Monday, May 10, 2010

മോഹന്‍ലാലിന് വീണ്ടും ജൂഹി ചൌള നായിക


IFM
1998ല്‍ പുറത്തിറങ്ങിയ ‘ഹരികൃഷ്ണന്‍സ്’ എന്ന ചിത്രം ഓര്‍മ്മയില്ലേ? മലയാള പ്രേക്ഷകര്‍ക്ക് വിവാദങ്ങളുടെ പേരിലെങ്കിലും മറക്കാനാവാത്ത ചിത്രമാണ് അത്. ഫാസില്‍ സംവിധാനം ചെയ്ത ആ ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലുമായിരുന്നു നായകന്‍‌മാര്‍. ഹിന്ദിയിലെ താരസുന്ദരി ജൂഹി ചൌളയായിരുന്നു നായിക. ഇരട്ട ക്ലൈമാക്സ് ആണ് ആ ചിത്രത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത്.

മോഹന്‍ലാലോ മമ്മൂട്ടിയോ, ആരാണ് നായികയെ സ്വന്തമാക്കേണ്ടത് എന്നതായിരുന്നു ഫാസിലിനെ കുഴപ്പിച്ച ചോദ്യം. ഒടുവില്‍ പകുതി പ്രിന്‍റുകളില്‍ ലാലിന് ജൂഹിയെ കിട്ടുന്നതായും ബാക്കി പകുതിയില്‍ ജൂഹിയെ മമ്മൂട്ടി നേടുന്നതായും ചിത്രീകരിച്ചു. ചിത്രം തിയേറ്ററുകളിലെത്തിയപ്പോള്‍ ഇരട്ട ക്ലൈമാസ് വന്‍ വിവാദമാണ് സൃഷ്ടിച്ചത്.

ഇപ്പോഴിതാ, ജൂഹി ചൌളയെ സ്വന്തമാക്കാന്‍ മോഹന്‍ലാലിന് വീണ്ടും ഒരു അവസരം. ഇത്തവണ മത്സരത്തിന് മമ്മൂട്ടി ഉണ്ടാകുകയുമില്ല. അതേ, ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന ‘ഗാഥ’ എന്ന ചിത്രത്തിലാണ് മോഹന്‍ലാലിന് ജൂഹി നായികയാകുന്നത്. ടി പത്മനാഭന്‍റെ ‘കടല്‍’ എന്ന ചെറുകഥയാണ് ഈ സിനിമയ്ക്ക് ആധാരം.

മോഹന്‍ലാലിന്‍റെ ഭാര്യയായാണ് ജൂഹി ഗാഥയില്‍ അഭിനയിക്കുന്നത്. ആദ്യം ജയാ ബച്ചനെയും പിന്നീട് മാധുരി ദീക്ഷിതിനെയും മോഹന്‍ലാലിന്‍റെ ഭാര്യാവേഷത്തിനായി ആലോചിച്ചതാണ്. ഒടുവിലാണ് സംവിധായകന്‍ ജൂഹിയിലെത്തിയത്. ഈ ചിത്രത്തില്‍ മോഹന്‍ലാലിന് ഒരു മകളും ഉണ്ട്.

Juhi in Malayalam | മോഹന്‍ലാലിന് വീണ്ടും ജൂഹി ചൌള നായിക

വലിയ സംവിധായകര്‍ എന്നെ നായകനാക്കുന്നില്ല: മണി


PRO
കലാഭവന്‍ മണിക്ക് നേരിയ പരിഭവമുണ്ട്. വലിയ സംവിധായകര്‍ ആരും തന്നെ നായകനാക്കി സിനിമ ആലോചിക്കുന്നില്ല എന്നാണ് മണിയുടെ പരിഭവം. ഒരു പ്രമുഖ ചലച്ചിത്രവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മണി ഇക്കാര്യം പറയുന്നത്.

“ഞാന്‍ അടുത്തിടെ നായകനായി അഭിനയിച്ച മിക്ക ചിത്രങ്ങളുടെയും സംവിധായകര്‍ പുതുമുഖങ്ങളാണ്. എന്നാല്‍ ആ ചിത്രങ്ങളൊക്കെ വിജയം കണ്ടോ എന്നത് മറ്റൊരു കാര്യം. ഇന്നത്തെ വലിയ സംവിധായകര്‍ ആരും എന്നെ നായകനാക്കി സിനിമ ചെയ്യാന്‍ വരാറില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ എന്‍റെ സിനിമയും നന്നായി ഓടുമായിരുന്നു. എന്നെ നായകനാക്കി സിനിമ ചെയ്യാനുള്ള പേടികൊണ്ടാണോ അതോ എന്നെ നായകനാക്കാനുള്ള കഥ കിട്ടാത്തതുകൊണ്ടാണോ അവര്‍ സമീപിക്കാതിരിക്കുന്നത് എന്ന് എനിക്കറിയില്ല” - മണി പറയുന്നു.

“എന്‍റെ വളരെ നല്ല ചിത്രങ്ങള്‍ പോലും പ്രേക്ഷകര്‍ സ്വീകരിക്കാത്ത സ്ഥിതി വന്നിട്ടുണ്ട്. പുതുമയാര്‍ന്ന പ്രമേയവുമായി എന്നെ നായകനാക്കി ചിത്രമെടുക്കാന്‍ ധൈര്യത്തോടെ ഒരു കഴിവുറ്റ സംവിധായകന്‍ വന്നാല്‍ മാത്രമേ ഈ അവസ്ഥയില്‍ നിന്ന് എനിക്ക് രക്ഷപ്പെടാന്‍ കഴിയൂ. പക്ഷേ, അങ്ങനെ ആരും എന്നെ സമീപിക്കുന്നില്ല” - മണി പരിഭവിക്കുന്നു.

“പല താരങ്ങളും വേണ്ട എന്നു പറഞ്ഞ് തഴയുന്ന സബ്ജക്ടുകളാണ് ഒടുവില്‍ എന്നെത്തേടി വരുന്നത്. അവയില്‍ ചില മാറ്റങ്ങള്‍ വരുത്തി നന്നാക്കിയാണ് ഞാന്‍ അഭിനയിക്കുന്നത്.” - മണി വ്യക്തമാക്കി.

താന്‍ എല്ലാവരെയും സഹായിക്കാറുണ്ടെന്നും സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള ഫോണ്‍‌വിളികള്‍ കാരണം ബുദ്ധിമുട്ടിലായിരിക്കുകയാണെന്നും കലാഭവന്‍ മണി വെളിപ്പെടുത്തുന്നു.

“ചാലക്കുടിയില്‍ മാത്രമല്ല, എല്ലാവരെയും ഞാന്‍ സഹായിക്കാറുണ്ട്. സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള ഫോണ്‍‌വിളികള്‍ കാരണം എനിക്കിപ്പോള്‍ ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥയാണ്. സഹിക്കാനാകാതെ ഞാന്‍ ഫോണ്‍ ഓഫ് ചെയ്ത് വച്ചിരിക്കുകയാണ്. ഞാന്‍ വീട്ടിലുള്ളപ്പോള്‍ വീടിനുമുമ്പില്‍ നിറയെ ആള്‍ക്കാരായിരിക്കും. പലപ്പോഴും അവരെ പിരിച്ചുവിടാന്‍ തന്നെ ഞാന്‍ ബുദ്ധിമുട്ടിയിട്ടുണ്ട്. എനിക്ക് സിനിമയില്‍ നിന്ന് ലഭിക്കുന്നതിന്‍റെ ഭൂരിഭാഗവും ഞാന്‍ പാവങ്ങള്‍ക്ക് കൊടുക്കുകയാണ്.” - താന്‍ ജനപ്രിയനാകുന്നതില്‍ ചാലക്കുടിയിലെ രാഷ്ട്രീയക്കാര്‍ക്കുള്ള മുറുമുറുപ്പൊന്നും ശ്രദ്ധിക്കാറില്ലെന്നും കലാഭവന്‍ മണി പറയുന്നു

മാണി ആനപ്പുറത്തിരിക്കുന്ന കൊതുക്: പി സി തോമസ്


PRO
ആനപ്പുറത്തിരിക്കുന്ന കൊതുകിന് സമമാണ് കേരള കോണ്‍ഗ്രസ്(എം) നേതാവ് കെ എം മാണിയെന്ന് പി സി തോമസ്. ഒരു സ്വകാര്യവാര്‍ത്താ ചാനലിനോടാണ് തോമസ് ഇങ്ങനെ പറഞ്ഞത്. ആനയുടെ പുറത്തിരിക്കുന്ന കൊതുകിന് ഭാവം താനാണ് വലുതെന്നാണ്. അതുകൊണ്ട് ആദ്യം ആനപ്പുറത്ത് നിന്ന് കൊതുക് താഴെയിറങ്ങി കാര്യങ്ങള്‍ മനസ്സിലാക്കണമെന്നും പി സി തോമസ് പറഞ്ഞു.

ഒറ്റയ്ക്കു മത്സരിക്കുമെന്ന് പറഞ്ഞ കെ എം മാണി പാലായില്‍ ഒറ്റയ്ക്കു മത്സരിക്കാനുള്ള ധൈര്യം കാട്ടണം. മാണി പാലായില്‍ ഒറ്റയ്ക്കു മത്സരിച്ചാല്‍ എത്ര വോട്ടു കിട്ടുമെന്ന് കാണിച്ചു തരാമെന്നും പി സി തോമസ് വെല്ലുവിളിച്ചു. 1979ല്‍ ജനസംഘത്തോടൊപ്പം ചേര്‍ന്ന് മത്സരിച്ച മാണിക്ക് താന്‍ എന്‍ ഡി എയുടെ കൂടെ മത്സരിച്ചതിനെക്കുറിച്ച് പറയാന്‍ അവകാശമില്ലന്നും പി സി പറഞ്ഞു.

തങ്ങളെ മുന്നണിയില്‍ എടുക്കുന്നതിനെ ആര്‍ എസ് പിയും സി പി ഐയും എതിര്‍ത്തിട്ടില്ല. മന്ത്രിസ്ഥാനത്തിന്‍റെ കാര്യം എല്‍ ഡി എഫ് തീരുമാനിക്കും. കൂറുമാറിയ പി ജെ ജോസഫ് ഉള്‍പ്പെടെയുള്ളവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തു നല്‍കുമെന്നും പി സി തോമസ് അറിയിച്ചു

PC Thomas against to KM Mani | മാണി ആനപ്പുറത്തിരിക്കുന്ന കൊതുക്: പി സി തോമസ്