Wednesday, May 5, 2010

റാണിചന്ദ്ര-നോവിക്കുന്ന ഒരോര്‍മ്മ

മലയാള സിനിമയുടെ നിത്യദുരന്തങ്ങളിലൊന്നാണ് റാണിചന്ദ്ര. പ്രേക്ഷകമനസുകളിലെ മായാത്ത ഓര്‍മകളില്‍ കളങ്കമേശാത്ത ഒരു അന്യാദൃശ പുഞ്ചിരിയുടെ പ്രസാദാത്മകത.

"മിസ് കൊച്ചി'യായി പിന്നീട് മലയാള സിനിമയില്‍ നായികയും ഉപനായികയുമായി നിറഞ്ഞുനിന്ന മുഖം. രാജീവ്നാഥിന്‍റെ "തണല്‍' എന്ന ഒറ്റച്ചിത്രം മതി റാണിയെ മലയാള സിനിമ എന്നും ഹൃദയത്തില്‍ സൂക്ഷിയ്ക്കാന്‍.

കെ ജി ജോര്‍ജ്ജിന്‍റെ സ്വപ്നാടനം റാണി ചന്ദ്രക്ക് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തു.

1976 ഒക് റ്റോബര്‍ 12 . അതൊരു അഭിശപ്ത ദിവസമായി മലയാള സിനിമയ്ക്ക്. അന്ന് മുംബൈയില്‍ നിന്നു മദ്രാസിനു പറന്നുയര്‍ന്ന വി മാനം കടലില്‍ ചാരമായി കത്തിയമര്‍ന്നപ്പോള്‍ ഒപ്പം കരിഞ്ഞ ജീവിതങ്ങളിലൊന്ന്, നൃത്തത്തെ പ്രണിയിച്ച റാണിയുടേതുമാണ്; റാണി യുടെ അടങ്ങാത്ത കിനാവുകളാണ്.

ഞടുക്കുന്ന ഒരു താരദുരന്തത്തിന്‍റെ രക്തസാക്ഷിയായി തീര്‍ന്ന കലാകാരിയാണ് റാണിചന്ദ്ര. മറ്റുള്ളവര്‍ക്കു വെളിച്ചം പകരാന്‍ എരിഞ്ഞു തീരുന്ന മെഴുകുതിരി പോലെ,കുടുംബത്തിന്‍റെ നിലനില്‍പ്പിനും രക്ഷയ്ക്കുമായി എരിഞ്ഞുതീര്‍ന്ന റാണിയുടെ ജീവിതം വീട്ടിലെ മിക്ക അംഗങ്ങളോടുമൊപ്പം ആകാശത്തില്‍് എരിഞ്ഞടങ്ങുകയായിരുന്നു. മൂന്നു സഹോദരികളും അമ്മയും ഒപ്പം വിമാനത്തോടൊപ്പം അഗ്നി ക്കിരയാകുകയാണുണ്ടായത്.

റാണിചന്ദ്ര-നോവിക്കുന്ന ഒരോര്‍മ്മ

കുറ്റാന്വേഷകരുടെ ‘മാനസിക ബലാത്സംഗം’ ഇനി വേണ്ട!

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നാ”ണ് ഇന്ത്യന്‍ നീതിപീഠത്തിന്‍റെ ആപ്തവാക്യം. നാര്‍കോ അനാലിസിസ് പോലുള്ള ‘കുറ്റാന്വേഷണ പരീക്ഷണങ്ങള്‍’ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കാന്‍ നമ്മുടെ പരമോന്നത കോടതിക്ക് പ്രേരണയായതും ഇതായിരിക്കാം. നാര്‍കോ അനാലിസിസ്, പോളിഗ്രാഫ് ടെസ്റ്റ്, ബ്രെയിന്‍ മാപ്പിംഗ് എന്നിവ നിരോധിച്ചാല്‍ ചിലപ്പോള്‍ അത് വന്‍ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള അവസരം ഒരുക്കിയേക്കാം. എന്നാല്‍, ഒട്ടനവധി സാധാരണ പൌരന്‍‌മാര്‍ക്ക് ഈ നിരോധനം ഒരു രക്ഷാകവചമായേക്കും.

അഭിപ്രായസ്വാതന്ത്ര്യത്തിനു തുല്യമായി അഭിപ്രായം മറച്ചു വയ്ക്കാനുള്ള സ്വാതന്ത്ര്യവും നമ്മുടെ ഭരണഘടന നല്കുന്നുണ്ട്. നിയമവിദഗ്ധരുടെ അഭിപ്രായത്തില്‍ ഭരണഘടന ഒരു പൌരന് നല്കുന്ന രണ്ട് ഭരണഘടനാ‍ അനുഛേദങ്ങളുടെ ലംഘനം കൂടിയായിരുന്നു നാര്‍കോ അനാലിസിസ്. അനുഛേദം 23 സെക്ഷന്‍ മൂന്നും, അനുഛേദം 21ഉം ആണ് ഈ അവകാശങ്ങള്‍. സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവകാശം മൌലികാവകാശമാണെന്നാണ് പ്രധാനമായും ഇതില്‍ പറയുന്നത്. അതായത്, ഭരണഘടനയുടെ ഉള്ളിലിരുന്ന് നോക്കുമ്പോള്‍ ഭരണഘടനവിരുദ്ധമായിരുന്ന നാര്‍കോ അനാലിസിസും പോളിഗ്രാഫും ബ്രയിന്‍ മാപ്പിംഗും ഇവിടെ നടന്നുപോരികയായിരുന്നു. കാരണം ഇവയൊന്നും ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നില്ല എന്നതു തന്നെ.

Compulsory narco, brain-mapping wrong: SC | കുറ്റാന്വേഷകരുടെ ‘മാനസിക ബലാത്സംഗം’ ഇനി വേണ്ട!

കാക്കശ്ശേരി ഭട്ടതിരി

കോഴിക്കോട്ടെ രേവതി പട്ടത്താനം പണ്ഡിത സഭയില്‍ മഹാ പണ്ഡിതനായിരുന്ന ഉദ്ദണ്ഡ ശാസ്ത്രികളെ മത്സരത്തില്‍ തുടര്‍ച്ചയായി തോല്‍പ്പിച്ച് യുവ ബ്രാഹ്മണനായിരുന്നു കാക്കശ്ശേരി ഭട്ടതിരി. ഗുരുവായൂരിനടുത്തുള്ള മുക്കൂട്ടുതലയായിരുന്നു സ്വദേശം കൊല്ലവര്‍ഷം 600 നും 700 ഇടക്കായിരുന്നു ജീവിത കാലം.

കാക്കശ്ശേരി ഭട്ടതിരി ഗര്‍ഭശ്രീമാന്‍ ആയിരുന്നു എന്നും പറയാം. 

ഉദ്ദണ്ഡ ശാസ്ത്രികളെ തോല്‍പ്പിക്കാന്‍ വഴിതേടി ഗുരുവായൂരപ്പനെ പ്രാര്‍ത്ഥിച്ച് ഗുരുവായൂരില്‍ തമ്പടിച്ചിരുന്ന മലയാള ബ്രാഹ്മണര്‍ മുക്കൂട്ടുതലയിലെ ഒരു അന്തര്‍ജ്ജനത്തിന് ഗര്‍ഭശങ്കയുണ്ട് എന്നറിഞ്ഞ് അവിടെച്ചെന്ന് ബാല എന്ന ദിവ്യമന്ത്രം കൊണ്ട് വെണ്ണ ജപിച്ച് പ്രസവിക്കുന്നതു വരെ ആ അന്തര്‍ജ്ജനത്തിനു നല്‍കി. അവര്‍ പ്രസവിച്ച ഉണ്ണിയാണ് കാക്കശ്ശേരി ഭട്ടതിരി എന്ന പേരില്‍ പ്രസിദ്ധനായത്. 

ദിവസേന കാണുന്ന കാക്കകളെ പോലും തിരിച്ചറിയാന്‍ കുട്ടിക്കാലത്തേ ഈ ഭട്ടതിരിക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് കാക്കശ്ശേരി ഭട്ടതിരി എന്ന പേരു പോലും വന്നതെന്ന് ഐതിഹ്യമാലയില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി പറയുന്നത്. 

മൂന്നാം വയസില്‍ എഴുത്തിനിരുത്തി അഞ്ചാം വയസ്സില്‍ ഉപനയനം ചെയ്ത ഭട്ടതിരി ചെറുപ്പം മുതലേ ബുദ്ധിരാക്ഷസനായിരുന്നു. സമാവര്‍ത്തനം കഴിയും മുമ്പ് തന്നെ അദ്ദേഹം സര്‍വ്വജ്ഞനും വാഗ്മിയും യുക്തിമാനുമായിത്തീര്‍ന്നു

വെയിലേറ്റു വാടാതിരിക്കാന്‍ നീല

വെയിലേറ്റാല്‍ വാടിത്തളരാത്തവര്‍ ആരുമുണ്ടാവില്ല. സൂര്യനില്‍ നിന്നുള്ള ചൂടിനെക്കാള്‍ അള്‍ട്രാവയലറ്റ് വികിരണമാണ് നമ്മെ വലയ്ക്കുന്നത്. ഇത്തരം തീവ്ര വികിരിണങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ ഗവേഷകര്‍ പുതിയൊരു രക്ഷാകവചം കണ്ടെത്തിയിട്ടുണ്ട്.

ചില നിറങ്ങള്‍ നമ്മെ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കുമെന്നാണ് ഒരു കൂട്ടം സ്പാനിഷ് ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിരിക്കുന്നത്. അതായത്, കടും നീലയോ ചുവപ്പോ നിറങ്ങളിലുള്ള കോട്ടന്‍ വസ്ത്രങ്ങള്‍ സൂര്യ പ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളെ മറ്റു നിറങ്ങളെക്കാള്‍ കൂടുതല്‍ ഫലപ്രദമായി ആഗിരണം ചെയ്യുമത്രേ.

വസ്ത്രങ്ങളുടെ നിറം അനുസരിച്ചായിരിക്കും അവ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് നമുക്ക് സംരക്ഷണം നല്‍കുക എന്നാണ് ഗവേഷകരുടെ അഭിപ്രായം. എന്നാല്‍, നിറങ്ങള്‍ എത്തരത്തില്‍ പ്രവര്‍ത്തിച്ചാണ് അള്‍ട്രാവയലറ്റ് വികിരണങ്ങളെ ആഗിരണം ചെയ്യുന്നത് എന്ന് ഇന്നും പൂര്‍ണമായി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല.

നീല, ചുവപ്പ്, മഞ്ഞ എന്നീ മൂന്ന് നിറങ്ങളുടെ വിവിധ ഷേഡുകളാണ് പഠനവിധേയമാക്കിയത്. ഇതില്‍, കടുത്ത നിറമുള്ള സാമ്പിളുകള്‍ അള്‍ട്രാവയലറ്റ് രശ്മികളെ കൂടുതല്‍ ആഗിരണം ചെയ്യുന്നതായി കണ്ടെത്തി. അള്‍ട്രാവയലറ്റ് രശ്മികളെ ഏറ്റവും കൂടുതല്‍ ആഗിരണം ചെയ്തത് കടും നീല നിറമാണ്. ഏറ്റവും കുറവ് ആവട്ടെ മഞ്ഞയും.

അള്‍ട്രാവയലറ്റ് രശ്മികള്‍ അമിതമായി ഏല്‍ക്കുന്നത് കാഴ്ചയ്ക്ക് തകരാറുകള്‍ ഉണ്ടാക്കുകയും ത്വക് ക്യാന്‍സര്‍ രോഗത്തിനു കാരണമാവുകയും ചെയ്യുമെന്നാണ് വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Deep bue will protect from UV | വെയിലേറ്റു വാടാതിരിക്കാന്‍ നീല

നിരുപമയുടെ കൊല: ആണ്‍‌സുഹൃത്തിനെ ചോദ്യം ചെയ്യും

സ്വന്തം വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ട നിരുപമ പഥക് എന്ന യുവ പത്രപ്രവര്‍ത്തകയുടെ ആണ്‍‌സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്യും. മരണത്തില്‍ ദുരൂഹത വര്‍ദ്ധിച്ചതോടെയാണ് ഡല്‍ഹി സ്വദേശിയായ പ്രിയഭാന്‍‌ഷുവിനെ ചോദ്യം ചെയ്യുന്നത്.

“പ്രിയഭാന്‍‌ഷുവിനെ ചോദ്യം ചെയ്യുന്നതിനായി ഞങ്ങള്‍ ഒരു ടീമിനെ ഡല്‍‌ഹിയിലേക്ക് അയയ്ക്കുന്നുണ്ട്. ഡല്‍ഹി പൊലീസിന്‍റെ സഹായത്തോടെ അയാ‍ളെ ചോദ്യം ചെയ്യാനാണ് തീരുമാനം” - കൊഡേര്‍മ എസ്പി ജി ക്രാന്തികുമാര്‍ അറിയിച്ചു. പ്രിയഭാന്‍‌ഷുവും ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനാണ്.

ക്രൈം ഇന്‍‌വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്‍റില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരും ചൊവ്വാഴ്ച നിരുപമ പഥക്കിന്‍റെ വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. ഏതാനും കത്തുകളും മറ്റുചില ഡോക്യുമെന്‍റുകളും നിരുപമയുടെ മരണം സംഭവിച്ച ഏപ്രില്‍ 29ന് അവരുടെ ബന്ധുക്കള്‍ ആരോടൊക്കെ മൊബൈലില്‍ സംസാരിച്ചു എന്നതിന്‍റെ രേഖകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഏപ്രില്‍ 29നാണ് നിരുപമയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതൊരു ‘അഭിമാനക്കൊലപാതകമാ’ണെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. മരിക്കുമ്പോള്‍ നിരുപമ മൂന്നുമാസം ഗര്‍ഭിണിയായിരുന്നു എന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്.

കുഞ്ഞിക്കൂനനെ നേപ്പാള്‍ അടിച്ചുമാറ്റി!PRO
ഹോളിവുഡ് സിനിമകള്‍ ആധാരമാക്കി മലയാളത്തില്‍ സിനിമകള്‍ വരുന്നത് അത്ര പുതുമയുള്ള കാര്യമല്ല. പല ഹോളിവുഡ് സിനിമകളും പതിവായി മലയാളത്തിലേക്ക് മോഷ്ടിക്കപ്പെടുന്നുണ്ട് എന്നത് വാസ്തവം. ചില മലയാള ചിത്രങ്ങള്‍ മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്ക് പകര്‍ത്തപ്പെടുന്നതും പതിവുകാര്യം തന്നെ. എന്നാല്‍, മോഷണത്തിന് ഇതാ മറ്റൊരു മുഖം.

മലയാളത്തിലെ ഒരു ചിത്രം നേപ്പാള്‍ ഭാഷയിലേക്ക് അടിച്ചുമാറ്റപ്പെട്ടിരിക്കുന്നു. മോഷണം എന്നുപറഞ്ഞാല്‍, നല്ല ഗംഭീര മോഷണം. ശശിശങ്കര്‍ സംവിധാനം ചെയ്ത ‘കുഞ്ഞിക്കൂനന്‍’ എന്ന ചിത്രമാണ് ഒരു ഷോട്ട് പോലും വ്യത്യാസമില്ലാതെ നേപ്പാള്‍ ഭാഷയിലേക്ക് പകര്‍ത്തിയിരിക്കുന്നത്. ‘സുന്ദര്‍ മേരോ നാം’ എന്നാണ് ഈ സിനിമയുടെ പേര്.

PRO


ശാരീരികവൈകല്യമുള്ള കുഞ്ഞിക്കൂനന്‍ അന്ധയായ ഒരു പെണ്‍കുട്ടിയെ സ്നേഹിക്കുന്നതും ഏറെ പ്രതിസന്ധികള്‍ മറികടന്ന് അവളെ സ്വന്തമാക്കുന്നതുമാണ് ‘കുഞ്ഞിക്കൂനന്‍’ എന്ന ചിത്രത്തിന്‍റെ പ്രമേയം. ശശിശങ്കര്‍ തന്നെ ‘പേരഴകന്‍’ എന്ന പേരില്‍ ഈ സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. എന്നാല്‍ മലയാളത്തില്‍ നിന്നാണ് ഈ സിനിമ നേപ്പാളിലേക്ക് മോഷ്ടിച്ചതെന്ന് വ്യക്തമാണ്. കാരണം മലയാളത്തിലെ കുഞ്ഞിക്കൂനന്‍ നേപ്പാളില്‍ അതേപടി പകര്‍ത്തിവച്ചിരിക്കുകയാണ്.

ദിലീപ് മലയാളത്തിലും സൂര്യ തമിഴിലും അനശ്വരമാക്കിയ കുഞ്ഞിക്കൂനന്‍ എന്ന കഥാപാത്രത്തെ ദീപക് രാജ് ഗിരി എന്ന മിനിസ്ക്രീന്‍ കൊമേഡിയനാണ് നേപ്പാളില്‍ അവതരിപ്പിക്കുന്നത്. കുഞ്ഞിക്കൂനന്‍റെ മാനറിസങ്ങള്‍ ഒരു മാറ്റവുമില്ലാതെ അനുകരിച്ചിരിക്കുകയാണ് ഈ നടന്‍. വിജയ താപ എന്നയാളാണ് സുന്ദര്‍ മേരോ നാം സംവിധാനം ചെയ്തിരിക്കുന്നത്. ‘കഥ, തിരക്കഥ, സംഭാഷണം - വിജയ താപ’ എന്ന് ടൈറ്റില്‍ കാര്‍ഡില്‍ വ്യക്തമാക്കിയിട്ടുണ്ട്. യാതൊരു ഉളുപ്പുമില്ലാത്ത മോഷണം എന്ന് പറയാതെ വയ്യ.

PRO


സാങ്കേതികമായി മികച്ച സിനിമകളായിരുന്നു കുഞ്ഞിക്കൂനനും പേരഴകനും. എന്നാല്‍ ഈ ചിത്രം നേപ്പാളി ഭാഷയിലേക്ക് പകര്‍ത്തിയവരാകട്ടെ സാങ്കേതികനിലവാരം തീരെയില്ലാതെയാണ് ചിത്രമൊരുക്കിയത്. ചിത്രത്തിന്‍റെ ഛായാഗ്രഹണവും എഡിറ്റിംഗും ശബ്ദസങ്കലനവുമെല്ലാം ടെലിവിഷന്‍ സീരിയലിനെക്കാള്‍ നിലവാരം കുറഞ്ഞതാണ്.


മൊബൈലുകളുടെ വില കുറയ്ക്കും


PRO
ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ മൊബൈല്‍ സെറ്റുകളുടെ വില കുറയ്ക്കാന്‍ മൊബൈല്‍ നിര്‍മ്മാണകമ്പനികളായ നോകിയയും സാംസംങും എല്‍‌ജിയും തീരുമാനിച്ചു. ഈ സംസ്ഥാനങ്ങളിലെ അമിത നികുതിയെ തുടര്‍ന്നാണ് തീരുമാനം. നികുതിയുടെ ഭാരം ഉപയോക്താക്കളിലേക്ക് പൂര്‍ണ്ണമായി അടിച്ചേല്‍‌പിക്കാതിരിക്കാനാണ് തീരുമാനമെന്ന് കമ്പനികള്‍ അറിയിച്ചു.

എട്ടു ശതമാനം വരെ വില കുറയ്ക്കാനാണ് കമ്പനികള്‍ ലക്‍ഷ്യമിടുന്നത്. മൂന്ന് സംസ്ഥാനങ്ങളും ഏര്‍പ്പെടുത്തിയ മൂല്യവര്‍ദ്ധിത നികുതിയാണ് മൊബൈല്‍ കമ്പനികള്‍ക്ക് വിനയായത്. മൊബൈല്‍ ഫോണുകള്‍ക്ക് 4 ശതമാനം മുതല്‍ 12.5 ശതമാനം വരെയാണ് മൂല്യവര്‍ദ്ധിത നികുതിയായി മഹാരാഷ്ട്ര സര്‍ക്കാര്‍ ചുമത്തിയിരിക്കുന്നത്.

മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളും മൊബൈല്‍ ഫോണുകള്‍ക്ക് അമിത വാറ്റ് നികുതിയാണ് ചുമത്തിയിരിക്കുന്നത്. മധ്യപ്രദേശില്‍ 12.5 ശതമാനവും 14 ശതമാനവും ആണ് മൊബൈലുകള്‍ക്ക് വാറ്റ് നികുതിയായി ഈടാക്കുന്നത്. കഴിഞ്ഞ മാസമാണ് പശ്ചിമബംഗാളും ഡല്‍ഹിയും നിരക്ക് ഇതിനോട് സമാനമായി ഉയര്‍ത്തിയത്.

മൊബൈല്‍ കമ്പനികളുടെ പ്രധാന മാര്‍ക്കറ്റുകളാണ് ബംഗാളും ഡല്‍ഹിയും മഹാരാഷ്ട്രയും. ഈ സാഹചര്യമാണ് വില കുറയ്ക്കാന്‍ കമ്പനികളെ പ്രേരിപ്പിച്ചത്

Nokia, Samsung, LG cut mobile handset prices | മൊബൈലുകളുടെ വില കുറയ്ക്കും

അമ്മയാണോ; എങ്കില്‍ ക്യൂബയിലേക്ക് വരൂ

അമ്മയായിരിക്കാന്‍ ലോകത്തിലെ ഏറ്റവും മികച്ച രാജ്യം ഏതെന്ന് കേള്‍ക്കണോ. വേറെ ഏതുമല്ല നമ്മുടെ കമ്മ്യൂണിസ്റ്റ് ക്യൂബ. ‘സേവ് ദ ചില്‍ഡ്രന്‍സ് സ്റ്റേറ്റ് ഓഫ് ദ വേള്‍ഡ്’ എന്ന സംഘടനയാണ് വികസ്വര രാജ്യങ്ങളില്‍ ഒരു അമ്മയ്ക്ക് താമസിക്കാന്‍ ഏറ്റവും ഉചിതമായ സ്ഥലം ക്യൂബയാണെന്ന് കണ്ടെത്തിയത്. 160 രാജ്യങ്ങളില്‍ പഠനം നടത്തിയ ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഇതില്‍ 43 വികസിത രാജ്യങ്ങളും ഉള്‍പ്പെടുന്നു. കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, അമ്മയുടെ സാമ്പത്തിക ചുറ്റുപാടുകള്‍ എന്നിങ്ങനെ പത്തോളം കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വികസിത രാജ്യങ്ങളില്‍ നോര്‍വെയാണ് അമ്മമാരുടെ സുരക്ഷിത രാജ്യം. ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തും ഐസ്‌ലന്‍ഡ്,സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ മൂന്നും നാലും സ്ഥാനങ്ങളിലുമാണ്.

ലാറ്റിനമേരിക്കയില്‍ ക്യൂബ കഴിഞ്ഞാല്‍ അര്‍ജന്‍റീനയാണ് മൂന്നാം സ്ഥാനത്ത്. ഉറുഗ്വേ ഏഴാം സ്ഥാനത്തും ബ്രസീല്‍ പതിനഞ്ചാമതുമാണ്. രാജ്യങ്ങള്‍ തമ്മിലുള്ള താരതമ്യം ഇപ്രകാരമാണ്. എത്യോപ്യയില്‍ നൂറില്‍ ആറ് കുട്ടികള്‍ക്ക് മാത്രമെ പ്രസവ സമയ്ത്ത് വൈദ്യ സഹായം ലഭിക്കുന്നുള്ളുവെങ്കില്‍ നോര്‍വെയില്‍ ഇത് നൂറു ശതമാനമാണ്.

നൈജീരിയയിലാകട്ടെ ഓരോ ഏഴ് പ്രസവത്തിലും ഒരു അമ്മ മരിക്കുന്നു. ഗ്രീസിലും ഇറ്റലിയിലും ഇത് 26000ല്‍ ഒന്ന് മാത്രമാണ്. അഫ്ഗാനിസ്ഥാനിലാകട്ടെ നാലില്‍ ഒരു കുട്ടി അഞ്ചു വയസ്സ് എത്തുന്നതിനു മുന്‍പേ മരണത്തിന് കീഴടങ്ങുന്നു. സ്പെയിനിലും ഫ്രാന്‍സിലും പോര്‍ച്ചുഗലിലും ഇത് 250ല്‍ ഒന്ന് മാത്രമാണ്

Cuba rated best place to be a mother in developing world | അമ്മയാണോ; എങ്കില്‍ ക്യൂബയിലേക്ക് വരൂ

വിദേശയാത്രക്കാര്‍ക്ക് ആര്‍ബിഐയുടെ സമ്മാനംPRO
വിദേശയാത്ര നടത്തുന്ന ഇന്ത്യാക്കാര്‍ക്ക് കൈവശം വെക്കാവുന്ന തുകയുടെ പരിധി ആര്‍ബിഐ ഉയര്‍ത്തി. 3000 ഡോളറാ‍യാണ് തുക ഉയര്‍ത്തിയത്. നേരത്തെ ഇത് 2000 ഡോളര്‍ ആയിരുന്നു. വിദേശനാണ്യ വിനിമയ നയം കൂടുതല്‍ സുതാര്യവും സ്വതന്ത്രവും ആക്കുന്നതിന്‍റെ ഭാഗമായിട്ടാണ് നടപടി.

അടിയന്തര പ്രാധാന്യത്തോടെ തീരുമാനം പ്രാബല്യത്തിലായതായി ആര്‍ബിഐ അറിയിച്ചു. ക്രെഡിറ്റ് കാര്‍ഡുടമകള്‍ക്ക് കാര്‍ഡിന്‍റെ പരിധി വരെ വിദേശയാത്രകളില്‍ ചെലവഴിക്കാം. വിദേശനാണ്യവിനിമയത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ 2000 മുതല്‍ കേന്ദ്രസര്‍ക്കാര്‍ ലളിതമാക്കിവരികയാണ്. ഇതിന്‍റെ തുടര്‍ച്ചയായിട്ടാണ് ഈ നടപടിയും.

ഇറാഖ്, ലിബിയ, ഇറാ‍ന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യാക്കാര്‍ക്ക് ആര്‍ബിഐയുടെ മുന്‍‌കൂര്‍ അനുമതിയില്ലാതെ 5000 ഡോളര്‍ വരെ കൈവശം വെക്കാം. 2001 നവംബറിലാണ് ഈ തുക 5000 ഡോളര്‍ ആക്കി ഉയര്‍ത്തിയത്.

ഇന്ത്യന്‍ കമ്പനികള്‍ സ്വീകരിച്ചിരിക്കുന്ന വിദേശവായ്പയുടെ വിവരങ്ങളും ആര്‍ബിഐ പുറത്തുവിട്ടു. വിദേശവായ്പയില്‍ പതിനഞ്ച് ശതമാനം ഉയര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. 21.4 ബില്യന്‍ ഡോളര്‍ ആണ് 2010 സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ കമ്പനികള്‍ വിദേശവായ്പയായി സ്വീകരിച്ചത്

RBI raises forex cap for overseas travellers to $3000 | വിദേശയാത്രക്കാര്‍ക്ക് ആര്‍ബിഐയുടെ സമ്മാനം

ടൈറ്റന്‍ ദക്ഷിണാഫ്രിക്കയിലേക്ക്


PRO
പ്രമുഖ വാച്ച് നിര്‍മ്മാതാക്കളാ‍യ ടൈറ്റന്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ദക്ഷിണാഫ്രിക്കന്‍ വിപണിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ദക്ഷിണാഫ്രിക്കയില്‍ ഉല്‍‌പന്നങ്ങള്‍ എത്തിക്കുമെന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ഭാസ്കര്‍ ഭട്ട് വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയില്‍ വിതരണക്കാരെ കണ്ടെത്തിയിട്ടുണ്ടെന്നും വിതരണക്കാര്‍ എന്നതിലുപരി ഇവരുടെ പങ്കാളിത്തത്തോടെയായിരിക്കും വിപണിയില്‍ ചുവടുറപ്പിക്കുകയെന്നും ഭാസ്കര്‍ ഭട്ട് പറഞ്ഞു. കമ്പനിയുടെ വാച്ച്, ജ്വല്ലറി ഉല്‍‌പന്നങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ വിപണിയിലെത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ദക്ഷിണാഫ്രിക്കയിലെ വാച്ച് കയറ്റുമതിയില്‍ പത്ത് ശതമാനം വിപണിപങ്കാളിത്തം നേടാനാണ് കമ്പനി ലക്‍ഷ്യമിടുന്നത്. 2011 സാമ്പത്തിക വര്‍ഷം 20 മുതല്‍ 25 ശതമാനം വരെ വരുമാനവും കമ്പനി പ്രതീക്ഷിക്കുന്നുണ്ട്

Titan to enter South African market | ടൈറ്റന്‍ ദക്ഷിണാഫ്രിക്കയിലേക്ക്

ആഢംബരപ്രിയര്‍ക്കായി മല്യയുടെ ഫ്ലാറ്റ് !


PRO
ആഢംബരപ്രിയര്‍ക്കായി മദ്യരാജാവ് വിജയ് മല്യ പുതിയ ഫ്ലാറ്റ് കെട്ടിപ്പടുക്കുന്നു. ബാംഗ്ലൂരിന്‍റെ ഹൃദയഭാഗത്ത് വിറ്റല്‍ മല്യ റോഡിലാണ് 1,500 കോടി രൂപ മുതല്‍ മുടക്കി മല്യ ഫ്ലാറ്റ് കെട്ടിപ്പടുക്കാന്‍ തയ്യാറെടുക്കുന്നത്. ഫ്ലാറ്റുകള്‍ക്ക് 15 കോടി മുതല്‍ 20 കോടി വരെ വില വരുമെന്നാണ് നിര്‍മ്മാണ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

ബാംഗ്ലൂരിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് ചരിത്രത്തില്‍ ഫ്ലാറ്റിന് നല്‍കേണ്ടി വരുന്ന ഏറ്റവും ഉയര്‍ന്ന തുകയായിരിക്കും ഇത്. അഞ്ച് ലക്ഷം സ്ക്വയര്‍ ഫീറ്റില്‍ എഴുപത്തിയഞ്ച് അപ്പാര്‍ട്ട്‌മെന്‍റുകള്‍ കെട്ടിപ്പടുക്കാനാണ് മല്യ പദ്ധതിയിടുന്നത്. 6000 മുതല്‍ 7000 സ്ക്വയര്‍ ഫീറ്റ് വരെ വരുന്ന അപ്പാര്‍ട്ട്‌മെന്‍റുകളാകും നിര്‍മ്മിക്കുക.

റസിഡന്‍റ്‌സ് അറ്റ് യുബി സിറ്റി എന്നാണ് ഫ്ലാറ്റിന് പേരിട്ടിരിക്കുന്നത്. ഇതിനോട് ചേര്‍ന്ന് 70,000 സ്ക്വയര്‍ ഫീറ്റ് മുതല്‍ 80,000 സ്ക്വയര്‍ ഫീറ്റ് വരെ വരുന്ന മറ്റൊരു ആഢംബര ഭവനം സ്വന്തം ആവശ്യങ്ങള്‍ക്കായും മല്യ നിര്‍മ്മിക്കുന്നുണ്ട്

Mallya ’s luxury flats to be priced at Rs 20 cr | ആഢംബരപ്രിയര്‍ക്കായി മല്യയുടെ ഫ്ലാറ്റ് !

പാകിസ്ഥാനില്‍ നിന്ന് പുറത്തിറങ്ങുന്നത് 10000 ജിഹാദികള്‍


PRO
തീവ്രവാദത്തിനെതിരെ ശക്തമായ നടപടി സ്വീകരിയ്ക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും പാകിസ്ഥാനില്‍ നിന്ന് പ്രതിവര്‍ഷം പുറത്തുവരുന്നത് പരിശീലനം ലഭിച്ച പതിനായിരത്തോളം തീവ്രവാദികള്‍. പാകിസ്ഥാനിലെ പതിനൊന്നായിരത്തോളം മതപാഠശാലകളില്‍ 50000ത്തോളം പേര്‍ പഠിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇവരില്‍ അഞ്ചിലൊരു വിഭാഗവും തീവ്രവാദികളായാണ് പുറത്തിറങ്ങുന്നതെന്ന് വാഷിംഗ്‌ടണ്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇത്തരത്തില്‍ തീവ്രവാദത്തിലേക്ക് തിരിയുന്നവരിലേറെയും 16 വയസ്സ് മാത്രം പ്രായമുള്ളവരാണെന്ന് ജിഹാദിലേക്ക് തിരിയുന്ന വിദ്യര്‍ത്ഥിയുടെ കണ്ണില്‍ ഇന്ത്യയും അമേരിക്കയും ഇസ്രയേലുമാണ് ഇസ്ലാമിന്‍റെ ഏറ്റവും വലിയ ശത്രുക്കള്‍. ഇവര്‍ക്കെതിരെ ആക്രമണത്തിലൂടെ പ്രതിരോധിക്കുക എന്നതാണ് ഇവരുടെ മന്ത്രം.

അല്ലാഹുവിന്‍റെ മാര്‍ഗത്തിലൂടെയുള്ള വിശ്വാസവും ഭക്തിയും ജിഹാദുമാണ് പാക് സൈന്യത്തിന്‍റെ ആപ്തവാക്യം. പരിശീലന ക്ലാസുകളില്‍ ജിഹാദിനെക്കുറിച്ചുള്ള പുസ്തകമയ യുദ്ധത്തിന്‍റെ ഖുറാന്‍ വ്യാഖ്യാനവും പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ ഭൂരിഭാഗം പാകിസ്ഥാനികളും ഇപ്പോള്‍ അമേരിക്കയെ ഒന്നാം നമ്പര്‍ ശത്രുവായി കാണുന്നില്ലെന്നും താലിബാനാണ് ജനങ്ങളുടെ ശത്രുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Pakistan producing 10,000 jihadists a year | പാകിസ്ഥാനില്‍ നിന്ന് പുറത്തിറങ്ങുന്നത് 10000 ജിഹാദികള്‍

ഐ-പാഡ് വില്‍‌പന ഒരു മില്യന്‍ കവിഞ്ഞുPRO
ടാബ്‌ലെറ്റ് കമ്പ്യൂട്ടര്‍ ശ്രേണിയിലെ പുതുമുഖമായ ഐ പാഡിന്‍റെ വില്‍‌പന ഒരു മില്യന്‍ കവിഞ്ഞു. ഐ പാഡ് പുറത്തിറക്കിയ ആപ്പിള്‍ കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്. ടാബ്‌ലെറ്റ് കമ്പ്യൂട്ടര്‍ വില്‍‌പനയിലെ റെക്കോഡാണിതെന്ന് കമ്പനി അവകാശപ്പെട്ടു.

ഏപ്രില്‍ മൂന്നിനാണ് കമ്പനി ഐ പാഡ് പുറത്തിറക്കിയത്. ചുരുങ്ങിയ നാളുകള്‍ക്കുള്ളിലാണ് വില്‍‌പനയില്‍ ഈ നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത്. ടാബ്‌ലെറ്റ് കമ്പ്യൂട്ടര്‍ ശ്രേണിയില്‍ ആപ്പിള്‍ നേരത്തെ പുറത്തിറക്കിയ ഐ ഫോണ്‍ എഴുപത്തിനാലു ദിവസം കൊണ്ടാണ് ഈ നേട്ടം എത്തിപ്പിടിച്ചത്. എന്നാല്‍ ഐ പാഡ് 28 ദിവസം കൊണ്ട് ഈ നേട്ടം കൈവരിക്കുകയായിരുന്നു.

ഏപ്രില്‍ മുപ്പതിനാണ് ഐ പാഡ് വില്‍‌പന ഒരു മില്യന്‍ കടന്നതെന്ന് ആപ്പിള്‍ സി‌ഇ‌ഒ സ്റ്റീവ് ജോബ്സ് പറഞ്ഞു. വിപണിയില്‍ ഐ പാഡിന് ആവശ്യക്കാരേറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് ആനുപാതികമായി ഉല്‍‌പാദനം ഉയര്‍ത്താന്‍ കമ്പനി പരിശ്രമിക്കുന്നുണ്ടെന്നും സ്റ്റീവ് ജോബ്സ് കൂട്ടിച്ചേര്‍ത്തു


iPad sales touch 1-mn mark | ഐ-പാഡ് വില്‍‌പന ഒരു മില്യന്‍ കവിഞ്ഞു

സേകം എന്ന സ്ത്രീപുരുഷ സംയോഗത്തെ കുറിച്ച്


PRO
വധൂവരന്‍‌മാര്‍ ഭാര്യാഭര്‍ത്താക്കന്‍‌മാരായി തീരുന്ന കര്‍മ്മമാണ് സേകം. ഇതിനു നിഷേകം, ഗര്‍ഭാധാനം എന്നീ പേരുകളും ഉണ്ട്. കാമം ജന്തുസഹജമാണല്ലോ? എന്നാല്‍, മനുഷ്യരെ സംബന്ധിച്ചിടത്തോളം കാമമെന്ന വികാരം പ്രേമാത്മകവും ധാര്‍മ്മിക ഭാവങ്ങളാല്‍ സ്വയം നിയന്ത്രിതവുമായിരിക്കണം. ഇതാണ് മനുഷ്യരെ മറ്റ് ജന്തുക്കളില്‍ നിന്ന് വ്യത്യസ്തരാക്കുന്ന ഒരു ഘടകം.

സേകത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആചാര്യന്‍‌മാര്‍ അനുശാസിച്ചിട്ടുണ്ട്. ഇത്തരം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ കുറിച്ചുള്ള അജ്ഞത പലപ്പോഴും സമൂഹത്തിന്റെ സ്വസ്ഥത ഇല്ലാതാക്കാറുമുണ്ട്. അതിനാല്‍, ഈ നിര്‍ദ്ദേശങ്ങള്‍ ഓരോ മനുഷ്യനും പരമപ്രധാനമായിരിക്കും.

ആരോഗ്യം, ആയുസ്സ്, സത്ഗുണങ്ങള്‍ എന്നിവയുള്ള ഒരു സന്താനമുണ്ടാവുന്നത് കുടുംബത്തിനും സമൂഹത്തിനും നന്‍‌മവരുത്തുമെന്നതില്‍ സംശയമില്ല. സത്‌സന്താനങ്ങള്‍ കുടുംബത്തിനെയും സമൂഹത്തിനെയും സത്യത്തിലേക്കും ധര്‍മ്മത്തിലേക്കും നീതിയിലെക്കും സമാധാനത്തിലേക്കും നയിക്കും. വിശുദ്ധാഹാരങ്ങള്‍ കഴിച്ചുകൊണ്ട് വ്രതമനുഷ്ഠിച്ച് ഈശ്വരഭജനം നടത്തിവേണം, അതായത് മനസ്സും ശരീരവും ശുദ്ധമാക്കി, ദമ്പതിമാര്‍ സത്‌സന്താന ലബ്ധിക്കായി ഗര്‍ഭാധാനം ചെയ്യേണ്ടത്.

മന്ത്രജപം, ഔഷധസേവ, പുണ്യതീര്‍ത്ഥ സ്നാനം, പുണ്യദേവാലയ ദര്‍ശനം എന്നിവകള്‍ കൊണ്ട് നിര്‍മ്മലയും മനശുദ്ധിയുള്ളവളുമായ സ്ത്രീയുമായി വാജീകരണ ഔഷധങ്ങളാല്‍ തേജസ്സിനെ വര്‍ദ്ധിപ്പിച്ച പുരുഷന്‍ ബന്ധപ്പെടണം. പ്രസന്നത, നിര്‍മ്മലത, സത്ഭാവങ്ങള്‍, എന്നിവ സംയോഗ സമയത്തു മനസ്സില്‍ നിറഞ്ഞുനില്‍ക്കണം. കോപം, ഭയം, മറ്റ് ദുര്‍വിചാരങ്ങള്‍ എന്നിവയൊന്നും മനസ്സില്‍ ഉണ്ടായിരിക്കരുത്. മനസ്സിനു പ്രസന്നത നല്‍കുന്ന സ്ഥലത്തുവച്ചായിരിക്കണം ഗര്‍ഭാധാനം ചെയ്യേണ്ടത്. കുളികഴിഞ്ഞ് കുറിക്കൂട്ടുകളും മറ്റും അണിഞ്ഞ് ഇരുവരും ബന്ധപ്പെടണം. ബന്ധപ്പെടുന്ന സമയത്ത് അമിതമായി ഭക്ഷണം കഴിച്ചിരിക്കരുത്. എന്നാല്‍, വിശപ്പുണ്ടായിരിക്കാനും പാടില്ല.

Sekam or Garbhadhanam | സേകം എന്ന സ്ത്രീപുരുഷ സംയോഗത്തെ കുറിച്ച്

നാനോയെ കടത്തിവെട്ടാന്‍ ബജാജ്
PRO
ജനപ്രിയ കാറാ‍യ നാനോയെ കടത്തിവെട്ടാനുള്ള ഒരുക്കത്തിലാണ് ബജാജ് ഓട്ടോ. റിനൌള്‍ട്ടുമായും നിസ്സാനുമായും കൈകോര്‍ത്തുള്ള സംയുക്ത സംരംഭത്തിലൂടെ ബജാജ് പുറത്തിറക്കുന്ന ചെറുകാര്‍ നാനോയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. 1,10,000 രൂപയ്ക്ക് (2500 ഡോളര്‍) കാര്‍ വിപണിയിലെത്തിക്കാനാണ് കമ്പനി ലക്‍ഷ്യമിടുന്നത്.

2012 ഓടെ പുറത്തിറക്കുന്ന ചെറുകാര്‍ രൂപകല്‍‌പനയ്ക്ക് പുറമേ വിലയിലും നാനോയുടെ കടുത്ത എതിരാളിയായിരിക്കുമെന്ന് ഇതോടെ ഉറപ്പായി. ചെറുകാര്‍ നിര്‍മ്മിക്കാനായി മൂന്ന് കമ്പനികളും നേരത്തെ ധാരണയിലെത്തിയിരുന്നു. എന്നാല്‍ വിലയുടെ കാര്യത്തില്‍ മാത്രമായിരുന്നു അന്തിമ തീരുമാനത്തിലെത്താന്‍ കഴിയാഞ്ഞത്. നാനോയുടെ വിപണി പിടിച്ചടക്കാനാണ് വില താഴ്ത്താന്‍ കമ്പനികള്‍ തയ്യാറായതെന്നാണ് വിവരം.

നാനോയ്ക്ക് പിന്നാലെ ചെറുകാറുകള്‍ക്ക് പല കമ്പനികളും പദ്ധതിയിട്ടിട്ടുണ്ടെങ്കിലും വിലയുടെ കാര്യത്തില്‍ ഇവയൊന്നും നാനോയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയിട്ടില്ല.

Bajaj to price low cost car at around Rs 1.10 lakh | നാനോയെ കടത്തിവെട്ടാന്‍ ബജാജ്

നാട്ടിടവഴികളിലേക്കുള്ള മടക്കംPROPRO
ആമുഖങ്ങള്‍ ആവശ്യമില്ലാത്ത എഴുത്തുകാരനാണ് എം ടി. കഥാകാരനായും നോവലിസ്റ്റായും തിരക്കഥാകൃത്താ‍യും ഈ മനുഷ്യന്‍ മലയാളിയുടെ സര്‍ഗലോകത്ത് നിരന്തരമായി ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഒരു പക്ഷേ, മലയാളി ഏറ്റവും കൂടുതല്‍ ആവര്‍ത്തി വായിച്ചിട്ടുള്ളതും എം ടി യുടെ കൃതികള്‍ തന്നെയാകാം. അലയടിക്കുന്ന സാഗരത്തെ ഒരു മുത്തിനുള്ളില്‍ ഒതുക്കി നിര്‍ത്തുന്ന കൈത്തഴക്കമാണ്, ലാവണ്യമാണ് എം ടിയെ മലയാളത്തിന്റെ പ്രിയ കഥാ‍കാരനാക്കി മാറ്റിയത്.

അറിയാത്ത മഹാസമുദ്രങ്ങളേക്കാള്‍ അറിയുന്ന നിളയാണ് തനിക്ക് ഏറെ പ്രിയം എന്ന് എം ടി ഒരിക്കല്‍ അഭിപ്രായപ്പെട്ടിരുന്നു. എം ടി കഥകളിലൂടെ കടന്ന് പോകുമ്പോള്‍ അനുവാചകര്‍ അനുഭവിക്കുന്നതും അതുതന്നെയാണ്. ജീവിതത്തിന്‍റെ ശ്ലഥ നിലീമകളില്‍ വായനക്കാരന്‍ അനുഭവിക്കാത്ത അല്ലെങ്കില്‍ അവന് പരിചിതമല്ലാത്ത സന്ദര്‍ഭങ്ങളും, വികാരങ്ങളും, സങ്കീര്‍ണ്ണതകളും എം ടിയുടെ കഥകളില്‍ അവതീര്‍ണ്ണമാകുന്നില്ല. 

ഭാഷയുടെ നനുത്ത സ്‌പര്‍ശത്തിലൂടെ എം ടി കഥ പറയുമ്പോള്‍ നിളയുടെ ആര്‍ദ്രതകള്‍ വായനക്കാരന്‍റെ ബോധാബോധങ്ങളിലേക്കും പടര്‍ന്നിറങ്ങുന്നു. ആധുനികന്‍റെ പടച്ചട്ട എം ടി യുടെ മേല്‍ ചാര്‍ത്തിക്കൊടുക്കാമെങ്കിലും ആത്യന്തികമായി കാല്‌പനികതയുടെ നിലപാടുതറകളിലാണ് അദ്ദേഹം നിലയുറപ്പിക്കുന്നത്.

ജീവല്‍ സാഹിത്യം അതിന്‍റെ അവസാ‍ന ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് എം ടി സാഹിത്യലോകത്ത് ചുവടുറപ്പിക്കുന്നത്. സാഹിത്യത്തിന്‍റെ സാമൂഹിക വശങ്ങള്‍ മാത്രം പ്രതിപാദിക്കുകയും അത്തരത്തിലുള്ളത് മാത്രമേ സാഹിത്യമാകൂ എന്ന് വാശിപിടിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടമായിരുന്നു അത്. വ്യക്തി ജീവിതത്തിന്‍റെ താളപ്പിഴകളും, ഒറ്റപ്പെട്ടുപോകുന്ന, പരാജിതനായി വേദിയില്‍ തലതാഴ്‌ത്തി 

ഐസിഐസിഐ 7000 പേരെക്കൂടി നിയമിക്കുംPRO
സ്വകാര്യ ബാങ്കുകളില്‍ മുന്‍നിരക്കാരായ ഐസിഐസിഐ ഈ സാമ്പത്തിക വര്‍ഷം 7000 പേരെക്കൂടി നിയമിക്കും. ഐസിഐസിഐ മാനേജിംഗ് ഡയറക്ടര്‍ ചന്ദ കൊച്ചാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ബാങ്കിന്‍റെ പുതിയ ശാ‍ഖയുടെ പ്രവര്‍ത്തനം മുംബൈയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

പുതിയ ശാഖ പ്രവര്‍ത്തനമാരംഭിച്ചതോടെ ഐസിഐസിഐ ശാഖകളുടെ എണ്ണം രണ്ടായിരമായി. 5000 മുതല്‍ 7000 പേരെ വരെ നിയമിക്കാനാണ് ബാങ്ക് പദ്ധതിയിടുന്നതെന്ന് ചന്ദ കൊച്ചാര്‍ പറഞ്ഞു. കൂടുതല്‍ ശാഖകളും എടി‌എം സെന്‍ററുകളും ഈ സാമ്പത്തിക വര്‍ഷം ആരംഭിക്കാന്‍ ബാങ്ക് പദ്ധതിയിടുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രണ്ടായിരം ശാഖകള്‍ ഉള്ള രാജ്യത്തെ ആദ്യ സ്വകാര്യബാങ്കാണ് ഐസിഐസിഐ. ഉപയോക്താക്കളിലേക്ക് ഐസിഐസിഐ കൂടുതല്‍ അടുത്തുകൊണ്ടിരിക്കുന്നതിന്‍റെ തെളിവാണ് വിപുലമായ പ്രവര്‍ത്തനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഐസിഐസിഐയുടെ 33 ശതമാനം ബ്രാഞ്ചുകളും മെട്രോ നഗരങ്ങളിലാണ്. 26 ശതമാനം ബ്രാഞ്ചുകള്‍ ചെറുപട്ടണങ്ങളിലും 41 ശതമാനം ഗ്രാമീണ മേഖലകളിലുമാണ് പ്രവര്‍ത്തിക്കുന്നത്

ICICI Bank to hire up to 7,000 employees in fiscal 2010-11 | ഐസിഐസിഐ 7000 പേരെക്കൂടി നിയമിക്കും

വിമാനം റാഞ്ചാന്‍ ശ്രമം, 2 പേര്‍ പിടിയില്‍


PRO
ഡല്‍ഹിയില്‍ നിന്ന് കൊല്‍ക്കത്ത വഴി ധാക്കയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം റാഞ്ചാന്‍ ശ്രമിച്ചതായി സംശയം. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റുചെയ്തു. ബുര്‍ഖ ധരിച്ച ഒരു പുരുഷന്‍ ഉള്‍പ്പടെ രണ്ട് വിദേശികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരും റഷ്യക്കാരാണെന്നാണ് വിവരം.

ഇവര്‍ തീവ്രവാദികളാണെന്ന സംശയത്തെ തുടര്‍ന്ന് എസ്‌ ജി 203 വിമാനം അടിയന്തിരമായി നിലത്തിറക്കുകയായിരുന്നു. ഈ രണ്ട് യാത്രക്കാരെക്കുറിച്ച് മറ്റു യാത്രക്കാര്‍ക്കാണ് സംശയം തോന്നിയത്. വിമാനം തട്ടിയെടുക്കുന്നതിനെക്കുറിച്ച് ഇരുവരും തമ്മില്‍ സംസാരിച്ചത് മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇവര്‍ ഇത് വിമാനജീവനക്കാരുടെ ശ്രദ്ധയില്‍ പെടുത്തി.

കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പാണ് രണ്ടു യാത്രക്കാരെപ്പറ്റി സംശയമുണ്ടായത്. ഉടന്‍ തന്നെ വിമാനത്താവളത്തിന് സമീപം സുരക്ഷിതമായ സ്ഥലത്ത് വിമാനമിറക്കി. പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ടതിനെ തുടര്‍ന്ന് സി ഐ എസ് എഫ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അറസ്റ്റിലായ രണ്ടുപേരും ധാക്കയിലേക്ക് പോകുകയായിരുന്നു എന്നാണ് വിവരം.

Kolkata: Terror scare on plane, two detained | വിമാനം റാഞ്ചാന്‍ ശ്രമം, 2 പേര്‍ പിടിയില്‍

യൂ ലിപ് പോളിസി: വ്യവസ്ഥകള്‍ കര്‍ശനമാക്കിPRO
ഓഹരിയധിഷ്ഠിത ഇന്‍ഷുറന്‍സ് പോളിസികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും വ്യവസ്ഥകളും ഇന്‍ഷുറന്‍സ് നിയന്ത്രകരായ ഐആര്‍‌ഡി‌എ കര്‍ശനമാക്കി. യൂ ലിപ് പോളിസികളുടെ നിയന്ത്രണാവകാ‍ശത്തിന്‍റെ പേരില്‍ സെബിയുമായി നിലനില്‍ക്കുന്ന തര്‍ക്കത്തിന്‍റെ ഭാഗമായിട്ടാണ് നീക്കമെന്നാണ് സൂചന.

എന്നാല്‍ ഒരു സാധാരണ നടപടി മാത്രമായാണ് ഇതിനെ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍റ് ഡെവലപ്മെന്‍റ് അതോറിറ്റി വിലയിരുത്തുന്നത്. പുതിയ വ്യവസ്ഥകള്‍ ജൂലൈ ഒന്നുമുതല്‍ നിലവില്‍ വരും. ഉപയോക്താവ് മരണമടഞ്ഞാല്‍ ഏത് യൂലിപ് പോളിസിയാണെങ്കിലും ഒരു നിശ്ചിതസംഖ്യ നല്‍കണമെന്നതുള്‍പ്പെടെയുള്ള വ്യവസ്ഥയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നേരത്തെ യൂ ലിപ് പോളിസിയില്‍ നിന്നുള്ള വായ്പ ഐ‌ആര്‍‌ഡി‌എ വിലക്കിയിരുന്നു. അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഒരു നിശ്ചിത സംഖ്യ പിന്‍‌വലിക്കാമെന്ന ബദല്‍ വ്യവസഥയും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പുതിയ വ്യവസ്ഥയനുസരിച്ച് ഈ സൌകര്യവും വിലക്കിയിരിക്കുകയാണ്.

IRDA tightens norms on equity-linked plans | യൂ ലിപ് പോളിസി: വ്യവസ്ഥകള്‍ കര്‍ശനമാക്കി

രഘുപതിരാഘവ: ഷാജി കൈലാസ് കുരുക്കില്‍PRO
ഷാജി കൈലാസ് ഒരു കുരുക്കില്‍ പെട്ടിരിക്കുകയാണ്. കുരുക്കെന്നുപറഞ്ഞാല്‍ അഴിയുന്തോറും മുറുകുന്ന കുരുക്കുതന്നെ. ഒരു അതിമോഹം വരുത്തിവച്ച വിനയെന്ന് വേണമെങ്കില്‍ പറയാം. എന്തായാലും കക്ഷിയിപ്പോള്‍ തുപ്പാനും വയ്യ, ഇറക്കാനും വയ്യ എന്ന നിലയിലാണ്.

പൃഥ്വിരാജിനെ നായകനാക്കി ഒരു ചിത്രം ചെയ്യാന്‍ ഷാജി കൈലാസ് ഇറങ്ങിപ്പുറപ്പെട്ട കാര്യം അറിയാമല്ലോ. എ കെ സാജന്‍റെ തിരക്കഥയിലായിരുന്നു സംഗതി. ചിത്രത്തിന്‍റെ പേര് - രഘുപതി രാഘവ രാജാറാം. പൃഥ്വി മൂന്നു വേഷത്തില്‍ അഭിനയിക്കുന്ന ചിത്രം. എന്തായാലും ഒരു ഷെഡ്യൂള്‍ ഷൂട്ടിംഗും കഴിഞ്ഞു. അപ്പോഴാണ് ഉണ്ടിരുന്ന നായര്‍ക്ക് വിളിതോന്നിയ പോലത്തെ ഒരു കാര്യം.

മമ്മൂട്ടിയുടെ ഡേറ്റുമായി എം മണി എന്ന നിര്‍മ്മാതാവെത്തുന്നു. ഷാജി ഉടന്‍ ചിത്രം ചെയ്തു കൊടുക്കണം. സാജന്‍ തന്നെ എഴുതിയാല്‍ മതി. ‘രഘുപതി രാഘവ’ എഴുതുമ്പോള്‍ തന്നെ സാജന്‍ ഇടതുകൈ കൊണ്ട് മമ്മൂട്ടിക്കുവേണ്ടി ഒരു തിരക്കഥ തട്ടിക്കൂട്ടി - ദ്രോണ 2010. മമ്മൂട്ടിയുടെ ഡേറ്റ് വെറുതെ കളയാന്‍ പറ്റില്ലല്ലോ.

‘ഈ പടം ചെയ്തിട്ട് ഇപ്പോള്‍ വരാം’ എന്ന് രഘുപതിരാഘവയുടെ നിര്‍മ്മാതാവിനോടും പൃഥ്വിരാജിനോടും പറഞ്ഞിട്ട് ഷാജി കൈലാസ് മമ്മൂട്ടിച്ചിത്രം ചെയ്യാന്‍ പോയി. അതുവരെ 85 ലക്ഷം രൂപ ചിത്രീകരണത്തിനായി മുടക്കിയിരുന്ന നിര്‍മ്മാതാവ് ഷാജിയുടെ വരവും കാത്തുകാത്തങ്ങനെ ഇരുന്നു.

35 ദിവസം കൊണ്ട് ദ്രോണ അടിച്ചുകൂട്ടി തിയേറ്ററിലെത്തിച്ചു ഷാജി കൈലാസ്. പോയപോലെ തന്നെ ദ്രോണ മടങ്ങി. എട്ടുനിലയില്‍ പൊട്ടിയ ആ സിനിമ കോടികളുടെ നഷ്ടമാണ് എം മണിക്ക് വരുത്തിവച്ചത്. ഇതോടെ ഷാജി കൈലാസിന് തിരിച്ചറിവുണ്ടായി. ഇങ്ങനെയൊന്നും പോയാല്‍ പോരാ. തിരക്കഥ നന്നല്ലെങ്കില്‍ ആരു ഡയറക്‍ട് ചെയ്താലും പടം വീണതു തന്നെ.

‘രഘുപതി രാഘവ’യുടെ ഇനി ചിത്രീകരിക്കാനുള്ള ഭാഗങ്ങളെപ്പറ്റിയോര്‍ത്തപ്പോള്‍ ഷാജിക്ക് തല കറങ്ങി. ഈ തിരക്കഥ വച്ച് അത് ചിത്രീകരിച്ചാല്‍ ദ്രോണയുടെ ഗതി ആവര്‍ത്തിക്കും. അതിനാല്‍ പടം ഉപേക്ഷിക്കാന്‍ ഷാജി കൈലാസ് തീരുമാനിച്ചു. പകരം മറ്റൊരു ചിത്രം ചെയ്യാമെന്ന് നിര്‍മ്മാതാവിനെ അറിയിച്ചു. അപ്പോള്‍ ഇതിനു വേണ്ടി ഇതുവരെ മുടക്കിയ 85 ലക്ഷമോ?

മൂന്നരക്കോടി രൂപയായിരുന്നു ‘രഘുപതി രാഘവ’യ്ക്ക് നിശ്ചയിച്ചിരുന്ന ബജറ്റ്. 85 ലക്ഷം മുടക്കിക്കഴിഞ്ഞു. ഒന്നുകില്‍ രഘുപതി രാഘവ തീര്‍ത്തു തരിക. അല്ലെങ്കില്‍ 85 ലക്ഷത്തിന്‍റെ ബാലന്‍സ് തുക വച്ച്, അതായത് രണ്ടുകോടി അറുപത്തഞ്ചു ലക്ഷം രൂപയില്‍ മറ്റൊരു ചിത്രം ചെയ്തു തരിക. ഇതുരണ്ടിനും കഴിഞ്ഞില്ലെങ്കില്‍ മുടക്കിയ 85 ലക്ഷം തിരികെ തരിക.

