Monday, May 17, 2010

ഇന്ത്യയുടെ തൊണ്ട വരണ്ടു; വിവാഹങ്ങളും നടക്കുന്നില്ല


PRO
കല്യാണസദ്യ കഴിച്ച് കൈ കഴുകാന്‍ പോലും വെള്ളമില്ലെങ്കില്‍? പിന്നെന്തു ചെയ്യാനാ കല്യാണം തന്നെയങ്ങ് മാറ്റിവെയ്ക്കുക ഇല്ലെങ്കില്‍ കല്യാണമേ വേണ്ടെന്നു വെയ്ക്കുക. വര്‍ഷങ്ങള്‍ക്കു മുമ്പ് വാളയാറിനടുത്ത് മയ്യത്തു കുളിപ്പിയ്ക്കാന്‍ 600 രൂപയ്ക്കു വെള്ളം വാങ്ങേണ്ടി വന്ന സ്ഥലത്ത് ഇപ്പോള്‍ കല്യാണ ആവശ്യത്തിനായി കാശു കൊടുത്ത്ഒരു ട്രാക്ടര്‍ വെള്ളമാണ് വാങ്ങിയിരിക്കുന്നത്. കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശമയായ പാലക്കാട് ജില്ലയിലെ വാളയാറില്‍ ജലക്ഷാമം മൂലം വീട്ടില്‍ നടത്താന്‍ നിശ്ചയിച്ച കല്യാണം കല്യാണമണ്ഡപത്തിലേക്ക് മാറ്റി.

ദക്ഷിണേന്ത്യയില്‍ കല്യാണം മണ്ഡപത്തിലേക്ക് മാറ്റി വെയ്ക്കാനെങ്കിലും കഴിയുന്നുണ്ട്. പക്ഷേ ഉത്തരേന്ത്യയിലെ അവസ്ഥ ഇതിലും കഷ്ടമാണ് എന്നതാണ് സത്യം. പൊരിയുന്ന വെയിലിനോട് മല്ലിട്ടു നില്ക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. എരിയുന്ന സൂര്യതാപത്തിനു കീഴില്‍ കുടം, ബക്കറ്റ്, ചെരുവം തുടങ്ങിയ ആയുധങ്ങള്‍ വെച്ച് കീഴടങ്ങുകയാണ് പല ഗ്രമങ്ങളും. സര്‍ക്കാര്‍ വെള്ളം നല്കുന്ന പൈപ്പില്‍ പോലും ഒരു തുള്ളി ജലം കിട്ടാതെ വരുമ്പോള്‍ കല്യാണം തന്നെ മാറ്റിവെയ്ക്കേണ്ട അവസ്ഥയിലാണ് ഉത്തരേന്ത്യക്കാര്‍. .

ആന്ധ്രാ പ്രദേശിലെ പല ഗ്രാമങ്ങളും കടുത്ത ജലക്ഷാമത്തിലാണ്. വെള്ളമില്ലാത്തതിനാല്‍ ഇവിടെ വിവാഹങ്ങള്‍ മുടങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിവാഹ സല്‍ക്കാരം ഒരുക്കാന്‍ ആവശ്യത്തിന് വെള്ളമില്ലാത്തതാണ് വിവാഹം മുടങ്ങാന്‍ കാരണമെന്ന് ഗ്രാമീണര്‍ പറയുന്നു. സ്വകാര്യ വ്യക്തികളുടെ പക്കല്‍ നിന്നും വന്‍ വില കൊടുത്ത് വെള്ളം വാങ്ങാന്‍ ഇവര്‍ക്ക് കഴിയാത്തതിനാല്‍ മഴക്കാലത്തിനായി വേഴാമ്പല്‍ കാത്തിരിക്കുന്നത് പോലെ ഈ ഗ്രാമീണരും കാത്തിരിക്കുകയാണ്. ഇതോടെ കല്യാണങ്ങളെല്ലാം മഴക്കാലത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. ഈ ഗ്രാമത്തിലേക്ക് പൈപ്പ് ലൈന്‍ വേണമെന്ന് വളരെക്കാലമായി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അധികൃതര്‍ ഇതുവരെ നടപടി എടുത്തിട്ടില്ല. കുടിവെള്ളം എത്തിക്കാന്‍ ആവശ്യമായ നടപടി ഉടനെ സ്വീകരിക്കുമെന്ന് കളക്ടര്‍ എന്‍ നാഗേശ്വര റാവു ഉറപ്പുനല്‍കി.ഇതു പോലെ ഒരുപാട് ഉറപ്പുകള്‍ ഇതുനു മുമ്പും ഇവര്‍ക്ക് ലഭിച്ചതാണ്.

Water scaecity in India | ഇന്ത്യയുടെ തൊണ്ട വരണ്ടു; വിവാഹങ്ങളും നടക്കുന്നില്ല

No comments: