Thursday, March 5, 2009

സംഘബലം കൊണ്ടെഴുതാനാവുമോ?

ശ്രീ. മേഘനാദന്‍ 'ജ്വാല' മാസികയില്‍ എഴുതിയ ഒരു ലേഖനം - 'എഴുത്തുകാര്‍ അമ്മയെ കണ്ടു പഠിക്കുക' (വിപരീത വിചാരം - ജ്വാല മാസിക, ഫെബ്രുവരി,2009)

അദ്ദേഹം എഴുതുന്നു - "അദ്ധ്വാനിക്കുന്നു എന്നവകാശപ്പെടുന്ന ഒരുമാതിരിപ്പെട്ടവര്‍ക്കെല്ലാം സംഘടനയുണ്ടെന്ന് കേള്‍ക്കുന്നു. പിച്ചക്കാര്‍ക്ക് സംഘടനയുണ്ടോ എന്നന്വേഷിച്ചപ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞത് അവര്‍ക്കുമുണ്ട് സംഘടന എന്നാണ്.....'

ശ്രീ. മേഘനാദന്‍റെ അഭിപ്രായത്തില്‍ ഈ ഭൂമിമലയാളത്തില്‍ സംഘടനയില്ലാത്തവര്‍ കളളന്‍മാരും എഴുത്തുകാരും മാത്രമാണ്.

സിനിമക്കാര്‍ക്ക് രണ്ടു സംഘടനയുണ്ട് - 'അമ്മ' യും 'മാക്ട' യും. ഇത് രണ്ടും കീരിയും പാമ്പും പോലെയാണെന്നത് വേറെ കാര്യം.

ശ്രീ. മേഘനാദന്‍റെ എഴുത്തുകാരെ കുറിച്ചുളള വാക്കുകള്‍ സംഗ്രഹിച്ചാല്‍ കിട്ടുന്നത് അവര്‍ വെറും 'കൂലിക്കാര്‍' മാത്രമാണെന്നതാണ്. സിനിമക്കാര്‍ അതെന്നോ ആയിക്കഴിഞ്ഞു. അതുകൊണ്ടാണല്ലോ ഇവിടെ നല്ല സിനിമകള്‍ പിറക്കാത്തതും!

വമ്പന്‍ സ്രാവുകള്‍ പോലും സിനിമയില്‍ കൂലിക്കാരാണ്. അവര്‍ക്ക്‌ കൂലികൊടുത്ത് സിനിമാ 'വ്യവസായം' പൊളിയുകയാണെങ്കില്‍ അതിലെന്ത് അത്ഭുതം? അതുകൊണ്ടുതന്നെ തിയേറ്ററുകളില്‍ എത്തുന്നത് തട്ടുപൊളിപ്പന്‍ സിനിമകളും. പൊതുജനം ഈ സിനിമകളെ ബഹിഷ്കരിച്ചെങ്കില്‍ അവരെ കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടോ? നമ്മുടെ സൂപ്പര്‍സ്റ്റാറുകള്‍ എന്നാണ് സെലക്റ്റീവ് ആവുക? മക്കള്‍ക്കും അവരുടെ മക്കള്‍ക്കും പിന്നെയുള്ള മക്കള്‍ക്കുമുള്ളതൊക്കെ അവര്‍ സമ്പാദിച്ചു കൂട്ടിയിട്ടുണ്ട്. ഇവരൊക്കെ കൊച്ചുകുട്ടികളായ നടിമാരുടെ ഹീറോ അയി അഭിനയിക്കുമ്പോള്‍ അവര്‍ക്കില്ലാത്ത നാണം കാണുന്ന പ്രേക്ഷകര്‍ക്ക് ഉണ്ടാവുന്നു. ഇനി ഇവര്‍ക്കിടയില്‍ അവശ കലാകാരന്‍മാര്‍ ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളു.

പലര്‍ക്കും കിട്ടേണ്ടത് ചിലര്‍മാത്രം കൈടക്കിയാല്‍ ബാക്കിയുള്ളവര്‍ അവശന്മാരായി തീരുമെന്നത് ലോകനീതിയാണ്. ഇതിനെതിരെയാണ് നിര്‍മ്മാതക്കളും സംവിധായകരും മറ്റു അണിയറ ശില്‍പികളും സംഘം ചേരേണ്ടത്. അങ്ങിനെ ചെയ്താല്‍ ഇവിടെ നല്ല സിനിമകള്‍ ഉണ്ടാവും. അത്‌ കാണാന്‍ ജനങ്ങളെ കിട്ടും. മുടക്കുമുതലും ലാഭവും തിരിച്ചുകിട്ടുകയും ചെയ്യും. ഏതൊരു കാര്യത്തിലും commitment (അര്‍പ്പണ മനോഭാവം) എന്നൊരു സാധനമുണ്ട്. അതില്ലാത്തവര്‍ ചെയ്യുന്ന സൃഷ്ടികള്‍ക്ക് ആഴവും സൌന്ദര്യവും കുറവായിരിക്കും. ഇത് സിനിമക്കാര്‍ക്കും ബാധകമാണ്

ചിലപ്പോഴെങ്കിലും നമുക്ക് നല്ല സിനിമകള്‍ കിട്ടാറുണ്ട്. നീലക്കുറിഞ്ഞി പൂക്കുന്നതു പോലെ. പക്ഷെ, അതൊന്നും ഈ കൂലിത്തൊഴിലാളികള്‍ ചെയ്യുന്നതല്ല എന്നുകൂടി ഓര്‍ക്കണം

അടുത്തിടെയാണ് "സ്ലം ഡോഗ് മില്യണയറി" ന് ഓസ്കാര്‍ അവാര്‍ഡ് ലഭിച്ചത്. മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ മറ്റൊരു പുരം കൂടി! എന്നാലും സന്തോഷമുണ്ട് - റഹ്മാനും റസൂലിനും അവാര്‍ഡുകള്‍ ലഭിച്ചതില്‍. പക്ഷെ, ഇതൊരു ഇന്ത്യന്‍ സിനിമയല്ലെന്നാണ് എന്‍റെ അഭിപ്രായം. ഇതിന്‌റെ നിര്‍മ്മാതാവും സംവിധായകനും ഭാരതീയരല്ല. ഇന്ത്യയെക്കുറിച്ച് എന്ത് കാണിക്കാനും ആരാണ് ഇവര്‍ക്കൊക്കെ അധികാരം കൊടുത്തത്. നമുക്ക് വിശ്വോത്തര സിനിമകളും സംവിധായകരുമുണ്ട്. അവര്‍ക്കെന്തുകൊണ്ട് ഓസ്കാര്‍ ലഭിച്ചില്ല. അതുകൊണ്ടുതന്നെ 'ഒസ്കാര്‍' സിനിമയുടെ അവസാന വാക്കല്ല.

ഇനി എഴുത്തുകാരുടെ കാര്യം. അവര്‍ക്കുമുണ്ടായിരുന്നില്ലേ ഒരു സഹകരണ പ്രസ്ഥാനവും അവരുടെ പുസ്തകങ്ങള്‍ വിറ്റഴിക്കാനുള്ള വില്‍പനശാലയും? അതിനെന്തു സംഭവിച്ചു?മുന്‍പെ പോയവരുടെ ഏതൊരു പ്രയത്നത്തെയും അംഗീകരിക്കാനുള്ള ഒരു സന്‍മനസ്സ് പിന്‍പേ വരുന്നവര്‍ക്കുണ്ടായിരിക്കണം. അതില്ലാത്തിടത്തോളം കാലം ചെയ്ത പ്രയത്നങ്ങളൊക്കെ വിഫലമാകുകയെ ചെയ്യൂ.

എഴുത്തുകാര്‍ക്ക് രാഷ്ട്രീയമാവാം. പക്ഷെ, തൊഴുത്തില്‍കുത്ത് അരുത്.

നല്ല പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചാല്‍ അത്‌ വാങ്ങാനും വായിക്കാനും ആള്‍ക്കാരുണ്ടാവും. എഴുത്തുകാരുടെ ഏത് ചവറും പ്രസിദ്ധീകരിക്കാന്‍ തയ്യാറായാല്‍ ആ പ്രസിദ്ധീകരണശാലക്ക് താഴു വീഴാന്‍ അധിക സമയമൊന്നും വേണ്ടി വരില്ല. അതിന് എത്ര അംഗബലവും സംഘബലവും ഉണ്ടായാലും ശരി.

ആനുകാലിക പ്രസിദ്ധീകരണക്കാര്‍ എഴുത്തുകാര്‍ക്ക് പ്രതിഫലം കൊടുക്കുന്നില്ല എന്നുള്ള പരാതിയില്‍ കഴമ്പില്ലാതില്ല. പ്രത്യേകിച്ചും തുടക്കക്കാര്‍ക്ക്. പ്രസിദ്ധീകരണങ്ങള്‍ക്ക് എല്ലാ കാര്യങ്ങള്‍ക്കും കാശുണ്ട്, ഒന്നൊഴിച്ച്. എഴുത്തുകാരന്‍റെ പ്രതിഫലം. അതില്‍ മാത്രം അവര്‍ പിശുക്ക് കാണിക്കുന്നു എന്നുള്ളത് ഏറെക്കുറെ ശരിയുമാണ്. എന്തിന് പുതിയ എഴുത്തുകാര്‍ക്ക് ഒരു കോംപ്ലിമെന്‍റ് കോപ്പിപോലും അയക്കാന്‍ നമ്മുടെ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ പലതും മടി കാണിക്കുന്നു.

അതുകൊണ്ട്തന്നെയാണ് സര്‍ഗ്ഗ സൃഷ്ടി നടത്തുന്നവര്‍ക്ക് സ്ഥിരമായ ഒരു വരുമാനമാര്‍ഗം ആവശ്യമായി വരുന്നതും. പ്രത്യേകിച്ചും എഴുതികിട്ടുന്ന കാശുകൊണ്ട് ജീവിക്കാമെന്ന് ഒരു തുടക്കക്കാരനും വ്യാമോഹിക്കരുത്. അത് നടക്കാത്ത കാര്യമാണ് - ചുരുങ്ങിയ പക്ഷം മലയാളത്തിലെങ്കിലും.

പണ്ടൊരിക്കല്‍ എം.ടി, പുനത്തില്‍ കുഞ്ഞബ്ദള്ളയോടു പറഞ്ഞ വാക്കുകള്‍ ഇവിടെ ഓര്‍മ്മയില്‍ നിന്ന് എടുത്തു എഴുതുന്നു - ആദ്യംസ്വന്തമായി ഒരു മേല്‍വിലാസമുണ്ടാക്കുക. കല ഉള്ളിലുണ്ടെങ്കില്‍ അത്‌ ഞാന്‍ പുറത്തെടുത്തോളാം.

ഈ ഉപദേശം എല്ലാ എഴുത്തുകാരും ശ്രദ്ധിക്കേണ്ടതാണ്. സ്വന്തമായി മേല്‍വിലാസമില്ലെങ്കില്‍ ആദ്യം മുട്ടുന്നത് സ്വന്തം അന്നം തന്നെയാണ്

എഴുത്ത് main stream ആയി എടുത്താല്‍ അതിന് ആദ്യം വേണ്ടത് ഒരു God Father ആണ്. ലബ്ധ പ്രതിഷ്ഠ നേടിയ പലര്‍ക്കും അതുണ്ടായിരുന്നു എന്നുള്ളത് വാസ്തവം. അതില്ലാത്തവര്‍ പിച്ചക്കാര്‍ക്ക് സമം.

ശ്രീ. മേഘനാദന്‍റെ ലേഖനത്തിലെ വക്കുകള്‍ ‍- " പുനത്തില്‍ കുഞ്ഞബ്ദുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതീയ ലേഖനത്തിലെ ഒരു ഭാഗം ഓര്‍മ്മ വന്നു. നിരൂപകനായ എ.ഷണ്മുഖദാസിനെക്കുറിച്ചാണ്. ചപ്രത്തലമുടിയും വലിയ പോക്കറ്റോടുകൂടിയ മുഷിഞ്ഞ കുപ്പായവും നിലത്തിഴയുന്ന മുണ്ടുമായി ചെരിപ്പിടാതെ മാതൃഭൂമിയുടെ ഓഫീസില്‍ എം.ടി യെ കാണാനെത്തിയതായിരുന്നു ഇംഗ്ലീഷ് ട്യൂട്ടറായ ഷണ്മുഖദാസ്. അദ്ദേഹം എസ്.കെ.നായരുടെ മലയാളനാട് വാരികയില്‍ പ്രൌഡഗംഭീരങ്ങളായ ലേഖനങ്ങള്‍ എഴുതിയത് വായിച്ചിട്ടുണ്ട്. അല്‍ബേര്‍ കാമുവിനെക്കുറിച്ച് അദ്ദേഹമെഴുതിയ ഒരു വിശിഷ്ട ലേഖനത്തിന്‍റെ ഓര്‍മ്മ ഇപ്പോഴും ഇതെഴുന്നയാളുടെ ഓര്‍മയിലുണ്ട്.

120 ക. തുച്ഛശമ്പളം പറ്റുന്ന ജോലിക്കാരനായിരുന്നു പ്രതിഭാശാലിയായ ആ എഴുത്തുകാരനെന്ന് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ലേഖനത്തില്‍നിന്നാണ് മനസ്സിലാക്കിയത്. വിഷമമുളവാക്കിയ കാര്യം അതല്ല. സ്വന്തമായി പുസ്തകങ്ങള്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ഒരു പരിചയക്കാരന്‍ നടത്തുന്ന പുസ്തകക്കടയില്‍ പോയിരുന്നാണ് ഷണ്മുഖദാസ് പുസ്തകങ്ങള്‍ വായിച്ചുതീര്‍ത്തിരുന്നതത്രെ!" പണമില്ലാത്തവന്‍ പിണം തന്നെ

ഇതിനോടനുബന്ധിച്ച് വായിക്കേണ്ട മറ്റൊരു ലേഖനവും കൂടിയുണ്ട് ജ്വാലയുടെ ഈ ലക്കത്തില്‍. ശ്രീ. ഇ.പി.അച്ചുതന്‍കുട്ടി എഴുതിയ "സാഹിത്യ ലോകത്തെ വയലന്‍റ് ക്രിട്ടിക്". ശ്രീ. എം.കൃഷ്ണന്‍ നായരെക്കുറിച്ചാണ് ഈ ലേഖനം. അതിലെ കുറച്ചു ഭാഗങ്ങള്‍ വായിച്ചാലും - "സാധാരണ വ്യക്തികള്‍ക്കു പോലും സാഹിത്യാവബോധമുണ്ടാക്കുന്നതായിരുന്നു കൃഷ്ണന്‍ നായരുടെ രചന ശൈലി. എന്നാല്‍ 'സാഹിത്യവാരഫലം' എന്ന കോളത്തിലൂടെ ഏറെ പേരുടെ അപ്രീതിക്ക് പാത്രമായ വ്യക്തികൂടിയാണ് അദ്ദേഹം."

പ്രൊഫസര്‍.എം.കൃഷ്ണന്‍ നായരെക്കുറിച്ച് ശ്രീ. കെ.പി.അപ്പനുണ്ടായിരുന്ന കാഴ്ചപ്പാട് ഇവിടെ വളരെ പ്രസക്തമാണെന്ന് തോന്നുന്നു. അതിനെക്കുറിച്ച് ശ്രീ. വി.ബി.സി.നായര്‍ "വ്യക്തിയും ജീവിതവും എന്ന ലേഖനത്തില്‍ (കലാകൌമുദി, ഡിസംബര്‍, 28, 2008) ഇങ്ങനെ എഴുതുന്നു - "പ്രൊഫസര്‍ എം.കൃഷ്ണന്‍ നായരെ ക്കുറിച്ചുള്ള കെ.പി.അപ്പന്‍റെ വിലയിരുത്തല്‍ അന്ന് എസ്.ഗുപ്തന്‍ നായരെപ്പോലുള്ളവര്‍ക്ക് സ്വീകാര്യമായിരുന്നില്ല. 'സാഹിത്യവാരഫല' ത്തെക്കുറിച്ച് അതിന്റെ പ്രസക്തിയെക്കുറിച്ച് കെ.പി.അപ്പന്‍ പറഞ്ഞിട്ടുള്ളത് ശ്രദ്ധിക്കുക. എം.കൃഷ്ണന്‍ നായരുടെ വേര്‍പാട് സൃഷ്ടിച്ച ശൂന്യത അളന്ന് മാറ്റാന്‍ കഴിയാത്ത വിധം വലുതാണെന്ന ആമുഖത്തോടെ അപ്പന്‍ എഴുതി : 'നമ്മുടെ ഓരോ ആഴ്ചയേയും വിശുദ്ധമാക്കുന്ന വായന അദ്ദേഹത്തിനുണ്ടായിരുന്നു. ഞാന്‍ ഒരു വിപരീത സൌന്ദര്യത്തിലേക്ക് പോവുകയാണ്. അദ്ദേഹം brilliantly malicious ആയിരുന്നു. സാഹിത്യവാരഫലം brightly malicious ആയിരുന്നു. അതുകൊണ്ടാണത് വിജയിച്ചത്'............അടുത്തകാലത്ത് ചാത്തനൂര്‍ മോഹന്‍റെ ഒരു ചോദ്യത്തിനുത്തരമായി സാഹിത്യവാരഫലത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞതുകൂടി ഇവിടെ കൂട്ടിച്ചേര്‍ക്കട്ടെ - 'ആ വിപുലമായ പുസ്തക പരിചയം എന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയിരുന്നു. ദിവാസ്വപ്നം കൊണ്ട് പകലും, ഉറക്കം കൊണ്ട് രാത്രിയും പൂര്‍ത്തിയാക്കുന്ന നമ്മുടെ പല എഴുത്തുകാരില്‍നിന്നും അദ്ദേഹം വ്യത്യസ്തനാണ്'

അങ്ങനെയുള്ള വ്യത്യസ്തനായ എം.കൃഷ്ണന്‍ നായരോട് മലയാളി നീതികാട്ടിയോ? ഇല്ലെന്നാണ് മനസ്സിലാവുന്നത്. ശ്രീ. ഇ.പി.അച്യുതന്‍കുട്ടിയുടെ വാക്കുകള്‍ - "അമ്പതു ലക്ഷത്തിനുമേല്‍ വിലവരുന്ന പുസ്തകശേഖരത്തിന്, കൃഷ്ണന്‍ നായരുടെ മരണശേഷം കേരള സര്‍ക്കാര്‍ വിലയിട്ടത് വെറും അഞ്ചു ലക്ഷമാണ്. സ്വല്‍പം മാന്യത കാട്ടിയ എറണാകുളത്തെ എം.എസ്.സഹകരണ ലൈബ്രറി കേവലം ഏഴു ലക്ഷം രൂപക്ക് അതു കൈക്കലാക്കി. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ നഷ്ടക്കച്ചവടത്തിന് സമ്മതം നല്‍കേണ്ടി വന്നു."

എഴുത്തുകാര്‍ പേരും പെരുമയും നേടുന്നതിനൊടൊപ്പം സ്വന്തം കുടുംബത്തെയും മറക്കാതിരിക്കുക. എഴുത്തുകാരുടെ ഉയര്‍ച്ചയില്‍ അവരുടെ കുടുംബത്തിന്‍റെ അദൃശ്യ സ്പര്‍ശമുണ്ടെന്ന് ഓര്‍ക്കുക. ചിലപ്പോഴെങ്കിലും എഴുത്തുകാരുടെ അനാഥമാകുന്ന കുടുംബത്തെ രക്ഷിക്കാന്‍ ഒരു സ്തുതിപാഠകനും ഉണ്ടായെന്ന് വരില്ല. 'വായുള്ള കുട്ടി ജീവിക്കും' എന്ന തത്വശാസ്ത്രം ഈ ലോകത്തില്‍ പ്രായോഗികമല്ല.