Monday, July 12, 2010

പശ്ചിമഘട്ട സംരക്ഷണത്തിന്‌

ഡോ.സി.എം.ജോയി

ഗുജറാത്ത്‌ സംസ്ഥാനത്തെ തപഥി നദി മുതല്‍ കന്യാകുമാരിവരെ നീണ്ടുകിടക്കുന്ന ഉദ്ദേശം 1600 കി.മീ. നീളത്തിലുള്ള പശ്ചിമഘട്ടമലമടക്കുകള്‍ നാശത്തിലാണെന്ന്‌ ഏറെനാളായി ശാസ്ത്രസമൂഹത്തില്‍ ചര്‍ച്ചാവിഷയമായിരുന്നു. തമിഴ്‌നാട്‌, കര്‍ണാടക, കേരളം, ഗോവ,മഹാരാഷ്ട്ര, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളിലായി 1.6 ലക്ഷം ചതുരശ്ര കി.മീ.വിസ്തീര്‍ണ്ണമുണ്ട്‌ പശ്ചിമഘട്ട മലകള്‍ക്ക്‌. പ്രതിവര്‍ഷം 500 മുതല്‍ 700 മി.മീ വരെ മഴ ലഭിക്കുന്ന സ്ഥലമാണ്‌ പശ്ചിമഘട്ടം. അതുകൊണ്ടുതന്നെ ലോകത്തിലെ ജൈവവൈവിധ്യ കലവറകളിലൊന്നാണ്‌ ഈ മലമടക്കുകള്‍. ഹിമാലയവും പശ്ചിമഘട്ടവുമാണ്‌ ഭൂമിയിലെ ജൈവവൈവിധ്യ മെഗാസെന്ററുകളായി ഇന്ത്യയില്‍നിന്നും കണക്കാക്കിയിട്ടുള്ള സ്ഥലങ്ങള്‍. അതില്‍ത്തന്നെ പ്രാദേശികമായി കണ്ടുവരുന്ന ഏറ്റവും കൂടുതല്‍ സസ്യജാലങ്ങള്‍ പശ്ചിമഘട്ടത്തിലാണുള്ളത്‌. ദക്ഷിണേന്ത്യയിലെ അന്തര്‍സംസ്ഥാന നദികളായ ഗോദാവരി, കൃഷ്ണ, കാവേരി, കാളിനദി, പെരിയാര്‍ എന്നിവ പശ്ചിമഘട്ട മലമടക്കുകളില്‍നിന്നാണ്‌ ഉല്‍ഭവിക്കുന്നത്‌. ഈ നദികളെല്ലാം കൃഷിയ്ക്ക്‌ ജലം നല്‍കുന്നതിലും ജലവൈദ്യുത പദ്ധതികള്‍ക്കുമായി ഉപയോഗിച്ചുവരുന്നവയുമാണ്‌. പശ്ചിമഘട്ടത്തിന്റെ മുപ്പതുശതമാനവും കാടാണ്‌. ഈ മേഖലകള്‍ ഇന്ത്യയിലെ ജൈവവൈവിധ്യത്തിന്റെ "ഹോട്ട്‌ സ്പോട്ട്‌"ആയി കണക്കാക്കപ്പെടുന്നവയാണ്‌. പശ്ചിമഘട്ട വനമേഖലയില്‍ മാത്രം 1741 തരം അതിപ്രധാനമായ സസ്യജാലങ്ങളും 403 തരം പക്ഷികളും ഉണ്ട്‌. ആന, പുലി, സിംഹവാലന്‍ കുരങ്ങ്‌, വിവിധയിനം പാമ്പുകള്‍, കാലില്ലാത്ത ഉരഗങ്ങള്‍, കാട്ടുപോത്ത്‌, തിരുവിതാംകൂര്‍ ആമകള്‍ എന്നീ ജന്തുക്കളുടെ ആവാസവ്യവസ്ഥയാണ്‌ പശ്ചിമഘട്ട കാടുകള്‍. ബോറിവലി നാഷണല്‍ പാര്‍ക്ക്‌, നാഗര്‍ഹോള്‍ നാഷണല്‍ പാര്‍ക്ക്‌, ബന്ദിപൂര്‍ നാഷണല്‍ പാര്‍ക്ക്‌, ഇന്ദിരാഗാന്ധി നാഷണല്‍ പാര്‍ക്ക്‌, ആനമല വൈല്‍ഡ്‌ ലൈഫ്‌ സാഞ്ച്വറി, പെരിയാര്‍ നാഷണല്‍ പാര്‍ക്ക്‌, ഇരവികുളം നാഷണല്‍ പാര്‍ക്ക്‌, നീലഗിരി നാഷണല്‍ പാര്‍ക്ക്‌ എന്നിവ പശ്ചിമഘട്ട മലമടക്കുകളിലെ ആവാസ സംരക്ഷണ കേന്ദ്രങ്ങളാണ്‌. തേയില, കാപ്പി, റബര്‍, കശുവണ്ടി, കപ്പ, പ്ലാവ്‌, മാവ്‌, കമുക്‌, കുരുമുളക്‌, ഏലം, ഇഞ്ചി, മഞ്ഞള്‍, ഗ്രാമ്പൂ എന്നിവ പശ്ചിമഘട്ടമലമടക്കുകളിലെ പ്രധാന കാര്‍ഷിക വിളകളാണ്‌. ഈ വനമേഖല പ്രതിവര്‍ഷം 14 ദശലക്ഷം ടണ്‍ കാര്‍ബണ്‍ഡൈയോക്സൈഡ്‌ ആഗീരണം ചെയ്ത്‌ അന്തരീക്ഷം ശുദ്ധമാക്കുവാന്‍ സഹായിക്കുന്നുണ്ട്‌. കേരളത്തിലെ 44 നദികളും ഉല്‍ഭവിക്കുന്നതും പശ്ചിമഘട്ടത്തില്‍നിന്നാണ്‌. ഇതില്‍ കബനി, ഭവാനി, പാമ്പാര്‍ എന്നീ നദികള്‍ മാത്രമാണ്‌ കിഴക്കോട്ടൊഴുകുന്നത്‌. ബാക്കി 41 നദികള്‍ പടിഞ്ഞാറോട്ടൊഴുകി അറബിക്കടലില്‍ ചേരുന്നു. കിഴക്കോട്ടൊഴുകുന്ന മൂന്നു നദികളും കാവേരിനദിയുടെ പോഷകനദികളാണ്‌. ജലവൈദ്യുത പദ്ധതികള്‍ക്കായി, ജലസേചനത്തിനായി 40 ഓളം അണക്കെട്ടുകള്‍ കേരളത്തിലെ പശ്ചിമഘട്ടമേഖലയില്‍ പണിതീര്‍ത്തിട്ടുണ്ട്‌. ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളുടേയും നിലനില്‍പ്പുതന്നെ ഈ മലമടക്കുകളെ ആശ്രയിച്ചാണ്‌. അന്തരീക്ഷ താപം നിയന്ത്രിക്കുന്നതിലും കാലാവസ്ഥാ മാറ്റം ക്രമീകരിക്കുന്നതിലും മഴയുടെ തോത്‌ നിന്ത്രിക്കുന്നതിലും പശ്ചിമഘട്ട മലകള്‍ക്ക്‌ സുപ്രധാന പങ്കാണുള്ളത.


എന്നാല്‍ ജനസംഖ്യാവര്‍ദ്ധനവും വിനോദസഞ്ചാരവും വന്‍കിട നദീജല പദ്ധതികളും റോഡ്‌ നിര്‍മാണവും പാറപൊട്ടിക്കലും മണ്ണെടുപ്പും ഗ്രാനൈറ്റ്‌ ഖാനനവും കയ്യേറ്റവും കുടിയേറ്റവും കൃഷിയും വനനാശവും റെയില്‍നിര്‍മാണവും രൂക്ഷമായ മണ്ണൊലിപപ്പും ഉരുള്‍പൊട്ടലും ആവാസവ്യവസ്ഥയുടെ ശിഥിലീകരണവും ജൈവവൈവിധ്യശോഷണവും പശ്ചിമഘട്ട മലമടക്കുകള്‍ നേരിടുന്ന ഭീകര പ്രശ്നമാണ്‌. റിസോര്‍ട്ട്‌ നിര്‍മാണത്തിന്റെ പേരിലും മണ്ണെടുപ്പിന്റെ പേരിലും മലകള്‍ ഓരോന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. ഈ മലമടക്കുകള്‍ നാഥനില്ലാ കളരിയായി മാറിയിട്ട്‌ നാളേറെയായി. ഇതിന്റെ വെളിച്ചത്തിലാണ്‌ പശ്ചിമഘട്ട സംരക്ഷണം ലാക്കാക്കി പഠനം നടത്തുവാനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുമായി ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സിലെ ശാസ്ത്രജ്ഞര്‍ പ്രൊഫ. മാധവ്‌ ഗാഡ്ഗിലിന്റെ നേതൃത്വത്തില്‍ പശ്ചിമഘട്ട ഇക്കോളജി പഠനത്തിനായി പതിനാലാംഗ വിദഗ്ദ്ധ സമിതിയെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2010 മാര്‍ച്ചില്‍ നിയമിച്ച്‌ ഉത്തരവായി. അടുത്ത ആറ്‌ മാസത്തിനുള്ളില്‍ സമിതി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കേണ്ടതായിട്ടുണ്ട്‌. പശ്ചിമഘട്ടത്തിന്റെ ഇന്നത്തെ സ്ഥിതി 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ വെളിച്ചത്തില്‍ ഈ മേഖലയിലെ പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങള്‍ കണ്ടെത്തല്‍, നിലവിലുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുകയും പശ്ചിമഘട്ട സംരക്ഷണത്തിനായി സുപ്രീംകോടതിയില്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന്‌ വിലയിരുത്തുക, പശ്ചിമഘട്ട സംരക്ഷണത്തിനായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുക, പശ്ചിമഘട്ട ഇക്കോളജി സംരക്ഷണ അതോറിറ്റി സ്ഥാപിക്കുന്നതിനായി നിര്‍ദ്ദേശങ്ങള്‍, പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള വ്യക്തവും കൃത്യവുമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുക എന്നതാണ്‌ പശ്ചിമഘട്ട ഇക്കോളജി പഠനസംഘത്തിന്റെ പ്രധാന ചുമതലകള്‍. 2010 സെപ്തംബറില്‍ വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണം.


കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമായിരിക്കും വിദഗ്ദ്ധസമിതി റിപ്പോര്‍ട്ട്‌. മൂന്നാര്‍, വയനാട്‌ കയ്യേറ്റങ്ങളും റിസോര്‍ട്ട്‌ നിര്‍മാണങ്ങളും, ആയിരത്തിലധികം വരുന്ന വന്‍കിട പാറമടകള്‍, ദേശീയപാതയ്ക്കായുള്ള മണ്ണെടുപ്പ്‌, അതിരപ്പള്ളി, പൂയംകുട്ടി, പാത്രക്കടവ്‌ തുടങ്ങിയ ജലവൈദ്യുതി പദ്ധതി നിര്‍ദ്ദേശങ്ങള്‍, ശബരി റെയില്‍, വനമേഖലയിലെ ആദിവാസികളുടെ പേരിലുള്ള റോഡുനിര്‍മാണം, രാഷ്ട്രീയ മുതലെടുപ്പിനായുള്ള പട്ടയവിതരണം, സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുത്തല്‍, പശ്ചിമഘട്ട ഭൂവിനിയോഗത്തില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍, കൃഷിയുടെ പേരിലുള്ള കുടിയേറ്റങ്ങള്‍ എന്നീ പ്രശ്നങ്ങള്‍ക്ക്‌ മറുപടിയായിരിക്കും വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട്‌. അനിയന്ത്രിതമായുള്ള പശ്ചിമഘട്ട വനമേഖലയുടെ നാശം തടയുന്നതിന്‌ റിപ്പോര്‍ട്ട്‌ സഹായിക്കുമെന്ന്‌ കരുതുന്നു.

മൂന്നാര്‍ വിഷയത്തില്‍ ഈ പഠനറിപ്പോര്‍ട്ട്‌ ശാശ്വത പരിഹാരം നിര്‍ദ്ദേശിക്കുമെന്ന്‌ വിലയിരുത്തപ്പെടുന്നുണ്ട്‌. ഇടനാട്ടിലെ വികസന മാതൃകതന്നെ പശ്ചിമഘട്ടത്തിലെ മൂന്നാര്‍ മലമടക്കുക
ളില്‍ വരുന്നതുമൂലം ഉണ്ടായിട്ടുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ വിദഗ്ദ്ധ സമിതി പഠിക്കുകയും ബദല്‍ നിര്‍ദ്ദേശം വയ്ക്കുകയും ചെയ്യുമെന്ന്‌ പ്രതീക്ഷിക്കുന്നു. മതപ്രീണനവും വോട്ടുബാങ്കും ലക്ഷ്യംവെച്ചുള്ള കുടിയേറ്റക്കാര്‍ക്കുള്ള പട്ടയവിതരണത്തിലും സമിതി അഭിപ്രായം പറയേണ്ടതായിട്ടുണ്ട്‌. ഇതുമൂലം വയനാട്ടിലും ഇടുക്കിയിലും കാടുകള്‍ നാടായി മാറുന്നതിന്റെ ഇക്കോളജീയ പ്രത്യാഘാതങ്ങള്‍ വിദഗ്ദ്ധ സമിതി പഠിക്കണം. ഇത്‌ നിയന്ത്രിക്കുവാനുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്ക്‌ നല്‍കണം. നിലവിലുള്ള സാമൂഹ്യ പാരിസ്ഥിതിക പ്രശ്നങ്ങള്‍ വിലയിരുത്തി പശ്ചിമഘട്ടം സംരക്ഷിക്കുവാനുള്ള നിയമനിര്‍മാണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ സമിതി റിപ്പോര്‍ട്ടില്‍ വയ്ക്കണം. സംസ്ഥാന സര്‍ക്കാരുകളുടെ കണ്ണുതുറപ്പിക്കാന്‍ അത്‌ പര്യാപ്തമാകണം. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ക്ക്‌ കൃത്യമായി നിര്‍വചനം നല്‍കണം. വികസന പദ്ധതികളുടെ പേരില്‍ കാലാവസ്ഥ തകിടം മറിക്കുന്ന തലത്തിലേക്ക്‌ കുന്നിടിക്കുന്നത്‌ തടയണം. പശ്ചിമഘട്ട മലമടക്കുകള്‍ കേരളത്തിന്റെ കാര്‍ഷിക, വൈദ്യുതി, ജലസേചന, സാമൂഹിക, വിനോദ സഞ്ചാര, കുടിവെള്ള, കയറ്റുമതി, കാലാവസ്ഥ തുടങ്ങിയ മേഖലകളെ നേരിട്ടു ബാധിക്കുന്നതിനാല്‍ വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട്‌ കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്‌. കക്ഷിരാഷ്ട്രീയത്തിനതീതമായി ചിന്തിച്ചാല്‍ പശ്ചിമഘട്ട സംരക്ഷണത്തിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയറാം രമേഷ്‌ കൈക്കൊണ്ട നടപടി ശ്ലാഘനീയമാണ്‌. ഭാരതത്തിലെ ആറ്‌ സംസ്ഥാനങ്ങളുടെ നാശത്തെ മുന്നില്‍ക്കണ്ടുകൊണ്ട്‌ അവയെ സംരക്ഷിക്കുന്നതിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പശ്ചിമഘട്ട ഇക്കോളജി പഠനത്തിനായി നിര്‍മിച്ച സമിതി പൂര്‍ണമായി വിജയിക്കട്ടെ എന്നാശംസിക്കുന്നു.



No comments: