Monday, May 17, 2010

ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതം: മമ്മൂട്ടി


Mammootty
PRO
PRO
മാധ്യമങ്ങളില്‍ തന്നെക്കുറിച്ച് വേണ്ടാതീനമാണ് എഴുതിപ്പിടിപ്പിക്കുന്നതെന്നും അതിനാല്‍ തന്നെ വ്യക്തിപരമായി വലിയ പ്രതിസന്ധിയിലൂടെയാണ്‌ താന്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും മമ്മൂട്ടി. ദുബൈ ഫെസ്റ്റിവല്‍ സിറ്റിയില്‍ ഏഷ്യന്‍ ടെലിവിഷന്‍ അവാര്‍ഡ്‌ സ്വീകരിച്ച് സംസാരിക്കുമ്പോഴാണ് മമ്മൂട്ടി മനസ് തുറന്നത്. തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ അല്‍‌പം പോലും കഴമ്പില്ലെന്നും മമ്മൂട്ടി പറഞ്ഞു.

“സമീപകാലത്ത് വ്യക്തിപരമായി വലിയ പ്രതിസന്ധിയിലൂടെയാണ്‌ ഞാന്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രശസ്‌ത മലയാളി എന്ന ഈ പുരസ്‌കാരം അതുകൊണ്ട്‌ തന്നെ അഭിമാനത്തോടെയാണ്‌ ഞാന്‍ സ്വീകരിക്കുന്നത്. ഈ പുരസ്കാരം എനിക്ക് ആത്മവിശ്വാസം തരുന്നു.”


“ഈയിടെയായി എനിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു. എല്ലാം മാധ്യമങ്ങളില്‍ വരികയും ചെയ്തു. ഇതില്‍ അല്‍‌പം പോലും കഴമ്പില്ല എന്ന കാര്യം നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. എല്ലാം അടിസ്ഥാനരഹിതമാണ്‌. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ലോകത്തുള്ള മലയാളികള്‍ അംഗീകരിച്ചില്ലെന്നതിനുള്ള തെളിവു കൂടിയാണ്‌ ഈ പുരസ്‌കാരം.”

“അടിസ്ഥാന രഹിതമായ ആരോപണങ്ങളും വിവാദങ്ങളും ആര്‍ക്കും ഗുണം ചെയ്യില്ല. മലയാളി എന്ന നിലയില്‍ അഭിമാനമുണ്ട്‌. മലയാളികളുടെ മനസ്സ്‌ സ്വാധീനിക്കാന്‍ ബാഹ്യശക്തികള്‍ക്കാകില്ല. അവര്‍ക്ക്‌ അവരുടേതായ അഭിപ്രായമുണ്ട്‌” - മമ്മുട്ടി പറഞ്ഞു.

റേഡിയോ ഏഷ്യയുടെ സഹകരണത്തോടെ ഏഷ്യാവിഷന്‍ അഡ്വര്‍ടൈസിംഗ്‌ ആണ്‌ ഏഷ്യന്‍ ടെലിവിഷന്‍ അവാര്‍ഡുകള്‍ സംഘടിപ്പിക്കുന്നത്‌. ഇതിന്റെ ക്രിയാത്മക പങ്കാളിത്തം ലെന്‍സ്‌മാന്‍ ക്രിയേഷന്‍സിനാണ്‌.

അമാലിയ എം ഡി സെബാസ്റ്റ്യന്‍ ജോസഫാണ്‌ മമ്മുട്ടിക്ക്‌ പുരസ്‌കാരം കൈമാറിയത്‌. ഏറ്റവും പ്രശസ്‌തനായ പ്രവാസി എന്ന പുരസ്‌കാരം എംഎ യൂസുഫലി ഏറ്റുവാങ്ങി. ഫെസ്റ്റിവല്‍ സിറ്റിയില്‍ തടിച്ചു കൂടിയ ആയിരങ്ങള്‍ മമ്മുട്ടിയെയും യൂസുഫലിയെയും ഹര്‍ഷാരവത്തോടെയാണ്‌ എതിരേറ്റത്‌. നടന്‍ റഹ്‌മാന്‍ അതിഥിയായിരുന്നു

Allegations against me are baseless: Mammootty | ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതം: മമ്മൂട്ടി

No comments: