Saturday, May 15, 2010

ഇട്ടിക്കോരയും മലയാള നോവലും

ഒരു വല്ലാത്ത വായനാനുഭവം നല്‍കുന്ന നോവലാണ്‌ ഫ്രാന്‍സിസ്‌ ഇട്ടിക്കോര. മലയാള സാഹിത്യം ഇന്നുവരെ ദര്‍ശിച്ചിട്ടില്ലാത്ത അനുഭവതലങ്ങളിലൂടെ വായനക്കാരനെക്കൂട്ടിക്കൊണ്ടുപോകുന്ന രചനാശൈലിയാണ്‌ ടി.ഡി. രാമകൃഷ്‌ണന്റേത്‌. നിധിതേടി വന - മരു യാത്ര നടത്തുന്ന ഇന്ത്യാനാ ജോണ്‍സിന്റെ ഹോളിവുഡ്‌ സാഹസികകഥപോലെ അത്യന്തം ഉദ്വേഗജനകമാണ്‌ ഫ്രാന്‍സിസ്‌ ഇട്ടിക്കോരയുടെ കഥയും. കാമവും രക്‌തവും മാംസവും കലയും കണക്കും മിത്തും യാഥാര്‍ത്ഥ്യവും ചരിത്രവും ഇഴചേര്‍ന്നു നില്‍ക്കുന്നു, ഈ നോവലില്‍. മലയാള നോവലിന്റെ ചരിത്രത്തില്‍ ഇങ്ങനെയൊരു ആഖ്യാനശൈലി ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവാനും പോകുന്നില്ല. കാരണം, പുതിയ രചനാ സങ്കേതങ്ങളെല്ലാം നമ്മുടെ സാഹിത്യകരന്മാര്‍ക്കും നിരൂപകര്‍ക്കും വിളിപ്പാടകലെ മാറ്റിനിര്‍ത്തേണ്ട ഉത്തരാധുനിക രചനാശീലങ്ങളാണല്ലോ.
ഉള്ളുകിടുങ്ങുന്ന സംഭവപരമ്പരകളാണ്‌ ഫ്രാന്‍സിസ്‌ ഇട്ടിക്കോരയുടെ ഓരോ പേജിലും അനുവാചകനെ കാത്തിരിക്കുന്നത്‌. കുന്നംകുളത്തുനിന്നും കൊച്ചിയിലേക്കും ചിലിയിലേക്കും ന്യൂയോര്‍ക്കിലേക്കുമൊക്കെ കഥ നമ്മെ വലിച്ചുകൊണ്ടുപോകുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ നിന്നും ഇരുപതാം നൂറ്റാണ്ടിലേക്ക്‌ എടുത്തെറിയുന്നു. കാനിബോളിസത്തിന്റെ അഥവ നരമാംസഭോജനത്തിന്റെ ഉള്ളുലയ്‌ക്കുന്ന വിവരങ്ങള്‍ നോവലിലുണ്ട്‌. ഇന്റര്‍നെറ്റും ബ്ലോഗുമടങ്ങുന്ന ആധുനിക സാങ്കേതികവിദ്യയും പുരാതന ഗ്രീക്ക്‌ ഗണിതശാസ്‌ത്രവും വരികളില്‍ കയറിമറിയുന്നു.
ഇറാക്കില്‍ സേവനമനുഷ്‌ഠിക്കുന്ന പട്ടാളക്കാരനായ സേവ്യര്‍ ഇട്ടിക്കോര എന്ന നരഭോജി തന്റെ പാരമ്പര്യം തേടി ഇന്ത്യയിലെത്താനുള്ള ശ്രമം തുടങ്ങുന്നതോടെയാണ്‌ ഫ്രാന്‍സിസ്‌ ഇട്ടിക്കോരയുടെ കഥ ആരംഭിക്കുന്നത്‌. കൊച്ചിയിലെ സ്വകാര്യ രതിപഠനകേന്ദ്രമായ ബോഡിസ്‌കൂള്‍ നടത്തുന്ന മൂന്നു യുവതികള്‍ ഇന്റര്‍നെറ്റിലൂടെ സേവ്യറിന്‌ സ്വാഗതമരുളുന്നു. പിന്നെ, സേവ്യറിന്റെ പിതൃപരമ്പരയെക്കുറിച്ച്‌ ഈ പെണ്‍കുട്ടികള്‍ പഠനം നടത്തുന്നു. പതിനെട്ടാം കൂറ്റുകാര്‍ എന്നറിയപ്പെടുന്ന കോരപാപ്പന്‍െറ കുടുംബകഥ ചികഞ്ഞുതുടങ്ങുന്നതോടെ അപ്രതീക്ഷിതമായ തിരിച്ചടികള്‍ ആരംഭിക്കുന്നു. അതോടൊപ്പം കേരളത്തിലെത്തുന്നതിനുമുമ്പുള്ള കാലഘട്ടത്തില്‍ സേവ്യറും പലതരം പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നുണ്ട്‌. ഒടുവില്‍ കേരളത്തില്‍ സേവ്യര്‍ എത്തുമ്പോഴേക്കും പതിനെട്ടാം കൂറ്റിന്റെ നിഗൂഢതയില്‍ അവന്‍ അന്വേഷിച്ചെത്തിയ പലരും അപ്രത്യക്ഷരായിക്കഴിഞ്ഞിരുന്നു....
വളരെ നിസംഗമായാണ്‌ ടി.ഡി രാമകൃഷ്‌ണന്‍ കഥ പറഞ്ഞുപോകുന്നത്‌. ഇന്ദുലേഖയിലെ ഒരു അധ്യായംപോലെ കാലഘടനയില്‍ നിന്നുവേറിട്ടുനില്‍ക്കുന്ന, സാങ്കേതികത നിറച്ച ചില അധ്യായങ്ങള്‍ ഇട്ടിക്കോരയിലുമുണ്ട്‌. പക്ഷേ അവ പോലും കഥാഗതിയില്‍ മുഴച്ചുനില്‍ക്കുന്നില്ല. തന്നെയുമല്ല, പുരാതന ഗണിതശാസ്‌ത്രത്തില്‍ രാമകൃഷ്‌ണനുള്ള അഗാധമായ അറിവ്‌ ആശ്‌ചര്യപ്പെടുത്തുകയും ചെയ്യും.
നേരത്തെ സൂചിപ്പിച്ചതുപോലെ കഥ പറച്ചിലിലെ നിസംഗതപോലും ഫ്രാന്‍സിസ്‌ ഇട്ടിക്കോരയ്‌ക്ക്‌ ഭൂഷണമായിത്തീരുകയാണുണ്ടായത്‌. ഈ കഥപറയാന്‍ ആ ശൈലിതന്നെയാണ്‌ ആവശ്യം. കുരുക്കലും അഴിക്കലും വീണ്ടും കുരുക്കലുമൊക്കെയായി കഥയങ്ങനെ മുന്നോട്ടുപോകുന്നു. കുന്നംകുളത്തിന്റെ പ്രാചീന വ്യാപാരബന്‌ധങ്ങള്‍ മുതല്‍ ഡാവഞ്ചിയുടെ ചിത്രരചനാസങ്കേതങ്ങള്‍ വരെ വ്യാപിച്ചുകിടക്കുന്ന വിവരവിവരണങ്ങളില്‍ രാമകൃഷ്‌ണന്‍ കാട്ടുന്ന കൈയടക്കം ആരെയും അത്‌ഭുതപ്പെടുത്തും.
വിവര്‍ത്തകന്‍ എന്ന ലേബലില്‍ അറിയപ്പെടുന്ന ടി.ഡി. രാമകൃഷ്‌ണന്‍ മലയാള സാഹിത്യത്തിനു നല്‍കിയ ഈ സമ്മാനത്തിന്റെ വലിപ്പവും മൂല്യവും ഗ്രന്‌ഥകാരന്‍പോലും മനസിലാക്കിയിട്ടുണ്ടോ എന്നു സംശയമാണ്‌. അതോ, രചനാ ശൈലിയിലെ നിസംഗതയാണോ അദ്ദേഹത്തിന്റെയും മുഖമുദ്ര എന്നറിയില്ല. ഏതായാലും അവകാശവാദളോ മുദ്രാവാക്യം വിളികളോ രാമകൃഷ്‌ണന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
എം. മുകുന്ദനോ എം.ടി വാസുദേവന്‍ നായരോ എഴുതിയിരുന്നെങ്കില്‍ മലയാള നോവല്‍ സാഹിത്യചരിത്രത്തിന്റെ ഗതിമാറ്റിയെഴുതിയ കൃതി എന്ന മട്ടില്‍ ഫ്രാന്‍സിസ്‌ ഇട്ടിക്കോര ഉദ്‌ഘോഷിക്കപ്പെടുമായിരുന്നു എന്നെനിക്കുറപ്പുണ്ട്‌. മലയാളത്തിലെ യാതൊരു എഴുത്തുകാരനും എടുത്താല്‍ പൊങ്ങാത്തത്ര കനമുള്ള നോവലാണ്‌ ഇട്ടിക്കോര. അതുകൊണ്ടുതന്നെ മറ്റൊരു ഇട്ടിക്കോര എഴുതാന്‍ രാമകൃഷ്‌ണന്‍ തന്നെ വേണ്ടിവരും.
അവിടവിടെയായി പ്രത്യക്ഷപ്പെടുന്ന ചില പ്രശംസാവാചകങ്ങളല്ലാതെ യഥാര്‍ത്ഥ നിരൂപണം ഇട്ടിക്കോരയെപ്പറ്റി ഉണ്ടായിട്ടില്ല. ജനപ്രിയ നോവല്‍ എന്ന ശ്രേണിയില്‍പ്പെടുന്നതുകൊണ്ട്‌ നിരൂപകര്‍ അറച്ചുനില്‍ക്കുന്ന സീനുകളും ധാരാളം. ഉദാഹരണമായി കലാകൗമുദിയിലെ അക്ഷരജാലകം പംക്‌തിയില്‍ എം.കെ. ഹരികുമാര്‍ എഴുതിയത്‌ നോക്കുക. `ടി.ഡി. രാമകൃഷ്‌ണന്റെ ഫ്രാന്‍സിസ്‌ ഇട്ടിക്കോര'യ്‌ക്കുവേണ്ടി ഒരുപറ്റം ബുദ്ധിജീവികള്‍ ക്യാമ്പയിന്‍ തുടങ്ങിയിരിക്കുകയാണ്‌. ഇരുപതുവര്‍ഷം മുമ്പ്‌ വായന നിര്‍ത്തിയവരൊക്കെ ഇപ്പോള്‍ ഇട്ടിക്കോരയാവാനുള്ള നെട്ടോട്ടത്തിലാണ്‌.... 25 വര്‍ഷം മുമ്പെങ്കിലും എഴുതേണ്ട നോവലാണിത്‌. കാലഹരണപ്പെട്ട, കെട്ടുപിണഞ്ഞ ഉത്തരാധുനിക നോവല്‍ മാത്രം. അത്തരം പല മാതൃകകളും വായനക്കാര്‍ തിരസ്‌കരിച്ചുകഴിഞ്ഞത്‌ പലരും അറിഞ്ഞിട്ടില്ല...'
അതായത്‌, നാം ഒരു മലയാള നോവല്‍ വായിക്കുന്നതിനുമുമ്പ്‌ അതിന്റെ രചനാസങ്കേതം, മുമ്പ്‌ ഏതെങ്കിലും ഇംഗ്ലീഷ്‌ നോവലില്‍ പരീക്ഷിക്കപ്പെട്ടിട്ടുണ്ടോ എന്നു നോക്കണം. അങ്ങനെ സര്‍വമാന ഇംഗ്ലീഷ്‌ നോവലുകളും വായിച്ചതിനുശേഷം മാത്രമേ മലയാള നോവല്‍ വായിക്കാവൂ!
ഒരു കൃതി, അത്‌ വായിക്കുന്നവന്‌ എന്തു വായനാസുഖം നല്‍കുന്നു, അല്ലെങ്കില്‍ അത്‌ അവനെ എങ്ങനെ സ്വാധീനിക്കുന്നു എന്നുമാത്രം നോക്കിയാല്‍ പോരേ, സര്‍? `അത്തരം പല മാതൃകകളും വായനക്കാര്‍ തിരസ്‌കരിച്ചു' എന്ന്‌ പ്രഖ്യാപിക്കുന്ന ഹരികുമാറിന്‌, ഇട്ടിക്കോരയുടെ നാലാം പതിപ്പ്‌ പോലും ആറുമാസത്തിനുള്ളില്‍ വിറ്റഴിഞ്ഞതിനെപ്പറ്റി എന്താണു പറയാനുള്ളത്‌? വെള്ളാപ്പള്ളി നടോശന്‍ `തോല്‌ക്കണം' എന്ന്‌ ആഹ്വാനം ചെയ്യുന്ന സ്‌ഥാനാര്‍ത്ഥികളെ ഈഴവര്‍ വോട്ടുചെയ്‌തു ജയിപ്പിക്കുന്നതുപോലെയായി, ഇട്ടിക്കോരയുടെ കാര്യത്തില്‍ നിരൂപകരുടെ കാര്യം. നിരൂപകര്‍ ഇകഴ്‌ത്തുന്തോറും ഇട്ടിക്കോരയുടെ വില്‌പന കൂടും. കാരണം, അത്‌ നിരൂപകര്‍ക്കു കൈയെത്തിപ്പിടിക്കാന്‍ പറ്റാത്തത്ര ഉയരത്തില്‍, വായനക്കാരന്റെ ബുദ്ധികതലത്തിലാണ്‌ നില്‍ക്കുന്നത്‌.
ഏതായാലും നല്ല വായന ഇഷ്‌ടപ്പെടുന്നവരോട്‌ ഒരു വാക്ക്‌: തീര്‍ച്ചയായും ഫ്രാന്‍സിസ്‌ ഇട്ടിക്കോര വായിക്കണം. മലയാള നോവലില്‍ ഇങ്ങനെ മറ്റൊരു മാതൃകയില്ല

http://www.scoopeye.com/showNews.php?news_id=4570

6 comments:

Manoraj said...

സുഹൃത്തേ,
പറഞ്ഞ കാര്യങ്ങളിൽ ചിലതിനോട് മാത്രം പൊരുത്തപെടുന്നു. മറ്റൊന്നുമല്ല.. വ്യത്യസ്തമായ ഒരു അപ്രോച്ച് കൊണ്ട് ഇട്ടിക്കോര നല്ല പുസ്തകം തന്നെ..പക്ഷെ ഇന്റെർനെറ്റിൽ നിന്നും വിവരങ്ങൾ കുത്തി നിറച്ചു എന്നതാണ് പുസ്തകത്തിന്റെ ഒരു ഡ്രോ ബാക്ക്. ഒപ്പം രാമകൃഷ്ണന്റെ വിവരം മുഴുവൻ ഒരു പുസ്തകത്തിലൂടെ വായനക്കാരനിൽ എത്തിക്കാൻ ശ്രമിച്ചു എന്നതും. ഞാൻ ഒരു പോസ്റ്റ് ഇതിനെ കുറിച്ച് നേരത്തെ എഴുതിയിരുന്നു. കഴിയുമെങ്കിൽ ഒന്ന് നോക്കുക..

Visala Manaskan said...

താങ്കളുടെ അഭിപ്രായത്തോട് പൂർണ്ണമായും യോചിക്കുന്നു. ഇട്ടിക്കോര വായിച്ചിരിക്കേണ്ട ഒരു സൂപ്പർബ് വർക്കാണ്.

ppmd said...

മനൊരാജ്, താങ്കളുടെ പോസ്റ്റ് പരിചയപ്പെടുത്തിയതിനു നന്ദി. വൈകാതെ വായിക്കാം

വിശാല മനസ്കന്‍, ഈ പുസ്തകത്തെക്കുറിച്ച് സിനിമാനടന്‍,കോളമ്നിസ്റ്റ്, ടി.വി.അവതാരകന്‍ എന്നീനിലകളില്‍ ബഹുമുഖ പ്രതിഭ തെളിയിച്ച ശ്രീ. ശ്രീരാമന്‍ മനോരമ ദിനപത്രത്തില്‍ അദ്ദേഹത്തിന്‍റെ പ്രതിവാര കോളത്തില്‍ എഴുതിയ ആസ്വദനക്കുറിപ്പും ഓര്‍ക്കുന്നു. നന്ദി

vavvakkavu said...

ഡാവിഞ്ചി കോഡിനോട് പലയിടത്തും സമാനത തോന്നുന്നു

ppmd said...

ഇപ്പൊ മനസ്സിലായി കൂടുതല്‍ വായിച്ചാല്‍ ബുദ്ധി 'മുട്ടാവുമെന്ന്'

ചീരാമുളക് said...

വായനയുടെ കൗതുകലോകത്ത് നമ്മെ പിടിച്ചിരുത്തുന്ന മറ്റൊരു കൃതി. ചരിത്രവും മിത്തും ഭാവനയും അനിതരസാധരണമായ കൈവഴക്കത്തോടെ ഇഴ ചേർത്തെടുത്ത സൃഷ്ടി. പക്ഷേ, ചരിത്രത്തെ ഇങ്ങനെ അവതരിപ്പിക്കുക വഴി ഒരു വളച്ചോടിക്കലോ കൂട്ടിച്ചേർക്കലോ ആണ് നോവലിസ്റ്റ് ചെയ്തിരിക്കുന്നത്. മൈക്കലാഞ്ചലോയെയും ഹൈപ്പേഷ്യയുമൊക്കെ കഥയുടെ ക്രാഫ്റ്റിൽ ലൈംഗികതയുടെ അതിപ്രസരത്തിൽ മുങ്ങിയാറാടുന്നത് നീതീകരണമർഹിക്കുന്നില്ല. നോവലിന്ന് പഠനമെഴുതിയ ആശാമേനോൻ ദുർഗ്രാഹ്യമായ ഒരു വായനയാണ് നമുക്ക് നൽകുന്നത്!!