Monday, May 17, 2010

തന്നെ വലിച്ചെറിഞ്ഞവര്‍ക്കെതിരെ മോഹന്‍ലാല്‍!



Mohanlal
PRO
PRO
മോഹന്‍ലാല്‍ ആദ്യമായി കഥ രചിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന സിനിമ എന്ന അവകാശവാദവുമായാണ് സ്വപ്നമാളിക എന്ന ‘ഡ്രീം പ്രൊജക്റ്റ്’ തുടങ്ങിയത്. മൂന്ന് വര്‍ഷം മുമ്പ്, 2007-ലാണ് ഈ സിനിമയ്ക്ക് വേണ്ടിയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഈ സിനിമ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്, കാരണം തന്റെ കഥാപാത്രത്തെ സിനിമയില്‍ നിന്ന് വലിച്ചെറിഞ്ഞ സംവിധായകനെതിരെ കേസുകൊടുക്കാന്‍ ഒരുങ്ങുകയാണ് മോഹന്‍ലാല്‍!.

ആത്മീയതയില്‍ ഊന്നിയുള്ള കഥയായിരുന്നു ഇതിന്റേത്. ഇത് 2008-ല്‍ പുറത്തുവരും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ 2008-ല്‍ സിനിമ ഇറങ്ങിയില്ല. മാത്രമല്ല, ചിത്രത്തിന്‍റെ സംവിധായകനും കഥയെഴുത്തില്‍ ലാലിനെ സഹായിച്ചയാളുമായ കെ എ ദേവരാജും സൂപ്പര്‍താരവും തമ്മില്‍ ഉടക്കുകയും ചെയ്തു. നിര്‍മാണ കമ്പനിയായ കരിമ്പില്‍ ഫിലിംസ് സിനിമയ്ക്ക് വേണ്ടി ഇറക്കിയ പൈസ മുഴുവന്‍ വെള്ളത്തിലായി. സിനിമ ഉപ്പുമാങ്ങാ ഭരണിയിലുമായി! അങ്ങിനെ വര്‍ഷം മൂന്ന് കഴിഞ്ഞു.

ഇപ്പോഴിതാ ചിത്രീകരണം കഴിഞ്ഞ് സ്വപ്നമാളിക റിലീസിംഗിന് തയ്യാറെടുക്കുകയാണ്. ഈ സാഹചര്യത്തിലാണ് സിനിമയ്ക്കെതിരെ ലാലിന്റെ പടനീക്കം. മോഹന്‍ലാലിനെ പുല്ലുപോലെ വലിച്ചെറിയുകയായിരുന്നു ദേവരാജ്. ലാലിന്റെ കഥാപാത്രമായ അപ്പുനായരെ കാശിയില്‍ കൊണ്ടുപോയി ഒരു ബോംബേറില്‍ കൊന്ന്‌ കഥ മറ്റു കഥാപാത്രങ്ങളിലൂടെ മുന്നോട്ട്‌ കൊണ്ടു പോയി സിനിമ തീര്‍ക്കുകയാണ് ദേവരാജ്‌ ചെയ്തത്. ആര്‍ക്കായാലും സഹിക്കുമോ? മോഹന്‍ലാലിനും സംഗതി രസിച്ചില്ല.

സ്വപ്നമാളികയുടെ സാക്ഷാല്‍ തിരക്കഥാകൃത്ത് ടി.എസ്‌. സുരേഷ്‌ബാബുവാണ്. മോഹന്‍‌ലാലിന്റെ കഥയെ മെരുക്കിയെടുത്ത് തിരക്കഥയാക്കിയത് സുരേഷ്‌ബാബു ആയിരുന്നു. തങ്ങളുടെ അനുവാദമില്ലാതെ കഥയിലും തിരക്കഥയിലും മാറ്റം വരുത്തിയതിനാണ് മോഹന്‍ലാലും ടി.എസ്‌. സുരേഷ്‌ബാബുവും ദേവരാജിനെതിരെ കോടതിയെ സമീപിക്കാന്‍ പോകുന്നതെന്ന് അറിയുന്നു.

Mohanlal may file a case against Swapnamalika director | തന്നെ വലിച്ചെറിഞ്ഞവര്‍ക്കെതിരെ മോഹന്‍ലാല്‍!

No comments: