Monday, May 31, 2010

പാക്കമെന്ന ഗ്രാമവും സായിപ്പന്‍‌മാരും
Children
PRO
PRO
ചെന്നൈയില്‍ നിന്ന് ഏകദേശം ഒരു മണിക്കൂറോളം സഞ്ചരിച്ചാല്‍ പാക്കം എന്ന ഗ്രാമത്തിലെത്താം. തെങ്ങും വാഴത്തോപ്പുകളും പശുക്കളും ഒക്കെയുള്ളൊരു തനി കുഗ്രാമം. അവിടെയാണ് ദരിദ്രരായ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സേവാലയ എന്ന ഓര്‍ഫനേജ് സ്ഥിതിചെയ്യുന്നത്. കാലിഫോര്‍ണിയയില്‍ നിന്നുള്ള ‘ചില്‍‌ഡ്രന്‍‌സ് ആര്‍ട്ട്‌സ് വില്ലേജി’ന്റെ സന്നദ്ധപ്രവര്‍ത്തകരും ‘ആദി ആര്‍ട്ട്‌സ് അക്കാദമി’ എന്ന സംഘടനയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ആര്‍ട്ട് ക്യാമ്പില്‍ സംബന്ധിക്കാനും പരിപാടി കവര്‍ ചെയ്യാനും ക്ഷണം ലഭിച്ചതിനാല്‍ രണ്ട് ജേണലിസ്റ്റ് സുഹൃത്തുക്കള്‍ക്കൊപ്പം ഞാനും കൂടി.

പൊരിവെയിലില്‍ വിയര്‍ത്ത് കുളിച്ചായിരുന്നു ഞങ്ങളുടെ യാത്ര. ചൂട് സഹിക്കവയ്യാതായപ്പോള്‍ ആവഡിയില്‍ വണ്ടിനിര്‍ത്തി ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച് ഉഷാറായി. അല്‍‌പം വിശ്രമിച്ചതിന് ശേഷം യാത്ര തുടര്‍ന്നു. ആവഡിയില്‍ നിന്ന് തിരുവള്ളൂരിലേക്ക് പോകുന്ന പാതയില്‍ നിന്ന് വലതുവശത്തേക്ക് തിരിഞ്ഞ് പിന്നെയും സഞ്ചരിക്കണം പാക്കമെത്താന്‍. ആവഡി - തിരുവള്ളൂര്‍ മെയിന്‍ റോഡില്‍ നിന്ന് ഉള്ളില്‍ കടന്നതോടെ ചൂട് സ്വല്‍‌പമൊന്ന് കുറഞ്ഞു. കുറച്ചുകൂടി ഉള്ളിലേക്ക് പോയപ്പോള്‍ ശരിക്കുമൊരു തമിഴ് ഗ്രാമത്തിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.

ചൂട് തണുപ്പിക്കാന്‍ തടാകത്തിലിറങ്ങി നില്‍ക്കുന്ന പോത്തിന്‍‌കൂട്ടം, ചെറിയ കോയിലുകള്‍, മണ്ണുകൊണ്ട് തട്ടിപ്പൊത്തി ഉണ്ടാക്കിയ കൂരകള്‍, വേനല്‍‌ക്കാല അവധിയായതിനാല്‍, കുടുസുവഴികളില്‍ കളിച്ച് തിമിര്‍ക്കുന്ന കരുമാടിക്കുട്ടന്മാര്‍, ആടുമേച്ചുനടക്കുന്ന ദുരിതവാര്‍ദ്ധക്യങ്ങള്‍...

കാലിഫോര്‍ണിയയില്‍ നിന്ന് വന്നിട്ടുള്ള അമേരിക്കന്‍ സായിപ്പന്‍‌മാര്‍ക്ക് ഈ കുഗ്രാമത്തില്‍ എന്തുചെയ്യാന്‍ കഴിയുമെന്നായിരുന്നു ഞങ്ങളുടെ ചിന്ത. സഞ്ചരിച്ചുകൊണ്ടിരിക്കേ, വഴിയുടെ അതിരുകള്‍ ചുരുങ്ങി വന്നു. ഒരു വലിയ കാറിന് കഷ്ടിച്ച് കടന്നുപോകാന്‍ മാത്രം പാകത്തിലുള്ള വഴിയിലൂടെയാണ് ഞങ്ങള്‍ സേവാലയ ലക്ഷ്യമാക്കി സഞ്ചരിച്ചുകൊണ്ടിരുന്നത്.

അവസാനം സേവാലയ എന്നെഴുതിയ ഒരു ബോര്‍ഡിന് മുന്നില്‍ ഞങ്ങളെത്തി. മതില്‍‌ക്കെട്ടിനുള്ളില്‍ കടന്നതോടെ ഹരിതസ‌മൃദ്ധി ഞങ്ങളുടെ വിയര്‍പ്പാറ്റി. നാല് ദിവസമായി നടന്നുകൊണ്ടിരിക്കുന്ന ക്യാമ്പിന്റെ അവസാന ദിവസത്തിലാണ് ഞങ്ങള്‍ എത്തിയത്. സമയം ഒന്ന് കഴിഞ്ഞിരിക്കുന്നു. ക്യാമ്പ് നടക്കുന്ന ഹാളിലേക്ക് ഞങ്ങള്‍ നടന്നു.

ഹാളിനുള്ളില്‍ ആരുമുണ്ടായിരുന്നില്ല. എന്നാല്‍ അതിനുള്ളില്‍ കണ്ട അത്ഭുതക്കാഴ്ചകള്‍ ഞങ്ങളെ ശരിക്കും വിസ്മയിപ്പിച്ചു. ടെറക്കോട്ടയും മണ്ണും മരവും കടലാസും പള്‍‌പ്പും ഉപയോഗിച്ച് രൂപങ്ങളുടെയും വര്‍ണങ്ങളുടെയും ഒരു മായികപ്രപഞ്ചം ഹാളിനുള്ളില്‍ ഒരുങ്ങിയിരിക്കുന്നു! ഞങ്ങള്‍ വന്നതറിഞ്ഞ് ആദി ആര്‍ട്ട്‌സ് അക്കാദമിയിലെ സാലൈ മാണിക്കം ഞങ്ങളെ സ്വീകരിക്കാനെത്തി. കൃത്യം സമയത്തുതന്നെ ക്യാമ്പിന്റെ സമാപനച്ചടങ്ങുകള്‍ കഴിഞ്ഞെന്നും എല്ലാവരും ആഹാരം കഴിച്ചുകൊണ്ടിരിക്കുകയാണെന്നും സാലൈ മാണിക്കം ഞങ്ങളെ അറിയിച്ചു.

ക്യാമ്പില്‍ പങ്കെടുത്ത കൊച്ചുകുട്ടികള്‍ തീര്‍ത്ത കരവിരുതിന്റെ നിര്‍മിതികള്‍ ഓരോന്നായി ഞങ്ങള്‍ ആസ്വദിക്കാന്‍ തുടങ്ങി. ഇടയ്ക്കിടക്ക് ഗ്രാമത്തില്‍ നിന്നുള്ള കലാസ്വാദകര്‍ ഹാളില്‍ സന്ദര്‍ശിക്കാന്‍ എത്തിക്കൊണ്ടിരുന്നു. പാക്കം ഗ്രാമത്തിലെ കുട്ടികള്‍ തന്നെയാണോ ഹാളിലെ മായികക്കാഴ്ചയ്ക്ക് പിന്നിലെന്ന് ചിലരുടെ കണ്ണുകളെങ്കിലും അത്ഭുതപ്പെടുന്നത് ഞങ്ങള്‍ കണ്ടു.

അടുത്ത പേജില്‍ വായിക്കുക, ‘സായിപ്പ് ഇന്ത്യയില്‍ വരുന്നതെന്തിന്?

Pakkam village in Chennai and Children's Arts Village | പാക്കമെന്ന ഗ്രാമവും സായിപ്പന്‍‌മാരും

No comments: