Thursday, May 6, 2010

മധു തിരിഞ്ഞുനോക്കുമ്പോള്‍
madhu
WDWD
ടി.വി യിലെ സ് ക്രീനില്‍ വല്ലപ്പോഴുമെത്തുന്ന പഴയ സിനിമകളില്‍ തന്‍റെ സ്നേഹിതരെ കാണുമ്പോള്‍ മധു എന്ന മാധവന്‍ നായര്‍ ദു:ഖിക്കുന്നു. ഒരു കുടുംബം പോലെ ഇവരുമൊത്തു കഴിഞ്ഞ നല്ല നാളുകള്‍ ഓര്‍ക്കുന്നു.

സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്കുള്ള യാത്ര, അപൂര്‍വമായെങ്കിലും ഉണ്ടാവുന്ന വാതില്‍പുറ ചിത്രീകരണങ്ങള്‍, ഒരുമിച്ചുള്ള ഭക്ഷണം, ചില കുശുമ്പുകളും കുന്നായ്മകളും എല്ലാം ഓര്‍മ്മയില്‍ തെളിയുന്നു.

ഇന്ന് അവരാരുമില്ല. സത്യന്‍, പ്രേം നസീര്‍, ഉമ്മര്‍, അടൂര്‍ഭാസി, ബഹദൂര്‍, കൊട്ടാരക്കര, എസ്.പി.പിള്ള, മുതുകുളം, ശങ്കരാടി, മുത്തയ്യ ഇങ്ങനെ പോകുന്നു പഴയ സിനിമാ ചങ്ങാതിമാരുടെ പട്ടിക.

അകാലത്തില്‍ പൊലിഞ്ഞ മിസ് കുമാരിയും രാഗിണിയും വിജയശ്രീയും എല്ലാം മധുവിന് വേദനിക്കുന്ന ഓര്‍മ്മകളാണ്. എന്നാല്‍ ചെമ്മീനിലെ നഷ്ടാനുരാഗത്തിന്‍റെ പ്രതീകമായ ആ പഴയ പരീക്കുട്ടിക്ക് തന്‍റെ കറുത്തമ്മ എന്ന വെളുവെളുത്ത ഷീലയെ തിരിച്ചു കിട്ടിയി. മമ്മൂട്ടിയുടെ തസ്കരവീരന്‍ എന്ന ചിത്രത്തില്‍ വളരെ നാളുകള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു

ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ഭീഷണിയല്ലെന്ന് ക്ലാര്‍ക്ക്


PRO
ട്വന്‍റി-20 ലോകകപ്പിന്‍റെ സൂപ്പര്‍ എട്ടില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ തങ്ങള്‍ക്ക് ഭീഷണിയാവില്ലെന്ന് ഓസ്ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ഇന്ത്യന്‍ സ്പിന്നര്‍മാരെ നേരിടാന്‍ ഓസീസ് താരങ്ങള്‍ സജ്ജമാണെന്നും ക്ലാര്‍ക്ക് പറഞ്ഞു. പ്രതിഭകളുടെ സംഘമാണ് ഇന്ത്യന്‍ ടീം. ഒരുപറ്റം മികച്ച സ്പിന്നര്‍മാരും അവര്‍ക്കുണ്ട്. ഹര്‍ഭജന്‍ സിംഗ് ലോകോത്തര നിലവാരമുള്ള ബൌളറാണ്. സ്പിന്നര്‍മാരെ കളിക്കാന്‍ ഓരോ ടിമിനും പ്രത്യേക തന്ത്രമുണ്ട്.

ഞങ്ങളും അത്തരം തന്ത്രങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. സ്പിന്നിനെ നല്ല രീതിയില്‍ കളിക്കാന്‍ കഴിയുന്ന ബാറ്റ്‌സ്മാന്‍‌മാരും ഞങ്ങള്‍ക്കുണ്ട്. നാളെ എന്തു സംഭവിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം. സ്പിന്നര്‍മാര്‍ ഈ ടൂര്‍ണമെന്‍റില്‍ വലിയ സ്വാധീനം ചെലുത്തുമെങ്കിലും ഫാസ്റ്റ് ബൌളര്‍മാര്‍ക്കും തുല്യ അവസരമുണ്ടെന്ന് ക്ലാര്‍ക്ക് ഓര്‍മിപ്പിച്ചു.

ബാര്‍ബഡോസിലെ പിച്ചില്‍ സ്പിന്നര്‍മാര്‍ക്കും ഫാസ്റ്റ് ബൌളര്‍മാര്‍ക്കും തുല്യ അവസരമാണുള്ളത്. ബൌളര്‍മാരുടെ പ്രകടനമായിരിക്കും ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുക. 140-150 സ്കോര്‍ ഈ പിച്ചില്‍ പ്രതിരോധിക്കാവുന്നതാണ്. ഓരോ കളിയും ആസ്വദിച്ച് കളിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അടുത്ത മത്സരത്തില്‍ ഇന്ത്യ എങ്ങനെ കളിക്കുമെന്നോര്‍ത്ത് ഇപ്പോഴെ ആശങ്കപ്പെടുന്നില്ല

We can handle Indian spinners: Michael Clarke | ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ഭീഷണിയല്ലെന്ന് ക്ലാര്‍ക്ക്

പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ടീം വീണ്ടും


IFM
മലയാളത്തിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടിലൊന്നായ പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ടീം വീണ്ടും വരുന്നു. മോഹന്‍ലാലിനെ നായകനാക്കി ഒരു മലയാള ചിത്രം ഒരുക്കാനുള്ള ആലോചനകളിലാണ് താനെന്ന് പ്രിയദര്‍ശന്‍ അറിയിച്ചു. ഇതിന്‍റെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും.

ഒരു കോമഡി എന്‍റര്‍‌ടെയ്നര്‍ തന്നെയായിരിക്കും ലാല്‍ - പ്രിയന്‍ കൂട്ടുകെട്ടില്‍ 2011ല്‍ സംഭവിക്കാന്‍ പോകുന്നത്. ഈ ചിത്രത്തിന്‍റെ തിരക്കഥ പ്രിയദര്‍ശന്‍ തന്നെ രചിക്കുമെന്നാണ് കരുതപ്പെടുന്നത്. നായിക ബോളിവുഡില്‍ നിന്നായിരിക്കും.

ഇപ്പോള്‍ അഞ്ചോളം ഹിന്ദിച്ചിത്രങ്ങളുടെ തിരക്കിലാണ് പ്രിയദര്‍ശന്‍. അവയെല്ലാം ഈ വര്‍ഷം തന്നെ റിലീസ് ചെയ്യാനുള്ളവയാണ്. അതിനു ശേഷമായിരിക്കും മലയാള ചിത്രത്തിന്‍റെ ജോലികള്‍ ആരംഭിക്കുക. മലയാളത്തില്‍ ഒരു വന്‍ ഹിറ്റ് സൃഷ്ടിക്കുക തന്നെയാണ് തന്‍റെ ലക്‍ഷ്യമെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കിക്കഴിഞ്ഞു.


Priyan - Lal team again | പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ടീം വീണ്ടും

റാഗിംഗിനിടയില്‍ കണ്ണ് ഇടിച്ചുപൊട്ടിച്ചു!

തിരുനെല്‍‌വേലിയിലെ എഞ്ചിനീയറിംഗ് കൊളേജില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥിയുടെ ഒരു കണ്ണ് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ഇടിച്ചുപൊട്ടിച്ചു. തിരുനെല്‍വേലി മരുതകുളം നാഷണല്‍ കോളജ്‌ ഓഫ്‌ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ചങ്ങനാശ്ശേരി ഫാത്തിമാപുരം ജലീല്‍ മന്‍സിലില്‍ അബ്ദുള്‍ മന്നാന്‍ റാവുത്തറുടെ മകന്‍ അബ്ദുല്‍ ലത്തീഫിന്റെ (21) കണ്ണാണ് റാഗിംഗ് ക്രൂരന്മാര്‍ ഇല്ലാതാക്കിയത്. കൊച്ചിയില്‍ വ്യാഴാഴ്ച പത്രസമ്മേളനം നടത്തിയാണ് അബ്‌ദുള്‍ ലത്തീഫ് തന്റെ ദാരുണ കഥ മാധ്യമങ്ങളോട് വിവരിച്ചത്.

ആദ്യ ദിവസം തൊട്ടുതന്നെ മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ റാഗിംഗ് ക്രൂരനാടകങ്ങള്‍ അരങ്ങേറിയിരുന്നുവെത്രെ. ഇവര്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ മര്‍ദ്ദനം ഏറ്റുവാങ്ങുക മാത്രമാണ് ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലുള്ള വഴി. പ്രകൃതിവിരുദ്ധ പ്രവര്‍ത്തികള്‍ക്ക് പോലും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിച്ചിരുന്നതായും ആരോപണമുണ്ട്.

തിരുനെല്‍വേലി മരുതകുളം നാഷണല്‍ കോളജില്‍ ക്രൂരമായ റാഗിംഗ് നടത്തുന്നത് തമിഴ് വിദ്യാര്‍ത്ഥികളല്ല എന്നതാണ് മറ്റൊരു രസകരമായ കാര്യം. കേരളത്തില്‍ നിന്നുള്ള ചില വിദ്യാര്‍ത്ഥികള്‍ തന്നെയാണെത്രെ റാഗിംഗിന് ചുക്കാന്‍ പിടിച്ചിരുന്നത്. കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ നെടുങ്കണ്ടം സ്വദേശി അര്‍ഷദ്‌, ആലപ്പുഴ സ്വദേശി അന്‍സല്‍, കണ്ണൂര്‍ സ്വദേശികളായ സലീം, മുഹമ്മദ്‌, പത്തനംതിട്ട സ്വദേശി ഷഫീസ്‌ എന്നിവരാണ് റാഗിംഗ് വീരന്മാരെന്ന് അബ്‌ദുള്‍ ലത്തീഫ് പറഞ്ഞു.

Seniors ragged a junior to eye loss! | റാഗിംഗിനിടയില്‍ കണ്ണ് ഇടിച്ചുപൊട്ടിച്ചു!

കസബിനെ തൂക്കിലേറ്റിയില്ലെങ്കില്‍?

ഭീകരാക്രമണ കേസിലെ പ്രതി അജ്മല്‍ അമീര്‍ കസബിന് മുംബൈയിലെ പ്രത്യേക കോടതി വധശിക്ഷ വിധിച്ചപ്പോള്‍ മനസില്‍ ഇരച്ചെത്തിയത് അഫ്സല്‍ ഗുരുവും കാണ്ഡഹാറും. കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ സംഭവത്തിലുടെ ഇന്ത്യക്ക് കൈവന്ന നഷ്ടം പോലെയാകുമോ അജ്മല്‍ അമീര്‍ കസബെന്ന ലഷ്കര്‍ ഭീകരനെന്ന് പേടിയോടെയാണെങ്കിലും നാം സംശയിക്കേണ്ടിയിരിക്കുന്നു. അജ്മല്‍ അമീര്‍ കസബിന് നിലവില്‍ വധശിക്ഷ വിധിച്ചിരിക്കുന്നത് മുംബൈ ഭീകരാക്രമണ കേസ് കൈകാര്യം ചെയ്ത പ്രത്യേക കോടതിയാണ്. ഇന്ത്യന്‍ ക്രിമിനല്‍ ചട്ടം 366 പ്രകാരം പ്രതിക്ക് ഇനി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പോകാവുന്നതാണ്. അതായത്, ഇപ്പറഞ്ഞ രണ്ട് മേല്‍ക്കോടതികളിലും കസബിന് അപ്പീല്‍ നല്‍കാവുന്നതാണ്.

കസബ് അപ്പീല്‍ നല്കിയാലും വധശിക്ഷയ്ക്ക് മാറ്റമൊന്നും വരില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. പരമോന്നത നീതിപീഠം വധശിക്ഷ ശരിവെച്ചാ‍ലും കസബിന് രാഷ്ട്രപതിയുടെ മുമ്പാകെ ദയാഹര്‍ജി നല്കാവുന്നതാണ്. ഇപ്പോള്‍ തന്നെ 50ല്‍ അധികം ദയാഹര്‍ജികളാണ് രാഷ്ട്രപതിക്ക് മുമ്പിലുള്ളത്. ഈ നിയമനടപടികള്‍ക്ക് ഇനിയും നമ്മുടെ നിയമവ്യവസ്ഥയനുസരിച്ച് കൂടുതല്‍ സമയം എടുക്കേണ്ടി വരും. അതിനാല്‍ തന്നെ ഇത്തരം കാലതാമസങ്ങള്‍ക്ക് കാത്തുനിന്നാല്‍ അത് കൂടുതല്‍ അപകടകരമാകുമെന്നാണ് സുരക്ഷാ ഏജന്‍സികള്‍ സര്‍ക്കാരിന് നല്കുന്ന മുന്നറിയിപ്പ്. അതുകൊണ്ടാണ് അഫ്സല്‍ ഗുരുവിനെയും കസബിനെയും എത്രയും പെട്ടെന്ന് തൂക്കിലേറ്റണമെന്ന് പ്രതിപക്ഷമായ ബി ജെ പി ആവശ്യപ്പെടുന്നതും. കാണ്ഡഹാറില്‍ ബി ജെ പിക്ക് സംഭവിച്ചത് ഇനി ആവര്‍ത്തിക്കരുതെന്നുള്ള ആഗ്രഹവുമുണ്ടാകാം ഇതിനു പിന്നില്‍.

If Kasab not hanged to death ? | കസബിനെ തൂക്കിലേറ്റിയില്ലെങ്കില്‍?

വി എസ് വീണ്ടും പിബിയിലേക്ക്?


PRO
മുഖ്യമന്ത്രി വി എസ് അച്യുതനാന്ദന്‍ വീണ്ടും പോളിറ്റ് ബ്യൂറോയിലേക്ക്. പി ബിയിലെ മുതിര്‍ന്ന അംഗങ്ങള്‍ വി എസിനെ തിരിച്ചുകൊണ്ടു വരികയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനായി ഇപ്പോള്‍ യോഗം ചേരുകയാണ്. രണ്ട് ദിവസമാ‍യി തുടരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിനിടെയാണ് അടിയന്തിരമായി അവൈലബിള്‍ പി ബി ചേരുന്നത്.

2009 ജൂലൈ 11നാണ് പാര്‍ട്ടി അച്ചടക്കം ലംഘിച്ചു എന്നതിന്‍റെ പേരില്‍ വി എസിനെ പി ബി യില്‍ നിന്ന് പുറത്താക്കിയത്. അതിനുശേഷം ഇത്രയുംകാലം പാര്‍ട്ടിക്ക് വിധേയനാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ഇക്കാര്യം മുന്‍‌നിര്‍ത്തിയാണ് വി എസിനെതിരായ നടപടി പുന:പരിശോധിക്കാന്‍ പി ബി ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

അവൈലബിള്‍ പി ബിയുടെ തീരുമാനം വെള്ളിയാഴ്ച കേന്ദ്രകമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യും. ഇതിനുശേഷം കേന്ദ്ര കമ്മിറ്റി അംഗീകാരത്തോടെ വി എസ് പിബിയില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്.

ന്യൂസ് വീക് മാഗസിന്‍ വില്‍പ്പനയ്ക്ക്


വാഷിംഗ്ടണ്‍ പോസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ന്യൂസ് വീക് മാഗസിന്‍ വില്‍പ്പനയ്ക്ക്. കനത്ത സാമ്പത്തിക നഷ്ടത്തെ തുടര്‍ന്നാണ് ലോകത്തെ ഏറ്റവും പ്രമുഖ മാഗസിനുകളിലൊന്നായ ന്യൂസ് വീക്ക് വില്‍ക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

സമകാലിക വിഷയങ്ങളുമായി പുറത്തിറങ്ങുന്ന ന്യൂസ് വീക്ക് ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് വന്‍ നഷ്ടത്തിലായിരുന്നു. ഓണ്‍ലൈന്‍ മീഡിയകളുടെ കടന്നുവരവും അച്ചടി പ്രസിദ്ധീകരനമായ ന്യൂസ്‌വീക്കിന്റെ വില്‍പ്പനയിലേക്ക് നയിച്ചിരിക്കുകയാണ്. 1961-ലാണ് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ കീഴില്‍ ന്യൂസ് വീക്ക് തുടങ്ങിയത്.

ന്യൂസ് വീക്ക് അടക്കമുള്ള വാഷിംഗ്ടണ്‍ പോസ്റ്റിന്റെ മാഗസിന് ഡിവിഷന് 2008 വര്‍ഷത്തില്‍ 29.3 ദശലക്ഷം ഡോളറിന്റെ നഷ്ടമാണ് നേരിട്ടത്. ആഗോള സാമ്പത്തിക പ്രതിസന്ധി ശക്തമായതോടെ പരസ്യവരുമാനവും കുത്തനെ ഇടിഞ്ഞു. ഇതിനു പുറമെ വരിക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്

Newsweek magazine up for sale | ന്യൂസ് വീക് മാഗസിന്‍ വില്‍പ്പനയ്ക്ക്

ഓട്ടോ കമ്പനികള്‍ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നു

രാജ്യത്തെ പ്രമുഖ വാഹനനിര്‍മ്മാണ കമ്പനികള്‍ ഉത്തരാഖണ്ഡിലെ പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ പദ്ധതിയിടുന്നു. രാജ്യത്തെ വാഹന വിപണിയില്‍ മികച്ച മുന്നേറ്റം നടത്തുന്നതിന്റെ ഭാഗമായാണിത്. ടാറ്റാ മോട്ടോര്‍സ്, ഹീറോ ഹോണ്ട, ബജാജ് ഓട്ടോ കമ്പനികളാണ് ഉത്തരാഖണ്ഡിലെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നത്.

പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നത് സംബന്ധിച്ച് മൂന്നു കമ്പനികളും സര്‍ക്കാറുമായി ചര്‍ച്ച നടത്തിവരികയാണ്. പുതിയ പദ്ധതിക്ക് ആവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍, സൌജന്യ ഭൂമി, മറ്റു സംവിധാനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തേണ്ടതുണ്ടെന്ന് മൂന്ന് കമ്പനികളുടെയും മേധാവികള്‍ അറിയിച്ചു.

ഉത്തരാഖണ്ഡില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വാഹനനിര്‍മ്മാണ കമ്പനികള്‍ പ്ലാന്റുകള്‍ വിപുലീകരിക്കുന്നത് സംബന്ധിച്ച് വിവരം ലഭിച്ചതായി മുഖ്യമന്ത്രി രമേഷ് പൊക്രിയാല്‍ നിശങ്ക് അറിയിച്ചു. രാജ്യത്തെ കൂടുതല്‍ ഓട്ടോ പ്ലാന്റുകള്‍ വരുന്നത് സംസ്ഥാനത്തെ വികസനത്തെ ഏറെ സ്വാധീനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Auto companies may plan expansion in Uttarakhand | ഓട്ടോ കമ്പനികള്‍ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നു

മാര്‍ച്ചില്‍ കയറ്റുമതി 50 ശതമാനം വര്‍ധിച്ചു

മാര്‍ച്ചില്‍ രാജ്യത്തു നിന്നുള്ള കയറ്റുമതിയില്‍ 50 ശതമാനത്തിന്റെ മുന്നേറ്റം. മാര്‍ച്ചിലെ കണക്കുകള്‍ അനുസരിച്ച് മൊത്ത കയറ്റുമതി 19.9 ബില്യന്‍ ഡോളറായി ഉയര്‍ന്നു. അതേസമയം, കപ്പല്‍ വഴിയുള്ള കയറ്റുമതി മാര്‍ച്ചില്‍ 4.7 ശതമാനം ഇടിഞ്ഞിട്ടുണ്ട്. ആഗോള സാമ്പത്തിക പ്രതിസന്ധിയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ കപ്പല്‍ വഴിയുള്ള കയറ്റുമതി കുറയാന്‍ കാരണമായതെന്ന് വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ പറഞ്ഞു.

സാമ്പത്തിക മാന്ദ്യം കയറ്റുമതിയെ ബാധിച്ചെങ്കിലും ഇപ്പോള്‍ മികച്ച മുന്നേറ്റത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. 2009-10ല്‍ ഏപ്രില്‍ മുതല്‍ മാര്‍ച്ച് കാലയളവില്‍ രാജ്യത്തെ കയറ്റുമതി 176.5 ബില്യന്‍ ഡോളറാണ്. മുന്‍‌വര്‍ഷം ഇക്കാലയലവില്‍ കയറ്റുമതി വരുമാനം 78.7 ബില്യന്‍ ഡോളറായിരുന്നു.

ഇക്കാലയളവിലെ വ്യാപാര കമ്മിയും ഇടിഞ്ഞിട്ടുണ്ട്. വ്യാപാര കമ്മി മുന്‍ സാമ്പത്തിക വര്‍ഷത്തെ 118 ബില്യന്‍ ഡോളറില്‍ നിന്ന് 2009-10 വര്‍ഷത്തില്‍ 102 ബില്യന്‍ ഡോളറായി ഇടിഞ്ഞിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 200 ബില്യന്‍ ഡോളര്‍ കയറ്റുമതിയാണ് ലക്‍ഷ്യമിടുന്നതെന്നും കേന്ദ്രം അറിയിച്ചു. 2014 വര്‍ഷത്തില്‍ ഇപ്പോഴുള്ളതിന്റെ ഇരട്ടി കയറ്റുമതി വരുമാനമാണ് പ്രതീക്ഷിക്കുന്നത്

Exports rise 50 percent in March; fall for whole fiscal | മാര്‍ച്ചില്‍ കയറ്റുമതി 50 ശതമാനം വര്‍ധിച്ചു

ഒടുവില്‍ മരണമെത്തി, ബെന്‍സി യാത്രയായി


PRO
ബെന്‍സി മരണത്തിന് കീഴടങ്ങി. എച്ച് ഐ വി ബാധിതരായ ബെന്‍സണ്‍ - ബെന്‍സി സഹോദരങ്ങളില്‍ ബെന്‍സി(14) തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ മരിച്ചു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു അന്ത്യം.

കൊല്ലം ആദിച്ചനല്ലൂര്‍ പഞ്ചായത്ത് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ബെന്‍സിയെ ഒരാഴ്ച മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയോടെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

എച്ച് ഐ വി ബാധയെ തുടര്‍ന്ന് ബെന്‍സിയുടെ പിതാവ് സി കെ ചാണ്ടി 1997ലും മാതാവ് പ്രിന്‍സി 2000ലും മരിച്ചിരുന്നു. മുത്തശ്ശിയുടെ സംരക്ഷണത്തിലായിരുന്നു പിന്നീട് ബെന്‍സണും ബെന്‍സിയും.

2003 മുതല്‍ ബെന്‍സണും ബെന്‍സിയും എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യവകുപ്പിന്‍റെ വാഹനത്തിലായിരുന്നു ഇവരെ ആശുപത്രിയിലെത്തിച്ചിരുന്നത്. ഹിന്ദുസ്ഥാന്‍ ലാറ്റക്സ് 2004 മുതല്‍ കുട്ടികള്‍ക്കായി മാസം 5000 രൂപയുടെ പോഷകാഹാരം നല്‍കുന്നുണ്ടായിരുന്നു. മരുന്ന് സര്‍ക്കാര്‍ സൌജന്യമായാണ് നല്‍കിയിരുന്നത്. കൊല്ലം കലക്ടര്‍ ഇടപെട്ട് കുട്ടികളെ നോക്കാന്‍ ഒരു ഹോംനേഴ്സിനെ ഏര്‍പ്പെടുത്തിയിരുന്നു.

Bency passes away | ഒടുവില്‍ മരണമെത്തി, ബെന്‍സി യാത്രയായി

‘ഉജ്ജ്വല’ നികം അഥവാ ഉജ്ജ്വല്‍ നികം


PRO
പേരു പോലെ തന്നെയാണ് തന്‍റെ വാ‍ദവുമെന്ന് ഉജ്ജ്വല്‍ നികം ഒരിക്കല്‍ കൂടി സംശയാതീതമായി തെളിയിച്ചു. മുംബൈ ഭീകരാ‍ക്രമണ കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറായി പ്രത്യേക കോടതിയില്‍ ഹാജരാവാന്‍ നിയുക്തനായപ്പോള്‍ ആരുടെയും പുരികം ഉയര്‍ന്നില്ല എന്നത് തന്നെ നികമിന്‍റെ വാദമികവിന്‍റെ നേര്‍ സാക്‍ഷ്യമായിരുന്നു. ഇപ്പോള്‍ രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച അജ്മല്‍ അമീര്‍ കസബെന്ന പാക് തിവ്രവാദിക്ക് അര്‍ഹിക്കുന്ന പരമാവധി ശിക്ഷ തന്നെ വാങ്ങിക്കൊടുത്ത് നികം ഒരിക്കല്‍ കൂടി രാജ്യത്തിന്‍റെ അഭിമാനമായി.

നികമാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ എന്ന് കേട്ടാല്‍ ഏത് കൊടും കുറ്റവാളിയും തൂക്കുകയറിലേക്ക് കണ്ണയച്ചു തുടങ്ങുമെന്ന് കോടതിവൃത്തങ്ങളില്‍ ഒരു ചൊല്ലുണ്ട്. ഇപ്പോഴത് ഒരിക്കല്‍ കൂടി ബോധ്യമായി. 1993ലെ മുംബൈ സ്ഫോടനകേസിലും ഗുല്‍‌ഷന്‍ കുമാര്‍ വധക്കേസിലും, പ്രമോദ് മഹാജന്‍ വധക്കേസിലുമെല്ലാം സര്‍ക്കാരിന്‍റെ ഭാഗം വാദിച്ചത് നികമായിരുന്നു.

മുപ്പതു വര്‍ഷത്തെ അഭിഭാഷക ജീവിതത്തില്‍ ദയയുടെ കണിക പോലുമര്‍ഹിക്കാത്ത 613 പ്രതികള്‍ക്ക് നികം ജീവപര്യന്തം വാങ്ങിക്കൊടുത്തപ്പോള്‍ 38 പ്രതികളെ തൂക്കുമരത്തിലേക്ക് അയച്ചു‍. പ്രമാദമാ‍യ ഒട്ടേറെ കേസുകളില്‍ സര്‍ക്കാരിന്‍റെ ഭാഗം വാദിക്കുന്ന അഭിഭാഷകന്‍റെ ജീവന്‍ വിലപ്പെട്ടതാണെന്ന് സര്‍ക്കാരിനുമറിയാം. അതുകൊണ്ടാണ് ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് നല്‍‌കുന്ന ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ നികമിന് സര്‍ക്കാര്‍ അനുവദിച്ചതും.

മുംബൈ ഭീകരാക്രമണത്തില്‍ ലഷ്കര്‍ ഇ ത്വൊയ്ബ തീവ്രവാദികള്‍ക്ക്‌ പുറമെ പാക്കിസ്ഥാന്‍ ഭരണകൂടത്തിനും പങ്കുണ്ടെന്ന്‌ നികം കോടതിയില്‍ സ്ഥാപിച്ചു. കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും ഹാജരാക്കാനും ഭീകരാക്രമണത്തില്‍ കസബിന്റെ പങ്ക്‌ കോടതിയില്‍ തെളിയിക്കാനും ഉജ്വല്‍ നികമിന്‌ കഴിഞ്ഞു.

വിപണിയില്‍ നഷ്ടത്തോടെ ക്ലോസിംഗ്

ആഭ്യന്തര ഓഹരി വിപണികള്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. വ്യാ‍ഴാഴ്ച രാവിലെ തന്നെ നഷ്ടത്തോടെ വ്യാപാരം തുടങ്ങിയ വിപണികളിലെ ഇടിവ് ക്ലോസിംഗ് വരെ തുടര്‍ന്നു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 96 പോയിന്റ് നഷ്ടത്തോടെ 16,991.96 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്.

സെന്‍സെക്സിലെ നഷ്ടത്തിന് സമാനമായ ഇടിവ് ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 34.60 പോയിന്റ് ഇടിഞ്ഞ് 5090.30 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. ഒരു സമയത്ത് നിഫ്റ്റി 5037.75 വരെ താഴ്ന്നിരുന്നു. യു എസ്, ഏഷ്യന്‍ വിപണികളിലെ നഷ്ടമാണ് ആഭ്യന്തര വിപണികളിലും പ്രകടമായിരിക്കുന്നത്.

സിപ്ല, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഗ്രാസിം, ഒ എന്‍ ജി സി, എസ് ബി ഐ ഓഹരികള്‍ മികച്ച നേട്ടം കൈവരിച്ചപ്പോള്‍ ഭൂരിഭാഗം ഓഹരികളും ഇടിവോടെയാണ് വ്യാപാരം നിര്‍ത്തിയത്. ടാറ്റാ മോട്ടോര്‍സ്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, എച്ച് ഡി എഫ് സി, ഭാരതി എയര്‍ടെല്‍, ഐ ടി സി ഓഹരികളാണ് കനത്ത നഷ്ടം നേരിട്ടത്. ബി എസ് ഇയിലെ 1440 ഓഹരികള്‍ നഷ്ടത്തോടെ വ്യാപാരം നിര്‍ത്തിയപ്പോള്‍ 1356 ഓഹരികള്‍ നേരിയ ലാഭം നേടി

Sensex extends losses, ends 0.56 percent down | വിപണിയില്‍ നഷ്ടത്തോടെ ക്ലോസിംഗ്

രൂപയുടെ മൂല്യത്തില്‍ 17 പൈസ ഇടിവ്

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്. വ്യാഴാഴ്ച പതിനേഴു പൈസയുടെ ഇടിവാണ് വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിദേശ മൂലധന നിക്ഷേപത്തില്‍ ഇടിവുണ്ടാകുമെന്ന ഭീതിയാണ് രൂപയുടെ മൂല്യം താഴാനിടയാക്കിയത്.

ഫൊറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം ഡോളറിന് 44.10 രൂപയെന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഡോളറിനെതിരെ 32 പൈസയുടെ ഇടിവോടെ 44.93/94 എന്ന നിലയിലായിരുന്നു വ്യാപാരം ക്ലോസ് ചെയ്തിരുന്നത്.

ഏഷ്യന്‍, യു എസ് വിപണികളിലെ മാന്ദ്യവും രൂപയെ ബാധിച്ചിട്ടുണ്ട്. ആഭ്യന്തര വിപണിയില്‍ തുടക്ക വ്യാപാരത്തില്‍ തന്നെ വന്‍ ഇടിവാണ് പ്രകടമായിരിക്കുന്നത്. ആഭ്യന്തര വിപണിയില്‍ സെന്‍സെക്സ്, നിഫ്റ്റി ഓഹരികള്‍ ആദ്യ അഞ്ചു മിനുറ്റില്‍ തന്നെ താഴോട്ടുപോയി.

Rupee depreciates 17 p against dollar in early trade | രൂപയുടെ മൂല്യത്തില്‍ 17 പൈസ ഇടിവ്

ബലാത്സംഗം: വിവരം നല്‍കിയാല്‍ പാരിതോഷികം

ഈസ്റ്റ് സസെക്സില്‍ ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തയാളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 500 പൌണ്ട് പാരിതോഷികം നല്‍കുമെന്ന് ലണ്ടന്‍ പൊലീസ്. ഏപ്രില്‍ 11ന് നടന്ന സംഭവത്തിലെ പ്രതിയെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിക്കാത്തതിനാലാണ് പാരിതോഷികം പ്രഖ്യാപിക്കാന്‍ പൊലീസ് നിര്‍ബന്ധിതരായത്.

ഏപ്രില്‍ 11ന് പുലര്‍ച്ചെ ഹേസ്റ്റിംഗ്സിലാണ് 18കാരിയായ പെണ്‍കുട്ടിയെ അജ്ഞാതന്‍ ബലാത്സംഗം ചെയ്തത്. സെന്‍റ് ലിയോനാര്‍ഡ്സ് വാരിയര്‍ സ്ക്വയര്‍ റെയില്‍‌വെ സ്റ്റേഷന് സമീപം ഒരു ഇടവഴിയിലാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്.

ഈ റോഡിന് സമീപം സ്ഥാപിച്ചിരുന്ന ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറയില്‍ നിന്നുള്ള ചിത്രങ്ങളില്‍ പ്രതിയുടെ രൂപം ദൃശ്യമാണ്. പെണ്‍കുട്ടിയുടെ സമീപത്തേക്ക് ഒരാള്‍ വരുന്ന ചിത്രവും, ആക്രമണത്തിന് ശേഷം അയാള്‍ ഓടിപ്പോകുന്ന ചിത്രവും സി സി ടി വിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇയാള്‍ ആരാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

സുഹൃത്തുക്കളെ സന്ദര്‍ശിക്കാനായാണ് കെന്‍റിലെ ടണ്‍ബ്രിഡ്ജ് വെല്‍‌സ് സ്വദേശിനിയായ പെണ്‍കുട്ടി ഹേസ്റ്റിംഗ്സിലെത്തിയത്. സംശയത്തിന്‍റെ പേരില്‍ ഒരു 29കാരനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു.

Reward offered in Hastings alleyway rape inquiry | ബലാത്സംഗം: വിവരം നല്‍കിയാല്‍ പാരിതോഷികം

ചെറുകാര്‍ എഞ്ചിന്‍ തയ്യാര്‍: ബജാജ്


PRO
PRO
രാജ്യത്തെ മുന്‍‌നിര വാഹനനിര്‍മ്മാണ കമ്പനിയായ ബജാജ് ഓട്ടോ പുറത്തിറക്കുന്ന ചെറു കാറിന്റെ എഞ്ചിന്‍ തയ്യാറായെന്ന് മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജ് അറിയിച്ചു. റിണോള്‍ട്ട്- നിസ്സാനുമായി ചേര്‍ന്നാണ് ബജാജ് ചെറുകാര്‍ നിര്‍മ്മിക്കുന്നത്. മൂന്ന് കമ്പനികളുടെ സഹായത്തോടെ വികസിപ്പിച്ചെടുത്ത എഞ്ചിനോടു കൂടിയ ചെറുകാര്‍ 2012ല്‍ വിപണിയിലെത്തുമെന്നാണ് കരുതുന്നത്. ബജാജ് ചെറുകാറിന് ഏകദേശം രണ്ട് ലക്ഷം രൂപ വില നല്‍കേണ്ടിവരുമെന്നും കമ്പനി മേധാവി അറിയിച്ചു.

ബജാജിന്‍റെ നിര്‍ദ്ദിഷ്ട ചെറുകാറിന് 30 കിലോമീറ്റര്‍ മൈലേജാണ് ലക്‌ഷ്യമിടുന്നതെന്ന് കഴിഞ്ഞ ദിവസം കമ്പനി വ്യക്തമാക്കിയിരുന്നു. ഇരുചക്രവാഹന ഉപയോക്താക്കളെയാണ് ഇതിലൂടെ ലക്‍ഷ്യമിടുന്നതെന്ന് രാജീവ് ബജാജ് പറഞ്ഞു. 30 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമ്പോള്‍ യാത്രയ്ക്ക് കാര്‍ തെരഞ്ഞെടുക്കാന്‍ ഇരുചക്രവാഹന യാത്രികര്‍ തയ്യാറാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇരുചക്രവാഹന വിപണിയില്‍ നിന്ന് ലഭിച്ച അനുഭവസമ്പത്ത് ചെറുകാര്‍ നിര്‍മ്മാണ വേളയില്‍ വിനിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൂര്‍ണ്ണമായും ഉപയോക്താക്കളെ തൃപ്തിപ്പെടുത്തുന്ന വാഹനമായിരിക്കും പുറത്തിറക്കുകയെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഒരു ലക്ഷത്തി പതിനായിരം രൂപയാണ് ചെറുകാറിന് ബജാജ് വില കണക്കാക്കുന്നത്. ഇതോടൊപ്പം 30 കിലോമീറ്റര്‍ മൈലേജ് എന്ന സ്വപ്നം കൂടി യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ ബജാജിന്‍റെ വാഹനം ചെറുകാര്‍ വിപണിയില്‍ വന്‍ ചലനം സൃഷ്ടിക്കുമെന്നാണ് വാഹന വിദഗ്ധര്‍ വിലയിരുത്തുന്നത്.

Small car engine ready, says Bajaj | ചെറുകാര്‍ എഞ്ചിന്‍ തയ്യാര്‍: ബജാജ്

ഹൂട്ടണ്‍ തുടരണമെന്ന് ബൂട്ടിയ


PRO
ഇന്ത്യന്‍ ഫൂട്ബോള്‍ ടീം പരിശീലകനായി ബോബ് ഹൂട്ടണ്‍ തുടരണമെന്ന് നായകന്‍ ബൈച്ചുംഗ് ബൂട്ടിയ. ഫെഡറേഷനില്‍ നിന്ന് വേണ്ട സഹകരണം ലഭിക്കാത്തതിനാലാണ് ഹൂട്ടണ്‍ രാജിവെച്ചതെന്നും ബൂട്ടിയ പറഞ്ഞു. ഇന്ത്യന്‍ ഫുട്ബോളിനെ സ്നേഹിക്കുന്നവരെല്ലാം ഹുട്ടന്‍റെ പുറകിലുണ്ട്. അദ്ദേഹം പരിശീലകനായി തുടരണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഫെഡറേഷന്‍ അധികൃതരില്‍ നിന്ന് ഹൂട്ടണ് ആവശ്യമായ പിന്തുണ ലഭിക്കാത്തത് നിര്‍ഭാഗ്യകരമാണെന്നും ബൂട്ടിയ പറഞ്ഞു.

ഇന്ത്യന്‍ ഫുട്ബോളിനെ പുതിയ തലത്തിലേക്ക് നയിച്ച ഹൂട്ടണ്‍ പരിശീലകനായിരിന്നപ്പോഴാണ് ഇന്ത്യയ്ക്ക് 24 വര്‍ഷത്തിനുശേഷം ഏഷ്യാ കപ്പിന് യോഗ്യത നേടാന്‍ കഴിഞ്ഞത്. ഇന്നലെയാണ് ഹൂട്ടണ്‍ രാജിവെച്ചെന്ന അഭ്യൂഹം പരന്നത്. എന്നാല്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റും കേന്ദ്ര മന്ത്രിയുമായ പ്രഫുല്‍പട്ടേല്‍ ഇത് നിഷേധിക്കുകയായിരുന്നു.

കരാര്‍ നീട്ടാത്തതിലും വേതനം വര്‍ധിപ്പിക്കാത്തതിലും പ്രതിഷേധിച്ച് ഹൂട്ടണ്‍ രാജി നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അടുത്തവര്‍ഷം ജനുവരിയില്‍ ദോഹയില്‍ നടക്കുന്ന ഏഷ്യന്‍കപ്പ് വരെയാണ് ഹൂട്ടണുമായി കരാറുള്ളത്. ഇംഗ്ലീഷ് കോച്ചിന്റെ ഏജന്റിനോട് മറ്റൊരു പരിശീലകനെ അന്വേഷിക്കാന്‍ ഫെഡറേഷന്‍ സെക്രട്ടറി ആല്‍ബര്‍ട്ടൊ കൊളാസോ ആവശ്യപ്പെട്ടതാണ് ഹൂട്ടനെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.

കരാര്‍ 2013 വരെ ദീര്‍ഘിപ്പിക്കാനും മാസം 10,000 ഡോളര്‍ ശമ്പളവര്‍ധനയും ഹൂട്ടന്‍ ആവശ്യപ്പെട്ടെന്നും അഭ്യൂഹമുണ്ട്. 2,40,000 ഡോളറാണ് (ഏകദേശം ഒരു കോടി ഏഴു ലക്ഷം രൂപ) ഹൂട്ടന്റെ വാര്‍ഷിക ശമ്പളം. ഹൂട്ടന്‍ സ്ഥാനമൊഴിയുകയാണെങ്കില്‍ ഇന്ത്യയുടെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഒരുക്കങ്ങള്‍ക്ക് വന്‍ തിരിച്ചടി നേരിടും. 2006-ല്‍ മുന്‍ ഫുള്‍ഹാം മിഡ്ഫീല്‍ഡര്‍ പരിശീലകനായ ശേഷം മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയത്. രണ്ടുതവണ നെഹ്രുകപ്പില്‍ ടീം ചാമ്പ്യന്മാരായി. ഏഷ്യന്‍ ചാലഞ്ച് കപ്പ് വിജയിച്ച് 24 വര്‍ഷത്തിനു ശേഷം ഇന്ത്യയ്ക്ക് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിക്കൊടുക്കാനും ഹൂട്ടനായി

Bhutia wants coach to stay | ഹൂട്ടണ്‍ തുടരണമെന്ന് ബൂട്ടിയ

ഐപിഎല്‍: തെറ്റ് പറ്റിയിട്ടില്ലെന്ന് ശാ‍സ്ത്രി


PRO
ഐ പി എല്‍ ഭരണ സമിതി അംഗം എന്ന നിലയില്‍ തന്നെ ഏല്‍‌പ്പിച്ച ദൌത്യങ്ങള്‍ ഭംഗിയായി ചെയ്തിട്ടുണ്ടെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ രവിശാ‍സ്ത്രി. ലളിത് മോഡിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന്, ഗവാസ്കറും ശാസ്ത്രിയും അടക്കമുള്ള ഭരണ സമിതി അംഗങ്ങള്‍ എന്തു ചെയ്യുകയായിരുന്നു എന്ന മുന്‍ താരം ബിഷന്‍ സിംഗ് ബേദിയുടെ ചോദ്യത്തിനോട് പ്രതികരിക്കുകയയിരുന്നു ശാസ്ത്രി.

എന്‍റെ ജോലി ക്രിക്കറ്റിനെ സംബന്ധിച്ച ചോദ്യങ്ങള്‍ ചോദിക്കുക എന്നായിരുന്നു. അത് ഭംഗിയായി ചെയ്തു എന്നാ‍ണ് എന്‍റെ വിശ്വാസം. എല്ലാ കുഴപ്പങ്ങളും തുടങ്ങിയത് കഴിഞ്ഞ ആറ്-എട്ട് മാസങ്ങള്‍ക്കിടയിലായിരുന്നുവെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. സാമ്പത്തികമായ കാര്യങ്ങള്‍ നോക്കി നടത്തുന്നതിന് പ്രത്യേക സമിതി ഉണ്ടായിരുന്നു. അറിവുള്ള കാര്യത്തെ പറ്റി മാത്രമേ ഭരണ സമിതി യോഗങ്ങളില്‍ അഭിപ്രായം പറഞ്ഞിട്ടുളളു. ഐ പി എല്‍ മത്സരശേഷമുള്ള പര്‍ട്ടികള്‍ വേണമെന്ന് എനിക്ക് അഭിപ്രായമില്ല.

കളിക്കാര്‍ കളിച്ച് തളര്‍ന്നതിനു ശേഷം ഇത്തരം പാര്‍ട്ടികളിലും പങ്കെടുക്കണമെന്ന് പറയുന്നത് അനീതിയാ‍ണ്. കളിക്കാന്‍ അവസരം ലഭിക്കാത്ത താരങ്ങള്‍ക്ക് ചിലപ്പോള്‍ ഇത്തരം പാര്‍ട്ടികള്‍ ആസ്വദിക്കാന്‍ കഴിഞ്ഞേക്കാം. ഐ പി എല്ലില്‍ 90 ശതമാനവും ക്രിക്കറ്റ് ആയിരിക്കണമെന്നാണ് എന്‍റെ അഭിപ്രായം. എന്നാല്‍ ഇപ്പോള്‍ നടക്കുന്നവയില്‍ 60 ശതമാനം ക്രിക്കറ്റും 40 ശതമാനം വിനോദവുമാണ്. പുറമെ കേള്‍ക്കുന്ന കാര്യങ്ങളെല്ലാം വിശ്വസിയ്ക്കാന്‍ കഴിയില്ലെങ്കിലും ബി സി സി ഐ നല്‍കിയ കുറ്റപത്രത്തിന് ലളിത് മോഡി ഉത്തരം നല്‍കിയേ മതിയാവൂ എന്നും ശാസ്ത്രി പറഞ്ഞു.

‘My job was to only ask the cricketing questions’ | ഐപിഎല്‍: തെറ്റ് പറ്റിയിട്ടില്ലെന്ന് ശാ‍സ്ത്രി

സച്ചിന്‍ ട്വിറ്ററില്‍ ചേര്‍ന്നതെന്തിന്?


PRO
സച്ചിന്‍ ട്വിറ്ററില്‍ ചേരാന്‍ ഇത്രയും വൈകിയതെന്ത് എന്നാണ് ആരാധകര്‍ ഇപ്പോള്‍ ചോദിക്കുന്നത്. എന്നാല്‍ എന്തിനാണ് ഇപ്പോള്‍ സച്ചിന്‍ ട്വിറ്ററില്‍ ചേര്‍ന്നതെന്ന് ആരാധകര്‍ ചോദിച്ചാല്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക് കൃത്യമായ ഉത്തരമുണ്ട്. തന്‍റെ അപരനെ ഒഴിവാക്കാനെന്ന്. സച്ചിന്‍ ട്വിറ്ററില്‍ ചേരുന്നതിനു മുന്‍പ് തന്നെ സച്ചിന്‍റെ പേരില്‍ നിരവധി വ്യാജ പ്രൊഫൈലുകള്‍ ട്വിറ്ററില്‍ ഉണ്ടായിരുന്നു. ഇവരില്‍ ചിലര്‍ സച്ചിനെപ്പോലെ മത്സരങ്ങളെ ആധികരികമായി വിലയിരുത്തുകയും ആരാധകര്‍ക്ക് തെറ്റായ സന്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.

സച്ചിന്‍റെ സുഹൃത്തും ഫോട്ടോഗ്രാഫറുമായ അതുല്‍ കസ്ബേക്കറാണ് ഇക്കാര്യം സച്ചിനോട് ചൂണ്ടിക്കാട്ടിയത്. ഇത് ശരിയല്ലെന്ന് സച്ചിന് തോന്നി. എന്നാല്‍ പിന്നെ നേരിട്ട് ട്വിറ്ററില്‍ അവതരിക്കാമെന്ന് ക്രിക്കറ്റ് ദൈവം തീരുമാനിക്കുകയും ചെയ്തു. ട്വിറ്ററില്‍ ട്വീറ്റ് ചെയ്യാനായി മുന്‍ പരിശീലനമൊന്നും വേണ്ടി വന്നില്ലെന്ന് ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സച്ചിന്‍ പറഞ്ഞു. താന്‍ ട്വിറ്ററില്‍ സ്ഥിരമായി ട്വീറ്റ് ചെയ്യാനൊന്നും പോവുന്നില്ലെന്നും സച്ചിന്‍ പറഞ്ഞു.

സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ പൊതുവെ അന്തര്‍മുഖനാണ്. അതുകൊണ്ടു തന്നെ ഒരുപാട് ട്വീറ്റുകളൊന്നും എന്നില്‍ നിന്ന് പ്രതീക്ഷിക്കേണ്ട. എന്‍റെ സ്വകാര്യ ജീവിതവും ഇവിടെ പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല. എങ്കിലും ട്വിറ്ററില്‍ എത്തിയതിനുശേഷം ലഭിച്ച പ്രതികരണങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ കൈവശമുള്ള കുറേ അപൂര്‍വ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.

Why did Sachin join Twitter? | സച്ചിന്‍ ട്വിറ്ററില്‍ ചേര്‍ന്നതെന്തിന്?

ഫേസ്ബുക്ക് പ്രൊഫൈലുകള്‍ വില്‍പ്പനയ്ക്ക്

ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്കിന്റെ പ്രൊഫൈലുകള്‍ വില്‍പ്പനയ്ക്ക്. ഏകദേശം 1.5 ദശലക്ഷം ഫേസ്ബുക്ക് പ്രൊഫൈലുകള്‍ ഓണ്‍ലൈനിലെ ബ്ലാക്ക് മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്ക് വച്ചതായാണ് റിപ്പോര്‍ട്ട്.

ഇന്റര്‍നെറ്റ് സുരക്ഷാ മേഖലയില്‍ ഗവേഷണം നടത്തുന്ന വെരിസൈന്‍ ഐഡിഫന്‍സ് ലാബാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ‘കിര്‍ലോസ്’ എന്ന പേരിലുള്ള ഹാക്കറാണ് ഫേസ്ബുക്ക് പ്രൊഫൈലുകള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. റഷ്യന്‍ വെബ്സൈറ്റുകളായ കാര്‍ഡര്‍ ഡോട്ട് എസ് യു, ദി സണ്‍ ഡോട്ട് കോ ഡോട്ട് യു കെ സൈറ്റുകളിലാണ് ഫേസ്ബുക്ക് ലോഗിന്‍ വിവരങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്.

അതേസമയം, ഇത്തരമൊരു വാര്‍ത്ത ഫേസ്ബുക്ക് നിഷേധിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പ്രൊഫൈലുകള്‍ ആര്‍ക്കും വില്‍ക്കാനാകില്ലെന്നും അത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും ഫേസ്ബുക്ക് മേധാവികള്‍ അറിയിച്ചു. കിര്‍ലോസ് എന്ന ഹാക്കറെ കുറിച്ച് അന്വേഷണം നടത്തിയെങ്കിലും വേണ്ടപ്പെട്ട തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.

ആയിരം ഫേസ്ബുക്ക് പ്രൊഫൈലുകള്‍ക്ക് 25 ഡോളറാണ് വിലയിട്ടിരിക്കുന്നതെന്ന് ഐഡിഫന്‍സ് വക്താവ് അറിയിച്ചു. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ വന്‍ പ്രചാരം നേടിയതോടെ ഹാക്കര്‍മാരുടെ ആക്രമണവും വര്‍ധിച്ചിരിക്കുകയാണ്. നേരത്തെ സുരക്ഷ ശക്തമാക്കാനായി ഫേസ്ബുക്ക് നിരവധി സാങ്കേതികസേവനങ്ങള്‍ നടപ്പിലാക്കിയിരുന്നു

1.5 mn Facebook profiles put up for sale | ഫേസ്ബുക്ക് പ്രൊഫൈലുകള്‍ വില്‍പ്പനയ്ക്ക്

പുസ്തകം വാങ്ങണോ, ഗൂഗിളില്‍ പോകാം!


Google Editions
PRO
PRO
മലയാളം അടക്കമുള്ള ഭാഷകളിലെ പുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ വില്‍‌ക്കാനായി ഗൂഗിളിന്റെ ഓണ്‍‌ലൈന്‍ പുസ്തകക്കട വരുന്നു. ലോകത്തെ സാധാരണ പുസ്തകക്കടകള്‍ക്കും ആമസോണിന്റെ കൈന്‍ഡില്‍, ആപ്പിളിന്റെ ഐബുക്ക്‌ സ്റ്റോര്‍ പോലെയുള്ള ഡിജിറ്റല്‍ വായനാ ഉപകരണങ്ങള്‍ക്കും വന്‍ തിരിച്ചടിയാകും ഗൂഗിളിന്റെ ഓണ്‍‌ലൈന്‍ പുസ്തകക്കടയായ ഗൂഗിള്‍ എഡിഷന്‍സ് എന്ന് കരുതപ്പെടുന്നു. ജൂണ്‍ മാസത്തോടെ ഈ സംവിധാനം നിലവില്‍ വരും.

ഗൂഗിള്‍ അക്കൌണ്ടുള്ള ആര്‍ക്കും ഗൂഗിള്‍ എഡിഷന്‍സില്‍ നിന്ന് പുസ്തകങ്ങള്‍ വാങ്ങിക്കാം. വാങ്ങിയ പുസ്തകങ്ങള്‍ ബ്രൌസറിലൂടെ വായിക്കാവുന്നതാണ്. പുസ്തകത്തിന്റെ വില ആര് നിശ്ചയിക്കുമെന്ന കാര്യമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. പ്രസാധകരില്‍ നിന്ന് പുസ്തകം വാങ്ങി വില്‍‌പന നടത്തുന്ന ഗൂഗിളാണോ അല്ലെങ്കില്‍ പുസ്തകം വില്‍‌ക്കാനായി നല്‍‌കുന്ന പ്രസാധകരാണോ വില നിശ്ചയിക്കേണ്ടത് എന്നതാണ് ചര്‍ച്ചാ വിഷയം.

“ആമസോണിന്റെ കൈന്‍ഡില്‍, ആപ്പിളിന്റെ ഐബുക്ക്‌ സ്റ്റോര്‍ പോലെ കമ്പനിയുടെ മാത്രം സ്റ്റോറിലുള്ള പുസ്തകങ്ങളുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നതാണ്‌. എന്നാല്‍ ഗൂഗിള്‍ എഡിഷന്‍‌സില്‍ ഇങ്ങനെയൊരു നിയന്ത്രണമില്ല. ഇതുവരെയായി 12 ദശലക്ഷം പുസ്തകങ്ങള്‍ ഗൂഗ്ല് സ്കാന്‍ ചെയ്തു കഴിഞ്ഞിട്ടുണ്ട്‌. ഇപ്പോള്‍ കോപ്പികള്‍ ലഭ്യമാല്ലാത്തതും പ്രിന്റുകള്‍ ലഭ്യമായതും അവയില്‍പ്പെടും” - ഗൂഗിള്‍ വക്താവ്‌ ഗബ്രിയേല്‍ സ്റ്റിക്കര്‍ പറഞ്ഞു.

അമേരിക്കയില്‍ ഇബുക്ക്‌ വിപണിയിലെ വരുമാനം 2010ലെ 130 കോടി ഡോളറില്‍ നിന്ന്‌ 2013 ആവുമ്പോഴേക്കും 250 കോടി ഡോളറായി ഉയരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഗൂഗിള്‍ എഡിഷന്‍സിലെ പുസ്തകങ്ങള്‍ മൊബൈല്‍ ഫോണ്‍ മുതല്‍ നെറ്റ്ബുക്ക് വരെയും ടാബ്‌ലറ്റ് മുതല്‍ ഡെസ്ക്‌ ടോപ്പ്‌ കമ്പ്യൂട്ടര്‍ വരെയുമുള്ള വ്യത്യസ്ത ഉപകരണങ്ങളില്‍ വായിക്കാനാവും. ഈ മേഖലയിലെ 90 ശതമാനവും കൈയടക്കി വച്ചിരിക്കുന്ന ആമസോണിന്റെ വിപണി ഗൂഗിളിന്റെ വരവോടെ 35 ശതമാനമായി ചുരുങ്ങുമെന്നാണ്‌ കരുതുന്നത്‌.

Google plans for killer bookstores | പുസ്തകം വാങ്ങണോ, ഗൂഗിളില്‍ പോകാം!

കിനാലൂരില്‍ നടന്നത് നരനായാട്ട്PRO
കോഴിക്കോട്ടെ കിനാലൂരില്‍ പൊലീസ് നടത്തിയത് മനുഷ്യത്വരഹിതമായ നരനായാട്ടാണ്. കെ എസ് ഐ ഡി സി പാര്‍ക്കിനു വേണ്ടിയുള്ള ദേശീയ പാത വികസനത്തിന് സര്‍വെ നടത്താനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു എന്നതാണ് നാട്ടുകാര്‍ക്കുമേല്‍ പൊലീസ് കണ്ടെത്തിയ കുറ്റം. യുദ്ധസമാനമായ രംഗങ്ങളാണ് പിന്നീട് അരങ്ങേറിയത്. വൃദ്ധരെയും കുട്ടികളെയും പോലും പൊലീസ് വെറുതെ വിട്ടില്ല.

ലാത്തിച്ചാര്‍ജ് തുടങ്ങിയ പൊലീസ് പിന്നീട് അതില്‍ ആവേശം കണ്ടെത്തുകയായിരുന്നു. കണ്ണില്‍ കണ്ടവരെയൊക്കെ മര്‍ദ്ദിച്ചു. അതുകൊണ്ടും മതിയാകാതെ സമീപത്തെ വീടുകളില്‍ കയറി അവിടെയുണ്ടായിരുന്ന സ്ത്രീകളെ ഉള്‍പ്പടെയുള്ളവരെ മര്‍ദ്ദിച്ചു. വീടുകള്‍ക്ക് മുന്നില്‍ കിടന്നിരുന്ന വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചു.

നാട്ടുകാരുടെ ചെറുത്തുനില്‍പ്പില്‍ ആറോളം പൊലീസുകാര്‍ക്കാണ് പരുക്കേറ്റത്. എന്നാല്‍ അനവധി നാട്ടുകാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. എന്തിനു വേണ്ടിയാണ് ഈ സര്‍വെ എന്ന കാര്യം പോലും നാട്ടുകാരെ വേണ്ടവിധത്തില്‍ ബോധ്യപ്പെടുത്താതെ പൊലീസിനെ ഉപയോഗിച്ച് ബലം പ്രയോഗിച്ച് ഭൂമി പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമമാ‍ണ് അക്രമത്തില്‍ കലാശിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്.
PRO


മലേഷ്യന്‍ സഹായത്തോടെ കിനാലൂരില്‍ സാറ്റലൈറ്റ് സിറ്റി വരുന്നതായുള്ള പ്രഖ്യാപനം 2007 സെപ്റ്റംബറിലാണ് ഉണ്ടായത്. മലേഷ്യന്‍ കമ്പനിയുമായി 2500 കോടി രൂപയുടെ കരാറിലാണ് സര്‍ക്കര്‍ ഒപ്പുവച്ചത്. 25000 പേര്‍ക്ക് തൊഴില്‍ സാധ്യതയുണ്ടെന്നും വ്യവസായമന്ത്രി എളമരം കരീം അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ കരാറിന് എന്തുസംഭവിച്ചു എന്നത് അവ്യക്തമാണ്.

പിന്നീട് കിനാലൂര്‍ എസ്റ്റേറ്റിനെ ചുറ്റിപ്പറ്റി പല പ്രൊജക്ടുകളെപ്പറ്റിയും സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി. അവയ്ക്കൊക്കെ പല പേരുകളും പ്രസിദ്ധം ചെയ്തു. ഇന്‍റര്‍നെറ്റ് സിറ്റി, സാറ്റലൈറ്റ് സിറ്റി, സൈബര്‍ പാര്‍ക്ക് അങ്ങനെ പലതും. കിനാലൂരില്‍ എന്താണ് സംഭവിക്കുന്നതെന്നതിനെപ്പറ്റി നാട്ടുകാരില്‍ പോലും അവ്യക്തത നിലനിന്നു. 275 ഏക്കര്‍ സ്ഥലത്ത് ഉയരാന്‍ പോകുന്ന പ്രൊജക്ട് എന്താണെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല.

Police lathicharge in Kinaloor | കിനാലൂരില്‍ നടന്നത് നരനായാട്ട്

ലൈവ് റിപ്പോര്‍ട്ടിംഗിനെത്തിയ ജേര്‍ണലിസ്റ്റ് കൊല്ലപ്പെട്ടു
PRO
വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനുള്ള ശ്രമത്തിനിടെ ഉണ്ടായ അപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് സംഭവം. ഒരു കെട്ടിടത്തിലുണ്ടായ തീ പിടിത്തം റിപ്പോര്‍ട്ടുചെയ്യാനെത്തിയ സഹാറ സമയ് ടി വി ചാനല്‍ റിപ്പോര്‍ട്ടര്‍ അജയ് തിവാരി(25) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

അപകടമുണ്ടായ കെട്ടിടത്തിന്‍റെ ഭിത്തി തിവാരിക്കു മേലേക്ക് തകര്‍ന്നുവീഴുകയായിരുന്നു. അതിനു ശേഷം ഒരു ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതും അപകടത്തിന്‍റെ ആഴം വര്‍ദ്ധിപ്പിച്ചു.

ദ്വാരകയ്ക്ക് സമീപം രാജാപുരിയില്‍ ഒരു തുണി ഗോഡൌണിന് തീ പിടിച്ച സംഭവം റിപ്പോര്‍ട്ടു ചെയ്യാനെത്തിയതായിരുന്നു അജയ് തിവാരി. അദ്ദേഹം വിവരങ്ങള്‍ ലൈവായി ചാനലിന് നല്‍കിക്കൊണ്ടിരിക്കെ ഫസ്റ്റ് ഫ്ലോറില്‍ ഒരു ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ഇതോടെ കെട്ടിടത്തിലേക്കുള്ള പൈപ്പ്‌ലൈന്‍ തകര്‍ന്നു. വെള്ളം കുത്തിയൊഴുകിയുണ്ടായ മര്‍ദ്ദത്തില്‍ കെട്ടിടത്തിന്‍റെ ഭിത്തി തകര്‍ന്നുവീഴുകയും അജയ് തിവാരി അതിനുള്ളില്‍ പെടുകയുമായിരുന്നു.

Scribe killed as debris fall on him at fire site | ലൈവ് റിപ്പോര്‍ട്ടിംഗിനെത്തിയ ജേര്‍ണലിസ്റ്റ് കൊല്ലപ്പെട്ടു

ഉത്തരംമുട്ടിച്ച വിദ്യാര്‍ത്ഥിനിക്ക് ചിദംബരത്തിന്‍റെ വക ക്ഷണം


PRO
ചോദ്യങ്ങള്‍ കൊണ്ട് തന്നെ ഉത്തരം മുട്ടിച്ച വിദ്യാര്‍ത്ഥിനിയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്‍റെ വക ചായ കുടിക്കാന്‍ ക്ഷണം. ഡല്‍ഹിയിലെ ജവര്‍ഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റിയില്‍ ഇന്നലെ രാത്രിയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. നക്സലിസത്തെക്കുറിച്ച് എന്‍ എസ് യു ഐ സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ പ്രസംഗിക്കാനായാണ് ചിദംബരം ജെ എന്‍ യുവിലെത്തിയത്.

ചിദംബരം തന്‍റെ പ്രസംഗം പുര്‍ത്തിയാക്കാറായപ്പോഴാണ് യൂണിവേഴ്സിറ്റിയില്‍ എക്കണോമിക്സ് ഡോക്ടറേറ്റിന് പഠിക്കുന്ന വിഭ ചോദ്യവുമായി എഴുന്നേറ്റത്. സംസാരിക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബഹളം വെച്ചായിരുന്നു വിഭ ചിദംബരത്തിന്‍റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിച്ചത്. ആദ്യമൊന്നും ഇത് അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടില്ലെങ്കിലും വിഭ ഉച്ചത്തില്‍ ചോദ്യങ്ങള്‍ തുടര്‍ന്നു. കൂട്ടുകാരും പിന്തുണച്ചതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ടു.

എന്നാല്‍ ബഹളം തുടര്‍ന്ന വിഭ ഒടുവില്‍ ചിദംബരത്തിന്‍റെ ശ്രദ്ധ ആകര്‍ഷിക്കുക തന്നെ ചെയ്തു. ആരാണ് ആ പെണ്‍കുട്ടിയെന്ന് ചിദംബരം മൈക്കിലൂടെ വിളിച്ചു ചോദിച്ചു. അവരോട് അടുത്ത് വരാന്‍ പറയൂ എന്നും ചിദംബരം ആവശ്യപ്പെട്ടു. എന്തിനാണ് അവരെ പിടിച്ചു വലിക്കുന്നതെന്ന് അദ്ദേഹം സുരക്ഷാ ഉദ്യോഗസ്ഥരോട് അരിശത്തോടെ ചോദിച്ചു. നിങ്ങള്‍ അവിടെ പോയിരിക്ക് അവര്‍ക്ക് ചോദിക്കാനുള്ളത് ചോദിക്കട്ടെ എന്ന് ചിദമബരം പറഞ്ഞതും വിഭ ചോദ്യങ്ങള്‍ ആരംഭിച്ചു.

മണിപ്പൂരില്‍ സുരക്ഷാ സൈനികര്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമം തുടരുന്നതെന്തിനാണെന്നും ഗാന്ധിമാര്‍ഗത്തില്‍ പ്രതിഷേധിച്ച ഇറോം ഷര്‍മിളയെ പീഡിപ്പിച്ചതെന്തിനാണെന്നുമായിരുന്നു വിഭയ്ക്ക് ആദ്യം അറിയേണ്ടിയിരുന്നത്. എന്നാല്‍ വിഭ പറയുന്ന കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ ലഭിച്ച അറിവ് മാത്രം വെച്ചാണെന്നും അത് തെറ്റാണെന്നും ചിദംബരം പറഞ്ഞു. വിഭയുടെ പ്രായത്തില്‍ താനായിരുന്നെങ്കിലും ഇതു തന്നെ ചോദിക്കുമായിരുന്നുവെന്നും ചിദംബരം വ്യക്തമാക്കി.

സൈനികര്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമം പിന്‍‌വലിക്കുകയോ പരിഷ്കരിക്കുകയോ വേണമെന്നാണ് തന്‍റെ അഭിപ്രായമെന്നും ചിദംബരം പറഞ്ഞു. എന്നാല്‍ മന്ത്രിയുടെ മറുപടിയില്‍ വിഭ തൃപ്തയായില്ല. എന്‍റെ ജോലി നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക എന്നത് മാത്രമാണെന്നും നിങ്ങള്‍ ആഗ്രഹിക്കുന്ന ഉത്തരം നല്‍കുക എന്നല്ലെന്നും ചിദംബരം പറഞ്ഞു. നിങ്ങളെപ്പോലുള്ള ചെറുപ്പക്കാര്‍ രാഷ്ട്രീയത്തിലെത്തി ജനാധിപത്യ രീതിയിലൂടെ നയങ്ങള്‍ രൂപീകരിക്കണമെന്നും ചിദംബരം പറഞ്ഞു.

ഇന്ത്യയിലെ 77 ശതമാനം ജനങ്ങളും ഒരു ദിവസം 20 രൂപയില്‍ താഴെ വരുമാനമുളളവരാണെന്ന് പറയുമ്പോഴും രാജ്യത്ത് 55 കോടി മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ ഉണ്ടായത് എങ്ങനെ എന്നായിരുന്നു പിന്നീട് വിഭയ്ക്ക് അറിയേണ്ടത്. ഈ ചോദ്യത്തിനാണ് ഒരു സാമ്പത്തിക വിദഗ്ധനെന്ന നിലയില്‍ നിങ്ങളുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ തനിക്ക് കഴിയുമെന്നും തന്‍റെ ഓഫീസിലേക്ക് വന്ന് ഒരു കപ്പ് ചായ കുടിച്ച് നമുക്ക് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും ചിദംബരം പറഞ്ഞത്

Chidambaram keeps cool, invites student for tea | ഉത്തരംമുട്ടിച്ച വിദ്യാര്‍ത്ഥിനിക്ക് ചിദംബരത്തിന്‍റെ വക ക്ഷണം

അപ്പോളോ ടയറിന് വീണ്ടും വില ഉയരും

രാജ്യത്തെ മുന്‍ നിര ടയര്‍ ഉല്‍പാദകരായ അപ്പോളോ ടയേഴ്സ് ലിമിറ്റഡ് ഉല്‍‌പന്നങ്ങള്‍ക്ക് വീണ്ടും വില ഉയര്‍ത്താന്‍ ഒരുങ്ങുന്നു. ജൂണ്‍ മുതല്‍ 3.5 ശതമാനം വില ഉയര്‍ത്താനാണ് കമ്പനി പദ്ധതിയിടുന്നത്. മൂന്ന് മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് കമ്പനി ഉല്‍‌പന്നങ്ങള്‍ക്ക് വില ഉയര്‍ത്തുന്നത്.

ഉല്‍‌പാദനത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ വില ഉയര്‍ന്നതാണ് വില വര്‍ദ്ധിപ്പിക്കാന്‍ കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. അപ്പോളോ വൈസ് ചെയര്‍മാന്‍ നീരജ് കന്‍‌വാര്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ മാസവും കമ്പനി ഉല്‍‌പന്നങ്ങള്‍ക്ക് വില ഉയര്‍ത്തിയിരുന്നു.

ഏപ്രില്‍ മുതല്‍ മെയ് വരെയുള്ള കാലയളവില്‍ 5.5 ശതമാനം വില വര്‍ദ്ധനയ്ക്കാണ് കമ്പനി പദ്ധതിയിട്ടിരുന്നത്. ഇതിനു പുറമേയാണ് ജൂണില്‍ 3.5 ശതമാനം വില ഉയര്‍ത്തുന്നത്. പ്രകൃതിദത്ത റബ്ബറിന് വില ഉയര്‍ന്നതാണ് നിരക്കുയര്‍ത്താന്‍ പ്രധാന കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്

Apollo to hike tyre prices on rising input costs | അപ്പോളോ ടയറിന് വീണ്ടും വില ഉയരും

26/11: കസബിന് വധശിക്ഷ


PTI
ലോകം കാത്തിരുന്ന വിധിയെത്തി. മുംബൈ ഭീകരാക്രമണത്തിലെ പ്രതി പാകിസ്ഥാന്‍ സ്വദേശി അജ്മല്‍ അമീര്‍ കസബിന് വധശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നു. മുംബൈ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ജഡ്ജി എം എല്‍ തഹിലിയാനി വിധിന്യായം കസബിനെ വായിച്ചുകേള്‍പ്പിച്ചു. വിധി കേട്ട കസബ് കോടതിയില്‍ പൊട്ടിക്കരഞ്ഞു.

17 മാസത്തെ കാത്തിരിപ്പിനൊടുവിലാണ് കസബിനെതിരായ വിധി എത്തിയിരിക്കുന്നത്. കസബിനെതിരായ 86 കുറ്റങ്ങളും വിചാരണക്കോടതി ശരിവച്ചിരുന്നു. പ്രധാനമായും നാലു കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വധശിക്ഷ നല്‍കിയിരിക്കുന്നത്. അഞ്ച് കുറ്റങ്ങള്‍ക്ക് ജീവപര്യന്തവും വിധിച്ചു. രാജ്യത്തിനെതിരായ യുദ്ധം ചെയ്യലാണ് ഏറ്റവും പ്രധാനപ്പെട്ട കുറ്റമായി കോടതി പരിഗണിച്ചത്. ഭീകരാക്രമണത്തില്‍ 166 പേര്‍ മരിച്ചതിന്‍റെയും പൂര്‍ണ ഉത്തരവാദികളിലൊരാള്‍ കസബാണ്. കസബ് ഈ ആക്രമണത്തിന്‍റെ ഗൂഢാലോചനയിലും പങ്കാളിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

തീവ്രവാദത്തിനെതിരായ വിധിയാണിതെന്ന് വധശിക്ഷ പ്രഖ്യാപിച്ചുകൊണ്ട് ജഡ്ജി പറഞ്ഞു. ഇന്ന് രണ്ടുമണിക്കൂറോളം നീണ്ട കോടതിനടപടികള്‍ക്കൊടുവിലാണ് കസബിന് വധശിക്ഷ നല്‍കാന്‍ കോടതി വിധിച്ചിരിക്കുന്നത്.

ഇപ്പോള്‍ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വിധി ഇനി ഹൈക്കോടതി അംഗീകരിക്കണം. സ്വാഭാവികമായും ഇത് അംഗീകരിക്കപ്പെടും. ആവശ്യമെങ്കില്‍ അപ്പോള്‍ കസബിന് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാനുള്ള അവസരമുണ്ട്. അതിനു ശേഷം രാഷ്ട്രപതിയെ സമീപിക്കാനും കസബിന് അവസരമുണ്ട്

KASAB TO BE HANGED TILL DEATH | 26/11: കസബിന് വധശിക്ഷ

തരൂര്‍-സുനന്ദ വിവാഹനിശ്ചയം ജൂണ്‍ 27ന്?

ഐപി‌എല്‍ വിവാദത്തിന്‍റെ പേരില്‍ കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച ശശി തരൂരും സുഹൃത്ത് സുനന്ദ പുഷ്കറുമായുള്ള വിവാഹ നിശ്ചയം ജൂണ്‍ 27നെന്ന് റിപ്പോര്‍ട്ട്. മുംബൈ ആസ്ഥാനമായുള്ള ഏതാനും മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ തരൂരില്‍ നിന്നോ അദ്ദേഹവുമായി ബന്ധപ്പെട്ട ആ‍രില്‍ നിന്നുമോ ഇക്കാര്യത്തില്‍ സ്ഥിരീ‍കരണം ലഭിച്ചിട്ടില്ല.

നടനും സംവിധായകനും കോണ്‍ഗ്രസ് വൃത്തങ്ങളുമായി ഏറെ അടുപ്പവുമുള്ള സഞ്ജയ് ഖാന്‍റെ ബാംഗ്ലൂരിലുള്ള ആഡംബര ഹോട്ടലായ ഗോള്‍ഡന്‍ പാംസ് റിസോര്‍ട്ട് ആന്‍റ് സ്പായിലാണ് നിശ്ചയം നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. വിവാഹത്തെക്കുറിച്ച് സുനന്ദ ദുബായിലും മുംബൈയിലുമുള്ള അടുത്ത സുഹൃത്തുക്കളുമായും കുടുംബവുമായും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്ക്കുന്നതിന് ഒരാഴ്ച മുന്‍പ് തരൂരും സുനന്ദയും സുഹൃത്തുക്കളും ഈ ഹോട്ടലില്‍ തങ്ങിയിരുന്നതായും അങ്ങനെയാണ് നിശ്ചയത്തിന് ഈ സ്ഥലം തെരഞ്ഞെടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതേക്കുറിച്ച് സ്ഥിരീകരണത്തിനായി സഞ്ജയ് ഖാനെ ബന്ധപ്പെട്ടെങ്കിലും ഒന്നുമറിയില്ലെന്നായിരുന്നു മറുപടിയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Tharoor may get engaged to Sunanda Pushkar by June 27: Reports | തരൂര്‍-സുനന്ദ വിവാഹനിശ്ചയം ജൂണ്‍ 27ന്?

എലവോണും വിസയുമായി കൈകോര്‍ത്ത് എസ്ബിഐ


PRO
മര്‍ച്ചന്‍റ് അക്വേറിംഗ് ബിസിനസിനായി യു‌എസ് ആസ്ഥാനമായുള്ള എലവോണ്‍ ഇങ്കുമായും വിസ ഇന്‍റര്‍നാഷണലുമായും കൈകോര്‍ക്കാന്‍ എസ്ബിഐ തീരുമാനിച്ചു. റീട്ടെയ്‌ല്‍ ഷോപ്പുകളില്‍ ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും ഉപയോഗിച്ച് ബില്ലടയ്ക്കാനുള്ള സംവിധാനമാണ് മര്‍ച്ചന്‍റ് അക്വേറിംഗ് ബിസിനസ്.

മുംബൈ ഓഹരി വിപണിയിലാണ് എസ്ബിഐ ഇക്കാര്യം അറിയിച്ചത്. ഇരുകമ്പനികളുമായും ധാരണയായതായും കരാറിന്‍റെ അന്തിമരൂപത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എസ്ബിഐ വ്യക്തമാക്കി.

എസ്ബിഐ പേമെന്‍റ് സര്‍വ്വീസ് എന്ന പേരിലാകും ഈ അനുബന്ധ വിഭാഗം പ്രാവര്‍ത്തിക്കുക. നീക്കത്തിന് ആര്‍ബിഐയുടെ അനുമതിയും ലഭിച്ചിട്ടുണ്ടെന്ന് ബാങ്ക് വ്യക്തമാക്കി. അടുത്ത സാമ്പത്തിക വര്‍ഷം രാജ്യത്തൊട്ടാകെ 1.50 ലക്ഷം കാര്‍ഡ് സ്വീപ്പിംഗ് സംവിധാനം സ്ഥാപിക്കാനാണ് എസ്ബിഐ ല‌ക്‍ഷ്യമിടുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ സംവിധാനം ആറ് ലക്ഷമാക്കി ഉയര്‍ത്താനും ബാങ്ക് പദ്ധതിയിടുന്നുണ്ട്

SBI to form JV with Elavon and Visa | എലവോണും വിസയുമായി കൈകോര്‍ത്ത് എസ്ബിഐ

കസബിനെ വധിക്കരുതേ: വെര്‍ജീനിയന്‍ വിധവ


Kasab
PRO
PRO
പാകിസ്ഥാന്‍ പൌരനായ അജ്‌മല്‍ കസബിന്റെ വെടികൊണ്ട് ഒബ്‌റോയ് ഹോട്ടലില്‍ മരിച്ചുവീണ അമേരിക്കന്‍ പൌരന്‍ അലന്‍ ഷെറൂമിന്റെ വിധവ കസബിനെ വധശിക്ഷയ്ക്ക് വിധിക്കരുതെന്ന് അപേക്ഷിക്കുന്നു. ഭര്‍ത്താവിനെയും ഒറ്റ മകളെയും വെടിവെച്ചുകൊന്ന കസബിനോട് പൊറുത്തതുകൊണ്ടാണ് ഷെറൂമിന്റെ വിധവയായ കിയ ഇങ്ങിനെ അപേക്ഷിക്കുന്നതെന്ന് കരുതരുത്. ജീവിതകാലം മുഴുവന്‍ ഇന്ത്യന്‍ ജയിലറയില്‍ കിടന്ന് കസബ് നരകിച്ച് മരിക്കണം എന്നാണ് കിയയുടെ ആഗ്രഹം.

കിയയുടെ ഭര്‍ത്താവ്‌ വെര്‍ജീനിയ സ്വദേശിയായ അലന്‍ ഷെറും മകള്‍ നവോമിയും ഒബ്‌റോയ്‌ ഹോട്ടലില്‍ കഴിയുമ്പോഴാണു ഭീകരരുടെ തോക്കിനിരയായത്‌. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ കസബിന് എന്ത് ശിക്ഷയാണ് പരമോന്നത നീതിപീഠം നല്‍‌കാന്‍ പോകുന്നതെന്ന് അറിയാന്‍ ലോകം മുഴുവന്‍ ആകാംക്ഷയോടെ കാതോര്‍ത്തിരിക്കുന്നതിന് ഇടയിലാണ് കിയ ഈ വിചിത്രമായ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.

“കൊലപാതകത്തിന് പകരം കൊലപാതകമല്ല. അതുകൊണ്ട് ഞാന്‍ വധശിക്ഷയെ അനുകൂലിക്കുന്നില്ല. എന്നാല്‍ ജീവിതകാലം മുഴുവന്‍ ഇന്ത്യന്‍ ജയിലറയില്‍ കിടന്ന് കസബ് നരകിക്കണം. ഇതാണ് ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയോടുള്ള എന്റെ അപേക്ഷ.”

Kasab, Mumbai, attack, Court | കസബിനെ വധിക്കരുതേ: വെര്‍ജീനിയന്‍ വിധവ

ബലാത്സംഗശ്രമം; സിപിഎം സഖാവ് അറസ്റ്റില്‍

സ്കൂള്‍ വിദ്യാര്‍ഥിനിയെ കയറിപ്പിടിക്കുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതിന് സിപിഎം സഖാവ് അറസ്റ്റില്‍. ഏഴാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിനാണ് ഇയ്യങ്കോട്‌ ബ്രാഞ്ച്‌ സെക്രട്ടറി പേരോട്‌ പനയുള്ളതില്‍ അശോകനെയാണ്‌ (38) നാദാപുരം പോലീസ്‌ അറസ്റ്റുചെയ്തത്‌.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അടുത്ത വീട്ടിലെ പെയിന്റിംഗ്‌ ജോലിക്കിടെ അശോകന്‍ പന്ത്രണ്ടുകാരിയായ പെണ്‍‌കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി ബഹളം വച്ചതോടെ അടുക്കളയിലായിരുന്ന മാതാവും ഒപ്പം അയല്‍‌വക്കത്തുള്ളവരും ഓടിയെത്തി. ആളുകള്‍ വരുന്നത് കണ്ടതോടെ സഖാവ് മുങ്ങി.

വീട്ടുകാരുടെയും ബന്ധുക്കളുടെയും പരാതിയെ തുടര്‍ന്ന് നാദാപുരം പൊലീസ് കേസെടുത്തു. നാദാപുരം സിഐ പി ബിജുരാജ്‌ കുട്ടിയെ സ്റ്റേഷനില്‍ വിളിപ്പിച്ച്‌ മൊഴിയെടുത്തു. അശോകന്‍ നാടുവിടാന്‍ ഒരുങ്ങുകയാണെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്കായി പൊലീസ് വലവിരിച്ചു. ഇതില്‍ അശോകന്‍ കുടുങ്ങുകയും ചെയ്തു.

ഇയ്യങ്കോട്‌ സി‌പി‌എം ബ്രാഞ്ച്‌ സെക്രട്ടറി സ്ഥാനത്തോടൊപ്പം നാട്ടിലെ ഒരു വിദ്യാലയത്തിലെ പിടിഎ പ്രസിഡണ്ട് പദവിയും അശോകന്‍ വഹിക്കുന്നുണ്ട്. സംഭവം പുറത്തായതോടെ പിടിഎ പ്രസിഡണ്ട് പദവിയില്‍ നിന്ന് അശോകനെ നീക്കിയതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു. സി‌പി‌എം ബ്രാഞ്ച്‌ സെക്രട്ടറി സ്ഥാനത്തുനിന്നും അശോകന്‍ തെറിക്കുമെന്നാണ് അറിയുന്നത്

CPI(M) branch secretary arrested for rape attempt | ബലാത്സംഗശ്രമം; സിപിഎം സഖാവ് അറസ്റ്റില്‍

വീണ്ടും ചാരപ്പണി; പട്ടാള മേജര്‍ അറസ്റ്റില്‍

പാകിസ്ഥാനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതിന് ഇന്ത്യന്‍ നയതന്ത്രജ്ഞ അറസ്റ്റിലായതിന് പിന്നാലെ ഒരു ഉന്നത പട്ടാള ഉദ്യോഗഥനും ചാരപ്രവര്‍ത്തനത്തിന് അറസ്റ്റിലായി. പാകിസ്ഥാനുവേണ്ടി ഈ പട്ടാള മേജര്‍ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തു എന്നാണ് സംശയം. ഏറെക്കാലമായി ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ ഇന്‍റലിജന്‍സ് നിരീക്ഷിച്ചുവരികയായിരുന്നു.

ആന്‍‌ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലായിരുന്നു ഈ പട്ടാള മേജര്‍ സേവനമനുഷ്‌ഠിച്ചിരുന്നത്. ഇന്ത്യയുടെ ചില രഹസ്യവിവരങ്ങള്‍ ഇയാള്‍ പാകിസ്ഥാന് കൈമാറിയെന്ന സംശയമുയര്‍ന്നതോടെ ആഭ്യന്തരമന്ത്രാലയം ജാഗ്രതയിലായി. അമേരിക്കന്‍ ഇന്‍റലിജന്‍സ് ഏജന്‍സികളാണ് മേജറിന്‍റെ ചാരപ്പണിയെക്കുറിച്ച് ഇന്ത്യയ്ക്ക് ആദ്യം റിപ്പോര്‍ട്ട് നല്‍കിയത്. ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഉടന്‍‌തന്നെ ആഭ്യന്തരമന്ത്രാലയം ഇന്‍റലിജന്‍സിനെ ചുമതലപ്പെടുത്തി.

After diplomat, Army Major caught spying for Pakistan | വീണ്ടും ചാരപ്പണി; പട്ടാള മേജര്‍ അറസ്റ്റില്‍