിവ്‌ സര്‍ക്കാരിനുണ്ടാകണം.

Thursday, July 15, 2010

തായയും മായയും

ഡോ. എം ലീലാവതിയല്‍ വീട്ടില്‍, `തായ'യുടെ വിവാഹത്തിന്റെ ആഘോഷങ്ങളും ആര്‍ഭാടങ്ങളും പ്രകാശ മാന്ത്രികക്കാഴ്‌ചകളും തിരുതകൃതിയായി, `അടിപൊളി'യായി നടക്കുകയാണ്‌. ഇവിടെ `മായ'യുടെ വീട്ടില്‍ അനക്കമില്ല; വെളിച്ചമില്ല, ശബ്‌ദമില്ല. ശോകമൂകം. തായയും മായയും `ഒരേ കളിപ്പാട്ടമൊരേ കളിക്കൂത്തൊരേ കളിക്കൊട്ടിലൊരേ വിചാരമായി' വളര്‍ന്ന കൂട്ടുകാരാണ്‌. മക്കള്‍ മിടുക്കികളാണെന്ന വിശ്വാസം രണ്ടു പേരുടെ ജനയിതാക്കള്‍ക്കുമുണ്ടായിരുന്നു. മകളുടെ അഴകും സഹജമായ മറ്റു മേന്മകളും മാത്രം മതി അവള്‍ക്ക്‌ നല്ല ഭാവിയും കേമനായ വരനും വന്നു ചേരാനെന്ന്‌ നണ്ണി മായയുടെ രക്ഷിതാക്കള്‍ കണ്ണും പൂട്ടി അലസരായി ഇരുന്നു. തായയുടെ ആളുകള്‍ അങ്ങനെ വിഡ്‌ഢിസ്വര്‍ഗ്ഗത്തിലിരുന്നു തുടയ്‌ക്കടിച്ചു കഴിഞ്ഞു കൂടിയില്ല. അവള്‍ക്ക്‌ ഉയര്‍ന്ന വിദ്യാഭ്യാസവും കലാപരിശീലനങ്ങളും നല്‍കി. കേമനായ വരനെക്കിട്ടാനായി അനേ്വഷണങ്ങള്‍ നടത്തി. അടഞ്ഞുകിടന്ന വാതിലുകള്‍ മുട്ടിത്തുറന്നു. തായയുടെ മികവുകള്‍ വേണ്ടും പോലെ അറിയിച്ച്‌, കാണേണ്ടവരുടെ കണ്ണു തുറപ്പിച്ചു- അങ്ങനെയിതാ അവളുടെ `മംഗല്യ'ത്തിന്‌ ലോകമൊട്ടുക്കുമുള്ളവരെയെല്ലാം ക്ഷണിച്ചു വരുത്തി ആഘോഷം പൊടിപൊടിക്കുന്നു. മായയുടെ ആള്‍ക്കാര്‍, `ഇവള്‍ക്കാണ്‌ കൂടുതല്‍ അഴക്‌; എന്നിട്ടും ഇങ്ങോട്ടാരും തിരിഞ്ഞു നോക്കിയില്ല' എന്നു പരിഭവിച്ച്‌ `വിവേചന'ത്തില്‍ പ്രതിഷേധിച്ച്‌, അരിശംകൊണ്ടു പുരയുടെ ചുറ്റും മണ്ടി നടക്കുന്നു.
സന്ദര്‍ഭവിശേഷം കൊണ്ട്‌ തായയും മായയും ശരിക്ക്‌ ആരാണെന്നു മനസ്സിലായിരിക്കുമല്ലോ. തമിഴും മലയാളവും തന്നെ.
സഹ്യന്നപ്പുറത്ത്‌ കോയമ്പത്തൂരിലെ `ചെമ്മൊഴിമാനാട്‌' എന്ന വേദി ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും തിരകളിരമ്പിക്കയറുന്ന ഒരു കടലായി അറ്റമറ്റ്‌ പരന്നു കിടക്കുന്നു. ഇപ്പുറത്ത്‌ അമ്മമൊഴി ചൊവ്വും ചേലുമറ്റ്‌ വരണ്ടു കിടക്കുന്നു. `മായ'യുടെ കാരണവര്‍ കരുമന കാട്ടാതെ ഒരു കാര്യം ചെയ്‌തിട്ടുണ്ട്‌. ഒരു അഭിനന്ദന സന്ദേശം കാറ്റില്‍ അങ്ങോട്ടു പറത്തി വിട്ടിരിക്കുന്നു. അത്രയും നന്ന്‌.
`തായ'യുടെ കാരണവന്മാര്‍ അനങ്ങാമലപോലടങ്ങിയിരിക്കാതെ എന്തൊക്കെ ചെയ്‌തിട്ടാണ്‌ നേടേണ്ടത്‌ നേടിയതെന്ന്‌ ഇപ്പോഴെങ്കിലും കണ്ണും കരളും തുറന്നു കാണാന്‍ മായപ്പെണ്ണിന്നുടമകള്‍ ഒരുങ്ങുമോ? അതോ സച്ചിദാനന്ദസമാധി തുടരുമോ? തകിലടികള്‍ അങ്ങ്‌ `ചെന്നൈ'യില്‍ മുഴക്കുന്നതിനുപകരം മലയാണ്മയെ വേര്‍തിരിച്ച മലയുടെ തൊട്ടപ്പുറത്തുള്ള അടിവാരത്തുതന്നെ പെരുമ്പറകള്‍താക്കുവാന്‍ അവര്‍ക്ക്‌ തോന്നിയതിന്‌ കാരണം ഇപ്പുറത്തുള്ളവരുടെ കേള്‍വിക്കഴിവ്‌ ഒന്നു ഉണര്‍ത്തിക്കളയാമെന്ന കരുതല്‍ തന്നെയായിരിക്കുമോ?
അവര്‍ ഈ പെരിയ കൊടിയേറ്റത്തിനുവേണ്ടിയുള്ള കരുനീക്കങ്ങള്‍ നടത്തിത്തുടങ്ങിയിട്ട്‌ മൂന്ന്‌ നാല്‌ തലമുറക്കാലമായിരിക്കുന്നു. ``വിടുതലൈ വിടുതലൈ വിടുതലൈ'' എന്ന്‌ മൂന്ന്‌ തവണ ചൊന്നാല്‍ അവര്‍ക്ക്‌ അതിന്റെ പൊരുള്‍ കഴലിലെയും കരളിലെയും മൊഴിയിലെയും കെട്ടുകള്‍ പൊട്ടിക്കുക എന്നായിരുന്നു. ഉടല്‍ അടിമപ്പെടുന്നതും ഉയിര്‍ അടിപ്പെടുന്നതും മൊഴി അടിമപ്പെടുന്നതും അവരെ ഒരുപോലെ അഴല്‍പ്പെടുത്തി. അതുകൊണ്ടാണ്‌ ഉടലിന്റെ വിടുതലിന്നൊപ്പം മൊഴിയുടെ ``വിടുതലും'' (മോചനം) അവര്‍ കിനാക്കണ്ടത്‌. വിടുതല്‍ (സ്വാതന്ത്ര്യം) നേടിയതോടൊപ്പം തന്നെ അവര്‍ ``വടമൊഴി''യുടെ (ഹിന്ദി) കടന്നുകയറ്റത്തെയും ചെറുത്തതോര്‍ക്കുക. നെഹ്രു എല്ലാ പ്രാദേശിക ഭാഷകള്‍ക്കും തുല്യതയും പരിരക്ഷണവും വാഗ്‌ദാനം ചെയ്‌തിരുന്നത്‌ അദ്ദേഹത്തിന്റെ കാലം കഴിഞ്ഞ ഉടനെ ലംഘിക്കപ്പെടുന്നുവെന്ന്‌ സംശയമുണര്‍ന്നപ്പോള്‍ `ഹിന്ദി ഒഴിഹ!' എന്ന ഗര്‍ജ്ജനം തമിഴ്‌നാട്ടില്‍ നിന്ന്‌ മുഴങ്ങി. ചിലര്‍ തങ്ങളുടെ മൊഴിയുടെ മാനം കാക്കാന്‍ ആത്മാഹുതിയെന്ന കൊടിയത്യാഗം ചെയ്‌തതും ഓര്‍ക്കുക. തമിഴരുടെ ഈ ആവേശത്തെ `വിവേകി' കളെന്ന്‌ സ്വയം കാഹളമൂതുന്ന നമ്മള്‍ വിളിക്കാറുള്ളത്‌ ഭാഷാ ഭ്രാന്ത്‌ എന്നാണ്‌. മലയാളമൊഴിയുടെ മാനംകാക്കാന്‍ ഇവിടെ ആരും ആത്മാഹുതി ചെയ്‌തിട്ടില്ല. ചെയ്യുകയുമില്ല. ഇതു ശരിക്കും വിവേകം തന്നെയാണെന്ന്‌ നമ്മള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ആ ഭ്രാന്തിന്‌ വന്നുചേര്‍ന്ന നേട്ടത്തില്‍ നമ്മളിപ്പോള്‍ അസൂയപ്പെടേണ്ടതില്ല. ഒരു അഭിനന്ദന സന്ദേശമയച്ച്‌ കയ്യും കെട്ടി ഇരിക്കുകയേ വേണ്ടൂ.
എന്നാല്‍ കടുകിട വിട്ടുകൊടുക്കാതെ കമ്പവലിപ്പണിതുടരാനും ത്യാഗങ്ങള്‍ ഏറ്റെടുക്കാനും നമ്മള്‍ തുനിഞ്ഞിട്ടില്ലെങ്കിലും നേട്ടങ്ങള്‍ അവര്‍ക്കൊപ്പം നമുക്കും കിട്ടണം എന്നാണ്‌ നമ്മുടെ കൊതി. ``ദീപസ്‌തംഭം മഹാശ്ചര്യം...'' തന്നെ.
അവര്‍ ഏറ്റെടുത്ത കമ്പവലിപ്പണികള്‍ നോക്കാം. വിദ്യാഭ്യാസത്തില്‍ അമ്മമൊഴിക്കുള്ള ഒന്നാം സ്ഥാനം അവര്‍ ഒരിക്കലും അവഗണിച്ചില്ല. തമിഴിന്റെ പഴമയെപ്പറ്റിയും പെരുമയെപ്പറ്റിയും കേള്‍ക്കേണ്ടവരെല്ലാം കേള്‍ക്കത്തക്കവണ്ണം എന്നുമവര്‍ പാടിപ്പുകഴ്‌ത്തി. തമിഴന്നായി അവര്‍ ഒരു സര്‍വകലാശാല സ്ഥാപിച്ചു. 1981 ല്‍ തഞ്ചാവൂരില്‍ തന്നെ. ആ യൂണിവേഴ്‌സിറ്റി മാത്രമല്ല തമിഴ്‌ നാട്ടിലെ എല്ലാ യൂണിവേഴ്‌സിറ്റികളും തമിഴ്‌ പഴമയിലെ ഗവേഷണങ്ങളും പഠനങ്ങളും വികസിപ്പിക്കാന്‍ കൊണ്ടുപിടിച്ചു പണിയെടുത്തു. ഇതുകണ്ടിട്ട്‌ കണ്ണുതുറന്ന ആന്ധ്രക്കാര്‍ വഴിയെ സ്വന്തം നാട്ടിലും കന്നടക്കാര്‍ അവരുടെ നാട്ടിലും സ്വന്തം ഭാഷകള്‍ക്കുവേണ്ടിയുള്ള യൂണിവേഴ്‌സിറ്റികള്‍ സ്ഥാപിച്ചു - (ഹൈദരാബാദില്‍ തെലുങ്ക്‌ യൂണിവേഴ്‌സിറ്റി 1991 ല്‍; ഹംപിയില്‍ കന്നട യൂണിവേഴ്‌സിറ്റി 1992 ല്‍) ആ മൂന്നു തെന്നിന്ത്യാ പ്രവിശ്യകളിലും സ്വന്തം ഭാഷ ഭരണമാധ്യമവും അധ്യയന മാധ്യമവും ആക്കുന്നതില്‍ വിട്ടുവീഴ്‌ചയില്ലാത്ത നയം കൈക്കൊണ്ടിട്ടും പച്ചച്ചാണകത്തില്‍ തീപ്പിടിപ്പിക്കും പോലെയാണ്‌ കേരളത്തിലെ സമാനശ്രമങ്ങള്‍ ``പുരോഗമിച്ചത്‌.'' ബ്യൂറോക്രാറ്റുകള്‍ ``മുടി മുതല്‍ അടി'' വരെ ആംഗലത്തിനേ ഗൗരവമുള്ളൂ എന്ന്‌ വിശ്വസിച്ചവരുമാണ്‌. പൊതിയാത്തേങ്ങ കിട്ടിയ കുറുക്കനെപ്പോലെ മുകളില്‍ നിന്നുള്ള ഉത്തരവുകളും അറിയിപ്പുകളും കയ്യില്‍ കിട്ടിയ ആംഗലമറിയാപ്പാവങ്ങള്‍ അമ്പരന്ന്‌ അറിവാളരെ ആശ്രയിച്ചു. മുറിയിംഗ്ലീഷും മംഗ്ലീഷും (മലയാള മട്ടിലുള്ള ഇംഗ്ലീഷ്‌) ആണ്‌ ജനസേവകര്‍ ആയ പല ആപ്പീസര്‍മാരും പ്രയോഗിച്ചിരുന്നതെങ്കിലും പട്ടയിട്ട ഉടുപ്പുപോലെ അതിനൊരു ഗമ ഉണ്ടെന്ന നിനവു നിലനിന്നുപോന്നു - പോരുന്നു. ഉയര്‍ന്ന ബ്യൂറോക്രാറ്റുകള്‍ `ഭാഷാവാര'ത്തില്‍ മാത്രമാണ്‌ ചടങ്ങായി അമ്മമൊഴിയെ വാഴ്‌ത്തിയത്‌. മാറ്റത്തോട്‌ അവര്‍ ഉള്ളുകൊണ്ട്‌ ഇണങ്ങിയില്ല. ``കൊക്കക്കോള ദുഃഖം'' അറിയാതെ പ്രകടിപ്പിച്ചുപോയ ഉന്നതനുപറ്റിയപോലെ നാക്കുപിഴവ്‌ വരുത്താതെ നോക്കുമെങ്കിലും ഉള്ളില്‍ വിദേശഭാഷയോടുള്ള `മമത'യും സമാനമാണ്‌. ഭരണചുക്കാന്‍ പിടിച്ചു പോന്ന രാഷ്‌ട്രീയക്കാരും (എല്ലാ കക്ഷികളും ഇക്കാര്യത്തില്‍ തുല്യം) മേധാവിത്വം (അതിന്റെ ശരിയായ അര്‍ത്ഥത്തിലല്ല, അധീശത്വം എന്ന അര്‍ത്ഥത്തില്‍) ഉറയ്‌ക്കണമെങ്കില്‍ ആംഗലം പൊടിപൊടിക്കണം എന്നു കരുതിപ്പോന്നു; പൊടിയിംഗ്ലീഷുമാത്രം കൈമുതലായവര്‍ പോലും. അങ്ങനെ ഭരണരംഗത്തും നീതിന്യായസ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും ഒരുപോലെ അമ്മമൊഴിയോടുള്ള മമതയ്‌ക്ക്‌ എന്നും ഇളംചൂടേ ഉണ്ടായിരുന്നുള്ളൂ കേരളത്തില്‍. കാര്യം ഇങ്ങനെയിരിക്കെ, മറ്റു തെന്നിന്ത്യന്‍ പ്രവിശ്യകളിലുള്ളപോലെ ഭാഷാനയവും ഭാഷയ്‌ക്കു സമര്‍പ്പിതമായ ഉന്നത സ്ഥാപനങ്ങളും വേണമെന്ന്‌ ചില മലയാളം വാധ്യാന്മാര്‍ മുറവിളി കൂട്ടിക്കൊണ്ടിരുന്നത്‌ കാട്ടിലെ നിലവിളി പോലെ ആരും കേട്ടില്ല എങ്കില്‍ അത്ഭുതമില്ല. ബഹുജനമോ? കേരളത്തിലെ ആളുകള്‍ക്കുമില്ല അമ്മമൊഴിയോടു മമതയെന്ന ദൗര്‍ബല്യം. ഇതിന്റെ കാരണം മലയാളം മാത്രം പഠിച്ചാല്‍ ഗതിപിടിക്കില്ല എന്ന ന്യായമായ ആശങ്കയാണ്‌. ഇതില്‍ കുറച്ച്‌ സത്യമുള്ളതുകൊണ്ട്‌ ഇംഗ്ലീഷ്‌ നന്നായി പഠിക്കാന്‍ സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത്‌ എല്ലാവര്‍ക്കും അവസരം നല്‌കുകയും പത്താംതരം കഴിയും വരെ മലയാളം പഠിക്കണമെന്നും പ്രാഥമിക തലത്തില്‍ അറിവുപകരുന്നതിനുള്ള മാധ്യമം മലയാളമായേ തീരൂഎന്നും നിഷ്‌കര്‍ഷിക്കുകയും ഇംഗ്ലീഷില്‍ ഭാഷണം ശീലിക്കുകയും (എഴുതല്‍ പ്രാഥമികതലത്തിനുശേഷം) ചെയ്യുന്നരീതിയിലുള്ള ഒരു പാഠ്യപദ്ധതിയാണ്‌ സംവിധാനം ചെയ്യേണ്ടത്‌. ഇതില്ലാത്തതുകൊണ്ട്‌ കേരളത്തില്‍ ജനത്തിന്റെ നയം ``മലയാളം ഒഴിഹ'' എന്നായിപ്പോകുന്നു. കുഗ്രാമങ്ങളിലെ കടകളുടെ പേരുപോലും ആംഗലത്തിലല്ലോ? യഥാപ്രജാ തഥാ രാജാ. ആളുകള്‍ക്കു വേണ്ടാത്തതുകൊണ്ടാണ്‌, മറ്റു പ്രവിശ്യകളിലെപ്പോലെ അമ്മമൊഴിയെ വളര്‍ത്തുന്നതിനുള്ള സ്ഥാപനങ്ങളും ഉദ്യമങ്ങളും വികസിപ്പിക്കാന്‍ അതാതുകാലത്തു വരുന്ന ഭരണകൂടങ്ങള്‍ നിര്‍ബ്ബന്ധമാകാത്തത്‌. എങ്കിലും അകക്കാഴ്‌ചയും അകലെക്കാഴ്‌ചയും ഉള്ള ഭരണകര്‍ത്താക്കള്‍ തുടര്‍ച്ചയായി ഭരണത്തിന്റെ അമരത്തിരിക്കാന്‍ ഉണ്ടായിരുന്നെങ്കില്‍ മറ്റു മൂന്നു നാടുകളിലെപ്പോലെ കേരളത്തിലും തനതുമൊഴിക്ക്‌ മികവ്‌ തികക്കാന്‍ കഴിഞ്ഞേനെ.
തമിഴിന്റെ പിന്നാലെ കന്നടത്തിനും തെലുങ്കിനും ക്ലാസിക്‌ പദവി അനുവദിക്കപ്പെട്ടത്‌ അതിന്നുവേണ്ടി കമ്പവലിക്കാനുള്ള സ്ഥാപനങ്ങളുടെ പ്രതിനിധികളും ഭരണകര്‍ത്താക്കളായ ജനപ്രതിനിധികളും മുന്നിട്ടിറങ്ങിയതിന്റെ ഫലമാണ്‌. ആന്ധ്രപ്രദേശില്‍ തെലുങ്കു യൂണിവേഴ്‌സിറ്റിക്കു പുറമെ ദ്രവീഡിയന്‍ യൂണിവേഴ്‌സിറ്റി (1997) യെന്ന മറ്റൊരു സ്ഥാപനം കൂടി ഉണ്ടായി.
കേരളത്തില്‍ സംസ്‌കൃതത്തിനായി ഒരു യൂണിവേഴ്‌സിറ്റി സ്ഥാപിതമായപ്പോള്‍പ്പോലും അങ്ങനൊന്ന്‌ മലയാളത്തിന്നും വേണ്ടതില്ലേ എന്ന ചിന്തക്ക്‌ ആക്കമുണ്ടായില്ല. അതുകൊണ്ട്‌ ഊക്കുമുണ്ടായില്ല. മലയാളത്തിലെ നിലവിലുള്ള വാക്കുകളില്‍ ഭൂരിപക്ഷവും സംസ്‌കൃതമാണ്‌. അതുപോലെ, സംസ്‌കൃത സര്‍വകലാശാലയുടെ വാലുകളായി മലയാളകേന്ദ്രങ്ങളുണ്ടായി. അവയിലും ബിരുദക്കാരെ ഉത്‌പാദിപ്പിക്കലല്ലാതെ ഭാഷാധ്യയനത്തെയോ ഭാഷാധ്യപകരെയോ പുതിയ ഊക്കും ഉണര്‍വ്വും പകരത്തക്കവണ്ണം നവീകരിക്കുന്നതില്‍ കേന്ദ്രിതമായ പദ്ധതികളില്ല. മലയാള ഭാഷയെയും സാഹിത്യത്തെയും വളര്‍ത്തിയെടുത്ത മഹാന്മാരുടെ പേരില്‍ `ചെയര്‍' എന്ന ഇംഗ്ലീഷ്‌ പദംകൊണ്ടു വിവക്ഷിക്കുന്ന തരത്തിലുള്ള അദ്ധ്യയനഗവേഷണകേന്ദ്രങ്ങളുണ്ടാവുകയോ നയിക്കാനുള്ള വിദഗ്‌ദ്ധരെ നിയോഗിക്കുകയോ ഒന്നുമുണ്ടായില്ല. പുതിയ കമ്പ്യൂട്ടര്‍ യുഗത്തില്‍ ലോകഭാഷകളില്‍ അപ്രധാനങ്ങളായ കുറെയെണ്ണം ക്രമേണ കൊഴിഞ്ഞ്‌ കരിഞ്ഞലിഞ്ഞ്‌ മണ്ണാവും എന്നാണ്‌ വിദഗ്‌ദ്ധര്‍ പ്രവചിക്കുന്നത്‌. മലയാളം അക്കൂട്ടത്തില്‍പ്പെട്ടുപോവുമോ? അങ്ങനെ സംഭവിച്ചാലും കേരളമെന്ന രാജ്യവും ഇവിടുത്തെ മനുഷ്യരും അറബിക്കടലിലാണ്ടുപോവില്ല എന്ന ശുഭാപ്‌തിവിശ്വാസം നമുക്ക്‌ ഊന്നുവടിയായുണ്ടാവും.
അതുസംഭവിക്കാതിരിക്കാന്‍ വേണ്ടി മലയാളം എന്ന ഭാഷയുടെ സാന്നിദ്ധ്യം ഭൂസ്ഥിതി ശാസ്‌ത്രത്തില്‍ അടയാളപ്പെടുത്താന്‍ പല ഉദ്യമങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്‌. ഒന്നാമത്തെ കമ്മ്യൂണിസ്റ്റ്‌ ഗവണ്‍മെന്റ്‌ ഉണ്ടായപ്പോള്‍ മാതൃഭാഷ ഔദ്യോഗിക ഭാഷയാക്കാന്‍ പദ്ധതി രൂപപ്പെടുത്തുന്നതിനായി ഒരു വിദഗ്‌ദ്ധസമിതിയെ നിയോഗിച്ചിരുന്നു. കോമാട്ടില്‍ അച്യുതമേനോനും ഡോ. ഭാസ്‌കരന്‍നായരും കെ ദാമോദരനും പി ടി ഭാസ്‌കരപ്പണിക്കരും എല്‍ ഡി ഐസക്കും അംഗങ്ങള്‍. ഏഴുകൊല്ലം കൊണ്ട്‌ കാര്യം സാധിക്കാം എന്നായിരുന്നു അവരുടെ വിശ്വാസം. മനോരാജ്യത്തിനു അര്‍ദ്ധരാജ്യം വേണ്ടല്ലോ. അതില്‍പ്പിന്നെ അര്‍ധശതാബ്‌ദം പിന്നിട്ടിട്ടും വഞ്ചി തിരുനക്കരെത്തന്നെ. ഡ്രവീഡിയന്‍ ലിംഗ്വിസ്റ്റിക്‌ അസോസിയേഷന്റെ (ഡി എല്‍ എ) സ്ഥാപകനേതാവായ ഡോ. വി ഐ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ 1971 ല്‍ ആദ്യമായി ദ്രാവിഡഭാഷാ സമ്മേളനം സംഘടിപ്പിച്ചത്‌ തിരുവനന്തപുരത്താണ്‌. പിന്നീട്‌ ഡോ. പുതുശ്ശേരി രാമചന്ദ്രന്റെ ഉത്സാഹത്തില്‍ ലോകമലയാള സമ്മേളനം ഉണ്ടായത്‌ 1979 ല്‍. ഇതു രണ്ടും മലയാളഭാഷയെ വെള്ളിവെളിച്ചത്തില്‍ നിര്‍ത്താനുതകി. പിന്നീട്‌ അതിന്റെ തുടര്‍ച്ചകളായ സമാരംഭങ്ങളുണ്ടായില്ല.
മലയാളഭാഷയുടെ പേരിലൊരു യൂണിവേഴ്‌സിറ്റി ഉണ്ടായിരുന്നെങ്കില്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌ സര്‍വവിജ്ഞാനകോശനിര്‍മാണസ്ഥാപനം, ഹസ്‌തരേഖാ ഗ്രന്ഥാലയം മുതലായി പല സ്ഥാപനങ്ങളും അതിലേക്കുചേര്‍ത്ത്‌ ഭാഷാപോഷണത്തിനും ഭാഷാധ്യാപകപരിശീലനത്തിനുമുള്ള വേദികള്‍ വികസിപ്പിക്കാന്‍ കഴിയുമായിരുന്നു. ഏതു യൂണിവേഴ്‌സിറ്റിയിലും അതതു പ്രദേശത്തെ ഭാഷയ്‌ക്കൊരു വിഭാഗം ഉണ്ടാകേണ്ടതാണ്‌. ശാസ്‌ത്രസാങ്കേതികവിദ്യാ സര്‍വകലാശാലയില്‍ അതു വേണ്ടെന്നാണ്‌ അധികൃതര്‍ നിശ്ചയിച്ചത്‌, ഒന്നാം വൈസ്‌ ചാന്‍സലര്‍ ഭാഷാ വിദഗ്‌ദ്ധനായിട്ടുപോലും. അതേസമയം ഹിന്ദിക്കും വിദേശഭാഷകള്‍ക്കും അവിടെ സ്ഥാനമുണ്ടുതാനും. ഇത്തരം സമീപനങ്ങള്‍ ഉള്ളിന്നുള്ളില്‍ ഭാഷയോടു മമതയില്ലായ്‌മയെന്ന മനോഭാവത്തെയാണ്‌ പ്രതിഫലിപ്പിക്കുന്നത്‌. വിദേശങ്ങളില്‍ വെച്ചുനടത്തിയ ചില ലോകമലയാള സമ്മേളനങ്ങള്‍ പലര്‍ക്കും വിദേശയാത്രക്ക്‌ വഴിയൊരുക്കിക്കൊടുത്തു എന്നതില്‍ കവിഞ്ഞ്‌ ലോകശ്രദ്ധയെ മലയാളത്തിലേക്ക്‌ തിരിക്കാന്‍ സഹായിച്ചിട്ടുണ്ടോ എന്നു സംശയമാണ്‌.
ഏതായാലും മലയാള യൂണിവേഴ്‌സിറ്റിയെപ്പറ്റി തുടര്‍ച്ചയായി പ്രമേയങ്ങള്‍ പാസ്സാക്കിക്കൊണ്ടിരിക്കാന്‍ ഡി എല്‍ എ എന്ന സംഘടനക്കുശ്രദ്ധയുണ്ട്‌. കഴിഞ്ഞകൊല്ലം ജൂണിലും വന്നു ഒരുപ്രമേയം. ഇക്കാര്യത്തില്‍ ഭരണകൂടത്തിനുള്ള തല്‍പരത മന്ത്രിമാരും പ്രഖ്യാപിക്കാറുണ്ട്‌. എന്തെങ്കിലും പ്രവര്‍ത്തിക്കുന്നതിനുള്ള താല്‍പര്യത്തിന്നുള്ള തെളിവ്‌ ഇനിയും കിട്ടേണ്ടതായിട്ടാണിരിക്കുന്നത്‌. എങ്കിലും അയല്‍പക്കത്തെ ആഘോഷത്തില്‍ സന്ദേശമയച്ചല്ലോ. `അനസൂയവിശുദ്ധ'തയ്‌ക്കെങ്കിലും തെളിവായി! `തായ' ഏതായാലും ദ്രാവിഡകുലത്തിലെ തായ തന്നെയാണ്‌ - അവള്‍ക്ക്‌ നല്ലതുവരട്ടെ.
http://www.janashakthionline.com/newsdetails.php?id=65

  

Tuesday, July 13, 2010

യുവതലമുറയെ വഴിതെറ്റിയ്ക്കുന്നവര്‍ സമൂഹത്തെ ബലിയാടാക്കുന്നു - സയ്യിദ് മുനവ്വറലി തങ്ങള്‍

അറിവു നല്‍കുന്നതിന് പകരം നൈമഷിക വികാരങ്ങള്‍ പകര്‍ന്ന് യുവതലമുറയെ വഴിതെറ്റിക്കുന്നവര്‍ ഒരു സമൂഹത്തെ മൊത്തമായി ബലിയാടാക്കുകയാണ് ചെയ്യുന്നതെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു.  മുംബൈ താജ് ഹോട്ടലില്‍ നടന്ന "ഭീകരതയ്ക്കെതിരായ ജിഹാദ്" എന്ന അന്താരാഷ്ട്ര സെമിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  ലിബിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് മുസ്ലീം പീപ്പിള്‍സ് ലീഡര്‍ഷിപ്പിന്‍റെ ഇന്ത്യന്‍ ചാപ്റ്ററാണ് മുംബൈ ഭീകരാക്രമണത്തിന്‍റെ ദുരന്ത സ്മരണകളിരമ്പുന്ന താജ് ഹോട്ടലില്‍ ആഗോള ഭീകരവാദത്തിനെതിരായ ഐക്യദാര്‍ഡ്യ ചടങ്ങ് സംഘടിപ്പിച്ചത്.  സെമിനാര്‍ പീപ്പിള്‍സ് ലീഡര്‍ഷിപ്പ് ദക്ഷിണേഷ്യന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. മുഹമ്മദ് ശുഹുമി (ലിബിയ) ഉദ്ഘാടനം ചെയ്തു.

തീവ്രവാദികളെ സൃഷ്ടിക്കുന്നവര്‍ക്ക് രാജ്യത്തെ തന്നെ തകര്‍ക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട്.  എല്ലാതരം വിധ്വംസക പ്രവര്‍ത്തനങ്ങളെയും നിരാകരിക്കുന്ന മതമാണ് ഇസ്ലാം എന്നിരിക്കെ, ചില കുബുദ്ധികളുടെ നീക്കങ്ങള്‍ മതത്തിന്‍റെ പേരില്‍ ചാര്‍ത്തപ്പെടുന്നത് മാപ്പര്‍ഹിക്കാത്ത അപരാധമാണെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു

വിഭജനാനന്തരം ഇന്ത്യയിലെ മുസ്ലീംങ്ങള്‍ക്കാണ് ലോകത്തെ മറ്റേതു മുസ്ലീം വിഭാഗത്തേക്കാളും അഭിവൃദ്ധിയും സ്വാതന്ത്ര്യവും ഉണ്ടായതെന്നും ഗാന്ധിജിയെപ്പോലുള്ളവരുടെ കലര്‍പ്പില്ലാത്ത സ്വാതന്ത്ര്യ സ്വപ്നമാണ് ഇതിലൂടെ പൂവണിഞ്ഞതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ഡോ. ശുഹുമി ചൂണ്ടിക്കാട്ടി.

******   *********

മറക്കരുത് : ഇരുകൂട്ടരും 'പള്ളി'ക്കാര്‍
ചോദ്യപേപ്പറിലൂടെ പ്രവാചക നിന്ദ നടത്തിയ പ്രൊഫ. ജോസഫിന്‍റെ കൈ വെട്ടിയ സംഭവം ചരിത്രപരമായി പള്ളി സംസ്കാരത്തിനും മാപ്പിള സംസ്കാരത്തിനും മലയാളികളുടെ മുഴുവന്‍ സാംസ്കാരിക പാരമ്പര്യത്തിനും വിരുദ്ധമാണ്.

നമ്മുടെ പൂര്‍വ്വികരുടെ ചേരനാട്ടിലെ ബൌദ്ധപാരമ്പര്യത്തെ സൂചിപ്പിക്കുന്ന പദമാണ് ബുദ്ധവിഹാരങ്ങളായിരുന്ന 'പള്ളി'.  ചാതുര്‍ വര്‍ണ്യത്തിനെതിരെ പൊരുതിയ നമ്മുടെ പൂര്‍വ്വികര്‍ ക്രിസ്തുമാര്‍ഗ്ഗത്തിലൂടെയും ഇസ്ലാം മാര്‍ഗ്ഗത്തിലൂടെയും മോചനം നേടി.  പഴയ പള്ളികള്‍ ഉപേക്ഷിക്കേണ്ടിവന്നെങ്കിലും ക്രൈസ്തവരും മുസ്ലീംങ്ങളും അവരുടെ ദേവാലയങ്ങള്‍ക്ക് ഒരുപോലെ 'പള്ളി' എന്ന പേരുതന്നെ നല്‍കുകയാണുണ്ടായത്.

രണ്ടുകൂട്ടരും ഒരുപോലെ മാപ്പിളമാരായതും ആ പാരമ്പര്യത്തിന്‍റെ തുടര്‍ച്ചയാണ്.  പുതിയ മാര്‍ഗ്ഗം അഥവാ മതം സ്വീകരിച്ചവന്‍ എന്നര്‍ത്ഥം വരുന്ന മാര്‍ഗ്ഗപ്പിള്ളയാണ് മാപ്പിളയായി മാറിയത്.  ക്രൈസ്തവരും  മുസ്ലീംങ്ങളും ഒരുപോലെ പള്ളി ബന്ധമുള്ള മാപ്പിളമായിരിക്കെ പരസ്പരം സംഘര്‍ഷത്തിലേര്‍പ്പെടുന്നത് ചരിത്രപരമായ വിഡ്ഡിത്തമാണ്.

പ്രവാചകനിന്ദ പാശ്ചത്യ സാമ്രാജ്യത്വശക്തികളുടെയും ഇന്ത്യയിലെ ഫാസിസ്റ്റ് കേന്ദ്രങ്ങളുടെയും അജണ്ടയിലുള്ള പരിപാടിയാണ്.  കേരളത്തിലെ പള്ളിക്കാരും മാപ്പിളമാരും അത് ഏറ്റെടുക്കുന്നത് ആത്മഹത്യാപരമാണ്.  കൈവെട്ടല്‍ സംഭവം മലയാളികളുടെ മതേതര സംസ്കാരത്തിന് തീരാക്കളങ്കമാണുണ്ടാക്കിയിരിക്കുന്നതെന്നതില്‍ സംശയമില്ല.  ചരിത്രപരമായ ഒത്തുചേരലിലൂടെ ആ കളങ്കം കഴുകിക്കളയണം.

(കലാകൌമുദി ദിനപത്രം - 2010 ജൂലായ് 12 തിങ്കള്‍)

Monday, July 12, 2010

ധന്യമീ ജീവിതം

കെ.അനീഷ്കുമാര്‍


'ആരുമായാണോ നമ്മുടെ കൂട്ടുകെട്ട്‌ അവര്‍ നമ്മെ സ്വാധീനിക്കും. ചരിത്രം പരിശോധിച്ചാല്‍ ഭാരതീയര്‍ക്ക്‌ കൂട്ടായി പൗരാണിക ഗ്രന്ഥങ്ങളും ആത്മീയ ഗുരുക്കന്മാരുമുണ്ട്‌. ഇവയെയും കൂട്ടുകാരാക്കാന്‍ ശ്രമിക്കുക.'

ഈയൊരു സന്ദേശത്തോടെയായിരുന്നു കഴിഞ്ഞദിവസം രാവിലെ 7.20ന്‌ അമൃതാചാനലില്‍ സംപ്രേഷണം ചെയ്യുന്ന 'ധന്യമീദിനം' എന്ന പ്രഭാതപരിപാടി സമാപിച്ചത്‌. നിത്യജീവിതത്തിലെ കൊച്ചുകൊച്ചു സംഭവങ്ങള്‍ കോര്‍ത്തിണക്കി സരസമായ ഭാഷയില്‍ സംസാരിക്കുന്ന പി.ആര്‍.നാഥനായിരുന്നു പരിപാടി അവതരിപ്പിച്ചത്‌.

തന്റെ ജീവിതത്തില്‍ സംഭവിക്കുന്ന വിവിധ മുഹൂര്‍ത്തങ്ങളും അനുഭവങ്ങളുമാണ്‌ ധന്യമീദിനത്തില്‍ അവതരിപ്പിക്കുന്നത്‌. അതേപോലെ പ്രഭാഷണങ്ങളിലും എഴുത്തിലും ഇത്തരത്തില്‍ ഓരോരുത്തരുടെയും ജീവിതത്തെ സൂഷ്മമായി വിലയിരുത്തുമ്പോള്‍ ശരിതെറ്റുകളെ തിരിച്ചറിയാം. സഹായകമായി കൂട്ടുകെട്ടുകളും പുസ്തകങ്ങളുമണ്ടാകുന്‍ന്മ്‌ അദ്ദേഹം പറയുന്നു.

നമുക്ക്‌ പകര്‍ത്താവുന്ന ജീവിത വിജയത്തിന്റെ ഈ വാക്കുകള്‍ ശരിവെക്കുന്നത്‌ പി.ആര്‍.നാഥന്റെ തന്നെ ജീവിതത്തെയാണ്‌. ആറായിരത്തിലധികം വേദികളില്‍ വ്യത്യസ്തവിഷയങ്ങളില്‍ പ്രഭാഷണം നടത്തിയും ആറുവര്‍ഷത്തിലധികമായി മുടങ്ങാതെ എല്ലാ ദിവസവും ധന്യമീദിനം അവതരിപ്പിക്കുന്നതിന്‌ പിന്നിലെ രഹസ്യവും ഈ വാക്കുകളില്‍ അടങ്ങിയിരിക്കുന്നു.

എഴുത്തിന്റെ വഴിയിലേക്ക്‌
പാലക്കാട്‌ ജില്ലയിലെ പട്ടാമ്പി കീഴായൂര്‍ ഗ്രാമാന്തരീക്ഷത്തിലാണ്‌ പി.ആര്‍.നാഥന്റെ ജനനമെങ്കിലും എഴുത്തിന്റെ തുടക്കം തിരുവനന്തപുരത്തുനിന്നായിരുന്നു. സാഹിത്യരംഗത്തെ വളര്‍ച്ചയും കലാജീവിതവും കോഴിക്കോട്ടുമായിരുന്നു. ചിത്രകലാ- സംഗീത അധ്യാപകരായിരുന്നു മാതാപിതാക്കളെങ്കിലും കാര്‍ഷികവൃത്തിയായിരുന്നു മുഖ്യതൊഴില്‍. എട്ടുമക്കളില്‍ മൂത്തവനായിട്ടായിരുന്നു പി.ആര്‍.നാഥനെന്ന പയ്യനാട്ട്‌ രവീന്ദ്രനാഥന്‍ ജനിച്ചത്‌. അതിനാല്‍ ഉത്തരവാദിത്തവും കൂടുതലായിരുന്നു. ബാല്യം സാമ്പത്തികപ്രയാസങ്ങളിലൂടെ കടന്നുപോയിരുന്നുവെങ്കിലും അമ്മ പറഞ്ഞുതന്ന നൂറ്‌ കണക്കിന്‌ കഥകള്‍ നെഞ്ചിലേറ്റി വളര്‍ന്നു. ഹൈസ്ക്കൂളിലെത്തിയതോടെ വായനാശീലത്തോടൊപ്പം ചെറുകഥകളും എഴുതിത്തുടങ്ങി. കഷ്ടപ്പെട്ട്‌ സ്വരുക്കൂട്ടിയ പണം ഉപയോഗിച്ച്‌ 'പത്ത്‌ പൈസ' സ്റ്റാമ്പ്‌ വാങ്ങി നൂറ്‌ കണക്കിന്‌ കഥകള്‍ പത്രമോഫീസുകളിലേക്ക്‌ അയച്ചെങ്കിലും ഒന്നുപോലും വെളിച്ചം കണ്ടില്ല. ആത്മവിശ്വാസത്തിന്റെ ബലത്തില്‍ തളരാതെ വീണ്ടും എഴുതി. ഇങ്ങനെ എഴുതി തെളിഞ്ഞതോടെ ആദ്യകഥ 'കളിത്തോക്ക്‌' കേസരിവാരികയില്‍ പ്രസിദ്ധീകരിച്ചു. അന്നത്തെ സന്തോഷം ഇന്നു പറഞ്ഞറിയിക്കാനാവില്ലെന്ന്‌ പി.ആര്‍.നാഥന്‍ പറയുന്നു.

ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്‌ ബിരുദം നേടി പ്രോവിഡണ്ട്‌ ഓഫീസില്‍ ജോലി ലഭിച്ചതോടെ തിരുവനന്തപുരത്ത്‌ എത്തുകയും അവിടുത്തെ സാഹചര്യം സാഹിത്യരംഗത്ത്‌ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായകമായി.

പ്രൊഫ.എം.കൃഷ്ണന്‍നായര്‍, ശൂരനാട്‌ കുഞ്ഞന്‍പിള്ള, ടി.എന്‍.ജയചന്ദ്രന്‍ തുടങ്ങിയ സാഹിത്യകാരന്മാരുമായി അടുക്കാനും ഇവരുടെയൊപ്പം നിരവധി സരം ലഭിച്ചു. പാറപ്പുറം, കെ.സുരേന്ദ്രന്‍, തകഴി, കേശവദേവ്‌ തുടങ്ങിയവരുമായി ഇടപഴകാന്‍ അവസരം ലഭിച്ചതോടെ പി.ആര്‍.നാഥന്റെ എഴുത്ത്‌ ശക്തമാവാന്‍ തുടങ്ങി. ഗുരുത്വത്തിനെക്കാള്‍ വലിയ ആത്മീയശക്തിയില്ലെന്ന്‌ അദ്ദേഹം വിലയിരുത്തുന്നതും ഇവരുടെ കൂട്ടുകെട്ടിനാല്‍ത്തന്നെ. 

യുക്തിവാദിയില്‍ നിന്നും ആത്മീയ പ്രഭാഷകനിലേക്കുള്ള പ്രയാണം
തിരുവനന്തപുരത്ത്‌ സാഹിത്യചര്‍ച്ചകളില്‍ സജീവമായതിനിടെയാണ്‌ യുക്തിവാദ പ്രസ്ഥാനവുമായി പി.ആര്‍.നാഥന്‍ അടുക്കുന്നത്‌. എ.ടി കോവൂര്‍, പവനന്‍ തുടങ്ങിയവരുടെ പ്രേരണയാലും സംസാരത്തിലും ആകൃഷ്ടനായി നിരീശ്വരവാദിയായിത്തീര്‍ന്നു. ഈശ്വരനില്ല എന്ന ചിന്ത പ്രചരിപ്പിക്കാനായി തെരഞ്ഞെടുത്ത വഴിയും എഴുത്തിന്റെതായിരുന്നു.

സന്യാസിമാരെ പരിഹസിച്ച്‌ നോവലെഴുതുക എന്ന ഉദ്ദേശ്യത്തോടെ കന്യാകുമാരിയിലെ സ്വാമി ജ്ഞാനാനന്ദസരസ്വതിയുടെ അടുക്കലെത്തി. അദ്ദേഹത്തിന്റെ സാമീപ്യവും ആശ്രമത്തിലെ അനുഭവങ്ങളും മനസ്സില്‍ പുതിയ വാതായനങ്ങള്‍ തുറക്കുകയും ഭഗവത്ഗീത, ഉപനിഷത്തുക്കള്‍, ഭാഗവതം തുടങ്ങിയ ഗ്രന്ഥങ്ങളെ അടുത്തറിയാനും കഴിഞ്ഞു. ആധുനിക സാഹിത്യവും പുരാണകൃതികളും കൂട്ടിവായിച്ചപ്പോള്‍ രചനകള്‍ക്ക്‌ തത്വചിന്താപരമായ ഉള്‍ക്കാഴ്ച നിഴലിക്കാന്‍ തുടങ്ങി.

ജീവിതത്തിലെ ഏതെങ്കിലുമൊരു കാര്യത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സ്വാമിജി ഉപദേശിച്ചതോടെ അഞ്ചക്കശമ്പളമുള്ള കേന്ദ്രസര്‍ക്കാര്‍ ജോലിയില്‍ നിന്നു അവധിയെടുത്ത്‌ കന്യാകുമാരി മുതല്‍ ഹിമാലയംവരെ ഭാരതത്തെ അടുത്തറിയാനും ചിന്തകന്‍മാരുമായി കൂടിക്കാഴ്ച നടത്താനുമായി ആദ്യയാത്ര നടത്തി. ആ യാത്ര ഇപ്പോഴും തുടരുന്നു. ഇത്തരം യാത്രകളാണ്‌ പി.ആര്‍.നാഥനിലെ ആധ്യാത്മിക പ്രഭാഷകനെ ഉണര്‍ത്തിയത്‌. 'കന്യാകുമാരിമുതല്‍ ഹിമാലയംവരെ എന്ന യാത്രാവിവരണഗ്രന്ഥം എഴുതാനും ഇത്‌ തുണയായി. മുപ്പത്തിയഞ്ച്‌ വര്‍ഷമായി പി.ആര്‍.നാഥന്‍ അനുസ്യുതം സഞ്ചരിച്ച നൂറോളം യാത്രകളിലെ അനുഭവങ്ങളാണ്‌ ഗ്രന്ഥത്തില്‍ വിവരിച്ചിരിക്കുന്നത്‌. കേവലമൊരു യാത്രാവിവരണഗ്രന്ഥമായി ഇതിനെ വിലയിരുത്തരുതെന്നാണ്‌ പി.ആര്‍.നാഥന്‍ അഭിപ്രായപ്പെടുന്നത്‌.

'നിരവധി ഗുരുക്കന്മാരെ യാത്രക്കിടയില്‍ പരിചയപ്പെടാനും ഇടപെടാനും അവസരം ലഭിച്ചു. നിരവധി സൂഷ്മരഹസ്യങ്ങളും അറിവായി. പൗരാണിക ഗ്രന്ഥങ്ങളില്‍ സൂചിപ്പിക്കുന്ന സ്ഥലങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ധാരാളം അര്‍ത്ഥതലങ്ങള്‍ കണ്ടെത്താവുന്ന നാടാണ്‌ ഭാരതം. വിവിധ സംസ്കാരങ്ങളിലെ ഗുരുക്കന്‍മാരും ചരിത്രപൗരാണിക പുസ്തകങ്ങള്‍ സാരാംശം ഉള്‍ക്കൊണ്ട്‌ വായിച്ച്‌ വരുംതലമുറക്ക്‌ വായിക്കാനായി പ്രേരണയേകണം. നിര്‍ഭാഗ്യവശാല്‍ ഇവ വായിക്കാനോ പൗരാണിക സ്ഥലങ്ങളെ കുറിച്ചറിയാനോ, നിത്യനൂതന ആശയങ്ങള്‍ ഉള്‍ക്കൊള്ളാനോ ആരും ശ്രമിക്കുന്നില്ല. രാമായണത്തിലെ അശ്വമേധംകഥ. കേവലമൊരു അഴിച്ചുവിടലല്ല ഇത്‌ വ്യക്തമാക്കുന്നത്‌. മറിച്ച്‌ ഇന്ദ്രീയങ്ങളുടെ നിയന്ത്രണമാണ്‌ വായിച്ചെടുക്കേണ്ടത്‌.

ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ പേരുകള്‍ പോലും നമുക്കറിയില്ല. ഇവയെല്ലാം കാണാനും പഠിക്കാനുമായി ധാരാളം വിദേശികളാണ്‌ ഭാരതത്തിലേക്ക്‌ ഒഴുകുന്നത്‌. ഭാരതത്തെയും പൗരാണിക ഗ്രന്ഥങ്ങളെയും മനസ്സിലാക്കിയാല്‍ നമ്മുടെ രചനകളിലും സംഭാഷണത്തിലുമെല്ലാം ആദ്ധ്യാത്മികതയും അതുവഴി ശാന്തതയും പ്രതിഫലിക്കും.

അനുഭവത്തിന്റെ വെളിച്ചത്തില്‍ പി.ആര്‍.നാഥന്‍ തന്റെ യാത്രകളെ വിലയിരുത്തുന്നതിങ്ങനെ.

സിനിമാ സീരിയല്‍ രംഗം
ടാഗോര്‍ പുരസ്കാരം നേടിയ ചാട്ടയെന്ന നോവല്‍ ചലച്ചിത്രമായപ്പോള്‍ തിരക്കഥ, സംഭാഷണം, രചന തുടങ്ങിയവ നിര്‍വ്വഹിച്ചായിരുന്നു പി.ആര്‍.നാഥന്റെ സിനിമാരംഗത്തെക്കുള്ള പ്രവേശനം. ഭരതനായിരുന്നു ഈ ചിത്രത്തിന്റെ സംവിധായകന്‍. പ്രേംനസീര്‍ അവസാനമായി അഭിനയിച്ച 'ധ്വനി' ആയിരുന്നു മറ്റൊരു ചിത്രം. മലയാള സിനിമാചരിത്രത്തല്‍ സൂപ്പര്‍ഹിറ്റായ ഈ ചിത്രത്തിന്റെ രചന, തിരക്കഥ, സംഭാഷണം തുടങ്ങിയവ നിര്‍വ്വഹിച്ചതും അദ്ദേഹം തന്നെയായിരുന്നു. കമല്‍ സംവിധാനം ചെയ്ത ശുഭയാത്ര, സ്നേഹസിന്ദൂരം, പൂക്കാലം വരവായി, കേളി തുടങ്ങിയ ചിത്രങ്ങളും ശ്രദ്ധേയമായി. രചന നടത്തിയ ചലച്ചിത്രങ്ങള്‍ക്കെല്ലാം അംഗീകാരം ലഭിച്ചുവെന്നതും ശ്രദ്ധേയമായി. രാമുകാര്യാട്ടിന്‌ വേണ്ടി കരിമരുന്ന്‌' എന്ന ചിത്രത്തിന്‌ തിരക്കഥയെഴുതിയെങ്കിലും പുറത്തിറങ്ങിയില്ല. മുമ്പ്‌ കഥകള്‍ എഴുതി പത്രമോഫീസുകളിലേക്ക്‌ അയച്ചപ്പോഴുള്ള പരാജയമായിരുന്നു സിനിമാരംഗത്തും ഉണ്ടായത്‌.

അവാര്‍ഡുകളും കൃതികളും
നോവല്‍, ചെറുകഥ, യാത്രാവിവരണം, തത്വചിന്തക്ക്‌ ഊന്നല്‍ നല്‍കുന്ന കൃതികള്‍, ബാലസാഹിത്യം എന്നിങ്ങനെ സാഹിത്യത്തിലെ വിവിധ മേഖലകളില്‍ തനതു മുദ്രപതിപ്പിച്ച വ്യക്തിയാണ്‌ പി.ആര്‍.നാഥന്‍. ചാട്ട, കരിമരുന്ന്‌, കാശി, സൗന്ദര്യലഹരി, കോട, തുടങ്ങി പന്ത്രണ്ടില്‍പരം നോവലുകള്‍ ഒറ്റക്കല്‍ മൂക്കുത്തി, ഗംഗാപ്രസാദിന്റെ കുതിര തുടങ്ങി പത്തിലധികം ചെറുകഥകള്‍, കന്യാകുമാരി മുതല്‍ ഹിമാലയംവരെ എന്ന യാത്രാവിവരണഗ്രന്ഥം, ചിരിക്കാനൊരു ജീവിതം, വിജയമന്ത്ര തുടങ്ങിയ തത്വചിന്തക്ക്‌ പ്രാമുഖ്യം നല്‍കുന്ന രചനകളും അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നും മലയാളത്തിന്‌ ലഭിച്ചിട്ടുണ്ട്‌.

42 കൃതികളില്‍ നിന്നായി 19 അവാര്‍ഡുകളാണ്‌ പി.ആര്‍.നാഥനെ തേടി എത്തിയത്‌. ദല്‍ഹി സാഹിത്യപരിഷത്ത്‌ കുഞ്ചന്‍നമ്പ്യാര്‍, ടാഗോര്‍, പൊറ്റെക്കാട്‌, കലാകേരളം ഗൃഹലക്ഷ്മി, ശ്രീ പത്മനാഭസ്വാമി തുടങ്ങിയവയുടെ പേരിലുള്ള അവാര്‍ഡുകളും വിവേകാനന്ദപുരസ്കാരവുംഉപ്പെടെയുള്ളവയാണിവ.

പി.ആര്‍.നാഥന്റെ ആധ്യാത്മികജ്ഞാനത്തിന്റെ നിലയ്ക്കാത്ത പ്രവാഹമാണ്‌ ധന്യമീദിനത്തിലൂടെ പ്രകാശിതമാവുന്നത്‌. ആറുവര്‍ഷത്തിലധികമായി മുടങ്ങാതെ വിവിധ വിഷയങ്ങളെ കുറിച്ച്‌ അദ്ദേഹത്തിന്‌ സംസാരിക്കുവാന്‍ കഴിയുന്നതിന്റെ കാരണം തിരക്കിയപ്പോള്‍ ജീവിതത്തില്‍ ഏറ്റവുമധികം സ്വാധിനിച്ച വ്യക്തിയായിരുന്നു മാതാഅമൃതാനന്ദമയിദേവി. കുട്ടിക്കാലത്ത്‌ എന്റെ അമ്മ കഥകള്‍ പറഞ്ഞ്‌ തന്ന്‌ പ്രോത്സാഹിപ്പിച്ചപോലെ ധന്യമീദിനത്തിലും സംസാരിക്കാന്‍ മാതാഅമൃതാനന്ദമയിയുടെ ഹൃദയബന്ധം കരുത്തേക്കി. പ്രേക്ഷകരോട്‌ ഒരിക്കല്‍പറഞ്ഞ കാര്യം പിന്നീട്‌ ആവര്‍ത്തിക്കാറേയില്ല.

വിദേശമലയാളികളാണ്‌ ധന്യമീദിനത്തിന്‌ കൂടുതലെന്നാണ്‌ ലഭിക്കുന്ന ഫോണ്‍ കാളുകള്‍ വ്യക്തമാക്കുന്നത്‌. അവരുടെ ജീവിതപ്രശ്നങ്ങളും പരിഹാരമാര്‍ഗ്ഗവുമാണ്‌ ഞാന്‍ പറയുന്നുവെന്നാണ്‌ അവരുടെ അഭിപ്രായം. മലയാള ടെലിവിഷന്‍ രംഗത്ത്‌ മെഗാസീരിയലുകള്‍ തുടങ്ങിയ കാലത്ത്‌ മലയാള കുടുംബങ്ങളെ ആകര്‍ഷിച്ച പരമ്പരകളായ സ്കൂട്ടര്‍, അങ്ങാടിപ്പാട്ട്‌, പകല്‍വീട്‌ തുടങ്ങിയ പരമ്പരകളുടെയും രചന പി.ആര്‍.നാഥനാണ്‌ നിര്‍വ്വഹിച്ചത്‌.

മലയാളത്തിലെ ആദ്യത്തെ സായാഹ്ന പത്രമായ പ്രദീപത്തിന്റെ കീഴില്‍ പുറത്തിറങ്ങുന സാഹിത്യമാസികയുടെ പത്രാധിപരാണ്‌ പി.ആര്‍.നാഥന്‍. തന്റെ ജീവിതത്തിനിടയില്‍ കണ്ടുമുട്ടിയ നിരവധിയാളുകളെ അടുത്തറിഞ്ഞ്‌ അനുഭവങ്ങള്‍ പങ്കുവെച്ച്‌ അവരെ ആശ്വസിപ്പിക്കുന്നതോടൊപ്പം രചനകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ലോകരേയും സാന്ത്വനിപ്പിക്കുകയാണ്‌ അദ്ദേഹമിപ്പോള്‍ ചെയ്യുന്നത്‌.


പശ്ചിമഘട്ട സംരക്ഷണത്തിന്‌

ഡോ.സി.എം.ജോയി

ഗുജറാത്ത്‌ സംസ്ഥാനത്തെ തപഥി നദി മുതല്‍ കന്യാകുമാരിവരെ നീണ്ടുകിടക്കുന്ന ഉദ്ദേശം 1600 കി.മീ. നീളത്തിലുള്ള പശ്ചിമഘട്ടമലമടക്കുകള്‍ നാശത്തിലാണെന്ന്‌ ഏറെനാളായി ശാസ്ത്രസമൂഹത്തില്‍ ചര്‍ച്ചാവിഷയമായിരുന്നു. തമിഴ്‌നാട്‌, കര്‍ണാടക, കേരളം, ഗോവ,മഹാരാഷ്ട്ര, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളിലായി 1.6 ലക്ഷം ചതുരശ്ര കി.മീ.വിസ്തീര്‍ണ്ണമുണ്ട്‌ പശ്ചിമഘട്ട മലകള്‍ക്ക്‌. പ്രതിവര്‍ഷം 500 മുതല്‍ 700 മി.മീ വരെ മഴ ലഭിക്കുന്ന സ്ഥലമാണ്‌ പശ്ചിമഘട്ടം. അതുകൊണ്ടുതന്നെ ലോകത്തിലെ ജൈവവൈവിധ്യ കലവറകളിലൊന്നാണ്‌ ഈ മലമടക്കുകള്‍. ഹിമാലയവും പശ്ചിമഘട്ടവുമാണ്‌ ഭൂമിയിലെ ജൈവവൈവിധ്യ മെഗാസെന്ററുകളായി ഇന്ത്യയില്‍നിന്നും കണക്കാക്കിയിട്ടുള്ള സ്ഥലങ്ങള്‍. അതില്‍ത്തന്നെ പ്രാദേശികമായി കണ്ടുവരുന്ന ഏറ്റവും കൂടുതല്‍ സസ്യജാലങ്ങള്‍ പശ്ചിമഘട്ടത്തിലാണുള്ളത്‌. ദക്ഷിണേന്ത്യയിലെ അന്തര്‍സംസ്ഥാന നദികളായ ഗോദാവരി, കൃഷ്ണ, കാവേരി, കാളിനദി, പെരിയാര്‍ എന്നിവ പശ്ചിമഘട്ട മലമടക്കുകളില്‍നിന്നാണ്‌ ഉല്‍ഭവിക്കുന്നത്‌. ഈ നദികളെല്ലാം കൃഷിയ്ക്ക്‌ ജലം നല്‍കുന്നതിലും ജലവൈദ്യുത പദ്ധതികള്‍ക്കുമായി ഉപയോഗിച്ചുവരുന്നവയുമാണ്‌. പശ്ചിമഘട്ടത്തിന്റെ മുപ്പതുശതമാനവും കാടാണ്‌. ഈ മേഖലകള്‍ ഇന്ത്യയിലെ ജൈവവൈവിധ്യത്തിന്റെ "ഹോട്ട്‌ സ്പോട്ട്‌"ആയി കണക്കാക്കപ്പെടുന്നവയാണ്‌. പശ്ചിമഘട്ട വനമേഖലയില്‍ മാത്രം 1741 തരം അതിപ്രധാനമായ സസ്യജാലങ്ങളും 403 തരം പക്ഷികളും ഉണ്ട്‌. ആന, പുലി, സിംഹവാലന്‍ കുരങ്ങ്‌, വിവിധയിനം പാമ്പുകള്‍, കാലില്ലാത്ത ഉരഗങ്ങള്‍, കാട്ടുപോത്ത്‌, തിരുവിതാംകൂര്‍ ആമകള്‍ എന്നീ ജന്തുക്കളുടെ ആവാസവ്യവസ്ഥയാണ്‌ പശ്ചിമഘട്ട കാടുകള്‍. ബോറിവലി നാഷണല്‍ പാര്‍ക്ക്‌, നാഗര്‍ഹോള്‍ നാഷണല്‍ പാര്‍ക്ക്‌, ബന്ദിപൂര്‍ നാഷണല്‍ പാര്‍ക്ക്‌, ഇന്ദിരാഗാന്ധി നാഷണല്‍ പാര്‍ക്ക്‌, ആനമല വൈല്‍ഡ്‌ ലൈഫ്‌ സാഞ്ച്വറി, പെരിയാര്‍ നാഷണല്‍ പാര്‍ക്ക്‌, ഇരവികുളം നാഷണല്‍ പാര്‍ക്ക്‌, നീലഗിരി നാഷണല്‍ പാര്‍ക്ക്‌ എന്നിവ പശ്ചിമഘട്ട മലമടക്കുകളിലെ ആവാസ സംരക്ഷണ കേന്ദ്രങ്ങളാണ്‌. തേയില, കാപ്പി, റബര്‍, കശുവണ്ടി, കപ്പ, പ്ലാവ്‌, മാവ്‌, കമുക്‌, കുരുമുളക്‌, ഏലം, ഇഞ്ചി, മഞ്ഞള്‍, ഗ്രാമ്പൂ എന്നിവ പശ്ചിമഘട്ടമലമടക്കുകളിലെ പ്രധാന കാര്‍ഷിക വിളകളാണ്‌. ഈ വനമേഖല പ്രതിവര്‍ഷം 14 ദശലക്ഷം ടണ്‍ കാര്‍ബണ്‍ഡൈയോക്സൈഡ്‌ ആഗീരണം ചെയ്ത്‌ അന്തരീക്ഷം ശുദ്ധമാക്കുവാന്‍ സഹായിക്കുന്നുണ്ട്‌. കേരളത്തിലെ 44 നദികളും ഉല്‍ഭവിക്കുന്നതും പശ്ചിമഘട്ടത്തില്‍നിന്നാണ്‌. ഇതില്‍ കബനി, ഭവാനി, പാമ്പാര്‍ എന്നീ നദികള്‍ മാത്രമാണ്‌ കിഴക്കോട്ടൊഴുകുന്നത്‌. ബാക്കി 41 നദികള്‍ പടിഞ്ഞാറോട്ടൊഴുകി അറബിക്കടലില്‍ ചേരുന്നു. കിഴക്കോട്ടൊഴുകുന്ന മൂന്നു നദികളും കാവേരിനദിയുടെ പോഷകനദികളാണ്‌. ജലവൈദ്യുത പദ്ധതികള്‍ക്കായി, ജലസേചനത്തിനായി 40 ഓളം അണക്കെട്ടുകള്‍ കേരളത്തിലെ പശ്ചിമഘട്ടമേഖലയില്‍ പണിതീര്‍ത്തിട്ടുണ്ട്‌. ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളുടേയും നിലനില്‍പ്പുതന്നെ ഈ മലമടക്കുകളെ ആശ്രയിച്ചാണ്‌. അന്തരീക്ഷ താപം നിയന്ത്രിക്കുന്നതിലും കാലാവസ്ഥാ മാറ്റം ക്രമീകരിക്കുന്നതിലും മഴയുടെ തോത്‌ നിന്ത്രിക്കുന്നതിലും പശ്ചിമഘട്ട മലകള്‍ക്ക്‌ സുപ്രധാന പങ്കാണുള്ളത.


എന്നാല്‍ ജനസംഖ്യാവര്‍ദ്ധനവും വിനോദസഞ്ചാരവും വന്‍കിട നദീജല പദ്ധതികളും റോഡ്‌ നിര്‍മാണവും പാറപൊട്ടിക്കലും മണ്ണെടുപ്പും ഗ്രാനൈറ്റ്‌ ഖാനനവും കയ്യേറ്റവും കുടിയേറ്റവും കൃഷിയും വനനാശവും റെയില്‍നിര്‍മാണവും രൂക്ഷമായ മണ്ണൊലിപപ്പും ഉരുള്‍പൊട്ടലും ആവാസവ്യവസ്ഥയുടെ ശിഥിലീകരണവും ജൈവവൈവിധ്യശോഷണവും പശ്ചിമഘട്ട മലമടക്കുകള്‍ നേരിടുന്ന ഭീകര പ്രശ്നമാണ്‌. റിസോര്‍ട്ട്‌ നിര്‍മാണത്തിന്റെ പേരിലും മണ്ണെടുപ്പിന്റെ പേരിലും മലകള്‍ ഓരോന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. ഈ മലമടക്കുകള്‍ നാഥനില്ലാ കളരിയായി മാറിയിട്ട്‌ നാളേറെയായി. ഇതിന്റെ വെളിച്ചത്തിലാണ്‌ പശ്ചിമഘട്ട സംരക്ഷണം ലാക്കാക്കി പഠനം നടത്തുവാനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുമായി ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സിലെ ശാസ്ത്രജ്ഞര്‍ പ്രൊഫ. മാധവ്‌ ഗാഡ്ഗിലിന്റെ നേതൃത്വത്തില്‍ പശ്ചിമഘട്ട ഇക്കോളജി പഠനത്തിനായി പതിനാലാംഗ വിദഗ്ദ്ധ സമിതിയെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2010 മാര്‍ച്ചില്‍ നിയമിച്ച്‌ ഉത്തരവായി. അടുത്ത ആറ്‌ മാസത്തിനുള്ളില്‍ സമിതി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കേണ്ടതായിട്ടുണ്ട്‌. പശ്ചിമഘട്ടത്തിന്റെ ഇന്നത്തെ സ്ഥിതി 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ വെളിച്ചത്തില്‍ ഈ മേഖലയിലെ പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങള്‍ കണ്ടെത്തല്‍, നിലവിലുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുകയും പശ്ചിമഘട്ട സംരക്ഷണത്തിനായി സുപ്രീംകോടതിയില്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന്‌ വിലയിരുത്തുക, പശ്ചിമഘട്ട സംരക്ഷണത്തിനായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുക, പശ്ചിമഘട്ട ഇക്കോളജി സംരക്ഷണ അതോറിറ്റി സ്ഥാപിക്കുന്നതിനായി നിര്‍ദ്ദേശങ്ങള്‍, പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള വ്യക്തവും കൃത്യവുമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുക എന്നതാണ്‌ പശ്ചിമഘട്ട ഇക്കോളജി പഠനസംഘത്തിന്റെ പ്രധാന ചുമതലകള്‍. 2010 സെപ്തംബറില്‍ വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണം.


കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമായിരിക്കും വിദഗ്ദ്ധസമിതി റിപ്പോര്‍ട്ട്‌. മൂന്നാര്‍, വയനാട്‌ കയ്യേറ്റങ്ങളും റിസോര്‍ട്ട്‌ നിര്‍മാണങ്ങളും, ആയിരത്തിലധികം വരുന്ന വന്‍കിട പാറമടകള്‍, ദേശീയപാതയ്ക്കായുള്ള മണ്ണെടുപ്പ്‌, അതിരപ്പള്ളി, പൂയംകുട്ടി, പാത്രക്കടവ്‌ തുടങ്ങിയ ജലവൈദ്യുതി പദ്ധതി നിര്‍ദ്ദേശങ്ങള്‍, ശബരി റെയില്‍, വനമേഖലയിലെ ആദിവാസികളുടെ പേരിലുള്ള റോഡുനിര്‍മാണം, രാഷ്ട്രീയ മുതലെടുപ്പിനായുള്ള പട്ടയവിതരണം, സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുത്തല്‍, പശ്ചിമഘട്ട ഭൂവിനിയോഗത്തില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍, കൃഷിയുടെ പേരിലുള്ള കുടിയേറ്റങ്ങള്‍ എന്നീ പ്രശ്നങ്ങള്‍ക്ക്‌ മറുപടിയായിരിക്കും വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട്‌. അനിയന്ത്രിതമായുള്ള പശ്ചിമഘട്ട വനമേഖലയുടെ നാശം തടയുന്നതിന്‌ റിപ്പോര്‍ട്ട്‌ സഹായിക്കുമെന്ന്‌ കരുതുന്നു.

മൂന്നാര്‍ വിഷയത്തില്‍ ഈ പഠനറിപ്പോര്‍ട്ട്‌ ശാശ്വത പരിഹാരം നിര്‍ദ്ദേശിക്കുമെന്ന്‌ വിലയിരുത്തപ്പെടുന്നുണ്ട്‌. ഇടനാട്ടിലെ വികസന മാതൃകതന്നെ പശ്ചിമഘട്ടത്തിലെ മൂന്നാര്‍ മലമടക്കുക
ളില്‍ വരുന്നതുമൂലം ഉണ്ടായിട്ടുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ വിദഗ്ദ്ധ സമിതി പഠിക്കുകയും ബദല്‍ നിര്‍ദ്ദേശം വയ്ക്കുകയും ചെയ്യുമെന്ന്‌ പ്രതീക്ഷിക്കുന്നു. മതപ്രീണനവും വോട്ടുബാങ്കും ലക്ഷ്യംവെച്ചുള്ള കുടിയേറ്റക്കാര്‍ക്കുള്ള പട്ടയവിതരണത്തിലും സമിതി അഭിപ്രായം പറയേണ്ടതായിട്ടുണ്ട്‌. ഇതുമൂലം വയനാട്ടിലും ഇടുക്കിയിലും കാടുകള്‍ നാടായി മാറുന്നതിന്റെ ഇക്കോളജീയ പ്രത്യാഘാതങ്ങള്‍ വിദഗ്ദ്ധ സമിതി പഠിക്കണം. ഇത്‌ നിയന്ത്രിക്കുവാനുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്ക്‌ നല്‍കണം. നിലവിലുള്ള സാമൂഹ്യ പാരിസ്ഥിതിക പ്രശ്നങ്ങള്‍ വിലയിരുത്തി പശ്ചിമഘട്ടം സംരക്ഷിക്കുവാനുള്ള നിയമനിര്‍മാണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ സമിതി റിപ്പോര്‍ട്ടില്‍ വയ്ക്കണം. സംസ്ഥാന സര്‍ക്കാരുകളുടെ കണ്ണുതുറപ്പിക്കാന്‍ അത്‌ പര്യാപ്തമാകണം. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ക്ക്‌ കൃത്യമായി നിര്‍വചനം നല്‍കണം. വികസന പദ്ധതികളുടെ പേരില്‍ കാലാവസ്ഥ തകിടം മറിക്കുന്ന തലത്തിലേക്ക്‌ കുന്നിടിക്കുന്നത്‌ തടയണം. പശ്ചിമഘട്ട മലമടക്കുകള്‍ കേരളത്തിന്റെ കാര്‍ഷിക, വൈദ്യുതി, ജലസേചന, സാമൂഹിക, വിനോദ സഞ്ചാര, കുടിവെള്ള, കയറ്റുമതി, കാലാവസ്ഥ തുടങ്ങിയ മേഖലകളെ നേരിട്ടു ബാധിക്കുന്നതിനാല്‍ വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട്‌ കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്‌. കക്ഷിരാഷ്ട്രീയത്തിനതീതമായി ചിന്തിച്ചാല്‍ പശ്ചിമഘട്ട സംരക്ഷണത്തിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയറാം രമേഷ്‌ കൈക്കൊണ്ട നടപടി ശ്ലാഘനീയമാണ്‌. ഭാരതത്തിലെ ആറ്‌ സംസ്ഥാനങ്ങളുടെ നാശത്തെ മുന്നില്‍ക്കണ്ടുകൊണ്ട്‌ അവയെ സംരക്ഷിക്കുന്നതിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പശ്ചിമഘട്ട ഇക്കോളജി പഠനത്തിനായി നിര്‍മിച്ച സമിതി പൂര്‍ണമായി വിജയിക്കട്ടെ എന്നാശംസിക്കുന്നു.Saturday, July 10, 2010

ഭീകരവാദവും വിദ്യാഭ്യാസവും

ജോസഫ്‌ പുലിക്കുന്നേല്‍ 


എന്റെ തലമുറയ്‌ക്ക്‌ വിദ്യാഭ്യാസ കാലത്ത്‌ ഒരു ഭാഗ്യം ഉണ്ടായിരുന്നു. വിവിധ ജാതിമതവിഭാഗത്തില്‍പെട്ടവര്‍ ഒരേ ബഞ്ചിലിരുന്ന്‌ പഠിച്ചിരുന്നു. ജാതിമത വ്യത്യാസങ്ങള്‍ വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ക്ക്‌ പരസ്‌പരം ബന്ധപ്പെടുതിനും ഒരു തടസ്സമായിരുന്നില്ല. അധ്യാപകരും വിവിധ മതങ്ങളില്‍പെട്ടവരായിരുന്നു. മതമേതായാലും വിദ്യാര്‍ത്ഥികള്‍ സുഹൃത്തുക്കളായിരുന്നു. രാമായണവും മഹാഭാരതവും യേശുചരിതവും മുഹമ്മദ്‌ നബിയുടെ മതചിന്തകളും ഞങ്ങള്‍ ക്ലാസുകളില്‍ പഠിച്ചിരുന്നു. മത വിശ്വാസത്തിന്റെ പ്രത്യേകതകള്‍ ഞങ്ങളെ ഒരിക്കലും പരസ്‌പരം അകറ്റിയിരുന്നില്ല. ഇന്നു വിദ്യാര്‍ത്ഥികള്‍ വിദ്യാലയങ്ങളില്‍ എടുക്കുന്ന ഭാരതം എന്റെ രാഷ്‌ട്രമാണ്‌ മുതലായ സത്യപ്രതിജ്ഞകളൊന്നും ഞങ്ങള്‍ എടുത്തിരുന്നില്ല. ഞങ്ങളുടെ സത്യ പ്രതിജ്ഞകള്‍ കളിക്കളങ്ങളിലായിരുന്നു. എല്ലാവരും ഒരുമിച്ചു കളിക്കുന്നു. അക്ഷരശ്ലോകം ചൊല്ലുന്നു. കൂട്ടുകൂടുന്നു. ഈ വ്യവസ്ഥ ഞങ്ങളുടെ മനസ്സില്‍ ജൈവമായി ഉണര്‍ന്ന സാഹോദര്യമായി മാറി. ഈ സാഹോദര്യം പുറത്തുനിന്ന്‌ അടിച്ചേല്‌പിക്കപ്പെട്ടതല്ല. മറിച്ച,്‌ വിദ്യാലയ അന്തരീക്ഷത്തില്‍ നിന്നും ജീവിച്ചിരുന്ന സാമൂഹ്യ അന്തരീക്ഷത്തില്‍നിന്നും ആഗീരണം ചെയ്‌തതായിരുന്നു.
``വഞ്ചീശമംഗളം'' എന്നും സ്‌കൂളുകളില്‍ പാടുക പതിവായിരുന്നു. തിരുവിതാംകൂറുകാരനായ ഞാന്‍ മൈസൂര്‍ സെന്റ്‌ ഫിലോമിനാസില്‍ പഠിക്കാന്‍ പോയപ്പോള്‍ അവിടെ മൈസൂര്‍ മഹാരാജാവിനെ പ്രകീര്‍ത്തിക്കുന്ന ഒരു ഗാനം ഉണ്ടായിരുന്നു. അതും തിരുവിതാംകൂറുകാര്‍ ചൊല്ലി. രാജ്യങ്ങളുടെ വ്യത്യാസം ഞങ്ങളെ ഒട്ടുംതന്നെ ഉള്‍വലിയിച്ചില്ല. കന്നഡികളും കൂര്‍ഗികളും റെഡ്ഡിമാരും റാവുമാരും ഒരേ ക്ലാസിലിരുന്ന്‌ പഠിക്കുകയും ഒരേ ഹോസ്റ്റലില്‍ താമസിക്കുകയും ചെയ്‌തു. പരസ്‌പരം മനസ്സിലാക്കി. പിന്നീട്‌ പ്രസിഡന്‍സി കോളേജില്‍ പഠിക്കാന്‍ എത്തിയപ്പോള്‍ കൂടുതല്‍ വിശാലമായ ഒരു സുഹൃത്‌വലയം ക്ലാസില്‍ കണ്ടെത്തി. ഇന്ന്‌ നമ്മുടെ വിദ്യാഭ്യാസരംഗം വര്‍ഗ്ഗീയവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്‌.
ഈ അടുത്തയിടെ ചങ്ങനാശ്ശേരി മെത്രാന്‍ ബഹു. മാര്‍ ജോസഫ്‌ പവ്വത്തില്‍ പറഞ്ഞു. ``കത്തോലിക്കാ വിദ്യാര്‍ത്ഥികള്‍ കത്തോലിക്കാ സ്‌കൂളില്‍ പഠിക്കണം''. ന്യൂനപക്ഷാവകാശത്തിന്റെ പേരില്‍ ഇന്ന്‌ പല വിദ്യാലയങ്ങളിലും ഒരേ മതസ്ഥരെയാണ്‌ പഠിപ്പിക്കുന്നത്‌. ഒരേ മതസ്ഥര്‍ ആയ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന്‌ നടത്തപ്പെടുന്ന വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ സാമൂഹികബോധ ചക്രവാളം ഇടുങ്ങിയതായിരിക്കും.
മതം പള്ളികളിലും മോസ്‌കുകളിലും ക്ഷേത്രങ്ങളിലും ഒതുങ്ങണം. സമൂഹ ജീവിതവും വിദ്യാഭ്യാസരംഗവും രാഷ്‌ട്രീയവും ദേശീയതയില്‍ ഊന്നിയവയായിരിക്കണം എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. ഇത്തരം സങ്കുചിത വൃത്തങ്ങളില്‍ വിദ്യാഭ്യാസവും മതപഠനവും നടത്തുന്നവര്‍ തന്റേതല്ലാത്ത മതങ്ങളെല്ലാം വ്യാജമതങ്ങളും തന്റെതുമാത്രം യഥാര്‍ത്ഥമതവും എന്ന മിഥ്യാ ചിന്തയില്‍ മനസ്സിനെ കടുകു വറക്കുന്നു. താന്‍ മാത്രമാണ്‌ ശരി എന്നു ചിന്തിക്കാന്‍ ആരംഭിക്കുമ്പോള്‍ മറ്റവന്‍ തെറ്റുകാരന്‍ എന്ന ചിന്ത അവിടെ കൂടപിറപ്പായി ജനിക്കുന്നു. പത്തമ്പതു കൊല്ലങ്ങള്‍ക്കു മുമ്പ്‌ ഞാന്‍ ദേവഗിരി കോളേജില്‍ അധ്യാപകനായി ചേര്‍പ്പോള്‍ എല്ലാ മതത്തില്‍പെടുന്ന അധ്യാപകരും കേളേജില്‍ ഉണ്ടായിരുന്നു. മതമോ ജാതിയോ പ്രദേശങ്ങളോ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രശ്‌നമായിരുന്നില്ല. എല്ലാവരും വിദ്യ അര്‍ത്ഥിക്കുന്നവര്‍. വിദ്യ കൊടുക്കുന്നവര്‍. അക്കാലത്ത്‌ ഞാന്‍ ഒരു കാര്യം മനസ്സിലാക്കി. ഇന്നത്തെ മലപ്പുറം ജില്ല ഉള്‍പ്പെടുന്ന മുസ്ലീമുകള്‍ തിങ്ങിപ്പാര്‍ക്കുന്ന കോഴിക്കോട്‌ ജില്ലയില്‍ വളരെ കുറച്ച്‌ വിദ്യാലയങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഇതിനു കാരണം ഏകദേശം പതിനഞ്ചു വയസ്സുവരെ നിര്‍ബന്ധമായി മതപഠനം നടത്തണമെന്നത്‌ മുസ്ലീമുകളുടെ സാമൂഹ്യ നിര്‍ബന്ധമായിരുന്നു. തന്മൂലം ``ഓത്തു പള്ളി''കളില്‍നിന്നും മതനിരപേക്ഷ പഠനത്തിലേക്ക്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ വഴിമാറാന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ പൗരന്മാരില്‍ ഹൃദയവിശാലത സൃഷ്‌ടിക്കേണ്ടത്‌ വിദ്യാലയങ്ങളാണ്‌; വിദ്യാഭ്യാസമാണ്‌. ഈ രംഗത്ത്‌ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്‌തത്‌ സി.എച്ച്‌. മുഹമ്മദ്‌ കോയയാണ്‌. അദ്ദേഹം വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്ത്‌ കോഴിക്കോട്‌ ഒരു തമാശച്ചൊല്ലുണ്ടായിരുന്നു. സമ്പന്നനായ ഒരു ഹാജി സി.എച്ചിനെ കണ്ടാല്‍ ഒരു സ്‌കൂള്‍ അദ്ദേഹത്തിന്റെമേല്‍ കെട്ടിവയ്‌ക്കുമായിരുന്നു എന്ന്‌. പിന്നീടാണ്‌ എം.ഇ.എസുകാര്‍ സ്‌കൂളുകളും കോളേജുകളും ആരംഭിച്ചത്‌. നല്ല ഉദ്ദേശത്തോടുകൂടി ആരംഭിച്ച ഈ വിദ്യാലയങ്ങളെ വര്‍ഗ്ഗീയവല്‍ക്കരിക്കാന്‍ ഒരിക്കലും അനുവദിച്ചുകൂടാ.
സംസ്‌കാരവും വര്‍ഗ്ഗീയതയും രണ്ടാണ്‌. മുസ്ലീമിന്‌ മുസ്ലീമിന്റേതായ പാരമ്പര്യ സംസ്‌കാരമുണ്ട്‌. അത്‌ കരുണാമയനും കരുണാവാരിധിയുമായ അള്ളാഹുവിന്റെ കല്‌പനകളാണ്‌. പിന്നീടാണ്‌ കാലഘട്ടത്തിന്റെ ആവശ്യം അനുസരിച്ച്‌ ഖുറാന്‍ വ്യാഖ്യാനങ്ങള്‍ ഉണ്ടാകുന്നത്‌. ക്രൈസ്‌തവരെ സംബന്ധിച്ചിടത്തോളം ദൈവം സ്‌നേഹമാണ്‌. ആ സ്‌നേഹത്തിന്റെ ഉള്‍വലയത്തില്‍ ശത്രുക്കള്‍ വരെ ഉള്‍പ്പെടും. ഭാരതീയ ചിന്തയും മറ്റൊന്നല്ല. ``അവനവനാല്‍മസുഖത്തിനാചരിക്കുവ അപരന്‌ ഉപകാരമായി വരേണം'' എന്ന തത്വവും ``അഹിംസോ പരമോ ധര്‍മ്മ'', ``ലോകാ സമസ്‌ത സുഖിനോ ഭവന്തു'' എന്നിങ്ങനെയുള്ള ആശയങ്ങള്‍ മനുഷ്യരെ സഹോദരരാക്കുന്നു. അങ്ങനെ മഹത്തായ സാംസ്‌കാരിക പൈതൃകം എല്ലാ മതങ്ങള്‍ക്കും ഉണ്ടായിരുന്നു. ഈ സാംസ്‌കാരിക പൈതൃകം സംരക്ഷിച്ചുകൊണ്ട്‌ മതസമൂഹങ്ങളുടെ പരസ്‌പരാലിംഗനത്തില്‍ സൃഷ്‌ടിക്കപ്പെടുന്ന സമൂഹത്തിലാണ്‌ നാം ജീവിക്കേണ്ടതെന്ന ഓര്‍മ്മ കുറേപേരില്‍നിന്നങ്കെിലും അകറ്റാന്‍ വര്‍ഗ്ഗീയ വിദ്യാലയങ്ങള്‍ക്കു കഴിയും.
എന്റെ മതം എന്റെ ജാതി, ശരി എന്ന സങ്കുചിത ചിന്ത മനുഷ്യമനസ്സില്‍നിന്നും അകറ്റാന്‍ വിദ്യാലയ അന്തരീക്ഷത്തെ മതനിരപേക്ഷമായി നിര്‍ത്തിയേ മതിയാകൂ. എന്റെ മതം ഉല്‍കൃഷ്‌ടവും എന്റെ ദൈവത്തെ അന്യരുടെ ആക്രമണത്തില്‍നിന്നും രക്ഷിക്കേണ്ടത്‌ എന്റെ കടമയുമാണെന്ന ചിന്ത യുവാക്കളില്‍ കടുകൂടാന്‍ അനുവദിക്കുന്ന ഒരു വിദ്യാലയാന്തരീക്ഷം ഇന്ന്‌ പതുക്കെ പതുക്കെ സൃഷ്‌ടിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. ഇതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി വിദേശത്തുനിന്നും പ്രത്യയശാസ്‌ത്രങ്ങള്‍ ഇന്ത്യയിലേക്ക്‌ പ്രവഹിക്കുന്നു. അവയെ പ്രചരിപ്പിക്കുന്നതിന്‌ ധാരാളം പണവും അവിടെനിന്ന്‌ ലഭ്യമാണ്‌. ഈ അവസ്ഥ മാറണമെങ്കില്‍ ഇന്ത്യന്‍ യുവാക്കള്‍ക്ക്‌ മത സംസ്‌കാരങ്ങളുടെ സമന്വയത്തെക്കുറിച്ച്‌ പുത്തന്‍ പാഠങ്ങള്‍ നല്‌കേണ്ടിയിരിക്കുന്നു. അളളാഹു കരുണാമയനാണെങ്കില്‍ ആ കരുണ അള്ളാഹുവിന്റെ സൃഷ്‌ടിയായ എല്ലാ മനുഷ്യര്‍ക്കും ലഭ്യമാക്കാന്‍ മുസ്ലീം സഹോദരന്മാര്‍ പരിശ്രമിക്കണം. അവിടെ ജാതി മതവ്യതാസമില്ല. ക്രിസ്‌തു സ്‌നേഹമാണെങ്കില്‍ ആ സ്‌നേഹത്തിന്റെ വലയത്തിലായിരിക്കണം എല്ലാ മനുഷ്യരും. ഇത്തരം ഉദാത്ത ചിന്തകള്‍ സമൂഹത്തില്‍നിന്നും മാറ്റി മതത്തിന്റെ അസ്ഥികൂടം മാത്രം പ്രദര്‍ശിപ്പിക്കുന്ന വേദിയായി മതം മാറിയിട്ടില്ലേ? ഇത്‌ ഭാവി തലമുറയ്‌ക്ക്‌ വളരെയധികം അപകടം ചെയ്യും.

ക്ഷേത്ര ഗോപുരവാതില്‍ കത്തിക്കല്‍: അന്വേഷണം നിലച്ചതില്‍ ദുരൂഹത

കോളിളക്കം സൃഷ്‌ടിച്ച മലപ്പുറം അങ്ങാടിപ്പുറം തളി ക്ഷേത്ര ഗോപുരവാതില്‍ കത്തിക്കല്‍ സംഭവത്തെക്കുറിച്ചുള്ള പോലീസ്‌ അന്വേഷണം നിലച്ചതില്‍ ദുരൂഹത. പോപ്പുലര്‍ഫ്രണ്ടുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി ആ കേസ്‌ വീണ്ടും അന്വേഷിക്കണമെന്ന്‌ പോലീസില്‍ തന്നെ അഭിപ്രായമുയര്‍ന്നു. മൂന്നു വര്‍ഷം മുമ്പ്‌ നടന്ന സംഭവത്തെക്കുറിച്ചുള്ള അന്വേഷണം രാഷ്‌ട്രീയ ഇടപെടലിനെത്തുടര്‍ന്ന്‌ പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. മലബാറിലെ സാമുദായിക സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍, പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവെക്കുന്നതാണു നല്ലതെന്ന പൊതു നിലപാടിലേക്ക്‌ ഭരണ, പ്രതിപക്ഷ പാര്‍ട്ടികള്‍ എത്തിച്ചേര്‍ന്ന സാഹചര്യത്തിലാണ്‌ അന്വേഷണം നിലച്ചത്‌. കഴിഞ്ഞ ദിവസം നിലമ്പൂരില്‍ ട്രെയിന്റെ ബ്രേക്ക്‌ പൈപ്പ്‌ മുറിച്ചുമാറ്റിയ സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്‌ സംഘത്തിന്റെ തലവന്‍ ഡിവൈഎസ്‌പി എം.ആര്‍.മണിയനാണ്‌ തളി സംഭവവും അന്വേഷിച്ചിരുന്നത്‌. അന്ന്‌ പെരിന്തല്‍മണ്ണ ഡിവൈഎസ്‌പിയായിരുന്നു അദ്ദേഹം.
2007 ആഗസ്റ്റ്‌ 30ന്‌ പുലര്‍ച്ചെയാണ്‌ പ്രശസ്‌തമായ അങ്ങാടിപ്പുറം തളി മഹാദേവ ക്ഷേത്രത്തിന്റെ ഗോപുരവാതില്‍ കത്തിച്ച നിലയില്‍ കണ്ടത്‌. കൂറ്റന്‍ ഗോപുരവാതിന്റെ ഒരു പാളി ഭാഗികമായി കത്തിയ നിലയിലായിരുന്നു. വന്‍ സാമുദായിക പ്രത്യാഘാതമുണ്ടാക്കാമായിരുന്ന സംഭവത്തെ തുടര്‍ന്ന്‌ അന്നത്തെ മുസ്‌ലിം ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ ശിഹാബ്‌ തങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട്‌ രംഗത്തിറങ്ങിയാണ്‌ സ്ഥിതി ശാന്തമാക്കിയത്‌. പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടിയും മന്ത്രി പാലോളി മുഹമ്മദ്‌ കുട്ടിയും ഉള്‍പ്പെടെ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്‌തു.
ആദ്യഘട്ടത്തില്‍ വളരെ കാര്യക്ഷമമായാണ്‌ അന്വേഷണം നടന്നത്‌. നിരവധിയാളുകളെ ചോദ്യം ചെയ്‌തു. വ്യാപക റെയ്‌ഡുകളും നടന്നു. സമീപത്തെ മുസ്‌ലിം പള്ളിയുടെ മുറ്റത്ത്‌ മീന്‍ വാരിയെറഞ്ഞതായും അന്നുതന്നെ ശ്രദ്ധയില്‍പെട്ടിരുന്നു. സാമൂഹിക വിരുദ്ധരുടെ ചെയ്‌തിയാകമെന്ന്‌ കരുതാന്‍ ഇത്‌ ഇടയാക്കി. എന്നാല്‍ മലബാറില്‍, പ്രത്യേകിച്ച്‌ മലപ്പുറം ജില്ലയില്‍ നിന്ന്‌ ഹവാല പണം ഇടപാടുകള്‍ കൂട്ടിത്തോടെ പിടിച്ചതിനു പുറകെയായിരുന്നു ഗോപുരവാതില്‍ കത്തിക്കല്‍. അതുകൊണ്ടുതന്നെ ഹവാല കേസുകില്‍ നിന്നു പോലീസിന്റെ ശ്രദ്ധ തിരിക്കാന്‍ അതുമായി ബന്ധപ്പെട്ടവര്‍ ചെയ്‌തതാകാം എന്ന നിഗമനത്തിലായിരുന്നു ആദ്യഘട്ട അന്വേഷണം. പിന്നീട്‌ വര്‍ഗീയ, തീവ്രവാദ സംഘടനകളിലേക്ക്‌ അന്വേഷണം നീണ്ടെങ്കിലും ഒരിടത്തുമെത്തിയില്ല. ഒരു പ്രത്യേക വിഭാത്തെ സംശയിച്ച്‌ വ്യാപക പോലീസ്‌ വേട്ടയുണ്ടാകുമെന്നും അതിനെതിരേ രംഗത്തുവന്ന്‌ മുതലെടുപ്പു നടത്താമെന്നും കണക്കുകൂട്ടി ഒരു തീവ്രവാദ സംഘടന ചെയ്‌തതാണ്‌ ഗോപുരവാതില്‍ കത്തിക്കല്‍ എന്ന നിരീക്ഷണം ചില ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ അന്ന്‌ മലപ്പുറത്തെ ചില മാധ്യമ പ്രവര്‍ത്തകരുമായി പങ്കുവെച്ചിരുന്നു. എന്നാല്‍ അതിനു തുടര്‍ച്ചയായി അന്വേഷണം നിലയ്‌ക്കുന്നതാണു കണ്ടത്‌.
ക്ഷേത്ര സംരക്ഷണ സമിതിയും ആര്‍എസ്‌എസും മലപ്പുറത്ത്‌ പോലീസ്‌ സ്റ്റേഷന്‍ മാര്‍ച്ച്‌ ഉള്‍പ്പെടെ നടത്തിയിരുന്നു. സമയബന്ധിതമായി അന്വേഷമം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വന്‍ പ്രക്ഷോഭമുണ്ടാകുമെന്ന്‌ പ്രഖ്യാപിച്ച ആര്‍എസ്‌എസും പിന്നീട്‌ നിശ്ശബ്‌ദമാകുന്നതാണു കണ്ടത്‌. സാമുദായിക സൗഹാര്‍ദത്തെക്കുറിച്ചു ലീഗ്‌ നേതാക്കള്‍ അടക്കം ഇടപെട്ട്‌ സസംസാരിച്ചെന്നും പ്രശ്‌നം വളര്‍ത്തി വലുതാക്കേണ്ടെന്ന നിലപാടിലേക്ക്‌ സംഘപരിവാറും എത്തിയെന്നും മറ്റുമായിരുന്നു അവരുടെ തന്നെ കേന്ദ്രങ്ങള്‍ പിന്നീട്‌ അനൗപചാരികമായി വിശദീകരിച്ചത്‌.
അതിനിടെ, മുന്‍ പിഡിപി നേതാവ്‌ രാംദാസ്‌ കതിരൂരിനെ കേന്ദ്രീകരിച്ച്‌ ചില അന്വേഷണങ്ങള്‍ നടന്നു. രാംദാസിന്റെ വീട്‌ റെയ്‌ഡ്‌ ചെയ്യുകയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു. എന്നാല്‍ രാംദാസ്‌ നിരപരാധിയാണെന്നു കണ്ട്‌ ആ അന്വേഷണ അവസാനിപ്പിച്ചു. മറ്റു ചിലര്‍ക്ക്‌ വേണ്ടി പോലീസ്‌ തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുകയാണെന്ന്‌ രാംദാസ്‌ പറഞ്ഞിരുന്നു.

http://www.scoopeye.com/showNews.php?news_id=6428

Friday, July 9, 2010

കൈരളി മുതല്‍ ഖത്തര്‍ വരെ


നരേന്ദ്രന്‍

ടോമിന്‍ ജെ തച്ചങ്കരി കൈരളി ചാനലിന്റെ മാതൃകമ്പനിയായ മലയാളം കമ്മ്യൂണിക്കേഷന്‍സിന്റെ ഏജന്റായി പ്രവര്‍ത്തിച്ചു എന്ന ആക്ഷേപം സംബന്ധിച്ച്‌ വിജിലന്‍സ്‌ ട്രൈബ്യൂണലിന്റെ അന്വേഷണത്തിന്‌ ശുപാര്‍ശ ചെയ്‌തുകൊണ്ട്‌ വിജിലന്‍സ്‌ ഡയറക്‌ടര്‍ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിക്ക്‌ 2007 ജൂലൈ 11 ന്‌ അയച്ച കത്ത്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‌ കീഴിലുള്ള സംസ്ഥാന വിജിലന്‍സ്‌ വകുപ്പ്‌ കോടതിയില്‍ സത്യവാങ്‌ മൂലമായി സമര്‍പ്പിച്ചു.
രാഷ്‌ട്രീയ നേതാക്കളുടെ സ്വാര്‍ത്ഥ താല്‌പര്യം സംരക്ഷിക്കുന്നതിന്‌ ഏതറ്റം വരെ പോകാനും ടോമിന്‍ തച്ചങ്കരി എന്ന ഉന്നത പോലീസ്‌ ഉദ്യോഗസ്ഥന്‌ യാതൊരു പ്രയാസവുമില്ല. അതിന്റെ ഏറ്റവും വലിയ തെളിവാണ്‌ സി പി എം ആരംഭിച്ച കൈരളി ചാനലിന്‌ വേണ്ടി ഈ ഐ പി എസ്‌ ഓഫീസര്‍ നടത്തിയ നിസ്വാര്‍ത്ഥ സേവനം. കൈരളി ചാനലിന്റെ രൂപീകരണ കാലത്ത്‌ ചാനലിന്റെ സാങ്കേതിക രംഗത്തെ മുന്നൊരുക്കങ്ങള്‍ക്ക്‌ മേല്‍നോട്ടം വഹിച്ചിരുന്നത്‌ ഈ രംഗത്തെ വിദഗ്‌ദ്ധനായ കൃഷ്‌ണകുമാറായിരുന്നു. വാര്‍ത്തയുടെ രംഗത്തെ തയ്യാറെടുപ്പുകള്‍ക്ക്‌ നേതൃത്വം നല്‌കിയിരുന്നതാകട്ടെ മാധ്യമ വിദഗ്‌ദ്ധനായ ശശികുമാറും. കൈരളിക്ക്‌ ആവശ്യമായ ഇലക്‌ട്രോണിക്‌ യന്ത്രസാമഗ്രികള്‍ വിദേശത്ത്‌ നിന്ന്‌ ഇറക്കുമതി ചെയ്യുന്നതിനുള്ള എല്ലാ ഏര്‍പ്പാടുകളും നടത്തിയത്‌ ഇവര്‍ രണ്ടുപേരുമായിരുന്നു. എന്നാല്‍ ടോമിന്‍ തച്ചങ്കരിയുടെ വരവോടെ ഈ കരാറുകളെല്ലാം അട്ടിമറിക്കപ്പെട്ടു എന്ന കാര്യം അക്കാലത്ത്‌ കൈരളിയില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ ഓര്‍മ്മിക്കുന്നു.
സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ആശീര്‍വാദത്തോടെയായിരുന്നു തച്ചങ്കരിയുടെ വരവ്‌. ഒരു സുപ്രഭാതത്തില്‍, കൈരളിക്ക്‌ ആവശ്യമായ ഇലക്‌ട്രോണിക്‌ യന്ത്രസാമഗ്രികള്‍ വിദേശത്തുനിന്ന്‌ ഇറക്കുമതിചെയ്യാന്‍ കൃഷ്‌ണകുമാറും ശശികുമാറും ഉണ്ടാക്കിയ കരാറുകള്‍ മുഴുവന്‍ റദ്ദാക്കപ്പെടുകയും ഇറക്കുമതിക്കായുള്ള ചുമതല ഈ ഐ പി എസ്‌ ഉദ്യോഗസ്ഥന്‍ ഏറ്റെടുക്കുകയും ചെയ്‌തു എന്ന്‌ കൈരളിയിലെ ജീവനക്കാര്‍ പറയുന്നു. തച്ചങ്കരി നടത്തിയ (1998-2000 കാലത്ത്‌) സിങ്കപ്പൂര്‍ യാത്രകളെല്ലാം കൈരളിക്ക്‌ ഇലക്‌ട്രോണിക്‌ യന്ത്രസാമഗ്രികള്‍ ഇറക്കുമതി ചെയ്യുന്നതിന്‌ വേണ്ടിയായിരുന്നുവത്രെ. അക്കാലത്ത്‌ ഈ ഉദ്യോഗസ്ഥന്‍ ഔദ്യോഗിക യൂണിഫോമിലായിരുന്നു കൈരളി ചാനലിന്റെ ഓഫീസില്‍ ദൈനംദിനം വന്ന്‌ പോയിരുന്നത്‌ എന്ന കാര്യം കൈരളിയിലുള്ള ഏവര്‍ക്കും അറിയാം. കൈരളി ചാനലിനെ വളര്‍ത്താനുള്ള തച്ചങ്കരിയുടെ ആവേശം ഇതുകൊണ്ടൊന്നും അവസാനിച്ചില്ല. ചാനലിന്‌ ആവശ്യമായ ട്രാന്‍സ്‌പോണ്ടര്‍ ഇന്‍ടെല്‍ സാറ്റ്‌ എന്ന സ്വകാര്യ കമ്പനിയില്‍ നിന്നും വാങ്ങുന്ന കരാറില്‍ 2000 മാര്‍ച്ച്‌ 23 ന്‌ ഒപ്പുവെക്കാന്‍പോലും ഈ ഐ പി എസ്‌ ഓഫീസര്‍ യാതൊരു മടിയും കാട്ടിയില്ല. ഇത്രയും ``നിസ്വാര്‍ത്ഥ സേവനം'' ഒരു രാഷ്‌ട്രീയപാര്‍ട്ടിക്ക്‌ അതും സി പി എമ്മിന്‌ വേണ്ടി നടത്താന്‍ മറ്റേതെങ്കിലും പോലീസ്‌ ഉദ്യോഗസ്ഥന്‌ ധൈര്യമുണ്ടാകുമോ?
തച്ചങ്കരി കൈരളി ചാനലിന്‌ വേണ്ടി നടത്തിയ ഈ നിസ്വാര്‍ത്ഥസേവനത്തിന്‌ തക്ക സഹായം തിരികെ നല്‍കാന്‍ പെട്ടെന്ന്‌ പിണറായി കോടിയേരി പ്രഭൃതികള്‍ക്ക്‌ കഴിഞ്ഞില്ല. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം തച്ചങ്കരിക്കെതിരെ വിജിലന്‍സ്‌ അന്വേഷണം നടത്തേണ്ടതായിവന്നു. തുടര്‍ന്ന്‌ 14 മാസം തച്ചങ്കരിക്ക്‌ സസ്‌പെന്‍ഷനില്‍ കഴിയേണ്ടിവന്നു. എന്നാല്‍ വിപ്ലവപാര്‍ട്ടിക്ക്‌ വേണ്ടി ഈ ഐ പി എസ്‌ ഓഫീസര്‍ നല്‍കിയ അമൂല്യമായ സംഭാവനകള്‍ കണക്കിലെടുത്തുകൊണ്ട്‌ സംസ്ഥാന ആഭ്യന്തരവകുപ്പ്‌ ഈ ഉദ്യോഗസ്ഥനെ 2008 ഓഗസ്റ്റില്‍ സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌ ബ്യൂറോയുടെ ചുമതലയുള്ള ഐ ജി യായി നിയമിച്ചു. അതുകൊണ്ടും മതിവരാഞ്ഞ്‌ ആഭ്യന്തരവകുപ്പ്‌ തച്ചങ്കരിയെ 2009 ജൂണില്‍ ക്രമസമാധാന പാലന ചുമതലയുള്ള വടക്കന്‍ മേഖലാ ഐ ജിയായി നിയമിച്ചു. സംസ്ഥാന പോലീസിലെ ഏറ്റവും ആകര്‍ഷകമായ ഈ പോസ്റ്റ്‌ കൊടിയ അഴിമതിക്കാരനായ പോലീസ്‌ ഉദ്യോഗസ്ഥന്‌ ആഭ്യന്തരവകുപ്പ്‌ കനിഞ്ഞ്‌ നല്‍കി. ഇതോടൊപ്പം തന്നെ സംസ്ഥാന സൈബര്‍ ക്രൈം സെല്ലിന്റെ (സംസ്ഥാനത്ത്‌ നടക്കുന്ന സൈബര്‍ കുറ്റങ്ങള്‍ കണ്ടുപിടിക്കാനുള്ള പൂര്‍ണ്ണ ഉത്തരവാദിത്തം ഈ സെല്ലിനാണ്‌) തലപ്പത്തും തച്ചങ്കരിയെ ആഭ്യന്തരവകുപ്പ്‌ നിയമിച്ചു.
ഇത്രയേറെ തന്ത്രപ്രധാനമായ ഉന്നതസ്ഥാനങ്ങളില്‍ പോലീസ്‌ സേനയില്‍ ഏറ്റവും മോശം ട്രാക്ക്‌ റെക്കോര്‍ഡുള്ള തച്ചങ്കരി എന്ന ഉദ്യോഗസ്ഥനെ പിണറായി - കോടിയേരി പ്രഭൃതികള്‍ യാതൊരു ലജ്ജയും ഇല്ലാതെ നിയമിച്ചത്‌ കേവലം ഈ ഉദ്യോഗസ്ഥനോടുള്ള ഉപകാരസ്‌മരണ മാത്രമായി കണക്കാക്കിയാല്‍ മതിയോ? അതോ സി പി എം നേതൃത്വത്തില്‍ ഒരു വിഭാഗത്തിന്റെ തീവ്രവാദ - ഹവാല ബന്ധങ്ങള്‍ സംരക്ഷിച്ച്‌ ഉറപ്പിച്ച്‌ നിര്‍ത്താനുള്ള ഒരു ചാവേറായി പിണറായി കോടിയേരി സംഘം ടോമിന്‍ തച്ചങ്കരിയെ അതിവിദഗ്‌ദ്ധമായി ഉപയോഗിക്കുകയായിരുന്നുവോ?
ഈ അനുമാനത്തില്‍ നമ്മെ എത്തിക്കുന്ന ഒട്ടേറെ സംഭവവികാസങ്ങളാണ്‌ ഈ ഉദ്യോഗസ്ഥന്റെ നിയമനത്തിന്‌ ശേഷം ഇയാളുടെ നേതൃത്വത്തിലും ഇയാളുമായി ബന്ധപ്പെട്ടും നടന്നിട്ടുള്ളത്‌. അവ ഓരോന്നായി കണ്ണിചേര്‍ത്ത്‌ നമുക്ക്‌ ഒന്നു പരിശോധിക്കാം. ടോമിന്‍ തച്ചങ്കരിയുടെ പുതിയ രണ്ട്‌ പുനര്‍നിയമനങ്ങള്‍ തന്നെ ദുരൂഹത ഉയര്‍ത്തുന്നതാണ്‌. മലപ്പുറം മുതല്‍ കാസര്‍കോഡ്‌ വരെ നീണ്ടുകിടക്കുന്ന പ്രദേശങ്ങള്‍ ക്രമസമാധാന പാലനത്തിന്റെ കാര്യത്തിലും തീവ്രവാദ പ്രവര്‍ത്തനസാധ്യതയുടെ കാര്യത്തിലും അതീവനിര്‍ണ്ണായകമായ ഒരു മേഖലയാണ്‌. അതോടൊപ്പം തന്നെ, രാഷ്‌ട്രീയസംഘട്ടനങ്ങള്‍ കൊണ്ട്‌ കുപ്രസിദ്ധി നേടിയ കണ്ണൂരും ഈ മേഖലയില്‍ത്തന്നെ. സംസ്ഥാന പോലീസില്‍ ഏറ്റവുമധികം ഇച്ഛാശക്തിയും പ്രതിബദ്ധതയും ഉള്ള അഴിമതി വിരുദ്ധനായ ഒരു ഐ ജിയെ ആയിരുന്നു ഈ ചുമതല ഏല്‌പിക്കേണ്ടിയിരുന്നത്‌. ആ നിര്‍ണ്ണായക ചുമതല ടോമിന്‍ തച്ചങ്കരിയെ ഏല്‌പിച്ചത്‌ ഉപകാര സ്‌മരണ എന്ന നിലക്ക്‌ മാത്രമായിരുന്നില്ല മറിച്ച്‌ സി പി എം നേതൃത്വത്തിന്റെ മറ്റു പല നിഗൂഢ ലക്ഷ്യങ്ങളും സാധൂകരിക്കുന്നതിന്‌ വേണ്ടിയായിരുന്നു എന്നതിന്റെ സൂചനകള്‍ വെളിച്ചത്ത്‌ വന്നുകൊണ്ടിരിക്കുന്നു.
രാജ്യത്തെ ആകെ ഞെട്ടിച്ച ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയും കൊടുംഭീകരനുമായ തടിയന്റവിട നസീറിനെ ചോദ്യം ചെയ്യാന്‍ ഈ അഴിമതിക്കാരനെ തന്നെ തിരഞ്ഞുപിടിച്ച്‌ അയച്ച ആഭ്യന്തരവകുപ്പിന്റെ നടപടി മതേതര വിശ്വാസികളായ മുഴുവന്‍ കേരളീയരേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച സംഭവമായിരുന്നു. കേരള പോലീസിലെ തീവ്രവാദ വിരുദ്ധ സെല്ലിന്റെ തലവനും ഇച്ഛാശക്തിയുള്ള പോലീസ്‌ ഉദ്യോഗസ്ഥനുമായ ടി കെ വിനോദ്‌ കുമാറിനെ പോലും മറി കടന്ന്‌ തച്ചങ്കരിയെ ഈ നിര്‍ണ്ണായകദൗത്യത്തിന്‌ തെരഞ്ഞെടുത്തത്‌ തീവ്രവാദികളെ രക്ഷിക്കാനുള്ള സി പി എം നേതൃത്വത്തിന്റെ ആവേശമാണ്‌ സൂചിപ്പിക്കുന്നതെന്ന വ്യാപകമായ ആക്ഷേപത്തിനിടയാക്കി. തച്ചങ്കരിയെ ഈ ചുമതല ഏല്‌പിച്ചതിന്‌ എതിരെ വ്യാപകമായ പ്രതിഷേധം പല കോണുകളില്‍ നിന്നും ഉയര്‍ന്നുവന്നിട്ടും ഈ തീരുമാനം പിന്‍വലിക്കാന്‍ ആഭ്യന്തരവകുപ്പ്‌ തയ്യാറായില്ല എന്നതും പ്രസക്തമാണ്‌.
ടോമിന്‍ തച്ചങ്കരിയെ സംസ്ഥാന സൈബര്‍ ക്രൈം സെല്ലിന്റെ തലവനാക്കിയതിന്‌ പിന്നിലും ദുരൂഹതയുണ്ട്‌ എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌. സൈബര്‍ മേഖലയിലെ അഭൂതപൂര്‍വ്വമായ സാങ്കേതിക വിദ്യ മുതലാക്കി തീവ്രവാദികള്‍ ഈ മേഖല വ്യാപകമായി ഉപയോഗിച്ച്‌ വരുന്നതിന്റെ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുന്ന കാലമാണിത്‌. കേരളമാകട്ടെ സൈബര്‍ കുറ്റവാളികളുടെ പറുദീസയായി മാറാനുള്ള എല്ലാ സാധ്യതകളും ഉണ്ട്‌ എന്ന്‌ വിദഗ്‌ദ്ധര്‍ വിലയിരുത്തിക്കഴിഞ്ഞു. കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയുടെ ഉപയോഗം അഭൂതപൂര്‍വ്വമായി കേരളത്തില്‍ വര്‍ദ്ധിച്ചുവരികയാണ്‌. ഇതിന്‌ സമാന്തരമായി സൈബര്‍ കുറ്റങ്ങളുടെ എണ്ണവും കേരളത്തില്‍ കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ സൈബര്‍ മേഖലയുമായി ബന്ധപ്പെട്ട്‌ മെച്ചപ്പെട്ട സാങ്കേതിക പരിജ്ഞാനമുള്ള ഒരു പോലീസ്‌ ഉദ്യോഗസ്ഥന്‌ സംസ്ഥാന സൈബര്‍ സെല്ലിന്റെ ചുമതല നല്‍കുന്നതിന്‌ പകരം സി പി എം നേതാക്കളുടെ മൂടുതാങ്ങിയായ, അഴിമതിയും സ്വത്തുസമ്പാദനവും മാത്രം തൊഴിലാക്കിയ തച്ചങ്കരി എന്ന ``വിശ്വസ്‌തവിനീത വിധേയന്‌'' ഈ തന്ത്രപ്രധാനസ്ഥാനം നല്‍കിയതിന്‌ പിന്നിലും ഗൂഢ അജണ്ടകളുണ്ടോ എന്ന്‌ ന്യായമായും സംശയിക്കാവുന്നതാണ്‌.
സി പി എം നേതൃത്വത്തിന്റെ ഹവാല ഇടപാടുകള്‍ സുരക്ഷിതമായി നടത്തുന്നതിനുള്ള ഒരു ചാവേറായി ഈ ഐ ജിയെ ഉപയോഗിച്ച്‌ വരികയാണോ എന്ന സംശയം ബലപ്പെടുത്തുന്ന സൂചനകളാണ്‌ അദ്ദേഹത്തിന്റെ സമീപകാല വിദേശയാത്രകളുടെ ഭാഗമായി വെളിച്ചത്ത്‌ വന്നുകൊണ്ടിരിക്കുന്നത്‌. പിണറായി വിജയനും സംഘവും ഗള്‍ഫ്‌ രാജ്യങ്ങളില്‍ ആഘോഷപൂര്‍വ്വം കോടികളുടെ പണപ്പിരിവ്‌ നടത്തിവന്ന സമയത്താണ്‌ ടോമിന്‍ തച്ചങ്കരി അനധികൃതമായി ഗള്‍ഫ്‌ യാത്ര നടത്തിയത്‌ എന്നത്‌ പിണറായി നിസ്സാരമായി തള്ളിയെങ്കിലും അതത്ര നിസ്സാരമല്ല എന്നതാണ്‌ വസ്‌തുത. കോടികളുടെ ഹവാല ഇടപാട്‌ ആകസ്‌മികം എന്ന്‌ തോന്നിക്കുന്ന സമാന്തര ഗള്‍ഫ്‌ യാത്രകള്‍ വഴി നടന്നിട്ടുണ്ട്‌ എന്ന്‌ ആക്ഷേപിക്കുന്നവര്‍ ഏറെയാണ്‌. തച്ചങ്കരിയുടെ വിവാദ ഖത്തര്‍ യാത്രക്ക്‌ പിന്നിലും ഹവാല താല്‌പര്യങ്ങള്‍ കാണുന്നവരുണ്ട്‌.
സി പി എം നേതൃത്വത്തില്‍ ചിലരുടെ താല്‌പര്യ സംരക്ഷണത്തിനായി ടോമിന്‍ തച്ചങ്കരി ഹവാല ഇടപാടുകള്‍ നടത്തുന്നുണ്ടോ എന്ന സംശയം ബലപ്പെടുത്തുന്ന ചില വെളിപ്പെടുത്തലുകള്‍ പി സി ജോര്‍ജ്‌ എം എല്‍ എ നടത്തിയിട്ടുണ്ട്‌. അദ്ദേഹം 2010 ഏപ്രില്‍ 28 ന്‌ സംസ്ഥാന മുഖ്യമന്ത്രിക്ക്‌ രേഖാമൂലം നല്‍കിയ പരാതിയില്‍ നടുക്കുന്ന ചില വിവരങ്ങളാണ്‌ അടങ്ങിയിട്ടുള്ളത്‌. ടോമിന്‍ തച്ചങ്കരിക്ക്‌ ദുബായ്‌ എമിറേറ്റ്‌സ്‌ നാഷണല്‍ ബാങ്കിന്റെ അല്‍ മക്‌തോം (Al Maktoum) ശാഖയില്‍ അക്കൗണ്ട്‌ ഉള്ളതായി അറിയുന്നു എന്നാണ്‌ പി സി ജോര്‍ജ്‌ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്‌. കള്ളപ്പേരില്‍, പ്രൊഫഷണല്‍ മാനേജര്‍ എന്ന്‌ അവകാശപ്പെട്ടാണ്‌ ടോമിന്‍ ജോസഫ്‌ തച്ചങ്കരി, 2010 ജനുവരിയില്‍ ഈ ബാങ്ക്‌ അക്കൗണ്ട്‌ ആരംഭിച്ചത്‌ എന്നും പി സി ജോര്‍ജ്‌ മുഖ്യമന്ത്രിക്ക്‌ നല്‍കിയ പരാതിയില്‍ പറയുന്നു. ഈ ശാഖയില്‍ നിന്ന്‌ തച്ചങ്കരി അഞ്ചുലക്ഷം ദിനാര്‍ പിന്‍വലിച്ചതായും പി സി ജോര്‍ജ്‌ പരാതിയില്‍ പറയുന്നു.
സി പി എം നേതൃത്വത്തിന്റെ ഹവാല താല്‌പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു ചാവേറായാണോ തച്ചങ്കരി പ്രവര്‍ത്തിക്കുന്നത്‌ എന്നറിയണമെങ്കില്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പോലുള്ള അന്വേഷണ ഏജന്‍സികള്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണം
.http://www.janashakthionline.com/coverstorydetails.php?id=4


 Janashakthi  

Thursday, July 8, 2010

ഈ കാടത്തം ഇനി അനുവദിച്ചുകൂടാ...

ബഷീര്‍ അത്തോളി

“മനുഷ്യര്‍ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു”
PRO
ഈ വരികള്‍ ഇപ്പോഴായിരുന്നു എങ്കില്‍ വയലാറിന് ഒരുപക്ഷേ എഴുതാന്‍ കഴിയുമായിരുന്നില്ല. കേരളം അതിന് അനുവദിക്കുമായിരുന്നില്ല. മതാന്ധന്‍‌മാരുടെയും മതഭീകരരുടെയും തറവാടായിരിക്കുകയാണ് കേരളം. ഒരു കോളജിലെ ഇന്‍റേണല്‍ പരീക്ഷയ്ക്ക് അധ്യാപകന്‍ വരുത്തിയ ഒരു കൈത്തെറ്റ്(വിദ്യാഭ്യാസമന്ത്രിയുടെ ഭാഷയില്‍ മഠയത്തരം), അതിന് ഈ രീതിയിലുള്ള ശിക്ഷ നല്‍കുന്നതിനെ കാടത്തം എന്നല്ലാതെ എങ്ങനെ വിശേഷിപ്പിക്കും? കൈപ്പത്തി വെട്ടിമാറ്റുക! ഇത് രാജ്യഭരണം നിലനില്‍ക്കുന്ന ഏതെങ്കിലും രാഷ്ട്രമല്ല. ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. കേരളത്തിന് എക്കാലത്തേക്കും ലജ്ജിക്കാം.

നമ്മുടെ രാഷ്ട്രീയക്കാര്‍ ദിവസവും പരസ്പരം എന്തൊക്കെ ‘വിശേഷണങ്ങള്‍’ നടത്തുന്നു. ചില പ്രത്യേക വിഷയങ്ങളില്‍ നമ്മുടെ ചാനലുകള്‍ അതിരു കടന്ന ചര്‍ച്ചകള്‍ നടത്തുന്നു. അതൊക്കെ പോകട്ടെ, കേരളത്തില്‍ ദിവസവും സ്ത്രീകള്‍ക്കെതിരെ എത്ര അതിക്രമങ്ങള്‍ നടക്കുന്നു. പിഞ്ചുകുഞ്ഞുങ്ങളെ ആക്രമിക്കുന്നു. ഇതിനെയൊക്കെ അപേക്ഷിച്ച്, അത്ര വലിയ തെറ്റാണോ ജോസഫ് എന്ന അധ്യാപകന്‍ ചെയ്തത്? ഏതെങ്കിലും മതത്തെ ബോധപൂര്‍വം അധിക്ഷേപിക്കാനായിരുന്നില്ല ആ ചോദ്യമെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഇതൊരു പബ്ലിക് പരീക്ഷ ആയിരുന്നില്ല. ഒരു കോളജിന്‍റെ ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങുന്ന ചെറിയൊരു ടെസ്റ്റ് മാത്രം.

കേരളത്തിലെ രാഷ്ട്രീയ - വിദ്യാര്‍ത്ഥി സംഘടനകള്‍ കാര്യങ്ങളെ ഭൂതക്കണ്ണാടിയിലൂടെയാണ് നോക്കിക്കാണുന്നത്. ഏതു ചെറിയ സംഭവവും വലുതാകുന്നത് അങ്ങനെയാണ്. ചോദ്യപേപ്പര്‍ വിവാദം കത്തിക്കയറിയതും അങ്ങനെ തന്നെ. കെ എസ് യു, എം എസ് എഫ്, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകള്‍ പ്രതിഷേധക്കൊടുങ്കാറ്റുയര്‍ത്തിയപ്പോഴാണ് ഈ വിവാദം ജനശ്രദ്ധയാകര്‍ഷിക്കുന്നതുതന്നെ. തെറ്റുകള്‍ക്കെതിരെ പ്രതിഷേധമാകാം. എന്നാല്‍ അതില്‍ നിന്ന് എങ്ങനെ മുതലെടുക്കാമെന്ന് ചിന്തിക്കുന്ന ചിലരുണ്ട്. അവരുടെ കൈകളില്‍ ഒരു വിവാദവിഷയം ലഭിക്കുമ്പോള്‍ അത് ഊതിക്കത്തിക്കുകയും തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കുകയും ചെയ്യുന്നു.

അധ്യാപകന്‍റെ കൈവെട്ടി പ്രതിഷേധമറിയിക്കുന്ന സംസ്കാരത്തെ വച്ചുപൊറുപ്പിക്കാനാവുന്നതല്ല. അങ്ങനെയുള്ള പ്രതിഷേധ സമരം ആരുടെ ഭാഗത്തുനിന്നുണ്ടായിരുന്നാലും അതിനെ അംഗീകരിക്കാനാവില്ല. അധ്യാപകനെ ആക്രമിച്ച സംഭവം പുറത്തുവന്നതിനു ശേഷം എല്ലാ രാഷ്ട്രീയ സംഘടനകളും പ്രതിഷേധമറിയിക്കുകയുണ്ടായി. പക്ഷേ, അവരെല്ലാം കുറച്ചു ശ്രദ്ധവച്ചിരുന്നുവെങ്കില്‍ ഇങ്ങനെയൊരു ദാരുണ സംഭവം അരങ്ങേറുമായിരുന്നില്ല. ഇതൊരു കോളജിനുള്ളില്‍ നടന്ന ചെറിയ സംഭവമാണെന്നും അതിന് അത്രയേ ഗൌരവം കൊടുക്കാന്‍ പാടുള്ളൂ എന്നും തിരിച്ചറിയാനുള്ള വിവേകം സംഘടനകളെല്ലാം കാണിക്കേണ്ടതായിരുന്നു.

അധ്യാപകന്‍ കാണിച്ചതെറ്റിന് മാപ്പു പറയുകയും അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യുകയും അറസ്റ്റുചെയ്യുകയും ചെയ്തിരുന്നതാണ്. ഒരു കൈത്തെറ്റിനോ മഠയത്തരത്തിനോ ഇതില്‍കൂടുതല്‍ എന്തു ശിക്ഷയാണ് നല്‍കേണ്ടത്? അധ്യാപകനെ കൊലപ്പെടുത്തുകയായിരുന്നു അക്രമികളുടെ ഉദ്ദേശമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. കേരളം എങ്ങോട്ടാണ് വളരുന്നത്? ഇത്തരം കാടത്തത്തിനു നേര്‍ക്ക് കണ്ണടയ്ക്കാതെ കര്‍ശനമായ നടപടികളാണ് ആഭ്യന്തരവകുപ്പില്‍ നിന്നും പൊലീസില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്

Wednesday, July 7, 2010

ഹൈ ഹീല്‍ ധരിക്കുന്നവര്‍ സൂക്ഷിക്കുക

പണ്ടൊക്കെ കാലിനൊരു സംരക്ഷണമായിരുന്നു ചെരിപ്പുകള്‍ . കാലം മാറി , കോലം മാറി. ഇന്ന് ഡ്രസുകള്‍ക്കൊപ്പിച്ച കളറിലും ഡിസൈനിലുമുള്ള അടിപൊളി ചെരിപ്പുകള്‍ക്കാണ് പ്രിയം. അതും ഹൈ ഹീല്‍ ചെരിപ്പുകള്‍ തന്നെ വേണം. എന്നാലേ കൂടുതല്‍ മനോഹരമാവൂ. ഹൈ ഹീല്‍ ചെരുപ്പുകള്‍ കാലിലണിയാത്ത സ്ത്രീകളെ കാണാന്‍ ഇന്ന് പ്രയാസമാണ്. ഹീലു കുറഞ്ഞ ചെരുപ്പുകള്‍ക്കിന്ന് ആവശ്യക്കാരില്ലെന്ന് തന്നെ പറയാം. കാശെത്രയായാലും ശാരീരിക പ്രയാസങ്ങള്‍ ചിലതൊക്കെ സഹിച്ചാലും ചെരുപ്പ് നമുക്ക് ഹൈ ഹീല്‍ തന്നെ വേണം.

എന്നാല്‍ ഈ പ്രവണത അത്ര നല്ലതല്ലെന്നാണ് വൈദ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. അടുത്ത ഭാവിയില്‍ തന്നെ ഹൈ ഹീല്‍ ചെരിപ്പുകള്‍ ഉപയോഗിക്കുന്നത് മൂലമുള്ള കടുത്ത ശാരീരിക പ്രയാസങ്ങള്‍ സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കാല്‍പാദത്തിലുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ മാത്രമല്ല കാല്‍മുട്ടു വേദനയും നടു വേദനയും വിട്ടു പിരിയില്ല.

കരീന കപൂറും ദീപിക പദുക്കോണും ഹൈ ഹീലിട്ടതു കണ്ട് അവരെ അനുഗരിക്കേണ്ട. കാരണം ഏതെങ്കിലും പ്രോഗ്രാമുകളുടെ സമയത്ത് മാത്രമാവും അവരത് ധരിക്കുന്നത്. എന്നാല്‍ നമ്മളാവട്ടെ നീണ്ട യാത്രകളിലെല്ലാം തന്നെ ഇത്തരം ചെരിപ്പുകളാണ് ഉപയോഗിക്കുന്നത്. ഇതാണ് ശരീരത്തിന് ദോഷം ചെയ്യുന്നത്.

ഹൈ ഹീലിന്റെ ഉപയോഗത്തെ കുറിച്ച് ഡോ: ഫലാ ഖാന്‍ പറയുന്നതിങ്ങനെ: പാദങ്ങള്‍ പര്‍ണമായും നിലത്തുറപ്പിച്ച് നടക്കാവുന്ന രീതിയിലാണ് നമ്മുടെ കാലുകളുള്ളത്. ഹൈഹീല്‍ ചെരിപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ നാം നടക്കുന്നത് പാദത്തിന്റെ മുന്‍ഭാഗത്തെ മാത്രം ആശ്രയിച്ചായിരിക്കും. ഇത് ഞരമ്പുകളില്‍ പ്രയാസം സൃഷ്ടിക്കുകയും  വേദന ക്ഷണിച്ചു വരുത്തുകയും ചെയ്യും.  എന്നാല്‍ കൗമാരപ്രായത്തിലോ തന്റെ ഇരുപതുകളിലോ ഒരാള്‍ക്ക് ഈ വേദന അനുഭവപ്പെടണമെന്നില്ല. 30-40 വയസില്‍ പെട്ടെന്ന് ഉണ്ടാവുന്ന വേദനകള്‍ക്കുള്ള കാരണം ഇതായിരിക്കുമെന്നും ഡോ: പറയുന്നു.

ശരീരത്തിന്റെ ബാലന്‍സ് പാലിക്കാനും ഹൈഹീല്‍ ധരിക്കുമ്പേള്‍ പ്രയാസമാവും. ആസമയത്ത് മുട്ട് അല്‍പം വളയുകയും മുന്നോട്ട് ഉന്തി നില്‍ക്കുകയും ചെയ്യുന്നത് കാരണം കാല്‍മുട്ടുകളിലെ പേശികള്‍ കൂടുതല്‍ അധ്വാനിക്കേണ്ടി വരുന്നു.  ഇത് നടുവേദനക്കും കാല്‍മുട്ടു വേദനക്കും കാരണമാവും.

ഇനിയും നമുക്ക് ഹൈ ഹീല്‍ ഒഴിവാക്കാന്‍ കഴിയില്ലെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നാവും. കാല്‍ ഇടക്കിടെ ചെരിപ്പില്‍ നിന്ന് അഴിക്കുകയും അല്‍പ സമയം മസ്സാജ് ചെയ്യുകയും വേണം. ഹീലിന്റെ ഉയരം പരമാവധി ഒരു ഇഞ്ചില്‍ പരിമിതപ്പെടുത്തുക. പാദങ്ങള്‍ മുന്നോട്ട് ഉന്തി നില്‍ക്കാത്ത ഹീലുകള്‍ തെരെഞ്ഞെടുക്കുക. ഹൈഹീല്‍ അത്യാവശ്യമില്ലാത്തിടങ്ങളില്‍ ധരിക്കുന്നത് കഴിവതും ഒഴിവാക്കുക

Tuesday, July 6, 2010

ഒരേയൊരു പൊന്‍കുന്നം വര്‍ക്കി

ആര്‍.പ്രദീപ്‌ കഥയെ പുരോഗമനാശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള മാധ്യമമായി ഉപയോഗിച്ച എഴുത്തുകാരനാണ്‌ പൊന്‍കുന്നംവര്‍ക്കി. തെറ്റിനെ നിശിതമായി വിമര്‍ശിക്കുകയും തെറ്റ്‌ ആരു ചെയ്താലും അതു തെറ്റാണെന്ന്‌ വിളിച്ചു പറയാനും അദ്ദേഹം ഒരു മടിയും കാട്ടിയില്ല. പുരസ്കാരങ്ങള്‍ക്കായി അര്‍ഹതയില്ലാത്തവരെ പുകഴ്ത്തിപ്പറയുന്ന സ്വഭാവവും ഇല്ലായിരുന്നു. രാഷ്ട്രീയക്കാരുടെയും പൗരോഹിത്യത്തിന്റെയും മുഖത്തു നോക്കി മറയില്ലാതെ അദ്ദേഹം പറഞ്ഞു, രാജാവ്‌ നഗ്നനാണെന്ന്‌. എഴുത്തുകാരുടെ ഇടയില്‍ പൊന്‍കുന്നംവര്‍ക്കി വ്യത്യസ്തനാകുന്നതും അങ്ങനെയാണ്‌.

എഴുത്തുമാത്രമായിരുന്നില്ല വര്‍ക്കി ചെയ്തത്‌. ജീവിതമാകെ സമരം ചെയ്തുകൊണ്ടിരുന്നു. സമുദായത്തിലും രാഷ്ട്രീയത്തിലും പുരോഗതിക്കും സത്യത്തിനും തടസ്സം നില്‍ക്കുന്ന സ്ഥാപിത താല്‍പര്യക്കാരോട്‌ സദാ ഏറ്റുമുട്ടിക്കൊണ്ടിരുന്നു. അതിന്റെ പേരിലുണ്ടായ നഷ്ടങ്ങളെ അവഗണിച്ചു. അനുഭവങ്ങളിലൂടെ അറിഞ്ഞതിനെ കഥകളിലൂടെ, നോവലിലൂടെ ആവുന്നത്ര ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ആ കൂസലില്ലായ്മ പൊന്‍കുന്നം വര്‍ക്കിയെ ജയിലില്‍ വരെ കയറ്റി. യുവജനങ്ങളെ സോഷ്യലിസത്തിലേക്കു നയിച്ചെന്നും കഥകളും നാടകങ്ങളും വഴി ക്ലാസ്സ്‌ വാറിന്‌ ജനങ്ങളെ പ്രേരിപ്പിച്ചെന്നുമായിരുന്നു അദ്ദേഹത്തിനെതിരെ ചാര്‍ത്തിയ കുറ്റങ്ങള്‍. കുറ്റാരോപണങ്ങള്‍ എഴുതി നല്‍കി സര്‍ സി.പിയുടെ പോലീസ്‌ വര്‍ക്കിയെ ജയിലിലടച്ചു. ജനങ്ങളുടേതല്ലാത്ത സര്‍ക്കാരും മുതലാളിത്തവും പൗരോഹിത്യവും കൂട്ടുചേര്‍ന്ന്‌ നാടിന്റെ നല്ല നടപ്പില്ലാതാക്കാന്‍ ശ്രമിച്ചപ്പോഴാണ്‌ കഥകളിലൂടെ താന്‍ പ്രതികരിച്ചതെന്ന്‌ പൊന്‍കുന്നം വര്‍ക്കി തന്നെ പറഞ്ഞിട്ടുണ്ട്‌. താനെഴുതിയ കഥകളെ എതിര്‍ക്കാന്‍ ആളുണ്ടെന്നു തിരിച്ചറിയുകയും കഥയെഴുതിയതിന്റെ പേരില്‍ ജയിലില്‍ കിടക്കേണ്ടി വന്നപ്പോഴുമാണ്‌ താനെഴുതുന്ന കഥകള്‍ കൊള്ളാമെന്ന്‌ തനിക്കു തന്നെ ബോധ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്‌. പൊന്‍കുന്നം വര്‍ക്കി കഥാകാരനാകുകയായിരുന്നില്ല. അദ്ദേഹത്തെ സാമൂഹ്യ വ്യവസ്ഥിതി കഥാകാരനാക്കുകയായിരുന്നു.

അനാചാരങ്ങള്‍ക്കും അഴിമതിക്കുമെതിരെ പ്രതിരോധത്തിന്റെ അക്ഷര മതിലുകള്‍ തീര്‍ത്ത പൊന്‍കുന്നം വര്‍ക്കിയുടെ ജന്മശതാബ്ദി വര്‍ഷമാണിത്‌. എടത്വാ കട്ടപ്പുറത്ത്‌ വര്‍ക്കിയുടെയും അന്നാമ്മയുടെയും മകനായി 1910ജൂണ്‍30നാണ്‌ പൊന്‍കുന്നംവര്‍ക്കി ജനിച്ചത്‌. മലയാളം ഹയറും വിദ്വാനും പാസ്സായി. മാനേജ്മെന്റ്‌ സ്കൂളുകളിലും കോട്ടയം ട്രെയിനിംഗ്‌ സ്കൂളിലും അധ്യാപകനായിരുന്നു. ആദ്യകാലത്ത്‌ ഗദ്യകവിതകളാണ്‌ പൊന്‍കുന്നംവര്‍ക്കി എഴുതിയിരുന്നത്‌.

കൈനിക്കര കുമാരപിള്ള പ്രസിദ്ധീകരിച്ചിരുന്ന മാസിക നടത്തിയ ചെറുകഥാ മത്സരത്തില്‍ സമ്മാനിതമായി ഭാമിനിയാണ്‌ വര്‍ക്കിയുടെ ആദ്യകഥ. കേരളം മാസികയിലാണ്‌ ആദ്യലേഖനം പ്രസിദ്ധീകരിച്ചത്‌. കാവ്യമുഖം അന്നും ഇന്നും എന്നതായിരുന്നു ലേഖനത്തിന്റെ പേര്‌. തിരുമുല്‍ക്കാഴ്ച എന്ന ഗദ്യകവിതാ സമാഹാരമാണ്‌ ആദ്യപുസ്തകം.

ഇരുപത്തി മൂന്ന്‌ ചെറുകഥാ സമാഹാരങ്ങള്‍, പത്തൊന്‍പതു നാടകങ്ങള്‍, രണ്ടു ഗദ്യകവിതാ സമാഹാരങ്ങള്‍, ഒരു നോവല്‍, ഒരു ബാലസാഹിത്യം, ഒരു തൂല?കാചിത്ര സമാഹാരം. ഒരു ആത്മകഥ, സമാഹരിക്കാത്ത നിരവധി കഥകള്‍, ലേഖനങ്ങള്‍, അഭിമുഖങ്ങള്‍......പൊന്‍കുന്നം വര്‍ക്കിയുടെ സംഭാവനകള്‍ ഇത്തരത്തില്‍ വിപുലമാണ്‌. സന്മാര്‍ഗ്ഗവിലാസം നടനസഭ എന്ന നാടക സംഘമാണ്‌ വര്‍ക്കിയുടെ നാടകങ്ങള്‍ ആദ്യമവതരിപ്പിച്ചത്‌. എല്ലാം സാമൂഹ്യവിമര്‍ശനത്തിന്റെ കൂരമ്പുകള്‍. കാളിദാസ കലാകേന്ദ്രം, കെ.പി.എ.സി എന്നിവരും വര്‍ക്കിയുടെ നാടകങ്ങള്‍ ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ച്‌ കയ്യടിനേടിയിട്ടുണ്ട്‌. 

എന്‍.ബി.എസിന്റെ സ്ഥാപകരില്‍ ഒരാള്‍ പൊന്‍കുന്നം വര്‍ക്കിയാണ്‌. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം രൂപീകരിക്കുന്നതിലും അദ്ദേഹം മുഖ്യപങ്കുവഹിച്ചു. നാലു വര്‍ഷം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ പ്രസിഡന്റുമായിരുന്നു. 1971 മുതല്‍ 1974 വരെ കേരളാ സാഹിത്യഅക്കാദമിയുടെ പ്രസിഡന്റായിരുന്നു. വള്ളത്തോള്‍ പുരസ്കാരം, എഴുത്തച്ഛന്‍ പുരസ്കാരം, ലളിതാംബികാ അന്തര്‍ജ്ജനം പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ പൊന്‍കുന്നം വര്‍ക്കിക്ക്‌ ലഭിച്ചിട്ടുണ്ട്‌.

മലയാള സാഹിത്യത്തില്‍ ധിക്കാരത്തിന്റെയും അപൂര്‍വ്വതയുടെയും പ്രതീകമായിരുന്നു അദ്ദേഹം. ഒരത്ഭുതപ്രതിഭാസം. എഴുത്തിന്റെ പേരില്‍ ജയിലിലടക്കപ്പെട്ട ആദ്യത്തെ മലയാള സാഹിത്യകാരനാണ്‌ പൊന്‍കുന്നംവര്‍ക്കി. ജനതയെ ആകെ ഉത്തേജിപ്പിക്കുകയും ഭരണകൂടത്തിന്റെ ദുഷ്ചെയ്തികള്‍ക്കെതിരെ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്ത രാഷ്ട്രീയ കഥകള്‍ ആദ്യമായി എഴുതിയത്‌ പൊന്‍കുന്നംവര്‍ക്കിയാണ്‌. സ്വന്തം അനുഭവങ്ങളാണ്‌ പൗരോഹിത്യവും ഭരണകൂടവും ജനങ്ങള്‍ക്കു മേല്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ വര്‍ക്കിയെ പ്രേരിപ്പിച്ചത്‌. തെറ്റിനെ എതിര്‍ക്കാന്‍ അദ്ദേഹം കണ്ടെത്തിയ മാധ്യമമായിരുന്നു കഥ. രാഷ്ട്രീയം പറയാന്‍വേണ്ടി രാഷ്ട്രീയകഥകളെഴുതുകയായിരുന്നില്ല അദ്ദേഹം. കഥയിലൂടെ സമൂഹത്തിന്റെ രാഷ്ട്രീയാവസ്ഥകള്‍ അറിയിക്കുകയായിരുന്നു.

ചൂഷണവും അധാര്‍മ്മികതയും കൈമുതലാക്കിയ ക്രിസ്ത്യന്‍ പൗരോഹിത്യത്തിനെതിരെ വിരല്‍ചൂണ്ടുന്നവയായിരുന്നു പൊന്‍കുന്നം വര്‍ക്കിയുടെ കഥകളധികവും. പാളേങ്കോടന്‍, അന്തോണീ നീയും അച്ചനായോടാ എന്നീകഥകള്‍ ക്രിസ്തീയ പൗരോഹിത്യത്തെയും പ്രമാണിമാരെയും ഒട്ടൊന്നുമല്ല ചൊടിപ്പിച്ചത്‌. സഭയും പുരോഹിതരും ദരിദ്രരോടും അധസ്ഥിതരോടും പുലര്‍ത്തുന്ന വിവേചനവും മനുഷ്യപ്പറ്റില്ലായ്മയും കപടസദാചാരവും കഥകളിലൂടെ വര്‍ക്കി നിശിതമായി വിമര്‍ശിച്ചു. വലിയ ചര്‍ച്ചയും വിവാദവുമാണ്‌ അത്തരം കഥകളുണ്ടാക്കിയത്‌. വര്‍ക്കിയെ വിമര്‍ശനങ്ങളില്‍ നിന്നു പിന്‍മാറ്റാന്‍ പലരും ഭീഷണിയും പ്രലോഭനവും ഉയര്‍ത്തി. അതിനൊന്നും അദ്ദേഹം വഴങ്ങിയില്ലെന്നു മാത്രമല്ല, കൂടുതല്‍ ധീരതയോടെ മുന്നോട്ടു പോകുകയും ചെയ്തു. താന്‍ ജീവിക്കുന്ന നാടിന്റെ അസ്വതന്ത്രാവസ്ഥയോടുള്ള വിമര്‍ശനം അദ്ദേഹത്തിന്റെ കഥകളില്‍ കൂടി വന്നു. സര്‍ സി.പി.രാമസ്വാമിയുടെ ഏകാധിപത്യ ഭരണത്തിനെതിരെ കഥകളെഴുതി.

മോഡല്‍, മന്ത്രിക്കെട്ട്‌ തുടങ്ങിയ കഥകള്‍ സിപിയുടെ നയങ്ങളോടുള്ള ശക്തമായ വിമര്‍ശനങ്ങളായിരുന്നു. തുടര്‍ന്ന്‌ രാജ്യദ്രോഹക്കുറ്റമാരോപിച്ച്‌ 1945ല്‍ ജയിലിലടച്ചു. അക്കാലത്തു തന്നെയാണ്‌ ക്രൈസ്തവ സഭയോടെതിര്‍ത്ത്‌ മാനേജുമെന്റ്‌ സ്കൂളിലെ ജോലി രാജിവച്ചതും പിന്നീട്‌ ദിവാന്‍ ഭരണത്തോടുള്ള എതിര്‍പ്പിന്റെ പേരില്‍ സര്‍ക്കാര്‍ സ്കൂളിലെ ജോലി ഉപേക്ഷിച്ചതും. വര്‍ക്കിയെ വശത്താക്കാന്‍ സിപിയുടെ കിങ്കരന്മാര്‍ ഏറെ ശ്രമിച്ചെങ്കിലും വിമര്‍ശനത്തിന്റെ മൂര്‍ച്ച കൂട്ടി വര്‍ക്കി തന്റെ നിലപാടുറപ്പിക്കുകയാണു ചെയ്തത്‌. 

സിപിയും ബ്രിട്ടീഷുകാരും പോയിട്ടും സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അവശതയനുഭവിക്കുന്നവന്റെ ഒപ്പം നില്‍ക്കാന്‍ ആരുമില്ലെന്ന തിരിച്ചറിവ്‌ വര്‍ക്കിയെ ഒട്ടൊന്നുമല്ല വിഷമിപ്പിച്ചത്‌. ഈ രാഷ്ട്രീയാവസ്ഥകളോടുള്ള വിമര്‍ശനം വര്‍ക്കി തുടരുകയും ചെയ്തു. നിരന്തരം കലഹിച്ചുകൊണ്ടിരിക്കുന്ന നിഷേധിയായാണ്‌ പൊന്‍കുന്നം വര്‍ക്കിയെ പലരും വിശേഷിപ്പിച്ചത്‌. എന്നാല്‍ അദ്ദേഹത്തിന്റെ എല്ലാ കഥകളും വലിയ മാനുഷിക മൂല്യങ്ങളുടെ അടിത്തറയില്‍ പണിതുയര്‍ത്തിയതായിരുന്നു. സ്നേഹമെന്ന മൂല്യത്തിന്‌ ഊന്നല്‍ നല്‍കിയ നിരവധി കഥകളദ്ദേഹത്തിന്റെതായുണ്ട്‌. ശബ്ദിക്കുന്ന കലപ്പ, കടയുടെ താക്കോല്‍, ചാത്തന്റെ മകന്‍ തുടങ്ങി പ്രശസ്തമായ നിരവധി കഥകള്‍. ഒരു കാലഘട്ടത്തിന്റെ മനസ്സിലേക്ക്‌ പൊന്‍കുന്നം വര്‍ക്കിയുടെ കഥാപാത്രങ്ങള്‍ കുടിയേറ്റം നടത്തുകയായിരുന്നു. കഥയിലെയും നാടകത്തിലെയും കഥാപാത്രങ്ങളെ ജനങ്ങള്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചു. ഞാനൊരധികപ്പറ്റാണ്‌, വിശറിക്കു കാറ്റുവേണ്ട, സ്വര്‍ഗ്ഗം നാണിക്കുന്നു, കതിരുകാണാക്കിളി, അള്‍ത്താര, ഗംഗാസംഗമം തുടങ്ങി നിരവധി നാടകങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്‌.

കത്തോലിക്കാ സഭയ്ക്കെതിരെ അരദശാബ്ദത്തിനുമുമ്പാണ്‌ പൊന്‍കുന്നം വര്‍ക്കി ആരോപണങ്ങളുന്നയിച്ചത്‌. എന്നാല്‍ സഭയെ സംബന്ധിച്ചിടത്തോളം അവയെല്ലാം ഇന്നും പ്രസക്തമായി നില്‍ക്കുന്നു. രാഷ്ട്രീയാതിക്രമത്തിനെതിരെ രൂക്ഷവിമര്‍ശനമുന്നയിക്കുന്നതായിരുന്നു വര്‍ക്കിയുടെ മറ്റൊരു വിഭാഗം കഥകള്‍. അതേ അതിക്രമങ്ങളും രാഷട്രീയക്കാരുടെ സ്വജനപക്ഷപാതവും ഇന്നും തുടരുന്നു. അഴിമതിയും ദുര്‍ഭരണവും വര്‍ക്കികഥകളുടെ പ്രധാന വിഷയമായിരുന്നു.

അഴിമതിയില്ലാത്ത സമൂഹം ഇന്നും സ്വപ്നമായി അവശേഷിക്കുന്നു. പൊന്‍കുന്നം വര്‍ക്കി കൊളുത്തി വച്ച ദീപനാളത്തെ അണയാതെ നോക്കാനും അതേറ്റെടുക്കാനും മലയാളക്കരയില്‍ പിന്നീട്‌ വര്‍ക്കിയോളം ചങ്കുറപ്പുള്ള എഴുത്തുകാരുണ്ടായില്ല എന്ന വാസ്തവം അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല. ഇവിടെ വര്‍ക്കിയുടെ കഥകളും നിഷേധത്തിന്റെ നിലപാടുകളും പ്രസക്തമാകുന്നത്‌ അതിനാലാണ്‌.