Monday, May 17, 2010

അഫ്ഗാന്‍ വിമാനം തകര്‍ന്ന് 43 പേരെ കാണാതായി


PRO
അഫ്ഗാന്‍ യാത്രാവിമാനം തകര്‍ന്ന് 43 പേരെ കാണാതായി. തലസ്ഥാന നഗരിയായ കാബൂളിനെ വടക്കന്‍ മേഖലയുമായി ബന്ധിപ്പിക്കുന്ന വ്യോമയാന പാതയിലാണ് അപകടം ഉണ്ടായത്. എത്രപേര്‍ രക്ഷപെട്ടിട്ടുണ്ടെന്നത് സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ആറു വിദേശികളും വിമാനത്തിലുണ്ടായിരുന്നു.

അപകടത്തില്‍ പെട്ട വിമാനം എവിടെയാണ് തകര്‍ന്ന് വീണതെന്നും വ്യക്തമായിട്ടില്ല. വിമാനം കണ്ടുപിടിക്കാനായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ആറ് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. മഞ്ഞുവീഴ്ച മൂലം പ്രദേശത്ത് മോശം കാലാവസ്ഥയാണ്. തെരച്ചിലിനെ ഇത് സാരമായി ബാധിക്കുന്നുണ്ട്.

പര്‍വ്വതപ്രദേശമായ സലാംഗ് പാസില്‍ 12,700 അടി ഉയരത്തിലായിരുന്നു അപകടമെന്നാണ് പ്രാഥമിക വിവരം. അഫ്ഗാനിലെ സ്വകാര്യവിമാന കമ്പനിയായ പാമിര്‍ എയര്‍വെയ്സിന്‍റേതാണ് തകര്‍ന്ന വിമാനം. രക്ഷാപ്രവര്‍ത്തനത്തിനായി അഫ്ഗാന്‍ സര്‍ക്കാര്‍ നാറ്റോ സേനയുടെ സഹായം തേടിയിട്ടുണ്ട്. മോശം കാലാവസ്ഥയാണോ അപകടകാരണമെന്നും വ്യക്തമല്ല.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ലിബിയയില്‍ യാത്രാവിമാനം തകര്‍ന്നുവീണ് 104 പേര്‍ മരിച്ചിരുന്നു. ഇതിന്‍റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പാണ് വീണ്ടും ഒരു ആകാശദുരന്തം കൂടി ഉണ്ടായിരിക്കുന്നത്. അഫ്ഗാനില്‍ ആഭ്യന്തര സര്‍വ്വീസ് നടത്തുന്ന മുന്‍ നിര വ്യോമയാന കമ്പനിയാണ് പാമിര്‍ എയര്‍വെയ്സ്

Plane carrying 44 passengers crashes in Afghanistan: Official | അഫ്ഗാന്‍ വിമാനം തകര്‍ന്ന് 43 പേരെ കാണാതായി

No comments: