Thursday, May 20, 2010

ഫോട്ടോ പോസ്റ്റ് ചെയ്യുന്നവരെ... ഒരു നിമിഷം!


PRO
PRO
ഇന്റര്‍നെറ്റ് ലോകം നിരവധി ‘കെണി’കളുടെ ലോകം കൂടിയാണ്. നെറ്റില്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഭാവി ജീവിതത്തിന് ഭീഷണിയായേക്കും. അതെ, സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലും ബ്ലോഗിലും സ്വന്തം ചിത്രങ്ങളും വിലാസങ്ങളും വ്യക്തി വിവരങ്ങളും നല്‍കുന്നവര്‍ ശ്രദ്ധിക്കണമെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്കിലെ വിവരങ്ങളും സന്ദേശങ്ങളും ഉപയോഗപ്പെടുത്തി സിഡ്നിയിലെ കൌമാരക്കാരി കൊല്ലപ്പെടാനുണ്ടായ സാഹചര്യം നെറ്റ് വിദഗ്ധര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.

വ്യക്തിവിവരങ്ങളും ചിത്രങ്ങളും ഉപയോഗപ്പെടുത്തി കുറ്റകൃത്യം നടത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇതേത്തുടര്‍ന്ന് നെറ്റില്‍ വ്യക്തി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നവര്‍ ശ്രദ്ധിക്കണമെന്ന് ഓസ്ട്രേലിയന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും കൌമാരക്കാരികളും കുട്ടികളുമാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതില്‍ ശ്രദ്ധിക്കേണ്ടത്. നെറ്റ് സേവനമുള്ള സ്മാര്‍ട്ട് ഫോണുകള്‍ വര്‍ധിച്ചതോടെ ഓണ്‍ലൈന്‍ ഫോട്ടോ ഷെയറിംഗ് വര്‍ധിച്ചിരിക്കുകയാണ്.

റെസ്റ്റോറന്റ്, കോളേജ്, പാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്ന് കൂട്ടുക്കാരുമൊത്തെടുക്കുന്ന ചിത്രങ്ങള്‍ മിക്ക ഫേസ്ബുക്ക് അംഗങ്ങളും പോസ്റ്റ് ചെയ്യുന്നത് പതിവായിട്ടുണ്ട്. ഇത്തരം ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നത് മുതിര്‍ന്നവര്‍ ശ്രദ്ധിക്കണമെന്നും കുട്ടികളുടെ സോഷ്യല്‍ നെറ്റ്വര്‍ക്ക് പേജുകളില്‍ എപ്പോഴും നിരീക്ഷണം വേണമെന്നും പോലീസ് ആവശ്യപ്പെടുന്നുണ്ട്.

ഫേസ്ബുക്കില്‍ ഭൂരിഭാഗം പ്രൊഫൈലുകളിലും വ്യക്തികളുടെ മിക്ക വിവരങ്ങളും ലഭ്യമാണ്. ജനനതീയതി മുതല്‍ എത്ര വരെ പഠിച്ചു, ഏതെല്ലാം സ്ഥാപനങ്ങളില്‍ പഠിച്ചു തുടങ്ങീ വിവരങ്ങളും ലഭിക്കും. ഇതിന് ലൈവ് സ്റ്റാറ്റസ് അപ്ഡേഷനും കൂടിയാകുമ്പോള്‍ കുറ്റവാളികള്‍ക്ക് വേണ്ട സഹായങ്ങള്‍ എല്ലാമായി. അതെ, ഫേസ്ബുക്കില്‍ എന്നല്ല, നെറ്റ് ലോകത്ത് എവിടെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുമ്പോഴും സൂക്ഷിക്കേണ്ടിയിരിക്കുന്നു, കാരണം മറ്റൊന്നുമല്ല, ഭാവിയില്‍ ദുഃഖിക്കേണ്ടിവരരുത്

Australian police warn teens about Facebook photos | ഫോട്ടോ പോസ്റ്റ് ചെയ്യുന്നവരെ... ഒരു നിമിഷം!