Tuesday, May 25, 2010

| സ്വര്‍ണവില കുതിച്ചുകയറുന്നു

ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നു. ചൊവ്വാഴ്ച പവന്‌ 200 രൂപ വര്‍ധിച്ച് 13,760 രൂപയിലെത്തി. ഇതോടെ ഗ്രാമിന്‌ 1720 രൂപയായി. സ്വര്‍ണവില ഏത്‌ ദിവസവും സര്‍വ്വകാല റെക്കോര്‍ഡിലേക്ക്‌ ഉയരാമെന്നുമാണ് ബോംബെ ബുള്ളിയന്‍ നല്‍കുന്ന സൂചന.

ബുള്ളിയന്‍ മാര്‍ക്കറ്റില്‍ എട്ട് ഗ്രാം സ്വര്‍ണം 18,660 രൂപയ്ക്കാണ് വില്‍ക്കുന്നത്. നിക്ഷേപകര്‍ ആഭരണങ്ങളും രത്നങ്ങള്‍ കൂടുതല്‍ വാങ്ങാന്‍ തുടങ്ങിയതോടെയാണ് വില കുതിച്ചുകയറിയത്. കഴിഞ്ഞ വാരാന്ത്യത്തില്‍ സ്വര്‍ണം വില 13,440 രൂപയായിരുന്നു.

ലണ്ടന്‍ വിപണിയില്‍ യൂറോ മേഖലയിലെ പ്രതിസന്ധിയെ തുടര്‍ന്നു വില തിങ്കളാഴ്ച 0.8% കൂടി. വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ രേഖപ്പെടുത്തിയ, ഔണ്‍സിന്‌ (31.1 ഗ്രാം) 1,175.15 ഡോളറില്‍ നിന്ന്‌ 1,185.15 ഡോളറിലേക്ക്‌ വില ഉയര്‍ന്നു.

ബാങ്ക്‌ ഓഫ്‌ സ്പെയിന്‍, സേവിങ്ങ്സ്‌ ബാങ്കായ കജാസുറിന്റെ നിയന്ത്രണം ഏറ്റെടുത്തത്‌ യൂറോയുടെ വിലയിടിച്ചു. ഡോളറുമായുള്ള വിനിമയത്തില്‍ ഇടിവ്‌ 1.5 ശതമാനമാണ്‌.സ്വര്‍ണത്തിന്റെ ഉയര്‍ന്ന വില ആഭരണങ്ങളുടെ ആവശ്യം കുറച്ചുവെങ്കിലും താല്‍പര്യം വര്‍ധിപ്പിച്ചു. അതേസമയം യൂറോപ്പില്‍ ഡോളര്‍വില ഉയര്‍ന്നതിനാല്‍ സ്വര്‍ണവില അര ശതമാനം താഴ്‌ന്നു.

Gold soars to new record of Rs 18,660 | സ്വര്‍ണവില കുതിച്ചുകയറുന്നു

സെന്‍സെക്സില്‍ 447 പോയിന്റ് ഇടിവ്

തുടര്‍ച്ചയായ രണ്ടാം ദിനവും ആഭ്യന്തര ഓഹരി വിപണികള്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. രാവിലെ ചെറിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങി വിപണികള്‍ അവസാന നിമിഷത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 447 പോയിന്റ് ഇടിഞ്ഞ് 16,022 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്.

സെന്‍സെക്സിലെ ഇടിവിന് സമാനമായ നഷ്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 137 പോയിന്റ് ഇടിഞ്ഞ് 4,806 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. ആഗോള വിപണികളിലെ മാന്ദ്യമാണ് ആഭ്യന്തര വിപണികളിലും പ്രകടമായിരിക്കുന്നത്. ഫെബ്രുവരി പതിനാറിന് ശേഷം ഇത് ആദ്യാമായാണ് സെന്‍സെക്സ് ഇത്രയധികം താഴോട്ടു പോകുന്നത്.

മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികളാണ് തകര്‍ന്നത്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്(-6.19%), സെയില്‍(-6.09%), അംബുജ സിമന്റ്(-5.67%), ഹിന്‍ഡാല്‍കോ(-5.56%), സ്റ്റര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്(-3.34%) തുടങ്ങി ഓഹരികള്‍ ഇടിഞ്ഞു. സണ്‍ ഫാര്‍മ, സിപ്ല, സിമന്‍സ് ഓഹരികള്‍ നേരിയ നേട്ടം കൈവരിച്ചു

Sensex falls 447 points, ends at 3-month low | സെന്‍സെക്സില്‍ 447 പോയിന്റ് ഇടിവ്

പോക്കിരിരാജ - 17 ദിവസം, കളക്ഷന്‍ 11 കോടി!


PRO
പോക്കിരിരാജ ചരിത്രവിജയമാകുകയാണ്. മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ച ഈ ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ 17 ദിവസം കൊണ്ട് 11 കോടിയോളം രൂപയാണ് വാരിക്കൂട്ടിയത്. കേരളത്തിലെ എല്ലാ സെന്‍ററുകളിലും എല്ലാ ഷോയും ഹൌസ്ഫുള്ളാണ്. മാത്രമല്ല, മറുനാട്ടിലും പോക്കിരിരാജ വെന്നിക്കൊടി പാറിക്കുന്നു.

17 ദിവസം കൊണ്ട് 11.79 കോടി രൂപയാണ് ചിത്രത്തിന് ഗ്രോസ് വന്നിരിക്കുന്നത്. നവാഗതനായ വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മ്മാതാവായ ടോമിച്ചന്‍ മുളകുപ്പാടത്തിന് കോടികളുടെ ലാഭമാണ് നേടിക്കൊടുത്തിരിക്കുന്നത്. ചെന്നൈയില്‍ ഈ സിനിമ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിലും രാജ്യത്തിന് പുറത്തും പോക്കിരിരാജ വമ്പന്‍ കളക്ഷന്‍ നേടി മുന്നേറുന്നു.

ട്വന്‍റി20യുടെ വിജയത്തോടെ താരമൂല്യമുള്ള തിരക്കഥാകൃത്തുക്കളായി മാറിയ ഉദയ്കൃഷ്ണയും സിബി കെ തോമസും പോക്കിരിരാജയും വിജയിച്ചതോടെ പ്രതിഫലം കുത്തനെ ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോമഡിയും സസ്പെന്‍സും ആക്ഷനും നിറഞ്ഞ, താരങ്ങള്‍ക്ക് നിറഞ്ഞാടാന്‍ പറ്റുന്ന തിരക്കഥകള്‍ ഒരുക്കുന്ന ഇരുവരും ഇപ്പോള്‍ തന്നെ മലയാളത്തിലെ ഏറ്റവും പ്രതിഫലം പറ്റുന്ന തിരക്കഥാകൃത്തുക്കളാണ്. ജോഷിയുടെ ക്രിസ്ത്യന്‍ ബ്രദേഴ്സാ‍ണ് ഇവരുടെ അടുത്ത ചിത്രം.

Pokkiriraja mega hit! | പോക്കിരിരാജ - 17 ദിവസം, കളക്ഷന്‍ 11 കോടി!

കേരളത്തിന് ഇനി ‘പെപ്സി’യുടെ കരാര്‍ കൃഷിയും


PRO
ബഹുരാഷ്ട്ര കുത്തകയായ ‘പെപ്സി’ കേരളത്തില്‍ കരാര്‍ കൃഷി ഇറക്കാന്‍ തയ്യാറെടുക്കുന്നു. വ്യവസായ വകുപ്പിന്‍റെ അനുമതിയോടെ ഈ വര്‍ഷം തന്നെ കരാര്‍ കൃഷി നടപ്പാക്കും. പാലക്കാട് ആണ് കരാര്‍ കൃഷിയിറക്കുക.

ഇതാദ്യമായാണ് കേരളത്തില്‍ കരാര്‍ കൃഷി നടപ്പാക്കുന്നത്. പഞ്ചാബ്, പശ്ചിമ ബംഗാള്‍, കര്‍ണാടക എന്നിവിടങ്ങളില്‍ ഉരുളക്കിഴങ്ങ് കൃഷിയും ബസുമതി കൃഷിയും നടപ്പാക്കിയതിനു ശേഷമാണ് ഇപ്പോള്‍ കേരളത്തില്‍ നെല്‍കൃഷി കരാര്‍ അടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്.

അത്യുല്പാദന ശേഷിയുള്ള വിത്തിനങ്ങളും ആധുനിക കൃഷി സമ്പ്രദായവുമാണ് ഈ കൃഷിയുടെ പ്രത്യേകത. സാധാരണ കൃഷിയുടെ മൂന്നിലൊന്ന് ചെലവ് മാത്രമേ ഈ കൃഷിക്ക് വരികയുള്ളൂവെന്ന് വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണന്‍ ഇന്നലെ കോഴിക്കോട് പറഞ്ഞിരുന്നു. എന്നാല്‍, ഉല്പന്നങ്ങള്‍ക്ക് മുന്‍കൂര്‍ വില നല്കുന്നതിനാല്‍ വില കൂടിയാലും കുറഞ്ഞാലും നിശ്ചിത വിലയില്‍ നിന്ന് മാറ്റമുണ്ടാകില്ല.

അതേസമയം, കരാര്‍ കൃഷിയെക്കുറിച്ച് അറിയില്ലെന്ന് കൃഷിവകുപ്പ് വ്യക്തമാക്കി. ഭക്‌ഷ്യധാന്യങ്ങളുടെ ഉല്‍പ്പാദനവും വിപണി നിയന്ത്രണവും കുത്തകള്‍ കയ്യടക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ്‌ കേരളത്തില്‍ കരാര്‍ കൃഷി ആരംഭിക്കാന്‍ പോകുന്നത്‌

PEPSI's farming contract coming | കേരളത്തിന് ഇനി ‘പെപ്സി’യുടെ കരാര്‍ കൃഷിയും

റീട്ടെയ്‌ല്‍ : 100 ശതമാനം വിദേശനിക്ഷേപത്തിന് ഇന്ത്യ

രാജ്യത്തെ മള്‍ട്ടി ബ്രാന്‍ഡ് ചില്ലറ വില്‍‌പന മേഖലയില്‍ നൂറ് ശതമാനം വിദേശ നിക്ഷേപം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍റ് പ്രമോഷന്‍ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു ധനകാര്യമാധ്യമമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

നിലവില്‍ മള്‍ട്ടി ബ്രാന്‍ഡ് ചില്ലറ വില്‍‌പന കമ്പനികള്‍ക്ക് ഇന്ത്യയില്‍ വിദേശനിക്ഷേപം അനുവദിച്ചിട്ടില്ല. സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്‌ല്‍ സ്ഥാപനങ്ങളില്‍ 51 ശതമാനം വിദേശനിക്ഷേപം അനുവദിച്ചിട്ടുണ്ട്.

പൊതുജനങ്ങളുടെ അഭിപ്രായ ശേഖരണത്തിന് ശേഷം തീരുമാനമെടുക്കാനാണ് നീക്കമെന്നാണ് വിവരം. കേന്ദ്ര ഉപഭോക്തൃകാര്യമന്ത്രാലയത്തിന്‍റെ അനുമതിക്ക് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

നൂറ് ശതമാനം വിദേശനിക്ഷേപം അനുവദിക്കുന്നതോടെ ആഭ്യന്തര ഉല്‍‌പാദന മേഖലയില്‍ ഉണര്‍വ്വുണ്ടാ‍കുമെന്നും കര്‍ഷകര്‍ക്ക് കൂടുതല്‍ ലാഭം കൈവരുമെന്നുമാണ് കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍ . ചെറിയ കടക്കാര്‍ക്ക് മൊത്തവിലയ്ക്ക് സാധനങ്ങള്‍ നല്‍കാനാകുമെന്നും ഇത് ചെറുകിട കച്ചവടക്കാര്‍ക്കും പ്രയോജനം ചെയ്യുമെന്നും മന്ത്രാലയം വിലയിരുത്തുന്നു

India considering 100% FDI in retail: Report | റീട്ടെയ്‌ല്‍ : 100 ശതമാനം വിദേശനിക്ഷേപത്തിന് ഇന്ത്യ

വീഴ്ചപറ്റി... ഉപയോക്താക്കളേ മാപ്പ്!PRO
PRO
സ്വകാര്യതാ നിയന്ത്രണങ്ങള്‍ കാര്യക്ഷമമാക്കുന്നതില്‍ വീഴ്ച പറ്റിയതായി ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്ക് സമ്മതിച്ചു. വാഷിംഗ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തിലാണ് ഫേസ്‌ബുക്ക് ചീഫ് എക്സിക്യുട്ടീവ് മാര്‍ക്ക് സൂക്കര്‍ബെര്‍ഗ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ മാസം ഫേസ്‌ബുക്ക് ഏര്‍പ്പെടുത്തിയ ചില പുതിയ സവിശേഷതകള്‍ക്കെതിരെ വിവിധ വിഭാഗങ്ങളില്‍ നിന്ന് ശക്തമായ എതിര്‍പ്പുണ്ടായതിനെത്തുടര്‍ന്ന് ആദ്യമായാണ് തങ്ങള്‍ക്ക് വീഴ്ച പറ്റിയെന്ന് ഫേസ്‌ബുക്ക് പരസ്യമായി സമ്മതിക്കുന്നത്. പുതിയ സവിശേഷതകള്‍ സ്വകാര്യതാ നിയന്ത്രണങ്ങളെ ലംഘിക്കുന്നെന്നായിരുന്നു പ്രധാന ആരോപണം.

തങ്ങളുടെ വിവരങ്ങളുടെ‌മേല്‍ ലളിതവും എന്നാല്‍ ശക്തവുമായ നിയന്ത്രണങ്ങള്‍ വേണമെന്നാണ് ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നതെന്ന് അവരുടെ പ്രതികരണങ്ങളില്‍നിന്ന് മനസ്സിലായതായി സൂക്കര്‍ബെര്‍ഗ് പറഞ്ഞു. അതിനാല്‍ വരും ആഴ്ചകളില്‍ കൂടുതല്‍ ലളിതമായ സ്വകാര്യതാ നിയന്ത്രണങ്ങള്‍ ഫേസ്ബുക്ക് ലഭ്യമാക്കും. എല്ലാ മൂന്നാം പാര്‍ട്ടി സേവനങ്ങളും എളുപ്പത്തില്‍ ഓഫ് ചെയ്യാനുള്ള സൌകര്യവും ഏര്‍പ്പെടുത്തും.

ഫേസ്ബുക്കിലെ വ്യക്തിഗത വിവരങ്ങള്‍ ഒരിക്കലും കൈമാറ്റം ചെയ്യപ്പെടുന്നില്ലെന്ന് സൂക്കര്‍ബെര്‍ഗ് വ്യക്തമാക്കി. ഫേസ് ബുക്ക് ഒരു സൌജന്യ സേവനമായി തുടരുമെന്നും അദ്ദേഹം അറിയിച്ചു

Facebook admits privacy errors | വീഴ്ചപറ്റി... ഉപയോക്താക്കളേ മാപ്പ്!

പുതിയ വീഡിയോ ഫോണുമായി സ്പൈസ് മൊബൈല്‍

മൊബൈല്‍ ഹാന്‍‌ഡ്സെറ്റ് നിര്‍മ്മാതാക്കളായ സ്പൈസ് മൊബൈല്‍ പുതിയ വീഡിയോ ഫോണ്‍ പുറത്തിറക്കി. 3.2 മെഗാപിക്സല്‍ ക്യാമറ സഹിതമുള്ള ഫോണിന് 7,499 രൂപയാണ് വില. എസ്-7000 എന്നാണ് പുതിയ മോഡലിന്‍റെ പേര്.

ആധുനീക സംവിധാനങ്ങള്‍ എല്ലാം ഉള്‍പ്പെടെയാണ് കുറഞ്ഞ വിലയ്ക്ക് ഫോണ്‍ വിപണിയിലെത്തിക്കുന്നതെന്ന് കമ്പനി ചൂ‍ണ്ടിക്കാട്ടി. 3.2 ഇഞ്ച് വലുപ്പമുള്ള ടച്ച് സ്ക്രീനാണ് ഫോണിന്‍റെ പ്രധാന പ്രത്യേകത. ഉപയോക്താക്കള്‍ക്ക് വിശാലമായ ദൃശ്യവിരുന്നൊരുക്കാന്‍ ഇതിലൂടെ കഴിയുമെന്ന് കമ്പനി ചൂണ്ടിക്കാട്ടി. ഡിജിറ്റല്‍ ബുക്കുകള്‍ വായിക്കുന്നതിനും ഓണ്‍ലൈന്‍ വീഡിയോകള്‍ ആസ്വദിക്കുന്നതിനും ഇത് ഏറെ സഹായകരമാകും.

മള്‍ട്ടിപ്പിള്‍ ഫോര്‍മാറ്റ് വീഡിയോ പ്ലെയറും ഡിജിറ്റല്‍ ശബ്ദ സംവിധാനവും ഫോണിന്‍റെ മറ്റ് മേന്‍‌മകളാണ്. ഫേസ് ബുക്ക്, നിംബസ് തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളുടെ ആ‍പ്ലിക്കേഷനുകളും മൊബൈലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 16 ജിബി വരെ വിപുലപ്പെടുത്താവുന്ന മെമ്മറി കാര്‍ഡ് മറ്റൊരു പ്രത്യേകതയാണ്

Spice Mobiles launches new video phone | പുതിയ വീഡിയോ ഫോണുമായി സ്പൈസ് മൊബൈല്‍

തോഷിബ 10 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കും


PRO
PRO
ജാപ്പനീസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്സ് കമ്പനിയായ തോഷിബ കോര്‍പ്പറേഷന്‍ ഇന്ത്യയില്‍ പത്തു ദശലക്ഷം ഡോളര്‍( 47 കോടി രൂപ) നിക്ഷേപിക്കുമെന്ന് അറിയിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ പേഴ്സണല്‍ കമ്പ്യൂട്ടര്‍ വിപണി സജീവമാക്കുന്നതിന് വേണ്ടിയാണ് ഈ തുക ഉപയോഗിക്കുകയെന്ന് തോഷിബ ഇന്ത്യ അറിയിച്ചു.

കമ്പനികളുടെ പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാനും പദ്ധതിയുണ്ട്. നിലവിലുള്ള ഒമ്പതോളം പതിപ്പ് നോട്ട്‌ബുക്കുകള്‍, പുതിയ മുപ്പതോളം മോഡല്‍ കമ്പ്യൂട്ടര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയിലെത്തിക്കും. അടുത്ത രണ്ട് മാസത്തിനുള്ളില്‍ കമ്പനിയുടെ പുതിയ മോഡല്‍ കമ്പ്യൂട്ടറുകളെല്ലാം വിപണിയിലെത്തുമെന്നും അധികൃതര്‍ അറിയിച്ചു.

തോഷിബയുടെ നിരവധി മോഡല്‍ ലാപ്ടോപുകള്‍ നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍, അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങളെത്തിച്ച് വിപണി സജീവമാക്കാനാണു കമ്പനി ലക്‍ഷ്യമിടുന്നതെന്നും തോഷിബ ഇന്ത്യ ഡയറക്ടര്‍ തെങ്കൂ വൂ പറഞ്ഞു. ഇതിന് ഏകദേശം പത്ത് ദശലക്ഷം ഡോളര്‍ നിക്ഷേപിക്കേണ്ടി വരും. ഭാവിയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ കമ്പനിയ്ക്ക് പദ്ധതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു

Toshiba India to invest USD 10 mn in notebook biz | തോഷിബ 10 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കും

‘റജീന’യുടെ വീട് ആക്രമിച്ചു

ഐസ്ക്രീം പാര്‍ലര്‍ കേസിലൂടെ കുപ്രസിദ്ധി നേടിയ റജീനയുടെ വീടിനു നേരെ ആക്രമണം. കോഴിക്കോട് പന്തീരങ്കാവിലുള്ള റജീനയുടെ വീടിനു നേരെയായിരുന്നു ആക്രമണം. സമീപവാസികളായ യുവാക്കളാണ് ആക്രമണത്തിന് പിന്നിലെന്ന് പരാതിയില്‍ പറയുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ആണ് ഇതു സംബന്ധിച്ച് റജീന പരാതി നല്കിയിരിക്കുന്നത്. തനിക്കു നേരെ നിരന്തരമുണ്ടാകുന്ന അക്രമങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്കാന്‍ ഒരുങ്ങുകയാണ് റജീന.

വീടിന്‍റെ ജനല്‍ച്ചില്ലുകളും വാതിലുകളും കുടിവെള്ള പൈപ്പുകളും വൈദ്യുത മീറ്ററും സംഘം അടിച്ചു തകര്‍ത്തു. വീടിനു നേരെ കല്ലെറിഞ്ഞ സംഘം വീടിനുള്ളില്‍ കടന്ന് മാതാപിതാക്കളായ ഇമ്പിച്ചിക്കോയയെയും പത്തീബീയെയും മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു. ഇരുവരും ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്.

കുടവണ്ണം വേണുവിന്‍റെ മകന്‍ ശ്രീജിത്ത്, ദാസന്‍ നായരുടെ മകന്‍ ബിജു, മേമൂലത്ത് ദാമോദരന്‍റെ മകന്‍ രതീഷ്, മുളിയില്‍ വേലായുധന്‍റെ മകന്‍ മുരളി, മുതുവനന്തറ മേത്തലോട്ടില്‍ ശശിധരന്‍ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.

കുറേ ദിവസങ്ങളായി ടെറസിനു മുകളില്‍ പതുങ്ങിയിരുന്ന് രാത്രി താഴേക്ക് കല്ലെറിയുന്നത് പതിവായിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് വീട് ആക്രമിച്ചത്. വീട്ടില്‍ താമസിക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായാണ് യുവാക്കള്‍ വീട് ആക്രമിച്ചതെന്നും പരാതിയില്‍ പറയുന്നു. കമ്മീഷണര്‍ പി വി ജയന്‍റെ നിര്‍ദ്ദേശപ്രകാരം സി ഐ അബ്ദുള്‍ ഖാ‍ദര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്

Rajeena's home attacked | ‘റജീന’യുടെ വീട് ആക്രമിച്ചു

ബീച്ച് സുന്ദരിമാരെ സൂക്ഷിക്കുക!


PRO
PRO
ഫേസ്ബുക്കിലെ ബീച്ച് സുന്ദരിമാരുടെ സ്ലൈഡ്ഷോ കാണാനുള്ള ആഗ്രഹം നിങ്ങളെ കുഴപ്പത്തില്‍ ചാടിച്ചേക്കും. പ്രമുഖ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റില്‍ പ്രചരിക്കുന്ന വീഡിയോ രൂപത്തിലുള്ള ഒരു വൈറസ് ആയിരത്തിലധികം ആളുകളെ പിടികൂടിയതായി പ്രമുഖ സുരക്ഷാ സോഫ്റ്റ്വെയര്‍ സംരംഭമായ സോഫോസ് അറിയിച്ചു.

യൂസേഴ്സ് വോളിലെ ഒരു പോസ്റ്റില്‍ നിന്ന് ബിക്കിനിയണിഞ്ഞ ഒരു യുവതിയുടെ ചിത്രവുമായാണ് ഈ വീഡിയോ പ്രത്യക്ഷപ്പെടുക. “ഉറക്കം കെടുത്തുന്ന ബീച്ച് സുന്ദരികള്‍” (Distracting Beach Babes) എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോയില്‍ ക്ലിക്കുചെയ്യുമ്പോള്‍ നിങ്ങള്‍ ഫേസ്ബുക്കിന്‍റെ മറ്റൊരു ആപ്ലിക്കേഷനില്‍ എത്തുകയും ഒരു ആഡ്‌വെയര്‍ നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് ഡൌണ്‍‌ലോഡ് ചെയ്യപ്പെടുകയും ചെയ്യും. മാത്രമല്ല, ഇത് നിങ്ങളുടെ പേരില്‍ എല്ലാ സുഹൃത്തുക്കള്‍ക്കും ഫോര്‍വേഡ് ചെയ്യപ്പെടും.

ദിവസങ്ങള്‍ക്ക് മുമ്പ് “സെക്സിയസ്റ്റ് വീഡിയോ എവര്‍” എന്ന പേരില്‍ ഫേസ്ബുക്കില്‍ പ്രചരിച്ച വൈറസിന് സമാനമായ വൈറസാണ് ഇതെന്നാണ് കരുതുന്നത്. തങ്ങളുടെ സുഹൃത്തുക്കളില്‍ നിന്നുള്ള അശ്ലീല വീഡിയോകള്‍ ഫേസ്ബുക്ക് ഉപയോക്താക്കള്‍ ഒരു നിമിഷം പോലും ചിന്തിക്കാതെ സ്വീകരിക്കുന്നതാണ് പ്രശ്നം ഗുരുതരമാക്കുന്നതെന്ന് സോഫോസിലെ മുതിര്‍ന കണ്‍‌സള്‍ട്ടന്‍റ് ഗ്രഹാം ക്ലൂയി പറഞ്ഞു.

തങ്ങളുടെ വോളില്‍ അത്തരം സന്ദേശം കാണുന്നവര്‍ ഉടന്‍ തന്നെ അത് ഡിലീറ്റ് ചെയ്യണമെന്നും കമ്പ്യൂട്ടര്‍ സ്കാന്‍ ചെയ്ത് പാസ്‌വേഡ് മാറ്റണമെന്നും ക്ലൂയി നിര്‍ദേശിക്കുന്നു. ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നു എന്ന ആരോപണം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ഇത്തരം വൈറസുകളും ഫേസ്ബുക്കില്‍ വ്യാപകമാകുന്നതെന്നത് ആശങ്കയുണര്‍ത്തിയിട്ടുണ്ട്

Facebook told to set up warning system | ബീച്ച് സുന്ദരിമാരെ സൂക്ഷിക്കുക!

മന്ത്രിപുത്രനും ലക്ഷ്മീ റായിയും സുഹൃത്തുക്കള്‍


PRO
PRO
ഇത് സോഷ്യല്‍ മീഡിയകളുടെ ലോകം... സാധാരണക്കാര്‍ മുതല്‍ ലോകോത്തര സെലിബ്രിറ്റികള്‍ വരെ സോഷ്യല്‍ മീഡിയകളിലാണ് ജീവിക്കുന്നത്. അവരുടെ ആശയവിനിമയും സൌഹൃദവും എല്ലാം സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലാണ്.

അതെ, വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന മന്ത്രി പുത്രനും സോഷ്യന്‍ മീഡിയകളില്‍ സജീവമാണ്... ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയാണ് സോഷ്യല്‍ മീഡിയകളില്‍ സജീവമായിരിക്കുന്നത്. ഇവിടെ, തെന്നിന്ത്യയിലെ പ്രമുഖ നടി ലക്ഷ്മീ റായിയും ബിനീഷും അടുത്ത സുഹൃത്തുക്കളുമാണ്.

വര്‍ഷങ്ങളായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന ബിനീഷിന് നാട്ടിലെ സുഹൃത്തുക്കളുമായി സൌഹൃദത്തിന് സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്ക് നല്‍കുന്ന സഹായം വലുതാണ്. ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്കിലാണ് ബിനീഷ് അംഗത്വമെടുത്തിരിക്കുന്നത്. നാട്ടിലെയും ഗള്‍ഫിലെയും മിക്ക സുഹൃത്തുക്കളും ബിനീഷിന്റെ ഫേസ്ബുക്ക് പേജിനെ പിന്തുടരുന്നുണ്ട്.
PRO
PRO


മലയാള സിനിമാ ലോകത്തെ പ്രമുഖരൊക്കെ ബിനീഷിന്റെ ഫേസ്ബുക്ക് സുഹൃത്തുക്കളാണ്. നടീ, നടന്മാര്‍, സംവിധായകര്‍, സാംസ്കാരിക നേതാക്കള്‍, ബിസിനസുകാര്‍, പിന്നെ പഴയകാല സുഹൃത്തുക്കള്‍ എല്ലാവരെയും സുഹൃത്തുക്കളായി തന്റെ സൌഹൃദ നെറ്റ്വര്‍ക്കില്‍ ബിനീഷ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Lakshmi rai and Bineesh kodoyeri are friends | മന്ത്രിപുത്രനും ലക്ഷ്മീ റായിയും സുഹൃത്തുക്കള്‍

തിലകന് സീരിയലിലും വിലക്ക്PRO
സിനിമാ രംഗത്ത് വിലക്ക് വന്നതിന് തൊട്ടു പിന്നാലെ നടന്‍ തിലകന് സീരിയല്‍ അഭിനയിക്കുന്നതിനും വിലക്ക്. ‘മറ്റൊരുവള്‍’ എന്ന സീരിയലില്‍ നിന്നാണ് തിലകനെ ഒഴിവാക്കിയത്. സീരിയല്‍ താരങ്ങളുടെ സംഘടനയായ ‘ആത്മ’യുടെ നിര്‍ദ്ദേശ പ്രകാരമാണ് തിലകനെ സീരിയലില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. അമ്മയുടെ വിലക്കുള്ളയാളെ സീരിയലുമായി സഹകരിപ്പിക്കാന്‍ കഴിയില്ലെന്ന് ‘ആത്മ’ നേതാവ് പൂജപ്പുര രാധാകൃഷ്ണന്‍ പറഞ്ഞു

‘മറ്റൊരുവള്‍’ എന്ന സീരിയലിന്‍റെ ഷൂട്ടിംഗ് ഇന്ന് കോവളത്ത് വെച്ച് നടക്കാനിരിക്കുകയായിരുന്നു. ഇന്നലെ രാത്രി സീരിയല്‍ നിര്‍മ്മാതാവ് ഇക്കാര്യം വിളിച്ച് പറയുകയും ചെയ്തിരുന്നു. എന്നാല്‍, ഇന്നലെ രാത്രി വൈകി തിലകനെ സീരിയലില്‍ നിന്ന് ഒഴിവാക്കിയതായി നിര്‍മ്മാതാവ് അറിയിക്കുകയായിരുന്നു. സീരിയല്‍ താരങ്ങളുടെ സംഘടനയായ ‘ആത്മ’ ജനറല്‍ സെക്രട്ടറി പൂജപ്പുര രാധാകൃഷ്ണന്‍റെ നിര്‍ദ്ദേശപ്രകാരമായിരുന്നു സീരിയല്‍ നിര്‍മ്മാതാവ് തിലകനെ വിളിച്ച് ഇക്കാര്യം അറിയിച്ചത്.

സൂര്യ ടി വിയില്‍ പ്രക്ഷേപണം ചെയ്തു വരുന്ന സീരിയലാണ് ‘മറ്റൊരുവള്‍’. വാണി വിശ്വനാഥ് മുഖ്യകഥാപാത്രമായിട്ടുള്ള സീരിയലില്‍ പ്രധാന വേഷമായിരുന്നു തിലകന്‍ കൈകാര്യം ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം തിലകന്‍ തന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെയും അമ്മയ്ക്കെതിരെയും ലേബര്‍ കമ്മീഷണറുടെ മുമ്പാകെ തെളിവ് നല്കിയിരുന്നു. ഇതിനു പിന്നാലെയാണ് കെ ബി ഗണേഷ് കുമാര്‍ പ്രസിഡന്‍റായ ‘ആത്മ’യുടെ വിലക്ക

Actor Thilakan prohibited from seriel | തിലകന് സീരിയലിലും വിലക്ക്

കോള പൂട്ടിച്ചത് തെറ്റോ?


PRO
ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് കുടിവെള്ളം പോലും മുട്ടിച്ച കൊക്കൊക്കോള കമ്പനിയെ പ്ലാച്ചിമടയില്‍ നിന്ന് കെട്ടുകെട്ടിച്ചത് തെറ്റാണോ? കോള കമ്പനിയെ നിലനിര്‍ത്താനാകാ‍ത്തതില്‍ ദു:ഖമുണ്ടെന്ന് പറഞ്ഞ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണന്‍റെ വാക്കുകള്‍ വാസ്തവത്തില്‍ പ്ലാച്ചിമടയിലെ സമരഭൂമിയില്‍ അണിനിരന്ന ഒരു സമൂഹത്തിന്‍റെ നേര്‍ക്ക് മാത്രമല്ല അതിന് സര്‍വ്വപിന്തുണയും നല്‍കിയ സാംസ്കാരിക കേരളത്തിന്‍റെ മുഖത്തു കൂടി ചെളിവാരിയെറിയുകയാണ്. കൊക്കൊകോള കമ്പനിക്ക് അനുമതി നല്‍കിയവരുടെ മുഖത്തടിക്കണമെന്ന് വിളിച്ചു പറഞ്ഞ വി‌എസ് ഭരിക്കുമ്പോള്‍ തന്നെയാണ് ബാലകൃഷ്ണന്‍റെ അഭിപ്രായപ്രകടനമെന്നതാണ് ഏറെ ശ്രദ്ധേയം.

ഫാക്ടറി പൂട്ടിയതുവഴി നിരവധി തൊഴിലവസരങ്ങളാണ് നഷ്ടമായതെന്നായിരുന്നു അഭിപ്രായത്തെ ന്യായീകരിച്ച് ബാലകൃഷ്ണന് പറയാനുണ്ടായിരുന്നത്. സര്‍ക്കാരിന് നികുതിയിനത്തില്‍ നഷ്ടപ്പെട്ട 500 കോടി രൂപയും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.എന്നാല്‍ കൊക്കൊക്കോള കമ്പനി പ്ലാച്ചിമടയില്‍ നിലനിന്നിരുന്നെങ്കില്‍ ഇന്ന് ആ പ്രദേശത്തിനുണ്ടാകാവുന്ന പാരിസ്ഥിതിക വ്യതിയാനം പക്ഷെ ഇതിന്‍റെ ഇരട്ടി നഷ്ടമായിരിക്കും വരുത്തിവെക്കുക എന്ന കാര്യം ബാലകൃഷ്ണന്‍ സൌകര്യപൂര്‍വ്വം മറന്നുപോയി. കിനാലൂരില്‍ ഇല്ലാത്ത വ്യവസായ പദ്ധതിയുടെയും നാലുവരിപ്പാതയുടെയും പേരില്‍ നാട്ടുകാരെ തെരുവില്‍ തല്ലിച്ചതച്ച വ്യവസായമന്ത്രിയുടെ ദാസന്‍ ഈ തരത്തില്‍ പ്രതികരിച്ചതില്‍ അത്ഭുതം വിചാരിക്കേണ്ടതില്ല.

കൊക്കൊകോള പ്ലാച്ചിമടയില്‍ വരുത്തിയ പാരിസ്ഥിതി നഷ്ടം 216 കോടി രൂപയാണെന്ന് കാണിച്ച് സര്‍ക്കാര്‍ രൂപീകരിച്ച സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് അധിക നാളായില്ല. ഈ റിപ്പോര്‍ട്ട് പോലും മറന്നായിരുന്നു വ്യവസായ വകുപ്പ് സെക്രട്ടറിയുടെ പ്രതികരണം. കമ്പനിയുടെ ജലചൂഷണം മൂലം കാര്‍ഷിക മേഖലയില്‍ 84 കോടി രൂപയുടെ നഷ്ടവും ആരോഗ്യ പ്രശ്നങ്ങളാല്‍ 30 കോടിയുടെ നഷ്ടവുമുണ്ടായതായിട്ടായിരുന്നു സമിതിയുടെ കണ്ടെത്തല്‍ . ശിക്ഷ നല്‍കാവുന്ന കുറ്റകൃത്യങ്ങള്‍ കൊക്കകോള കമ്പനി ചെയ്തതായി സമിതി വിലയിരുത്തിയിരുന്നു. ജലചൂഷണം, കൃഷിക്കുണ്ടായ നാശം, ഗ്രാമീണ മേഖലയില്‍ ചെറുകിട തൊഴിലാളികള്‍ക്കുണ്ടായ നഷ്ടം തുടങ്ങിയവയെല്ലാം പരിഗണിച്ചാണ് നഷ്ടം കണക്കാക്കിയത്. ജനങ്ങള്‍ക്കുണ്ടായ നഷ്ടം പരിഹരിക്കുന്നതിന്‌ സംസ്ഥാന സര്‍ക്കാരിനോ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനോ ട്രൈബ്യൂണലിനെ നിയോഗിക്കാവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരുന്നു.

Campaign against cola is right or wrong | കോള പൂട്ടിച്ചത് തെറ്റോ?