Shaji Kailas in trouble | രഘുപതിരാഘവ: ഷാജി കൈലാസ് കുരുക്കില്‍

"അക്കാദമി മുറ്റത്തൊരു ചായക്കട വേണം" എം മുകുന്ദന്‍

M Mukundan
WD
WD
സാഹിത്യത്തിന്റെ മേഖലയില്‍ നമ്മുടെ നാട്ടിലെ ഏറ്റവും സജീവമായ ഇടമാണ് തൃശൂരിലെ സാഹിത്യ അക്കാദമിയുടെ മുറ്റം. എപ്പോഴും അക്ഷരസ്നേഹികള്‍ അവിടെ വന്നും പോയും കൊണ്ടിരിക്കുന്നത് കാണാം. എന്നും അക്കാദമി ഹാളുകളില്‍ സാഹിത്യ-സാംസ്കാരിക സംഗമങ്ങള്‍ നടക്കുന്നുണ്ടാകും. അത് സെമിനാറുകളാകാം. അധിനിവേശങ്ങള്‍ക്കെതിരെയുള്ള ചെറുത്തുനില്‍‌പ്പിന്റെ കൂട്ടായ്മകളാകാം. ഹൈന്ദവ ഫാസിസത്തിനെതിരെയുള്ള പ്രതിരോധ സംഗമമാകാം. കവിതാ സന്ധ്യകളാകാം. അക്കാദമി മുറ്റത്തുനിന്ന് പ്രഭാഷണങ്ങളും പ്രസംഗങ്ങളും കവിതാലാപനങ്ങളും കഥാപാരായണങ്ങളും ഒഴിഞ്ഞുനില്‍ക്കുന്ന സന്ദര്‍ഭങ്ങള്‍ അപൂര്‍വം.

നമ്മുടെ മറ്റ് നഗരങ്ങളില്‍ സാഹിത്യ സമ്മേളനങ്ങള്‍ക്ക് ആളില്ലാതെ സംഘാടകര്‍ വിഷമിക്കുന്നത് കാണാം. ആളെ കൂട്ടാന്‍ വേണ്ടി ഉദ്ഘാടകനോ അധ്യക്ഷനോ ആയി ഒരു നേതാവിനെ ക്ഷണിച്ച് വരുത്തുന്നത് കാണാം. നേതാവ് വരുമ്പോള്‍ അനുയായികളും വരും. സമ്മേളന ഇടം പകുതിയെങ്കിലും നിറയും. പക്ഷേ, തൃശ്ശൂരിലെ സാഹിത്യ അക്കാദമി മുറ്റത്ത് നേതാവ് വന്നാലും വന്നില്ലെങ്കിലും എന്നും ആള്‍ക്കൂട്ടമുണ്ടാകും.

മരച്ചുവട്ടിലും ഓപ്പണ്‍ സ്റ്റേജിന്റെ പടവുകളിലും ഇരുന്ന് യുവാക്കളും യുവതികളും കലയും സാഹിത്യവും രാഷ്ട്രീയവും ചര്‍ച്ച ചെയ്യുന്നത് സാധാരണ കാഴ്ചയാണ്. (ഒരുപക്ഷേ അവര്‍ പ്രണയവും ചര്‍ച്ചചെയ്യുന്നുണ്ടാകാം.)

കൂട്ടത്തില്‍ പരദൂഷണങ്ങളുണ്ടാകും. വിമര്‍ശനങ്ങളുണ്ടാകും. ഗൂഢാലോചനകളും നടക്കുന്നുണ്ടാകും.

എന്തുതന്നെയായാലും ഭാഷാസ്നേഹികള്‍ കൂട്ടം ചേരുന്ന കേരളത്തിലെ ഏറ്റവും സജീവമായ സ്ഥലം ഇതുതന്നെ. ഞങ്ങളുടെ അക്കാദമി മുറ്റം.

ഇവിടെ നിന്ന് പല അറിവുകളും എനിക്ക് വീണുകിട്ടാറുണ്ട്. പത്രങ്ങളില്‍ നിന്നോ ടിവി ചാനലുകളില്‍ നിന്നോ കിട്ടാന്‍ കഴിയാത്തതാണ് അതൊക്കെ. എന്റെ ഒരു കഥയോ അഭിമുഖമോ പുറത്തുവന്നാല്‍ അതിനെ കുറിച്ചുള്ള ആദ്യത്തെ പ്രതികരണം ഞാന്‍ കേട്ടറിയുന്നത് അക്കാദമി മുറ്റത്തുനിന്നാണ്.

ചിലപ്പോള്‍ ഞെട്ടിപ്പിക്കുന്ന അനുഭവമുണ്ടായിട്ടുണ്ട്. എന്നേക്കാളും വണ്ണം‌കുറഞ്ഞ ഒരു കവി (അദ്ദേഹം നോവലിസ്റ്റ് കൂടിയാണ്) അക്കാദമി ഗേറ്റ് കടന്നുവരുന്ന എന്നെക്കണ്ടപ്പോള്‍ അടുത്തുവന്ന് ചോദിച്ചു:

യുഎസിന്‍റെ കൈവശമുള്ളത് 5,113 ആണവായുധങ്ങള്‍


PRO
യു എസിന്‍റെ കൈവശം 5113 ആണവായുധങ്ങളുണ്ടെന്ന് പെന്‍റഗണ്‍ വ്യക്തമാക്കി. 2009 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കാണിത്. ഇന്ത്യയും, ചൈനയും പാകിസ്ഥാനും റഷ്യയും സമാനമായ രീതിയില്‍ ആണവായുധ ശേഖരം വെളിപ്പെടുത്താന്‍ തയ്യാറാവണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. ആണശേഖരത്തിന്‍റെ കാര്യത്തില്‍ ആഗോളതലത്തില്‍ സുതാര്യത ഉറപ്പു വരുത്തുന്നതിന്‍റെ ഭാഗമായാണ് കൈവശമുള്ള ആണവായുധശേഖരത്തിന്‍റെ കണക്കുകള്‍ പുറത്തുവിടുന്നതെന്നും യു എസ് വ്യക്തമാക്കി.

1967ല്‍ ശീതയുദ്ധകാലത്ത് യു എസിന്‍റെ കൈവശം 31,255 ആണവായുധങ്ങളാണ് ഉണ്ടായിരുന്നത്. ബെര്‍ലിന്‍ മതിലിന്‍റെ തകര്‍ച്ചയോടെ ആണവായുധശേഖരം വീണ്ടും കുറച്ച് 22,217 എണ്ണമാക്കി. 1994നും 2009നും ഇടയ്ക്ക് 8,748 ആണവായുധങ്ങളാണ് യു എസ് നശിപ്പിച്ചത്.

ഇനിയും ആയിരക്കണക്കിന് ആണവായുധങ്ങള്‍ കാലാവധി കഴിഞ്ഞ് നശിപ്പിക്കപ്പെടാന്‍ തയ്യാറായി ഇരിക്കുകയാണ്. നശിപ്പിച്ചുകളഞ്ഞ ആണവായുധങ്ങളെയും കാലാവധി കഴിയാറാവയെയും കണക്കെടുപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ലെന്നും പെന്‍റഗണ്‍ വ്യക്തമാക്കി. ആണവായുധശേഖരം വന്‍തോതില്‍ വെട്ടിക്കുറയ്ക്കുന്നതിനുള്ള നിര്‍ണായക ഉടമ്പടിയില്‍ അമേരിക്കയും റഷ്യയും കഴിഞ്ഞ മാസം ഒപ്പുവെച്ചിരുന്നു.

US has 5113 nuke warheads:Penatagon | യുഎസിന്‍റെ കൈവശമുള്ളത് 5,113 ആണവായുധങ്ങള്‍

ഐപി‌എല്‍: ആദായനികുതി വകുപ്പിന് ഇക്കുറിയും ചാകര!


PRO
നികുതി വെട്ടിപ്പിന്‍റെ പേരില്‍ വിവാദത്തിലായെങ്കിലും ഐപി‌എല്‍ മൂന്നാം സീസണിലും ആദായനികുതി വകുപ്പിന് ചാകര. സ്രോതസില്‍ നിന്ന് പിടിക്കുന്ന നികുതിയിനത്തില്‍ (ടിഡി‌എസ്) മാത്രം 400 കോടി രൂപയാണ് മൂന്നാം സീസണില്‍ ആദായ നികുതി വകുപ്പിന് ലഭിച്ചതെന്നാണ് പ്രാഥമിക കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

ആദായനികുതി വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ കണക്കുകള്‍ അന്തിമമായി തിട്ടപ്പെടുത്തിയിട്ടില്ല. ഐപി‌എല്‍ ആദ്യ സീസണില്‍ നിന്നും ലഭിച്ച വരുമാനത്തിന്‍റെ പതിന്‍‌മടങ്ങ് വര്‍ദ്ധന ഇക്കുറി നികുതിയിനത്തില്‍ ലഭിക്കുമെന്നാണ് വകുപ്പിന്‍റെ പ്രതീക്ഷ. രണ്ടാം സീസണ്‍ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിയതുകാരണം ആദായനികുതി വകുപ്പിന് കോടികള്‍ നഷ്ടമുണ്ടായിരുന്നു.

കഴിഞ്ഞ സീസണില്‍ നിന്നുള്ള മൊത്തം നികുതിവരുമാനം ഇനിയും കൃത്യമായി ലഭ്യമായിട്ടില്ല. ഫ്രാഞ്ചൈസികള്‍ നിലനില്‍ക്കുന്ന സ്ഥലങ്ങളിലെ ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫീസുകള്‍ ഈ കണക്കുകള്‍ അന്തിമമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

ഇതിനിടെ നികുതിവെട്ടിച്ചെന്ന സംശയത്തില്‍ വിവിധ ഫ്രാഞ്ചൈസികളില്‍ നിന്ന് പിടിച്ചെടുത്ത രേഖകളും ആദായനികുതി വകുപ്പ് പരിശോധിക്കുന്നുണ്ട്. ഇതിന് ശേഷമാകും അന്തിമ കണക്ക് പുറത്തുവിടുക

I-T dept gets Rs 400 crore as TDS from IPL-III | ഐപി‌എല്‍: ആദായനികുതി വകുപ്പിന് ഇക്കുറിയും ചാകര!

സരോജിനി ടീച്ചര്‍ - രണ്ടുപാട്ടിന്‍റെ റെക്കോഡ്


Sarojini Teacher
WDWD
മലയാള സിനിമയിലെ ആദ്യത്തെ പിന്നണിഗായിക തൃപ്പൂണിത്തുറ സ്വദേശിനിയായ സരോജിനി ടീച്ചറാണ്. മലയാളത്തിന്‍റെ ആറാമത്തെ ചിത്രമായി 1948ല്‍ പുറത്തിറങ്ങിയ "നിര്‍മ്മല'യില്‍ രണ്ടു പാട്ടുകളാണ് സരോജിനി ടീച്ചര്‍ പാടിയത്. അന്നുവരെ മലയാളത്തില്‍ അഭിനേതാക്കള്‍ തന്നെ പാടി അഭിനയിക്കുകയായിരുന്നു പതിവ്.

ആദ്യകാല ചിത്രങ്ങളില്‍ വിഗതകുമാരനും മാര്‍ത്താണ്ഡവര്‍മ്മയും നിശ്ശബ്ദ ചിത്രങ്ങളായിരുന്നു. മൂന്നാമത്തെയും ആദ്യത്തെ ശബ്ദചിത്രവുമായ "ബാലനി'ല്‍ 23 ഗാനങ്ങളാണ് ഉണ്ടായിരുന്നത്. പിന്നീട് ജ്ഞാനാംബികയും പ്രഹ്ളാദയും പുറത്തുവന്നു. 24 ഗാനങ്ങളുമായി റിലീസ് ചെയ്ത ജ്ഞാനാംബികയുടെ റെക്കോഡ് മലയാളത്തില്‍ ഇന്നുവരെ മറികടക്കപ്പെട്ടിട്ടില്ല.

"കരുണാകര പീതാംബര ഗോപാല ബാല', "അയേകൃത ഭജനം' എന്നീ കാവ്യശകലങ്ങളാണ് നിര്‍മ്മലയില്‍ സരോജിനി ടീച്ചര്‍ പാടിയത്. നിര്‍മ്മലയിലൂടെയാണ് ഗായിക പി. ലീലയും പിന്നണി ഗാന രംഗത്തെത്തിയത്.

ആദ്യത്തെ പിന്നണി ഗായകന്‍റെ ഉദയവും നിര്‍മ്മലയിലൂടെയായിരുന്നു. നിര്‍മ്മലയില്‍ ഇവളോ നിര്‍മ്മല എന്ന ഗാനം ആലപിച്ച ടി.കെ. ഗോവിന്ദ റാവുവാണ് മലയാളത്തിലെ ആദ്യ പിന്നണി ഗായകന്‍.

നിര്‍മ്മലയിലെ ഗാനങ്ങള്‍ രചിച്ചത് മഹാകവി ജി. ശങ്കരകുറുപ്പും സംഗീത സംവിധാനം പി.എസ്. ദിവാകര്‍, പി.കെ. വാര്യര്‍ എന്നിവരുമായിരുന്നു. ഈ ഒറ്റച്ചിത്രത്തില്‍ മാത്രമേ ടീച്ചര്‍ പാടിയിട്ടുള്ളൂ.

സരോജിനി ടീച്ചര്‍ - രണ്ടുപാട്ടിന്‍റെ റെക്കോഡ്

എച്ച്‌ഡി‌എഫ്സി അറ്റാദായം ഉയര്‍ന്നു


PRO
എച്ച്‌ഡി‌എഫ്സി ബാങ്കിന്‍റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തിലെ അറ്റാദായം 26.31 ശതമാനം ഉയര്‍ന്നു. 926.38 കോടിയായിട്ടാണ് ബാങ്കിന്‍റെ അറ്റാദായം ഉയര്‍ന്നത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നല്‍കിയ കണക്കിലാണ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ചെലവുചുരുക്കലാണ് അറ്റാദായത്തില്‍ ഉയര്‍ച്ച ഉണ്ടാകാനുള്ള പ്രധാനകാരണമായി ബാങ്ക് ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേസമയം 733.37 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം.

എന്നാല്‍ കമ്പനിയുടെ മൊത്ത വരുമാനത്തില്‍ ഇടിവ് നേരിട്ടിട്ടുണ്ട്. 2,899.32 കോടിയായിട്ടാണ് അവസാന പാദത്തില്‍ മൊത്തവരുമാനം ഇടിഞ്ഞത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേസമയം 3,153.61 കോടി രൂപയായിരുന്നു അറ്റാദായം.

പലിശവരുമാനത്തിലും ഇടിവുണ്ടായിട്ടുണ്ട്. 1,559.54 കോടി രൂപയാണ് പലിശവരുമാനമായി രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 2,064.14 കോടി രൂപയായിരുന്നു. അതേസമയം പത്ത് രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 36 രൂപ വീതം ലാഭവിഹിതമായി നല്‍കാന്‍ ബാങ്ക് ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്

HDFC Q4 profit up 26% at Rs 926 cr | എച്ച്‌ഡി‌എഫ്സി അറ്റാദായം ഉയര്‍ന്നു

പ്രസിഡന്‍റിന്‍റെ ‘കാര്‍’ ആയാലും നോ രക്ഷ!

സര്‍ക്കാരിന്‍റെ വണ്ടിയായതു കൊണ്ട് മോഷ്ടാക്കളില്‍ നിന്ന് രക്ഷയുണ്ടെന്ന് കരുതുന്നുണ്ടെങ്കില്‍ അത് വെറുതെയാ. പൊതുസ്വത്താണെങ്കിലും സ്വകാര്യസ്വത്താണെങ്കിലും കള്ളന്മാര്‍ക്ക് അതെല്ലാം സ്വന്തം അവകാശത്തില്‍പ്പെട്ടതാണ്.

സംഭവം നടന്നിരിക്കുന്നത് ബൊളീവിയയിലാണ്. ബൊളീവിയ പ്രസിഡന്‍റ് ഇവോ മൊറെയ്ല്‍സിന്‍റെ ഔദ്യോഗിക വാഹനമാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. പ്രസിഡന്‍റിന് ‘ബ്രേക് ഫാസ്റ്റ്’ വാങ്ങാന്‍ പോയപ്പോള്‍ ആണ് ഈ ദുര്യോഗം. കാര്‍ നിര്‍ത്തി ബ്രേക് ഫാസ്റ്റ് വാങ്ങി ഡ്രൈവര്‍ വന്നപ്പോള്‍ കാര്‍ പോയിട്ട് കാറിന്‍റെ ബ്രേക് പോലും സ്ഥലത്തില്ല. കിട്ടിയ സമയം കൊണ്ട് കള്ളന്‍ കാറുമായി കടന്നു കളഞ്ഞെന്ന് സാരം.

കള്ളന്‍ കവര്‍ന്നെടുത്തത് മൊറെയ്ല്‍സിന്‍റെ വെറുമൊരു ഔദ്യോഗികവാഹനമല്ല. വെനസ്വേല പ്രസിഡന്‍റ് ഹ്യൂഗോ ചാവേസ് സമ്മാനിച്ചതാണ് മോഷണംപോയ വാഹനം. മൊറെയ്ല്‍സ് ഉപയോഗിച്ചിരുന്ന ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ അടക്കം 16 വാഹനങ്ങള്‍ 2008 ല്‍ ഹ്യൂഗോ ചാവേസ് സമ്മാനിച്ചിരുന്നു.

Bolivian president's car stolen | പ്രസിഡന്‍റിന്‍റെ ‘കാര്‍’ ആയാലും നോ രക്ഷ!

വംശീയ അധിക്ഷേപം: രണ്ട് പേര്‍ക്ക് സസ്പെന്‍ഷന്‍

വംശീയ അധിക്ഷേപം കലര്‍ന്ന തമാശ ഇ മെയിലിലൂടെ പ്രചരിപ്പിച്ചതിന്‍റെ പേരില്‍ ബ്രിട്ടനില്‍ രണ്ട് കണ്‍സര്‍വ്വേറ്റീവ് കൌണ്‍സിലര്‍മാരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ പരിഹസിക്കുന്നതായിരുന്നു ഇ മെയില്‍ സന്ദേശം.

റിബിള്‍ വാല്ലി കൌണ്‍സിലര്‍ സിമോണ്‍ ഫാണ്‍സ്‌വര്‍ത്ത്, ലാന്‍‌കാഷെര്‍ വെസ്റ്റ് കൌണ്‍സിലര്‍ കെന്‍ ഹിന്ദ് എന്നിവരെയാണ് പുറത്താക്കിയത്. സിമോണ്‍ ഫാണ്‍സ്‌വര്‍ത്ത് ആണ് തമാശ കലര്‍ന്ന ഇ മെയില്‍ കെന്‍ ഹിന്ദിന് അയച്ചത്. ഹിന്ദ് ഇത് മറ്റു കണ്‍സര്‍വ്വേറ്റീവ് അംഗങ്ങള്‍ക്ക് അയയ്ക്കുകയും ചെയ്തു.

ഇ മെയിലിനെക്കുറിച്ച് ദ ഗാര്‍ഡിയന്‍ പത്രത്തില്‍ വന്ന റിപ്പോര്‍ട്ടാണ് നടപടിക്ക് കാരണം. ബ്രിട്ടനിലെ തെരഞ്ഞെടുപ്പില്‍ കുടിയേറ്റ വിഷയം സജീവ ചര്‍ച്ചയാണ്. അടുത്തിടെ രാജ്യത്ത് കുടിയേറ്റക്കാര്‍ വര്‍ദ്ധിച്ചതായും അര്‍ഹതയില്ലാത്ത ആനുകൂല്യങ്ങള്‍ ഇവര്‍ തട്ടിയെടുക്കുന്നതായും ബ്രട്ടീഷ് ജനതയ്ക്കിടയില്‍ സംസാരമുണ്ട്. ഈ സാഹചര്യത്തിലാണ് ഇ മെയില്‍ സജീവ ചര്‍ച്ചയായത്.

ബ്രിട്ടനിലെത്തുന്ന കുടിയേറ്റക്കാര്‍ തമ്മില്‍ കാണുന്നതും സംസാരിക്കുന്നതുമാണ് ഇ മെയിലിലെ വിഷയം. ബ്രട്ടീഷുകാരാണെന്ന് കരുതി കുടിയേറ്റക്കാര്‍ സംസാരിക്കുന്നതെല്ലാം ഇതര രാജ്യക്കാരോടാണ്. ഒരു ഇന്ത്യന്‍ സ്വദേശിനിയും അഫ്ഗാന്‍ സൊമാലിയന്‍ സ്വദേശികളുമാണ് ഇ മെയിലിലെ കഥാപാത്രങ്ങള്‍. മെയില്‍ കാണുന്നവര്‍ സുഹൃത്തുക്കള്‍ക്ക് ഫോര്‍വേഡ് ചെയ്തില്ലെങ്കില്‍ മൂന്ന് അനധികൃത കുടിയേറ്റക്കാരെ നിങ്ങള്‍ക്ക് സ്വീകരിക്കേണ്ടി വരുമെന്ന സന്ദേശവും ഇ മെയിലിനൊപ്പം ഉള്‍പ്പെടുത്തിയിരുന്നു.

UK: Two Tories suspended for emailing racist joke | വംശീയ അധിക്ഷേപം: രണ്ട് പേര്‍ക്ക് സസ്പെന്‍ഷന്‍

ഒളിക്യാമറ: പ്രതി അഖില്‍ ജോസിന് ജാമ്യം


PRO
മൊബൈല്‍ ക്യാമറ ഉള്‍പ്പെടെ ഒരു തരത്തിലുള്ള ക്യാമറയും ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശവുമായി കോഴിക്കോട് ഒളിക്യാമറ കേസിലെ പ്രതി അഖില്‍ ജോസിന് ജാമ്യം. ജില്ലാ ജഡ്ജി എം പി ഇസ്മായില്‍ ആണ് ഉപാധികളോടെ അഖിലിന് ജാമ്യം അനുവദിച്ചത്. കോഴിക്കോട് നഗരത്തിലെ സാഗര്‍ ഹോട്ടലിന്‍റെ ടോയ് ലറ്റില്‍ ഒളിക്യാമറ വെച്ച കേസിലാണ് കൂരാച്ചുണ്ട് സ്വദേശിയായ ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ക്യാമറ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശത്തിനു പുറമേ നടക്കാവ് പൊലീസ് സ്റ്റേഷന്‍റെ പരിധി വിട്ടു പോകരുതെന്നുള്ള നിര്‍ദ്ദേശത്തോടെയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ രണ്ടുതവണ ജാമ്യഹര്‍ജി നിരസിച്ച ജില്ലാ സെഷന്‍സ് കോടതി തന്നെയാണ് ഇപ്പോള്‍ ഒരു ലക്ഷം രൂപ വീതമുള്ള രണ്ട് ആള്‍ജാമ്യത്തില്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.

അഡ്വ ടോം തോമസ് മുഖേനയാണ് ജാമ്യഹര്‍ജി ഫയല്‍ ചെയ്തത്. ഒന്നിടവിട്ട ദിവസങ്ങളില്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് പ്രതിയോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റു ചെയ്ത അഖില്‍ 41 ദിവസമായി ജില്ലാ ജയിലില്‍ റിമാന്‍ഡിലായിരുന്നു.

Hidden Camera case: Akhil jose gets bail | ഒളിക്യാമറ: പ്രതി അഖില്‍ ജോസിന് ജാമ്യം

ബുര്‍ഖയണിഞ്ഞതിന് ഇറ്റലിയിലും പിഴ


PRO
ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രമണിഞ്ഞ് തെരുവില്‍ പ്രത്യക്ഷപ്പെട്ടതിന് മുസ്ലീം വനിതയ്ക്ക് ഇറ്റാലിയന്‍ പൊലീസ് പിഴ ചുമത്തി. ഇറ്റലിയുടെ വടക്കന്‍ നഗരമായ നൊവാറയിലാണ് സംഭവം. ഇറ്റലിയിലെ ആദ്യ സംഭവമാണിത്.

500 യൂറോയാണ് പിഴയായി ഈടാക്കിയത്. നടപടിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സ്ത്രീയ്ക്ക് അധികാരമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവിനൊപ്പമാണ് യുവതിയെ പൊലീസ് പരിശോധനയ്ക്കായി തടഞ്ഞുനിര്‍ത്തിയത്.

മുഖാവരണം മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും പുരുഷ പൊലീസുകാരുടെ മുന്‍പില്‍ സാധ്യമല്ലെന്ന് ഭര്‍ത്താവ് വാദിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് പിഴയീടാക്കിയത്.

Italian police fined a Muslim woman for wearing burqa | ബുര്‍ഖയണിഞ്ഞതിന് ഇറ്റലിയിലും പിഴ

ജോസഫിനെതിരെ വിജിലന്‍സ് അന്വേഷണമെന്ന് കോടിയേരിPRO
ധനകാര്യവകുപ്പ് ആവശ്യപ്പെടുകയാണെങ്കില്‍ പി ജെ ജോസഫിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത് വകുപ്പിനു കീഴില്‍ ഇടുക്കി ജില്ലയില്‍ മാത്രമായി 28 കോടി രൂപയുടെ അഴിമതി കണ്ടെത്തിയതായി ധനകാര്യമന്ത്രി തോമസ് ഐസക്ക് പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോഴാണ് ആഭ്യന്തരമന്ത്രി ഇങ്ങനെ പറഞ്ഞത്.

ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനും ഇ പി ജയരാജനും ജോസഫിനെതിരെയുള്ള ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. സുരേന്ദ്രന്‍ പിള്ളയെ അയോഗ്യനാക്കണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെട്ടതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആര്‍ക്കും ആരെയും അയോഗ്യനാക്കാന്‍ ആവശ്യപ്പെടാം എന്നായിരുന്നു ജയരാജന്‍റെ മറുപടി.


ഇറാന്‍ വനിതാ ടീം തൊപ്പിയിട്ട് മത്സരിക്കും


PRO
ഹിജാബ്( ശരീരം മൂടിയ വസ്ത്രം) ധരിക്കുന്നതിനു പകരം തലയില്‍ തൊപ്പിയിട്ട് യൂത്ത് ഒളിമ്പിക്സില്‍ മത്സരിക്കാന്‍ ഇറാ‍ന്‍റെ വനിതാ ഫുട്ബോള്‍ ടീം തീരുമാനിച്ചു. ഹിജാബ് ധരിച്ച് മത്സരിക്കുന്നതില്‍ നിന്ന് ഇറാന്‍ വനിതാ ടീമിനെ ഫിഫ നേരത്തെ വിലക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഫിഫ അധികൃതരും ഇറാന്‍ഇലെ ഫുട്ബോള്‍ ഫെഡറേഷന്‍ അധികൃതരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാ‍ണ് പുതിയ ധാരണയിലെത്തിയിരിക്കുന്നത്.

ഈ വര്‍ഷം ഓഗസ്റ്റ് പതിനാലു മുതല്‍ 26 വരെ സിംഗപ്പൂരിലാണ് യൂത്ത് ഒളിംപിക്സ് നടക്കുന്നത്. വനിതാ താരങ്ങളെ ഹിജാബ് ധരിച്ച് കളിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഇറാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മുടി മാത്രം മറയ്ക്കുന്നതും കണ്ണുകളോ പുരികമോ മൂടാത്തതുമായ തൊപ്പികള്‍ ധരിക്കാന്‍ അനുവദിക്കാമെന്നാണ് ഫിഫ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹിജാബ് ധരിക്കാതെ ഇറാന്‍ കായികതാരങ്ങളെ കളിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഇറാന്‍ നാഷണല്‍ ഒളിംപിക്സ് കമ്മിറ്റിയുടെ മുന്‍ നിലപാട്. ഇത് ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.FIFA allows caps for Iranian girls at Youth Olympic | ഇറാന്‍ വനിതാ ടീം തൊപ്പിയിട്ട് മത്സരിക്കും

കുട്ടികള്‍ക്ക് സെക്സില്‍ താല്‍‌പ്പര്യമില്ല!PRO
തങ്ങളുടെ കുട്ടികള്‍ക്ക് സെക്സില്‍ താല്‍പ്പര്യമില്ലെന്ന് മാതാപിതാക്കള്‍. ഇത് ഒരു നല്ലകാര്യമായോ മോശം കാര്യമായോ ആണോ പറഞ്ഞതെന്നത് ഇവിടെ ചര്‍ച്ചാവിഷയമല്ല. എന്നാല്‍, ചില മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ വളരെ ആശങ്കാകുലരാണെന്നാണ് നോര്‍ത്ത് കരോളിനാ സ്റ്റേറ്റ് സര്‍വകലാശാലയുടെ ഒരു പുതിയ പഠനത്തില്‍ പറയുന്നത്.

തങ്ങളുടെ കുട്ടികള്‍ക്ക് സെക്സില്‍ താല്‍പ്പര്യമില്ലെന്നും എന്നാല്‍, മറ്റുള്ളവരുടെ കുട്ടികള്‍ അങ്ങനെയല്ലെന്നുമുള്ള ചിന്ത ചില രക്ഷിതാക്കളില്‍ വളര്‍ന്നുവരുന്നതായാണ് പഠനത്തില്‍ പറയുന്നത്. “ഈ വിഷയത്തില്‍ രക്ഷിതാക്കള്‍ ദുഃഖിതരാണ്” - ഈ സര്‍വകലാശാലയിലെ അസിസ്റ്റന്‍റ്‌ പ്രൊഫസറായ ഡോ. സിനിക്ക എലിയട്ട് പറയുന്നു.

തങ്ങളുടെ കുട്ടികള്‍ക്ക് സെക്സില്‍ താല്‍പ്പര്യമില്ലെങ്കിലും അവരുടെ കൂട്ടുകാര്‍ അങ്ങനെയല്ലെന്നാണ് മാതാപിതാക്കള്‍ വിശ്വസിക്കുന്നത്. അമിതമായ ലൈംഗിക താല്‍‌പ്പര്യമുള്ളവരും ലൈംഗിക ആക്രമണോത്സുകത പ്രകടിപ്പിക്കുന്നവരുമാണ് തങ്ങളുടെ മക്കളുടെ സുഹൃത്തുക്കള്‍ എന്നാണ് മാതാപിതാക്കള്‍ ഭയപ്പാടോടെ വ്യക്തമാക്കുന്നത്.


Kids not interested in sex, parents | കുട്ടികള്‍ക്ക് സെക്സില്‍ താല്‍‌പ്പര്യമില്ല!

മീര അസ്വസ്ഥത സൃഷ്ടിച്ചു: സിന്ധു ലോഹിതദാസ്
PRO
തനിക്കും ലോഹിതദാസിനും മീരാ ജാസ്മിന്‍ അസ്വസ്ഥത സൃഷ്ടിച്ചതായി ലോഹിയുടെ ഭാര്യ സിന്ധു ലോഹിതദാസ്. ഒരു പ്രമുഖ മലയാളം വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് സിന്ധു ലോഹിതദാസ് ഇങ്ങനെ പറയുന്നത്. പക്വതയെത്താത്ത ഒരു പെണ്‍കുട്ടിയുടെ കൈവശം ആവശ്യത്തിലധികം പണം വന്നുപെട്ടതാണ് മീരയ്ക്കുണ്ടായ കുഴപ്പങ്ങള്‍ക്ക് കാരണമെന്നും സിന്ധു ഈ അഭിമുഖത്തില്‍ വിലയിരുത്തുന്നു.

മീരാ ജാസ്മിനെ നായികയാക്കി തുടര്‍ച്ചയായി നാലു സിനിമകള്‍ സംവിധാനം ചെയ്തയാളാണ് സത്യന്‍ അന്തിക്കാട്. ലോഹിതദാസിനെതിരായി ഉണ്ടായ ആരോപണങ്ങള്‍ എന്തുകൊണ്ട് അദ്ദേഹത്തിനെതിരെ ഉണ്ടാകുന്നില്ല? സുന്ദരിയായ പെണ്‍കുട്ടിയാണ് മീരാ ജാസ്മിന്‍. പക്വതയെത്താത്ത ഒരു പെണ്‍‌കുട്ടിയുടെ കൈയില്‍ ധാരാളം പണം വന്നുചേര്‍ന്നാല്‍ എന്തുണ്ടാകും? അവള്‍ അത് വീട്ടുകാര്‍ക്ക് നല്‍കിയതുമില്ല. ഇത് കുറേക്കഴിഞ്ഞപ്പോള്‍ പ്രശ്നമായി. ലോഹിതദാസിനോട് ഉപദേശം ചോദിക്കുമായിരുന്നു. പിന്നീട് ഫോണ്‍‌വിളികളും ചര്‍ച്ചകളും കൂടിവന്നപ്പോല്‍ അത് അസ്വസ്ഥത സൃഷ്ടിച്ചു. എനിക്കുതന്നെ വിലക്കേണ്ടി വന്നിട്ടുണ്ട് - സിന്ധു ലോഹിതദാസ് വ്യക്തമാക്കി.

ലോഹിയുടെ മരണശേഷം ദിലീപ് ഒഴികെ സിനിമാരംഗത്തുള്ള മറ്റാരും തങ്ങളെ സഹായിച്ചില്ലെന്ന് സിന്ധു പറഞ്ഞു. എല്ലാവരും സ്വന്തം കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകാതിരിക്കാന്‍ ശ്രമം നടത്തുകയാണ്. അതിനിടയില്‍ ലോഹിതദാസിന്‍റെ കുടുംബത്തിന്‍റെ കാര്യം അന്വേഷിക്കാന്‍ ആര്‍ക്കാണ് സമയം? ദിലീപ് ഒഴികെ ആരും പിന്നീട് തിരിഞ്ഞുനോക്കിയില്ല. ദിലീപ് എല്ലാ ദിവസവും വിളിച്ച് അന്വേഷിക്കും. സാമ്പത്തികമായും സഹായിച്ചു - സിന്ധു പറഞ്ഞു.

PRO


‘ചക്രം’ എന്ന സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിച്ചിരുന്നെങ്കില്‍ ലോഹിതദാസിന് ഇങ്ങനെ ഒരു അന്ത്യം സംഭവിക്കില്ലായിരുന്നു എന്ന് സിന്ധു പറയുന്നു. ചിലര്‍ മോഹന്‍ലാലിനെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് അദ്ദേഹം ചക്രത്തില്‍ നിന്ന് പിന്‍‌മാറിയത്. കുടുംബത്തിന്‍റെ പ്രാരാബ്‌ധങ്ങള്‍ ഒറ്റയ്ക്ക് ചുമക്കുന്ന പരുക്കനായ ഒരു മനുഷ്യനാണ് ചക്രത്തിലെ നായകന്‍. തുടക്കക്കാരനായ പൃഥ്വിരാജ് ആ വേഷം ഭംഗിയായി അവതരിപ്പിച്ചെങ്കിലും ഒരു വിശ്വാസ്യത പ്രേക്ഷകര്‍ക്ക് തോന്നിയില്ല. മോഹന്‍ലാല്‍ ആ വേഷം ചെയ്തിരുന്നെങ്കില്‍ ചക്രം വലിയ വിജയമായി മാറുമായിരുന്നു - സിന്ധു പറയുന്നു.