Saturday, February 14, 2009

ആനക്കഥകള്‍

വയനാട് മുത്തങ്ങ വനത്തില്‍ അബദ്ധത്തില്‍ ഒരാനക്കുട്ടി കിടങ്ങില്‍ വീണു. വാരിക്കുഴിയല്ല, കാരണം വാരിക്കുഴി കുത്തി, ആനയെ ജീവനോടെ പിടിക്കുന്ന സമ്പ്രദായം ഇപ്പോള്‍ കൂടുതല്‍ റിസ്ക്കാണ് - കുഴിയില്‍ വീണുപോയ ആനക്കുട്ടിയുടെ കൊമ്പ് നന്നേ ചെറുതായതിനാല്‍ നാട്ടുകാരറിഞ്ഞു; തുടര്‍ന്ന് വനം വകുപ്പ് അറിഞ്ഞു. ജീവകാരുണ്യപരമായ പ്രവര്‍ത്തനം പുരോഗമിച്ചു.........

ആനയുടെ മനഃശാസ്ത്രം പഠിക്കാത്ത എമ്പ്ലോയ്മെന്റ് ഉദ്യോഗസ്ഥര്‍ ഒരാഴ്ച ആനയെ പട്ടിണിക്കിട്ടു. ആനക്കുട്ടി എന്തു കൊടുത്തിട്ടും തിന്നുന്നില്ല. കുട്ടിക്കുറുമ്പനാണ്. പ്രതിഷേധ സത്യാഗ്രഹമാണ്. നാട്ടുകാരും കര്യം അറിയട്ടെ..........

വിശക്കുന്നുവന്റെ മുമ്പില്‍ ദൈവം ചോറിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടും - പഴഞ്ചൊല്ലില്‍ പതിര് പതിവില്ല.

പ്രകൃതി സ്നേഹികള്‍ യോഗം ചേര്‍ന്നു. മുദ്രാവാക്യം ഉയര്‍ന്നു. "ഇണങ്ങാത്ത ആനക്കുട്ടിയെ നിര്‍ബാധം വിട്ടയക്കുക" ഫോറസ്റ്റ് റെയിഞ്ചാപ്പീസില്‍ മറ്റൊരു ധര്‍ണ നടന്നു. ശാസ്ത്ര സാഹിത്യക്കാരും, വന സംരക്ഷണക്കാരും, പ്രകൃതി പ്രേമികളും കൂടി ഒരു ത്രിവേണി സംഗമ ധര്‍ണ. കൊമ്പന്‍ കുട്ടി കൂട്ടില്‍ നിന്നു ധര്‍ണ വീക്ഷിച്ചു. പ്രതിഷേധം ഉയര്‍ത്തി....

ഇവിടെ ആര് ജയിക്കും, ആര് തോല്‍ക്കും?

തെറ്റിദ്ധരിക്കണ്ട . ഇതൊക്കെ നമ്മുടെ ഇപ്പോഴത്തെ സംസ്കാര പാരമ്പര്യത്തിന്റെ കര്യം തന്നെ..............

xxxxx xxxxx xxxxx xxxxx

കരിയും കളഭവും

കുഞ്ചന്‍ നമ്പ്യാരും, ഉണ്ണായി വാരിയരും കുടി പത്മതീര്‍ത്ഥത്തില്‍ സുഖമായി കുളിച്ച് പത്മനാഭസ്വാമി ദര്‍ശനം കഴിച്ച് പതിവുപോലെ ഉച്ചയൂണിന് ഊട്ടുപുരയില്‍ ഹാജരായി. മഹാരാജാവ് തിരുമനസ്സുകൊണ്ട് അന്ന് അവിടെ എഴുന്നള്ളിയിരുന്നു. കവിപ്രവീണന്മാരെ ഒരുമിച്ചു കണ്ടപ്പോള്‍ തിരുമേനിക്ക് ഒരു ഉപചാരം ചോദിക്കാന്‍ തോന്നിപ്പോയി.

"എന്താ കുളിയൊക്കെ സുഖമായോ?"

അന്ന് ക്ഷേത്രക്കുളത്തില്‍ ആനയിറങ്ങി കടവ് കലക്കിയിരുന്നു. അത്‌ സൂചിപ്പിക്കാന്‍ ഉണ്ണായി നിശ്ചയിച്ചു. ഉരുളക്ക് ഉപ്പേരിപോലെ ഉത്തരം പറഞ്ഞു.

"കരികലക്കിയ വെളളത്തിലാ ഞങ്ങള്‍ കുളിച്ചത്."

" ഓഹോ, അങ്ങനെയോ? ആരവിടെ?" തിരുമേനിക്ക് മുക്കത്ത് ശുണ്ഠി വന്നിരുന്നു.

അപകടം മണത്തറിഞ്ഞ നമ്പ്യാര്‍ ഉടനെ ഇടപെട്ടു.

"അടിയന്‍ കളഭം കലക്കിയ വെളളത്തിലാ ആണ്ടത്."

തിരുമേനി പൊട്ടിച്ചിരിച്ചു. പ്രശ്നം തണുത്തു. രണ്ടു പേര്‍ക്കും ആമാട നല്‍കി സന്തോഷിപ്പിച്ചു........

ഇതൊക്കെ ആന കാരണം തന്നെ. എല്ലാം ഇന്നും എന്നും ആനക്കാര്യങ്ങള്‍ തന്നെ.......

xxxxxx xxxxxx xxxxx xxxxxx

ആനക്കാര്യത്തിലുള്ള ശുഷ്കാന്തി

തിരുവിതാംകൂര്‍ മഹാരാജാവിന്റെ പ്രിയംകരനായ ഒരാനയെ മലബാറിലെ പുലാമന്തോള്‍ മൂസ്സിന്റെ അടുക്കലേക്ക് ചികിത്സക്കായി അയച്ചുകൊടുത്തു. മത്തേഭന്‍റെ മസ്തകത്തില്‍ ഒരു വലിയ മുഴ. അത്‌ പഴുക്കുകയും ചലം നിറഞ്ഞ് ഭീകരമാവുകയും ചെയ്തിരുന്നു. തിരുവിതാംകൂറിലും കൊച്ചിയിലും അന്നുള്ള സിദ്ധവൈദ്യന്മാരെയെല്ലാം കാണിച്ച് അവരൊക്കെ കൈയൊഴിച്ച ശേഷമാണ് പുലാമന്തോള്‍ മൂസ്സിനെ ശരണം പ്രാപിച്ചത്.

ആനയെക്കണ്ട അന്നത്തെ അച്ഛന്‍ മൂസ്സത് ഉടനെത്തന്നെ വള്ളിക്കാപറ്റ ചാമിക്കുട്ടി എന്ന നാട്ടുവൈദ്യന് ആളയച്ചു. തീണ്ടല്‍ വംശജനായ ചാമിക്കുട്ടി താമസംവിനാ, മൂസ്സിന്‍റെ മുന്നിലെത്തി ഓഛാനിച്ചു നിന്നു.

"ചാമിക്കുട്ടി കണ്ടില്ലേ? രാജയഷ്മാവാണ്- മസ്തകം പഴുക്കുന്നു. ചികിത്സിക്കണം. എന്താ വേണ്ടത്?"

"അവിടുന്ന് കല്‍പിക്യാ?.............അടിയന്‍ അനുസരിക്യാ. അതാ വേണ്ടത്."

"എന്നാ കുരു കീറിക്കാളയാം. സാധിക്യോ, കൈ വെറക്കരുത്."

"കൈ വെറക്കില്ല. പക്ഷെ, കൊമ്പന്‍ കുട്ടി വിറച്ചൂന്ന് വരും. ആന വെറച്ചാ ചെരിയും ചെയ്യും."

"ഫാ........കൊശവാ, പുലാമന്തോള്‍ മൂസ്സിനെ വള്ളിക്കാപറ്റ ചാമിക്കുട്ടി പഠിപ്പിക്യാ"

"അടിയന്‍റെ പഴമനസ്സില് തോന്നി; വിടകൊണ്ടൂന്ന് മാത്രം. കുരു കീറിയാല്‍ രക്തം വാര്‍ച്ച നില്‍ക്കില്ല. നില്‍ക്കാഞ്ഞാ‍ല്‍ സന്നിവരും. സന്നി വന്നാല്‍ വിറയല് തന്നെ. ആന വിറച്ചാല്‍ വീഴ്ചയും തീര്‍ച്ച."

"മതി....മതി.....ഉപദേശിക്കണ്ട. നാളെ മസ്തകം കീറണം. നാം അമ്പലത്തിലാവും. വിശേഷം വല്ലതുംണ്ട്ച്ചാല്‍ അറിയിച്ചാല്‍ മതി."

ആയുര്‍വ്വേദം പഠിച്ച തീണ്ടല്‍ക്കാരന് സമ്മതിക്കാതെ ഗത്യന്തരമില്ലായിരുന്നു. ശുക്രനുദിച്ചപ്പോള്‍ ശസ്ത്രക്രിയ ആരംഭിച്ചു. പഴുപ്പും ചലവും മുഴുവനും പുറത്തായി. പക്ഷെ, ചാമിക്കുട്ടി പറഞ്ഞപോലെ രക്തം വാര്‍ച്ച നിലയ്ക്കുന്നില്ല. പകരം വര്‍ദ്ധിക്കുകയായിരുന്നു. ഏതാനും വിനാഴിക കൂടി കഴിഞ്ഞാല്‍ ആനക്ക് വിറയല്‍ വരും; ചരിയും.........ചാമിക്കുട്ടി ഉടനെ തേവാരം നടത്തുന്ന മൂസ്സിന്‍റെ അമ്പലത്തില്‍ മുഖം കാണിക്കാതെ ഒച്ചയനക്കി.

"രക്തം വാര്‍ച്ച നിലയ്ക്കുന്നില്ല; അല്ലേ?"

ഒന്നും സംഭവിക്കാത്തതുപോലെ രണ്ടാം മുണ്ടുമായി ആനയുടെ മുമ്പിലെത്തിയതും അത്ര വേഗത്തിലായിരുന്നു. ആ ഈരെഴത്തോര്‍ത്ത് നാലായി മടക്കി മുറിവായില്‍ അമര്‍ത്തിപ്പിടിച്ച് അച്ഛന്‍ മൂസ്സത് മനം നൊന്ത് പ്രാര്‍ത്ഥിച്ചുപോയി

"എന്‍റെ പരദൈവങ്ങളെ........."

അത്ഭുതം തന്നെ. രക്തം വാര്‍ച്ച പറ്റെ നിലച്ചു. തോര്‍ത്തില്‍കൂടെ ഒരു തുളളി രക്തം പോലും വന്നില്ല. അതു കണ്ട ചാമിക്കുട്ടി പഞ്ചപുഛമടക്കി പറഞ്ഞു.-

"തിരുവുടയാടേല് ധന്വന്തരിമൂര്‍ത്തീനെ എഴുന്നള്ളിക്കും എന്ന അടിയന്‍ അറിഞ്ഞില്ല. തിരുവുള്ളം കനിയണം"............ പരസ്യമായി മാപ്പ്‌ ചോദിക്കലും ഒന്നിച്ച്‌ കഴിച്ചു.

ആനക്ക് സുഖമായി പത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴീക്കാനെത്തിയപ്പോഴേക്കും പുലാമന്തോള്‍ മൂസ്സിനും ശസ്ത്രക്രിയ നടത്തിയ ചാമിക്കുട്ടിക്കും നിരവധി സമ്മാനങ്ങള്‍ കല്‍പിച്ച് കൊടുത്തയച്ചിരുന്നു.

രാജാവിനും, വൈദ്യന്മാര്‍ക്കും, ദൈവത്തിനു തന്നെയും ആനകളുടെ കാര്യത്തിലുണ്ടായിരുന്ന ശുഷ്കാന്തിയുടെ കഥയാണിത്. ഇന്നല്ല, കൊല്ലങ്ങള്‍ക്കു മുമ്പാണ് എന്നു മാത്രം.

xxxxxx xxxxxxx xxxxxx xxxxxxxx

കവളപ്പാറക്കൊമ്പന്‍

ഒരു കാളരാത്രിയിലാണ് അതൊക്കെ സംഭവിച്ചത്. ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഭയമാവുന്നു. അമ്മ എന്നെ നടത്തം പഠിപ്പിക്കുകയായിരുന്നു. ഞാന്‍ അമ്മയുടെ മുമ്പിലുമല്ല, പിന്നിലുമല്ല. അങ്ങനെ ചാടിക്കളിച്ച് നടക്കുകയായിരുന്നു. പെട്ടെന്ന്‌ ഞങ്ങള്‍ സ്വയം ഭൂമിയിലേക്ക് താണുപോയി. അതൊരു ചതിക്കുഴിയായിരുന്നു. കൊലച്ചതിയരായ ഇരുകാലിമൃഗങ്ങള്‍ ഞങ്ങളെ പിടിക്കാന്‍ നിര്‍മ്മിക്കുന്ന വാരിക്കുഴി.............

ഞാന്‍ വാരിക്കുഴിയില്‍ വീണപ്പോള്‍ അമ്മ രക്ഷിക്കാന്‍ പിടിച്ചതാണ്. അപ്പോള്‍ എന്‍റെ അമ്മയും കുഴിയില്‍ വീണു. അമ്മ വീഴുമ്പോള്‍ത്തന്നെ ഒന്നമറിനോക്കി. അച്ഛനെ അറിയിക്കാന്‍........

കവളപ്പാറയിലെ പടിപ്പുര കടന്നു. ആ വീട്ടുകാരുടെതാണത്രെ ഞാന്‍. വാരിക്കുഴി അവരുടേതായിരുന്നു. ആര് എന്തൊക്കെ പറഞ്ഞാലും കവളപ്പാറവളപ്പില്‍ പരമസുഖമായിരുന്നു. തൊലുമ്പലരിച്ചോറു കിട്ടി, പനം പട്ടയും കദളിപ്പഴവും കിട്ടി. കൊട്ടത്തേങ്ങ നിത്യവും തിന്നു. കുളിക്കാനും കളിക്കാനും തരമായി. പക്ഷെ, ഒന്നുമാത്രം അന്നും പിടിച്ചില്ല. പിന്‍ കാലില്‍ കൂച്ചിട്ട ചങ്ങലയുണ്ടായിരുന്നു, അതുമാത്രം............

കൂടല്‍മാണിക്യക്ഷേത്രത്തില്‍ കവളപ്പാറക്കാര്‍ എന്നെ നടയിരുത്തി. ഇരിങ്ങാലക്കുടവച്ച് എഴുന്നള്ളെത്തും ശീവേലിയും ശീലമായി.നിവേദ്യത്തിന് കൂടുതല്‍ സ്വാദുണ്ടെന്നു തോന്നി. ഉത്സവക്കാലത്ത് പലക്ഷേത്രങ്ങളിലും എഴുന്നള്ളിപ്പിന് പോയിത്തുടങ്ങി. ധാരാളം പുരുഷാരം, നല്ല അമ്പലമുറ്റങ്ങള്‍, ത്രിമധുരവും കദളിപ്പഴവും ഇടതടവില്ലാതെ..........കണ്ടവരൊക്കെ 'കവളപ്പാറക്കൊമ്പാ" എന്ന ഓമനിച്ചു വിളിച്ച് തൊട്ടുവന്ദിക്കും...........

രക്ഷിക്കണേ.......... നടയ്ക്ക് നിന്ന് തുമ്പി ഉയര്‍ത്തി ചൂളംവിളിച്ചു വന്ദിച്ചു. ചിറയിലിറങ്ങി........ കൊലകുളിയും നടത്തി. മേനിയാകെ വേദനിക്കുന്നു. കല്ലേറുകൊണ്ട വേദനയാകും. മയക്കുമരുന്നിട്ട വെടിയും ഏറ്റിട്ടുണ്ടാവും. തുമ്പി പൊന്തിച്ച് വെള്ളത്തില്‍ത്തന്നെ കിടന്നു. മയങ്ങിക്കിടന്നതാണ്.

മയക്കം തെളിഞ്ഞപ്പോള്‍ കവളപ്പാറക്കൊമ്പന്‍ ചങ്ങലക്കൂച്ചിലാണ്. ആ ചങ്ങല ഒന്നു വലിച്ചുനോക്കി. പൊട്ടുന്നില്ല. ഇത്ര വലിയ ആനച്ചങ്ങല കേരളത്തിലില്ലത്രെ

അങ്ങനെ ഞാനവിടെക്കിടന്ന് ഏഴാം മാസത്തില്‍ ജീവിതം അവസാനിപ്പിച്ചു. എത്രപേരെ കുത്തിക്കൊന്നുവെന്ന് ഇന്നും പറയാന്‍ കഴിയില്ല. പരശുരാമനെപ്പോലെ ഇരുപത്തിഒന്ന് പ്രാവശ്യം കൊലകുളിച്ചതായി ഓര്‍മ്മിച്ചു പറയാം......കാരണം കൊലനടത്തുമ്പോള്‍ ഓര്‍മ്മയുണ്ടാവില്ലല്ലോ.

പക്ഷെ, ഇന്നും കൂടല്‍മാണിക്യക്ഷേത്രത്തിലെത്തുമ്പോള്‍ കൊടിമരച്ചോട്ടില്‍ കിടക്കുന്ന ആനച്ചങ്ങല കണ്ടാല്‍ ഭയപ്പെടാത്തവരുണ്ടാവില്ല. കവളപ്പാറക്കൊമ്പന്‍റെ ചങ്ങല.

അതുമതി. ആ ചങ്ങല കണ്ടിട്ടായാലും കവളപ്പാറക്കൊമ്പനെ എല്ലാവരും ഭയപ്പെടണം - എങ്കില്‍ എന്‍റെ ആത്മാവിന് സുഖമാവും


കിടങ്ങൂര്‍ കണ്ടന്‍കോരന്‍

ഒരാനയ്ക്ക് അഞ്ചുവയസ്സായ മനുഷ്യക്കുട്ടിയുടെ ബുദ്ധിയാണെന്നാണ് ചെറുമനുഷ്യരുടെ നിഗമനവും, പഴമൊഴിയും. അതു തിരുത്തിക്കുറിക്കുന്നതായിരുന്നു എന്‍റെ ജീവിതം. തന്നെയല്ല, വിശേഷ ബുദ്ധിയുള്ള മനുഷ്യരേക്കാള്‍ ബുദ്ധികാണിക്കണം എന്ന വാശികൂടി എനിക്ക്‌ കൂടിവന്നു.

മനുഷ്യന് ലഭിച്ച വിശേഷബുദ്ധിയുടെ ദുരുപയോഗം കണ്ട് മനം മടുത്ത് അടക്കിപ്പിടിച്ച അമര്‍ഷവും ഞാന്‍ വച്ചുപുലര്‍ത്തിയിരുന്നു. ബുദ്ധി പാലുപോലെ നല്ലതാണെന്നും പാളിച്ചുപോയാല്‍ ഫലം കരാളമാണെന്നും എനിക്ക്‌ എന്നെ മനസ്സിലായിരുന്നു.

ചെറുമനുഷ്യരെ അവയൊക്കെ ആവോളം പഠിപ്പിക്കാനായിരുന്നു ഞാന്‍ കിടങ്ങൂര്‍ സുബ്രഹ്മണ്യസ്വാമിയുടെ നിത്യസേവകനായി ജീവിച്ചത്. കണ്ടന്‍ കോരന്‍ എന്ന പറയന്‍റെ പേരുവിളിച്ചു വളര്‍ന്ന ഞാന്‍, കഴിഞ്ഞ ജന്‍മത്തില്‍ ബ്രാഹ്മണവംശജനായിരിക്കുമെന്നാണ് കണ്ടവരും, കേട്ടവരും പറഞ്ഞുവച്ചിട്ടുള്ളത്.........

ഏറ്റുമാന്നൂര്‍ താലൂക്കിലെ കണ്ടന്‍ കോരന്‍ എന്ന പറയനാണ്, ലോകം കാണാതെ മരിച്ചുപോവുമായിരുന്ന എനിക്ക്‌ ജീവന്‍ തന്നു രക്ഷിച്ചത്. പ്രസവവേദനയെടുത്ത് തളര്‍ന്ന് തളര്‍ന്ന് അമിതമായി രക്തം വാര്‍ന്ന് അവശയായിപ്പോയ അമ്മയുടെ ഗര്‍ഭപാത്രത്തില്‍നിന്നും രക്ഷിച്ചതും ആ കണ്ടന്‍ കോരനായിരുന്നു. എന്നെ പ്രസവിക്കുന്നതോടെ പിടിയാന ചെരിയും എന്ന് ആന വൈദ്യന്മാര്‍ മഷിതൊട്ട് വിധിയെഴുതി. അമ്മയാവട്ടെ മരണവേദനയോടും, പ്രസവ വേദനയോടും ഒന്നിച്ച്‌ മല്ലിടുകയായിരുന്നു. ഓര്‍ക്കാന്‍ സാധിക്കുന്നവര്‍ക്ക് ഓര്‍ത്തുനോക്കാം...........

വളര്‍ന്നു വളര്‍ന്ന് ബുദ്ധിയുറച്ചുശേഷം ഞാന്‍ കണ്ട്ന്‍ കോരനെ നേരില്‍ കണ്ടിട്ടില്ല. ആരുമാരും, ശേഷം അന്വേഷിച്ചിട്ടുമുണ്ടാവില്ല. കാരണം മനുഷ്യര്‍ അങ്ങനെയാണല്ലോ. പണ്ടത്തെ കാര്യം പറയുന്നവര്‍ പടിക്കിലിരിക്കട്ടെ എന്നല്ലേ അവരുടെ ചിന്താഗതി. ഞാനെന്തായാലും ആ പേരു സ്വീകരിച്ച് വളര്‍ന്നുവന്നു.............

മദംപൊട്ടി നില്‍ക്കുമ്പോഴും എനിക്ക്‌ ഇരുമ്പുചങ്ങലയോട് അമര്‍ഷം തന്നെ. കൂച്ചിട്ടു തളയ്ക്കാന്‍ പാപ്പാന്‍മാരെ ഒരിക്കലും സമ്മതിച്ചിട്ടില്ല. അന്ധമായ അടിമത്തം അതിനെക്കാള്‍ എത്രയോ ശ്രേഷ്ഠമാണ്. വിവേകത്തോടെയുള്ള അനുസര‍ണം. ആ അനുസരണമാണ് എനിക്ക്‌ പനമ്പട്ടയേക്കാള്‍ പഥ്യമായി തോന്നിയത്. എന്നാലും മദമ്പാട് കാലത്തുതന്നെയാണ് സംഭവിച്ചത്.........

ചെവി വട്ടം പിടിച്ച മദയാനയുടെ സഞ്ചാരം. നാട്ടിലെ ഇടവഴിയാണ്. ഒരാനക്ക് നിന്നുതിരിയാന്‍ വീതിയില്ലാത്ത കുണ്ടനിടവഴി............ഒരു വളവില്‍ ചെന്നപ്പോള്‍ എതിരില്‍ ഒരു അന്തര്‍ജ്ജനവും വൃഷളിയും.............അച്ചിപ്പെണ്ണിന്‍റെ ഓട്ടവും അന്തര്‍ജ്ജനത്തിന്‍റെ സ്ഥിതിയും കണ്ട് കണ്ടന്‍ കോരനായ ഞാനും അന്തംവിട്ടുനിന്നു..............

എങ്ങനെയോ, ഒരു വലിയ മരം വലിക്കുന്ന ഭാരത്തോടെ ആ വെണ്ണമെയ്യ് തുമ്പികൊണ്ട് പൊന്തിച്ച് പതുക്കെ കയ്യാലയില്‍ കയറ്റിവച്ചു. അവരുടെ മറക്കുടയും............അങ്ങനെ മദം പൊട്ടിയ ആന ആളെക്കൊല്ലും എന്ന ‍ധാരണ തിരുത്തിക്കുറിച്ചു.............

............മനുഷ്യരുടെ ഭാഷയില്‍ മൃഗമായി ജനിച്ച് മനുഷ്യബുദ്ധിയോടെ വളര്‍ന്ന്, ബ്രാഹ്മണനായി ജീവിച്ച്, പാക്കനാരെപ്പോലെ പ്രവൃത്തിച്ച്, പേരെടുത്ത് നൂറ്റിപത്താമത്തെ വയസ്സില്‍ അമ്പലവട്ടത്തില്‍ത്തന്നെ ചരിഞ്ഞുവീണവനാണ് കിടങ്ങൂര്‍ കണ്ടന്‍ കോരന്‍...........


തിരുനീലകണ്ഠന്‍

തിരുനീലകണ്ഠ്ന്‍ വാരിക്കുഴിയില്‍ വീണുകിട്ടിയ ലക്ഷണമൊത്ത ആനക്കുട്ടിയായിരുന്നു. വികൃതിക്കുട്ടിയാണെങ്കിലും അസാമാന്യമായ ബുദ്ധിവിശേഷം ഉണ്ടായിരുന്നതിനാല്‍ ഇടവും വലവും തിരിയാനും കാരക്കോലിന്‍റെ ഭാഷ മനസ്സിലാക്കാനും ചെവിക്കുറ്റിയില്‍ ആനക്കുന്തം വച്ചാല്‍ തട്ടിയിടാതെ തീറ്റയെടുക്കാനും വേഗത്തില്‍ പഠിച്ചുവച്ചു. പഠിക്കാന്‍ മിടുക്കനായതുകൊണ്ട് കൂട്ടിലിട്ടു മെരുക്കേണ്ട ഭാരം തന്നെ ഉണ്ടായിരുന്നില്ല. കൂട്ടില്‍ കയറ്റാത്തതുകൊണ്ട് മാരകമായ ഭേദ്യങ്ങളും അനുഭവിക്കേണ്ടി വന്നില്ല. അവന്‍ ഒട്ടും കുറുമ്പനല്ല, പ്രത്യുത സമര്‍ത്ഥനായ വികൃതിയായിരുന്നു. ആ വികൃതിത്തരങ്ങളാവട്ടെ എല്ലവരെയും ഒരുപോലെ ആകര്‍ഷിച്ചുവരികയും ചെയ്തു.......

മദപ്പാടില്‍പ്പോലും ആരെയും ദ്രോഹിക്കാത്ത ഒരാന, പാപ്പാനെ തന്നെക്കാളുമധികം സ്നേഹിക്കുന്ന മനുഷ്യപ്പറ്റുള്ള മൃഗം, ഇണക്കുത്തില്ലാത്ത മത്തേഭന്‍, ആനപ്പകയില്ലാത്ത ആന, ക്ഷേത്രത്തിലെ ശുദ്ധാശുദ്ധം കാത്തുസൂക്ഷിക്കുന്ന ഭക്തന്‍, സഹജീവികളെ സ്നേഹിക്കുന്ന ബുദ്ധിമാന്‍, ഇവയൊക്കെ ആ സഹ്യന്‍റെ തലയെടുപ്പുള്ള മകനെ ഇന്നും ഓര്‍മ്മിക്കാന്‍ കാരണമാകുന്നു.

ഖരപ്രതിഷ്ഠകളായ ഏറ്റുമാനൂര്‍, വൈക്കം ക്ഷേത്രങ്ങളില്‍ തന്‍റെ പിതാവിനെ സേവിക്കാന്‍ വേണ്ടി ഗണപതിഭഗവാന്‍ തന്നെ അവതരിച്ചതായിരുന്നുവത്രെ ശ്രീവൈക്കം തിരുനീലകണ്ഠന്‍......

കരാളമായ മരണം അറുത്തിട്ട സ്നേഹബന്ധത്തില്‍ മനസ്സിടിഞ്ഞ്, നിത്യമൂകനായിപ്പോയ ഗോവിന്ദശ്ശാര്‍ കാലയവനികയ്ക്കുള്ളില്‍ മറയുന്നതുവരെ വൈക്കം മഹാക്ഷേത്രത്തിന്‍റെ തിരുമുറ്റത്ത് തന്നെ എന്നും, എപ്പോഴും ഉണ്ടാവാറുണ്ടായിരുന്നുവത്രെ........

കൊച്ചയ്യപ്പന്‍

"കൊച്ചയ്യപ്പാ.....ഓ കൊച്ചയ്യപ്പാ......ഓടിവായോ."

....റാന്നിയില്‍ കുഞ്ഞന്‍ കര്‍ത്താവിന്റെ മരുമകന്‍ നീട്ടിനീട്ടി വിളിക്കും. കുഞ്ഞിക്കാളി നില്‍ക്കുന്ന പുരയിടത്തിലെ ആണ്ടന്‍ മുളക്കമ്പുകള്‍ കുഞ്ഞിത്തുമ്പികൊണ്ട് കല്‍ക്കണ്ടമ്പോലെ പൊട്ടിച്ചു തിന്നുകയായിരിക്കും കൊച്ചയ്യപ്പന്‍. അടുത്ത വിളിക്കു മുമ്പ്‌ അടുക്കള വാതിലില്‍ ഹാജരാവാന്‍ അവന്‍ ഓടിവരും. വാലാട്ടി, തുമ്പിനീട്ടി, താടികുലുക്കി ആട്ടിന്‍ കുട്ടിയെപ്പോലെ. ആ കാഴ്ച കാണാന്‍ മരുമകള്‍ കുഞ്ഞിത്തേയി കൈയില്‍ ഒരുവലിയ ചോറുരുളയുമായി കാത്തുനില്‍ക്കുന്നുണ്ടാവും. തലനിറഞ്ഞ തലമുടി ചെരിച്ചു ചുറ്റിക്കെട്ടി, പാവുമുണ്ടുകൊണ്ട് മുലക്കച്ച ചുറ്റി, ഒരു തികഞ്ഞ തറവാട്ടമ്മയുടെ വേഷം ചമഞ്ഞ്, നിറകതിരിട്ട നിലവിളക്കുപോലെ ചോറുരുളയുമായി കാത്തുനില്‍ക്കുന്ന ആ എട്ടുവയസ്സുകാരി മലനാടന്‍ മങ്കയെ കാണാന്‍ ഏഴു വയസ്സുകാരന്‍ കൊച്ചയ്യപ്പനും വലിയ ഇമ്പമാണ്.

കൊച്ചയ്യപ്പനെപ്പോലെ സര്‍ക്കാരിലേക്ക് മുതലുണ്ടാക്കിയ മറ്റൊരു ഗജവീരനെപ്പറ്റി കേരളത്തിലെ ആന ഇതിഹാസങ്ങളില്‍ രേഖപ്പെടുത്താനാവില്ല. എഴുനാനൂറിലധികം കാട്ടാനകളെ പിടിച്ചു കൊടുത്ത താപ്പാനയാണവന്‍. അതില്‍ മുന്നു ഗജപോക്കിരികളെ മാത്രമേ വക വരുത്തേണ്ടിവന്നിട്ടുള്ളു.

ഇതൊക്കെ കണക്കിലെടുത്ത് കൊച്ചയ്യപ്പനെ ആറന്മുള ക്ഷേത്രത്തില്‍ ‍താവള‍മാക്കാനും, മുമ്പ് അനുവദിച്ചിരുന്ന എല്ലാ തീറ്റപണ്ടങ്ങളും തുടര്‍ന്ന് അനുവദിക്കാനും ആറന്‍മുള എഴുന്നള്ളിപ്പ് ഒഴികെ മറ്റൊന്നും കൊച്ചയ്യപ്പനെക്കൊണ്ട് ചെയ്യിക്കരുതെന്നു കല്‍പനയുണ്ടായി. ആ കല്‍പന 1086 കര്‍ക്കിടത്തില്‍ കൊല്ലത്തുവച്ചു ശ്രീമൂലം തിരുനാള്‍ മഹാരാജാവ് തിരുമനസ്സുകൊണ്ട് കൊച്ചയ്യപ്പനെ തൃക്കണ്‍ പാര്‍ത്തപ്പോഴാണ് ഉണ്ടായത്. അന്നേക്ക് കൊച്ചയ്യപ്പന് 100 വയസ്സ് തികഞ്ഞിരുന്നു

103-)മത്തെ വയസ്സില്‍ യതൊരു രോഗകാരണവും കൂടാതെ 1099-ല്‍ കൊച്ചയ്യപ്പന്‍ മരിച്ചുപോയി-ചക്കിക്കുട്ടി ദര്‍ശത്തിനുവന്ന്, നിവേദിച്ച കദളിപ്പഴം കൊച്ചയ്യപ്പന്‍റെ വായില്‍ വച്ചുകൊടുത്തായിരുന്നു ആ ഗജരാജ കേസരിയുടെ അവസാനത്തെ അത്താഴം.


ആവണാമനക്കല്‍ ഗോപാലന്‍

"ആവണാമനക്കല്‍ ഗോപാലന് കരിനാക്കുണ്ടത്രെ...." ഉണ്ടല്ലോ, ഉണ്ടെങ്കില്‍ത്തന്നെ ഈ പറയുന്നവര്‍ക്ക് എന്താണിത്ര നഷ്ടം? പറഞ്ഞുപരത്തുന്നത് അസൂയകൊണ്ടല്ലേ? ഇനി കരിനാക്കുണ്ടെങ്കില്‍ തന്നെ തക്കസമയത്ത് പറഞ്ഞാല്‍ കുറിക്കുകൊള്ളുമല്ലോ ആനയായ ഞാന്‍ എങ്ങനെ പറയും? വിചാരിച്ചാലും കരിനാക്കു പറ്റുമോ? ഇതൊക്കെ ആനഭ്രാന്തുപിടിച്ച മനുഷ്യരുടെ വേവലതിയാണ്. ഇവിടെ വിശേഷബുദ്ധിയില്ലാത്തത് ഞങ്ങള്‍ക്കൊ മനുഷ്യര്‍ക്കോ?............

ഒന്നുകൂടി തുമ്പി താഴ്ത്തി കയത്തില്‍ തിരഞ്ഞു. പാപ്പാനെ കിട്ടി. തുമ്പിയില്‍ പൊന്തിച്ച് കരയ്ക്കു കയറി. എന്‍റെ തുമ്പിയില്‍നിന്ന് വെള്ളം ചാടുമ്പോലെ മേനോന്‍ പാപ്പാന്‍റെ വായില്‍ക്കൂടെയും വെള്ളം വന്നു. മേനോന്‍ പാപ്പാന്‍ ആട്ടം കഴിഞ്ഞ കാവടിപോലെ തുമ്പിയില്‍ തളര്‍ന്നു കിടന്നു.....

ആവണാമനക്കല്‍ മുറ്റത്ത് എത്തണം എന്നു തോന്നി. നേരില്‍ക്കണ്ടവരൊക്കെ ഓടി ഒളിച്ചു. മനമിറ്റം പോലും ശൂന്യമായി. ലോകം കീഴ്മേല്‍ മറയുന്നതുപോലെ തോന്നി. ചെരിഞ്ഞു വീണത് ഞാനായിരുന്നു. പിന്നെ ഇളകാന്‍ എനിക്ക്‌ കഴിഞ്ഞില്ല. പുറമെ ഒന്നും ഇല്ലെന്ന് അവസ്ഥയിലേക്ക് ഞാന്‍ ആണ്ടുപോയി. ആവണാമനക്കല്‍ ഗോപാലന്‍ കഥാവശേഷനായി മാറുകയായിരുന്നു.

കൊട്ടാരക്കര ചന്ദ്രശേഖരന്‍

ആനയായി സഹ്യന്‍റെ മടിത്തട്ടില്‍ ജനനം, മനുഷ്യനെപ്പോലെ ജീവിച്ച ജീവിതം. ഗണപതീ ഭഗവാന്‍റെ അകമഴിഞ്ഞ അനുഗ്രഹം, അര്‍ദ്ധനാരീശ്വരന്‍റെ ജീവിതാവബോധം, മഹാരാജാക്കന്മാരുടെ പരിലാളനം, സ്നേഹിക്കുന്നവരോട് ആജീവനാന്തമുള്ള ആനക്കൂറ്, വൈരികളോട് അടങ്ങാത്ത ആനപ്പക, ഇണക്കുത്ത് ഉള്ളപ്പോള്‍ത്തന്നെ ഇണപ്രണയവും.

മുന്നാളെ കുത്തിക്കൊന്ന കൊലയാനപ്പട്ടം. കാട്ടുകൊമ്പനെ കുത്തിമലര്‍ത്തിയ നാട്ടുകൊമ്പന്‍, എഴുന്നള്ളാനും എഴുന്നള്ളിപ്പിക്കാനും കേമന്‍, ആരോരുമറിയാതെ താപ്പാനയായി രണ്ടാനകളെ മഹാരാജാവിനു സമ്മാനിച്ച സ്വദേശപ്രേമി.......ഇങ്ങനെയൊക്കെ ഉണ്ടായാല്‍ എന്താവുമോ അതായിരുന്നു കൊട്ടാരക്കര ചന്ദ്രശേഖരനായി പേരെടുത്ത ഞാന്‍............

.........രാമശ്ശാര്‍ മരിച്ചത് പെട്ടെന്നായിരുന്നു. അന്നും എനിക്കു തീറ്റയെടുക്കാനോ, കുട്ടിക്കൊമ്പനെ കളിപ്പിക്കാനോ തോന്നിയില്ല. മൂപ്പുകിട്ടി, പകരം വന്ന് അധികാരം കാട്ടിയ ഒന്നാം പാപ്പാനെ അന്നുതന്നെ ഞാന്‍ ശരിപ്പെടുത്തി. കാലു വാരിമറിച്ചിട്ട് ചവുട്ടിക്കൊല്ലുകയായിരുന്നു. സ്നേഹിക്കാനറിയാത്തവരെ വെച്ചു പൊറുപ്പിച്ചുകൂടാ.............

സ്നേഹിക്കാനറിയാവുന്നവര്‍ വരട്ടെ" ഇതായിരുന്നു അതിന്‍റെ അര്‍ത്ഥം.

അത്‌ ഏറെക്കുറെ മനസിലായിട്ടാവണം രാമശ്ശാരുടെ മൂത്തമകന്‍ കൃഷ്ണന്‍ കുട്ടി കാരക്കോല് കാണിക്കാതെ എന്നെ വന്നു തളച്ചത്. ഞാന്‍ മരപ്പാവപോലെ അനുസരിച്ചു.

ആയിരത്തി ഇരുപത്തി ഏഴിലാണ്, ഇരുപത്തിരണ്ടില്‍ത്തന്നെ സ്വാതിതിരുനാള്‍ നാടുനീങ്ങിയിരുന്നുവെന്ന് കൃഷ്ണന്‍ കുട്ടി പാപ്പാന്‍ പറയുന്നത്. അതെനിക്ക് ഒരു ഇടിവെട്ടിയ അനുഭവം വരുത്തിവച്ചു. ക്ഷീണം കാരണം പട്ട തിന്നാതെ ചരിഞ്ഞു കിടന്നു. പിന്നെ ഒരു കഥയും ഓര്‍മ്മയില്ല. എന്റെ കഥയെല്ലാം അവശേഷിക്കുകയായിരുന്നു.

പക്ഷെ ഒന്ന് ഓര്‍മ്മയുണ്ട്. ആനയായി ജനിച്ച് മനുഷ്യനെപ്പോലെ ജീവിച്ചുവെന്ന്, ദേവന്മാരും, തിരുമേനിമാരും സഹായിച്ചുവെന്ന്. ഭവാനിയും വേലായുധനും കുട്ടിക്കൊമ്പനും എന്നിലുണ്ടായിരുന്നുവെന്ന്.

ആറന്മുള ബാലകൃഷ്ണന്‍


"ബാലകൃഷ്ണനേയോ? അവന്‍ അവശനല്ലേ? തിരുവാറന്മുളയപ്പന് അവനെ നടയ്ക്കിരുത്തിയാല്‍ ദൈവകോപം നമുക്കും ഉണ്ടാവില്ലേ?....അതു വേണോ കുറുപ്പേ?"

"അവനെ ഇങ്ങനെ ഇവിടെ നിറുത്തിയാലാണ് ദേവകോപം എന്നാണ് പഴമനസ്സില്. ബാലകൃഷ്ണന്‍ ലക്ഷണമൊത്ത മത്തേഭനാണ്. അവനെത്തന്നെ അടിയങ്ങള്‍ക്ക് കല്‍പ്പിച്ചരുളണം............"

അങ്ങനെ അതൊക്കെ സംഭവിച്ചു. ബാലകൃഷ്ണന്‍ ആറന്മുളയെത്തി. മഹാരാജാവ് തിരുമനസ്സുകൊണ്ട് മാതംഗലീല വായിച്ചു. ആനപ്രേമം വര്‍ദ്ധിച്ചു. ആനലായത്തില്‍ രണ്ടു നേരവും എഴുന്നള്ളാന്‍ ഇടയായി........

ഒടുവില്‍ അതും സംഭവിച്ചു. കയ്പുക്കയത്തില്‍ നിന്ന തടിവലിച്ചു കയറ്റുകയായിരുന്നു. നേരം ഉച്ചിയിലെത്തി. ക്ഷീണം ധാരാളം. ഇപ്പോള്‍ മുമ്പത്തെപ്പോലെ മനസ്സ് വച്ചിടത്ത് ശരീരം നില്‍ക്കുന്നില്ല. എന്നാലും മരം പിടിച്ചുകൊടുത്തു. നിത്യാഭ്യാസി ഞങ്ങളെത്തന്നെ പൊന്തിക്കുമല്ലോ!

......പക്ഷെ പെട്ടെന്ന്‌ പാപ്പാന്റെ ഭാവം മാറി. അവന്‍ ആനക്കത്തി എന്റെ കൈയില്‍ പിടിയോളം കുത്തിയിറക്കി. രക്തം കുതിച്ചു ചാടി. അതോടെ ഞാനാകെ തളര്‍ന്നു.കൈകാലുകള്‍ കുഴയുന്നുണ്ടായിരുന്നു. കാലില്‍ക്കിടന്ന മരം എന്നെ കയത്തിലേക്ക് പിടിച്ചു വലിച്ച് താഴ്ത്തിക്കൊണ്ടിരുന്നു. എനിക്ക്‌ എല്ലാം ബോദ്ധ്യമായി.

"തിരുവാറന്മുളയപ്പാ ഇത് കൊലച്ചതിയാണ്"

"രക്ഷിക്കണമെങ്കില്‍ രക്ഷിക്കൂ"

ശിക്ഷിക്കാനായിരുന്നു തിരുവാറന്മുളയപ്പന്റെ തീരുമാനം. ആ തീരുമാനപ്രകാരം ഞാനാ കയത്തിലേക്ക് ആണ്ടുതുടങ്ങി. കൈയിന് കുത്തേറ്റ് കാരണം ചവിട്ട് ഉറക്കുന്നില്ല. മണലില്‍ തീരെ ഉറക്കുന്നില്ല. ഈ കയത്തില്‍ എന്റെ അവസാനമാണ്. അതിനുമുമ്പ് പിള്ളയെ ഏന്തിപ്പിടിക്കാന്‍ പറ്റിയില്ല. ഒന്നു കൈയില്‍ കിട്ടിയിരുവെങ്കില്‍........!

തിരുവട്ടാര്‍ ആദികേശവന്‍

"തിരുവട്ടാര്‍ ആദികേശവനെ നമ്മുടെ പക്കപ്പിറന്നാളിന് കണികാണാന്‍ കൊണ്ടുവരണം. ശുക്രനുദിക്കും മുമ്പ്‌ കൊട്ടാര വളപ്പില്‍ എത്തിക്കണം. അഴകപ്പന്‍ പിളള തന്നെ ഉത്സാഹിക്കണം. അവനെ എന്നും കണി കാണാന്‍ പറ്റില്ലല്ലോ."

ലോകപ്രശസ്തനായ മാര്‍ത്തണ്ഡവര്‍മ്മ മഹാരാജാവ്, തിരുവട്ടാര്‍ ആദികേശവസ്വാമിയുടെ തിരുമുമ്പില്‍ എന്നെ ആര്‍ഭാടപൂര്‍വ്വം നടയിരുത്തി വന്ദിച്ചശേഷം കല്‍പ്പിക്കുകയാണ്. വീണ്ടും രണ്ടടി നടന്ന് തിരുമുഖത്തെ മ്ലാനത ഒന്നുകൂടി തുടച്ച് ശാന്തത വരുത്തി തിരുമേനി തുടര്‍ന്നു............

ഒന്നും കൂട്ടാക്കാതെ പറമ്പില്‍ ഉയരത്തേക്കു കയറി. ആ കയറ്റം കയറിയതയോടെ തിരിഞ്ഞു നില്‍ക്കാനും തുമ്പി പൊന്തിച്ച് യാത്ര പറയനും തോന്നി. പക്ഷെ, സാധിച്ചില്ല, ശബ്ദം പുറത്തു വന്നില്ല. തുമ്പി പൊന്തിയില്ല. ഞാന്‍ ചരിയുകയായിരുന്നു......... ഈ പറമ്പില്‍ത്തന്നെ പാപ്പാന്റെ ഒന്നിച്ച്‌ എന്നെയും മറവു ചെയ്യണേ........

( കടപ്പാട് - ആനക്കഥകള്‍ - കുട്ടിശങ്കരമേനോന്‍-മള്‍ബറി പ്രസാധനം-First Edition - September 1996

)

No comments: