Monday, July 12, 2010

ധന്യമീ ജീവിതം

കെ.അനീഷ്കുമാര്‍


'ആരുമായാണോ നമ്മുടെ കൂട്ടുകെട്ട്‌ അവര്‍ നമ്മെ സ്വാധീനിക്കും. ചരിത്രം പരിശോധിച്ചാല്‍ ഭാരതീയര്‍ക്ക്‌ കൂട്ടായി പൗരാണിക ഗ്രന്ഥങ്ങളും ആത്മീയ ഗുരുക്കന്മാരുമുണ്ട്‌. ഇവയെയും കൂട്ടുകാരാക്കാന്‍ ശ്രമിക്കുക.'

ഈയൊരു സന്ദേശത്തോടെയായിരുന്നു കഴിഞ്ഞദിവസം രാവിലെ 7.20ന്‌ അമൃതാചാനലില്‍ സംപ്രേഷണം ചെയ്യുന്ന 'ധന്യമീദിനം' എന്ന പ്രഭാതപരിപാടി സമാപിച്ചത്‌. നിത്യജീവിതത്തിലെ കൊച്ചുകൊച്ചു സംഭവങ്ങള്‍ കോര്‍ത്തിണക്കി സരസമായ ഭാഷയില്‍ സംസാരിക്കുന്ന പി.ആര്‍.നാഥനായിരുന്നു പരിപാടി അവതരിപ്പിച്ചത്‌.

തന്റെ ജീവിതത്തില്‍ സംഭവിക്കുന്ന വിവിധ മുഹൂര്‍ത്തങ്ങളും അനുഭവങ്ങളുമാണ്‌ ധന്യമീദിനത്തില്‍ അവതരിപ്പിക്കുന്നത്‌. അതേപോലെ പ്രഭാഷണങ്ങളിലും എഴുത്തിലും ഇത്തരത്തില്‍ ഓരോരുത്തരുടെയും ജീവിതത്തെ സൂഷ്മമായി വിലയിരുത്തുമ്പോള്‍ ശരിതെറ്റുകളെ തിരിച്ചറിയാം. സഹായകമായി കൂട്ടുകെട്ടുകളും പുസ്തകങ്ങളുമണ്ടാകുന്‍ന്മ്‌ അദ്ദേഹം പറയുന്നു.

നമുക്ക്‌ പകര്‍ത്താവുന്ന ജീവിത വിജയത്തിന്റെ ഈ വാക്കുകള്‍ ശരിവെക്കുന്നത്‌ പി.ആര്‍.നാഥന്റെ തന്നെ ജീവിതത്തെയാണ്‌. ആറായിരത്തിലധികം വേദികളില്‍ വ്യത്യസ്തവിഷയങ്ങളില്‍ പ്രഭാഷണം നടത്തിയും ആറുവര്‍ഷത്തിലധികമായി മുടങ്ങാതെ എല്ലാ ദിവസവും ധന്യമീദിനം അവതരിപ്പിക്കുന്നതിന്‌ പിന്നിലെ രഹസ്യവും ഈ വാക്കുകളില്‍ അടങ്ങിയിരിക്കുന്നു.

എഴുത്തിന്റെ വഴിയിലേക്ക്‌
പാലക്കാട്‌ ജില്ലയിലെ പട്ടാമ്പി കീഴായൂര്‍ ഗ്രാമാന്തരീക്ഷത്തിലാണ്‌ പി.ആര്‍.നാഥന്റെ ജനനമെങ്കിലും എഴുത്തിന്റെ തുടക്കം തിരുവനന്തപുരത്തുനിന്നായിരുന്നു. സാഹിത്യരംഗത്തെ വളര്‍ച്ചയും കലാജീവിതവും കോഴിക്കോട്ടുമായിരുന്നു. ചിത്രകലാ- സംഗീത അധ്യാപകരായിരുന്നു മാതാപിതാക്കളെങ്കിലും കാര്‍ഷികവൃത്തിയായിരുന്നു മുഖ്യതൊഴില്‍. എട്ടുമക്കളില്‍ മൂത്തവനായിട്ടായിരുന്നു പി.ആര്‍.നാഥനെന്ന പയ്യനാട്ട്‌ രവീന്ദ്രനാഥന്‍ ജനിച്ചത്‌. അതിനാല്‍ ഉത്തരവാദിത്തവും കൂടുതലായിരുന്നു. ബാല്യം സാമ്പത്തികപ്രയാസങ്ങളിലൂടെ കടന്നുപോയിരുന്നുവെങ്കിലും അമ്മ പറഞ്ഞുതന്ന നൂറ്‌ കണക്കിന്‌ കഥകള്‍ നെഞ്ചിലേറ്റി വളര്‍ന്നു. ഹൈസ്ക്കൂളിലെത്തിയതോടെ വായനാശീലത്തോടൊപ്പം ചെറുകഥകളും എഴുതിത്തുടങ്ങി. കഷ്ടപ്പെട്ട്‌ സ്വരുക്കൂട്ടിയ പണം ഉപയോഗിച്ച്‌ 'പത്ത്‌ പൈസ' സ്റ്റാമ്പ്‌ വാങ്ങി നൂറ്‌ കണക്കിന്‌ കഥകള്‍ പത്രമോഫീസുകളിലേക്ക്‌ അയച്ചെങ്കിലും ഒന്നുപോലും വെളിച്ചം കണ്ടില്ല. ആത്മവിശ്വാസത്തിന്റെ ബലത്തില്‍ തളരാതെ വീണ്ടും എഴുതി. ഇങ്ങനെ എഴുതി തെളിഞ്ഞതോടെ ആദ്യകഥ 'കളിത്തോക്ക്‌' കേസരിവാരികയില്‍ പ്രസിദ്ധീകരിച്ചു. അന്നത്തെ സന്തോഷം ഇന്നു പറഞ്ഞറിയിക്കാനാവില്ലെന്ന്‌ പി.ആര്‍.നാഥന്‍ പറയുന്നു.

ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്‌ ബിരുദം നേടി പ്രോവിഡണ്ട്‌ ഓഫീസില്‍ ജോലി ലഭിച്ചതോടെ തിരുവനന്തപുരത്ത്‌ എത്തുകയും അവിടുത്തെ സാഹചര്യം സാഹിത്യരംഗത്ത്‌ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായകമായി.

പ്രൊഫ.എം.കൃഷ്ണന്‍നായര്‍, ശൂരനാട്‌ കുഞ്ഞന്‍പിള്ള, ടി.എന്‍.ജയചന്ദ്രന്‍ തുടങ്ങിയ സാഹിത്യകാരന്മാരുമായി അടുക്കാനും ഇവരുടെയൊപ്പം നിരവധി സരം ലഭിച്ചു. പാറപ്പുറം, കെ.സുരേന്ദ്രന്‍, തകഴി, കേശവദേവ്‌ തുടങ്ങിയവരുമായി ഇടപഴകാന്‍ അവസരം ലഭിച്ചതോടെ പി.ആര്‍.നാഥന്റെ എഴുത്ത്‌ ശക്തമാവാന്‍ തുടങ്ങി. ഗുരുത്വത്തിനെക്കാള്‍ വലിയ ആത്മീയശക്തിയില്ലെന്ന്‌ അദ്ദേഹം വിലയിരുത്തുന്നതും ഇവരുടെ കൂട്ടുകെട്ടിനാല്‍ത്തന്നെ. 

യുക്തിവാദിയില്‍ നിന്നും ആത്മീയ പ്രഭാഷകനിലേക്കുള്ള പ്രയാണം
തിരുവനന്തപുരത്ത്‌ സാഹിത്യചര്‍ച്ചകളില്‍ സജീവമായതിനിടെയാണ്‌ യുക്തിവാദ പ്രസ്ഥാനവുമായി പി.ആര്‍.നാഥന്‍ അടുക്കുന്നത്‌. എ.ടി കോവൂര്‍, പവനന്‍ തുടങ്ങിയവരുടെ പ്രേരണയാലും സംസാരത്തിലും ആകൃഷ്ടനായി നിരീശ്വരവാദിയായിത്തീര്‍ന്നു. ഈശ്വരനില്ല എന്ന ചിന്ത പ്രചരിപ്പിക്കാനായി തെരഞ്ഞെടുത്ത വഴിയും എഴുത്തിന്റെതായിരുന്നു.

സന്യാസിമാരെ പരിഹസിച്ച്‌ നോവലെഴുതുക എന്ന ഉദ്ദേശ്യത്തോടെ കന്യാകുമാരിയിലെ സ്വാമി ജ്ഞാനാനന്ദസരസ്വതിയുടെ അടുക്കലെത്തി. അദ്ദേഹത്തിന്റെ സാമീപ്യവും ആശ്രമത്തിലെ അനുഭവങ്ങളും മനസ്സില്‍ പുതിയ വാതായനങ്ങള്‍ തുറക്കുകയും ഭഗവത്ഗീത, ഉപനിഷത്തുക്കള്‍, ഭാഗവതം തുടങ്ങിയ ഗ്രന്ഥങ്ങളെ അടുത്തറിയാനും കഴിഞ്ഞു. ആധുനിക സാഹിത്യവും പുരാണകൃതികളും കൂട്ടിവായിച്ചപ്പോള്‍ രചനകള്‍ക്ക്‌ തത്വചിന്താപരമായ ഉള്‍ക്കാഴ്ച നിഴലിക്കാന്‍ തുടങ്ങി.

ജീവിതത്തിലെ ഏതെങ്കിലുമൊരു കാര്യത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സ്വാമിജി ഉപദേശിച്ചതോടെ അഞ്ചക്കശമ്പളമുള്ള കേന്ദ്രസര്‍ക്കാര്‍ ജോലിയില്‍ നിന്നു അവധിയെടുത്ത്‌ കന്യാകുമാരി മുതല്‍ ഹിമാലയംവരെ ഭാരതത്തെ അടുത്തറിയാനും ചിന്തകന്‍മാരുമായി കൂടിക്കാഴ്ച നടത്താനുമായി ആദ്യയാത്ര നടത്തി. ആ യാത്ര ഇപ്പോഴും തുടരുന്നു. ഇത്തരം യാത്രകളാണ്‌ പി.ആര്‍.നാഥനിലെ ആധ്യാത്മിക പ്രഭാഷകനെ ഉണര്‍ത്തിയത്‌. 'കന്യാകുമാരിമുതല്‍ ഹിമാലയംവരെ എന്ന യാത്രാവിവരണഗ്രന്ഥം എഴുതാനും ഇത്‌ തുണയായി. മുപ്പത്തിയഞ്ച്‌ വര്‍ഷമായി പി.ആര്‍.നാഥന്‍ അനുസ്യുതം സഞ്ചരിച്ച നൂറോളം യാത്രകളിലെ അനുഭവങ്ങളാണ്‌ ഗ്രന്ഥത്തില്‍ വിവരിച്ചിരിക്കുന്നത്‌. കേവലമൊരു യാത്രാവിവരണഗ്രന്ഥമായി ഇതിനെ വിലയിരുത്തരുതെന്നാണ്‌ പി.ആര്‍.നാഥന്‍ അഭിപ്രായപ്പെടുന്നത്‌.

'നിരവധി ഗുരുക്കന്മാരെ യാത്രക്കിടയില്‍ പരിചയപ്പെടാനും ഇടപെടാനും അവസരം ലഭിച്ചു. നിരവധി സൂഷ്മരഹസ്യങ്ങളും അറിവായി. പൗരാണിക ഗ്രന്ഥങ്ങളില്‍ സൂചിപ്പിക്കുന്ന സ്ഥലങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ധാരാളം അര്‍ത്ഥതലങ്ങള്‍ കണ്ടെത്താവുന്ന നാടാണ്‌ ഭാരതം. വിവിധ സംസ്കാരങ്ങളിലെ ഗുരുക്കന്‍മാരും ചരിത്രപൗരാണിക പുസ്തകങ്ങള്‍ സാരാംശം ഉള്‍ക്കൊണ്ട്‌ വായിച്ച്‌ വരുംതലമുറക്ക്‌ വായിക്കാനായി പ്രേരണയേകണം. നിര്‍ഭാഗ്യവശാല്‍ ഇവ വായിക്കാനോ പൗരാണിക സ്ഥലങ്ങളെ കുറിച്ചറിയാനോ, നിത്യനൂതന ആശയങ്ങള്‍ ഉള്‍ക്കൊള്ളാനോ ആരും ശ്രമിക്കുന്നില്ല. രാമായണത്തിലെ അശ്വമേധംകഥ. കേവലമൊരു അഴിച്ചുവിടലല്ല ഇത്‌ വ്യക്തമാക്കുന്നത്‌. മറിച്ച്‌ ഇന്ദ്രീയങ്ങളുടെ നിയന്ത്രണമാണ്‌ വായിച്ചെടുക്കേണ്ടത്‌.

ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ പേരുകള്‍ പോലും നമുക്കറിയില്ല. ഇവയെല്ലാം കാണാനും പഠിക്കാനുമായി ധാരാളം വിദേശികളാണ്‌ ഭാരതത്തിലേക്ക്‌ ഒഴുകുന്നത്‌. ഭാരതത്തെയും പൗരാണിക ഗ്രന്ഥങ്ങളെയും മനസ്സിലാക്കിയാല്‍ നമ്മുടെ രചനകളിലും സംഭാഷണത്തിലുമെല്ലാം ആദ്ധ്യാത്മികതയും അതുവഴി ശാന്തതയും പ്രതിഫലിക്കും.

അനുഭവത്തിന്റെ വെളിച്ചത്തില്‍ പി.ആര്‍.നാഥന്‍ തന്റെ യാത്രകളെ വിലയിരുത്തുന്നതിങ്ങനെ.

സിനിമാ സീരിയല്‍ രംഗം
ടാഗോര്‍ പുരസ്കാരം നേടിയ ചാട്ടയെന്ന നോവല്‍ ചലച്ചിത്രമായപ്പോള്‍ തിരക്കഥ, സംഭാഷണം, രചന തുടങ്ങിയവ നിര്‍വ്വഹിച്ചായിരുന്നു പി.ആര്‍.നാഥന്റെ സിനിമാരംഗത്തെക്കുള്ള പ്രവേശനം. ഭരതനായിരുന്നു ഈ ചിത്രത്തിന്റെ സംവിധായകന്‍. പ്രേംനസീര്‍ അവസാനമായി അഭിനയിച്ച 'ധ്വനി' ആയിരുന്നു മറ്റൊരു ചിത്രം. മലയാള സിനിമാചരിത്രത്തല്‍ സൂപ്പര്‍ഹിറ്റായ ഈ ചിത്രത്തിന്റെ രചന, തിരക്കഥ, സംഭാഷണം തുടങ്ങിയവ നിര്‍വ്വഹിച്ചതും അദ്ദേഹം തന്നെയായിരുന്നു. കമല്‍ സംവിധാനം ചെയ്ത ശുഭയാത്ര, സ്നേഹസിന്ദൂരം, പൂക്കാലം വരവായി, കേളി തുടങ്ങിയ ചിത്രങ്ങളും ശ്രദ്ധേയമായി. രചന നടത്തിയ ചലച്ചിത്രങ്ങള്‍ക്കെല്ലാം അംഗീകാരം ലഭിച്ചുവെന്നതും ശ്രദ്ധേയമായി. രാമുകാര്യാട്ടിന്‌ വേണ്ടി കരിമരുന്ന്‌' എന്ന ചിത്രത്തിന്‌ തിരക്കഥയെഴുതിയെങ്കിലും പുറത്തിറങ്ങിയില്ല. മുമ്പ്‌ കഥകള്‍ എഴുതി പത്രമോഫീസുകളിലേക്ക്‌ അയച്ചപ്പോഴുള്ള പരാജയമായിരുന്നു സിനിമാരംഗത്തും ഉണ്ടായത്‌.

അവാര്‍ഡുകളും കൃതികളും
നോവല്‍, ചെറുകഥ, യാത്രാവിവരണം, തത്വചിന്തക്ക്‌ ഊന്നല്‍ നല്‍കുന്ന കൃതികള്‍, ബാലസാഹിത്യം എന്നിങ്ങനെ സാഹിത്യത്തിലെ വിവിധ മേഖലകളില്‍ തനതു മുദ്രപതിപ്പിച്ച വ്യക്തിയാണ്‌ പി.ആര്‍.നാഥന്‍. ചാട്ട, കരിമരുന്ന്‌, കാശി, സൗന്ദര്യലഹരി, കോട, തുടങ്ങി പന്ത്രണ്ടില്‍പരം നോവലുകള്‍ ഒറ്റക്കല്‍ മൂക്കുത്തി, ഗംഗാപ്രസാദിന്റെ കുതിര തുടങ്ങി പത്തിലധികം ചെറുകഥകള്‍, കന്യാകുമാരി മുതല്‍ ഹിമാലയംവരെ എന്ന യാത്രാവിവരണഗ്രന്ഥം, ചിരിക്കാനൊരു ജീവിതം, വിജയമന്ത്ര തുടങ്ങിയ തത്വചിന്തക്ക്‌ പ്രാമുഖ്യം നല്‍കുന്ന രചനകളും അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നും മലയാളത്തിന്‌ ലഭിച്ചിട്ടുണ്ട്‌.

42 കൃതികളില്‍ നിന്നായി 19 അവാര്‍ഡുകളാണ്‌ പി.ആര്‍.നാഥനെ തേടി എത്തിയത്‌. ദല്‍ഹി സാഹിത്യപരിഷത്ത്‌ കുഞ്ചന്‍നമ്പ്യാര്‍, ടാഗോര്‍, പൊറ്റെക്കാട്‌, കലാകേരളം ഗൃഹലക്ഷ്മി, ശ്രീ പത്മനാഭസ്വാമി തുടങ്ങിയവയുടെ പേരിലുള്ള അവാര്‍ഡുകളും വിവേകാനന്ദപുരസ്കാരവുംഉപ്പെടെയുള്ളവയാണിവ.

പി.ആര്‍.നാഥന്റെ ആധ്യാത്മികജ്ഞാനത്തിന്റെ നിലയ്ക്കാത്ത പ്രവാഹമാണ്‌ ധന്യമീദിനത്തിലൂടെ പ്രകാശിതമാവുന്നത്‌. ആറുവര്‍ഷത്തിലധികമായി മുടങ്ങാതെ വിവിധ വിഷയങ്ങളെ കുറിച്ച്‌ അദ്ദേഹത്തിന്‌ സംസാരിക്കുവാന്‍ കഴിയുന്നതിന്റെ കാരണം തിരക്കിയപ്പോള്‍ ജീവിതത്തില്‍ ഏറ്റവുമധികം സ്വാധിനിച്ച വ്യക്തിയായിരുന്നു മാതാഅമൃതാനന്ദമയിദേവി. കുട്ടിക്കാലത്ത്‌ എന്റെ അമ്മ കഥകള്‍ പറഞ്ഞ്‌ തന്ന്‌ പ്രോത്സാഹിപ്പിച്ചപോലെ ധന്യമീദിനത്തിലും സംസാരിക്കാന്‍ മാതാഅമൃതാനന്ദമയിയുടെ ഹൃദയബന്ധം കരുത്തേക്കി. പ്രേക്ഷകരോട്‌ ഒരിക്കല്‍പറഞ്ഞ കാര്യം പിന്നീട്‌ ആവര്‍ത്തിക്കാറേയില്ല.

വിദേശമലയാളികളാണ്‌ ധന്യമീദിനത്തിന്‌ കൂടുതലെന്നാണ്‌ ലഭിക്കുന്ന ഫോണ്‍ കാളുകള്‍ വ്യക്തമാക്കുന്നത്‌. അവരുടെ ജീവിതപ്രശ്നങ്ങളും പരിഹാരമാര്‍ഗ്ഗവുമാണ്‌ ഞാന്‍ പറയുന്നുവെന്നാണ്‌ അവരുടെ അഭിപ്രായം. മലയാള ടെലിവിഷന്‍ രംഗത്ത്‌ മെഗാസീരിയലുകള്‍ തുടങ്ങിയ കാലത്ത്‌ മലയാള കുടുംബങ്ങളെ ആകര്‍ഷിച്ച പരമ്പരകളായ സ്കൂട്ടര്‍, അങ്ങാടിപ്പാട്ട്‌, പകല്‍വീട്‌ തുടങ്ങിയ പരമ്പരകളുടെയും രചന പി.ആര്‍.നാഥനാണ്‌ നിര്‍വ്വഹിച്ചത്‌.

മലയാളത്തിലെ ആദ്യത്തെ സായാഹ്ന പത്രമായ പ്രദീപത്തിന്റെ കീഴില്‍ പുറത്തിറങ്ങുന സാഹിത്യമാസികയുടെ പത്രാധിപരാണ്‌ പി.ആര്‍.നാഥന്‍. തന്റെ ജീവിതത്തിനിടയില്‍ കണ്ടുമുട്ടിയ നിരവധിയാളുകളെ അടുത്തറിഞ്ഞ്‌ അനുഭവങ്ങള്‍ പങ്കുവെച്ച്‌ അവരെ ആശ്വസിപ്പിക്കുന്നതോടൊപ്പം രചനകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ലോകരേയും സാന്ത്വനിപ്പിക്കുകയാണ്‌ അദ്ദേഹമിപ്പോള്‍ ചെയ്യുന്നത്‌.


No comments: