Thursday, June 3, 2010

ഖുശ്ബുവിന് പകരം ജാക്‍പോട്ടിന് നദിയ!


PRO
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത തോല്‍‌വി തീരെ ഇഷ്ടപ്പെടാത്ത വ്യക്തിയാണ്. തനിക്ക് ബോധ്യപ്പെടാത്ത രീതിയിലുള്ള പ്രവര്‍ത്തനം ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും ജയലളിത അത് മനസില്‍ കുറിച്ചു വയ്ക്കുന്നു. അവസരം വരുമ്പോള്‍ ശക്തമായ പ്രതികരണം പുരട്ചി തലൈവിയില്‍ നിന്ന് പ്രതീക്ഷിക്കാം. ഖുശ്ബുവിന്‍റെ കാര്യത്തില്‍ സംഭവിച്ചതും അതാണ്.

ഖുശ്ബു ഡി എം കെയില്‍ ചേര്‍ന്നതോടെ ജയലളിത തന്‍റെ ശത്രുക്കളുടെ പട്ടികയില്‍ ഒരാളുടെ പേരുകൂടി എഴുതിച്ചേര്‍ത്തു. ജയ ടി വിയില്‍ ഖുശ്ബു ‘ജാക്പോട്ട്’ എന്ന പരിപാടി വര്‍ഷങ്ങളായി അവതരിപ്പിച്ചു വരുന്നുണ്ടായിരുന്നു. അവതാരക സ്ഥാനത്തുനിന്ന് ഖുശ്ബുവിനെ നീക്കിക്കൊണ്ടാണ് ജയലളിത പകരം വീട്ടിയത്. ഖുശ്ബുവിന് പകരക്കാരിയായി ആരു വരും എന്നത് കോടമ്പാക്കം ഉറ്റുനോക്കിയ സംഗതിയാണ്. ഇപ്പോള്‍ അതിനും ഉത്തരം ലഭിച്ചിരിക്കുന്നു.

ജയ ടി വിയുടെ പ്രസ്റ്റീജ് പ്രോഗ്രാമായ ജാക്പോട്ട് ഇനിമുതല്‍ അവതരിപ്പിക്കുക നദിയ മൊയ്തു ആയിരിക്കും. ആദ്യമൊന്നും മിനിസ്ക്രീനില്‍ വലിയ താല്‍‌പ്പര്യം കാണിക്കാതിരുന്ന നദിയ ജാക്പോട്ടിലേക്കുള്ള ക്ഷണം സന്തോഷപൂര്‍വം സ്വീകരിച്ചു എന്നാണ് അറിയുന്നത്. തമിഴകത്ത് ഏറെ പോപ്പുലറായ ഈ ഷോ അവതരിപ്പിക്കുന്നതിലൂടെ തന്‍റെ താരപദവി കോളിവുഡില്‍ കൂടുതല്‍ ഉറപ്പിക്കാമെന്നാണ് നദിയ പ്രതീക്ഷിക്കുന്നത്.

അതേസമയം, സിനിമയിലും കൂടുതല്‍ സജീവമാകുകയാണ് നദിയാ മൊയ്തു. മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പം ഡബിള്‍സ്, ഫാസില്‍ ചിത്രം തുടങ്ങിയവയിലാണ് നദിയ അഭിനയിക്കുന്നത്. തമിഴിലും അരഡസനോളം ചിത്രങ്ങള്‍ നദിയയുടെ ഡേറ്റിനായി കാത്തിരിക്കുന്നുണ്ട്

Nadhiya to replace Kushboo | ഖുശ്ബുവിന് പകരം ജാക്‍പോട്ടിന് നദിയ!

ഇസ്രയേല്‍ മാപ്പുപറയില്ല: നെതന്യാഹു


PRO
ഗാസയിലേക്ക് സഹായവുമായി പോയ കപ്പലില്‍ ഇസ്രയേല്‍ കമാന്‍ഡോകള്‍ ആക്രമണം നടത്തിയ സംഭവത്തില്‍ മാപ്പുപറയില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ഇത് സംബന്ധിച്ച വിവാദം രൂക്ഷമായ സാഹചര്യത്തില്‍ തന്‍റെ ഓഫീസില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്.

ഒരിക്കല്‍ കൂടി ഇസ്രയേലിനെ കപടവേഷക്കാരനാക്കുകയാണ് ഈ കുറ്റപ്പെടുത്തലില്‍ ലോകരാജ്യങ്ങള്‍ ചെയ്യുന്നതെന്നും പക്ഷപാതപരമായ വിധിയെഴുത്തിലേക്ക് ഇസ്രയേലിനെ വലിച്ചിഴയ്ക്കുകയാണെന്നും നെതന്യാഹു കുറ്റപ്പെടുത്തി. സമാനമായ സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളിലെ പട്ടാളക്കാര്‍ ചെയ്യുന്നത് മാത്രമേ ഇസ്രയേല്‍ ചെയ്തിട്ടുള്ളുവെന്നും നെതന്യാഹു ന്യായീകരിച്ചു.

ഇസ്രയേല്‍ ഒരിക്കലും ഇരട്ടത്താപ്പ് സ്വീകരിച്ചിട്ടില്ല. സ്വയം പ്രതിരോധിക്കാന്‍ ഏത് രാജ്യത്തിനും ഉള്ളതുപോലെ ഇസ്രയേലിനും അവകാശം ഉണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി. മാപ്പ് പറയണമെന്ന ആവശ്യം സാധ്യമല്ല. ആവശ്യപ്പെട്ടിരുന്നെങ്കില്‍ പരിശോധന കൂടാതെ ഗാസയിലേക്ക് നീങ്ങാന്‍ കപ്പലുകളെ അനുവദിച്ചേനെ എന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

ഗാസയിലെ ഹമാസിന് അത്യാധുനിക ആയുധങ്ങള്‍ എത്തിക്കുന്നതില്‍ നിന്ന് ഇറാ‍നെ തടയാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും നെതന്യാഹു പറഞ്ഞു. നിലവില്‍ തന്നെ ഇസ്രയേലിന്‍റെ പ്രധാന നഗരങ്ങള്‍ നശിപ്പിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ ഹമാസിന്‍റെ കയ്യിലുണ്ട്. ഇന്ന് തങ്ങളെ വിമര്‍ശിക്കുന്ന രാജ്യങ്ങള്‍ക്ക് നാളെ ഈ സാഹചര്യത്തിന് അവര്‍ ഇരയാക്കപ്പെടുമെന്ന് അറിയാമെന്നും നെതന്യാഹു പറഞ്ഞു.

പലസ്തീനികള്‍ക്കുള്ള ദുരിതാശ്വാസവുമായി ഗാസയിലേക്ക് തിരിച്ച ആറുകപ്പലുകളാണ് ഇസ്രയേല്‍ സേന കഴിഞ്ഞ ദിവസം ആക്രമിച്ചത്. കടലില്‍ ഇസ്രയേല്‍ തീര്‍ത്ത ഉപരോധം മറികടന്ന് നീങ്ങവേ ആയിരുന്നു ആക്രമണം. ഏതാനും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇസ്രയേലിനെതിരെ ലോകരാജ്യങ്ങളില്‍ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു

Israel won’t apologize: Netanyahu | ഇസ്രയേല്‍ മാപ്പുപറയില്ല: നെതന്യാഹു

ഹവാലപ്പണം: അന്വേഷണം ഹോങ്കോങിലേക്കും


PRO
തീവ്രവാദ പ്രവര്‍ത്തിനായി കേരളത്തിലേക്ക്‌ ഹവാലപ്പണം എത്തിയ സംഭവത്തില്‍ അന്വേഷണം ഹോങ്കോങ്ങിലേക്കും വ്യാപിപ്പിക്കുന്നു. രഹസ്യാന്വേഷണ വിഭാഗമായ റോ ഉദ്യോഗസ്‌ഥരാണ് ഹോങ്കോങ്ങില്‍ എത്തി അന്വേഷണം നടത്തിയത്. ഇടപാടുകാര്‍ തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണം ചോര്‍ത്തിയതിലൂടെയാണ്‌ ഹോങ്കോങ്ങില്‍ നിന്നും ഹവാലപ്പണം സംസ്ഥാനത്തേക്ക് കടത്തിയിരുന്നതായി വ്യക്‌തമായത്‌.

ഇടനിലക്കാര്‍ എന്നു സംശയിക്കുന്ന ചിലരുടെ ഫോണ്‍ കോളുകള്‍ കഴിഞ്ഞ രണ്ടു മാസമായി രഹസ്യാന്വേഷണ വിഭാഗം ചോര്‍ത്തിയിരുന്നു. ഇതില്‍ നിന്നാണ് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്. തീവ്രവാദ പ്രവര്‍ത്തനത്തിനായി ഹോങ്കോങ് വഴി അല്‍-കൊയ്ദ പണം കടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കേരളമടക്കുമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് പണം എത്തുന്നതായി അടുത്ത സമയത്താണ് വ്യക്തമായത്.

അതേസമയം ദുബായില്‍ നിന്നും പണം കടത്തിയ സംഭവവുമായി ബന്ധപ്പെട്ട്‌ നിരീക്ഷണത്തിലായിരുന്ന ഇന്ത്യക്കാര്‍ പാകിസ്ഥാനിലേക്ക്‌ കടന്നതായും റിപ്പോര്‍ട്ടുണ്ട്‌. നാല് ഇന്ത്യക്കാരാണ് പാകിസ്താനിലേക്ക് കടന്നിരിക്കുന്നത്

hawala: investigation extends to Hong Kong | ഹവാലപ്പണം: അന്വേഷണം ഹോങ്കോങിലേക്കും

സ്ഥലംമാറ്റം: ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെന്ന് മന്ത്രി

PRO
സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും ഹാജരാകാത്ത ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി പി.കെ ശ്രീമതി അറിയിച്ചു. ഉത്തരവ് ഇന്നു കൈപ്പറ്റി നാളെ ജോലിയില്‍ പ്രവേശിക്കണം. അല്ലാത്തപക്ഷം ജോലിയില്‍ പ്രവേശിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.

ഡോക്ടര്‍മാര്‍ക്ക് കൂട്ടസ്ഥലം മാറ്റം നല്‍കിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ ഡോക്ടര്‍മാര്‍ പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ മുന്നറിയിപ്പ്. വര്‍ഷങ്ങളായി ഒരേ സ്ഥലത്ത് തന്നെ ജോലി ചെയ്യുന്നവര്‍ക്ക് മാറ്റമുണ്ടാകുക സ്വാഭാവികമാണെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നതിന് ആവശ്യമായ ഡോക്ടര്‍മാര്‍ ഇപ്പോഴുണ്ട്. സ്ഥലംമാറ്റത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ അവധിയെടുത്താലും ആസ്​പത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും പി.കെ ശ്രീമതി പറഞ്ഞു.

സൂപ്രണ്ടുമാരടക്കമുള്ള 1,155 ഡോക്ടര്‍മാരെയാണ് ഒറ്റയടിക്ക് ആരോഗ്യവകുപ്പ് സ്ഥലംമാറ്റിയിരിക്കുന്നത്. മേയ്‌ 30നാണു സ്ഥലംമാറ്റ ഉത്തരവ്‌ ആരോഗ്യവകുപ്പിന്‍റെ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്‌. ഉത്തരവ് കൈപ്പറ്റി ചുമതലയൊഴിഞ്ഞ പലരും പുതിയ സ്ഥലത്ത്‌ ചുമതലയേറ്റിട്ടില്ല. ഇഷ്ടമില്ലാത്തിടത്തേക്ക്‌ മാറ്റം കിട്ടിയ ചിലര്‍ അവധിയില്‍ പ്രവേശിക്കുകയും ചെയ്തു. ഫലത്തില്‍ പല ആശുപത്രികളിലും ഡോക്ടര്‍മാരില്ലാത്ത സ്ഥിതിയാണ്.

കേഡര്‍ നടപ്പാക്കിയപ്പോള്‍ നൂറ്റിയമ്പതോളം ഡോക്ടര്‍മാരുടെ സീനിയോറിറ്റി നഷ്ടപ്പെട്ടുവെന്നും ഡോക്ടര്‍മാര്‍ പരാതി ഉയര്‍ത്തിയിട്ടുണ്ട്. അപാകതകള്‍ പരിഹരിക്കാതെ സര്‍ക്കാര്‍ ഉത്തരവ്‌ കണക്കിലെടുക്കേണ്ടതില്ലെന്നാണ്‌ ഡോക്ടര്‍മാരുടെ സംഘടനയുടെ തീരുമാനം
Minister warned Govt Doctors Over transfer issue | സ്ഥലംമാറ്റം: ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെന്ന് മന്ത്രി
Chennithala misleading High command: TH Musthafa | ചെന്നിത്തലയ്ക്കെതിരെ ടി‌എച്ച് മുസ്തഫയും
LDF: INL will take final decision today | ഇടതുമുന്നണി: ഐ.എന്‍.എല്‍ ഇന്ന് തീരുമാനിക്കും
Group war in Congress | കോണ്‍ഗ്രസില്‍ അടി, തിരിച്ചടി!
Chennithala is capable for president post: Oommanchandy | ചെന്നിത്തല കഴിവു തെളിയിച്ചവന്‍: ഉമ്മന്‍ചാണ്ടി

'ഫെറ്റ്’ ദിശ മാറി, ഒമാനില്‍ വീശിയടിച്ചേക്കും

റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കൊടുങ്കാറ്റ് ബാധിച്ചില്ലെങ്കിലും വെള്ളിയാഴ്ചയോടെ സൌരാഷ്ട്രയിലും കച്ചിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിച്ചിട്ടുണ്ട്.

അറേബ്യന്‍ കടലില്‍ രൂപം കൊണ്ട ഫെറ്റ് കൊടുങ്കാറ്റ് മാരക പ്രഹരശേഷിയുള്ളതാണ്. ഇത് ഒമാന്‍ തീരത്തേക്കാണ് ഇപ്പോള്‍ കടന്നിരിക്കുന്നത്. 85 കിലോമീറ്റര്‍ വേഗതയില്‍ വരെ ഈ കാറ്റ് വീശിയടിച്ചേക്കുമെന്നാണ് സൂചന.

അതേസമയം, ഗുജറാത്തിലെ ജാം‌നഗര്‍, ജുനഗധ്, അം‌റേലി, ഭവ്‌നഗര്‍, ബറൂച്ച്, സൂറത്ത്, രാജ്‌കോട്ട്, അഹമ്മദാബാദ്, വഡോദര എന്നിവിടങ്ങളില്‍ കനത്ത മഴ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളില്‍ മത്സ്യബന്ധന തൊഴിലാളികള്‍ കടലില്‍ പോകരുത് എന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്

മന്ത്രിയുടെ മൂന്നാം ഭാര്യയുടെ മരണം വിവാദത്തില്‍

ഗോവന്‍ മന്ത്രി തന്‍റെ മൂന്നാം ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍. ഗോവയുടെ ടൂറിസം മന്ത്രി മൈക്കി പച്കോയാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്. 28കാരിയായ തന്‍റെ മൂന്നാം ഭാര്യയുടെ മരണവുമായി മന്ത്രിക്ക് പങ്കുണ്ടെന്നാണ് സംഘടനകളും പ്രതിപക്ഷവും ആരോപിക്കുന്നത്.

മന്ത്രിയുടെ മൂന്നാം ഭാര്യയായ ടൊറീഡോ എലിവിഷം ഉള്ളില്‍ ചെന്നാണ് മരിച്ചത്. ചെന്നൈയിലെ ഒരു ആശുപത്രിയിലായിരുന്നു അന്ത്യം. മേയ് 15ന് ടൊറീഡോയെ ഗുരുതരാവസ്ഥയില്‍ ആദ്യം ഗോവയിലെ ഒരു ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് മുംബൈയിലേക്കും ശേഷം ചെന്നൈയിലേക്കും അവരെ കൊണ്ടുപോകുകയായിരുന്നു. ചെന്നൈയിലെ ആശുപത്രിയില്‍ മേയ് 30ന് മരണം സംഭവിച്ചു.

ഈ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് വനിതാ അവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സമ്മര്‍ദ്ദം ഏറിയപ്പോള്‍ ടൊറീഡോയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ പൊലീസ് തയ്യാറായി. മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് ഈ കേസിനെപ്പറ്റി അന്വേഷിക്കണമെന്നാണ് വനിതാസംഘടനകളുടെ ആവശ്യം.

പ്രതിപക്ഷനേതാവ് മനോഹര്‍ പരീക്കറും ഈ കേസില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ചികിത്സ നിഷേധിച്ചതും ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊന്നിലേക്ക് തുടര്‍ച്ചയായി മാറ്റപ്പെട്ടതുമാണ് ടൊറീഡോയുടെ മരണത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

മന്ത്രി പച്കോയ്ക്കെതിരെ ബഹുഭാര്യാത്വത്തിന് ആദ്യഭാര്യ നല്‍കിയ കേസില്‍ ഇപ്പോള്‍ വിചാരണ നടക്കുകയാണ്

Goa minister in trouble over murder controversy | മന്ത്രിയുടെ മൂന്നാം ഭാര്യയുടെ മരണം വിവാദത്തില്‍
Triple murder probe launched | ഹോള്‍ബ്രൂക്കില്‍ കൂട്ടക്കൊല, അന്വേഷണം തുടങ്ങി
Taxi-driver on a deadly rampage kills 12 | ടാക്സി ഡ്രൈവര്‍ 12 പേരെ വെടിവെച്ചുകൊന്നു

മമ്മൂട്ടിയെന്നെ കൊല്ലട്ടെ, അപ്പോഴറിയാം കളി: തിലകന്‍


PRO
കുറേ ഫാന്‍സിനെ വച്ച് ഒരാഴ്ചയ്ക്കകം തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയയാളാണ് മമ്മൂട്ടിയെന്ന് നടന്‍ തിലകന്‍. ‘അദ്ദേഹം എന്നെ കൊല്ലട്ടെ, അപ്പോഴറിയാം കേരളം എങ്ങനെ ചലിക്കുമെന്ന്’ - തിലകന്‍ പറയുന്നു. ഒരു പ്രമുഖ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് തിലകന്‍റെ ഈ വെളിപ്പെടുത്തല്‍.

“തിലകനെ കൊല്ലുമെന്ന് കുറേ ഫാന്‍സിനെ വച്ച് ഭീഷണിപ്പെടുത്തിയയാളാണ് മമ്മൂട്ടി. ഒരാഴ്ചയ്ക്കകം കൊല്ലുമെന്നാണ് പറഞ്ഞത്. ഇതുവരെ കൊന്നില്ല. അദ്ദേഹം കൊല്ലട്ടെ, അപ്പോഴറിയാം കേരളം എങ്ങനെ ചലിക്കുമെന്ന്. അദ്ദേഹത്തിന് ആരെയും കൊല്ലാനൊന്നും അവകാശമില്ല. കൊല്ലുമെന്ന് പറഞ്ഞതിന് പൊലീസ് സ്റ്റേഷനില്‍ പോയി ഞാന്‍ പരാതി കൊടുത്തത് പത്രങ്ങളിലും ചാനലുകളിലുമൊക്കെ വന്നതാണ്. എന്നിട്ടും മമ്മൂട്ടി ശബ്ദിച്ചില്ല. എന്താണതിന് കാരണം?” - തിലകന്‍ ചോദിക്കുന്നു.
PRO


“എനിക്കു മാത്രമല്ല മമ്മൂട്ടിയോടു വിരോധം. സുരേഷ് ഗോപിക്ക് വിരോധമുണ്ട്. മരിച്ചുപോയ മുരളിക്ക് വിരോധമുണ്ടായിരുന്നു. ഈ രണ്ടുപേരും എന്നോട് തുറന്നു പറഞ്ഞിട്ടുണ്ട്. സുരേഷ് ഗോപി ഇപ്പോള്‍ ഇത് തുറന്നുപറയാന്‍ തയ്യാറാകാത്തതെന്തെന്ന് എനിക്കു മനസിലാകുന്നില്ല. തുറന്നു പറഞ്ഞില്ലെങ്കില്‍ സിനിമ നന്നാകില്ല. സിനിമയുടെ ശവപ്പെട്ടിയില്‍ സൂപ്പര്‍താരങ്ങള്‍ ഓരോ ആണിയും അടിച്ചുകൊണ്ടിരിക്കുകയാണ്” - തിലകന്‍ പറയുന്നു.

മമ്മൂട്ടിയെക്കുറിച്ച് വളരെ രൂക്ഷമായി പ്രതികരിക്കുന്ന തിലകന്‍ പക്ഷേ മോഹന്‍ലാലിനെക്കുറിച്ച് ഈ അഭിമുഖത്തില്‍ സോഫ്റ്റായാണ് സംസാരിക്കുന്നത്. “മമ്മൂട്ടി പെരുമാറിയിട്ടുള്ളതുപോലെ ഇന്നുവരെ മോഹന്‍ലാല്‍ എന്നോടു പെരുമാറിയിട്ടില്ല. ലാല്‍ എന്നോട് വളരെ സ്നേഹമായിട്ടും നീതിയായിട്ടുമാണ് പെരുമാറിയിട്ടുള്ളത്. മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞുകേട്ടിട്ടുള്ള പല കാര്യങ്ങളും ഞാന്‍ വിശ്വസിക്കുന്നില്ല” - തിലകന്‍ വ്യക്തമാക്കുന്നു

Let Mamootty kill me, then it will know how Kerala react: Thilakan | മമ്മൂട്ടിയെന്നെ കൊല്ലട്ടെ, അപ്പോഴറിയാം കളി: തിലകന്‍

സുകുമാര്‍ അഴീക്കോടും സുധീഷും ഉരസി

തട്ടകത്തിന്റെ നാലാം ഭാഗം എഴുതണമെന്നുള്ള മോഹം ബാക്കിവച്ച് വിടപറഞ്ഞ കോവിലന്റെ മൃതദേഹത്തിന് മുന്നില്‍ സാംസ്കാരിക നായകനും ഒരു യുവകഥാകൃത്തും തറയായി. കോവിലന്റെ മൃതദേഹം പ്രദര്‍ശനത്തിന് വച്ച തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ സുകുമാര്‍ അഴീക്കോടും പ്രശസ്ത കഥാകൃത്ത് വിആര്‍ സുധീഷും തമ്മിലാണ് വാക്കുതര്‍ക്കം ഉണ്ടായത്.

സുകുമാര്‍ അഴീക്കോടിന്റെ പഴയകാല പ്രണയിനി വിലാസിനി ടീച്ചര്‍ ഒരു പ്രമുഖ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ താനിപ്പോഴും അഴീക്കോടിനെ കാത്തിരിക്കുന്നു എന്ന് പറഞ്ഞിരുന്നു. ഈ വിവാദത്തില്‍ ഇടപെട്ട് വിആര്‍ സുധീഷ് ഒരു പ്രമുഖ വാരികയില്‍ എഴുതിയ ലേഖനത്തെ ചൊല്ലിയാണ് രണ്ടുപേരും സാഹിത്യ അക്കാദമി ഹാളിന് മുന്നില്‍ വഴക്കടിച്ചത്.

തന്നെ കരിവാരിത്തേക്കുകയായിരുന്നു ആ ലേഖനമെന്ന് ചില സുഹൃത്തുക്കള്‍ വഴി വിആര്‍ സുധീഷിനെ അഴീക്കോട് അറിയിച്ചിരുന്നു. കോവിലന്‌ ആദരാഞ്ജലി അര്‍പ്പിച്ച്‌ ഹാളില്‍ നിന്ന് പുറത്തിറങ്ങിയ സുധീഷ്‌ അവിടെയുണ്ടായിരുന്ന അഴീക്കോടിനെ സ്വകാര്യമായി വിളിച്ച്‌ ആദ്യം ഇതേക്കുറിച്ച്‌ സംസാരിച്ചു. അഴീക്കോടിനെ കരിവാരിത്തേക്കാന്‍ ഉദ്ദേശിച്ച് എഴുതിയതല്ല ആ ലേഖനമെന്ന് അഴീക്കോടിനോട് സുധീഷ് പറഞ്ഞു.

സുധീഷിന്റെ മറുപടിയില്‍ തൃപ്തനായി മടങ്ങിയ അഴീക്കോടിന്റെ അടുത്തേക്ക്‌ വീണ്ടും ഇതേകാര്യം പറഞ്ഞ്‌ സുധീഷ്‌ ഓടിച്ചെന്നു. സുകുമാര്‍ അഴീക്കോടിനെ തടഞ്ഞുനിര്‍ത്തി വീണ്ടും തന്റെ നയം ഉച്ചത്തില്‍ വിശദീകരിക്കാന്‍ തുടങ്ങി. സുധീഷ് വികാരപരവശനാകുന്നത് കണ്ട പുനത്തില്‍ കുഞ്ഞബ്ദുള്ള ഉടന്‍ ഇവര്‍ക്കിടയിലെത്തി രംഗം ശാന്തമാക്കാന്‍ ശ്രമിച്ചു. സുധീഷിന്റെ കവിളില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള തമാശയെന്ന വണ്ണം കൈകൊണ്ട് തട്ടുകയും ‘ലേഖനം എഴുതിയതിനുള്ള ശിക്ഷ ഞാന്‍ കൊടുത്തേക്കാം’ എന്നുപറയുകയും ചെയ്തു.

സുധീഷ് ഉടനെ കുഞ്ഞബ്ദുള്ളയോട് ‘സാറിനും ഇതുപോലെ അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ടല്ലോ’ എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. ‘അബദ്ധം’ എന്ന വാക്ക് കേട്ടതോടെ അഴീക്കോട് കോപാകുലനായി. ‘നീ പോടാ’ എന്നു പറഞ്ഞ്‌ അഴീക്കോട്‌ സുധീഷിനെതിരേ തിരിഞ്ഞു. ഉടനെ സുഹൃത്തുക്കള്‍ സുധീഷിനെ അവിടെ നിന്ന് മാറ്റി. സുധീഷ് പോയിട്ടും കലിയടങ്ങാതെ സുകുമാര്‍ അഴീക്കോട് സംസാരിച്ചുകൊണ്ടിരുന്നു. സുധീഷ്‌ വെള്ളമടിച്ചിട്ടുണ്ടോയെന്ന് ഇടക്കിടെ അഴീക്കോട്‌ കൂടെയുള്ളവരോട് ചോദിക്കുന്നുണ്ടായിരുന്നു

പിറന്നാള്‍ നിറവില്‍ കരുണാനിധി


തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധി പിറന്നാള്‍ നിറവിലാണ്. വ്യാഴാഴ്ച കലൈജ്ഞര്‍ക്ക് 87 വയസ് തികഞ്ഞു. വലിയ ആഘോഷങ്ങള്‍ ഇല്ലാതെയാണ് കരുണാനിധിയുടെ ജന്‍‌മദിനം കടന്നുപോകുന്നത്.

പിറന്നാള്‍ ദിനത്തില്‍ ഒരു വാഴ നട്ടുകൊണ്ടാണ് കരുണാനിധി ദിവസം ആരംഭിച്ചത്. അതിനുശേഷം ഡി എം കെ സ്ഥാപകനായ സി എന്‍ അണ്ണാദുരൈ, റാഷണലിസ്റ്റ് നേതാവ് ഇ വി ആര്‍ പെരിയാര്‍ എന്നിവര്‍ക്ക് ആദരം അര്‍പ്പിച്ചു.

മക്കളായ എം കെ സ്റ്റാലിന്‍, എം കെ അഴഗിരി എന്നിവര്‍ ഉള്‍പ്പടെയുള്ളവരുടെ സാന്നിധ്യത്തില്‍ കരുണാനിധി പിറന്നാള്‍ കേക്ക് മുറിച്ചു. ഡി എം കെ ആസ്ഥാനത്ത് പാര്‍ട്ടിപ്രവര്‍ത്തകരുമായി അദ്ദേഹം ആശയവിനിമയം നടത്തുന്നുണ്ട്.

1924 ജൂണ്‍ മൂന്നിനാണ് കരുണാനിധി ജനിച്ചത്. അഞ്ചുതവണ തമിഴ്നാടിന്‍റെ മുഖ്യമന്ത്രിയായ അദ്ദേഹം അണ്ണാദുരൈയുടെ മരണശേഷമാണ് ഡി എം കെയുടെ നേതൃസ്ഥാനം ഏറ്റെടുത്തത്. തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തായ കരുണാനിധി ഇപ്പോഴും ആ രംഗത്ത് സജീവമാണ്.

DMK chief Karunanidhi turns 87 | പിറന്നാള്‍ നിറവില്‍ കരുണാനിധി