Saturday, June 5, 2010

ദാദുഭായുടെ ദുഃഖം

അമ്പതു വയസ്സു തോന്നിക്കുന്ന പാതിവൃദ്ധനായിരുന്നു ദാദു റാണ്പിസേ.  വയസ്സിന്‍റെ ആലസ്യം ഒട്ടുമില്ലാതെ ഒരു യുവാവിന്‍റെ ചുറുചുറുക്കോടെ എല്ലായിത്തും ഓടിയെത്തുന്ന അയാള്‍ക്ക് താന്‍ ചെയ്യുന്ന ജോലിയെക്കുറിച്ച് തെല്ലും പരാതി ഇല്ലായിരുന്നു.


ആരോടും മുറുമുറുപ്പ് കാട്ടതെ ആത്മാര്‍തയോടെ പെരുമാറുന്ന അയാളെ 'ദാദു ഭായ്' എന്നു ഞാന്‍ മാത്രമാണ് ഓഫീസില്‍ വിളിക്കുക.

അത് കേള്‍ക്കുമ്പോള്‍ തികഞ്ഞ സ്നേഹത്തിന്‍റെ ഒരു നനുത്ത ചിരി ആ മുഖത്ത് മിന്നുന്നത് ഞാന്‍ കാണുമായിരുന്നു.

ഓഫീസില്‍ അയാളെ 'ദാദു ഭായ്' എന്ന് മറ്റാരും വിളിക്കാറില്ല.  ഒന്നുകില്‍ 'ദാദു' അല്ലെങ്കില്‍ 'റാണ്‍പിസേ'.  ഇടക്കൊക്കെ 'സാലാ പ്യൂണ്‍'.

ചിലപ്പോള്‍ അവര്‍ വിളിക്കുന്ന തെറിവാക്കുകളില്‍ ഒതുങ്ങാത്ത ആ വ്യക്തിത്വത്തെ ഞാന്‍ വേദനയോടെ നോക്കി ഇരിക്കാറുണ്ട്.

ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ ചെറുപ്പക്കാര്‍ സംസ്കാര ശൂന്യരായി പെരുമാറുന്നതു കാണുമ്പോള്‍ അവരൊക്കെ മുഖംമൂടി അണിഞ്ഞവരാണെന്ന് ഞാന്‍ അറിഞ്ഞു.  നഗരത്തിന്‍റെ പാരുഷ്യം ഭാണ്ഡമായി തലയില്‍ ഏറ്റി നടക്കുന്നവരായിരുന്നു അവരത്രയും!

അന്യവല്‍ക്കരിക്കപ്പെടുന്ന യാന്ത്രികതയുടെ കൂലംകുത്തി പാച്ചിലില്‍ സ്വന്തം സംസ്കാരത്തിന്‍റെ ലാളിത്യം ചവിട്ടിമെതിക്കപ്പെടുന്നത് ഞാന്‍ നിസ്സഹായനായി നോക്കി നിന്നു.

നഗരത്തിന്‍റെ ആര്‍ഭാടത്തിലും ഗ്രാമം കനിഞ്ഞു നല്‍കിയ എളിമയുടെ പ്രസാദമായി ദാദുഭായ്.

സമാസമമാവാത്ത ട്രയല്‍ ബാലന്സുകളിലും ദുര്‍ഗ്രഹമായ അക്കൌണ്ട് സ്റ്റേറ്റ്മെന്‍റുകളിലും മനസ്സ് ഉഴറി പരിസരമാകെ മറന്നിരിക്കുമ്പോള്‍ ദാദുഭായ് ഓര്‍മ്മപ്പെടുത്തുമായിരുന്നു - "സാബ്, ആജ് ഖാനാ ഖാത്താ നഹി ഹേ ക്യാ?"

അയാളുടെ ഹൃദയത്തിന്‍റെ വര്‍ണ്ണങ്ങള്‍ മുഖത്തു നിഴലിക്കുമ്പോള്‍ ശ്രദ്ധ തെറ്റിച്ചതിലുള്ള ദേഷ്യം എവിടെയോ മാഞ്ഞു മറയുന്നു.

തിരിച്ച് ഒരക്ഷരം ഉരിയാടാന്‍ ആവാതെ ഊണു കഴിക്കാന്‍ ഞാന്‍ എഴുന്നേല്‍ക്കുന്നു.

എന്‍റെ കാര്യത്തിലത്രയും ദാദുഭായ് പ്രകടിപ്പിക്കുന്ന താത്പര്യവും ഉത്കണ്ഠയും പിതൃവാത്സല്യത്തിന്‍റെ സഹജ നൊമ്പരമായി എന്നില്‍ തളം കെട്ടിക്കിടക്കുന്നു, എപ്പൊഴും........

ദാദുഭായ് എന്‍റെ അടുത്തു വന്നിരുന്നു.  അയാള്‍ പറയുന്നതെല്ലാം പണി ചെയ്യുന്നതോടൊപ്പം ഞാന്‍ മൂളിക്കേട്ടു.  മേലധികാരികള്‍ കണ്ടാലോ എന്ന ഭയം എനിക്ക് ഇല്ലാതില്ല.  പ്രവൃത്തിക്കിടയില്‍ പറ്റുന്ന പിഴവുകളത്രയും പൊറുക്കത്തക്കതായിരുന്നില്ല.

എങ്കിലും അയാളോട് അഹിതമായി ഒന്നും പറയാന്‍ എനിക്ക് വയ്യായിരുന്നു.

അയാളുടെ വിഷമങ്ങളാണ് എന്നോട് അയാള്‍ അധികവും സംസാരിച്ചത്.  കേള്‍ക്കുന്നതിലല്ല പ്രശ്നം,  അയാള്‍ അവതരിപ്പിക്കുന്ന ബുദ്ധിമുട്ടുകള്‍ക്കെല്ലാം ഞാന്‍ പരിഹാരം നിര്‍ദ്ദേശിക്കണമായിരുന്നു.

അയാളുടെ ഗ്രാമത്തില്‍ വിട്ടിലെ പാല്‍ക്കറവയുള്ള പശു ചത്തു.  പുതിയ കറവ പശുവിനെ വാങ്ങണമെന്നും സര്‍ക്കാരില്‍നിന്ന് അതിന് വല്ല സഹായവും ലഭിക്കുമോ എന്നും അഥവാ പശുവിനെ മേടിച്ചാല്‍ ചാവാതിരിക്കാന്‍ ആശുപത്രിയില്‍ കുത്തിവയ്പുണ്ടോ എന്നും അയാള്‍ എന്നോട് ആരാഞ്ഞു.

ദാദുഭായ് തുടര്‍ന്നു - കുത്തിവയ്പുണ്ടെങ്കില്‍ ആര് കൊണ്ടു പോവും? അഞ്ചു കിലോമീറ്റര്‍ ദൂരം നടക്കണം മൃഗാശുപത്രിക്ക്.  വാഹനസൌകര്യങ്ങള്‍ ഇല്ലാത്ത കാട്ടുമുക്കില്‍ തന്‍റെ മക്കള്‍ക്ക് ഇത്ര ദൂരം സഞ്ചരിക്കുവാന്‍ ആവില്ല.  മൂത്തമകന്‍ പത്താംതരം പഠിക്കുന്നു.  അവനെ ഗൃഹഭരണത്തിന് തിരിപ്പിച്ചാല്‍ അവന്‍റെ പഠിത്തം മോശമാകും.


പിന്നെ ഭാര്യ്യക്ക് ക്ഷയം.  ജോലിയെടുക്കാന്‍ ആവതില്ല.  മാത്രമല്ല ചികിത്സ മുറയ്ക്ക് നടത്തണം.

എന്താ ചെയ്യേണ്ടതെന്നു ഒരു രൂപവും ഇല്ല!

ഇവ്വിധം ദാദുഭായ് നിരവധി പ്രാരബ്ധങ്ങളുടെ ചുരുളുകള്‍ നിവര്‍ത്തി.

"ജോലി ഉപേക്ഷിച്ച് ഗ്രാമത്തില്‍ പോയി പാല്‍ കച്ചവടം ചെയ്യൂ" ഞാന്‍ പറഞ്ഞു.

"അതൊക്കെ ഞാനില്ലെങ്കിലും അവിടെ നടക്കും" അയാള്‍ പറഞ്ഞു.

പ്യുണ്‍ ജോലി വിട്ടാല്‍ അതിന്‍റെ സമ്പാദ്യം ആര് കൊടുക്കുമെന്ന് അയാള്‍ ചോദിച്ചു.  ഇത്തരം വാദങ്ങള്‍ക്ക് എന്‍റെ വാക്കുകളുടെ മുനയൊടിഞ്ഞു മടങ്ങി.

ശരിയാണ്, പ്രത്യേകിച്ച് യാതൊരു ശീലവുമില്ലല്ലോ ദാദുഭായിക്ക്?

അയാള്‍ പുറമേക്ക് തികഞ്ഞ പഴഞ്ചനായിരുന്നു.  പ്യൂണിന്‍റെ യൂണിഫോം ഡ്രസ് ഒഴിച്ച് മറ്റു വസ്ത്രങ്ങള്‍ അയാള്‍ ധരിക്കുകയില്ല.  ഹോട്ടലില്‍ കയറി ഒരു കപ്പ് ചായ അയാള്‍ വാങ്ങി കുടിക്കുകയില്ല........റെയില്‍വേ സ്റ്റേഷനിലേക്ക് നടക്കേണ്ട ദുരമല്ല ഉള്ളുവെങ്കിലും അയാള്‍ നടന്നേ പോവുകയുള്ളു.


സ്വന്തം കുഞ്ഞുങ്ങളുടെ ഭാവിക്ക് അവരുടെ നന്മക്കു വേണ്ടി അവരെ വലിയവരാക്കാന്‍ ദാദുഭായ് ഒത്തിരി കഷ്ടതകള്‍ ഒരു ഭാരമാക്കാതെ വലിഞ്ഞു നടന്നു ഈ തിരക്കില്‍.........

"സാബ് ഇതു കണ്ടോ" ദാദുഭായ് മറാഠി പത്രത്തില്‍ കണ്ണുംനട്ട് ചോദിച്ചു.

"എന്ത്?" കാര്യമറിയാതെ ഞാന്‍ തടിച്ച പുസ്തകത്തില്‍ നിന്ന് തല ഉയര്‍ത്തി.

അന്നേരം, ഇംഗ്ലീഷില്‍ വന്ന വാണ്ടഡ് കോളം ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തുവാന്‍ അയാള്‍ ആവശ്യപ്പെട്ടു.

എസ്.എസ്.സിക്ക് കണക്കിലും സയന്സിലും അറുപതു ശതമാനം മാര്‍ക്കു കിട്ടിയ വിദ്യാര്‍ത്ഥികളെ അപ്രന്‍റിസ് ട്രെയിനിംഗിന് വിളിച്ചുള്ള പരസ്യം ഞാന്‍ തര്‍ജ്ജമ ചെയ്തു.

ദാദുഭായുടെ മകന്‍ അപ്രാവശ്യം പത്താംതരത്തിലായിരുന്നു.  മകന്‍റെ പരീക്ഷാഫലം അറിയാനുള്ള പരിഭ്രാന്തിയില്‍ ഇരിക്കുമ്പോഴാണ് പരസ്യം ശ്രദ്ധയില്‍ പെടുന്നത്.

താമസമുണ്ടായില്ല.  ഓഫീസ് സുപ്രണ്ടിന് നാലുദിവസത്തെ അവധി അപേക്ഷിച്ച് അയാള്‍ യാത്രയ്ക്കൊരുങ്ങി.

തിടുക്കത്തില്‍ ഓഫീസിനു പുറത്തിറങ്ങുമ്പോള്‍ ദാദുഭായ് യഥാല്‍ ഓര്‍മ്മിപ്പിച്ചു - "അഗര്‍ മേം തീന്‍ ചാര്‍ ദിന്‍ ലേറ്റ് ഹോഗയാ തോ കൈസേ ഭീ അഡ്ജസ്റ്റ് കര്‍നാ, സാബ്"

പെട്ടെന്നായിരുന്നു എനിക്ക് സ്ഥലം മാറ്റത്തിനുള്ള ഉത്തരവ് കിട്ടിയത്.  അയാള്‍ മടങ്ങിയെത്തും മുമ്പേ ഞാന്‍ എന്‍റെ പുതിയ താവളം തേടി ഇറങ്ങി.


അതില്‍ പിന്നെ ഞങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമുണ്ടായില്ല.

വളരെ മാസങ്ങള്‍ക്കു ശേഷം ദാദുഭായ് ജോലിയില്‍ നിന്ന് വോളന്‍ററി റിട്ടയര്‍മെന്‍റ് ഞാന്‍ അറിഞ്ഞു........

എത്രയോ വര്‍ഷങ്ങള്‍ പിന്നിട്ടു.  ഞാന്‍ വീണ്ടും എന്‍റെ പഴയ താവളത്തിലേക്ക് തിരിച്ചെത്തി പുതിയ അസൈന്മെന്‍റോടെ.  ഡിപ്പാര്‍ട്ടുമെന്‍റിലെ വിവിധ തസ്തികകളില്‍ വന്ന ഒഴിവുകള്‍ നികത്തലായിരുന്നു എനിക്ക് ആദ്യം ചെയ്യേണ്ടിയിരുന്നത്.

ഒഴിവു തസ്തികകളിലേക്കു കിട്ടിയ ആപ്ലിക്കേഷനുകളിലെ മികച്ചവ തെരഞ്ഞെടുക്കവേ, പ്യൂണ്‍ പോസ്റ്റിലേക്കു വന്ന ഒരു ആപ്ലിക്കേഷനില്‍ എന്‍റെ കണ്ണുകള്‍ ഉടക്കി നിന്നു.

ആ യുവാവ് അച്ഛന്‍റെ പേര്‍ ചേര്‍ത്തിരിക്കുന്നു - "ദാദു റാണ്പിസേ"

( ട്രയല്‍ വാരിക ജനുവരി 1, 1989 , പി.പി.മുരളീധരന്‍ )