Thursday, August 6, 2009

കഥയില്ലായ്മകള്‍

ആമുഖം

24 വര്‍ഷം പിന്നിലേക്ക് ഓര്‍മ്മകളുടെ സ്റ്റിയറിങ്ങ് തിരിക്കുകയാണ്. ശിവദാസന്‍റെ കത്ത് - അവന് ഗള്‍ഫിലേക്കുള്ള വിസ ശരിയായി. ബോംബേയിലേക്ക്(മുംബെ) വരുന്നു. ഞാനും സുര്‍ക്കറും ഇവിടെ ഉണ്ടായിരിക്കണം. അതായിരുന്നു കത്തിന്‍റെ ഉള്ളടക്കം. നിശ്ചയിച്ച ദിവസം സുര്‍ക്കറും ഞാനും ദാദര്‍ സ്റ്റേഷനില്‍ എത്തി ശിവദാസനെ കെട്ടിയെടുത്തു. നേരെ സുര്‍ക്കര്‍ താമസിച്ചിരുന്ന കിങ്സര്‍ക്കിളിലെ സി.ജി.എസ് ക്വാര്‍ട്ടേഴ്സിലേക്ക്. പിറ്റെ ദിവസം ശിവദാസന് ഗള്‍ഫിലേക്ക് പറക്കണം.

ശിവദാസനും സുര്‍ക്കറും ഞാനും കോളെജില്‍ സഹപാഠികളായിരുന്നു. സുര്‍ക്കറും ഞാനും ഡിഗ്രി കഴിഞ്ഞപ്പോള്‍ നാട്ടില്‍നിന്നും പെട്ടിയുംതൂക്കി പുറപ്പെട്ടു പ്രവാസിയായി. ശിവദാസന്‍ പിന്നെയും രണ്ടുകൊല്ലം കൂടി പഠിച്ച് മാസ്റ്റേഴ്സായി, സമാന്തരത്തില്‍ പഠിപ്പിക്കാനെത്തി.

ഒടുവില്‍ സമാന്തര ജീവിതം അവസാനിപ്പിച്ച് ഗള്‍ഫ് പരീക്ഷണത്തിനുള്ള പുറപ്പാടുമായി എത്തിയിരിക്കുന്നു. പല വര്‍ത്തമാനങ്ങള്‍ക്കുമൊടുവില്‍ ശിവദാസന്‍ കുറച്ചു കത്തുകള്‍ എന്‍റെ കൈവശം തന്ന് വായിച്ച് അഭിപ്രായം പറയാന്‍ പറഞ്ഞു. ആ കത്തുകള്‍ ഭാരതിയുടേതായിരുന്നു. ഭാരതിയും ഞങ്ങളുടെ കോളെജ് സഹപാഠിയായിരുന്നു. പിന്നീട് ഭാരതിയും ശിവദാസനും ഒരേ സമാന്തരവാസികളായി അദ്ധ്യാപനത്തിലും.

വായന കഴിഞ്ഞ് ഒന്നും പറയാതെ കത്തുകള്‍ ഞാന്‍ ശിവന് തിരിച്ചുകൊടുത്തു.

നിന്‍റെ, അഭിപ്രായം? - ശിവന്‍ വീണ്ടും ചോദിച്ചു. ഭാരതി, നിന്നെ ആഴത്തില്‍ ഇഷ്ടപ്പെടുന്നു- ഞാന്‍ ഉത്തരം വളരെ ലളിതമായി പറഞ്ഞു. പക്ഷെ, അതല്ലല്ലോ, കാര്യം. what about you?. യതൊരു സംശയവുമില്ലാതെ ശിവന്‍ പറഞ്ഞു - ഭാരതി നല്ലൊരു സുഹൃത്താണ്.

അതിലപ്പുറമൊന്നുമില്ലേ? ഞാന്‍ ചോദിച്ചു. അതിന് ശിവന്‍ മറുപടിയൊന്നും തന്നില്ല.

പിറ്റേന്ന് എയര്‍പോര്‍ട്ടില്‍വച്ച് ഭാരതിയുടെ കത്തുകള്‍ എനിക്ക് നീട്ടി ശിവന്‍ പറഞ്ഞു - ഈ കത്തുകള്‍ നിന്‍റെ പക്കല്‍ ഇരിക്കട്ടെ. ഇതൊപ്പം കൊണ്ടുപോയാല്‍ ഒരുപക്ഷെ എന്‍റെ മനഃസമാധാനം നഷ്ടപ്പെട്ടേയ്ക്കും.

