Saturday, April 17, 2010

വെള്ളമടിച്ച് ബഹളം: വിദേശസംഘം കസ്റ്റഡിയില്‍

വെള്ളമടിച്ചാല്‍ വയറ്റില്‍ കിടക്കണമെന്ന് പറയുന്നത് നമ്മള്‍ മലയാളികളാണ്. എന്നാല്‍ വിദേശികള്‍ക്ക് ഇതൊന്നും ബാധകമല്ല. വെള്ളമടിച്ച് കൂത്താടിയതിന് ആലപ്പുഴയില്‍ വിദേശസംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ഇവരെ താക്കീത് നല്കി വിട്ടയച്ചു. കഴിഞ്ഞദിവസം രാവിലെ ആലപ്പുഴ പുന്നമട ഫിനിഷിങ് പോയിന്‍റിലായിരുന്നു സംഭവം.

ആലപ്പുഴ കാണാനും ഹൌസ്ബോട്ടില്‍ കറങ്ങാനുമായിട്ടായിരുന്നു പത്തംഗ ലണ്ടന്‍ സംഘം എത്തിയത്. ബുധനാഴ്ച പുന്നമടയില്‍ നിന്നായിരുന്നു സംഘം ഹൌസ്ബോട്ടില്‍ യാത്ര പോയത്. പത്തംഗസംഘത്തിലെ ഏഴുപേരായിരുന്നു ഇന്നലെ രാവിലെയോടെ ഹൌസ് ബോട്ടിനുള്ളില്‍ ബഹളമുണ്ടാക്കിയത്. ബോട്ടില്‍ നിന്ന് ഇറങ്ങാന്‍ സമയമായപ്പോള്‍ ജിവനക്കാര്‍ ബോട്ട് ഫിനിഷിങ് പോയിന്‍റില്‍ അടുപ്പിച്ചു. എന്നാല്‍ ബോട്ടില്‍ നിന്ന് ഇറങ്ങാന്‍ ഇവര്‍ കൂട്ടാക്കിയില്ല. ഇതാണ് പ്രശ്നം കൂടുതല്‍ വഷളാക്കിയത്.

യാത്ര തുടങ്ങിയ ദിവസം തന്നെ ഇവര്‍ തമ്മില്‍ അടിപിടി തുടങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് സംഘത്തില്‍ നിന്ന് രണ്ടു വനിതകളടക്കം മൂന്നുപേര്‍ വ്യാഴാഴ്ച ബോട്ടില്‍ നിന്ന് ഇറങ്ങിയിരുന്നു. ജോനാ‍ഥന്‍ ഹാക്കറ്റ്, ലണ്ടന്‍ എന്നു മാത്രമായിരുന്നു ഇവര്‍ ഹൌസ്ബോട്ട് രേഖകളില്‍ നല്കിയിരിക്കുന്ന വിലാസം.

Police nabbed Foriegners for drunking charges at Alappuzha | വെള്ളമടിച്ച് ബഹളം: വിദേശസംഘം കസ്റ്റഡിയില്‍

ടൊയോട്ടയുടെ മിനിവാനുകള്‍ തിരിച്ചെടുക്കുന്നു

ലോകത്തെ പ്രമുഖ വാഹന നിര്‍മ്മാണ കമ്പനിയായ ടൊയോട്ടയുടെ മിനിവാനുകള്‍ തിരിച്ചെടുക്കുന്നു. ടൊയോട്ടയുറ്റെ സിയന്ന മിനിവാനുകളാണ് നിരവധി പ്രശ്നങ്ങളെ തുടര്‍ന്ന് തിരിച്ചെടുക്കുന്നത്. യു എസില്‍ നിന്ന് 600,000 വാനുകളും കാനഡയില്‍ നിന്നും 270,000 വാനുകളും തിരിച്ചെടുക്കാനാണ് കമ്പനി ലക്‍ഷ്യമിടുന്നത്.

സ്‌പെയര്‍ ടയര്‍ കരിയര്‍ തുരുമ്പെടുത്ത് നശിക്കുന്നതിനെ തുടര്‍ന്നാണ് മിനിവാനുകള്‍ തിരിച്ചെടുക്കുന്നത്. 1998 മുതല്‍ 2010 വരെ വര്‍ഷങ്ങളില്‍ വിപണിയിലിറങ്ങിയ വിവിധ മോഡല്‍ വാനുകളാണ് തിരിച്ചെടുക്കുന്നതെന്ന് ടൊയോറ്റ അധികൃതര്‍ അറിയിച്ചു.

ഇക്കാലയളവില്‍ പുറത്തിറങ്ങിയ വാനുകള്‍ പരിശോധിക്കുന്നതിനായി ഡീലര്‍ഷിപ്പ് കേന്ദ്രങ്ങളിലെത്തിക്കാന്‍ ഉപഭോക്താക്കളോട് കമ്പനി ആവശ്യപ്പെട്ടേക്കുമെന്നാണ് കരുതുന്നത്.

Toyota recalls Sienna 60000 Sienna minivans | ടൊയോട്ടയുടെ മിനിവാനുകള്‍ തിരിച്ചെടുക്കുന്നു

ഗൂഗിളില്‍ ആടുകള്‍ക്ക് എന്ത് കാര്യം?

ലോകത്തെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിനും പ്രമുഖ ഐ ടി കമ്പനിയുമായി ആടുകള്‍ക്ക് വല്ല ബന്ധവുമുണ്ടോ? ഉണ്ടെന്നാണ് പുതിയ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്റെ ആസ്ഥാനമായ കാലിഫോര്‍ണിയയിലെ മൌണ്ടേന്‍ വ്യൂവിലാണ് ആടുകള്‍ കൂട്ടമായെത്തിയത്. ഗൂഗിള്‍ ആസ്ഥാന കെട്ടിടത്തിന്റെ ചുറ്റുപാടുകള്‍ ശുചീകരിക്കാനാണ് ഒരു കൂട്ടം ആടുകള്‍ എത്തിയത്.

ഇരുന്നൂറോളം ആടുകളാണ് എത്തിയത്. പുല്ലും കാടും പിടിച്ച് കിടക്കുകയായിരുന്ന ഒഴിഞ്ഞ സ്ഥലത്തെ പച്ചപ്പെല്ലാം ആടുകള്‍ തിന്ന് വൃത്തിയാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഇവിടത്തെ പുല്ലും കാടും വെട്ടിത്തെളിച്ച് കത്തിക്കാറായിരുന്നു പതിവ്. എന്നാല്‍, ഗൂഗിള്‍ നടപ്പിലാക്കി വരുന്ന പുതിയ പരിസ്ഥിതി പദ്ധതിയുടെ ഭാഗമായാണ് വൃത്തിയാക്കല്‍ ദൌത്യം ആടുകളെ ഏല്‍പ്പിച്ചത്.

എന്തായാലും സാങ്കേതിക ലോകത്ത് എല്ലാം വിജയം വരിക്കുന്ന ഗൂഗിള്‍ ഇക്കാര്യത്തിലും പൂര്‍ണവിജയം നേടി. സംഭവം വന്‍ വാര്‍ത്തായായി. മാത്രവുമല്ല, നിരവധി പരിസ്ഥിതി, മൃഗസ്നേഹികളുടെ പ്രീതി പിടിച്ചുപറ്റാനും സാധിച്ചു. നേരത്തെ ഇത്തരം ജോലികള്‍ ചെയ്യാന്‍ യന്ത്രങ്ങളെ സമീപിക്കാറായിരുന്നു പതിവ്.

Google Brings The Damn Goats Back | ഗൂഗിളില്‍ ആടുകള്‍ക്ക് എന്ത് കാര്യം?

ലാലിനൊപ്പം അഭിനയിക്കാന്‍ ബിഗ്‌ബിക്ക് പണം വേണ്ട!

യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ തനിക്ക് പണം ആവശ്യമില്ലെന്ന് അമിതാഭ് ബച്ചന്‍. ലാലിനൊപ്പം അഭിനയിക്കുന്നതു തന്നെ തനിക്ക് ഒരു ബഹുമതിയാണെന്നും ബിഗ്ബി. തന്‍റെ ബ്ലോഗിലെ പുതിയ പോസ്റ്റിലാണ് അദ്ദേഹം മോഹന്‍ലാലിനോടുള്ള ആദരവ് ഇങ്ങനെ വ്യക്തമാക്കുന്നത്.

“കാണ്ഡഹാര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഞാന്‍ സമ്മതിച്ചതിന് ശേഷം ഡേറ്റും പ്രതിഫലക്കാര്യങ്ങളും തീരുമാനിക്കാന്‍ മോഹന്‍ലാലും സംവിധായകന്‍ മേജര്‍ രവിയും എന്‍റെയടുത്തു വന്നു. മൂന്നു ദിവസത്തെ ഡേറ്റിന് പണമോ? അതും മോഹന്‍ലാലിനെപ്പോലെ ഒരു നടനോടൊപ്പം? അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നതു തന്നെ ഒരു ബഹുമതിയാണ്.” - അമിതാഭ് ബച്ചന്‍ പറയുന്നു.

“പണം വേണ്ടെന്നു ഞാന്‍ അവരോടു പറഞ്ഞു. അവര്‍ക്കു വീട്ടില്‍ ഉണ്ടാക്കിയ ചായ കുടിക്കാന്‍ കൊടുത്തു. ഷേക്‍ഹാന്‍ഡും നല്‍കി.” - കാണ്ഡഹാര്‍ എന്ന ബിഗ്ബജറ്റ് ചിത്രത്തിലേക്കുള്ള ബിഗ്ബിയുടെ വരവ് ഇങ്ങനെയായിരുന്നു.

ഇന്ത്യയിലെ ഏറ്റവും മികച്ച നടന്‍‌മാരില്‍ ഒരാളാണ് മോഹന്‍ലാലെന്ന് അമിതാഭ് ബച്ചന്‍ എഴുതുന്നു. ഊട്ടിയിലായിരിക്കും അമിതാഭ് ബച്ചനും മോഹന്‍ലാലും ഒന്നിച്ചുള്ള രംഗങ്ങള്‍ ചിത്രീകരിക്കുക. ഹിന്ദിയിലെ മറ്റൊരു സൂപ്പര്‍താരം സുനില്‍ ഷെട്ടി ഈ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ സഹായിയായി വേഷമിടുന്നുണ്ട്.

Big B to forego fee for Mohanlal | ലാലിനൊപ്പം അഭിനയിക്കാന്‍ ബിഗ്‌ബിക്ക് പണം വേണ്ട!

9/11: തത്സമയം കാണാന്‍ ആഗ്രഹിച്ചിരുന്നു

യുഎസിലെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ തകരുന്നതു തത്സമയം കാണാന്‍ അല്‍ക്വയിദ നേതാവ് ഉസാമ ബിന്‍ലാദന്‍ ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ഇതിനായി ഒളിത്താവളത്തില്‍ ഉപഗ്രഹ ടി വി സ്ഥാപിക്കാന്‍ ലാദന്‍ ആവശ്യപ്പെട്ടിരുന്നതായി മുന്‍ അംഗരക്ഷകന്‍ നാസര്‍ അല്‍ ബഹ്റി പറഞ്ഞു. എന്നാല്‍ താവളത്തിനു മുകളില്‍ സിഗ്നല്‍ ലഭിക്കാത്തതിനാല്‍ ശ്രമം യാഥാര്‍ഥ്യമായില്ല. ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകനുമായി ചേര്‍ന്ന് എഴുതുന്ന പുസ്തകത്തിലാണു വെളിപ്പെടുത്തല്‍. പിടിക്കപ്പെട്ടാല്‍ വെടിവച്ചു കൊല്ലണമെന്നും ജയിലില്‍ കിടക്കുന്നതിനേക്കാള്‍ ഭേദം ഇതാണെന്നും ലാദന്‍ പറഞ്ഞതായി പുസ്തകത്തിലുണ്ട്. മൂന്നു വര്‍ഷത്തോളം ലാദന്‍റെ അംഗരക്ഷകനായിരുന്ന നാസര്‍ ആക്രമണത്തിന്‍റെ തൊട്ടു മുമ്പാണ് അറസ്റ്റിലായത്.

http://www.metrovaartha.com/2010/04/17141604/USAMA-BIN-LADAN-20100417.html

ടോമിന്‍ തച്ചങ്കരിയെ സസ്പെന്‍ഡ് ചെയ്തു

ചട്ടം ലംഘിച്ച് വിദേശയാത്ര നടത്തിയതിനെ തുടര്‍ന്ന് വിവാദനായകനായ ഐ ജി ടോമിന്‍ ജെ തച്ചങ്കരിയെ സസ്പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഉത്തരവില്‍ ചീഫ് സെക്രട്ടറി ഇന്ന് ഒപ്പു വെച്ചു. തച്ചങ്കരിയെ സസ്പെന്‍ഡ് ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ കത്ത് പരിഗണിച്ചാണ് നടപടി. തച്ചങ്കരിയെ സ്ഥലം മാറ്റിയതില്‍ മാത്രം നടപടി ഒതുക്കണമെന്ന ഒരു വിഭാഗത്തിന്‍റെ ആഗ്രഹമാണ് മുഖ്യമന്ത്രിയുടെ നടപടിയിലൂടെ പാളിയത്.ചട്ടം ലംഘിച്ച് വിദേശയാത്ര നടത്തിയ ഐ ജി ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ ആവശ്യമെങ്കില്‍ കൂടുതല്‍ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഇന്നു രാവിലെ പറഞ്ഞിരുന്നു. യാത്രാവിവാദവുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായാണ്‌ ഐ ജി ടോമിന്‍ ജെ തച്ചങ്കരിയെ കണ്ണൂര്‍ റേഞ്ച്‌ ഐജി സ്ഥാനത്തു നിന്നു മാറ്റിയതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞിരുന്നു. ഡിജിപിയുടെ റിപ്പോര്‍ട്ട്‌ പഠിച്ച ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tomin Thachankary suspended ടോമിന്‍ തച്ചങ്കരിയെ സസ്പെന്‍ഡ് ചെയ്തു

ഹൊറര്‍ ചലഞ്ച് ഏറ്റെടുക്കാന്‍ വീണ്ടും

തിയെറ്ററില്‍ നിറയെ ആളിരിക്കുമ്പോള്‍ പോലും പേടിക്കുന്ന സിനിമ, അത് തനിച്ചിരുന്ന് കാണുന്നവനു സമ്മാനം നല്‍കുമെന്നു പറഞ്ഞാല്‍ എത്ര തുക കിട്ടുമെന്നു പറഞ്ഞാലും ആരും ഒന്നു മടിക്കും. എന്നാല്‍ കുടക് സ്വദേശിയായ പവിന്‍ പൊന്നണ്ണ ഇതൊന്നും കാര്യമാക്കുന്നില്ല. രാംഗോപാല്‍ വര്‍മയുടെ പേടിപ്പിക്കുന്ന ചിത്രം ഫൂങ്കിന്‍റെ ആദ്യ ഭാഗം ഒരു പേടിയുമില്ലാതെ കണ്ട പവിന്‍ അന്നത്തെ മത്സരത്തില്‍ ജേതാവായിരുന്നു. ഇന്നിതാ ചിത്രത്തിന്‍റെ രണ്ടാം ഭാഗം പുറത്തിറങ്ങുമ്പോള്‍ മത്സരം വീണ്ടും, മത്സരിക്കാന്‍ പവിനും. ആദ്യ മത്സരത്തില്‍ വിജയിച്ച ശേഷം തന്നെ ഫൂങ്ക് പവിന്‍ എന്നാണ് എല്ലാവരും വിളിക്കാറെന്നു പവിന്‍ പറയുന്നു.

നാട്ടില്‍ എല്ലാവരും ബഹുമാനിക്കുന്നു. വിവിധ സംഘടനകളില്‍ നിന്നായി നാല്‍പ്പതിലധികം ബഹുമതികള്‍. നൂറിലേറെ ചടങ്ങുകളുടെ ചീഫ് ഗസ്റ്റ്. ഇതൊന്നും പോരാതെ തന്‍റെ നേട്ടത്തിന്‍റെ പേരില്‍ ലിംക ബുക്ക് ഒഫ് വേള്‍ഡ് റെക്കോഡ്സിലും ഇടം നേടി പവിന്‍. ഇത്തവണ മത്സരം കുറച്ചു കൂടി കടുത്തതാവും. സിനിമ കാണാന്‍ തനിച്ചെത്തുന്ന വ്യക്തിയുടെ ഹൃദയവുമായി ഒരു ഇസിജി മോണിറ്റര്‍ ഘടിപ്പിച്ചിരിക്കും. പേടിയുടെ ഏറ്റക്കുറച്ചിലുകള്‍ കൂടുതല്‍ വ്യക്തമാകാനാണിത്. എന്നാല്‍ ഇത്തരം എല്ലാ ഹെല്‍ത്ത് മോണിറ്ററിങ്ങും നേരിടാന്‍ താന്‍ ഒരുക്കമാണെന്നു പവിന്‍. എന്നാല്‍ പവിന്‍റെ അച്ഛന് അത്ര ധൈര്യം പോരാ. വീട്ടില്‍ത്തന്നെ പൂജയൊക്കെ നടത്താനാണ് ബന്ധുക്കളുടെ തീരുമാനം.
http://www.metrovaartha.com/2010/04/17002702/horror20100417.html

വിദേശ വനിതയെ കൂട്ടബലാത്സംഗം ചെയ്തു

ബീഹാറിലെ ഗയയില്‍ ഒരു വിദേശ വനിതയെ അജ്ഞാത സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. ഇരുപത്തിയഞ്ച് വയസ്സുള്ള ഒരു ജപ്പാന്‍‌കാരിയാണ് ബലാത്സംഗത്തിന് ഇരയാ‍യതെന്ന് പൊലീസ് വെളിപ്പെടുത്തുന്നു.

അജ്ഞാതരായ അഞ്ചംഗ സംഘമാണ് അക്രമം നടത്തിയത്. യുവതി ഗയ റയില്‍‌വെ സ്റ്റേഷനിലേക്ക് പോകും വഴി ആളൊഴിഞ്ഞ ഇടത്തുവച്ച് ഓട്ടോയില്‍ നിന്ന് അവരെ വലിച്ചു പുറത്തിട്ടാണ് അഞ്ചംഗം സംഘം കൃത്യം നടത്തിയത്.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ശനിയാഴ്ച രാവിലെ യുവതി അമാവ പൊലീസ് സ്റ്റേഷനില്‍ പരാതി സമര്‍പ്പിച്ചു.

Foreign tourist gang-raped in Bihar | വിദേശ വനിതയെ കൂട്ടബലാത്സംഗം ചെയ്തു

തരൂരിനെ തിരുവനന്തപുരം പിന്തുണയ്ക്കും, കോണ്‍ഗ്രസ്സോ?

ഒരു ഉദ്യോഗസ്ഥ പ്രമുഖന് രാഷ്ട്രീയത്തിന്റെ കുപ്പായത്തില്‍ കൂടുതല്‍ സമയം സുഖമായി കഴിയാന്‍ സാധിക്കില്ല എന്ന് ശശിതരൂര്‍ പലതവണ തെളിയിച്ചു കഴിഞ്ഞു. എന്നാല്‍, തരൂരിനെ ജയിപ്പിച്ചു വിട്ട തിരുവനന്തപുരത്തെ ജനങ്ങളില്‍ ഭൂരിഭാഗവും ഐപി‌എല്‍ വിവാദം കാരണം അദ്ദേഹം രാജിവയ്ക്കണമെന്ന് ആഗ്രഹിക്കുന്നില്ല എന്നാണ് ഒരു പ്രമുഖ ദിനപ്പത്രം പുറത്തുവിട്ട സര്‍വേ വെളിപ്പെടുത്തുന്നത്.

ഗാന്ധിജിയുടെ പേരില്‍ മോണ്ട് ബ്ലാങ്ക് കമ്പനി ലക്ഷങ്ങള്‍ വിലയുള്ള ആഡംബര പേന പുറത്തിറക്കിയപ്പോള്‍ അതിനെതിരെ കേരളം പ്രതികരിച്ചതു പോലെ തരൂര്‍ വിവാദത്തില്‍ കേരളം പ്രതികരിക്കണമെന്നില്ല എന്ന് തന്നെയാണ് ഈ സര്‍വെ ഫലം സൂചിപ്പിക്കുന്നത്. എന്നാല്‍, ഒരു കോണ്‍ഗ്രസ് മന്ത്രി കോടിക്കണക്കിന് രൂപ വാരിയെറിഞ്ഞ് ഒരു ഐപി‌എല്‍ ടീമിനെ സ്വന്തം സംസ്ഥാനത്തേക്ക് കൊണ്ടുവന്നു എന്ന ആരോപണം പാര്‍ട്ടിക്ക് അത്ര ദഹിച്ച മട്ടില്ല.

ഐപി‌എല്‍ കൊച്ചിക്ക് നേടിക്കൊടുത്തത് സ്വന്തം മണ്ഡലത്തിന് നല്‍കിയ സംഭാവനയാണെന്ന് തിരുവനന്തപുരം സ്വദേശികള്‍ കരുതുന്നില്ല. എന്നാല്‍, സര്‍വെയില്‍ പങ്കെടുത്ത 57 ശതമാനം ആളുകളും തരൂര്‍ ചതിയനല്ല എന്നും രാജിവയ്ക്കേണ്ടതില്ല എന്നും പറയുന്നു. ഐപി‌എല്‍ മേധാവി ലളിത് മോഡിക്ക് കേരളത്തിലും അത്ര നല്ല പേരല്ല എന്നും സര്‍വെ വെളിപ്പെടുത്തുന്നു. സര്‍വേയില്‍ പങ്കെടുത്ത 70 ശതമാനവും ഐപി‌എല്‍ വിവാദം ലളിത് മോഡിയും തരൂരും തമ്മിലുള്ള പ്രശ്നമാണെന്നും ലളിത് മോഡിയെ ഔദ്യോഗിക പദവിയില്‍ നിന്ന് നീക്കണമെന്നും ആവശ്യപ്പെടുന്നു.

TVM backs Tharoor but Congress | തരൂരിനെ തിരുവനന്തപുരം പിന്തുണയ്ക്കും, കോണ്‍ഗ്രസ്സോ?

മാമ്പൂ വിരിയുന്ന

ഇമ്മാനുവല്‍ സില്‍ക്സിന്റെ പരാതിയില്‍ മീരയ്ക്ക് പിഴ

നടി മീരാ ജാസ്മിനെതിരെ ഇമ്മാനുവല്‍ സില്‍ക്‌സ് നല്‍കിയ മാനനഷ്ടക്കേസില്‍ തൃശൂര്‍ സബ് കോടതി നടി മീരാ ജാസ്മിന് പിഴ വിധിച്ചു. 2005ല്‍ തൃശൂരിലെ ആമ്പല്ലൂരില്‍ നടന്ന രണ്ടാമത് ഇമ്മാനുവല്‍ അവാര്‍ഡ് നൈറ്റില്‍ അഡ്വാന്‍സ് തുക കൈപ്പറ്റിയിട്ടും മീരാജാസ്മിന്‍ പങ്കെടുക്കാതിരുന്നതിനെതിരെയാണ് കേസ് നല്‍കിയത്. നടി വാഗ്ദാനലംഘനം നടത്തിയെന്നായിരുന്നു തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഇമ്മാനുവല്‍ സില്‍ക്‌സിന്റെ പരാതി.

മാനേജ്‌മെന്റിനു നേരിടേണ്ടിവന്ന മാനഹാനി കണക്കാക്കി അഡ്വാന്‍സ് തുകയടക്കം 1,57,500 രൂപയും കേസ് ഫയല്‍ ചെയ്ത തീയതി മുതല്‍ ആറ് ശതമാനം പലിശയും കൂടാതെ കോടതി ചെലവായി 16,697 രൂപയും നല്‍കാനാണ് വിധി.
http://thatsmalayalam.oneindia.in/movies/news/2010/04/13-actress-meera-jasmine-fined.html

ലാവ്‌ലിന്‍‍: പിണറായിയുടെ ഇടപാടുകള്‍ക്ക് തെളിവില്ല


എസ് എന്‍ സി ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് സി പി എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനും ഇടനിലക്കാരും തമ്മില്‍ പണം കൈമാറിയതിന് തെളിവില്ലെന്ന് സി ബി ഐ. കൊച്ചി സി ബി ഐ കോടതിയിലാണ് സി ബി ഐ ഇക്കാര്യം വ്യക്തമാക്കിയത്.

ജി കാര്‍ത്തികേയനെതിരായ അന്വേഷണം അവസാനഘട്ടത്തിലാണ്. സി ബി ഐ കോടതിയിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. പിണറായി വിജയനും ഇടനിലക്കാരും തമ്മില്‍ പണം കൈമാറിയതിന് തെളിവില്ല. ഇടനിലക്കാരനായ നാസറിനെ ചോദ്യം ചെയ്തതായും ദിലീപ് രാഹുലനെ ചോദ്യം ചെയ്യാന്‍ ഇന്‍റര്‍പോളിന്‍റെ സഹായം തേടിയതായും സി ബി ഐ കോടതിയില്‍ അറിയിച്ചു.

SNC Lavlin: CBI says no evidence for money transaction | ലാവ്‌ലിന്‍‍: പിണറായിയുടെ ഇടപാടുകള്‍ക്ക് തെളിവില്ല

ലിവര്‍പൂള്‍ വില്‍‌പനയ്ക്ക്


ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്‍നിര ക്ലബ്ബായ ലിവര്‍പൂളിന്‍റെ വില്‍‌പന ഉടമസ്ഥരാറ്റ ടോം ഹിക്സും ജോര്‍ജ് ഗില്ലെറ്റ് ജൂനിയറും സ്ഥിരീകരിച്ചു. ക്ലബ്ബിന്‍റെ വെബ്സൈറ്റിലൂടെ പുറത്തിറക്കിയ അറിയിപ്പിലാണ് ഇരുവരും ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

ബ്രട്ടീഷ് എയര്‍വെയ്സ് ചെയര്‍മാന്‍ മാര്‍ട്ടിന്‍ ബ്രോംഗ്ടണെ ക്ലബ്ബിന്‍റെ ചെയര്‍മാന്‍ സ്ഥാനത്ത് അവരോധിച്ച ശേഷമാകും വില്‍‌പനയെന്നും അറിയിപ്പില്‍ പറയുന്നുണ്ട്. ക്ലബ്ബുമായി ബന്ധപ്പെട്ട പണമിടപാട് സ്ഥാപനങ്ങള്‍ക്കും വില്‍പനയോട് എതിര്‍പ്പില്ലെന്നും ഇരുവരും വ്യക്തമാക്കുന്നു. നിലവില്‍ 237 മില്യന്‍ പൌണ്ട് കടത്തിലാണ് ലിവര്‍ പൂള്‍. ഈ സാഹചര്യത്തിലാണ് വില്‍‌പന.

Liverpool up for sale | ലിവര്‍പൂള്‍ വില്‍‌പനയ്ക്ക്

മോഡിയെ രക്ഷിച്ചത് അജ്ഞാത യുവതി ?

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആസ്ഥാനത്തും ഐ പി എല്‍ കമ്മീഷണര്‍ ലളിത് മോഡിയുടെ ഓഫീസുകളിലും നടത്തിയ റെയ്ഡിനു തൊട്ടു മുന്‍പ് ഒരു യുവതി മോഡിയുടെ ഓഫീസില്‍ നിന്ന് പുറത്തേക്കിറങ്ങിപ്പോയതായി റിപ്പോര്‍ട്ട്. കൈയില്‍ ലാപ്‌ടോപ്പും, ബ്രീഫ്കേയ്സും കുറേ കടലാസുകളുമായി പുറത്തേക്ക് പോയ ഈ യുവതിയാണ് മോഡിയെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വിരിച്ച വലയില്‍ നിന്ന് രക്ഷിച്ചതെന്നാണ് അഭ്യൂഹം.

മോഡി താമസിക്കുന്ന പാരലിലെ 4 സീസണ്‍ ഹോട്ടലില്‍ നിന്ന് റെയ്ഡിന് നിമിഷങ്ങള്‍ക്ക് മുന്‍പ് ഒരു യുവതി ഇറങ്ങിപ്പോവുന്നതിന്‍റെ സി സി ടി വി ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു. ഇതിനു പുറമെ നിരവധി ഐ പി എല്‍ ഒഫീഷ്യലുകളും ഇത്തരത്തില്‍ ഹോട്ടലില്‍ നിന്ന് രേഖകളുമായി കടന്നുകളഞ്ഞതായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

Mystery woman saved Modi from I-T officials: Report | മോഡിയെ രക്ഷിച്ചത് അജ്ഞാത യുവതി ?

അഴിമതി പണം സോക്സിനുള്ളില്‍!

അഴിമതിപ്പണം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത് സബ് രജിസ്ട്രാറുടെ സോക്സിനുള്ളില്‍ നിന്ന്. ശാസ്തമംഗലം സബ്‌രജിസ്ട്രാര്‍ ഓഫീസില്‍ വന്‍തുക കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മിന്നല്‍പരിശോധന നടത്തിയത്. വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ അനില്‍ കുമാര്‍, ഉജ്ജ്വല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

ശാസ്തമംഗലം സബ്‌രജിസ്ട്രാര്‍ നീലകണ്ഠ ശര്‍മയുടെ സോക്‌സിനുള്ളില്‍നിന്നാണ് 1100 രൂപ കണ്ടെടുത്തത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടുകൂടിയായിരുന്നു മിന്നല്‍പരിശോധന. അഴിമതി സംബന്ധിച്ച ഒട്ടനവധി രേഖകളും വിജിലന്‍സ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.

ശാസ്തമംഗലം സബ്‌രജിസ്ട്രാര്‍ ഓഫീസില്‍ വന്‍തുക കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് പരിശോധന നടത്തിയതെന്ന് വിജിലന്‍സ് ഡയറക്ടര്‍ കെ പി സോമരാജന്‍ അറിയിച്ചു. അഴിമതി സംബന്ധിച്ച ഒട്ടനവധി രേഖകളും വിജിലന്‍സ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.