Saturday, February 7, 2009

നൂറുനൂറ് മുഖങ്ങളുള്ള പ്രണയം

വിശേഷങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കുമൊക്കെ ദിവസങ്ങള്‍ കുറിക്കുന്നതുപോലെ ഇന്ന് ഗുരുവിനൊരു ദിവസം, അമ്മയ്ക്കൊരു ദിവസം, അച്ഛനൊരു ദിവസം എന്ന മനുഷ്യബന്ധങ്ങളുടെ എല്ലാവശങ്ങ‍ളേയും ഓര്‍മ്മപ്പെടുത്തുവാനായി ഓരോരോ ദിവസങ്ങള്‍ പ്രത്യേകം പ്രത്യേകമായി നീക്കിവെയ്ക്കപ്പെട്ടിരിക്കുന്നു. നമ്മുടെ സസ്കാരത്തില്‍ മാതാ പിതാ ഗുരു- അതിനുശേഷമേ ദൈവത്തിനുപോലും സ്ഥാനമുള്ളു. ആഗോളവല്‍ക്കരണം നമ്മുടെ ജീവിതത്തില്‍ വരുത്തിത്തീര്‍ത്ത പല മാറ്റങ്ങളില്‍ ഒന്നുമാത്രമാണ് ബന്ധങ്ങള്‍ക്കും വികാരങ്ങള്‍ക്കും പ്രത്യേകദിവസങ്ങള്‍ മാറ്റിവെയ്ക്കുക എന്നത്. തിരക്കേറിയ ഇന്നത്തെ ജീവിത സാഹചര്യത്തില്‍ ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ വേണ്ടി വരുന്നുതാനും.

പ്രണയത്തിന്‍റെ പ്രത്യേക ദിനമാണല്ലോ ഫെബ്രുവരി 14. അതിനെ കമിതാക്കളുടെ ദിനമെന്ന് വിശേഷിപ്പിക്കപ്പെടുന്നു. പ്രണയം എന്നാല്‍ എന്താണര്‍ത്ഥം. പ്രേമം, അനുരാഗം, വിശ്വാസം, ഭക്തി, സ്നേഹം, ഇഷ്ടം, കാമം, ആസക്തി, ഭ്രമം, സൌഹാര്‍ദ്ദം, അഭിലാഷം, അഭിനിവേശം, പ്രതിപത്തി, രതി, ശൃoഗാരം, വാത്സല്യം, ആര്‍ദ്രത എന്നു നീളുന്നു പ്രണയത്തിന്‍റെ അര്‍ത്ഥവും ഭാവവും. പ്രണയത്തിന്‍റെ വൈവിദ്ധ്യമാര്‍ന്ന മുഖം അനാവരണം ചെയ്യപ്പെടുമ്പോള്‍ ജീവിതത്തിന്‍റെ അടിസ്ഥാനമൂല്യം തന്നെ പ്രണയമാണെന്ന് മനസ്സിലാക്കാം. പ്രണയത്തിന് എപ്പോഴും ആത്മീയമായ ഒരു തലമുണ്ട്. പ്രണയത്തിന്‍റെ പ്രതീകമായി നമ്മള്‍ കാണുന്ന രാധാകൃഷ്ണസങ്കല്‍പ്പവും പ്രണയത്തിന്‍റെ അനശ്വരഭാവത്തിന്‍റെ ചിഹ്നമായ ടാജ്മഹലും ഒരു ആത്മീയ ലോകത്തേയ്ക്കാണ് നമ്മെ കൂട്ടിക്കോണ്ടുപോകുന്നത്.

ഉപാധികളില്ലാത്ത വികാരമാണ് പ്രണയം. ബന്ധങ്ങള്‍ ഉണ്ടാകുന്നതും നിലനില്‍ക്കുന്നതുമെല്ലാം അതിന്റെ അടിസ്ഥാനത്തിലാണ്. പ്രണയത്തിന്റെ നിലനില്‍പ്പ് ത്യാഗത്തിലും വിട്ടുവീഴ്ചയിലുമാണ്. എതിര്‍ജോടികള്‍ പരസ്പരം കണ്ടെത്തുകയും തിരിച്ചറിയുകയും ചെയ്യുന്ന നിമിഷത്തില്‍ പ്രണയം ജനിക്കുന്നു. ആ പ്രണയത്തിന്റെ ശക്തി അപാരമാണ്. ഒരു കൊടുങ്കാറ്റിനും അതിനെ ഉലയ്ക്കാനാകില്ല. യഥാര്‍ത്ഥ പ്രണയം എവറസ്റ്റ് പോലെ വിശ്വാസത്തിന്റെ അടിത്തറയാണ്.

പ്രഥമദര്‍ശനത്തില്‍ ഉണ്ടാകുന്നു എന്നു കരുതപ്പെടുന്ന പ്രണയം വെറും അഭിനിവേശം മാത്രമാണ്. ഈ അഭിനിവേശം തണുക്കുമ്പോള്‍ ഗാഡമെന്ന് കരുതുപ്പെട്ട പ്രണയം അസ്തമിക്കും.

പ്രണയത്തിന്റെ സങ്കല്‍പ്പങ്ങള്‍ തന്നെ ഇന്നത്തെ ഹൈടെക് ജീവിതത്തില്‍ ആകെ മാറിമറിഞ്ഞിരിക്കുകയാണ്. ഉള്ളിന്റെയുള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന സ്ഥായിയായ പ്രണയഭാവത്തേക്കാള്‍ ഇന്ന് വിലമതിക്കപ്പെടുന്നത് പരസ്പരം കൈമാറുന്ന സമ്മാനപ്പൊതികളാണ്. പ്രണയത്തിന് മാത്രമായി ഒരു ദിവസം നീക്കിവെയ്ക്കപ്പെടുമ്പോള്‍ മറ്റു ദിനങ്ങളില്‍ പ്രണയം മനസ്സിന്റെ ഉള്ളില്‍ എവിടെയോ പിന്തള്ളപ്പെട്ടുപോകുന്നു എന്നല്ലേ അര്‍ത്ഥം. പ്രണയമെന്നത് പ്രണയിക്കുന്നവരുടെ മാത്രം സ്വന്തമായ ഒരു വികാരമല്ല. ജീവിതത്തിന്റെ ഓരോ ചലനങ്ങളും ചെറുതും വലുതുമായ എല്ലാ ബന്ധങ്ങളും പ്രണയത്തിന്റെ പല മുഖങ്ങളുടെ പ്രതീകങ്ങളാണ്. പ്രണയമില്ലാതേ ജീവിക്കാന്‍ പറ്റില്ല. ശ്വസിക്കാന്‍ പറ്റില്ല. ചലിക്കാന്‍ പറ്റില്ല.

കുഞ്ഞുന്നാളില്‍ അമ്മയില്‍നിന്ന് കിട്ടുന്ന വാത്സല്യം പ്രണയത്തിന്റെ ഒരു മുഖം തന്നെയാണ്. വഴികാട്ടി നടത്തിക്കോണ്ടുപോകുന്ന അച്ഛന്‍ എന്ന വിശ്വാസവും പ്രണയത്തിന്റെ മുഖം തന്നെ. മുതിര്‍ന്നപ്പോള്‍ പങ്കിടുന്ന സൌഹൃദവും പ്രേമവും വാര്‍ദ്ധക്യത്തിലേക്ക് കടക്കുമ്പോഴുണ്ടാകുന്ന ഭക്തിയും എല്ലാമെല്ലാം പ്രണയത്തിന്റെ വൈവിദ്ധ്യമാര്‍ന്ന മുഖങ്ങള്‍ തന്നെ.

അതുകൊണ്ടുതന്നെ പ്രണയത്തിനായി ഒരു പ്രത്യേകദിവസം നീക്കിവെയ്ക്കുന്നവര്‍ അതിന്റെ മഹത്വം കണ്ടറിയാത്തവരാണ്. ത്യാഗത്തിന്റേയും ആത്മീയതയുടേയും വെളിച്ചത്തിന്റേയും സൂര്യപ്രഭയാണ് പ്രണയം. പ്രണയത്തിന്റെ ഏതെങ്കിലും ഒരു ഭാവം ജീവിതത്തിന്റെ ഓരോ കാലഘട്ടങ്ങളിലും നമ്മെ നയിച്ചുകൊണ്ടുപോകുന്നു.

(കുങ്കുമം മാസികയുടെ പത്രാധിപക്കുറിപ്പ് - ഫെബ്രുവരി, 2009)

xxxxxx xxxxxxx xxxxxxx

രണ്ടായിരമാണ്ടിന്റെ ആദ്യദശകം അവസാനിക്കുന്ന വേളയില്‍ പ്രേമത്തിനുവേണ്ടി ജീവിച്ച റോമിയോ ജൂലിയറ്റുമാരേയും, ലൈലാ മജ്നുമാരേയും, അനാര്‍ക്കലി സലീം മാരേയും കണ്ടുകിട്ടുക പ്രയാസമാണ്. കാലം പുരോഗമിക്കുകയാണ്. പ്രണയത്തിന്റെ മാമ്പൂമണക്കാലത്തിനുമേല്‍ കാമത്തിന്റെ വിയര്‍പ്പുഗന്ധം നിറഞ്ഞു നില്‍ക്കത്തക്കവിധം നമ്മുടെ പ്രേമചിന്തയിലും പുരോഗതി കൈവന്നിരിക്കുന്നു. അതിന് പഴയതും പുതിയതുമായ ഗാനങ്ങളെ നമുക്ക് തെളിവായി എടുക്കാം.

പഴയഗാനമിങ്ങനെയാണ് - 'സുറുമയെഴുതിയ മിഴികളെ.........പ്രണയമധുര തേന്‍ തുളുമ്പും സൂര്യകാന്തിപ്പൂക്കളേ.......'

പുതിയ കാലത്തിന്റെ പാട്ട് - 'കാന്തരിപ്പെണ്ണേ....കാന്താരിപ്പെണ്ണേ......കാമന്റെ നെഞ്ചില്‍ കത്തിക്കേറാതെ'. മറ്റൊരു ഗണത്തില്‍ പെണ്ണുപറയുന്നു - 'ഇഷ്ടമല്ലെടാ....എനിക്കിഷ്ടമല്ലെടാ....നിന്റെ തൊട്ടുനോട്ടമിഷ്ടമല്ലെടാ....' അപ്പോള്‍ ആണ് മറുപടി പറയുന്നു - 'ഇഷ്ടമാണെടോ.....നിന്റെ സൂത്രങ്ങള്‍ ഇഷ്ടമാണെടോ......'

(മാമ്പൂമണമുള്ള പ്രണയകാലം-റെനിന്‍ ജോസഫ്-കുങ്കുമം മാസിക, ഫെബ്രുവരി, 2009)


No comments: