Wednesday, August 19, 2009

കുടിയന്മാരെ ക്ഷമിക്കണേ

ആരൊക്കെ എന്തൊക്കെ പ്രത്യേകതകള്‍ കണ്ടെത്തിയാലും ഈ കഴിഞ്ഞ തെരഞ്ഞടുപ്പിന് ഞാന്‍ കാണുന്ന പ്രത്യേകത അതെന്‍റെ ആദ്യത്തെ ഇലക്ഷന്‍ ഡ്യൂട്ടിയായിരുന്നു എന്നതാണ്. രണ്ടേ രണ്ടു സ്ഥാനര്‍ത്ഥികള്‍ നേരിട്ടു മത്സരിച്ച ഒരു വാര്‍ഡിലായിരുന്നു ഞാന്‍, വാതില്‍ പോലുമില്ലാത്ത ഒരു പഴയ കെട്ടിടത്തില്‍ ഭയന്നു വിറച്ചാണ് തലേദിവസം രാത്രി കഴിച്ചുകൂട്ടിയത്. അന്നുപക്ഷെ കുഴപ്പമൊന്നുമുണ്ടായില്ല.

നേരം വളുത്തു. പോളിങ്ങ് തുടങ്ങി. പുറത്തുനിന്നു വാക്കേറ്റങ്ങളും കേള്‍ക്കായി. ഏതു സമയത്തും എന്തും നടക്കാമെന്ന പ്രതീക്ഷയോടെ ഇരിക്കുമ്പോള്‍ പിന്നില്‍നിന്നും ഒരു പോളിങ്ങ് ഏജന്‍റ് സമാധാനിപ്പിച്ചു-"മാഷെ വെഷമിക്കണ്ട. ഒന്നും സംഭവിക്കില്ല. ഇന്ന് കള്ളുഷാപ്പൊന്നും തുറക്കില്ലല്ലോ."

ശരിയാണ്, അന്നു മാത്രമല്ല അതിന്‍റെ തലേനാളും ഷാപ്പുകള്‍ തുറന്നിരുന്നില്ല. ഏജന്‍റ് പറഞ്ഞതുപോലെ അതുകൊണ്ടാവണം ഒരു കുഴപ്പവം ഉണ്ടായതുമില്ല.

എന്നിട്ടും എവിടെയെല്ലാമോ കുഴപ്പമുണ്ടായില്ലേയെന്നും, ചിലരൊക്കെ മരിച്ചില്ലേയെന്നുമൊക്കെ ചോദിച്ചേക്കാം. കള്ളുകുടിക്കുന്നതു കൊണ്ടാണ് സകല കുഴപ്പവുമുണ്ടാകുന്നതെന്ന ധാരണ ആദ്യം തിരുത്തണം.

കള്ളുകുടികുടിക്കുന്നതുകൊണ്ട് കുഴപ്പമേ ഉണ്ടാവൂ എന്നതു ശരി. കുടിക്കുന്ന വ്യക്തിക്കും, കുടുംബത്തിനും സമൂഹത്തിനും അതുകൊണ്ട് നഷ്ടമേ സംഭവിക്കുന്നുള്ളു. ഈ നഷ്ടം വരുത്തിവെച്ചാല്‍, സര്‍ക്കാരിനു കുറച്ചു രൂപ ലാഭമാണെന്നതും, കുറച്ചുപേര്‍ക്ക് അതിന്‍റെ പേരില്‍ തൊഴിലുണ്ടാവുമെന്നതും ശരി. ഇപ്പറഞ്ഞ കുറച്ചു ലാഭത്തിനും, കുറച്ചു തൊഴിലിനും വേണ്ടി മദ്യവ്യാപാരമെന്ന മഹാവിപത്തിന് കണ്ണുമടച്ചു പിന്തുണ കൊടുക്കുന്നതിലെ ശരികേടിനെക്കുറിച്ചാണ് പറയാന്‍ പോവുന്നത്.

(കള്ളു പുളിക്കുമ്പോള്‍ മാത്രമെ മദ്യമായി ആളെ മയക്കുന്നുള്ളുവെന്നും, മദ്യാംശമില്ലാത്ത കള്ള് ശീതളപാനീയങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കാമെന്നും, ഈ കുറച്ച് ലാഭവും തൊഴിലും അങ്ങനെ നിലനിര്‍ത്താമെന്നും ഏവര്‍ക്കുമറിയാവുന്ന വാസ്തവമാണ്. എന്നാലും നാട്ടില്‍ മദ്യമൊഴുക്കിയെ അടങ്ങൂ എന്ന ദുശ്ശാഠ്യത്തിന്‍റെ പിന്നില്‍ ആരെല്ലാമാണുള്ളതെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.)

കോണ്ഗ്രസ് കക്ഷികള്‍ ഭരിക്കുമ്പോഴും കമ്മ്യൂണിസ്റ്റ് കക്ഷികള്‍ ഭരിക്കുമ്പോഴും ഇവിടെ തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. അപ്പോഴൊക്കെ പോളിങ്ങിന് നാല്‍പത്തെട്ടു മണിക്കൂര്‍ മുമ്പ് മദ്യവ്യാപാരം നിര്‍ത്തിവെച്ചിട്ടുമുണ്ട്. പ്രവര്‍ത്തനത്തിലില്ലെങ്കില്‍ ആശയത്തിലെങ്കിലും കോണ്ഗ്രസുകാര്‍ മദ്യത്തെ എതിര്‍ക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് അങ്ങനെയൊരെതിര്‍പ്പില്ലെന്ന് മാത്രമല്ല അതിനെ അനുകൂലിക്കുകയും ചെയ്യുന്നു.

എങ്കില്‍പ്പിന്നെ കമ്മ്യൂണിസ്റ്റുകാരനായ നായനാര്‍ നയിക്കുന്ന മന്ത്രിസഭ നാടുഭരിക്കുമ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ എന്തിനു കള്ളുകച്ചവടം നിര്‍ത്തിവെച്ചു? (ചോദ്യം അല്‍പം ബാലിശമാണെന്ന് സമ്മതിക്കുന്നു.) നാട്ടില്‍ ക്രമസമാധാനം പലിക്കപ്പെടാന്‍. അപ്പോള്‍ മറ്റൊരു സംശയം. മദ്യവ്യവസായം ക്രമസമാധാനത്തിനു ഭീഷണിയാണെന്നു സമ്മതിക്കലല്ലേ ഇത്!

തെരഞ്ഞെടുപ്പു വേളയില്‍ ക്രമസമാധാനം വേണമെന്നതു ശരി. അന്നേരം മാത്രം മതിയോ അത്? അതിനു മുമ്പും പിമ്പും അങ്ങനെയൊരു സംഗതി ആവശ്യമില്ലേ? ആവശ്യമാണെങ്കില്‍ മദ്യവ്യവസായം എല്ലാ നേരത്തേയ്ക്കുമായി നിര്‍ത്തലാക്കേണ്ടതല്ലേ?

ഇവിടെയാണ് തെറ്റുന്നത്. മദ്യക്കച്ചവടത്തിലെ ലാഭം 'ആരാന്‍റെ' കയ്യില്‍ പെട്ടുപോകാതിരിക്കാന്‍ ബീവറേജസ് കോര്‍പ്പറേഷന്‍റെ പരിധിയില്‍ അതുള്‍പ്പെടുത്തിയ നാടാണ് നമ്മുടേത്. ആഗസ്റ്റ് 15, ജനുവരി 26 തുടങ്ങിയ ചില ദിവസങ്ങളില്‍ കോര്‍പ്പറേഷന്‍ അതിന്‍റെ കീഴിലുള്ള ഷാപ്പുകള്‍ക്ക് ലീവു കൊടുക്കും. അവയുടെ മുമ്പില്‍ ദേശീയ പതാക കെട്ടിത്തൂക്കാന്‍ ആവശ്യപ്പെടും.

കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിന്, ഇതു പോലുള്ളോരു ഷാപ്പിന്‍റെ മുന്നിലിരുന്ന് സമരം ചെയ്യുമ്പോള്‍ കണ്ട കാഴ്ച ഇപ്പോഴും എന്നെ ഞടുക്കുന്നു. സ്കൂട്ടറില്‍ എവിടെ നിന്നോ പറന്നു വന്ന ഒരുത്തന്‍ ഷാപ്പിനുമുന്നില്‍ ഇറങ്ങുന്നു. താഴ്ത്തിയിട്ട ഷട്ടറില്‍ കൊട്ടുന്നു. ഷട്ടര്‍ പൊങ്ങുന്നു. അയാള്‍ക്കു കുടിക്കണം. കുടിച്ചേ പറ്റൂ. കച്ചവടക്കാരന്‍ ഞങ്ങളെ കാണിച്ചു കൊടുത്തു. കുടിക്കാന്‍ വന്നവന് ജാള്യം. അയാള്‍ സാധനം വാങ്ങി. മറവന്വേഷിച്ചു പരതി. ഒടുക്കം കണ്ടത് ദേശീയ പതാക മാത്രം.

പാറിപ്പറക്കുന്ന ഇന്ത്യന്‍ ദേശീയ പതാകയുടെ മറവില്‍, ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തിന് ഒരു ചെറുപ്പക്കാരന്‍ വിദേശം മദ്യം കഴിക്കുക!

ഒരു സ്വതന്ത്ര രാഷ്ട്രത്തിലെ പൌരന് ഏതെല്ലാം തരത്തില്‍ അധഃപതിക്കാമെന്നതിന് ഒന്നാംതരം ഉദാഹരണമായിരുന്നു അത്.

കള്ളുകുടിക്കുന്നത് നല്ലതാണെന്ന് പറയുന്ന ഒരു നേതാവുമില്ല. പിന്നെ അതില്‍നിന്നു കിട്ടുന്ന പണം ഇവരെങ്ങനെ പവിത്രമായി കാണുന്നു!

നമുക്കു റഷ്യയിലേക്കു നോക്കാം. അല്ലെങ്കില്‍ അമേരിക്കയിലേക്ക്. അതാണല്ലോ നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതു ചെയ്യരുതെന്ന് അവിടുത്തുകാരന്‍ പറഞ്ഞു. പലരും പലതിനെപ്പറ്റിയും പറഞ്ഞു. ഒടുക്കം ഫുക്കുവോക്ക പറഞ്ഞു - പ്രകൃതിയെ മറന്നു കൃഷി ചെയ്യരുതെന്ന്. ഇനി മദ്യം കുടിക്കരുതെന്ന് പറയാന്‍ ഒരാളുവരും. റഷ്യയില്‍നിന്ന്. അല്ലെങ്കില്‍ അമേരിക്കയില്‍ നിന്ന്.

നമുക്കു കാത്തിരിക്കാം. കാത്തിരിപ്പ് നീണ്ടു പോവില്ല. അവിടങ്ങളിലൊക്കെ 'അവനെ' കുഴിച്ചു മൂടിത്തുടങ്ങിയിട്ടുണ്ട്.

(ക്ഷമിക്കണം, മദ്യത്തെക്കുറിച്ചാണ് എന്ന ലേഖനത്തില്‍ നിന്ന് - ലേഖകന്‍ - ഗോപി പുതുക്കോട് - മിനി മാഗസിന്‍ - issue no.17, june, 1988)