Thursday, January 14, 2010

സഹകരിച്ചാല്‍ എല്ലാവര്‍ക്കും ജീവിക്കാം

തെറ്റിദ്ധരിക്കണ്ട. റോഡ് തൊഴുത്താക്കിയതല്ല. സഞ്ചരിക്കുന്ന മോഡേണ്‍ തൊഴുത്ത് എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. പക്ഷെ, ഇത് മുംബെയിലെ ഒരു ഉപജീവനമാര്‍ഗ്ഗം. മുംബെയില്‍ ആര്‍ക്കും എങ്ങനെയും ജീവിക്കാം എന്നൊരു ചൊല്ലുണ്ട്. അതും ശരി. പശു ഗോമാതാവാണ്. അത് അങ്ങനെത്തന്നെയാവണമെന്ന് ബി.ജെ.പി ക്കാര്‍ക്ക് തെല്ലൊരു വാശിയുമുണ്ട്. എന്തായാലും ഗോവധത്തേക്കാള്‍ ഭേദമാണല്ലോ ഗോസംരക്ഷണം.

പശുവിന് തീറ്റ കൊടുക്കുന്നത് പുണ്യമായി കരുതുന്നു മുംബെക്കാര്‍. കറവ പശുക്കളെ രാവിലെ കെട്ടിയിടുന്നു റോഡരുകില്‍. അതിനുള്ള പുല്ലും തവിടുകൊണ്ടുണ്ടാക്കിയ ഉണ്ടയും കൊണ്ടുവന്ന് ഉടമകള്‍ അടുത്തിരിക്കുന്നു. കാശുകൊടുത്ത് പൊതുജനം പുല്ലും ഉണ്ടയും വാങ്ങി പശുവിനു കൊടുക്കുന്നു

പശുവിനെ തീറ്റിക്കുന്നവര്‍ക്ക് പുണ്യം ചെയ്ത കൃതാര്‍ത്ഥത. ഉടമസ്ഥന് ചെലവില്ലാതെ പശുവിനെ പോറ്റാന്‍ കഴിയുന്നു എന്ന സമാധനവും. വില്‍ക്കുന്ന പാല്‍ ലാഭം.

ഇതാണ് യഥാര്‍ത്ഥ സഹകരണ പ്രസ്ഥാനം. മന്ത്രി സുധാകരന്‍ വായ്താരി മുഴക്കുന്നതു നിര്‍ത്തി വേണമെങ്കില്‍ ഇതൊന്നു പരീക്ഷിയ്ക്കാം. പരസ്യത്തിനു ആവശ്യമെങ്കില്‍ പശുവും കിടാവും ഉപയോഗിക്കുകയുമാവാം!

കേരളത്തിലുള്ളവരുണ്ടോ ഇതൊക്കെ അറിയുന്നു. അവിടെ മിണ്ടിയാല്‍ ഹര്‍ത്താല്‍. അല്ലെങ്കില്‍ സമരം. ഇതൊക്കെ നോക്കിവേണം കേരളത്തില്‍ യാത്രാ സമയം ക്രമീകരിക്കാന്‍. ഇനിയുമുണ്ട് കേരളത്തിന് ഒട്ടേറെ കുപ്രസിദ്ധിയുടെ നേട്ടങ്ങള്‍. അതൊക്കെ പറഞ്ഞ് ഇവിടേ പുകിലുണ്ടാക്കുന്നില്ല.

ജീവിക്കാന്‍ പഠിക്കുക - ജീവിക്കാന്‍ അനുവദിക്കുക. ഇതു രണ്ടും കേരളത്തിനു നഷ്ടപ്പെട്ടിരിക്കുന്നു.

ഇതാവാം സാക്ഷരതയുടെ കേമത്തം!!