Thursday, January 28, 2010

ഡോക്ടര്‍ മമ്മുട്ടി





Tuesday, January 26, 2010

തണല്‍ ബാലാശ്രമം







തണലില്‍ നിന്നൊരു കത്ത്. കുറച്ചൊരു അത്ഭുതമുണ്ടായി. അടുത്തകാലത്തൊന്നും ഒരു കത്ത് കിട്ടിയതായി ഓര്‍മ്മയില്ല. കല്യാണക്കത്തൊഴികെ.



മറ്റുള്ളവരുടെ ദുഃഖങ്ങളില്‍ പങ്കു ചേരുന്ന അനാഥ ബാല്യങ്ങളുടെ മുഖങ്ങള്‍ ഞാന്‍ കത്തില്‍ കണ്ടു ഒട്ടൊരു വേദനയോടെ.



തണലില്‍ പോകണമെന്നുറച്ചു. കത്തു കിട്ടി മൂന്നു ദിവസം കഴിഞ്ഞേ അവിടെ പോകാന്‍ തരപ്പെട്ടുള്ളൂ. പുറപ്പെടുന്നതിനു മുമ്പ് മേമ പറഞ്ഞു - രമ്യ (യഥാര്‍ത്ഥ പേര്‍ മാറ്റിയിരിക്കുന്നു) അവിടെയാണ്. നീയ്യൊന്ന് അന്വേഷിക്ക്.


ഏത് രമ്യ - ഞാന്‍ ചോദിച്ചു.



മേമ ആളെക്കുറിച്ചുള്ള വിവരണം തന്നു. രമ്യയുടെ അമ്മയേയും അവരുടെ കുടുംബത്തേയും ഞാന്‍ നല്ലവണ്ണം അറിയും. അന്വേഷിക്കാമെന്ന് മേമയോടു പറഞ്ഞു.



ഒറ്റപ്പാലത്തേക്ക് ബസ്സ് കയറി.സുമാര്‍ ഉച്ചക്ക് 12.30 ക്ക് ഒറ്റപ്പാലം ടൌണില്‍ ബസ്സിറങ്ങി.



ഒറ്റപ്പാലം റെയില്‍വെ സ്റ്റേഷന്‍ കുറച്ചപ്പുറത്ത്. ട്രാക്ക് മറികടന്ന് ഭാരതപ്പുഴ മുറിച്ചു കടന്നാല്‍ മായനൂരിലെത്താം. അവിടെയാണ് തണല്‍ ബാലാശ്രമം.



മായനൂര്‍ തൃശ്ശൂര്‍ ജില്ലയിലാണെങ്കിലും അതിനു കൂടുതല്‍ ഇഴയടുപ്പം പാലക്കാടു ജില്ലയിലെ ഒറ്റപ്പാലത്തിനോടാണ്.



നിള ഇവിടെ ശോഷിച്ചിരിക്കുന്നു. വേനല്‍ക്കാലം തുടങ്ങിയിട്ടില്ല. അതിനു മുമ്പേ നിളയുടെ ദൈന്യം തുടങ്ങിക്കഴിഞ്ഞു. ഇന്നിവിടെ നോക്കെത്താ ദൂരത്തോളം നീളുന്ന മണല്‍പരപ്പില്ല. പകരം ചരല്‍പരപ്പും പുല്‍ക്കെട്ടുകളും. മനുഷ്യന്‍ പ്രകൃതിയോടു കാട്ടുന്ന ക്രൂരതയ്ക്ക് എന്ത് പേരിട്ടു വിളിക്കണം

പണ്ട് ആര്‍ത്തിരമ്പുന്ന നിളയുടെ മാറിലൂടെ മായനൂരിലേക്കുള്ള തോണിയാത്ര. ഇരുകരകളും മുട്ടി കൂലംകുത്തിയൊഴുകുന്ന ഭാരതപ്പുഴ ബാല്യകാലത്തിന്‍റെ ഓര്‍മ്മച്ചെപ്പില്‍ നിന്നും പുറത്തെടുത്ത് മുട്ടിനുമീതെയുള്ള വെള്ളത്തിലൂടെ നടന്നു.

കുറച്ചകലെ പണിതീരാത്ത ഒറ്റപ്പാലം - മായനൂര്‍ പാലം. മായനൂര്‍കാരുടെ യാത്രാ ദുരിതങ്ങള്‍ക്കുള്ള അറുതി ഇനിയും അകലെയാണെന്ന മട്ടില്‍ പഞ്ചവത്സര പദ്ധതികള്‍ക്കുമപ്പുറം കടന്ന മായനൂര്‍ പാലം ഇനിയും കുറച്ചു ബാക്കിവച്ച നിളയുടെ ഭംഗിക്ക് കോട്ടം തട്ടാതിരിക്കാനുള്ള ഒരു നോക്കുകുത്തിയായി നില്‍ക്കുന്നു.

മായനൂര്‍ കടവിലെത്തി. തണല്‍ ബാലാശ്രമത്തെക്കുറിച്ച് അന്വേഷിച്ചു. ഓട്ടോ റിക്ഷയില്‍ കയറി തണലിലെത്തി. ഉച്ച നേരം. ഒരു മണി കഴിഞ്ഞിരുന്നു. മേല്‍നോട്ടക്കാരി ശോഭയെ കണ്ടു. വിവരം പറഞ്ഞു. ചെയ്യാനുള്ള കാര്യങ്ങള്‍ അവരെ പറഞ്ഞേല്‍പ്പിച്ചു.

ഏകദേശം 200 കുട്ടികള്‍ തണല്‍ ബാലാശ്രമത്തിലും ശ്രീ വില്വാദ്രിനാഥ സേവാശ്രമത്തിലുമായുണ്ട്. തണല്‍ ബാലാശ്രമത്തില്‍ ചെറിയ കുട്ടികളും ശ്രീവില്വാദ്രിനാഥ സേവാശ്രമത്തില്‍ വലിയ കുട്ടികളുമാണ് പാര്‍ക്കുന്നത്. ഇതിനോടൊപ്പം ഒരു ഹൈസ്കൂളും നടത്തുന്നു.

ഊണ്‍ തളത്തിലേക്ക് ശോഭ എന്നെ കൂട്ടിക്കൊണ്ടു പോയി. കിണ്ണം പിടിച്ചു അച്ചടക്കത്തോടെ നില്‍ക്കുന്ന കുരുന്നുകള്‍. ഒരുനേരത്തെ അന്നത്തിനു വേണ്ടി ക്യൂ പാലിക്കേണ്ടി വരുന്ന നിവൃത്തികേട് ഒരു വ്യക്തിയുടേയും ബാല്യത്തിന് ഉണ്ടാവരുതേ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ചു.
ആതിഥ്യ മര്യാദയോടെ ശോഭ പറഞ്ഞു - ഉണ്ടിട്ടു പോകാം.
വേണ്ട ഇനിയൊരിക്കലാകാം. ഈ കൊച്ചു കൂട്ടുകാരുടെ ഒരു നേരത്തെ ആഹാരം ഞാന്‍ അപഹരിക്കുന്നത് തികച്ചും അന്യായമാണെന്ന് എന്‍റെ മനസ്സു പറഞ്ഞു.

പിന്നെ പോയത് കൈക്കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന ബ്ലോക്കിലേക്കാണ്. അനാഥരായി ഇത്രയും പിഞ്ചു കുഞ്ഞുങ്ങളോ ഈ ഗ്രാമത്തില്‍ അതിനു നടുവില്‍ അവരെ കളിപ്പിച്ചു കൊണ്ട് ചുരിദാറണിഞ്ഞ ഒരു സുന്ദരിക്കുട്ടി.
എല്ലാം കണ്ട് തിരികെ നടക്കാനിറങ്ങമ്പോള്‍ തെല്ലൊരു സങ്കചത്തോടെ ഞാന്‍ ശോഭയോട് ചോദിച്ചു - ഇവിടെ രമ്യയെന്നു പേരുള്ള ഒരു പെണ്കുട്ടിയുണ്ടോ?
ഞങ്ങളുടെ നാട്ടുകാരിയായ ആ കുട്ടിയുടെ അമ്മയെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും പറഞ്ഞപ്പോള്‍ ചുരിദാറണിഞ്ഞു നില്‍ക്കുന്ന പെണ്കുട്ടിയെ ചൂണ്ടി ശോഭ പറഞ്ഞു - ഇതാണ് രമ്യ
രമ്യക്ക് എന്നെ പരിചയപ്പെടുത്തി. അറിയ്വോ എന്ന എന്‍റെ ചോദ്യത്തിന് കേട്ടിട്ടുണ്ട് എന്ന് രമ്യയുടെ മറുപടി. പിന്നെയും കുറച്ച് കുശലങ്ങള്‍ രമ്യയോടു പറഞ്ഞ് വീണ്ടും കാണാം എന്ന് വിട ചൊല്ലി തണലിനു പുറത്തേക്കു കടന്നു.
---വിധിയുടെ ക്രൂരതകള്‍ക്ക് വിധേയരായവര്‍ക്കൊരു സ്നേഹ സ്വാന്തനം......
---നിര്‍ദ്ധനരും പീഡിതരുമായവര്‍ക്കൊരു കനിവിന്‍റെ മൃദുസ്പര്‍ശം.....
---ജീവിതത്തില്‍ നിന്ന് വിദ്യ നിഷേധിക്കപ്പെട്ടവര്‍ക്കൊരു വിദ്യാ മന്ദിരം.......
ഇതൊക്കെയാണ് തണല്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.thannal.org/


വീണ്ടുമൊരു പഴയ ഓര്‍മ്മയിലേക്ക്. ശ്രീകൃഷ്ണപുരം ഹൈസ്കൂളിലെ 9)o ക്ലാസിലെ 'എ' ഡിവിഷന്‍. സഹപാഠിയായി പുലാമന്തോള്‍ കട്ടുപ്പാറക്കാരന്‍ മുഹമ്മദ് കുട്ടി. കറുത്തു മെലിഞ്ഞ ശരീരവും ഉറക്കം തൂങ്ങുന്ന കണ്ണൂകളുമുള്ള മുഹമ്മദ് കുട്ടി. അയാള്‍ താമസിച്ചിരുന്നത് സ്കൂളിനടുത്തുള്ള നിര്‍ദ്ധനരായ കുട്ടികള്‍ക്കുള്ള സര്‍ക്കാര്‍ ഹോസ്റ്റലിലായിരുന്നു.

ഞാന്‍ ക്ലാസില്‍ ഇരുന്നിരുന്നത് ഒന്നാം നിരയില്‍. രണ്ടാം നിരയില്‍ ആയിരുന്നു മുഹമ്മദ് കുട്ടിയുടെ ഇരിപ്പിടം. പഠിത്തത്തില്‍ സാമാന്യം ഭേദപ്പെട്ട വിദ്യാര്‍ത്ഥിയായിരുന്നു മുഹമ്മദ് കുട്ടി. പക്ഷെ അയാള്‍ക്കെന്നും അദ്ധ്യാപകരില്‍നിന്ന് ചീത്ത കേള്‍ക്കേണ്ടി വന്നു. ക്ലാസില്‍ ഉറങ്ങുന്ന മുഹമ്മദ് കുട്ടി

അങ്ങനെയാണ് ഞാന്‍ മുഹമ്മദ് കുട്ടിയെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ആരോടും അധികം അടുക്കാത്ത മുഹമ്മദ് കുട്ടിയുമായി ഒടുവില്‍ ഞാന്‍ ചങ്ങാത്തത്തിലായി. അങ്ങനെയൊരിക്കല്‍ ക്ലാസിലെ ഉറക്കത്തെക്കുറിച്ച് ഞാന്‍ അയാളോട് ആരാഞ്ഞു.


ഹോസ്റ്റലില്‍ പുലര്‍ച്ചെ നാലു മണിക്ക് എഴുന്നേല്‍ക്കണം. പഠിത്തവും പിന്നെ അത്യാവശ്യം മറ്റു പണികളൊക്കെ കഴിഞ്ഞാണ് അയാള്‍ സ്കൂളിലെത്തുന്നത്. മണിശബ്ദത്തിനനുസരിച്ച് നീങ്ങേണ്ട ജീവിതചര്യകള്‍ മുഹമ്മദ് കുട്ടിക്ക് മതിയായ ഉറക്കം കൊടുത്തില്ല.

ഞാന്‍ ക്ലാസിലെ ഇരുത്തം രണ്ടാമത്തെ ബഞ്ചില്‍ മുഹമ്മദ് കുട്ടിക്ക് അരികിലാക്കി. അയാള്‍ ഉറക്കം തുടങ്ങമ്പോള്‍ തുടയില്‍ ചെറിയൊരു നുള്ള്. അയാള്‍ വീണ്ടും പഴയ പടിയാവുന്നു. മുഹമ്മദ് കുട്ടി ഒരിക്കലും ക്ഷോഭിച്ചില്ല. എല്ലാവരുടെയും മുന്നില്‍ വച്ചുള്ള ചീത്തയേക്കാള്‍ ഭേദമാണ് ഈ നുള്ള് എന്ന് മുഹമ്മദ് കുട്ടിയും കരുതിയിരിക്കും

Friday, January 22, 2010

വീണ്ടുമൊരു രാമചരിതം

രണ്ടാം ശനിയാഴ്ച. രാവിലെ പത്തു മണി. ടെര്‍മിനസിന്‍റെ പരിസര പ്രദേശങ്ങളില്‍ ആള്‍ത്തിരക്കധികമില്ല. തിരക്കൊഴിഞ്ഞ നഗര വീഥികളിലൂടെ ചുവന്ന ചായമടിച്ച ബസ്സുകളും കറുപ്പും മഞ്ഞയും കലര്‍ന്ന പ്രീമിയര്‍ പത്മിനികളും ഇടമുറിയാതെ ഒഴുകിക്കൊണ്ടിരുന്നു.

പത്രമാപ്പീസിനു പുറകു വശത്തെ സ്റ്റോപ്പില്‍ ബസ് നമ്പര്‍ അറുപത്തി ആറ് കറുത്ത പുക തുപ്പി വന്നു നിന്നു.

ശീലം തെറ്റിയ്ക്കാതെ രാമഭദ്രന്‍ ബസ്സില്‍ ചാടിക്കയറി; ഗ്രഹിണി പിടിച്ച കുട്ടികളെപ്പോലെ അയാള്‍ ബസ്സിന്‍റെ ഉള്‍വശം ആര്‍ത്തിയോടെ നോക്കി. ബസ്സില്‍ പാതിയിലേറെ ഇരിപ്പിടങ്ങള്‍ ഒഴിഞ്ഞിരിക്കുന്നു. രാമഭദ്രന് സമാധാനമായി.

എല്ലാ ദിവസങ്ങളും ഇങ്ങനെ ആയിരുന്നെങ്കില്‍! അയാള്‍ പ്രാര്‍ത്ഥിച്ചു. രണ്ടാള്‍ക്ക് ഇരിക്കാന്‍ പാകത്തിലുള്ള സീറ്റുകളൊന്നില്‍ അയാള്‍ കാലുകള്‍ വിടര്‍ത്തി ഒരുതരം ചാരുകസേര മോഡല്‍ ഇരുത്തം ഇരുന്നു. എപ്പോഴും കിട്ടുന്നതല്ലല്ലോ ഈ സുഖം

അയാള്‍ ബ്രീഫ്കേയ്സ് തുറന്നു. അല്ലറ ചില്ലറ കാര്യങ്ങള്‍ ഇങ്ങനത്തെ യാത്രാ വേളകളിലാണ് രാമഭദ്രന്‍ നോക്കുക പതിവ്. എന്തൊക്കെ പണികളുണ്ട്. സമാജത്തിന്‍റെ മേല്‍ നോട്ടം. വിവാഹ ദല്ലാള്‍ പണി. അങ്ങനെയങ്ങനെ പല കാര്യങ്ങളും നോക്കണ്ടേ!

പിന്നെ കുറച്ചു വായന. അതു വെറും ടോണിക് പോലെ. കുറച്ചെന്തെങ്കിലുമൊക്കെ വായിക്കും. പ്രത്യേകിച്ച് മനസ്സ് വിഷമിക്കുമ്പോള്‍. കൊലപാതക ഫീച്ചറുകള്‍, ജ്യോതിഷ പംക്തി ഇതൊക്കെ രാമഭദ്രന് ഇഷ്ടപ്പെട്ട വിഷയങ്ങളാണ്. പിന്നെ വിവാഹ പരസ്യങ്ങള്‍. അവിടെ നാലു കാശു തടയും ചിലപ്പോള്‍

രാമഭദ്രന് ജ്യോതിഷത്തില്‍ നല്ല വിശ്വാസമാണ്. ജാതകവശാല്‍ കേസരി യോഗമുണ്ടെന്ന് രാമഭദ്രന്‍ പറയുന്നു. അതുകൊണ്ട് ചെല്ലുന്നിടത്തെല്ലാം അയാള്‍ പ്രസിദ്ധനാവുമെന്ന് രാമഭദ്രന്‍ സുഹൃത്തുക്കളൊടു പറയാറുമുണ്ട്.

അതുകൊണ്ടാണോ രാമഭദ്രന്‍ പൊതുകാര്യ പ്രസക്തനായത്? അറിയില്ല. സമാജത്തിന്‍റെ പ്രസിഡന്‍റ്. അതിന്‍റെ ഊര്‍ജ്ജസ്വലനായ പ്രവര്‍ത്തകന്‍. ഇതൊക്കെയാണ് രാമഭദ്രന്‍.

അയാള്‍ നയചാതുരിയോടെ സംസാരിച്ച് ആള്‍ക്കാരെ വശത്താക്കുന്നു. അതിസമര്‍ത്ഥമായി ഫണ്ടുപിരിവിന്‍റെ ക്രയവിക്രയം സ്വയം ഏറ്റെടുക്കുന്നു. പരിചയമുള്ളവരോ ഇല്ലാത്തവരോ ആരായാലും അവരെ മയക്കിയെടുത്ത് കാശ് സ്വന്തമാക്കാനുള്ള രാമഭദ്രന്‍റെ ആ കഴിവുണ്ടല്ലോ.......അപാരം

ഇത്തരം ബഹുമുഖ പ്രതിഭകള്‍ ഇത്തിരി താന്തോന്നിത്തം കാട്ടിയാലും ആരും അത് അത്ര കാര്യമാക്കില്ല. ഉവ്വോ? ഇല്ലെന്നാണ് പൊതുവിശ്വാസം.

രാമഭദ്രനെക്കുറിച്ച് പറയുമ്പോള്‍ ചില പഴയ കാര്യങ്ങള്‍ കൂടി ഇവിടെ പറയേണ്ടി വരും. വര്‍ഷങ്ങള്‍ക്കു മുന്പ്. നാട്ടില്‍ അമ്പലം വിഴുങ്ങി കമ്മറ്റിയിലെ ഒരു പ്രധാന പ്രവര്‍ത്തകനായിരുന്നു ഈ കഥാനായകന്‍. പണം ശേഖരിച്ച് വെട്ടി ആര്‍ഭാടമടിച്ചു. ചോദിച്ചവരോട് അലംബുണ്ടാക്കി. നാവിന്‍റെ കഴിവു കൊണ്ട് ഒരുവിധം പരിക്കു പറ്റാതെ രക്ഷപ്പെട്ടു. കാശ് കിട്ടിയാല്‍ പിന്നെ ഏതു കോരനാ മാറാത്തത്. രാമഭദ്രന്‍ അധികം താമസിയാതെ ഒരു പെണ്ണു കേസിലും അകപ്പെട്ടു. നാറിയെന്നത് രണ്ടുതരം. തടികേടാവാതിരിക്കാന്‍ പിന്നെ അവിടെനിന്ന് മുങ്ങുകയെ നിവര്‍ത്തിയുള്ളു. അസ്സലായി മുങ്ങി. പൊങ്ങിയത് ഈ നഗരത്തിലും

നഗരത്തിന്‍റെ ആര്‍ഭാടം രാമഭദ്രന് നന്നേ ബോധിച്ചു. പതുക്കെ അയാള്‍ പലതിലും ഇടപെട്ടു. നോക്കണെ, രാമഭദ്രന്‍റെ ഒരു രാശി. പറയുന്നപോലെ പ്രവര്‍ത്തിക്കുന്ന രാമഭദ്രന്‍ എന്ന പേര് അയാള്‍ നേടിയെടുത്തു. രാമഭദ്രന്‍ രാഷ്ട്രീയക്കാരന്‍റെ വേഷമിട്ടു. അനുയായികളെ സൃഷ്ടിച്ചു. പൊതുപ്രവര്‍ത്തകനെന്ന ഖ്യാതി നേടി. സമാജങ്ങള്‍ ഉണ്ടാക്കി. മറ്റു ചിലത് കുളംതോണ്ടി. നിലനില്‍പ്പിന് രാമഭദ്രന് ഏതറ്റംവരെ പോകാനും മടിയുണ്ടായില്ല. അനുയായികളുടെ ആശ്രിതവത്സനായി. ഇതൊക്കെ പോരെ നല്ലൊരു നേതാവാകാന്‍, ജനസമ്മതനാവാന്‍.

അങ്ങനെയൊരിക്കല്‍ സാമ്പത്തികമായി അവശതയനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ഫണ്ടു പിരിക്കാന്‍ സമാജം തീരുമാനിക്കുന്നു

എന്തിനേയും തന്‍റെ വഴിയ്ക്കു കൊണ്ടു വരുവാന്‍ രാമഭദ്രന് ഒരു പ്രത്യേക കഴിവുണ്ടായിരുന്നു. പിരിച്ചെടുത്ത കാശില്‍ എത്ര പേര്‍ക്ക് സഹായം കിട്ടിയെന്ന് ആര്‍ക്കുമറിയില്ല. രാമഭദ്രന്‍ അങ്ങനെയണ്. എല്ലാം കൈയിലൊതുങ്ങമ്പോള്‍ അയാളുടെ നിറം മാറും. പക്ഷെ എല്ലാവര്‍ക്കും ഒരു കാര്യമറിയാം. അതിനുശേഷമാണ് രാമഭദ്രന്‍ ഒരു പുതിയ ഫ്ലാറ്റ് വാങ്ങുന്നത്. അങ്ങനെ അയാള്‍ എന്തെല്ലാം വാങ്ങി. പലതും വാങ്ങി. അതാണ് ചിലരുടെ തലേലെഴുത്തെന്ന് പറയുന്നത്. അതൊന്നും വെറുതയുമല്ല. എല്ലാവര്‍ക്കും ഓരോരൊ വഴി എന്ന് പൊതുജനം തമ്മില്‍ പറഞ്ഞു

കുതികാല്‍ വെട്ടിനെക്കുറിച്ചും സ്വജന പക്ഷപാതത്തെക്കുറിച്ചും വായ്ത്താരി മുഴക്കുന്ന അഴിമതിയും അഴിഞ്ഞാട്ടവും നമ്മുടെ സമൂഹത്തിന്‍റെ വിപത്തായിരിക്കെ അതില്‍ നിന്നെല്ലാം വ്യത്യസ്തരായിരിക്കാന്‍ പുത്തന്‍ കൂറുകാരോടു ഉപദേശിക്കുന്ന രാമഭദ്രന്‍, ചര്‍ച്ചകളിലും സ്റ്റഡിക്ലാസുകളിലും തന്‍റെ അനര്‍ഗ്ഗളമായ വാഗ്ധോരണിയിലൂടെ അക്ഷരങ്ങളുടെ ചീട്ടുകൊട്ടാരത്തിനു മുമ്പില്‍ അന്ധാളിച്ചു നില്‍ക്കുന്ന യുവാക്കളോടു മുഴങ്ങുന്ന സ്വരത്തില്‍ അയാള്‍ പറയും - വായനയല്ല തിയറിയല്ല ജീവിതം; ജീവിതം പ്രാക്റ്റിക്കലാണ്. ഭാവനയല്ല സ്വപ്നമല്ല ജീവിതം; യാഥാര്‍ത്ഥ്യമാണ് ജീവിതം. ജീവിക്കാനുള്ളതാണു ജീവിതം. വെട്ടിപ്പിടിക്കുക കീഴടക്കുക - അതാണു ജീവിതം.

വിധി അലംഘനീയമാണ്. വില്ലുകുലക്കുമ്പോള്‍ വിറകൊള്ളുന്ന ജാണിന്‍റെ അസ്വാസ്ഥ്യത്തോടെ യുവാക്കള്‍ അയാളുടെ സാഗര ഗര്‍ജ്ജനം ശ്രവിക്കാന്‍ നിര്‍ബ്ബന്ധിതരായി

എങ്ങനെയും ജീവിക്കുക എന്നത് തത്വത്തില്‍ സ്വീകരിച്ച അയാള്‍ തനിക്ക് പുറം തിരിഞ്ഞു നില്‍ക്കുന്ന എന്തിനേയും ഒരുതരം കലാപാടവത്തോടെ നേരിട്ടു. അത്തരമൊരാള്‍ നേവിയിലുണ്ടായിരുന്ന സിവിലിയന്‍ ജോലി രാജിവച്ച് ഒരു പ്രൈവറ്റ് കമ്പനിയില്‍ സ്റ്റെനൊ ടൈപ്പിസ്റ്റായി ഉദ്യോഗത്തില്‍ കയറുമ്പോള്‍ അത്ഭുതപ്പെടേണ്ടതില്ല.

പക്ഷെ, അയാളെ അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ച അയാളുടെ സഹപ്രവര്‍ത്തകന്‍റെ രസികത്തമോ! രാമഭദ്രന്‍റെ സഹപ്രവര്‍ത്തകന്‍ പറഞ്ഞു - ഇന്ത്യാ പാക് യുദ്ധം ഉടനടി തീര്‍ച്ച. അണുവായുധങ്ങളുടെ മാറ്റുരച്ചു നോക്കല്‍ ജവാന്മാര്‍ക്ക് ഒരു ശ്വാസത്തിന്‍റെ ആയുസ്സു പോലും കൊടുക്കില്ല. പിന്നെ സിവിലിയന്മാരായ നമ്മള്‍ പടക്കോപ്പുമേന്തി യുദ്ധത്തിനു പോകേണ്ടി വരും....

ഇത്രയും മതിയായിരുന്നു അയാള്‍ക്ക്. ഇത്തിരിയില്‍ നിന്ന് ഒത്തിരി കാണുന്നവനാണു രാമഭദ്രന്‍. അയാള്‍ സിവിലിയന്‍ ജോലി രാജിവച്ചു നഗരത്തിലെ വെള്ളിവെളിച്ചത്തില്‍ ഉഴറുന്ന ലക്ഷം ലക്ഷങ്ങളില്‍ ഒരുവനായി.........

പച്ചനുണകളും പറഞ്ഞു ഫലിപ്പിക്കാന്‍ വിരുത് വേണം. അക്കാര്യത്തില്‍ രാമഭദ്രനെ വെല്ലാന്‍ ആരുണ്ട്? ഇല്ലെന്നു മാത്രമല്ല അയാള്‍ക്ക് ഏതു ജോലിയും അപ്രാപ്യവുമായിരുന്നില്ല. ചുരുക്കെഴുത്ത് വശമില്ലാത്ത രാമഭദ്രന്‍ കേട്ടെഴുത്ത് ലോങ്ങ് ഹാന്ഡില്‍ എഴുതിയെടുത്ത് പുതിയതായി ജോലിക്കു ചേര്‍ന്ന ചിന്നപ്പയ്യനെ ക്കൊണ്ട് ടൈപ്പ് ചെയ്യിച്ചു. അങ്ങനെ ഒരുപാടു ക്രെഡിറ്റുകള്‍ അയാള്‍ കമ്പനിയില്‍ നേടിയെടുത്തു. അപ്പോള്‍ അയാള്‍ മുതലാളിയുടെ സ്വന്തമാവുന്നത് സ്വാഭാവികം.......

"ടിക്കറ്റ്...ടിക്കറ്റ്...." കണ്ടക്റ്ററുടെ ശബ്ദം രാമഭദ്രന്‍ കേട്ടില്ല. അയാള്‍ നല്ല ഉറക്കത്തിലായിരുന്നു അപ്പോള്‍. സുഖ നിദ്ര. അയാള്‍ യാത്ര തുടര്‍ന്നു........

"ഒപ്പേര ഹൌസ്" കണ്ടക്ടര്‍ വിളിച്ചു പറഞ്ഞു.

രാമഭദ്രന്‍ കണ്ണു തുറന്നു. പിടഞ്ഞെഴുന്നേറ്റ്. അയാള്‍ ബ്രീഫ്കെയ്സ് തൂക്കി ധൃതിയില്‍ പുറത്തിറങ്ങി.

ആകാശ നീലിമയുടെ വര്‍ണ്ണമിയന്ന യൂനിഫോം വസ്ത്രധാരികള്‍ അയാളെ തടഞ്ഞു

"യുവര്‍ ടിക്കറ്റ് പ്ലീസ്"

രാമഭദ്രന്‍ പോക്കറ്റില്‍ നിന്ന് തന്‍റെ ഐഡിന്‍റിറ്റി കാര്‍ഡ് എടുത്തു നീട്ടി. ഏതോ കോഡു ഭാഷയാണെന്നു തോന്നത്തക്ക വിധം ചില ഗോഷ്ടികള്‍ കാട്ടി.

ഒരു വര്‍ഷത്തിനു മുമ്പ് നേവിയില്‍ സിവിലിയനായിരുന്നപ്പോള്‍ കൈവശമുണ്ടായിരുന്ന അയാളുടെ ഐഡിന്‍റി കാര്‍ഡിലേക്ക് യൂനിഫോം വസ്ത്ര ധാരികള്‍ സൂക്ഷിച്ചു നോക്കി...അതു കഴിഞ്ഞു രാമഭദ്രനേയും....

പിന്നെ അവിടെ നടന്നത് രാമഭദ്രന്‍റെ വക ഒരു അസ്സല്‍ കലാപ്രകടനമായിരുന്നു. കാഴ്ചക്കാരായി നിരവധി പേര്‍..

ഒടുവില്‍ ദുരൂഹമായ ആ കലാപ്രകടനത്തിന്‍റെ അമ്പരപ്പില്‍ ദൃക്സാക്ഷികള്‍ സത്യമറിഞ്ഞു - രാമഭദ്രന്‍ എവിടെ...........?

Thursday, January 21, 2010

Wednesday, January 20, 2010

നായ്ക്കാട്ടം പല കഷണങ്ങളാക്കിയാല്‍



ഒരു ചൊല്ലുണ്ട് - താന്‍ ഇരിക്കേണ്ടിടത്ത് താന്‍ ഇരുന്നില്ലെങ്കില്‍ അവിടെ നായ ഇരിക്കും. പഴം വാക്കല്ലെ. പതിരുണ്ടാവില്ല.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ഏറെക്കുറെ ശരിയുമാണ്. ഇവിടെ ആര്‍ക്കും പൊതുജനത്തിന്‍റെ തലയില്‍ മൂത്രമൊഴിക്കുകയൊ അപ്പിയിടുകയൊ ചെയ്യാം. ആര്‍ക്കും എവിടെയും തുപ്പാം. എവിടെയും വെളിയ്ക്കിറങ്ങാം. ആര്‍ക്കും ഭിക്ഷാടനം നടത്തി ലക്ഷങ്ങള്‍ ഉണ്ടാക്കാം. മണിചെയിന്‍ നടത്തി ആള്‍ക്കാരെ വഞ്ചിക്കാം. എവിടെയും ബോംബിടാം.ആരെയും കുത്തിക്കൊല്ലാം. തീവ്രവാദികള്‍ പൊതുജനത്തിനെ വെടിവെച്ച് കൊല്ലുന്നത് സകല മീഡിയയും തല്‍സമയ പ്രക്ഷേപണം നടത്തിയിട്ടും അവന് നീതികിട്ടാന്‍ കോടതിയില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ ചെലവിടാം. മേരാ ഭാരത് മഹാന്‍. അല്ലാതെന്തു പറയാന്‍.
ഇതൊക്കെ ഇന്ത്യാ മഹാരാജ്യത്തെ നടക്കു. പണ്ട് മേനക ഗാന്ധി മന്ത്രിയായിരുന്നപ്പോള്‍ ഒരു ഇണ്ടാസിറക്കി. തെരുവു നായ്ക്കളെ കൊല്ലരുത്. അതിനെ എന്തു ചെയ്യണമെന്ന് മേനക പറഞ്ഞില്ല. അതുകൊണ്ട് മുനിസിപ്പാലിറ്റിയും കോര്‍പ്പറേഷനും നായ് വേട്ട നിര്‍ത്തി. അവ തെരുവില്‍ പെറ്റുപെരുകി. സ്ഥലം പോരാഞ്ഞപ്പോള്‍ റെയില്‍വെസ്റ്റേഷനുകളിലേക്കും മറ്റുപൊതുസ്ഥലങ്ങളിലേക്കും കുടിയേറി.
നല്ല കാര്യം. നിയമം വരുന്നതോടെ മന്ത്രിമാരുടെ ഉത്തരവാദിത്വം തീര്‍ന്നു. അതിന് ഭവിഷ്യത്തുകള്‍ വല്ലതുമുണ്ടെങ്കില്‍ പൊതുജനം അനുഭവിച്ചു തീര്‍ക്കുക. കൊല്ലരുതെന്ന് പറഞ്ഞാല്‍ മാത്രം കടമ തീരുന്നില്ല. ഈ നായ്ക്കളെയൊക്കെ ആരു സംരക്ഷിക്കും. ഉടമകളുണ്ടാവുമ്പോഴെ സംരക്ഷണവും ഉത്തരവാദിത്വവും ഉണ്ടാവൂ എന്നു കൂടി സര്‍ക്കാര്‍ ഓര്‍ക്കണം
മുംബെ സബേര്‍ബന്‍ സ്റ്റേഷനുകളിലെ പതിവു കാഴ്ചയാണ് അലഞ്ഞു തിരിയുന്ന നായ്ക്കള്‍. മൂത്രമൊഴിക്കുന്ന നായ്ക്കള്‍, ഉറങ്ങുന്ന നായ്ക്കള്‍, കാവാത്തു നടത്തുന്ന നായ്ക്കള്‍, കടിപിടികൂടുന്ന നായ്ക്കള്‍ ഇങ്ങനെ പോവുന്ന നായ്ക്കളുടെ വക ഭേദങ്ങള്‍. ഇതൊന്നും റെയില്‍വെ കണ്ട മട്ടുമില്ല. ഇതൊക്കെ മനുഷ്യരും ചെയ്യുന്നതല്ലെ. പിന്നെയെന്താ നായക്കള്‍ക്കു ചെയ്താല്‍? അങ്ങനെയാവാം റെയില്‍വെ കരുതുന്നുണ്ടാവുക. മൃഗസ്നേഹത്തിന്നുള്ള അവാര്‍ഡ് ഇക്കുറിയെങ്കിലും റെയില്‍വെക്കു കൊടുക്കണം.
ഇത്രയും ജനനിബിഡമായ സ്റ്റേഷനുകളില്‍ പട്ടിയും പാമ്പും പെരുച്ചാഴിയും വിഹരിച്ചാല്‍ റെയില്‍വെക്ക് എന്തു ചേതം? നഷ്ടം പൊതുജനത്തിന് മാത്രം.
വലിയ ഗീര്‍വാണങ്ങളടിച്ചു നടക്കുന്ന മന്ത്രിമാര്‍ക്ക് ഇതൊക്കെ നോക്കാന്‍ നേരമെവിടെ! റെയില്‍വെക്ക് ഏറ്റവും കൂടുതല്‍ റവന്യൂ നേടികൊടുക്കുന്ന മുംബെ റീജ്യനെ അവഗണിക്കുന്നതില്‍ റെയില്‍ മന്ത്രാലയം എന്നും മുന്നിലുണ്ട്. ഒരൊറ്റെ പ്രതിവിധിയെയുള്ളു - ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്ന യു.പി.ക്കാരനെയും ബീഹാറിയേയും പോലെ മുംബെക്കാരനും യാത്ര ചെയ്യുക
അടുത്തിടെ ഒരു പത്ര വാര്‍ത്ത കണ്ടു - ദീര്‍ഘദൂര ട്രെയിനുകളില്‍ അവസാനത്തെ ബോഗി അടച്ചിടുന്നു. അതില്‍ ജനം യാത്ര ചെയ്യേണ്ടേന്നാണ് റെയില്‍വെയുടെ തീരുമാനം. തണുപ്പുകാലത്ത് മൂടല്‍മഞ്ഞു കാരണം അപകടങ്ങള്‍ ഉണ്ടാവാന്‍ സാദ്ധ്യതയുള്ളതുകൊണ്ട് അവസാന ബോഗിയിലുള്ളവര്‍ക്ക് പരിക്കുകള്‍ പറ്റാതിരിക്കാനാണത്രെ ഈ തീരുമാനം. എന്തൊരു ദീര്‍ഘദൃഷ്ടി!
ഒരു കാര്യത്തില്‍ മമ്തയ്ക്കും ഇ.അഹമ്മദിനും അഭിമാനിക്കാം. അവരുടെ സാമ്രാജ്യത്തില്‍ സഹജീവികള്‍ക്കും സ്ഥാനമുണ്ടെന്ന് തെളിയിച്ചതിന്. എല്ലാ മതങ്ങളും പഠിപ്പിക്കുന്നതും അതാണല്ലോ.



ഇവരെയൊക്കെ

പറഞ്ഞിട്ടെന്താ കാര്യം. നായ്ക്കാട്ടം പല കഷണങ്ങളാക്കി അതില്‍ ഏതാ നല്ലതെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളു. അതുപോലെത്തന്നെയാണ് രാഷ്ട്രീയ പാര്‍ട്ടികളും മന്ത്രിമാരും അവരുടെ ശിങ്കിടികളായ ഉദ്യോഗസ്ഥ വൃന്ദവും.
എല്ലാം ഒരുപോലെ.

Tuesday, January 19, 2010

നവരസങ്ങള്‍



Monday, January 18, 2010

മുംബെ മാരത്തോണ്‍ 2010

മുംബെ മാരത്തോണ്‍ - എല്ലാ വര്‍ഷവും ജനുവരിയില്‍ നടത്തിവരുന്ന അന്താ രാഷ്ട്ര റോഡ് ഓട്ട മത്സരം. ഈ മത്സരം ആരംഭിച്ചത് 2004-ല്‍. 2010 ലെ മുംബെ മാരത്തോണ്‍ ജനുവരി 17-ന് ആയിരുന്നു.
ഏറ്റവും വേഗതയേറിയ ഓട്ടത്തിന് മുഴുവന്‍ മാരത്തോണ്‍/പകുതി മാരത്തോണ്‍ പുരുഷനും സ്ത്രീക്കും പ്രത്യേകം പ്രത്യേകം 31,000/- ഡോളര്‍ സമ്മാനത്തുക. ഇതിനു പുറമെ ഏറ്റവും വേഗത്തിലോടുന്ന ഇന്ത്യന്‍ പൌരത്വമുള്ള സ്ത്രീക്കും പുരുഷനും 2250/- ഡോളര്‍ വീതം സമ്മാന തുക - മുഴുവന്‍ മാരത്തോണും പകുതി മാരത്തോണും.
മത്സര വിഭാഗങ്ങള്‍
മുഴവന്‍ മാരത്തോണ്‍ (42.195 kms)
പകുതി മാരത്തോണ്‍ (21.097 kms),
സ്വപ്ന ഓട്ടം (6 kms),
വൃദ്ധന്മാര്‍ക്കുള്ള ഓട്ടം (4.30 kms),
വികലാംഗരുടെ ഓട്ടം - wheelchair event (2.50 kms)
കുറച്ച് ചരിത്രം

സ്റ്റാന്‍റേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്കിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന 'The greatest race on Earth' (ഭൂമിയിലെ ഓട്ട മാമാങ്കം) ന്‍റെ ഭാഗമായിട്ടാണ് മുംബെ മാരത്തോണ്‍. നാലു ഭാഗങ്ങളായി സംഘടിപ്പിക്കുന്ന ഈ മാരത്തോണിന്‍റെ മറ്റു മത്സരങ്ങള്‍ സിംഗപ്പൂര്‍ മാരത്തോണ്‍, നെയ്റോബി മാരത്തോണ്‍ ഹോങ്കോങ്ങ് മാരത്തോണ്‍ എന്നിവയാണ്.

2010-ല്‍ IAAF ന്‍റെ Gold Label Road Race എന്ന അംഗീകാരവും ഈ മാരത്തോണിന് ലഭിച്ചു. ഇതിനെ ഏറ്റവും വിലപിടിപ്പുള്ള അംഗീകാരമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

Friday, January 15, 2010

യേശുദാസിന് പ്രണാമം