Wednesday, February 18, 2009

ദര്‍ശനമില്ലാത്ത ചരിത്രരചന-ഇ.എം.എസ്
കെ.ജി.ഗോപാലകൃഷ്ണന്‍ എഴുതിയതും 'വിമോചന സമരം, ഒരു പഠനം ' എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ചതുമായ ഒരു ഗ്രന്ഥം എന്റെ മുമ്പിലുണ്ട്. അതിന് ഗ്രന്ഥകാരനെഴുതിയ മുഖവുരയില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു.

"ഓര്‍മ്മ ഉറയ്ക്കുന്ന പ്രായത്തിനപ്പുറം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധികാരാരോഹണവും അവരോഹണവും സംഭവിച്ചു കഴിഞ്ഞിരുന്നതിനാല്‍ ആ കാലഘട്ടവുമായി ബന്ധപ്പെട്ട പ്രത്യക്ഷ അനുഭവങ്ങളുള്ളവരുടെ രചനാരീതിയില്‍നിനനു ഇതു വ്യത്യസ്തമായിരിക്കും.അന്നത്തെ രാഷ്ട്രീയ ചലങ്ങളില്‍ നിര്‍ണ്ണായക പങ്കു വഹിച്ച് ചില വ്യക്തികളും സാധാരണക്കാരുമായുള്ള അഭിമുഖ സംഭാഷണങ്ങള്‍, ഈ വിഷയുമായി ബന്ധപ്പെട്ട രചനകള്‍, ഔദ്യോഗിക രേഖകള്‍, ദിനപത്രങ്ങള്‍ എന്നിവയൊക്കെയാണ് ഈ പുസ്തക രചനയ്ക്കു ഉപയുക്തമായിട്ടുള്ളത്."

ഈ രചനാരീതിക്ക് ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നതുപോലെ 'ആ കാലഘട്ടവുമായി ബന്ധപ്പെട്ട പ്രത്യക്ഷാനുഭവങ്ങള്‍' തനിക്കില്ലെന്ന് ദൌര്‍ബല്യം മാത്രമല്ല ഉള്ളത്. അതിനേക്കാള്‍ പ്രധാനമാണ്ചരിത്രരചനയ്ക്കാവശ്യമായ ദര്‍ശനത്തിന്‍റെ അഭാവം. മാര്‍ക്സും എംഗല്‍സും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോവില്‍ വ്യക്തമാക്കിയതുപോലെ "മനുഷ്യ ചരിത്രം എഴുതപ്പെട്ടതുതൊട്ട് അതിന്റെ ചരിത്രം വര്‍ഗ്ഗസമരങ്ങളുടെ ചരിത്രമാണ്. അതാണ് ശാസ്ത്രീയമായ ചരിത്രദര്‍ശനം. അത്‌ ഉള്‍ക്കൊള്ളുന്ന ഒരാള്‍ക്ക്" സംഭവങ്ങളുമായി ബന്ധപ്പെട്ട പ്രത്യക്ഷ അനുഭവങ്ങളില്ലെങ്കിലും ശാസ്ത്രീയമായി ചരിത്രരചന സാധ്യമാവും. നേരെ മറിച്ച്, ഈ ദര്‍ശനമില്ലെങ്കില്‍ സംഭവങ്ങളെ സംബന്ധിച്ച പ്രത്യക്ഷാനുഭവങ്ങള്‍ ഉള്ളവര്‍ രചിക്കുന്ന ചരിത്രവും വികലമായിരിക്കും

ഈ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്ന കേരളത്തിലെ വിമോചനസമരം ഇന്ത്യയിലും കേരളത്തിലും അന്നു നടന്നുകൊണ്ടിരുന്നതും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതുമായ വര്‍ഗസമരത്തിന്‍റെ ഒരധ്യായമാണ്. ആ നിലയ്ക്ക് പരിശോധിക്കാതെ വര്‍ഗസമരകാര്യത്തില്‍ തൊഴിലാളിവര്‍ഗ വിരുദ്ധ ചിന്താഗതിക്കാര്‍ തയ്യാറാക്കിയ പത്രറിപ്പോര്‍ട്ടുകളും രേഖകളും ആസ്പദമാക്കിയാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളതെന്നാണ് അതിന്‍റെ ദൌര്‍ബല്യം.

ബ്രിട്ടീഷ് സാമ്രാജ്യാധിപത്യത്തിനെതിരായി ദേശീയ സ്വതന്ത്ര്യസമര പ്രസ്ഥാനം വളര്‍ന്നുവരാന്‍ തുടങ്ങിയത് ഇന്ത്യയിലെ വര്‍ഗസമരത്തിന്‍റെ തുടക്കമായിരുന്നു. ജാതി-മത-വര്‍ഗാദി വ്യത്യാസമില്ലാതെ ഇന്ത്യക്കാരാകെ നടത്തിയിരുന്ന ദേശീയസമരത്തിനകത്ത് സ്വന്തം വര്‍ഗനിലപാടുകളെടുക്കുന്ന ബൂര്‍ഷ്വാസിയും തൊഴിലാളിവര്‍ഗവും രൂപപ്പെട്ടു.

ദേശീയ സമരത്തിന്റെ നേതൃത്വം ബൂര്‍ഷ്വാസിക്കായിരുന്നുവെങ്കിലും ആ പ്രസ്ഥാനത്തിനകത്ത് സ്വതന്ത്രമായ ഒരു തൊഴിലാളിവര്‍ഗം രൂപപ്പെടാന്‍ തുടങ്ങി. അതുകൊണ്ടാണ് മഹാത്മാഗാന്ധിയുടെ ഭാഷയില്‍ 'ദരിദ്രനാരായണ'ന്മാരായ തൊഴിലാളി-കര്‍ഷകാദി ബഹുജനങ്ങള്‍ ദേശീയ പ്രസ്ഥാനത്തിനകത്തേയ്ക്ക് കടന്നുവരാന്‍ തുടങ്ങിയപ്പോള്‍ അവരുടെ സ്വന്ത്രമായ ട്രേഡ് യൂണിയന്‍-കര്‍ഷക പ്രസ്ഥാനങ്ങളും രൂപപ്പെട്ടത്. ആ പ്രസ്ഥാനങ്ങള്‍ക്ക് വിപ്ലവരാഷ്ട്രീയത്തിന്‍റെ ഉള്ളടക്കം നല്‍കാന്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന വിപ്ലവ രാഷ്ട്രീയ സംഘടനയും അക്കാലത്തുതന്നെ രൂപപ്പെട്ടു.

ഈ രണ്ടു വര്‍ഗശക്തികളും തമ്മിലുളള ഏറ്റുമുട്ടലിന്റെ രൂപമായിരുന്നു 1942-ല്‍ ക്വിറ്റിന്ത്യാ സമരത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതൃത്വവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍. അതിന്റെതന്നെ മറ്റൊരു രൂപമായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഐ.എന്‍.എ.യും അതിനോടു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തുടര്‍ന്നുപോന്ന നയസമീപനവും.

ഈ സംഘട്ടനത്തില്‍ കമ്മ്യൂണിസ്റ്റുകാരും നേതാജിയും പരാജയപ്പെട്ടു; ക്വിറ്റിന്ത്യാ സമരനായകന്മാര്‍ ജയിച്ചു; അവരും ബൃട്ടിഷ് ഗവണ്മെന്റും മുസലിംലീഗും തമ്മില്‍ നടന്ന ത്രികോണ ചര്‍ച്ചകളുടെ ഫലമായി ഇന്ത്യയ്ക്കു രാഷ്ട്രീയ സ്വാതന്ത്ര്യം കിട്ടുകയും രാജ്യം രണ്ടായി വെട്ടിമുറിക്കപ്പെടുകയും ചെയ്തു.

ഈ സംഭവ വികാസങ്ങള്‍ കേരളത്തനിമയോടുകൂടി ഇവിടെയും ആവര്‍ത്തിച്ചു. അങ്ങനെ സ്വാതന്ത്ര്യലബ്ധിയും കേരളസംസ്ഥാന രൂപീകരണവും നടന്നപ്പോഴേക്ക് പുതിയ സംസ്ഥാനത്ത് ഭരണഭാരമേല്‍ക്കാനുള്ള മത്സരത്തില്‍ കോണ്ഗ്രസ്സും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മത്സരിച്ചു.

വര്‍ഗസമരത്തിന്റെതായ ഈ പശ്ചാത്തലത്തിലല്ല ഗ്രന്ഥകര്‍ത്താവ് രചന നടത്തിയിട്ടുള്ളതെങ്കിലും അതിന്റെ സൂചനകള്‍ അദ്ദേഹത്തിന്റെ കഥാകഥനത്തില്‍തന്നെ വരുന്നുണ്ട്. കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നു. രണ്ടുമൂന്നു ദിവസങ്ങള്‍ക്കകത്തുതന്നെ കേന്ദ്രത്തിലും കേരളത്തിലുമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പുതിയ ഗവണ്മെന്റിനോട് യുദ്ധം പ്രഖ്യാപിച്ചു. ഭരഘടനാദത്തമായി കിട്ടിയ അധികാരം നിലനിര്‍ത്താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ശ്രമിച്ചു. വര്‍ഗസമരത്തിന്റെതായ ഈ രാഷ്ട്രീയ പശ്ചാത്തലം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ടല്ല ഗ്രന്ഥകാരന്‍ തന്റെ രചന നടത്തിയിട്ടുള്ളത്.

പക്ഷെ, തനിക്കു ശേഖരിക്കാന്‍ കഴിഞ്ഞ വസ്തുകളില്‍ നിന്നുതന്നെ ഈ സത്യം അപൂര്‍ണ്ണമായെങ്കിലും അംഗീകരിക്കാന്‍ പ്രേരിതനായി. അതിന്റെ ദുര്‍ബലമായ പ്രകടനമാണ് 'ഭരണപര്‍വം-രണ്ടു വ്യത്യസ്ഥ വീക്ഷണങ്ങള്‍' എന്ന തലവാചകത്തിലുള്ള ഏഴാം അദ്ധ്യായം. അതില്‍ ഇങ്ങനെ പറയുന്നു.

കമ്മ്യൂണിസത്തിന്റെ താത്ത്വികവും പ്രായോഗികവുമായ വശങ്ങളുടെ വിശകലത്തിനായി ഇന്ത്യയില്‍ത്തന്നെ ഏറ്റവും കൂടുതല്‍ മഷിയും മണിക്കൂറും ചെലവഴിച്ച രാഷ്ട്രീയ പണ്ഡിതനാണല്ലോ ശ്രീ. ഇ.എം.എസ്. 1957 ഏപ്രില്‍ 5-മുതല്‍ 1959-ലെ 31-വരെയുള്ള കൊച്ചുകാലയളവിലെ കമ്മ്യൂണിസ്റ്റ് ഭരണത്തെ സംബന്ധിച്ച് അദ്ദേഹവും വളരെയധികം എഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. 'കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍' എന്ന മൂന്നു വാല്യം പുസ്തകത്തിന്റെ രണ്ടാം വാല്യത്തില്‍ 82-)O പേജുവരെ കമ്മ്യൂണിസ്റ്റു മന്ത്രി സഭയെ സംബന്ധിച്ചാണ് അദ്ദേഹം എഴുതിയിരിക്കുന്നത് . അദ്ദേഹം ഈ വിഷയത്തെ മുന്‍നിര്‍ത്തി അന്യത എഴുതുകയും പറയുകയും ചെയ്തിട്ടുള്ളതിന്റെയെല്ലാംസത്ത് ഈ എഴുപതുപേജുകളില്‍ അടങ്ങിയിരിക്കുന്നുവെന്ന് പറയാം. കമ്മ്യൂണിസ്റ്റ് മന്ത്രി സഭയുടെ നായകന്‍ കൂടിയായിരുന്ന അദ്ദേഹത്തിനുതന്നെയാണല്ലോ ഏറ്റവും ആധികാരികമായി കമ്മ്യൂണിസ്റ്റ് ഭരണത്തെപ്പറ്റി പ്രതിപാദിക്കാന്‍ കഴിയുന്നതും...........

കേരളപ്രദേശ് കോണ്ഗ്രസ് കമ്മിറ്റി പ്രസിദ്ധീകരിച്ച 'കമ്മ്യൂണിസ്റ്റ് ഭരണം കേരളത്തില്‍' എന്ന പഴയ പുസ്തകം തന്നെയായിരിക്കും കമ്മ്യൂണിസ്റ്റ് ഭരണത്തെയും വിമോചനസമരത്തെയും മറ്റും സംബന്ധിച്ച ഇ.എം.എസി ന്റെ വീക്ഷണങ്ങള്‍ക്കും വാദങ്ങള്‍ക്കും ബദലായുള്ള കോണ്‍ഗ്രസ്സ് വീക്ഷണങ്ങളും വാദങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു പ്രധാനപ്പെട്ട ചരിത്രരേഖ. പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന കൈനിക്കര പത്മനാഭപിള്ളയാണ് കെ.പി.സി.സി. ക്കുവേണ്ടി 1959-ല്‍ ഈ പുസ്തകം തയ്യാറാക്കിയത്.

ഈ രണ്ടു വീക്ഷണങ്ങളും തമ്മില്‍ ഗ്രന്ഥകാരന്‍ ദീര്‍ഘമായി താരതമ്യപ്പെടുത്തുന്നുണ്ട്. അവ തമ്മിലുളള സംഘട്ടനത്തിലാണ് കോണ്‍ഗ്രസ് ജയിക്കുകയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പരാജയപ്പെടുകയും ചെയ്തതെന്ന് അദ്ദേഹം വിലയിരുത്തുന്നു.

പക്ഷെ, പ്രസക്തമായ ഒരു ചോദ്യം അദ്ദേഹം ഉന്നയിക്കുന്നില്ല. അന്നു പരാജയപ്പെട്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പല ഗതിവിഗതികള്‍ക്കും ശേഷം കേരളത്തിലെ പ്രധാന രാഷ്ട്രീയ ശക്തിയായി എന്തുകൊണ്ട് ഉയര്‍ന്നു? അന്നു ജയിക്കുന്നതിനുവേണ്ടി കോണ്‍ഗ്രസ് രൂപപ്പെടുത്തിയ ലീഗ് ചങ്ങാത്തത്തിന്റെ അടിമയായിത്തീര്‍ന്ന കോണ്‍ഗ്രസ് ഇന്നൊരു രാഷ്ട്രീയ പ്രതിസന്ധിയില്‍ എത്തിയിട്ടുള്ളതെന്തുകൊണ്ട്?

ഈ ചോദ്യം ചോദിക്കാന്‍ തയ്യാറാവാത്ത ഗ്രന്ഥകാരന്‍ അതിനു ഉത്തരം കാണാന്‍ ശ്രമിക്കുകയുമില്ലല്ലോ. അതാണ് ഈ ഗ്രന്ഥത്തിന്റെ ഏറ്റവും വലിയ ദൌര്‍ബല്യം.

ഇതു തന്റെ ഗ്രന്ഥരചനയുടെ പരിധിയില്‍പെടുന്നില്ലെന്നു ഒരുപക്ഷെ, ഗ്രന്ഥകാരന്‍ വാദിച്ചേക്കാം. വിമോചനസമരം വിജയകരമായി പര്യവസാനിക്കുന്നതോടെ തന്റെ ഗ്രന്ഥരചനയും അവസാനിച്ചുവെന്നും അദ്ദേഹത്തിനാശ്വസിക്കാം.

പക്ഷെ, വിമോചനസമരത്തിന് അന്നുതന്നെയുണ്ടായ പ്രത്യാഘാതവും പിന്നീട് അതിനെതിരെ ഉയര്‍ന്നുവന്ന് പ്രതിഷേധവും കണക്കിലെടുക്കുമ്പോള്‍ ഈ ചോദ്യവും അതിനുള്ള ഉത്തരവും വളരെയേറെ പ്രസക്തമാണ്. അതുകൂടി ഉല്‍പ്പെടാത്ത ഒരു 'വിമോചനസമരപഠനം' ഏറ്റവും മിതമായ ഭാഷയില്‍ പറഞ്ഞാല്‍ തികച്ചും അപൂര്‍ണ്ണമാണ്.

എന്തുകൊണ്ടെന്നാല്‍, അഖിലേന്ത്യാതലത്തിലും കേരളത്തിലും വ‍ളര്‍ ന്നുകൊണ്ടിരുന്ന വര്‍ഗസമരമെന്ന മഹാഗ്രന്ഥത്തിന്റെ ഒരു കൊച്ചധ്യായം മാത്രമാണ് കേരളത്തിലെ വിമോചനസമരം. ആ വര്‍ഗസമരം ഭാവിയില്‍ ഏതുരൂപം കൈക്കൊണ്ടുവെന്ന് വളരെ സംക്ഷിപ്തമായെങ്കിലും സൂചിപ്പിക്കാത്തതിനാല്‍ ഈ ഗ്രന്ഥം വായിക്കുന്ന ആര്‍ക്കും വിമോചനസമരത്തിന്റെ അര്‍ത്ഥവും പ്രാധാന്യവും മനസ്സിലാക്കാന്‍ കഴിയുകയില്ല.

വിമോചനസമരത്തില്‍ കോണ്ഗ്രസിനുണ്ടായ വിജയവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടായ പരാജ്യവും താത്കാലികമായിരുന്നു. തുടര്‍ന്നു ഒരു പതിറ്റാണ്ടിനു മുമ്പ്‌ അന്നേയ്ക്ക് രണ്ടായി കഴിഞ്ഞിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മറ്റൊരു ഗവണ്മെന്റ് വന്നു. അതും 1959-ലേതില്‍നിന്നു വ്യത്യസ്തമായ മാര്‍ഗത്തിലൂടെ മറിച്ചിടപ്പെട്ടു. തുടര്‍ന്ന് രണ്ടു വട്ടം (1980-ലും 1987-ലും) ഇതേ ചരിത്രം ആവര്‍ത്തിച്ചു.

ഇപ്പോഴാകട്ടെ കോണ്‍ഗ്രസും അതിന്റെ പ്രധാന സഖ്യകക്ഷികളായ മുസ്ലിംലീഗ്, മാണി കേരള എന്നിവയും തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ സൂചനപോലും നല്‍കാതെ ഗ്രന്ഥം അവസാനിപ്പിച്ചിരിക്കുകയാണ്‍ ഗ്രന്ഥകാരന്‍. അതാണ് അദ്ദേഹത്തിന്റെ ദൌര്‍ബല്യം.

(കടപ്പാട് - വിമോചനസമരം ഒരു പഠനം - കെ.ജി.ഗോപാലകൃഷ്ണന്‍ നായര്‍-FIRST DCB EDITION JULY 1997-PUBLISHERS D.C.BOOKS, KOTTAYAM-അനുബന്ധം 3 ആയിട്ടുളള ലേഖനം - ഇ.എം.എസ്സിന്റെ ഡയറി-ദേശാഭിമാനി വാരിക, ആഗസ്റ്റ് 14, 1994)

XXXXX XXXXX XXXXX XXXXXXകാലം ശരിവെച്ച തീരുമാനം

കേരളത്തിന്റെ ചരിത്രം തിരുത്തിയ തീരുമാനം ആയിരുന്നു അത്. കേരളം, ബംഗാള്‍ ആകാതെ കാത്തുസൂക്ഷിച്ചത് ആ തീരുമാനമയിരുന്നു. കേരളം കൊളുത്തിയ ദീപശിഖയാണ് പിന്നീട് കിഴക്കന്‍ യൂറോപ്പും മറ്റ് കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളും ഏറ്റുവാങ്ങിയത്. ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ ഒന്നൊന്നായി തകര്‍ന്നുവീണപ്പോള്‍ അതിനു നാന്ദികുറിച്ചത് കേരളത്തില്‍നിന്നാണെന്ന് അഭിമാനിക്കാം.

തുടര്‍ന്നുനടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദയനീയമായി പരാജയപ്പെട്ടു. ഐക്യമുന്നണി വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേറി. വിമോചനസമരത്തിന് ജനങ്ങള്‍ നല്‍കിയ അംഗീകരമാണിത്. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷികബന്ധ ബില്ലിനെയും വിദ്യാഭ്യാസ ബില്ലിനെയും എതിര്‍ത്ത നിക്ഷിപ്ത താല്‍പര്യക്കാരാണ് വിമോചനസമരത്തിന്റെ സ്രഷ്ടാക്കള്‍ എന്നാരോപിക്കുന്നവരുണ്ട്. എന്നാല്‍, വിമോചന സമരത്തിനു ശേഷം അധികാരത്തിലേറിയ ഐക്യമുന്നണി സര്‍ക്കാരാണ് കാര്‍ഷിക നിയമം പാസാക്കിയത് . അന്നത്തെ ആഭ്യന്തരമന്ത്രി പി.റ്റി.ചാക്കോ കൊണ്ടുവന്ന നിയമത്തില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ ഇപ്പോഴും നിലനില്‍ക്കുകയാണ്. മുണ്ടശ്ശേരി മാസ്റ്റര്‍ കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലിന് വ്യാപകമായ എതിര്‍പ്പുണ്ടായി എന്നതു ശരിതന്നെ. എന്നാല്‍ പിന്നീട് വീണ്ടും അധികാരത്തിലേറിയ ഇ.എം.എസ്സിനോ, കാലാകാലങ്ങളില്‍ അധികാരത്തിലിരുന്ന ഇടതുസര്‍ക്കാരുകള്‍ക്കോ മുണ്ടശ്ശേരിയുടെ ബില്‍, നിയമമാക്കാന്‍ സാധിച്ചില്ല.

( മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2009 ഫിബ്രുവരി, 15-കേരളത്തെ മോചിപ്പിച്ച സമരം - ഉമ്മന്‍ ചാണ്ടി-പ്രതിപക്ഷ നേതാവ്)അന്ന് ഞാന്‍ ഒന്പതാം ക്ലാസ്സില്‍

വിമോചനസമരത്തെ വിശകലനം ചെയ്തുകൊണ്ട് ബി.ആര്‍.പി.ഭാസ്കര്‍ എഴുതിയ ലേഖനം എന്റെ ചിന്തകളെ 50 വര്‍ഷം പിന്നിലേക്ക് നയിച്ചു. വിമോചനസമരം നടക്കുമ്പോള്‍ ഞാന്‍ 9-)O ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു-പാലക്കാട്, പുതുക്കോട് ഗ്രാമത്തിലെ സര്‍വജന ഹൈസ്കൂളില്‍. എന്തിനായിരുന്നു സമരമെന്ന് ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അറിയില്ലായിരുന്നു. പക്ഷെ, നാട്ടുകാരും അധ്യാപകരും വിദ്യാര്‍ത്ഥികളുമെല്ലാമൊന്നിച്ച് നിന്ന് ജാഥ, മുദ്രാവാക്യം, അറസ്റ്റുവരിക്കല്‍ തുടങ്ങിയ തമാശകള്‍ യതൊരു വിവരവുമില്ലാത്ത കൊച്ചുകുട്ടികളില്‍ പോലും ആവേശം അലതല്ലി. ഇ.എം.എസ്. മന്ത്രി സഭ പുറത്തായി. പക്ഷെ, കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് മനസ്സിലായത്, ഇ.എം.എസ്. മന്ത്രിസഭയുടെ ഭൂനിയമവും വിദ്യാഭ്യാസ നിയമവുമാണ് ഈ സമരത്തിനൊക്കെ കാരണമായതെന്ന്. ഭൂനിയമത്തിന്റെ ഗുണഫലം ലഭിച്ച ഒരു കുടുംബത്തിലെ അംഗമാണല്ലോ ഞാനും എന്നറിഞ്ഞപ്പോഴാണ് ചെയ്തതു തെറ്റാണെന്ന് ബോധമുണ്ടായത്. ഏതായാലും ചെയ്ത തെറ്റിന്റെ ദു:ഖവും ജാള്യവും പേറി കോളേജ് വിദ്യാഭ്യാസമൊക്കെ പൂര്‍ത്തിയാക്കി. വളരെക്കാലമായി കൊതിച്ചിരുന്ന അധ്യാപക ജോലിക്കു വേണ്ടിയുള്ള ശ്രമമാരംഭിച്ചു. ഇ.എം.എസ് മന്ത്രിസഭയുടെ വിദ്യാഭ്യാസ നയത്തിനെതിരെ സമരം ചെയ്ത എനിക്ക്‌ നേരിടേണ്ടിവന്നത് വിചിത്രമായ ഒരു വിദ്യാഭ്യാസരംഗത്തെയായിരുന്നു. വിദ്യാലയങ്ങള്‍ ബഹുഭൂരിപക്ഷവും സ്വകാര്യ മേഖലയില്‍! അധ്യാപക ശമ്പളവും മാറ്റു ഗ്രാന്റുകളുമൊക്കെ സര്‍ക്കാര് ‍നല്‍കുന്നു. നിയമനം മുഴുവന്‍ മാനേജ് മെന്റ് നേരിട്ട്‌! ശമ്പളം കൊടുക്കുന്ന സര്‍ക്കാറിന് യതൊരധികാരവുമില്ല! വിമോചനസമരത്തെ അനുകൂലിച്ച എന്നെപ്പോലുള്ള ലക്ഷങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാവും, തീര്‍ച്ച! (

സി. സ്യമന്തകം - മാതൃഭൂമി ആഴ്ചപ്പതിപ്പ് 2009 ഫിബ്രുവരി,8 ല്‍ വായനക്കാരുടെ കത്തില്‍ എഴുതിയ കുറിപ്പ്

)
1 comment:

Anonymous said...

thurannu vacha arivukal nannayi...