Tuesday, April 27, 2010

‘ഈ മന്ത്രിമാര്‍ക്കൊന്നും ഉറക്കമില്ലേ?’

“ഇതെന്താണപ്പാ, പാതിരാത്രിക്കാണോ സഹായവുമായി എത്തുന്നത്?” തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ തനിക്ക് സഹായധനവുമായി എത്തിയ മന്ത്രി ബേബിയെ കണ്ട് കവി അയ്യപ്പന്‍ ചൊടിച്ചു. കാര്യം ധനസഹായമാണ് എന്നറിയാതെയല്ല. അതൊക്കെ തരുന്നതിന് നേരവും കാലവുമൊക്കെയില്ലേ! മനുഷ്യന്മാര്‍ അസലായി കിടന്നുറങ്ങുന്ന പാതിരാത്രി സമയത്താണോ പണവും കൊണ്ടുവരുന്നത്‌? എന്തായാലും പരാതി കണക്കിലെടുക്കാതെ വെളുക്കെച്ചിരിച്ച് മന്ത്രി ബേബി കവിയുടെ കയ്യില്‍ സര്‍ക്കാരിന്റെ ധനസഹായമായ പതിനായിരം രൂപ ഏല്‍‌പ്പിച്ചു.

മന്ത്രി ഇത്രടം വരെ വന്നതല്ലേ, കയ്യില്‍ തന്നതല്ലേ! പതിനായിരം രൂപാ ഉപേക്ഷിക്കുന്നതെങ്ങിനെ? അയ്യപ്പന്‍ അതുവാങ്ങി. കവിയോട് യാത്ര പറഞ്ഞ് മന്ത്രിയിറങ്ങുമ്പോള്‍ അയ്യപ്പന് വീണ്ടും സംശയം, “ഈ മന്ത്രിമാര്‍ക്കൊന്നും ഉറക്കമില്ലേ?” അപ്പോഴാണ് ആശുപത്രി അധികൃതര്‍ അയ്യപ്പനെ തിരുത്തിയത്, “സാറേ, സമയം പാതിരാത്രിയൊന്നുമല്ല. ഇരുട്ടായിട്ടേ ഉള്ളൂ. സമയമിപ്പോള്‍ ഏഴരയാണ്!”

അതുശരി. അയ്യപ്പന് കാര്യം മനസിലായി. താന്‍ തെറ്റിദ്ധരിച്ചതാണ്. അയ്യപ്പന്‍ തര്‍ക്കിക്കാന്‍ പോയില്ല. ഈയിടെയായി അയ്യപ്പന്‌ സമയബോധം മങ്ങിപ്പോകുന്നു. രാത്രിയില്‍ ഉറക്കവുമില്ല. ഒന്നിനും ഒരു ഓര്‍മയുമില്ല. ആരാണ് തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത് എന്നുതന്നെ അയ്യപ്പന് ഓര്‍മയില്ല.

തമ്പാനൂരിലെ വഴിയരുകില്‍ അവശനിലയില്‍ കണ്ടെത്തിയ അയ്യപ്പനെ പൊലീസുകാര്‍ ആശുപത്രിയില്‍ ആക്കുകയായിരുന്നു. പേരും ഊരുമൊന്നും അയ്യപ്പന്‍ ആശുപത്രിയില്‍ വെളിപ്പെടുത്തിയില്ല. അവസാനം, ആശുപത്രിയിലെ ശുചീകരണ വിഭാഗം ജീവനക്കാരനായ മഹേഷ് കവിയെ തിരിച്ചറിഞ്ഞു. കവിയാണെന്ന് ആര്‍.എം.ഒയ്ക്ക് മനസിലായതോടെ ജനറല്‍ വാര്‍ഡില്‍ നിന്ന്‌ അയ്യപ്പന് പ്രൊമോഷന്‍ ലഭിച്ചു.

ബുധനാഴ്ച രാത്രി എം.എ. ബേബി ആശുപത്രിയിലെത്തി സഹായധനം നല്‍കി മടങ്ങിയപ്പോള്‍ ആരോ അയ്യപ്പനോട്‌ ചോദിച്ചു: "കാശ്‌ കിട്ടിയപ്പോള്‍ എന്തു തോന്നി?" ഉടന്‍ മറുപടി വന്നു, "വീണ്ടും രോഗം വരട്ടെ; മന്ത്രി വന്ന്‌ വീണ്ടും പണം തരട്ടെ..."

ആശുപത്രിയില്‍ കിടക്കുമ്പോഴും അയ്യപ്പന്റെ അരികില്‍ ഒരു പുസ്‌തകമുണ്ട്‌- സരോജിനി സാഹു എഴുതിയ 'ഇരുണ്ട കൂടാരം.' കണ്ടുനിന്നവര്‍ ചോദിച്ചു, ‘എന്താ അയ്യപ്പാ, ഈ പുസ്‌തകം തെരഞ്ഞെടുത്തത്‌?’

"ഹോ.. അങ്ങനെയൊന്നുമില്ല. ഇതിന്റെ കവര്‍ ഡിസൈന്‍ വളരെ നന്നായിരിക്കുന്നു. അതു കണ്ട്‌ വാങ്ങിയതാ... ഇത് ഞാന്‍ വായിക്കാന്‍ പോകുന്നില്ല. വെറുതെ വച്ചിരിക്കുന്നതാ.. വായിക്കുന്ന പുസ്‌തകം തലയിണയ്ക്കടിയിലുണ്ട്‌," അയ്യപ്പന്‍ തലയിണക്കിടയില്‍ നിന്ന് ഒരു പുസ്തകം എടുത്തു.

ആല്‍ബേര്‍ കാമുവിന്റെ ദി ഔട്ട്‌സൈഡര്‍. ‘നേരത്തേ വായിച്ചതാണ്‌. ഇപ്പോള്‍ വീണ്ടും വായിക്കണമെന്ന് തോന്നി,’ അയ്യപ്പന്‍ വിശദീകരിക്കുന്നു.

“ഔട്ട്‌സൈഡര്‍ ആയെന്നു തോന്നുന്നുണ്ടോ?” വീണ്ടും ആരോ ചോദിക്കുന്നു. ചിരിയോടെയുള്ള അയ്യപ്പന്റെ മറുപടി ഉടന്‍ വന്നു, "ഞാന്‍ പണ്ടേ ഔട്ട്‌സൈഡര്‍ ആയതല്ലേ!"

An interesting meeting with poet Ayyappan | ‘ഈ മന്ത്രിമാര്‍ക്കൊന്നും ഉറക്കമില്ലേ?’

പിണറായിയെ മമ്മൂട്ടി സ്വാധീനിച്ചു: തിലകന്‍


PRO
തൊഴില്‍‌പരമായ പ്രതിസന്ധി ഉണ്ടായപ്പോള്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തനിക്ക് അനുകൂലമായ ഒരു നിലപാടും സ്വീകരിച്ചില്ലെന്ന് നടന്‍ തിലകന്‍. കൈരളി ചാനല്‍ ചെയര്‍മാന്‍റെ സ്വാധീനമായിരിക്കാം ആദ്യകാല കമ്യൂണിസ്റ്റായ തന്നെ തഴഞ്ഞതിന്‍റെ കാരണമെന്നും തിലകന്‍ തുറന്നടിച്ചു.

മുംബൈയില്‍ ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് തിലകന്‍ മമ്മൂട്ടിക്കും പിണറായിക്കുമെതിരെ രംഗത്തെത്തിയത്.

“പിണറായി വിജയനും കൈരളി ചാനലും എനിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ മടിച്ചതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. അതിലൊന്ന് കൈരളി ടിവിയുടെ ചെയര്‍മാന്‍റെ സ്വാധീനമായിരിക്കാമെന്നാണ് ഞാന്‍ കരുതുന്നത്. എനിക്ക് തൊഴില്‍ പ്രശ്നമുണ്ടായപ്പോള്‍ സാംസ്കാരികമന്ത്രി എം എ ബേബിയെ ഫോണില്‍ വിളിച്ച് ഞാന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. താന്‍ ഇപ്പോള്‍ കേരളത്തില്‍ ഇല്ലെന്നും പിണറായി വിജയനെ ഇക്കാര്യങ്ങള്‍ ധരിപ്പിക്കാമെന്നും ബേബി എന്നെ അറിയിച്ചു. എന്നാല്‍ പിണറായി എനിക്ക് അനുകൂലമായ ഒരു നടപടിയും സ്വീകരിച്ചില്ല” - തിലകന്‍ പറയുന്നു.

തുണിയുടുക്കാത്തവര്‍ക്ക് സ്വാഗതം!



PRO
ബ്രിട്ടനില്‍ ബ്രിസ്റ്റള്‍ ചാനലിലെ ഫ്ലാറ്റ് ഹോം ദ്വീപിലേക്ക് ആര്‍ക്കും കടന്നുവരാം. പ്രകൃതിഭംഗി ആസ്വദിക്കാം. പക്ഷേ വരുന്നവര്‍ക്ക് ഒരു നിബന്ധന ബാധകമാണ്. തുണിയുടുക്കാന്‍ പാടില്ല! അതേ, പൂര്‍ണ നഗ്‌നരായി വരുന്നവര്‍ക്കു മാത്രമേ അടുത്ത ഒരാഴ്ചക്കാലം ദ്വീപില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളൂ.

ഇംഗ്ലണ്ടിലെ ന്യൂഡിസ്റ്റ് സംഘടനയാണ് ഈ ‘സ്വാതന്ത്ര്യപ്രഖ്യാപന’ത്തിന് പിന്നില്‍. ധാരാളം വിനോദസഞ്ചാരികള്‍ തുണിയുടുക്കാതെ ഈ ദ്വീപില്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇനിയും ആയിരക്കണക്കിന് ആളുകള്‍ ഈ ദ്വീപിലേക്ക് എത്തുകയും ചെയ്യും. എന്തായാലും അടുത്ത ഒരാഴ്ചക്കാലം ദ്വീപ് നഗ്നസൌന്ദര്യത്താല്‍ തിളങ്ങുമെന്ന് സാരം.

1897ല്‍ മാര്‍ക്കോണി എന്ന ശാസ്ത്രജ്ഞന്‍ ആദ്യമായി റേഡിയോ സന്ദേശം അയച്ചത് ഈ ദ്വീപില്‍ നിന്നാണ്. 86 ഏക്കര്‍ വിസ്താരമുള്ള ഈ ദ്വീപ് കള്ളക്കടത്തുകാരുടെയും അധോലോക സംഘങ്ങളുടെയും വിഹാരകേന്ദ്രം എന്ന നിലയിലാണ് ഒരുകാലത്ത് കുപ്രസിദ്ധിയാര്‍ജ്ജിച്ചത്. എന്നാല്‍ പിന്നീട് ഇത് വിനോദസഞ്ചാരികളുടെ ഇഷ്ടസ്ഥലമായി മാറി.


The day strippers! | തുണിയുടുക്കാത്തവര്‍ക്ക് സ്വാഗതം!