ഒട്ടൊരു ദേഷ്യത്തോടെ ഞാന്‍ ശിവനെ നോക്കി. അപ്പോള്‍ ശിവന്‍ പറഞ്ഞു - Yes I mean it. ഒരു കഥയ്ക്കുള്ള സ്കോപ്പ് ഇതില്‍ ധാരാളമുണ്ട്.

പിന്നെ അവന്‍ ചിരിച്ചു. ആ കത്തുകള്‍ ബലമായി എന്നെ എല്‍പ്പിച്ചു

അതിനുശേഷം ഞാനൊരിക്കലും ശിവനെ കണ്ടിട്ടില്ല. കുറച്ചുകാലം ഞങ്ങള്‍തമ്മില്‍ കത്തുകളിലൂടെ ബന്ധപ്പെട്ടിരുന്നു. പിന്നെയെപ്പോഴോ അതും നിലച്ചു.

. മുന്‍പൊക്കെ ഞാന്‍ നാട്ടിലെത്തുമ്പോള്‍ ഭാരതിയുടെ വീട്ടില്‍ ചെല്ലുമായിരുന്നു. സംഭാഷത്തിനിടയില്‍ ശിവന്‍ കടന്നുവരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. ഇപ്പോള്‍ ഭാരതിയെ കണ്ടിട്ട് 10 വര്‍ഷത്തില്‍ കൂടുതലായിരിക്കും.

ഇനി ഈ കഥ പറയാനുള്ള സമയമായെന്നു തോന്നുന്നു..........

**************

ദുസഃഹമായ വിടപറയലിന്‍റെ വേദനയോടെ ശിവദാസന്‍ കോളെജിലെ അവസാന ക്ലാസെടുത്തു തീര്‍ത്തു.

പിന്നീട് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് ശിവദാസന് സെന്‍റ് ഒഫ് പാര്‍ട്ടി നല്‍കി. വിദ്യാര്‍ത്ഥികളില്‍ ചിലര്‍ തലകുമ്പിട്ട് മുഖം മറയ്ക്കുന്നുണ്ടായിരുന്നു.

"നാളെ പൂവ്വല്ലേ. ഒരുക്കങ്ങള്‍ തീര്‍ത്ത് അരമണിക്കൂറെങ്കിലും ഇവിടെ വന്നിട്ടു പോവൂ. എനിക്ക് ക്ലാസെടുക്കാന്‍ പഠിപ്പിച്ചു തന്ന ആളല്ലേ. എന്‍റെ ക്ലാസു കണ്ടുതന്നെ വേണം ശിവന്‍ വിടപറയാന്‍. എന്‍റെ മനഃസമാധാനത്തിനാണെന്ന് കരുതിക്കോളു" വിരുന്ന് അവസാനിച്ചു പിരിയുമ്പോള്‍ ഭാരതി ടീച്ചര്‍ ശിവദാസനോട് ആവശ്യപ്പെട്ടു

ഭാരതി ടീച്ചറെ എന്തു പറഞ്ഞു സാന്ത്വനിപ്പിക്കണമെന്ന് ശിവദാസന് അറിയില്ലായിരുന്നു. അയാള്‍ ഭാരതി ടീച്ചറുടെ ഇരുകരങ്ങളും ചേര്‍ത്തുപിടിച്ച് മനസ്സില്‍ പറഞ്ഞു - പ്രിയപ്പെട്ട പെണ്കുട്ടീ, നിനക്ക് നല്ലതേ വരൂ...........

ബുധനാഴ്ച വൈകുന്നേരം നാലുമണി

ഭാരതി ടീച്ചര്‍ അസ്വസ്ഥയായി സ്റ്റാഫ് റൂമില്‍ ഇരുന്നു. ശിവദാസന്‍ ട്രെയിന്‍ കയറുന്ന ദിവസമാണിന്ന്. യാത്രയാക്കാന്‍ സ്റ്റേഷനില്‍ പോകണമെന്ന് ഭാരതി വിചാരിച്ചതായിരുന്നു.........കഴിഞ്ഞില്ല.......

കോളെജ് വിട്ട് കുട്ടികള്‍ പറ്റം പറ്റമായി നടന്നു പോവുന്നു......കുട്ടികളില്‍ ഒരാളായി മാറാറുള്ള ശിവദാസന്‍.......വേണ്ട, ഒന്നും ഓര്‍ക്കേണ്ട്.........

സ്റ്റാഫ് റൂമില്‍നിന്നു മിക്കവരും പൊയ്ക്കഴിഞ്ഞിരുന്നു......സ്പെഷ്യല്‍ ക്ലാസെടുക്കുന്ന സുലൈമാന്‍ മാഷുടെ ശബ്ദം മാത്രം ഉറക്കെ കേള്‍ക്കുന്നുണ്ട്.

ശിവദാസന്‍ സ്റ്റാഫ് റൂമില്‍ നിറഞ്ഞു നില്‍ക്കുന്നതായി ഭാരതിയ്ക്കു തോന്നി. കുറച്ചു നേരെത്തെക്കെങ്കിലും ശിവന്‍ കോളെജില്‍ വരുമെന്ന് അവള്‍ പ്രതീക്ഷിച്ചിരുന്നു. അവസാന നിമിഷത്തിലും അവളുടെ ആശ നശിച്ചിരുന്നില്ല.

ശിവദാസനെ അന്വേഷിച്ച് കുറച്ചു മുമ്പ് കൃഷ്ണമോഹന്‍ വന്നിരുന്നു. ശിവന്‍ വരാമെന്ന് ഏറ്റിരുന്നുവത്രെ!

"ശിവനും പോയീല്ലേ" വന്ന ഉടനെ കൃഷ്ണമോഹന്‍ ചോദിച്ചു........ഭാരതി ടീച്ചര്‍ ഒരക്ഷരം ഉരിയാടാതെ അപ്പോള്‍ മിഴിച്ചിരുന്നു. എന്നിട്ട് അവളോട് ചോദിച്ചു "മരുഭൂമിയിലുള്ള ശിവേട്ടന്‍റെ വര്‍ത്തമാനം എന്തൊക്കെയാണ് ടീച്ചറെ"

പണ്ട് കൃഷ്ണമോഹന്‍ അങ്ങനെ കളിയാക്കുമായിരുന്നു ചിലപ്പോഴൊക്കെ. എല്ലാം നേരമ്പോക്കായിരുന്നെങ്കിലും ഉടനെ ശിവന് ഗള്‍ഫില്‍ എത്താറായില്ലേ!

"വരാനുള്ളത് വഴിയില്‍ തങ്ങ്വോ കുട്ടീ" ശിവന്‍ ഇടയ്ക്കെല്ലാം പ്രയോഗിക്കാറുള്ള ആ വരികള്‍ ഭാരതി ഓര്‍ത്തു.

ഭാരതി കണ്ണുകള്‍ അമര്‍ത്തിയടച്ചു. ഒരിറ്റു കണ്ണീര്‍ മേശപ്പുറത്തേക്ക്. അവളുടെ മിഴികള്‍ മേശക്കുചുറ്റും എന്തിനോ വേണ്ടി പരതി നടന്നു.

ഇപ്പോള്‍ സമയം വൈകുന്നേരം 4.20

ശിവനും ഭാരതിയും കോളെജില്‍ നിന്ന് ഒരുമിച്ചിറങ്ങാറുള്ള സമയം. അവര്‍ ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ ചിന്നന്‍റെ കുട്ടികള്‍ പാലുകൊണ്ടുപോകുന്നത് കാണുമായിരുന്നു. അവരോടെന്തെങ്കിലും തമാശ പറയുന്നത് ശിവന്‍റെ പതിവാണ്

"മാഷെവിടെ" ചിന്നന്‍റെ കുട്ടികള്‍ ചോദിച്ചു.

ഇല്ലെന്നര്‍ത്ഥത്തില്‍ അവള്‍ തലയാട്ടി

ശിവാ, ഇനി ഞാന്‍ കാക്കുന്നില്ല. ഇവിടെ ഇരുന്നാല്‍ എനിക്ക് ഭ്രാന്ത് പിടിക്കുകയേയുള്ളു

വഴിയില്‍വച്ച് കുഞ്ഞുട്ടനെ കണ്ടു. "മാഷ് പോയി ല്ലേ" കുഞ്ഞുട്ടന്‍ ചോദിച്ചു. ഭാരതി പ്രതികരിക്കാതെ നടന്നു.കുഞ്ഞുട്ടന്‍റെ മകന്‍ പഠിക്കുന്നത് ശിവന്‍റെ കാരുണ്യത്തിലാണ്. ആ കുട്ടിയുടെ പഠനം മുടങ്ങാതിരിക്കാനുള്ള മുന്‍കരുതല്‍ ശിവന്‍ ചെയ്തിട്ടുണ്ട്. അത് കുഞ്ഞുട്ടനോട് പറഞ്ഞിട്ടുമുണ്ട്.......

ബസ്സു വന്നു. കുട്ടികള്‍ സീറ്റു പിടിച്ചു വച്ചിരുന്നു. തൊട്ടുപുറകിലെ സീറ്റില്‍ ശിവദാസനും ഉണ്ടാകാറുണ്ട്, എന്നും...... "മാഷടെ ഫ്ലൈറ്റ് എത്ര മണിയ്ക്കാ, ടീച്ചറെ" കണ്ടക്ടര്‍ കൃഷ്ണന്‍കുട്ടി ഭാരതിയോടു ചോദിച്ചു. അവള്‍ ഒന്നും മിണ്ടാതെ കൃഷ്ണന്‍കുട്ടിക്ക് പൈസ നീട്ടി.

ഇന്ന് ശിവദാസന്‍റെ ഊഴമാണ്. ഭാരതിയും ശിവദാസനും ഊഴമിട്ടാണ് ബസ് ചാര്‍ജ് കൊടുത്തിരുന്നത്. അവളുടെ മിഴികള്‍ നനയാന്‍ തുടങ്ങിയപ്പോള്‍ അവള്‍ പുറം കാഴ്ചയിലേക്ക് കണ്ണുകള്‍ പായിച്ചു.

"ടീച്ചര്‍ക്കെന്താ സുഖല്യേ" ബാക്കി പൈസ തിരിച്ചുകൊടുക്കുമ്പോള്‍ കൃഷ്ണന്‍കുട്ടി ചോദിച്ചു.

ഭാരതി എന്തു പറയാന്‍! അവളുടെ മനസ്സില്‍ അസ്വസ്ഥകളുടെ കനല്‍ക്കട്ടകള്‍ എരിഞ്ഞു കനത്തിരുന്നു. കണ്ണില്‍ നനവു പടര്‍ന്നതറിഞ്ഞപ്പോള്‍ ഭാരതി തലകുമ്പിട്ടു. സാരിത്തല്‍പ്പുകൊണ്ട് മുഖം അമര്‍ത്തിത്തുടച്ചു.

"ടീച്ചറെ ഇറങ്ങാറായി" കൃഷ്ണകുട്ടി വിളിച്ചു പറഞ്ഞു.

ഭാരതി പുറത്തിറങ്ങി. താഴെ കൃഷ്ണന്‍കുട്ടി നിന്നിരുന്നു. അയാള്‍ ഭാരതിയോടു പറഞ്ഞു "ടീച്ചറെ, ശിവന്‍ മാഷക്ക് നൂറു ഉറുപ്പിക കൊടുക്കാനുണ്ടായിരുന്നു. കുറച്ചു ദിവസം മുമ്പെ മാഷെ ടൌണില്‍ വച്ച് കണ്ടു. ഏതോ ഒരു പ്രോഗ്രാമിനു വന്നതാണ്. ഇളയ ചെക്കന് സുഖമുണ്ടായിരുന്നില്ല. മരുന്നു മേടിക്കാന്‍ എന്താ ചെയ്യാ എന്ന് വിചാരിക്കുമ്പോഴാണ് ശിവന്‍ മാഷെ കണ്ടത്. കടം ചോദിച്ചു. ഒരു മടിയും ഇല്ലാതെ കാശ് തന്നു. പിന്നത് കൊടുക്കാന്‍ തരായീല്ല."

"അതിനെന്താ, ശിവന്‍ തിരിച്ചു വരുമ്പോള്‍ കൊടുത്തോളു" ഭാരതി പറഞ്ഞു.

"അതും ശര്യാ. അപ്പോ, അങ്ങനെ ചെയ്യാം ല്ലേ" കൃഷ്ണന്‍കുട്ടി ചിരിച്ചു. പിന്നെ വിസിലടിച്ചു. ബസ് വീണ്ടും യാത്ര തുടങ്ങി......