Monday, May 17, 2010

പ്രണയകഥ തിരുത്തിയെഴുതിയപ്പോള്‍


PRO
സിനിമ സമൂഹത്തെ സ്വാധീനിക്കുമോ? ഇല്ലെന്നും ഉണ്ടെന്നും രണ്ട് വാദങ്ങള്‍ സിനിമാലോകത്തു തന്നെയുണ്ട്. സ്വാധീക്കുമെന്നാണ് അന്തരിച്ച ചലച്ചിത്രപ്രതിഭ ലോഹിതദാസ് വിശ്വസിച്ചിരുന്നത്. എന്നാല്‍ സ്വാധീനിക്കില്ലെന്ന് തിരക്കഥാകൃത്തും സംവിധായകനും നടനുമായ ശ്രീനിവാസന്‍ പറയുന്നു.

അതേസമയം, സംവിധായകര്‍ ധൈര്യപൂര്‍വം അവതരിപ്പിക്കുന്ന ചില പ്രമേയങ്ങളും ദൃശ്യങ്ങളും ഒടുവില്‍ വിവാദമായിത്തീരാറുണ്ട്. സമൂഹത്തെ ദോഷകരമായി ബാ‍ധിക്കുന്നു എന്നായിരിക്കും ആരോപണം. ‘എന്‍റെ സൂര്യപുത്രിക്ക്’ എന്ന ഫാസില്‍ ചിത്രം ഇത്തരത്തില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതാണ്. മെഗാഹിറ്റായ ആ സിനിമ തെറ്റായ ചില പ്രവണതകള്‍ മുന്നോട്ടുവച്ചു എന്നായിരുന്നു ആരോപണം.

സൂര്യപുത്രിയില്‍ അമല അവതരിപ്പിക്കുന്ന ‘മായ’ എന്ന കഥാപാത്രം ഒരു ‘തെറിച്ച പെണ്‍കുട്ടി’യാണ്. കൂട്ടുകാരോടൊപ്പം ഹോസ്റ്റല്‍ മതില്‍ ചാടുകയും രാത്രികളില്‍ കറങ്ങി നടക്കുകയും അപകടകരമായി പ്രണയിക്കുകയും ഒക്കെ ചെയ്യുന്ന ഒരു കഥാപാത്രം. ഈ സിനിമ പുറത്തിറങ്ങിയപ്പോള്‍, സിനിമ കണ്ട് പ്രചോദിതരായ ചില പെണ്‍‌കുട്ടികള്‍ ‘മായ’യെപ്പോലെ പെരുമാറാന്‍ തുടങ്ങിയത്രേ. യുവതലമുറയെ ഫാസില്‍ ഈ ചിത്രത്തിലൂടെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നു എന്ന് ആക്ഷേപമുയര്‍ന്നു.

ആക്ഷേപങ്ങളോട് അന്ന് ഫാസില്‍ പ്രതികരിച്ചില്ല. പക്ഷേ, താന്‍ അങ്ങനെ ഒരു തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അത് തിരുത്തണം എന്ന് അദ്ദേഹം അങ്ങേയറ്റം ആഗ്രഹിച്ചിരുന്നു. ‘അനിയത്തിപ്രാവ്’ എന്ന സിനിമ അങ്ങനെ സംഭവിച്ചതാണ്. സൂര്യപുത്രിയില്‍ താന്‍ സൃഷ്ടിച്ച പ്രണയം മാതാപിതാക്കളെ വേദനിപ്പിച്ചുവെങ്കില്‍ അനിയത്തിപ്രാവിലൂടെ അതിനൊരു പ്രായശ്ചിത്തം ചെയ്യുകയായിരുന്നു ഫാസില്‍.
PRO


പ്രണയിക്കുന്ന എല്ലാ ചെറുപ്പക്കാര്‍ക്കും ഒരു പാഠപുസ്തകമായിരുന്നു ആ സിനിമ. സുധി എന്ന എം ബി എ വിദ്യാര്‍ത്ഥിയും മിനി എന്ന പെണ്‍കുട്ടിയും സ്നേഹിച്ചത് അവര്‍ പോലും അറിയാതെയായിരുന്നു. തമ്മില്‍ പിരിയാനാകാത്തവിധം അവര്‍ അടുത്തു. എന്നാല്‍, അവരുടെ മാതാപിതാക്കളും ബന്ധുക്കളും ആ ബന്ധത്തില്‍ ഏറെ വേദനിച്ചു. ഒടുവില്‍ സുധിയും മിനിയും തീരുമാനിച്ചു - വേര്‍പിരിയാം. തങ്ങളെ സ്നേഹിക്കുന്നവരുടെ മനസ് വേദനിപ്പിച്ച് ഒന്നാവേണ്ടതില്ല.

സിനിമ കണ്ട ശേഷം അനവധി മാതാപിതാക്കള്‍ ഫാസിലിനെ അഭിനന്ദിച്ചു. കേരളത്തിലെ യുവതലമുറയ്ക്കുള്ള പാഠപുസ്തകം തന്നെയാണ് ‘അനിയത്തിപ്രാവ്’ എന്ന് അവര്‍ പ്രതികരിച്ചു. അതെ, സൂര്യപുത്രിയിലൂടെ തെറ്റിദ്ധരിക്കപ്പെട്ട ഫാസില്‍ ഈ പ്രണയകാവ്യത്തിലൂടെ കുടുംബങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സംവിധായകനായി. പ്രണയത്തെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം ഉറച്ച ശബ്ദത്തില്‍ വ്യക്തമാക്കുകയായിരുന്നു ഫാസില്‍

Suryaputhri to Aniyathipravu | പ്രണയകഥ തിരുത്തിയെഴുതിയപ്പോള്‍

No comments: