Thursday, April 15, 2010

വിലകുറഞ്ഞ ഫോണിറക്കാന്‍ മൈക്രോസോഫ്റ്റ്


ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ്വര്‍ നിര്‍മ്മാണ കമ്പനിയായ മൈക്രോസോഫ്റ്റ് വിലകുറഞ്ഞ വിന്‍ഡോസ് ഫോണ്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്നു. മൈക്രോസോഫ്റ്റിന്റെ പുതിയ ഉല്‍പ്പന്നം ഏറ്റവും കൂടുതല്‍ മൊബൈല്‍ വരിക്കാരുള്ള ഇന്ത്യയില്‍ അടുത്ത വര്‍ഷം മുതല്‍ വിപണിയിലെത്തിക്കാനാണ് ലക്‍ഷ്യമിടുന്നത്. മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം സോഫ്റ്റ്വയറായ വിന്‍ഡോസ് 7 ആയിരിക്കും ഉപയോഗിക്കുക.

2010 ഡിസംബറില്‍ പുറത്തിറക്കുന്ന വിലകുറഞ്ഞ സെറ്റിന്റെ ആദ്യ പതിപ്പായിരിക്കും ഇതെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യയുടെ വക്താവ് സുദീപ് ഭാരതി അറിയിച്ചു. വിന്‍ഡോസ് 7 സെറ്റുകള്‍ 500 മുതല്‍ 600 ഡോളര്‍ വരെയുള്ള തുകയ്ക്ക് ലഭ്യമാകുമെന്നാണ് കരുതുന്നത്. ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്റെ നെക്സസ് വണ്‍ സെറ്റുകള്‍ ഇതേ തുകയ്ക്കാണ് നല്‍കുന്നത്. എന്നാല്‍, പുതിയ ഉല്‍പ്പന്നത്തിന്റെ വില സംബന്ധിച്ച് പ്രതികരിക്കാന്‍ മൈക്രോസോഫ്റ്റ് അധികൃതര്‍ തയ്യാറായിട്ടില്ല.

MS to launch low-cost Windows Phone 7 | വിലകുറഞ്ഞ ഫോണിറക്കാന്‍ മൈക്രോസോഫ്റ്റ്

അധോലോകവുമായി രാമു വീണ്ടും - ഡിപ്പാര്‍ട്ടുമെന്‍റ്


അധോലോക സംഘങ്ങളെക്കുറിച്ചും അവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമൊക്കെ ഏറ്റവും നന്നായി സിനിമയെടുക്കുന്നത് രാം ഗോപാല്‍ വര്‍മയാണ്. ഇക്കാര്യം വലിയ അധോലോക നായകര്‍ പോലും സമ്മതിച്ചിട്ടുള്ളതാണ്. ചില ഡോണുകള്‍ തങ്ങളുടെ കഥ സിനിമയാക്കാന്‍ രാമുവിനെ സമീപിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നതും ഓര്‍ക്കുക.

സത്യ, കമ്പനി തുടങ്ങി ആര്‍ ജി വി അണിയിച്ചൊരുക്കിയ ഗാംഗ്സ്റ്റര്‍ സിനിമകള്‍ പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ടവയാണ്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഷയമായ അധോലോകത്തെക്കുറിച്ച് വീണ്ടും ഒരു സിനിമയെടുക്കാന്‍ രാമു ഒരുങ്ങുന്നു എന്നതാണ് പുതിയ വാര്‍ത്ത.

‘ഡിപ്പാര്‍ട്ടുമെന്‍റ്’ എന്നാണ് പുതിയ ഗാംഗ്സ്റ്റര്‍ സിനിമയുടെ പേര്. അധോലോകവും പൊലീസും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഗാംഗ് വാറുകളെക്കുറിച്ചുമൊക്കെയാണ് ഈ സിനിമ പറയുന്നത്.

“പൊലീസും അണ്ടര്‍‌വേള്‍ഡും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇനിയും പറഞ്ഞിട്ടില്ലാത്ത കഥയാണ് ഡിപ്പാര്‍ട്ടുമെന്‍റ്‌ പറയുന്നത്. ഞാന്‍ ഇപ്പോള്‍ ഈ സിനിമയുടെ തിരക്കഥാ രചനയിലാണ്. താരങ്ങള്‍ ആരൊക്കെയെന്ന് പിന്നീട് തീരുമാനിക്കും” - രാം ഗോപാല്‍ വര്‍മ പറയുന്നു.

Ram Gopal Varma returns to gangster plot | അധോലോകവുമായി രാമു വീണ്ടും - ഡിപ്പാര്‍ട്ടുമെന്‍റ്

ഇന്ത്യന്‍ ടിവി ചാനലുകള്‍ വിലക്കുമെന്ന് പാകിസ്ഥാന്‍

പാകിസ്ഥാനില്‍ ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകളുടെ പ്രക്ഷേപണം വിലക്കുമെന്ന് പാക് പാര്‍ലിമെന്ററി സമിതി. രാജ്യത്ത് എത്രയും പെട്ടെന്ന് ഇന്ത്യന്‍ ചാനലുകള്‍ വിലക്കണമെന്നാണ് സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ ചാനലുകളെല്ലാം ദുരാചാരപരമായ പരിപാടികളാണ് പ്രക്ഷേപണം ചെയ്യുന്നത്. ഇത് പാകിസ്ഥാന്റെ സംസ്കാരത്തിന് യോജിച്ചതല്ലെന്ന് പാക് പാര്‍ലമെന്ററി സമിതി ചെയര്‍പേര്‍സണ്‍ ബീഗം ബെലിയം ഹസനൈന്‍ വ്യക്തമാക്കി.

പാകിസ്ഥാനിലെ കേബിള്‍ ഓപ്പറേറ്റമാരോടും ഇത് സംബന്ധിച്ചുള്ള വിശദീകരണ റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. ഇന്ത്യന്‍ ചാനലുകള്‍ എത്രയും പെട്ടെന്ന് വിലക്കാനാണ് തങ്ങള്‍ ലക്‍ഷ്യമിടുന്നതെന്നും സര്‍ക്കാര്‍ തീരുമാനത്തിനോട് പൊതുജനവും കേബിള്‍ ഓപ്പറേറ്റര്‍മാരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Pak panel advises s ban on Indian TV channels | ഇന്ത്യന്‍ ടിവി ചാനലുകള്‍ വിലക്കുമെന്ന് പാകിസ്ഥാന്‍

രണ്ടാമത്തെ ഉയരം കൂടിയ കെട്ടിടം മെക്കയില്‍


ലോകത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം ജൂണില്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കും. മെക്കയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഈ കെട്ടിടത്തിന് ഒരു ക്ലോക്കിന്റെ ആകൃതിയാണ് ഉള്ളത്. പകല്‍ 12 കിലോമീറ്റര്‍ അകലെ നിന്നും രാത്രിയിലെ പ്രഭാപൂരത്തില്‍ 17 കിലോമീറ്റര്‍ അകലെ നിന്നും ഈ കെട്ടിട സമുച്ചയത്തിന്റെ ദൃശ്യം കാണാന്‍ സാധിക്കും.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന ഖ്യാതിയോടെ തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന ബുര്‍ജ് ഖാലിഫയെക്കാള്‍ വെറും 11 മീറ്റര്‍ ഉയരം മാത്രമാണ് മാത്രമാണ് മെക്ക റോയല്‍ ക്ലോക്ക് ടവറിന് കുറവുള്ളത്! ഒരു ഹോട്ടല്‍ സമുച്ചയമാണ് മെക്ക റോയല്‍ ക്ലോക്ക് ടവര്‍.

പുതിയ ടവറില്‍ ഉള്ള ക്ലോക്കിന് ലണ്ടനിലെ പ്രശസ്തമായ ‘ബിഗ് ബെന്നിനെ’ക്കാള്‍ വലുപ്പം കൂടുതല്‍ ഉണ്ട് എന്ന പ്രത്യേകത കൂടി ഉണ്ടെന്ന് സമുച്ചയത്തിന്റെ ജനറല്‍ മാനേജര്‍ അല്‍-അര്‍കൂബി മാധ്യമങ്ങളോട് പറഞ്ഞു. കെട്ടിടം ജൂണില്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുമെങ്കിലും ക്ലോക്കിന്റെ പ്രവര്‍ത്തനം ജൂലൈ അവസാനമേ ആരംഭിക്കുകയുള്ളൂ.

In June, Mecca will get world's 2nd tallest tower | രണ്ടാമത്തെ ഉയരം കൂടിയ കെട്ടിടം മെക്കയില്‍

ഇന്ത്യന്‍ ക്രയോജനിക് സ്വപ്നത്തിന് തിരിച്ചടി


ഏപ്രില്‍ 15, 2009. സമയം വൈകിട്ട് 4 മണികഴിഞ്ഞ് 27 മിനിറ്റ്. വെല്ലുവിളി ഏറ്റെടുത്തു എന്നോണം ഇന്ത്യ ആപരീക്ഷണം നടത്തി. എന്നാല്‍, 493 സെക്കന്‍ഡ് ഫ്ലൈറ്റ് പൂര്‍ത്തിയാക്കിയപ്പോള്‍ ഇന്ത്യയുടെ തദ്ദേശീയ അതിശീതീകൃത എഞ്ചിന്‍ ഘടിപ്പിച്ച ജി‌എസ്‌എല്‍‌വി ഡി-3 റോക്കറ്റിന്റെ സഞ്ചാര പഥത്തില്‍ നേരിയ വ്യതിയാനമുണ്ടായതാണ് ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് താല്‍ക്കാലിക തിരിച്ചടിയായത്.

ഇന്ത്യയുടെ തദ്ദേശീയ അതിശീതീകൃത എഞ്ചിന്‍ ഘടിപ്പിച്ച ജി‌എസ്‌എല്‍‌വി ഡി-3 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് ആകാശ ലക്‍ഷ്യം തേടി കുതിച്ചുയര്‍ന്നത്. ആദ്യഘട്ടവും രണ്ടാം ഘട്ടവും വിജയകരമായി വേര്‍പെട്ടപ്പോഴും ശാസ്ത്രജ്ഞരുടെ ആകാംഷയ്ക്ക് അറുതിയായിരുന്നില്ല. ആദ്യ ഘട്ടങ്ങളില്‍ ഖര ഇന്ധനവും ദ്രവ ഇന്ധനവുമാണ് ഉപയോഗിച്ചിരുന്നത്.

സ്വന്തമായി അതിശീതീകൃത എഞ്ചിന്‍ വികസിപ്പിക്കുന്ന ആറാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്നത്തെ പരീക്ഷണം വിജമായിരുന്നെങ്കില്‍ ഇന്ത്യയും ക്രയോജനിക് ക്ലബ്ബില്‍ അംഗത്വം നേടുമായിരുന്നു.

Indian jump is cryogenic! | ഇന്ത്യന്‍ ക്രയോജനിക് സ്വപ്നത്തിന് തിരിച്ചടി

നാറാസ് നാരായണന്‍ നമ്പൂതിരി അന്തരിച്ചു

പ്രശസ്ത വേദപണ്ഡിതനും ഒട്ടേറെ യാഗങ്ങളിലെ ആചാര്യനുമായ ഋഗ്വേദാചാര്യന്‍ നാറാസ് മനയില്‍ നാറാസ് നാരായണന്‍ നമ്പൂതിരി (78) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഇദ്ദേഹം തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ഏറെ നാളുകളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ ആറ്‌ മണിയോടെയായിരുന്നു അന്ത്യം. യാഗയജ്ഞാദി കാര്യങ്ങളില്‍ അതീവ പാണ്ഡിത്യമുള്ള ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒട്ടേറെ യാഗങ്ങളും യജ്ഞങ്ങളും നടന്നിട്ടുണ്ട്.

1965 മുതല്‍ നിരവധി സോമയാഗങ്ങള്‍ക്കും അതിരാത്രങ്ങള്‍ക്കും ആചാര്യസ്ഥാനം വഹിച്ച് ശ്രദ്ധേയനായ വ്യക്തിയാണ്. കടവല്ലൂര്‍ അന്യോന്യത്തില്‍ വലിയ കടന്നിരിക്കല്‍ സ്ഥാനം നേടിയ അദ്ദേഹം കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷമായി കടവല്ലൂര്‍ അന്യോന്യത്തിന്റെ ആചാര്യസ്ഥാനം വഹിച്ചുവരികയായിരുന്നു. സന്യാസത്തില്‍ പ്രവേശിക്കുന്നതിനുള്ള ചടങ്ങുകളില്‍ അഗാധ പാണ്ഡിത്യം നേടിയിട്ടുള്ള കേരളത്തിലെ അവസാനത്തെ വ്യക്തിയാണിദ്ദേഹം.

Naras Narayanan Nampoothiri passed away | നാറാസ് നാരായണന്‍ നമ്പൂതിരി അന്തരിച്ചു

ഇന്ത്യയില്‍ ടോയ്‌ലറ്റിനെക്കാള്‍ സെല്‍‌ഫോണ്‍!

ഇന്ത്യയില്‍ ടോയ്‌ലറ്റ് സൌകര്യം ലഭ്യമായിട്ടുള്ളതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയുന്നുണ്ട് എന്ന് യുഎന്‍ സര്‍വകലാശാല റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ കഴിഞ്ഞ 10 വര്‍ഷമായാണ് സെല്‍ഫോണ്‍ കൂടുതല്‍ പ്രചാരം നേടിയത്. 2000 ല്‍ നൂറുപേരില്‍ 0.35 പേര്‍ക്ക് മാത്രമായിരുന്നു മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നത്. എന്നാല്‍, ഇപ്പോളത് നൂറു പേരില്‍ 45 പേര്‍ക്ക് എന്ന നിലയിലെത്തി.

