Tuesday, February 10, 2009

കയ്യൊപ്പ്

ബഷീര്‍

വിഷാദരോഗത്തെക്കുറിച്ചെഴുതി തന്നിലേ വിഷാദരോഗത്തെ താന്‍ ഒഴിവാക്കിയെന്ന റോബര്‍ട്ട് ബര്‍ട്ടന്‍ എഴുതുന്നു. അതിനാല്‍ വാക്കുകളുടെ ഉന്മാദചേഷ്ടകളെ ആവിഷ്കരിക്കും വഴി തന്‍റെ ചീത്തവിഭ്രാന്തികളെ തുറന്നുവിട്ടുകൊണ്ട് ഭ്രാന്തില്‍നിന്ന് സ്വതന്ത്രനാകാനാണ് ബഷീര്‍ ശ്രമിച്ചത്. അങ്ങനെ വാക്ക് ബഷീറിന് വൈദ്യനായി.

തകഴി

തകഴിയുടെ കൃതികളില്‍ ഉദാത്തതയില്ല. അന്യാപദേശമില്ല. പ്രതീക കല്‍പനകളില്ല, പൊതുവേ തകഴിയുടെ നോവലുകള്‍ക്ക് വേറെ തലമില്ല. എന്നാല്‍, ചില സന്ദര്‍ഭങ്ങളില്‍ ഒരു നിഗൂഢത പാലിക്കപ്പെടുന്നു. ചിലപ്പോഴെങ്കിലും മനുഷ്യവ്യക്തിയും ബാഹ്യലോകവും തമ്മിലുള്ള ബന്ധത്തിന് ഒരു നിഗൂഢത കൈവരുന്നു.

പി.കേശവദേവ്

"ദീര്‍ഘമായൊരു സാഹസമാണ് എന്‍റെ ജീവിതം. പ്രകൃതി എനിക്ക് നല്‍കാത്തത് നേടിയെടുക്കാനാണ് ഞാന്‍ ശ്രമിച്ചത്" എന്ന ഗൊയ്ഥെ പറയുകയുണ്ടായി. ഇതില്‍ ആദ്യത്തെ ഭാഗം മാത്രമേ ദേവിന്‍റെ ജീവിതത്തില്‍ കാണാന്‍ കഴിയൂ. മറ്റു രണ്ടംശങ്ങളും അദ്ദേഹത്തിന്‍റെ സാഹത്യജീവിതത്തില്‍ നഷ്ടപ്പെട്ടുകിടക്കുകയാണ്.

ഉറൂബ്

ഉറൂബിന്‍റെ സാഹിത്യം വായിക്കുമ്പോള്‍ നാം കൃതിയില്‍ നിന്ന് എഴുത്തുകാരനിലേക്ക് പോകുന്നില്ല. കൃതിയില്‍ നിന്ന് സാഹിത്യചരിത്രത്തിന്‍റെ പരപ്പിലേക്ക് പോകുന്നു. മനുഷ്യദര്‍ശനത്തിന്‍റെ വിസ്താരമേറിയ ലോകചിത്രങ്ങളിലേക്ക് പോകുന്നു. എഴുത്ത് ഉറൂബിന് ലോകത്തെയും ലോകത്തെക്കുറിച്ചുള്ള നമ്മുടെ അനുഭവങ്ങളെയും വിശാലധാരണയായി വിനിമയം ചെയ്യുന്ന കലയാണ്.

മാരാര്‍

സമകാലിക സാഹിത്യചിന്തകന്മാരുമായി പൂര്‍ണ്ണമായും ഇണങ്ങിപ്പോകാന്‍ മാരാര്‍ക്ക് കഴിഞ്ഞില്ല. അതുകൊണ്ട് എതിര്‍പ്പിന്‍റേയും ചെറുത്തുനില്‍പ്പിന്‍റേയും ആക്രമണത്തിന്‍റേയും ചരിത്രമാണ് അദ്ദേഹത്തിന്‍റെ സാഹിത്യജീവിതം പറയുന്നത്. വാസ്തവത്തില്‍ ചിന്തയുടെ രംഗത്ത് തന്നെ സംബന്ധിച്ചിടത്തോളം പലപ്പോഴും അനുരഞ്ജനം അസാധ്യമാണെന്ന് സ്വന്തം വിമര്‍ശന ഗ്രന്ഥങ്ങളിലൂടെ പ്രഖ്യാപിക്കുകയാണ് മാരാര്‍ ചെയ്തത്.

കുറ്റിപ്പുഴ

കുറ്റിപ്പുഴയുടെ ക്ഷോഭിക്കുന്ന കണ്ണുകളാണ് എന്നെ ആദ്യം വശീകരിച്ചത്. ചുറ്റുപാടുമുള്ള മനുഷ്യരുടെ മാനസികമായ അടിമത്തമാണ് കുറ്റിപ്പുഴയെ ഇത്രമേല്‍ ക്ഷോഭിപ്പിച്ചതെന്ന് എനിക്കു തോന്നി. കുറ്റിപ്പുഴയുടെ മുഖത്തിന്‍റെ ആകെക്കൂടിയുള്ള ഭാവം എന്നെ വീണ്ടും ചിന്തിപ്പിച്ചു. നീരാളിയെ സ്വപ്നം കണ്ടുണര്‍ന്ന കൊച്ചുകുട്ടിയുടെ മുഖഭാവമായിരുന്നു അത്.

കേസരി

ഏകാകിയായ മനുഷ്യന്‍റെ കലാപവാസന ചരിത്രത്തിന്‍റെ പ്രധാന പാഠങ്ങളായിത്തീര്‍ന്ന കഥയാണ് കേസരിയുടെ ജീവിതം. അവസാനിക്കാത്ത യാതനകള്‍ താന്‍റെ അസ്തിസ്ത്വത്തെ ഭീഷണിപ്പെടുത്തിയിട്ടും മരണം വരെ സ്വന്തം ആത്മവീര്യം ഉയര്‍ത്തിക്കാണിച്ച കേസരി അനശ്വര റിബലായ പ്രൊമിത്യൂസിനെ അനുസ്മരിപ്പിക്കുന്നു.

മുണ്ടശ്ശേരി

മലയാളത്തിന്‍റെ അഭിരുചിയെ ഞെട്ടല്‍ നല്‍കിക്കൊണ്ടുള്ള ചികിത്സയ്ക്കു വിധേയമാക്കുന്നതിനും അതുവഴി ദാര്‍ശനികവും സൌന്ദര്യപരവുമായ ഒരു ശുദ്ധീകരണത്തിനു വഴിതെളിക്കുന്നതിനും വേണ്ടി മുണ്ടശ്ശേരി നടത്തിയ വിഗ്രഹഭഞ്ജനങ്ങളുടെ പ്രസക്തി കാലം കഴിയുന്തോറും വര്‍ദ്ധിക്കുകയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഗദ്യസാഹിത്യത്തിന്‍റെ ഭാവിയെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രവചനങ്ങള്‍ പില്‍ക്കാലത്ത് ശരിയായിത്തീരുകയാണുണ്ടായത്.

( ശ്രീ. കെ.പി.അപ്പന്‍ - കടപ്പാട് - കലാകൌമുദി വാരിക 2008 December 28)

No comments: