Wednesday, October 7, 2009

വെട്ടാന്‍ ഇനിയും കാടുണ്ടോ? (ഭാഗം - 1)

ആമുഖം

ജൈവവൈവിദ്ധ്യവും സമൃദ്ധിയുമാണ് ഏതൊരു രാജ്യത്തിന്‍റേയും യഥാര്‍ത്ഥ സമ്പന്നതയുടെ ആധാരം. ഇതില്‍ മനുഷ്യനും മൃഗങ്ങളും, മണ്ണിന്‍റെ ഫലഭൂയിഷ്ഠതയും, വനങ്ങളും, നിറഞ്ഞൊഴുകുന്ന നദികളും, ശുദ്ധവായുവും എല്ലാം ഉള്‍പ്പെടുന്നു. ഇതു മനസിലാക്കാതെ യഥാര്‍ത്ഥ സമ്പത്തിനെ വിക്രയം ചെയ്യാവുന്ന പണമായി മാറ്റിയിട്ട്, ധാരാളിത്തവും വികലമായ വികസന നയവും കൊണ്ടു സൃഷ്ടിച്ച ഒരു സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാം എന്ന എളുപ്പവഴി ആത്യന്തിക നാശത്തിലേക്കുള്ള ആദ്യത്തെ ചുവടുവയ്പ്പാണ്.

ഭൂവിസ്തൃതിയുടെ 33.30 ശതമാനം വനമായിരിക്കണം എന്നതാണ് ഔദ്യോഗിക വന നയം. സര്‍ക്കാരിന്‍റെ തന്നെ കണക്കുകളനുസരിച്ച് 23-24 ശതമാനം മാത്രമാണ് കേരളത്തിലെ ഇപ്പോഴത്തെ വന്‍ വിസ്തൃതി. ഇതില്‍തന്നെ തേക്കു തോട്ടങ്ങളും, കൂപ്പു റോഡുകളും ജലവൈദ്യുത പദ്ധതികള്‍ക്കും, സാമൂഹ്യ വനവല്‍ക്കരണമെന്ന സാമൂഹ്യ വഞ്ചനയ്ക്കും മറ്റുമായി, മാറിമാറിവരുന്ന മുന്നണികള്‍ മാറ്റിവച്ചതുമൊഴിച്ചാല്‍, വനത്തിന്‍റെ ധര്‍മ്മം നിര്‍വ്വഹിക്കാന്‍ കഴിയുന്ന വനഭൂമിയുടെ അളവ് കേവലം 5 ശതമാനത്തില്‍ താഴെയാണ്. ഇതിനെകൂടി നശിപ്പിക്കുക എന്നതാണ് സെലക്ഷന്‍ ഫെല്ലിംഗ് (തെരഞ്ഞുവെട്ടല്‍) എന്ന വന നശീകരണ പരിപാടികൊണ്ട് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

വനത്തെ റവന്യൂ വരുമാനത്തിനുള്ള മാര്‍ഗ്ഗമായി മാത്രം കാണുന്ന ബ്രിട്ടീഷ് ആധിപത്യത്തിന്‍റെ കാലത്തു തുടങ്ങിയ, കൊളോണിയല്‍ വികസന നയത്തിന്‍റെ സന്തതിയാണ് 'ശാസ്ത്രീയ വന പരിപാലനം'. വനത്തിന്‍റെ പാരിസ്ഥിതിക പ്രത്യേകതകള്‍ മനസിലാക്കാതേയും, പ്രത്യക്ഷവും പരോക്ഷവുമായ ഗുണഫലങ്ങളെ കണക്കിലെടുക്കാതെയുള്ള 'വികസന'മെന്ന വെട്ടിവെളിപ്പിക്കലാണ് ഈ 'വനപരിപാലന'ത്തിലൂടെ നടന്നത്. നിര്‍ഭാഗ്യവശാല്‍ സ്വന്ത്രഭാരതവും നമ്മോടൊപ്പവും അതിനുശേഷവും സ്വാതന്ത്ര്യം നേടിയ ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങളും തെക്കേ അമേരിക്കയും കൊളോണിയല്‍ വന നയമാണ് പിന്പറ്റിയത്. വന വിഭങ്ങള്‍ വ്യവസായങ്ങള്‍ നടത്താനുള്ള അസംസ്കൃത വസ്തുവായി ഉപയോഗിച്ചും, കയറ്റുമതി ചെയ്തും സൃഷ്ടിച്ച ധാരാളിത്തം ഉഷ്ണമേഖലാ വനങ്ങളുടെ നിലനില്‍പിനെത്തന്നെ അവതാളത്തിലാക്കി. ഈ 'ശാസ്ത്രീയ വന പരിപാലനം' കാടിനെ മാത്രം ആശ്രയിച്ചു കഴിയുന്ന അനേകം ആദിവാസി സമൂഹങ്ങളെ തകര്‍ത്തുകളയുകയും നിരാലംബരായ അവരെ കോണ്ട്രാക്ടര്‍, രാഷ്ട്രീയ ലോബികളുടെ ചൂഷണത്തിന് എറിഞ്ഞുകൊടുക്കുകയും ചെയ്തു. അതേസമയം ഇങ്ങനെ കവര്‍ന്നെടുത്ത വനവിഭവങ്ങള്‍, സ്വദേശത്തും വിദേശത്തും ഉള്ള ഒരു വരേണ്യ വര്‍ഗ്ഗത്തിന്‍റെ ഒടുങ്ങാത്ത ഉപഭോഗസ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനായി ഉപയോഗിക്കുകയും അതിനെ 'വികസന'മെന്നു വിളിക്കുകയും ചെയ്യുന്നു.

ദ്രുതഗതിയിലുള്ള വന നശീകരണം ഭൂമിയുടെ കാലാവസ്ഥയെ തന്നെ തകിടം മറിക്കും എന്ന സ്ഥിതിയിലെത്തിയിരിക്കുന്നു. മണ്ണൊലിപ്പും, മരുവല്‍ക്കരണവും, വരള്‍ച്ചയും വെള്ളപ്പൊക്കവും വന നശീകരണത്തിന്‍റെ നേരിട്ടുള്ള ഫലങ്ങള്‍ തന്നെയാണ്. പ്രകൃതി രമണീയമെന്ന് നാം അഭിമാനിക്കുന്ന കേരളത്തെയും ഈ ദുരന്തങ്ങള്‍ കാത്തിരിക്കുന്നു. തുടര്‍ച്ചയായി ഉണ്ടാകുന്ന വരള്‍ച്ചയും താളം തെറ്റിവരുന്ന മഴയും, വെള്ളപ്പൊക്കവും നല്‍കുന്ന സൂചനകള്‍ നാം മനസിലാക്കേണ്ടതുണ്ട്. കാടു വെട്ടി വിറ്റ് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമ്പോള്‍ വില കൊടുക്കേണ്ടി വരുന്നത് കുടിവെള്ളത്തിനായി ടാങ്കര്‍ലോറി കാത്തു നില്‍ക്കേണ്ടി വരുന്ന അമ്മമാരും കുഞ്ഞുങ്ങളുമാണ്, വരള്‍ച്ചയും വെള്ളപ്പൊക്കവും മൂലം കൃഷിനാശം നേരിടുന്ന കര്‍ഷകരാണ്, വറ്റിവരളുന്ന പുഴകളും അതിനെ ആശ്രയിച്ചു ജീവിക്കുന്ന, മത്സ്യത്തൊഴിലാളികളടക്കമുള്ള അനേകം മനുഷ്യരാണ്. പ്രകൃതി വിഭങ്ങളുടെ ശോഷണം അതിനെ നേരിട്ടാശ്രയിച്ചു ജീവിക്കുന്ന മനുഷ്യരുടെ ജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കുന്നു. ഇവരുടെ ദുരിതത്തിന് ആക്കം കൂട്ടുകയാണ് സെലക്ഷന്‍ ഫെല്ലിംഗ് എന്ന വന സശീകരണ പരിപാടിയിലൂടെ അരങ്ങേറുന്നത്. ഇതു മനുഷ്യത്വ രഹിതമാണ്; മനുഷ്യസാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളുപയോഗിച്ച് ഇതിനെ ചെറുത്തു തോല്‍പ്പിച്ചേ മതിയാവൂ.

തെരഞ്ഞുവെട്ടല്‍ - കേരളത്തിലെ വനത്തിന്‍റെ ഇന്നത്തെ പശ്ചാത്തലത്തില്‍

നമ്മുടെ വനസമ്പത്ത് - ഇന്നത്തെ യാഥാര്‍ത്ഥ്യം - ഡോ. സതീശ്ചന്ദ്രന്‍

നീണ്ട കാലത്തെ വിവേചനമില്ലാത്ത വനചൂഷണവും വ്യാപകമായ വനം കയ്യേറ്റവും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി മനുഷ്യര്‍ തന്നെയിടുന്ന "കാട്ടുതീ"യും അത്യാധികം ശോഷിപ്പിച്ച, തനിമ ഒട്ടുമുക്കാലും നശിപ്പിച്ചു കഴിഞ്ഞ കാടിന്‍റെ അവശിഷ്ടങ്ങളേ ഇന്ന് കേരളത്തില്‍ ബാക്കിയുള്ളു. കേരളത്തിന്‍റെ ഭൂപ്രകൃതി-കാലാവസ്ഥാ പ്രത്യേകതകള്‍ കാരണം ഈ നാടിന്‍റെ നിലനില്‍പിന് വനങ്ങള്‍ ഏറ്റവും നിര്‍ണ്ണായകമായ പ്രാധാന്യമുണ്ട്. ആണ്ടില്‍ അഞ്ചു തൊട്ട് ഏഴുമാസം വരെ കിട്ടുന്ന അതിശക്തമായ കാലവര്‍ഷം ചെരിവു കൂടിയ, പ്രത്യേകിച്ചും അതിനിശിതമായ പാറച്ചരിവുകള്‍ മാത്രമുള്ള, നദികളുടെ ജലസംഭരണ പ്രദേശങ്ങളില്‍ നിന്ന് അതിവേഗം വാര്‍ന്ന്, ഒട്ടും ദൈര്‍ഘ്യമില്ലാത്ത നമ്മുടെ നദികളിലൂടെ അറബിക്കടലിലേക്ക് ഒഴുകി പോകാതെ സംഭരിച്ച് നിര്‍ത്താന്‍ നൈസര്‍ഗ്ഗിക നിത്യഹരിത വനങ്ങള്‍ക്ക് മാത്രമേ കഴിയൂ. ജലചംക്രമണത്തിന്‍റെ ഭൂമിയുടെ ഉപരിതലത്തിലുള്ള ഗതിവേഗം നിയന്ത്രിക്കുന്നതിനോടൊപ്പംതന്നെ വനങ്ങള്‍ക്ക് വലിയ പങ്കുണ്ട്, ഭൂതലത്തിലെത്തുന്ന സൌരോര്‍ജ്ജത്തിന്‍റെ അളവ് കുറച്ച് പ്രാദേശിക - കാലവസ്ഥയുടെ താളം ക്രമവല്‍ക്കരിക്കുന്നതിലും. നിബിഡമായ സസ്യാവരണത്തിന്‍റെ ഉള്ളിലെ അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്ന ഈര്‍പ്പമാണ് (Lower atmospheric humidity) കേരളത്തിന്‍റെ കാര്‍ഷിക സാമ്പത്തിന്‍റെ കാതല്‍

കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ കാലമായി കേരളത്തിലുടനീളം വങ്ങള്‍ക്ക് സംഭവിച്ചിരിക്കുന്ന ക്ഷതത്തേക്കുറിച്ച് കാര്യമായൊരവബോധം വളര്‍ന്നിട്ടുണ്ടെന്നുള്ളതു ശരിയാണെങ്കിലും വനനാശത്തിന്‍റെ ആക്കം വളരെ കുറഞ്ഞിട്ടുണ്ടെന്ന് പറയുക വയ്യ.

1950-കളിലും അറുപതികളിലും അനധികൃത (വനം കയ്യേറ്റം) സമ്മര്‍ദ്ദം മൂലവും ഔദ്യോഗികമായി കാര്‍ഷികേതര ഉപയോഗങ്ങള്‍ക്കായി അതിവിസ്തൃത വനഭൂമികള്‍ തെളിച്ചു മാറ്റിയും നടന്ന വന നാശത്തിനൊപ്പം തന്നെ നദീതട പദ്ധതികളും വ്യാപക വന നശീകരണത്തിന് കാരണമായി.

അണക്കെട്ടുകളും റോഡുകളും നേരിട്ടു നശിപ്പിച്ചതിലേറെ, വനഭൂമിയെ ഛിന്നഭിന്നമാക്കുന്നതിലൂടെ അവയുടെ പാരിസ്ഥിതിക ശോഷണത്തിനും അങ്ങനെ പൂര്‍ണ്ണനാശത്തിനും വഴിവെച്ചു. നിത്യഹരിത വനത്തിന്‍റെ പാരിസ്ഥിതിക പ്രത്യേകതകള്‍ കൊണ്ടുതന്നെ അവയിലൂടെ കടന്നുപോകുന്ന ഓരോ റോഡും പവ്വര്‍ ലൈനും പെന്സ്റ്റോക് പൈപ്പും ഓരോ പ്രോജക്റ്റ് കോളണിയും വനതുടര്‍ച്ചയെ എത്രയേറെ ഛിന്നഭിന്നമാക്കിയിട്ടുണ്ടെന്നും ഇന്നുമാരും കണക്കെടുത്തിട്ടില്ല.

വിസ്തൃതിയുടെ വ്യാപ്തിയേക്കാളേറെ വനസീമക്കുള്ളിലുണ്ടായ ഓരോ ജലസംഭരണിയും അതിന്‍റെ സൌരോര്‍ജ്ജസംഭരണശേഷിയിലൂടെ എത്ര പ്രാദേശിക - കാലാവസ്ഥാ മാറ്റം മറിച്ചിലുകള്‍ക്കിടയാക്കിയെന്നും അപ്രകാരം വനത്തിന്‍റെ ശോഷണത്തിനു കാരണമായിട്ടുണ്ടെന്നും നാം ചിന്തിച്ചിട്ടേയില്ല.

ആയിരത്തിത്തൊള്ളായിരത്തി അറുപതുകള്‍ കഴിഞ്ഞ് ബാക്കി നിന്ന വനങ്ങളില്‍ പദ്ധതിവിഹിത മുതല്‍മുടക്കുപയോഗിച്ചുള്ള വ്യാപകമായ മരത്തോട്ട വികസന പദ്ധതികളാണ് നാം കൊണ്ടുപിടിച്ചു നടത്തിയത്. കേരളത്തില്‍ ആകെ സര്‍ക്കാര്‍ റിസര്‍വ്വ് വനങ്ങളുടെ വിസ്തൃതിയുടെ നാലിലൊന്നോളം തേക്കോ യൂക്കാലിപ്റ്റസോ കശുമാവോ മരങ്ങളുടെ തോട്ടങ്ങളായി ഈ അതിക്രമ വനപരിപാലനം (Aggressive Forestry) വഴി മാറ്റപ്പെട്ടു.

ഇത് ആകെ വനവിസ്തൃതിക്കേല്‍പ്പിച്ച ക്ഷതം വള‍രെ കൂടുതലാണ്. മാത്രമല്ല നദീതടങ്ങളിലും മലകളുടെ താഴ്വാരങ്ങളിലും കേന്ദ്രീകരിച്ച ഈ തോട്ടവികസനം വനഭൂമിയുടെ തുടര്‍ച്ച വിഛേദിച്ച് അതിന്‍റെ ഭീകരമായ ശോഷണത്തിന് (degradation) വഴിവെച്ചു. ഇതിനെല്ലാം പുറമേയാണ് നൈസര്‍ഗ്ഗിക വനഭൂമിയിലെല്ലായിടത്തും നടത്തിയ സ്ലീപ്പറിനും പ്ലൈവുഡ് വ്യവസായത്തിനും വേണ്ട വെള്ളമരങ്ങള്‍ (soft-wood) ക്കായുള്ള തെരഞ്ഞുവെട്ട് (Selection felling).

1980 - കളുടെ ആദ്യം കാര്‍ഷിക വ്യവസ്ഥയ്ക്ക് കാലാവസ്ഥാമാറ്റം ഏല്‍പ്പിച്ച ക്ഷതംകൊണ്ടും മറ്റും വനനാശത്തെക്കുറിച്ച് കൂടുതല്‍ പൊതുതാല്‍പര്യം ഉണ്ടാവുകയും സര്‍ക്കാരിന്‍റെ നേരിട്ടുള്ള വന നശീകരണം തെല്ലൊന്നു കുറയുകയും ചെയ്തു. കേരളത്തിന്‍റെ ആകെ സര്‍ക്കാര്‍ വരുമാനത്തിലേക്ക് നല്ലൊരു പങ്ക് വനങ്ങള്‍ നേരിട്ട് മുതല്‍ കൂട്ടിയിരുന്നു. അക്കാലത്ത് ഒരു യൂണിറ്റ് വിസ്തൃതി വനത്തില്‍ നിന്നുള്ള വരുമാനത്തില്‍ ഇന്ത്യയിലേറ്റവും മുന്പിലാണെന്ന് അഭിമാനിച്ചിരുന്ന കേരളം ഈ വരുമാനമത്രയും തിരിച്ചു വരാത്ത കാടുവെട്ടിയുള്ളതായിരുന്നു എന്ന് മാത്രമോര്‍ത്തില്ല.

ഇന്നത്തെ വനസംരക്ഷണവും വളരുന്ന പരിസരസംരക്ഷണബോധവും

ശോഷിച്ചു വരുന്ന വനങ്ങളുടെ സംരക്ഷണത്തിനോ പരിപോഷണത്തിനോ പ്രാധാന്യം നല്‍കാതെ വന നാശത്തിനു കാരണം ഗ്രാമീണ ജനത വിറകിനായും മറ്റും വനത്തെ നേരിട്ടാശ്രയിക്കുന്നതു മൂലമാണെന്നും അതുകൊണ്ട് വന നാശത്തിനു പ്രതിവിധി വ്യക്തമായി വിവക്ഷിക്കാത്ത "സാമൂഹ്യ വനവല്‍കരണ"മെന്ന ഒറ്റമൂലി പ്രയോഗമാണെന്നും നാം പറഞ്ഞുവെച്ചു. ഈ വന്‍ മുതല്‍ മുടക്കിന് ലോകബാങ്ക് സഹായം തേടി നാം പോവുകയും ചെയ്തു.

ഇത് ഇന്നാട്ടില്‍ വ്യാപിച്ച വനമെന്ന പൊതു സ്വത്തിനേക്കുറിച്ചുള്ള ജനതാല്‍പര്യത്തെ വഴിതെറ്റിച്ചു. സോഷ്യല്‍ ഫോറസ്ട്രിക്കായി മുടക്കിയതിന്‍റെ സ്റ്റേറ്റ് വിഹിതം പതിവ് ബജറ്റ് വനത്തിനായി നീക്കി വെച്ചതില്‍ നിന്നായതുകാരണം വനം വകുപ്പിന്‍റെ ദൈനംദിന വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു കൂടി പണമില്ലാതായി. അനുസ്യൂതം തുടര്‍ന്നിരുന്ന വന നശീകരണത്തിനാക്കം കൂട്ടാനും ഇത് കാരണമായി.

കഴിഞ്ഞൊരു ദശകമായി എല്ലാ വര്‍ഷവും കേരളത്തിലെ കാടുകള്‍ അങ്ങോളമിങ്ങോളം കത്തിയമര്‍ന്ന് അതിഭീമമായ നാശമുണ്ടാവുമ്പോള്‍ കാട്ടുതീ തടുക്കാനുള്ള സംരക്ഷണ പ്രവര്‍ത്തനത്തിനുപോലും കാശില്ലാത്ത സ്ഥിതിയിലായി. സാമൂഹ്യ വനവല്‍ക്കരണ വിവാദത്തിനു വഴിതെറ്റിയ ശേഷം ചൂടുപിടിച്ച പൊതുജന ശ്രദ്ധയാകര്‍ഷിച്ച കാട്ടുകൊള്ളക്കഥകളില്ലാത്തതുകൊണ്ട് വനപ്രശ്നങ്ങളില്‍ നിന്ന് പരിസ്ഥിതി സംരക്ഷണ ചര്‍ച്ച അകന്നകന്ന് പോയി.

നീണ്ട കാലമായി പൂട്ടിയിട്ടിരുന്ന ചാലിയാറിലെ ഗ്രാസിം ഇന്ഡ്സ്ട്രീസിന് അസംസ്കൃത പദാര്‍ത്ഥം ലഭ്യമാക്കാന്‍ കേരളത്തിലെ കാട്ടില്‍ നിന്നെമ്പാടും തുച്ഛവിലയ്ക്ക് മുളവെട്ടി നല്‍കുന്നതും ഒട്ടുമുക്കാലു കടലാസില്‍ മാത്രം അവശേഷിക്കുന്ന യൂക്കാലിപ്റ്റസ് തോട്ടങ്ങളൊക്കെയും അടക്കിവെട്ടി നഷ്ടവിലയ്ക്ക് നല്‍കുന്നതുമൊന്നും കാര്യമായൊരു വിവാദമിവിടെ തുടങ്ങിവെച്ചില്ല.

ഈ സന്ദര്‍ഭത്തിലാണ്, ഈ അടുത്തയിടയ്ക്ക്, കഴിഞ്ഞൊരു നാലഞ്ചു വര്‍ഷമായി പൂര്‍ണ്ണമായി നിര്‍ത്തിവച്ചിരുന്ന തെരഞ്ഞുവെട്ട് വീണ്ടും തുടങ്ങുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി ബജറ്റ് അവതരണത്തിലൂടെ വെളിവാകുന്നത്. വളരെ ശ്രദ്ധിക്കപ്പെടേണ്ട ഒരു നയം മാറ്റമാണിത്. ഇന്നത്തെ റവന്യൂ ഉപാധിയായി കാണുന്ന പഴയ കൊളോണിയല്‍ സമീപനം കഴിഞ്ഞൊരു പത്തുപതിന‍ഞ്ചുവര്‍ഷമായി ഇന്ത്യയില്‍ പതുക്കെയാണെങ്കിലും മാറിവരുന്നുണ്ടായിരുന്നു. വനങ്ങളുടെ പരോക്ഷ, പാരിസ്ഥിതിക പ്രയോജനങ്ങളാണ് അതിന്‍റെ പ്രത്യക്ഷ വരുമാന കാരണമായ വനോല്‍പന്നങ്ങളേക്കാള്‍ പ്രധാനമെന്നും ഈ സമൂഹസ്വത്തിന്‍റെ പരിപാലനത്തിലും ചൂഷണത്തിലും കൂടുതല്‍ ജനപങ്കാളിത്തമുണ്ടാവണമെന്നുമുള്ള യാഥാര്‍ത്ഥ്യം ഉപരിപ്ലവമായെങ്കിലും നാം സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്.

സാമ്പത്തിക ഞെരുക്കം നേരിടുന്ന സര്‍ക്കാര്‍ വനചൂഷണത്തില്‍ നിന്നും റവന്യൂ വരുമാനം കൂട്ടാന്‍ ശ്രമിക്കുന്നു. കേരളത്തിലെ സാധാരണ മനുഷ്യരാവട്ടെ ഭൂപ്രകൃതികൊണ്ടും നഗരവല്‍കൃത ജീവിതശൈലികള്‍കൊണ്ടും ഇന്നാട്ടുകാരുടെ ദൈനംദിന ജീവിതത്തില്‍ നിന്ന് വിദൂരമായിരിക്കുന്ന വനത്തിന്‍റെ നിജസ്ഥിതിയെപ്പറ്റി പ്രായേണ അജ്ഞരാണ്. കാടിന്‍റെ ഇന്നത്തെ യാഥാര്‍ത്ഥസ്ഥിതിയേക്കുറിച്ച് സമൂഹത്തിന് വസ്തുനിഷ്ഠമായ, വ്യക്തമായ ധാരണകള്‍ ഉണ്ടായെങ്കിലെ അവയുടെ സംരക്ഷണത്തിന് സമൂഹത്തിന്‍റെ സഹകരണമുണ്ടാകൂ. തെരഞ്ഞുവെട്ടുപോലുള്ള വനചൂഷണ പരിപാടികളുടെ അശാസ്ത്രീയതയെക്കുറിച്ച് വ്യാപകമായ ബോധവല്‍ക്കരണം ഇന്നേറ്റവും ആവശ്യമായി വന്നിരിക്കുന്നു.

നിത്യഹരിത വനങ്ങളും വനചൂഷണവും

കേരളത്തിന്‍റേതുപോലുള്ള ഉഷ്ണമേഖലാ ഹരിത വനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സ്വഭാവപ്രത്യേകത അവയുടെ ജൈവവൈവിദ്ധ്യമാണ്. അതിസങ്കീര്‍ണ്ണമായി കെട്ടുപിണഞ്ഞ ജൈവ ബന്ധങ്ങളിലൂടെയും ഊര്‍ജ്ജം -പദാര്‍ത്ഥ ചംക്രമണങ്ങളിലൂടെയും ഇഴുകിച്ചേര്‍ന്ന പരസ്പരാശ്രിതരായ അതിന്‍റെ ഘടകങ്ങള്‍ക്ക് ഒന്നിച്ചൊരു സമൂഹമായല്ലാതെ മറ്റൊരു നിലനില്‍പ്പില്ല. ഈ സമൂഹത്തിന്‍റെ ഘടകങ്ങള്‍ക്ക് നാം വരുത്തുന്ന മാറ്റങ്ങള്‍ പ്രത്യേകിച്ച് അതിന്‍റെ സസ്യവൈവിദ്ധ്യം ചുരുക്കുന്നത് ഈ ആവാസ വ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ താളം തെറ്റിക്കുകയും സ്വയം നിലനില്‍ക്കാനുള്ള കഴിവില്ലാതാക്കുകയും ചെയ്യും.

ഓരോ ഹെക്റ്റര്‍ കാട്ടിലും നൂറ്റുക്കണക്കിന് ഇനം മരങ്ങളും ആയിരക്കണക്കിന് മറ്റു സ്പീഷീസ് പുഷ്പിക്കുന്ന സസ്യങ്ങളുമൊക്കെ ഉണ്ടാവാമെങ്കിലും ഓരോ ഹെക്റ്ററിലും ഒരേയിനത്തില്‍പ്പെട്ട വലിയ മരങ്ങളുടെ എണ്ണം താരതമ്യേന വളരെ കുറവായിരിക്കും. ഉള്ളവ തന്നെയും പല പ്രായത്തിലുള്ള, വളര്‍ച്ചയുടെ പല ഘട്ടങ്ങളിലുള്ളവയായിരിക്കും. കൂടുതല്‍ മഴ ലഭിക്കുന്ന, ആണ്ടില്‍ തുടര്‍ച്ചയായി സസ്യങ്ങള്‍ക്കു വളരാനാവുന്ന, നമ്മുടേതുപോലുള്ള ഹരിതവനങ്ങളില്‍ ഈടു കുറഞ്ഞ വെള്ളമരങ്ങളായിരിക്കും(soft wood) ഒട്ടുമുക്കാലും. പ്ലൈവുഡിനോ റെയില്‍വേ സ്ലീപ്പറിനോ ഉപയോഗിക്കാവുന്നവയല്ലാതെ വിലപിടിപ്പുള്ള മറ്റു മരങ്ങള്‍ മഴക്കാടുകളില്‍ കുറവാണ്. അതിസൂക്ഷ്മമായ പ്രാദേശിക കാലാവസ്ഥ ക്രമീകരണങ്ങളും ലോലമായ മണ്ണും അതിദ്രുതം നടക്കുന്ന ജൈവാംശ ലവണ ചംക്രമണങ്ങളും മറ്റും കാരണം മരംമുറി പോലുള്ള ചൂഷണം ഈ വനങ്ങള്‍ക്ക് താങ്ങാനാവില്ല.

ഈ നൂറ്റാണ്ടിന്‍റെ ആദ്യകാലം മുതലേ കൊളോണിയല്‍ ഭരണകൂടം അനുവര്‍ത്തിച്ചിരുന്ന വനം കൊള്ളയുടെ ഭാഗമായി ശാസ്ത്രീയമെന്ന ലേബലൊട്ടിച്ച് അടക്കിവെട്ടിയാല്‍ ലാഭം ആവാത്തതോ വനമാകെ നശിക്കാന്‍ സാധ്യതയുള്ളതോ ആയ ഇടങ്ങളില്‍ തെരഞ്ഞുവെട്ടല്‍ നടത്തുന്നുണ്ടായിരുന്നു. വളര്‍ച്ച മുറ്റിയതെന്ന് വിവക്ഷിക്കപ്പെട്ട മരങ്ങളില്‍ ചിലയിനത്തില്‍ പെട്ടവയെ വളര്‍ച്ച മുറ്റിയാലും അവയ്ക്ക് പ്രകൃതിയിലുള്ള ഒഴിവാക്കാനാവാത്ത പ്രയോജനങ്ങളെ കണക്കിലെടുക്കാതെ ചില നിബന്ധനകള്‍ക്ക് വിധേയമാക്കി വെട്ടിമാറ്റുന്ന സമ്പ്രദായം വനത്തിന്‍റെ തനിമയ്ക്ക് യാതൊരു ക്ഷതവും ഏല്‍പ്പിക്കയില്ലെന്ന് പറഞ്ഞുവെയ്ക്കപ്പെട്ടിരുന്നു. കാര്യമായ അടിസ്ഥാന സസ്യശാസ്ത്രപഠനങ്ങളോ, ഇത്തരം തെരഞ്ഞു വെട്ടല്‍ നടന്ന വനങ്ങളുടെ വെട്ടലിനു ശേഷമുള്ള പുനരുജ്ജീവനത്തെക്കുറിച്ചുള്ള വിലയിരുത്തലുകളോ നടത്താതെയുമാണ് തെരഞ്ഞുവെട്ടല്‍ വനത്തിന്‍റെ മൂല്യത്തിനു ഒരു ശോഷണവും വരുത്തില്ല എന്ന് സ്ഥാപിച്ചിരുന്നത്. മാത്രവുമല്ല, ഈ തെരഞ്ഞുവെട്ടല്‍ നടത്തിയില്ലെങ്കില്‍ ഈ 'വയസ്സന്‍ മരങ്ങളെ'ക്കാരണം കാടിന്‍റെ പുനരുജ്ജീവനം തന്നെ നഷ്ടമാവുമന്നും കാട് നശിച്ചു പോവുമെന്നും വരെ 'ശാസ്ത്രീയ വന പരിപാലന'ത്തിന്‍റെ പേരില്‍ വരുത്തിത്തീര്‍ത്തിരുന്നു. ഇത് 'കോഴി കൂവിയില്ലെങ്കില്‍ സൂര്യനുദിക്കില്ല' എന്നു പറയുന്നത്ര ശാസ്ത്രീയം തന്നെ!

തെരഞ്ഞുവെട്ടലും കാടിന്‍റെ നാശവും

വാസ്തവത്തില്‍ സംഭവിക്കുന്നത് ഈ പറയുന്നതില്‍ നിന്നൊക്കെ വ്യത്യസ്തമാണ്. തെരഞ്ഞുവെട്ടലിന് വിധേയമാക്കപ്പെടുന്ന ഏതു വനവും ഇന്ന് പുനരുജ്ജീവിക്കാത്ത തരത്തില്‍ നശിക്കുകയോ അല്ലെങ്കില്‍ കൂടുതല്‍ വരണ്ട, ഇലപൊഴിക്കുന്ന മരങ്ങളുള്ള ശോഷിച്ച കാടുകളായിത്തീരുകയോ ആണ് പതിവ്. ഇതെത്ര വേഗത്തില്‍ സംഭവിക്കുന്നു എന്നുള്ളത് ഓരോ ഇടത്തെയും മരംവെട്ടുകാരന്‍റെ ശാസ്ത്രീയതയേയും അവിടത്തെ പ്രാദേശിക ഭൂപ്രകൃതി - കാലാവസ്ഥാ പ്രത്യേകതകളേയും ആശ്രയിച്ചിരിക്കും. വെട്ടലിനു ശേഷമുള്ള കുറേ വര്‍ഷങ്ങളില്‍ അവിടേക്ക് മനുഷ്യന്‍റെ കടന്നു കയ്യേറ്റം ഏതെല്ലാം വിധത്തിലായിരിക്കുമെന്നതും അവിടെ ബാക്കിയെന്തുണ്ടാവും എന്ന് തീരുമാനിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.

ഒരു നിത്യഹരിത വനത്തിന്‍റെ പുനരുജ്ജീവനക്ഷമത നിലനിര്‍ത്തുന്നതില്‍ ആ സസ്യസമൂഹത്തിന്‍റെ രൂപഘടനയ്ക്ക് തന്നെ വലിയ പങ്കുണ്ട്. തറനിരപ്പില്‍ നിന്ന് 45 മീറ്ററിനു മേല്‍ ഉയരം വരുന്ന വന്‍ വൃക്ഷങ്ങളുടെ തലപ്പാണ് വനത്തിന്‍റെ ഉള്ളിലെ കാലാവസ്ഥ (microclimate) ക്രമീകരണത്തില്‍ ഏറ്റവും വലിയ പങ്കു വഹിക്കുന്നത്. എണ്ണത്തില്‍ താരതമ്യേന കുറച്ചു മരങ്ങള്‍ ചേര്‍ന്നാണ് വനത്തിന്‍റെ ഈ മേല്‍ചാര്‍ത്തുണ്ടാക്കുന്നത്. ഇത്തരം ഒരു മരം മുറിച്ചു മാറ്റുമ്പോള്‍ ഉണ്ടാകുന്ന ആഘാതം ആ മരത്തലപ്പ് സ്ഥിതി ചെയ്തിരുന്നിടത്തേക്ക് മാത്രമായി ഒതുങ്ങുന്നുമില്ല. ഒരു ഹെക്റ്ററില്‍ 8 മുതല്‍ 12 വരെ ഇത്തരം വന്‍ മരങ്ങള്‍ മുറിക്കാമെന്നും മുറിക്കാന്‍ തെരഞ്ഞെടുത്ത രണ്ടു മരങ്ങള്‍ തമ്മില്‍ ചുരുങ്ങിയത് 20 മീറ്റര്‍ അകലം ഉണ്ടായിരിക്കണം എന്നുമാണ് 'ഫോറസ്റ്റ് വര്‍ക്കിംഗ് പ്ലാനുകള്‍' അനുശാസിക്കുന്നത്

നെഞ്ചുയരത്തില്‍ 180 c.m. എങ്കിലും ചുറ്റളവുള്ള മരങ്ങളെ മുറിക്കാനും പാടുള്ളു. ഒരിക്കല്‍ വെട്ടിയാല്‍ ഇരുപതോ മുപ്പതോ വര്‍ഷം കഴിഞ്ഞേ അതേ വനപ്രദേശത്തു നിന്ന് വീണ്ടും തെരഞ്ഞു വെട്ടല്‍ നടത്താന്‍ പാടുള്ളു. വാസ്തവത്തില്‍ ഈ നിബന്ധനകളൊന്നും തന്നെ അനുസരണത്തിലൂടെയല്ല പരിപാലിക്കപ്പെടുക. ശുഷ്കാന്തിയോടെയുള്ള മേല്‍നോട്ടത്തിന്‍റെ അപര്യാപ്തത മാത്രമല്ല പലപ്പോഴും ഉദ്ദേശിച്ചാല്‍ പോലും ഇവ നടപ്പിലാക്കുക അപ്രായോഗികവുമാണ്. പണി നടത്തിക്കുന്നവര്‍ക്ക് സ്വാഭാവികമായുള്ള ലാഭേച്ഛയുമാകുമ്പോള്‍ സ്വാഭാവികമായും നഷ്ടം സംഭവിക്കുന്നത് കാടിന് മാത്രമാകും.

പലക താങ്ങ് വേരുകള്‍ (Plank Buttresses) ഉള്ള ഇത്തരത്തിലുള്ള ഒരു വന്‍ മരത്തെ തറനിരപ്പില്‍ വെച്ച് വെട്ടാനാവില്ല. പത്തുപന്ത്രണ്ടടിയെങ്കിലും ഉയരമുള്ള കമ്പുകൊണ്ടുള്ളൊരു തട്ടുകെട്ടി അതിനു മുകളില്‍ കയറിയേ തായ്ത്തടി മുറിക്കാനൊക്കൂ. ഇതിനായിത്തന്നെ മരത്തിന്‍റെ ചുറ്റും 5-10 ചതുരശ്ര മീറ്റര്‍ വെട്ടിവെളുപ്പിക്കേണ്ടിവരും. 45-50 മീറ്റര്‍ എങ്കിലും ഉയരം വരുന്ന അനേക ടണ്‍ ഭാരമുള്ള തായ്ത്തടിയില്‍ ഒരു 30 മീറ്ററെങ്കിലും ഉയര്‍ന്ന ശേഷമേ ശാഖകളുണ്ടാവൂ. പടര്‍ന്നു പന്തലിച്ച വൃക്ഷത്തലപ്പിന് മുപ്പതോ അമ്പതോ ചതുരശ്ര മീറ്ററെങ്കിലും വിസ്തൃതിയുണ്ടാകും. ശാഖകളും തലപ്പില്‍ പടര്‍ന്ന വള്ളികളും ഒന്നും മുറിച്ചു മാറ്റാതെയാണ് വന്‍ മരങ്ങള്‍ ചുവടെ വെച്ച് മുറിച്ചു മറിക്കുക. തൊട്ടു ചുറ്റുമുള്ള കെട്ടുപിണഞ്ഞ ശാഖോപശാഖകളും വലിയ വള്ളിമരങ്ങളുടെ (woody lianas) തലപ്പുകളും കൂടി ബന്ധിപ്പിച്ച വിസ്തൃതമായൊരു വനത്തിന്‍റെ മേല്‍ത്തട്ട് മുഴുവന്‍ ഈ ഒരൊറ്റ മരം മുറിച്ചിടുന്നതോടുകൂടി തുറക്കപ്പെടുന്നു

ഈ ഭീമാകാരന്‍റെ താഴേക്കുള്ള പതനത്തില്‍ ഒട്ടനവധി ചെറുമരങ്ങളും മരത്തൈകളും അടിക്കാടും ചതഞ്ഞരഞ്ഞു പോകും. കെട്ടുപിണഞ്ഞ ശാഖകള്‍ വലിഞ്ഞൊടിഞ്ഞ് വീഴുന്ന ദിശയിലല്ലാതെയും അടുത്തുള്ള വന്‍ മരങ്ങള്‍ക്ക് കേടുപറ്റും. ഒരു ഹെക്ടറില്‍ 8-12 മരങ്ങളെ മുറിക്കാന്‍ അനുവദിക്കുന്നുള്ളൂ എങ്കിലും കാര്യമായി ക്ഷതമേറ്റ കൂപ്പിലെ എല്ലാ മരങ്ങളേയും മുറിച്ചു മാറ്റണം എന്നുള്ളൊരു വലിയ പിന്‍ വാതില്‍ കൂടി തുറന്നിട്ടിട്ടുള്ളതുകൊണ്ട് വാസ്തവത്തില്‍ വെട്ടി മാറ്റപ്പെടുന്ന മരങ്ങളുടെ എണ്ണം വളരെ വളരെ വര്‍ദ്ധിക്കുന്നു. കേരള വന ഗവേഷണ സ്ഥാപനം 1985-87 കാലഘട്ടത്തില്‍ നെല്ലിയാംപതി റിസര്‍വ്വ് വനത്തില്‍ നടത്തിയ ഒരു പഠനം വളരെ ശ്രദ്ധേയമാണ്.

6.50 ഹെക്ടര്‍ വിസ്തൃതിയുള്ള ഒരു പ്ലോട്ടില്‍ നിന്ന് നേരിട്ട് 40 മരങ്ങളെ മുറിച്ച് മാറ്റാന്‍ ഉദ്ദേശിക്കുമ്പോള്‍ അവയെ വെട്ടുന്നതോടെ പത്തു സെന്‍റീമീറ്ററില്‍ കൂടുതല്‍ ചുറ്റളവുള്ള 800-ല്‍ പരം മരങ്ങള്‍ക്ക് കേടു പറ്റിയതായി കണുകയുണ്ടായി. ആകെ ആ പ്ലോട്ടിലുണ്ടായിരുന്ന മരങ്ങളുടെ 65% വരും ഇത് (Balasubrahmanyam, '87)

മറിച്ചിട്ട ഓരോ വന്മരത്തേയും ശാഖകള്‍ മുറിച്ചു മാറ്റി തടി ആനയ്ക്ക് വലിച്ചു മാറ്റാന്‍ പാകമാക്കുമ്പോഴേക്കും വിസ്തൃതമായൊരു വനമാകെ തകര്‍ന്നു തരിപ്പണമായിട്ടുണ്ടാവും, പ്രത്യേകിച്ച് ചെരിവുള്ള ഭൂമിയും കൂടിയാണെങ്കില്‍. തടികള്‍ അട്ടിയിടുന്ന ലോഡിംഗ് സൈറ്റില്‍ തടികളെല്ലാം ആനയെക്കൊണ്ട് വലിപ്പിച്ചെത്തിക്കുമ്പോഴേക്കും തെരഞ്ഞുവെട്ടല്‍ നടത്തുന്നതിനു മുന്‍പ് സൂര്യരശ്മി കടക്കാതെ നിബിഡമായിരുന്ന ആ കാട്ടില്‍ ഒറ്റയ്ക്കും തെറ്റയ്ക്കും പലപ്പോഴും അവപോലും കേടുപറ്റിയ രീതിയില്‍ കുറച്ചു മരങ്ങളും ചതഞ്ഞരഞ്ഞ മണ്ണുമല്ലാതെ കാര്യമായൊന്നും ബാക്കിയുണ്ടാവില്ല. മേല്‍ പ്രസ്താവിച്ച വന ഗവേഷണ സ്ഥാപനത്തിന്‍റെ പഠനമനുസരിച്ച് 500 മീ. ദൂരം ഒരാന തടി വലിച്ചിഴച്ചതു കാരണം 278 മരങ്ങള്‍ക്ക് കേടു പറ്റിയതായി കാണുകയുണ്ടായി. കേടു പറ്റിയവയില്‍ 40 സെ.മീ. വരെ ചുറ്റളവുള്ള മരങ്ങളും ഉണ്ടായിരുന്നു

മരം തുരന്നു ജീവിക്കുന്ന ആയിരക്കണക്കിന് ഇനം ഷഡ്പദങ്ങള്‍ പ്രത്യേകിച്ച് വണ്ടുകള്‍ ജീവിക്കുന്ന മഴക്കാടുകളില്‍ ജീവനുള്ള പുറം തോടിന്‍റെ ആരോഗ്യമാണ് മിക്ക സസ്യങ്ങളുടേയും രക്ഷാകവചം. മരം മുറി മൂലം ചതവും ഒടിവുമേല്‍ക്കുന്ന സസ്യങ്ങളുടെ, പ്രത്യേകിച്ച് വന്‍ മരങ്ങളുടെ, കാതല്‍ കടന്നാക്രമിക്കാന്‍ ഷഡ്പദങ്ങള്‍ക്കെളുപ്പവുമാവാം. വെട്ടലിനുശേഷം ഓരോ ആണ്ടിലും കീടബാധയേറ്റ് ആ കാട്ടില്‍ നശിച്ചു പോവുന്ന സസ്യവൈവിദ്ധ്യം നൈസര്‍ഗ്ഗിക വനത്തില്‍ നശിക്കുന്നതിലും എത്രയോ കൂടുതലാണ്.

തെരഞ്ഞു വെട്ടല്‍ കൊണ്ട് കാടു നശിക്കാന്‍ മറ്റൊരു പ്രധാന കാരണമാണ് മുറിച്ചട്ടിയിട്ട മരം പുറത്തേക്കു കൊണ്ടുവരാന്‍ ലോറികള്‍ക്കായുണ്ടാക്കുന്ന റോഡുകള്‍. കഷ്ടിച്ച് ഒന്നോ രണ്ടോ മാസത്തെ ഉപയോഗത്തിനായി കാടുകള്‍ക്കുള്ളിലേക്ക് നീണ്ട് നീണ്ട്, പലപ്പോഴും മുറിച്ച ഓരോ മരത്തിനും അടുത്തുവരെയെത്തുന്ന ഈ റോഡുകള്‍ സൃഷ്ടിക്കുന്ന നാശം അവിശ്വസിനീയമാണ്.

നമ്മുടെ കാടുകള്‍ ഒട്ടുമുക്കാലും ചെരിവു കൂടിയ മലമ്പ്രദേശങ്ങളിലായതുകൊണ്ട് പുഴകളുടെ ഓരങ്ങളിലൂടേയും ചെറിയ നീര്‍ച്ചാലുകള്‍ അങ്ങനെ തന്നെ റോഡുകളാക്കിയുമാണ് ലോറിക്ക് വഴിവെട്ടുക. വളരെ കൂടുതല്‍ മരങ്ങള്‍ ഇതിനുവേണ്ടി മുറിക്കേണ്ടി വരുന്നു. അതിലുപരി വെട്ടിമറിച്ച മണ്ണ്, ഭാരവണ്ടികള്‍ തുടര്‍ച്ചയായോടി തകര്‍ന്ന മലഞ്ചെരിവുകള്‍ ഇതെല്ലാം രൂക്ഷമായ മണ്ണൊലിപ്പിനും ഇടയാക്കുന്നു

രണ്ടു കിലോമീറ്റര്‍ കൂപ്പ് റോഡിനായി 10 cm തുടങ്ങി 40 cm വരെ ചുറ്റളവുള്ള 502 മരങ്ങളെ മുറിച്ചു മാറ്റിയതായി വനഗവേഷണ സ്ഥാപനത്തിന്‍റെ മുന്‍ സൂചിപ്പിച്ച പഠനം കാണിക്കുന്നു. തടി ആന വലിക്കുമ്പോള്‍ തടയായും ലോറിയിലേക്ക് തടി ഉരുട്ടിക്കയറ്റാനുള്ള ചെരിഞ്ഞ തട്ടിനായും കൂപ്പു റോഡുകളിലെ താല്‍ക്കാലിക പാലങ്ങള്‍ക്കായും മറ്റൊരായിരം ആവശ്യങ്ങള്‍ക്കായും വീണ്ടും വീണ്ടും വന സമൂഹത്തിലെ ഏറ്റവും പ്രധാന ഘടകമായ ഉറപ്പുള്ള ചെറുമരങ്ങളോ അധികം വണ്ണമില്ലാത്ത തൈമരങ്ങളോ (pole crop) വ്യാപകമായി നശിപ്പിക്കപ്പെടുന്നു.

കാടായതുകൊണ്ടു തന്നെ ഇഷ്ടം പോലെയുണ്ടെന്ന തെറ്റിദ്ധാരണ കൊണ്ടുതന്നെ ഓരോ തവണയും പുതുതായി മുറിച്ചെടുക്കുകയായിരിക്കും ഒരിക്കല്‍ ഉപയോഗിച്ചവയെ വീണ്ടും മറ്റൊരിടത്ത് ഉപയോഗിക്കുന്നതിനേക്കാള്‍ പതിവ് കീഴ്വഴക്കം

ഈ എല്ലാ നാശങ്ങള്‍ക്കും പുറമേയാണ് തെരഞ്ഞുവെട്ടല്‍ നടക്കുന്ന കൂപ്പില്‍ താല്‍ക്കാലിക താമസത്തിനെത്തുന്ന നൂറ്റുക്കണക്കിനു പണിക്കാരും ആനകളും ഇവര്‍ക്കെല്ലാമുള്ള ആവശ്യങ്ങള്‍ക്കും അനാവശ്യങ്ങള്‍ക്കുമായി വനത്തിലേല്‍പ്പിക്കുന്ന ക്ഷതങ്ങളും. തോക്കും പടക്കവും കെണിയും തോട്ടയിടലും വന്യജീവി സംരക്ഷണമെന്നും മറ്റുമുള്ള ഉദ്ദേശങ്ങളെ വനരോദനമാക്കുന്നു

(

പരിസ്ഥിതി പഠന സംഘം, കോട്ടയം - വെട്ടാന്‍ ഇനിയും കാടുണ്ടോ? - First Published 25th October 1991)