ലോകമെമ്പാടുമുള്ള 1.1 ബില്യന്‍ ആളുകള്‍ക്ക് ടോയ്‌ലറ്റ് സൌകര്യം ലഭ്യമാവുന്നില്ല എന്നാണ് കണക്കാക്കുന്നത്. 2025 ആവുമ്പോഴേക്കും ലോകത്തിലെ എല്ലാ ആളുകള്‍ക്കും ടോയ്‌ലറ്റ് സൌകര്യം ലഭ്യമാക്കുക എന്നത് യുഎന്നിന്റെ ലക്‍ഷ്യമാണ്.

India has more cell phones than toilets: UN | ഇന്ത്യയില്‍ ടോയ്‌ലറ്റിനെക്കാള്‍ സെല്‍‌ഫോണ്‍!

സുനന്ദ പുഷ്കറെന്ന കശ്മീര്‍ സുന്ദരിയാര്?

ശശി തരൂരിനിട്ട് ലളിത് മോഡി വച്ച ആപ്പായിരുന്നു സുനന്ദ പുഷ്കറെന്ന കശ്മീരി സുന്ദരി. റാങ്ദെവൂ കണ്‍സോര്‍ഷ്യം സ്വന്തമാക്കിയ കൊച്ചി ഐപിഎല്‍ ടീമില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂരിന്‍റെ ഭാവിവധു സുനന്ദ പുഷ്കറിന് 18 ശതമാനം ഓഹരിയുണ്ടെന്നാണ് ലളിത് മോഡി ട്വിറ്ററിലൂടെ കാച്ചിയത്. തുടര്‍ന്നങ്ങോട്ട് സുനന്ദ പുഷ്കറെന്ന ‘ബിസിനസ് സുന്ദരി’ ആരാണെന്നറിയാനുള്ള നെട്ടോട്ടത്തിലായി മാധ്യമങ്ങള്‍.

തീവ്രവാദി ആക്രമണത്തെ തുടര്‍ന്നു കാശ്‌മീര്‍ താഴ്‌വരയിലെ ബൊമ്മൈയില്‍നിന്ന്‌ 1990-ല്‍ ജമ്മുവിലേക്കു കുടിയേറിയ കുടുംബത്തിലെ അംഗമാണ് സുനന്ദ. പിതാവ് റിട്ടയേര്‍ഡ്‌ സൈനിക ഓഫിസറായ ലഫ്. കേണല്‍ പുഷ്കര്‍ ദാസ്. ഇവര്‍ക്ക്‌ ജമ്മുവില്‍ സ്വന്തം റിസോര്‍ട്ടുണ്ട്‌. വന്‍ ബിസിനസ് ഇടപാടുകള്‍ നടത്തിക്കൊടുക്കുന്ന ജോലിയാണ് ഇപ്പോള്‍ ഈ നാല്‍‌പ്പത്തിയൊന്നുകാരിക്ക്.

കഴിഞ്ഞ മാര്‍ച്ചില്‍ ബിസിനസ്‌ ചേംബറായ ഫിക്കി സംഘടിപ്പിച്ച ട്വന്റി20 മല്‍സരത്തിനിടെ ശശി തരൂരിന്റെ ഒരു ഷോട്ടിനെ കൈയടിച്ച് പ്രോല്‍സാഹിപ്പിച്ച സുനന്ദയുടെ ചിത്രം മാധ്യമങ്ങളില്‍ വരികയുണ്ടായി. രണ്ടുമാസം മുമ്പ്‌ ഡല്‍ഹിയില്‍ കോണ്‍ഗ്രസ്‌ നേതാവ്‌ ജിതിന്‍ പ്രസാദയുടെ വിവാഹച്ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ് സുനന്ദ ശരിക്കും മാധ്യമശ്രദ്ധ നേടിയെടുത്തത്. ചുവപ്പുസാരിയും ബ്ലെസും ധരിച്ച് വളരെ ഗ്ലാമറസായി ശശി തരൂരിനൊപ്പം പ്രത്യക്ഷപ്പെട്ട ഈ കശ്മീര്‍ സുന്ദരിയെ ക്യാമറക്കണ്ണുകള്‍ ആര്‍ത്തിയോടെ ഒപ്പിയെടുക്കുകയായിരുന്നു.

Who is this Kashmiri beauty, Sunanda Pushkar? | സുനന്ദ പുഷ്കറെന്ന കശ്മീര്‍ സുന്ദരിയാര്?

ഉദയാര്‍ദ്ര കിരണങ്ങള്‍

ദിലീപിന്റെ ‘പാപ്പി അപ്പച്ചാ’ മൂക്കുകുത്തുന്നു!


വിഷുച്ചിത്രങ്ങളില്‍ ആദ്യത്തേതായി ഏപ്രില്‍ 14-ന് തീയേറ്ററുകളിലെത്തിയ ദിലീപിന്റെ ‘പാപ്പി അപ്പച്ചാ’ നിരാശപ്പെടുത്തുവെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ദിലീപിന്റെ അനുജനായ അനൂപ് നിര്‍മിച്ച ഈ മുഴുനീള കോമഡി സിനിമ സംവിധാനം ചെയ്തത് നവാഗതനായ മമാസ് ആണ്. ആദ്യ ഷോ കഴിഞ്ഞിറങ്ങിയവര്‍ പടം ഒട്ടും കൊള്ളില്ല എന്ന് അഭിപ്രായപ്പെടുന്നതിനാല്‍ ഒന്നുരണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ പടത്തിന് പ്രേക്ഷകര്‍ ഇല്ലാതാകും എന്ന് വിലയിരുത്തപ്പെടുന്നു.

2010-ലെ വിഷുവിന് നാല് സിനിമകളാണ് മത്സരിക്കുന്നത്. മോഹന്‍ലാലിന്റെ അലക്സാണ്ടര്‍ ദ ഗ്രേറ്റ്, ദിലീപിന്റെ പാപ്പി അപ്പച്ചന്‍, കലാഭവന്‍ മണിയുടെ പുള്ളിമാന്‍, മോഹന്‍ രാഘവന്‍ സംവിധാനം ചെയ്യുന്ന ടിഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് ആറ് ബി എന്നിവയാണ് ഈ ചിത്രങ്ങള്‍. ഇതില്‍ പാപ്പി അപ്പച്ചന്‍ ഇറങ്ങിക്കഴിഞ്ഞു. മറ്റ് മൂന്ന് ചിത്രങ്ങളും വിഷുദിനമായ ഏപ്രില്‍ 15-നാണ് ഇറങ്ങുന്നത്.

ദിലീപിന്റെ ഭാഗ്യനായികയായ കാവ്യാ മാധവന്‍ ചെറിയ ഇടവേളയ്ക്ക് ശേഷം തിരിച്ചുവന്ന സിനിമയായിരുന്നു പാപ്പി അപ്പച്ചന്‍. നിരക്ഷരനായ ഒരു അപ്പന്റെയും മകന്റെയും കഥയാണിത്. സുഹൃത്തുക്കളെ പോലെ ജീവിക്കുന്ന അപ്പച്ചനും മകനും ഒരു സുപ്രഭാതത്തില്‍ പിണങ്ങുകയാണ്. എന്തിനുവേണ്ടി എന്ന് സിനിമ കണ്ടിറങ്ങുന്നവര്‍ ചോദിക്കുന്നു. അത്രയ്ക്ക് ദുര്‍ബലമായ കാര്യങ്ങളാണ് പിണക്കത്തിന് കാരണമായി സിനിമയില്‍ കാണിക്കുന്നത്. ഇന്നസെന്റാണ് അപ്പച്ചനായി വേഷമിടുന്നത്.

മോശം തിരക്കഥയും സംവിധായകന്റെ പരിചയക്കുറവുമാണ് പാപ്പി അപ്പച്ചാ എന്ന സിനിമയ്ക്ക് വിനയായത്. തമാശയ്ക്ക് വേണ്ടി തല്ലിപ്പഴുപ്പിച്ചെടുത്ത തമാശകള്‍ സിനിമയിലുടനീളം മുഴച്ചുനില്‍‌ക്കുന്നു. സ്വന്തം ലേഖകന്‍, ബോഡി ഗാര്‍ഡ്, ആഗതന്‍ എന്നീ സിനിമകളുടെ പരാജയശേഷം വീണ്ടുമൊരു ഫ്ലോപ്പ് സിനിമയാണ് പാപ്പി അപ്പച്ചനിലൂടെ ദിലീപിനെ തേടി വന്നിരിക്കുന്നത്.

Dileep tastes another flop through Pappi Appacha | ദിലീപിന്റെ ‘പാപ്പി അപ്പച്ചാ’ മൂക്കുകുത്തുന്നു!