Saturday, May 15, 2010

സുരേഷ്‌കുറുപ്പിനെ വെട്ടാന്‍ ചെറുന്നിയൂര്‍


തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്‌ പ്രസിഡന്റ്‌ സ്ഥാനത്തേയ്‌ക്ക്‌ സിപിഎം ആദ്യം പരിഗണിച്ച മുന്‍ എംപി കെ.സുരേഷ്‌കുറുപ്പിനെ കോട്ടയം ജില്ലാ കമ്മിറ്റി പിന്തുണച്ചില്ല. പകരം ഇപ്പോള്‍ പരിഗണിക്കുന്നത്‌ തലസ്ഥാനത്തെ പ്രമുഖ അഭിഭാഷകന്‍ ചെറുന്നിയൂര്‍ ശശിധരന്‍ നായരെയാണ്‌. ഇക്കാര്യത്തില്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഔപചാരികമായിത്തന്നെ ആവശ്യം ഉന്നയിച്ചതായാണു സൂചന.
സുരേഷ്‌കുറുപ്പിനെ പ്രസിഡന്റാക്കുന്നതിനോട്‌ എല്‍ഡിഎഫ്‌ കണ്‍വീനറും സിപിഎം മുന്‍ കോട്ടയം ജില്ലാ സെക്രട്ടറിയുമായ വൈക്കം വിശ്വനും കോട്ടയം എംഎല്‍എ വി.എന്‍ വാസവനും താല്‍പര്യം കാട്ടിയില്ല. ഇവരുടെ താല്‍പര്യക്കുറവ്‌ അറിയുന്നതിനാല്‍ ജില്ലയില്‍ നിന്ന്‌ മറ്റു ശ്രമങ്ങള്‍ കുറുപ്പിനുവേണ്ടി ഉണ്ടായതുമില്ല. ജില്ലാ സെക്രട്ടറി കെ.ജെ.തോമസ്‌ ക്രിസ്‌ത്യാനിയായതിനാല്‍ ഇക്കാര്യത്തില്‍ കാര്യമായ റോള്‍ ഉണ്ടായതുമില്ല. മന്ത്രി പാലോളി മുഹമ്മദ്‌കുട്ടിയുടെയും കെ.ടി. ജലീല്‍ എംഎല്‍എയുടെയും നേതൃത്വത്തില്‍ രൂപീകരിച്ചിരിക്കുന്ന സിപിഎം ന്യൂനപക്ഷ സെല്ലിലാണ്‌ ഇപ്പോള്‍ തോമസിനു മുഖ്യറോള്‍.
സുരേഷ്‌കുറുപ്പിനെ പ്രസിഡന്റാക്കിയാല്‍ എന്‍എസ്‌എസിന്റെ താല്‍പര്യംകൂടി പരിഗണിക്കലാകുമെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ആദ്യം സംസ്ഥാന നേതൃത്വം അദ്ദേഹത്തെ പരിഗണിച്ചത്‌. എംപിയായിരുന്നപ്പോഴും തുടര്‍ന്നും എന്‍എസ്‌എസിന്‌ അഭിമതനാണ്‌ കുറുപ്പ്‌. വിശ്വാസിയാണെന്നതും വിവാദരഹിതനാണെന്നതും എന്‍എസ്‌എസ്‌ വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.
എന്നാല്‍ വിശ്വനും വാസവനും എതിര്‍ത്തതോടെ എന്‍എസ്‌എസിനു താല്‍പര്യമുള്ള മറ്റൊരാളെ കണ്ടെത്താനായി ശ്രമം. തുടര്‍ന്നാണ്‌ ചെറുന്നിയൂരിന്റെ പേരുവന്നത്‌. നിയമ മന്ത്രിയും മുന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ എം.വിജയകുമാറാണ്‌ അദ്ദേഹത്തിന്റെ പേര്‌ ആദ്യം നിര്‍ദേശിച്ചത്‌. ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനും ഇത്‌ അംഗീകരിച്ചതോടെ കാര്യങ്ങള്‍ വേഗത്തിലായി. വൈകാതെ പ്രഖ്യാപനമുണ്ടായേക്കും.
നിരവധി കേസുകളില്‍ സിപിഎമ്മിന്റെ അഭിഭാഷകനായ ചെറുന്നിയൂര്‍ പാര്‍ട്ടി അംഗമല്ലെന്ന്‌ അറിയുന്നു. എങ്കിലും തികഞ്ഞ അനുഭാവിയാണ്‌.
ഇടക്കാലത്ത്‌ വി.എസ്‌ പക്ഷത്തോടു പ്രകടിപ്പിച്ച ചായ്‌വും കോട്ടയത്തു നിന്നുള്ള പ്രമുഖ നേതാക്കളുമായി അകലം വര്‍ധിച്ചതുമാണ്‌ സുരേഷ്‌കുറുപ്പിനു വിനയായത്‌. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ ഇതേ നേതാക്കള്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ജോസ്‌ കെ.മാണി യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയാവുകയും കോട്ടയം മണ്‌ഡലം സിപിഎമ്മിന്റെ അഭിമാന പ്രശ്‌നമാവുകയും ചെയ്‌തതോടെയാണ്‌ വീണ്ടും കുറുപ്പിനു സീറ്റ്‌ നല്‍കിയത്‌. പകരം പരിഗണിക്കാന്‍ മറ്റൊരാളില്ലെന്ന സ്ഥിതിയും വന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ പാര്‍ട്ടിയുമായി ദൈനംദിന ബന്ധം നിലനിര്‍ത്തുന്നതില്‍ കുറുപ്പ്‌ താല്‍പര്യം കാട്ടിയില്ല. ഇത്‌ അകലം വര്‍ധിപ്പിച്ചു.
അതിനിടെ ദേവസ്വംബോര്‍ഡിലെ സിപിഐ നോമിനിയായി മുന്‍ എംപി ചെങ്ങറ സുരേന്ദ്രനെ നിയോഗിക്കുമെന്നു കേള്‍ക്കുന്നു. പട്ടികജാതി പ്രാതിനിധ്യമാണ്‌ സിപിഐക്ക്‌ കൊടുത്തിരിക്കുന്നത്‌. കഴിഞ്ഞ തവണ വൈക്കം മുന്‍ എംഎല്‍എ പി.നാരായണനായിരുന്നു സിപിഐ നോമിനി. അദ്ദേഹത്തിനെതിരേ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇനി പരിഗണിക്കുന്നില്ല.
ആര്‍എസ്‌പി നോമിനിയായി നിയമിച്ച സിസിലിയെ മാറ്റണമെന്ന്‌ ചന്ദ്രചൂഡന്‍ വിഭാഗം ആവശ്യപ്പെട്ടതോടെ അവിടെയും പ്രതിസന്ധിയാണ്‌. സിസിലി കൊല്ലം ജില്ലയിലെ ഒരു ബാങ്കിന്റെ ഭാരവാഹിയായിരുന്നപ്പോള്‍ അഴിമതി ആരോപണം ഉണ്ടായതാണെന്ന്‌ വിമര്‍ശകര്‍ പറയുന്നു.  

http://www.scoopeye.com/showNews.php?news_id=4579

No comments: