Tuesday, April 27, 2010

‘ഈ മന്ത്രിമാര്‍ക്കൊന്നും ഉറക്കമില്ലേ?’

“ഇതെന്താണപ്പാ, പാതിരാത്രിക്കാണോ സഹായവുമായി എത്തുന്നത്?” തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ തനിക്ക് സഹായധനവുമായി എത്തിയ മന്ത്രി ബേബിയെ കണ്ട് കവി അയ്യപ്പന്‍ ചൊടിച്ചു. കാര്യം ധനസഹായമാണ് എന്നറിയാതെയല്ല. അതൊക്കെ തരുന്നതിന് നേരവും കാലവുമൊക്കെയില്ലേ! മനുഷ്യന്മാര്‍ അസലായി കിടന്നുറങ്ങുന്ന പാതിരാത്രി സമയത്താണോ പണവും കൊണ്ടുവരുന്നത്‌? എന്തായാലും പരാതി കണക്കിലെടുക്കാതെ വെളുക്കെച്ചിരിച്ച് മന്ത്രി ബേബി കവിയുടെ കയ്യില്‍ സര്‍ക്കാരിന്റെ ധനസഹായമായ പതിനായിരം രൂപ ഏല്‍‌പ്പിച്ചു.

മന്ത്രി ഇത്രടം വരെ വന്നതല്ലേ, കയ്യില്‍ തന്നതല്ലേ! പതിനായിരം രൂപാ ഉപേക്ഷിക്കുന്നതെങ്ങിനെ? അയ്യപ്പന്‍ അതുവാങ്ങി. കവിയോട് യാത്ര പറഞ്ഞ് മന്ത്രിയിറങ്ങുമ്പോള്‍ അയ്യപ്പന് വീണ്ടും സംശയം, “ഈ മന്ത്രിമാര്‍ക്കൊന്നും ഉറക്കമില്ലേ?” അപ്പോഴാണ് ആശുപത്രി അധികൃതര്‍ അയ്യപ്പനെ തിരുത്തിയത്, “സാറേ, സമയം പാതിരാത്രിയൊന്നുമല്ല. ഇരുട്ടായിട്ടേ ഉള്ളൂ. സമയമിപ്പോള്‍ ഏഴരയാണ്!”

അതുശരി. അയ്യപ്പന് കാര്യം മനസിലായി. താന്‍ തെറ്റിദ്ധരിച്ചതാണ്. അയ്യപ്പന്‍ തര്‍ക്കിക്കാന്‍ പോയില്ല. ഈയിടെയായി അയ്യപ്പന്‌ സമയബോധം മങ്ങിപ്പോകുന്നു. രാത്രിയില്‍ ഉറക്കവുമില്ല. ഒന്നിനും ഒരു ഓര്‍മയുമില്ല. ആരാണ് തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത് എന്നുതന്നെ അയ്യപ്പന് ഓര്‍മയില്ല.

തമ്പാനൂരിലെ വഴിയരുകില്‍ അവശനിലയില്‍ കണ്ടെത്തിയ അയ്യപ്പനെ പൊലീസുകാര്‍ ആശുപത്രിയില്‍ ആക്കുകയായിരുന്നു. പേരും ഊരുമൊന്നും അയ്യപ്പന്‍ ആശുപത്രിയില്‍ വെളിപ്പെടുത്തിയില്ല. അവസാനം, ആശുപത്രിയിലെ ശുചീകരണ വിഭാഗം ജീവനക്കാരനായ മഹേഷ് കവിയെ തിരിച്ചറിഞ്ഞു. കവിയാണെന്ന് ആര്‍.എം.ഒയ്ക്ക് മനസിലായതോടെ ജനറല്‍ വാര്‍ഡില്‍ നിന്ന്‌ അയ്യപ്പന് പ്രൊമോഷന്‍ ലഭിച്ചു.

ബുധനാഴ്ച രാത്രി എം.എ. ബേബി ആശുപത്രിയിലെത്തി സഹായധനം നല്‍കി മടങ്ങിയപ്പോള്‍ ആരോ അയ്യപ്പനോട്‌ ചോദിച്ചു: "കാശ്‌ കിട്ടിയപ്പോള്‍ എന്തു തോന്നി?" ഉടന്‍ മറുപടി വന്നു, "വീണ്ടും രോഗം വരട്ടെ; മന്ത്രി വന്ന്‌ വീണ്ടും പണം തരട്ടെ..."

ആശുപത്രിയില്‍ കിടക്കുമ്പോഴും അയ്യപ്പന്റെ അരികില്‍ ഒരു പുസ്‌തകമുണ്ട്‌- സരോജിനി സാഹു എഴുതിയ 'ഇരുണ്ട കൂടാരം.' കണ്ടുനിന്നവര്‍ ചോദിച്ചു, ‘എന്താ അയ്യപ്പാ, ഈ പുസ്‌തകം തെരഞ്ഞെടുത്തത്‌?’

"ഹോ.. അങ്ങനെയൊന്നുമില്ല. ഇതിന്റെ കവര്‍ ഡിസൈന്‍ വളരെ നന്നായിരിക്കുന്നു. അതു കണ്ട്‌ വാങ്ങിയതാ... ഇത് ഞാന്‍ വായിക്കാന്‍ പോകുന്നില്ല. വെറുതെ വച്ചിരിക്കുന്നതാ.. വായിക്കുന്ന പുസ്‌തകം തലയിണയ്ക്കടിയിലുണ്ട്‌," അയ്യപ്പന്‍ തലയിണക്കിടയില്‍ നിന്ന് ഒരു പുസ്തകം എടുത്തു.

ആല്‍ബേര്‍ കാമുവിന്റെ ദി ഔട്ട്‌സൈഡര്‍. ‘നേരത്തേ വായിച്ചതാണ്‌. ഇപ്പോള്‍ വീണ്ടും വായിക്കണമെന്ന് തോന്നി,’ അയ്യപ്പന്‍ വിശദീകരിക്കുന്നു.

“ഔട്ട്‌സൈഡര്‍ ആയെന്നു തോന്നുന്നുണ്ടോ?” വീണ്ടും ആരോ ചോദിക്കുന്നു. ചിരിയോടെയുള്ള അയ്യപ്പന്റെ മറുപടി ഉടന്‍ വന്നു, "ഞാന്‍ പണ്ടേ ഔട്ട്‌സൈഡര്‍ ആയതല്ലേ!"

An interesting meeting with poet Ayyappan | ‘ഈ മന്ത്രിമാര്‍ക്കൊന്നും ഉറക്കമില്ലേ?’

No comments: