Friday, July 2, 2010

നിലാവിന്‍റെ നീലഭസ്മക്കുറി മായുമ്പോള്‍



PRO
വേണുനാഗവള്ളി സംവിധാനം ചെയ്ത ‘അഗ്നിദേവന്‍’ എന്ന ചിത്രത്തിലെ ‘നിലാവിന്‍റെ നീലഭസ്മക്കുറിയണിഞ്ഞവളേ...’ എന്ന ഗാനം എത്രകേട്ടാലും മതിവരാത്തവരാണ് മലയാളികള്‍. എം ജി രാധാകൃഷ്ണന്‍ എന്ന സംഗീതസംവിധായകന്‍റെ ഏറ്റവും മികച്ച പാട്ടുകളില്‍ ഒന്നാണിത്. അനുജന്‍ എം ജി ശ്രീകുമാറിന്‍റെ മധുരശബ്ദത്തില്‍ ആ ഗാനം മലയാളക്കര കീഴടക്കി. എം ജി രാധാ‍കൃഷ്ണന്‍ ജീവിതത്തിന്‍റെ തംബുരുവാദനം അവസാനിപ്പിച്ച് യാത്രയാകുമ്പോള്‍ ജനഹൃദയങ്ങള്‍ കീഴടക്കിയ ഒട്ടേറെ ഗാനങ്ങള്‍ ബാക്കിയാകുന്നു.

ചലച്ചിത്രസംഗീതത്തില്‍ ഏറെ പരീക്ഷണങ്ങള്‍ക്ക് ധീരത പ്രകടിപ്പിച്ച സംഗീത സംവിധായകനായിരുന്നു അദ്ദേഹം. മണിച്ചിത്രത്താഴ് എന്ന മെഗാഹിറ്റ് സിനിമയില്‍ ആഹിരി രാഗത്തിലാണ് അദ്ദേഹം ‘പഴം‌തമിഴ് പാട്ടിഴയും...’ എന്ന ഗാനം ചിട്ടപ്പെടുത്തിയത്. ഒരു തമിഴ് പാട്ട് ഇഴഞ്ഞുപോകുന്ന ശ്രുതിയില്‍ തംബുരു തേങ്ങുന്നത് അനുഭവവേദ്യമാക്കുവാനായാണ് ആഹിരി അദ്ദേഹം പ്രയോഗിച്ചത്. ആഹിരി ഉപയോഗിച്ചാല്‍ ആഹാരം ലഭിക്കില്ല എന്നൊരു വിശ്വാസം നിലനില്‍ക്കേയാണ് അദ്ദേഹം ധൈര്യപൂര്‍വം ആ ഗാനം ചിട്ടപ്പെടുത്തിയത്. പഴം‌തമിഴ് പാട്ട് മലയാളികളുടെ ഗൃഹാതുരതയായി നിലനില്‍ക്കുന്നു.

മണിച്ചിത്രത്താഴിലെ ഒരുമുറൈ വന്ത് പാര്‍ത്തായാ..., വരുവാനില്ലാരുമീ...., അക്കുത്തിക്കുത്താനവരമ്പില്‍...തുടങ്ങിയ ഗാനങ്ങളും അനശ്വരങ്ങളാണ്. പ്രിയദര്‍ശന്‍റെ ആദ്യചിത്രമായ പൂച്ചക്കൊരു മൂക്കുത്തി മുതല്‍ പ്രിയന്‍ ചിത്രങ്ങളുടെ ഒരു ഭാഗം തന്നെയായിരുന്നു എം ജി രാധാകൃഷ്ണന്‍റെ ഗാനങ്ങള്‍‍. അദ്വൈതം എന്ന ചിത്രത്തിലെ ‘അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടുനീ...’ ആര്‍ക്കാണു മറക്കാനാവുക? പ്രിയദര്‍ശന്‍റെ രാക്കുയിലിന്‍ രാഗസദസില്‍ എന്ന ചിത്രത്തിലെ ‘പൂമുഖവാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന...’ എന്ന ഗാനവും കാലത്തെ അതിജീവിച്ചു.

ലളിതസംഗീതത്തെ ചലച്ചിത്രസംഗീതത്തോടു ലയിപ്പിച്ചുകൊണ്ടുപോയതാണ് അദ്ദേഹത്തിന്‍റെ ഗാനങ്ങളുടെ സ്വീകാര്യതയ്ക്കു പിന്നിലെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ആദ്യകാലത്ത് ചിട്ടപ്പെടുത്തിയ ചില ലളിത ഗാനങ്ങള്‍ സിനിമാഗാനങ്ങളേക്കാള്‍ പ്രശസ്തങ്ങളായി. ഓടക്കുഴല്‍ വിളി ഒഴുകിയൊഴുകിവരും, ഘനശ്യാമ സന്ധ്യാഹൃദയം, ശരറാന്തല്‍ വെളിച്ചത്തില്‍, അഗാധ നീലിമകളില്‍... തുടങ്ങിയ ലളിതഗാനങ്ങള്‍ക്ക് ലഭിച്ച ജനപ്രിയത വളരെയേറെയാണ്.

ഭരതന്‍റെ ആദ്യകാല ചിത്രങ്ങളില്‍ എം ജി രാധാകൃഷ്ണന്‍ ഈണം നല്‍കിയ ഗാനങ്ങള്‍ ഇന്നും ഓര്‍മ്മിക്കപ്പെടുന്നവയാണ്. ചാമരത്തിലെ ‘നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍...’ അക്കാലത്ത് പ്രേക്ഷകരുടെ ആവേശമായിരുന്നു. ആരവത്തിലെ ‘മുക്കുറ്റീ തിരുതാളീ കാടും പടലും പറിച്ചുകെട്ടിത്താ...’ എന്ന ഗാനം നാടോടിസംഗീതത്തിന്‍റെ ഒരു പുതിയ തലമാണ് കാണിച്ചുതന്നത്. കാവാലം നാരായണപ്പണിക്കരായിരുന്നു ആ ഗാനം രചിച്ചത്.

PRO


അച്ഛനെയാണെനിക്കിഷ്ടം, അനന്തഭദ്രം എന്നീ സിനിമകളിലെ ഗാനങ്ങള്‍ക്കാണ് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തിയത്. അനന്തഭദ്രത്തിലെ തിരനുരയും ചുരുള്‍ മുടിയില്‍ എന്ന ഗാനം ചിട്ടപ്പെടുത്തിയതിനാണ് അവാര്‍ഡ് ലഭിച്ചത്. എന്നാല്‍ അദ്ദേഹത്തിന് അര്‍ഹിച്ച അംഗീകാരം ലഭിച്ചിട്ടില്ല എന്നത് ഏവരും സമ്മതിക്കുന്ന കാര്യമാണ്.

ഞാന്‍ ഏകനാണ് എന്ന ചിത്രത്തിലെ ‘ഓ..മൃദുലേ’ എന്ന ഗാനം ഇപ്പോഴും മലയാളികളുടെ ഹൃദയം നീറ്റുന്ന ഓര്‍മ്മയാണ്. കാറ്റേ നീ വീശരുതിപ്പോള്‍..., പൂമകള്‍ വാഴുന്ന കോവിലില്‍..., ശലഭം വഴിമാറുമാ മിഴിരണ്ടിലും..., ചന്ദനമണി സന്ധ്യകളുടെ നടയില്‍..., അമ്മേ നിളേ നിനക്കെന്തുപറ്റി..., പഴനിമലമുരുകന് പള്ളിവേലായുധാ..., ആരോടും ഒന്നും മിണ്ടാതെ..., കൈതപ്പൂവിന്‍ കന്നിക്കുറുമ്പില്‍‍..., ഹരിചന്ദനമലരിലെ മണിയായ്..., ചെമ്പഴുക്കാ ചെമ്പഴുക്കാ..., പൊന്നാര്യന്‍ പാടം..., വൈകാശിത്തെന്നലോ തിങ്കളോ..., നമ്മളുകൊയ്യും വയലെല്ലാം..., ഒരു പൂവിതളിന്‍ നറുപുഞ്ചിരിയായ്..., മധുരം ജീവാമൃതബിന്ദു..., പാതിരാപ്പാല്‍ക്കടവില്‍..., സൂര്യകിരീടം വീണുടഞ്ഞു..., വന്ദേ മുകുന്ദഹരേ ജയശൌരേ..., മേടപ്പൊന്നണിയും വര്‍ണപ്പൂക്കളുമായ്..., പോരൂ നീ വാരിളം ചന്ദ്രലേഖേ..., ഒരുദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍..., പാടുവാന്‍ ഓര്‍മ്മകളില്‍... തുടങ്ങി അനേകം സിനിമാ ഗാനങ്ങള്‍ എം ജി രാധാകൃഷ്ണന്‍ നല്‍കിയ ശുദ്ധസംഗീതത്തിന്‍റെ ഉദാഹരണങ്ങളായി പ്രകാശം പരത്തി നില്‍ക്കുന്നു.

A remembrance of M G Radhakrishnan | നിലാവിന്‍റെ നീലഭസ്മക്കുറി മായുമ്പോള്‍
MG Radhakrishnan's refinement on today | എം ജി രാധാകൃഷ്ണന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും