Monday, May 31, 2010

പാക്കമെന്ന ഗ്രാമവും സായിപ്പന്‍‌മാരും




Children
PRO
PRO
ചെന്നൈയില്‍ നിന്ന് ഏകദേശം ഒരു മണിക്കൂറോളം സഞ്ചരിച്ചാല്‍ പാക്കം എന്ന ഗ്രാമത്തിലെത്താം. തെങ്ങും വാഴത്തോപ്പുകളും പശുക്കളും ഒക്കെയുള്ളൊരു തനി കുഗ്രാമം. അവിടെയാണ് ദരിദ്രരായ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സേവാലയ എന്ന ഓര്‍ഫനേജ് സ്ഥിതിചെയ്യുന്നത്. കാലിഫോര്‍ണിയയില്‍ നിന്നുള്ള ‘ചില്‍‌ഡ്രന്‍‌സ് ആര്‍ട്ട്‌സ് വില്ലേജി’ന്റെ സന്നദ്ധപ്രവര്‍ത്തകരും ‘ആദി ആര്‍ട്ട്‌സ് അക്കാദമി’ എന്ന സംഘടനയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ആര്‍ട്ട് ക്യാമ്പില്‍ സംബന്ധിക്കാനും പരിപാടി കവര്‍ ചെയ്യാനും ക്ഷണം ലഭിച്ചതിനാല്‍ രണ്ട് ജേണലിസ്റ്റ് സുഹൃത്തുക്കള്‍ക്കൊപ്പം ഞാനും കൂടി.

പൊരിവെയിലില്‍ വിയര്‍ത്ത് കുളിച്ചായിരുന്നു ഞങ്ങളുടെ യാത്ര. ചൂട് സഹിക്കവയ്യാതായപ്പോള്‍ ആവഡിയില്‍ വണ്ടിനിര്‍ത്തി ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച് ഉഷാറായി. അല്‍‌പം വിശ്രമിച്ചതിന് ശേഷം യാത്ര തുടര്‍ന്നു. ആവഡിയില്‍ നിന്ന് തിരുവള്ളൂരിലേക്ക് പോകുന്ന പാതയില്‍ നിന്ന് വലതുവശത്തേക്ക് തിരിഞ്ഞ് പിന്നെയും സഞ്ചരിക്കണം പാക്കമെത്താന്‍. ആവഡി - തിരുവള്ളൂര്‍ മെയിന്‍ റോഡില്‍ നിന്ന് ഉള്ളില്‍ കടന്നതോടെ ചൂട് സ്വല്‍‌പമൊന്ന് കുറഞ്ഞു. കുറച്ചുകൂടി ഉള്ളിലേക്ക് പോയപ്പോള്‍ ശരിക്കുമൊരു തമിഴ് ഗ്രാമത്തിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.

ചൂട് തണുപ്പിക്കാന്‍ തടാകത്തിലിറങ്ങി നില്‍ക്കുന്ന പോത്തിന്‍‌കൂട്ടം, ചെറിയ കോയിലുകള്‍, മണ്ണുകൊണ്ട് തട്ടിപ്പൊത്തി ഉണ്ടാക്കിയ കൂരകള്‍, വേനല്‍‌ക്കാല അവധിയായതിനാല്‍, കുടുസുവഴികളില്‍ കളിച്ച് തിമിര്‍ക്കുന്ന കരുമാടിക്കുട്ടന്മാര്‍, ആടുമേച്ചുനടക്കുന്ന ദുരിതവാര്‍ദ്ധക്യങ്ങള്‍...

കാലിഫോര്‍ണിയയില്‍ നിന്ന് വന്നിട്ടുള്ള അമേരിക്കന്‍ സായിപ്പന്‍‌മാര്‍ക്ക് ഈ കുഗ്രാമത്തില്‍ എന്തുചെയ്യാന്‍ കഴിയുമെന്നായിരുന്നു ഞങ്ങളുടെ ചിന്ത. സഞ്ചരിച്ചുകൊണ്ടിരിക്കേ, വഴിയുടെ അതിരുകള്‍ ചുരുങ്ങി വന്നു. ഒരു വലിയ കാറിന് കഷ്ടിച്ച് കടന്നുപോകാന്‍ മാത്രം പാകത്തിലുള്ള വഴിയിലൂടെയാണ് ഞങ്ങള്‍ സേവാലയ ലക്ഷ്യമാക്കി സഞ്ചരിച്ചുകൊണ്ടിരുന്നത്.

അവസാനം സേവാലയ എന്നെഴുതിയ ഒരു ബോര്‍ഡിന് മുന്നില്‍ ഞങ്ങളെത്തി. മതില്‍‌ക്കെട്ടിനുള്ളില്‍ കടന്നതോടെ ഹരിതസ‌മൃദ്ധി ഞങ്ങളുടെ വിയര്‍പ്പാറ്റി. നാല് ദിവസമായി നടന്നുകൊണ്ടിരിക്കുന്ന ക്യാമ്പിന്റെ അവസാന ദിവസത്തിലാണ് ഞങ്ങള്‍ എത്തിയത്. സമയം ഒന്ന് കഴിഞ്ഞിരിക്കുന്നു. ക്യാമ്പ് നടക്കുന്ന ഹാളിലേക്ക് ഞങ്ങള്‍ നടന്നു.

ഹാളിനുള്ളില്‍ ആരുമുണ്ടായിരുന്നില്ല. എന്നാല്‍ അതിനുള്ളില്‍ കണ്ട അത്ഭുതക്കാഴ്ചകള്‍ ഞങ്ങളെ ശരിക്കും വിസ്മയിപ്പിച്ചു. ടെറക്കോട്ടയും മണ്ണും മരവും കടലാസും പള്‍‌പ്പും ഉപയോഗിച്ച് രൂപങ്ങളുടെയും വര്‍ണങ്ങളുടെയും ഒരു മായികപ്രപഞ്ചം ഹാളിനുള്ളില്‍ ഒരുങ്ങിയിരിക്കുന്നു! ഞങ്ങള്‍ വന്നതറിഞ്ഞ് ആദി ആര്‍ട്ട്‌സ് അക്കാദമിയിലെ സാലൈ മാണിക്കം ഞങ്ങളെ സ്വീകരിക്കാനെത്തി. കൃത്യം സമയത്തുതന്നെ ക്യാമ്പിന്റെ സമാപനച്ചടങ്ങുകള്‍ കഴിഞ്ഞെന്നും എല്ലാവരും ആഹാരം കഴിച്ചുകൊണ്ടിരിക്കുകയാണെന്നും സാലൈ മാണിക്കം ഞങ്ങളെ അറിയിച്ചു.

ക്യാമ്പില്‍ പങ്കെടുത്ത കൊച്ചുകുട്ടികള്‍ തീര്‍ത്ത കരവിരുതിന്റെ നിര്‍മിതികള്‍ ഓരോന്നായി ഞങ്ങള്‍ ആസ്വദിക്കാന്‍ തുടങ്ങി. ഇടയ്ക്കിടക്ക് ഗ്രാമത്തില്‍ നിന്നുള്ള കലാസ്വാദകര്‍ ഹാളില്‍ സന്ദര്‍ശിക്കാന്‍ എത്തിക്കൊണ്ടിരുന്നു. പാക്കം ഗ്രാമത്തിലെ കുട്ടികള്‍ തന്നെയാണോ ഹാളിലെ മായികക്കാഴ്ചയ്ക്ക് പിന്നിലെന്ന് ചിലരുടെ കണ്ണുകളെങ്കിലും അത്ഭുതപ്പെടുന്നത് ഞങ്ങള്‍ കണ്ടു.

അടുത്ത പേജില്‍ വായിക്കുക, ‘സായിപ്പ് ഇന്ത്യയില്‍ വരുന്നതെന്തിന്?

Pakkam village in Chennai and Children's Arts Village | പാക്കമെന്ന ഗ്രാമവും സായിപ്പന്‍‌മാരും

ബുദ്ധിമുട്ട്

യശശഃരീരനായ ആല്‍ബര്‍ട്ട് ഐന്സ്റ്റീന്‍ പണമിടപാടുകളുടെ കാര്യത്തെപ്പറ്റി അല്‍പ്പംപോലും ശ്രദ്ധിക്കാത്ത പ്രകൃതക്കാരനായിരുന്നു.  യൂറോപ്പില്‍നിന്ന് അദ്ദേഹം അമേരിക്കയിലെത്തിയ കാലത്ത് മുന്പിന്‍ നോക്കാത്ത ഒരു സ്നേഹിതന്‍ ഐന്സ്റ്റീനെക്കൊണ്ട് 'അതിലും ഇതിലും' ഒക്കെ നിക്ഷേപിപ്പിച്ചു.  എന്നാല്‍ ഭാഗ്യവശാല്‍ അദ്ദേഹത്തിന്‍റെ മറ്റൊരു സുഹൃത്ത് ഉടന്‍ തന്നെ അവ പിന്‍വലിപ്പിച്ച്, സുരക്ഷിത നിക്ഷേപങ്ങളില്‍ ഉള്‍പ്പെടുത്തി


.അടുത്ത ഇരുപതുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരിക്കല്‍പോലും ഐന്സ്റ്റീന്‍ തന്‍റെ സുഹൃത്തിനോട് ഈ നിക്ഷേപങ്ങളില്‍പ്പെട്ട തന്‍റെ പണത്തെപ്പറ്റി ചോദിക്കുകയുണ്ടായില്ല.  എങ്കിലും ആ സ്നേഹിതന്‍ ഐന്‍സ്റ്റീനെ സന്ദര്‍ശിച്ച് നിക്ഷേപങ്ങളുടെ ഇപ്പോഴത്തെ മാര്‍ക്കറ്റുവില ഏതാണ്ട് രണ്ടുലക്ഷത്തോളം ഡോളര്‍ ആയിട്ടുണ്ടെന്ന് ധരിപ്പിക്കുകയുണ്ടായി.  സ്നേഹിതന്‍റെ സംഭാഷണത്തെ അറുത്തുമുറിച്ചുകൊണ്ട് ഐന്സ്റ്റീന്‍ പറഞ്ഞിതിങ്ങനെയായിരുന്നു :-

'ആപേക്ഷിക സിദ്ധാന്തം കൊണ്ട് ഞാന്‍ നിങ്ങളെ ബുദ്ധിമുട്ടിക്കാറില്ല.  പിന്നെ സ്റ്റോക്കുകളും ബോണ്ടുകളും കൊണ്ട് നിങ്ങള്‍ എന്നെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത്?"

( കുങ്കുമം മാസിക, മെയ് 2010)

‘നീലാംബരി’ നഷ്ടമായിട്ട് ഇന്ന് ഒരു വര്‍ഷം


PRO
മലയാളത്തിന്‍റെ പ്രിയപ്പെട്ട കഥാകാരി കാലയവനികക്കുള്ളിലേക്ക് മറഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം. പക്ഷെ, മലയാളിയുടെ മനസ്സില്‍ നിന്ന് ഈ കഥാകാരി ഇതുവരെ ഇറങ്ങിപ്പോയിട്ടില്ല. അതെ, മലയാളിയുടെ പ്രിയസാഹിത്യകാരി മാധവിക്കുട്ടി അല്ലെങ്കില്‍ കമല ദാസ് അതുമല്ലെങ്കില്‍ കമല സുരയ്യ ഓര്‍മ്മയായിട്ട് ഇന്ന് ഒരു വര്‍ഷമാകുകയാണ്.

സ്വയം കണ്ടെത്തിയ വഴിയേ ആയിരുന്നു മാധവിക്കുട്ടിയുടെ ജീവിതയാത്ര. പിന്നിട്ട വഴികളില്‍ അനശ്വരതയുടെ അലുക്കുകളുമായി നില്‍ക്കുന്ന അക്ഷരക്കൂട്ടങ്ങളെയും സൃഷ്‌ടിച്ചു. വഴിമാറി നടന്ന അവരുടെ സാഹിത്യ ജീവിതത്തെ അപവാദങ്ങള്‍ കല്ലു പോലെ പൊതിഞ്ഞപ്പോള്‍, അതിനെയെല്ലാം മൂടല്‍മഞ്ഞു പോലെ നീക്കി കളയാന്‍ അവര്‍ക്ക് കഴിഞ്ഞു.

കവയിത്രി ബാലാമണിയമ്മയുടേയും മാതൃഭൂമി മുന്‍ മാനേജിങ്‌ എഡിറ്റര്‍ വി എം നായരുടേയും മകളായി 1932 മാര്‍ച്ച്‌ 31ന്‌ പാലക്കാട്ട്‌ പുന്നയൂര്‍ക്കുളത്ത്‌ നാലപ്പാട്ടു തറവാട്ടിലായിരുന്നു കമലാസുരയ്യയുടെ ജനനം. മാധവിക്കുട്ടി എന്ന പേരില്‍ മലയാളത്തില്‍ ചെറുകഥകളും നോവലുകളും കമലാദാസ്‌ എന്ന പേരില്‍ ഇംഗ്ലീഷില്‍ കവിതകളുമെഴുതി.

വിവാഹ ശേഷമാണ് സാഹിത്യലോകത്തില്‍ കമല സജീവമായത്. 1999ല്‍ തന്‍റെ 65 ാം വയസില്‍ ഇസ്ലാം മതം സ്വീകരിച്ച് കമല സുരയ്യയായി. മതം മാറാനുള്ള അവരുടെ തീരുമാനത്തിന് എതിരെ വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ നാലുദിക്കില്‍ നിന്നും ഒരുമിച്ച് വന്നപ്പോഴും തന്‍റെ തീരുമാനം അവര്‍ കൈവിട്ടില്ല. 2007ലായിരുന്നു കമല സുരയ്യ പൂണെയിലേക്ക് താമസം മാറിയത്. അവസാ‍നനാളുകള്‍ ഇളയ മകന്‍ ജയസൂര്യയ്‌ക്കൊപ്പമായിരുന്നു അവസാന നാളുകള്‍.

പറയാനുള്ളത് ആരെയും ഭയക്കാതെ, പുരുഷനേക്കാള്‍ ധൈര്യത്തോടെ കമല പറഞ്ഞു. പലരും പറയാന്‍ കൊതിച്ചതും, എന്നാല്‍ പറയാന്‍ ഭയന്നതുമായ കാര്യങ്ങള്‍ തന്‍റെ രചനകളില്‍ സുന്ദരമായ ചിത്രം പോലെ കോറിയിട്ടപ്പോള്‍ ഉണ്ടായ വിവാദങ്ങള്‍ ചെറുതല്ലായിരുന്നു. മലയാളി ‘എന്‍റെ കഥ’ ആവര്‍ത്തിച്ചു വായിച്ചതും, ഇപ്പോഴും വിമര്‍ശനങ്ങളുയര്‍ത്തുന്നതും പറയാനുള്ളത് പച്ചയായി പറഞ്ഞ അവരുടെ ധൈര്യത്തോടുള്ള അസൂയ മൂലമാണ്.

ലോകസാഹിത്യ തറവാട്ടില്‍ തന്‍റേതായ പങ്ക് നല്‍കിയിട്ടാണ് അവര്‍ ജീവിതത്തില്‍ നിന്ന് നടന്നകന്നത്. മലയാളത്തില്‍, ആദ്യ കഥാസമാഹാരം, മതിലുകള്‍ (1955), തരിശുനിലം, നരിച്ചീറുകള്‍ പറക്കുമ്പോള്‍, എന്‍റെ സ്‌നേഹിത അരുണ, ചുവന്ന പാവാട, പക്ഷിയുടെ മണം, നഷ്‌ടപ്പെട്ട നീലാംബരി, തണുപ്പ്‌, മാനസി, തിരഞ്ഞെടുത്ത കഥകള്‍, എന്‍റെ കഥ, വര്‍ഷങ്ങള്‍ക്കു മുന്‍പ്‌, ചന്ദനമരങ്ങള്‍, മനോമി, ഡയറിക്കുറിപ്പുകള്‍, ബാല്യകാലസ്‌മരണകള്‍, നീര്‍മാതളം പൂത്തകാലം, വണ്ടിക്കാളകള്‍ എന്നിവയും ഇംഗ്ലീഷില്‍, സമ്മര്‍ ഇന്‍ കല്‍ക്കത്ത, ആല്‍ഫബറ്റ്‌ ഓഫ്‌ ലസ്റ്റ്‌, ദ്‌ ഡിസന്റന്‍സ്‌, ഓള്‍ഡ്‌ പ്ലേ ഹൗസ്‌, കളക്‌റ്റഡ്‌ പോയംസ്‌ എന്നീ കവിതാസമാഹാരങ്ങളും അവരുടെ പ്രശസ്തങ്ങളായ കൃതികളാണ്.

1984 ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന്‌ അവരുടെ പേര് നാമനിര്‍ദേശം ചെയ്യപ്പെട്ടു. ആശാന്‍ വേള്‍ഡ്‌ പ്രൈസ്‌, ഏഷ്യന്‍ പൊയട്രി പ്രൈസ്‌, കെന്‍റ് അവാര്‍ഡ്‌, എഴുത്തച്‌ഛന്‍ പുരസ്‌കാരം, സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ കമലയെ തേടിയെത്തി.

ഇലസ്‌ട്രേറ്റഡ്‌ വീക്കിലി ഒഫ്‌ ഇന്ത്യയുടെ പോയട്രി എഡിറ്റര്‍, കേരള ചില്‍ഡ്രന്‍സ്‌ ഫിലിം സൊസൈറ്റി പ്രസിഡന്‍റ്‌, കേരള ഫോറസ്‌റ്ററി ബോര്‍ഡ്‌ ചെയര്‍മാന്‍, ''പോയറ്റ്‌'' മാസികയുടെ ഓറിയന്‍റ് എഡിറ്റര്‍ എന്നീ പ്രമുഖ സ്‌ഥാനങ്ങള്‍ വഹിച്ചിരുന്നു

Rememberance of Madavikkutty | ‘നീലാംബരി’ നഷ്ടമായിട്ട് ഇന്ന് ഒരു വര്‍ഷം