Friday, February 20, 2009

ഹരിതഗൃഹ പ്രഭാവം

റീസൈക്കിള്‍ ചെയ്ത വസ്തുക്കള്‍ മാത്രം ഉപയോഗിച്ച് 1.60 ലക്ഷം രൂപയ്ക്ക് ഭാവനയില്‍ വിരിഞ്ഞ വിട് പണിത ഒരു റിട്ടയേര്‍ഡ് എഞ്ചിനീയറുടെ അനുഭവങ്ങള്‍

മരങ്ങള്‍ വരിയായി ചേരുന്നതിനൊടുവില്‍ ബാംഗലൂരുവിലെ ആര്‍.റ്റി.നഗറിലെ ഡബില്‍ റോഡില്‍ ഒരു വീടുണ്ട്. കല്‍ചുമരുകളും വെള്ളച്ചായമടിച്ച മരഗേറ്റും ഭംഗിപകരുന്ന ഒന്ന്. കയറുകൊണ്ട് 63 എന്ന നമ്പര്‍ അടയാളപ്പെടുത്തിയിട്ടുള്ള ഈ കെട്ടിടം ആര്‍.വിശ്വമൂര്‍ത്തിയുടെ തോറോ എന്ന വിടാണ്. ഇത് ഇവിടത്തെ മനോഹരമായ വീടുകളില്‍ ഒന്ന് മാത്രമാണെന്ന് കണക്ക് കൂട്ടുന്നവര്‍ക്ക് തെറ്റി. ഈ വീടിന്റെ മൂക്കും മൂലയും വരെ റീസൈക്കിള്‍ ചെയ്ത വസ്തുക്കളും1.60 ലക്ഷം രൂപയും ഉപയോഗിച്ച് വിശ്വമൂര്‍ത്തി പണിതെടുത്തതാണ്. ഉദാഹരണത്തിനായി ടെറസിലേക്ക് കയറുന്ന ഗോവണിയുടെ കാര്യം തന്നെയെടുക്കാം. പടികള്‍ റീസൈക്കിള്‍ ചെയ്ത കല്ലിന്റെ സ്ലാബുകളാണ്. റെയിലിങ്ങിനും ബാനിസ്റ്ററിനും സ്ക്രാപ് ട്യൂബുകളും പച്ച നിറത്തിലുളള പഴയ ഗാര്‍ഡന്‍ ഹോസുമാണ് ഉപയോഗിച്ചിരിക്കുന്നത്.

പണത്തിന്റെ കുറവും തന്റേതായ വിശ്വാസങ്ങളുമാണ് വിശ്വമൂര്‍ത്തിയെ ഈ പ്രത്യേകതകള്‍ നിറഞ്ഞ വീടിന്റെ നിര്‍മ്മിതിയിലേക്ക് എത്തിച്ചെത്. എച്ച്.എം.ടി കമ്പനിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്ന വിശ്വമൂര്‍ത്തി 1975ല്‍ 13,500 രൂപയ്ക്കാണ് ഈ സ്ഥലം വാങ്ങിയത്.

മൂന്നു പെണ്‍മക്കളെ കെട്ടിച്ചയച്ചതോടെ കൈയിലെ സമ്പാദ്യം തീര്‍ന്ന അദ്ദേഹം, വാങ്ങിയ ഭൂമിയില്‍ മരങ്ങള്‍ നട്ടുവളര്‍ത്തി. പ്രമുഖ അമേരിക്കന്‍ എഴുത്തുകാരനും ചിന്തകനുമായ ഹെന്‍ട്രി ഡേവിഡ് തോറോയോടും അദ്ദേഹത്തിന്റെ പ്രകൃതി ചിന്തകളോടും താല്പര്യം കൊണ്ട് അദ്ദേഹം ഒരു തോറോ ഫൊണ്ടേഷന്‍ നഗരത്തില്‍ തുടങ്ങി. തോറോയുടെ ആശയങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്ന ഈ വീട് പണിതത് ആകസ്മികമായാണ്.

1981-ല്‍ ഒരു ദിവസം വശ്വമൂര്‍ത്തി ഓഫിസിലിരിക്കുമ്പോള്‍ കല്ലുകള്‍ കയറ്റിയ ട്രക്കുകള്‍ വഴിയിലൂടെ പോകുന്നതു കണ്ടു. അന്വേഷണത്തില്‍ തിരുവിതാംകൂര്‍ രാജാവിന്റെ കൊട്ടാരം പൊളിച്ച് നീക്കുന്ന കല്ലുകളാണെന്ന് അദ്ദേഹം മനസ്സിലാക്കി. അതിന്റെ കോണ്‍ട്രാക്റ്ററില്‍ നിന്ന് 30 പൈസ വെച്ച് 14 ട്രക്ക് നിറയെ കല്ലുകള്‍ അദ്ദേഹം വാങ്ങി. ആ സ്ലാബുപയോഗിച്ച് തന്റെ വീടെന്ന ഭാവനയ്ക്ക് അദ്ദേഹം ജീവന്‍ നല്‍കിയതിനിപ്പോള്‍ രണ്ടു ദശാബ്ദം പഴക്കമായിരിക്കുന്നു.

വീടിന് അനുയോജ്യമായ വാതിലുകളും ജനാലകളും നിര്‍മ്മിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ അടുത്ത പ്രശ്നം. 1980-കളില്‍ എച്ച്.എം.ടി വാച്ചുകള്‍ പല രാജ്യത്തു നിന്നായാണ് വന്നിരുന്നത്. അവയെല്ലാം പൊതിഞ്ഞു വന്ന പെട്ടികള്‍ കമ്പനി വളപ്പില്‍ തന്നെ കെട്ടി കിടക്കുന്നുണ്ടായിരുന്നു. അവയാണ് വാതിലിനും ജനലിനും പുറമെ വീടിന്റെ ഉള്‍ത്തളങ്ങളില്‍ അലമാരയ്ക്ക് കതകായും ബുക്ക് ഷെല്‍ഫുകളായും രൂപം മാറിയത്.

കാര്‍ വിന്ഡോയും പെട്ടിയും ഉപയോഗിച്ചുണ്ടാക്കിയ ഒരു ടീപോയും ഇവിടുണ്ട്. ട്രെപീസിയം ആകൃതിയിലുള്ള ഇവിടുത്തെ ജനാലകള്‍ ഇറക്കുമതി ചെയ്ത കാര്‍ വിന്ഡോകള്‍ ആണ് . വ്യത്യസ്തത ആഗ്രഹിക്കുന്നവരോടായി, അതിനായി "നിങ്ങള്‍ക്ക് വേണ്ടത് അല്പം ഭാവന മാത്രമാണ്" എന്നാണ് വിശ്വമൂര്‍ത്തിക്ക് പറയാനുള്ളത്.

( സ്വാഗത സെന്‍, ഇന്ത്യാടുഡേ മലയാളം - ഫെബ്രുവരി 18, 2009)