Friday, May 28, 2010

മനസാക്ഷിയുണ്ടെങ്കില്‍ മാറിനില്‍ക്കൂ

ലിവര്‍പൂളിന്‍റെ ദയനീയ സ്ഥിതിയില്‍ ക്ലബിന്‍റെ പഴയ ഉടമയായിരുന്ന ഡേവിഡ് മൂര്‍സിന് പരിതാപം. ക്ലബ് നോക്കിനടത്താന്‍ പറ്റില്ലെങ്കില്‍ പുതിയ ആരെയെങ്കിലും ഏല്‍പ്പിക്കണമെന്ന് ഇപ്പോഴത്തെ ഉടമസ്ഥരായ ജോര്‍ജ്ജ് ഗില്ലെറ്റിനോടും ടോം ഹിക്സിനോടും അദ്ദേഹം ആവശ്യപ്പെട്ടു.

“ടൈംസ്” പത്രത്തിനയച്ച ഒരു കത്തിലാണ് ഡേവിഡ് മൂര്‍സ് തന്‍റെ രോഷപ്രകടനം നടത്തിയത്. ഗില്ലറ്റും ഹിക്സും ഏറെ പ്രശസ്തമായ ഒരു സ്പോര്‍ട്സ് സ്ഥാപനത്തെ നശിപ്പിക്കുകയാണെന്ന് മുര്‍സ് ആരോപിക്കുന്നു. മനസാക്ഷിയുണ്ടെങ്കില്‍ അവര്‍ ചെയ്യേണ്ടത് ഇതില്‍ നിന്ന് മാറിനില്‍ക്കുകയും ക്ലബ് വേറെയാരെയെങ്കിലും ഏല്‍പ്പിക്കുകയുമാണ്.

മൂന്ന് വര്‍ഷം മുമ്പാണ് അമേരിക്കക്കാരായ ഗില്ലറ്റും ഹിക്സും 202 മില്യണ്‍ പൌണ്ടിന് ക്ലബ് ഏറ്റെടുത്തത്. ആ സമയത്ത് 88 മില്യണ്‍ പൌണ്ട് മാത്രമായിരുന്നു ക്ലബിന്‍റെ ബാധ്യതയെങ്കില്‍ ഇപ്പോള്‍ അത് 351 മില്യണ്‍ പൌണ്ടായി ഉയര്‍ന്നു.

ബാധ്യതകള്‍ ഉയര്‍ന വന്ന സാഹചര്യത്തില്‍ ക്ലബിനെ സ്നേഹിക്കുന്നവര്‍ക്കായി ഇത് വില്‍‌ക്കാന്‍ താന്‍ നിര്‍ബന്ധിതനാവുകയാരുന്നെന്ന് മൂര്‍സ് കത്തില്‍ വിശദീകരിക്കുന്നു. ഗില്ലറ്റിനേയും ഹിക്സിനേയും വിശ്വാസത്തിലെടുത്തുകൊണ്ടായിരുന്നു വില്‍‌പന നടത്തിയത്. എന്നാല്‍ അതിനനുസരിച്ച പ്രവര്‍ത്തനമല്ല ഇരുവരില്‍ നിന്നും പിന്നീടുണ്ടായത്.

താക്‍സിന്‍ ഷിനാവത്രയേയും ദുബായ് ഇന്‍റര്‍നാഷണല്‍ കാപിറ്റലിനെയും തള്ളിക്കൊണ്ടാണ് ലിവര്‍‌പൂള്‍ അമേരിക്കന്‍ കൈകളിലെത്തിയത്. ക്ലബിന്‍റെ താല്‍‌പര്യങ്ങള്‍ പരിഗണിക്കുന്നതില്‍ തന്‍റെ ഭാഗത്ത് തെറ്റുപറ്റിയെന്ന് സമ്മതിക്കുമ്പോഴും ഇതില്‍ ക്ഷമ ചോദിക്കാന്‍ മൂര്‍സ് തയ്യാറല്ല. അതേസമയം ക്ലബ് അമേരിക്കന്‍ കൈകളില്‍ എത്തിപ്പെട്ടതില്‍ താന്‍ പശ്ചാത്തപിക്കുന്നതായി മൂര്‍സ് അറിയിച്ചു

David Moores says Liverpool's US owners should 'stand aside' | മനസാക്ഷിയുണ്ടെങ്കില്‍ മാറിനില്‍ക്കൂ