Thursday, January 29, 2009

ചെ ഗുവേര ഫിഡല്‍ കാസ്ട്രോക്കെഴുതിയത്

അര്‍ജന്‍റീനയില്‍ 1928 ജൂണ്‍ 14ന് ജനിച്ച ചെഗുവേര (ഫിഡല്‍ കാസ്ട്രോയെക്കാള്‍ പത്ത് മാസം ഇളപ്പം) ഫിഡല്‍ കാസ്ട്രോയുടെ വിപ്ലവ പങ്കാളിയായിരുന്നു.അര്‍ജന്‍റീനയില്‍ 'നിങ്ങള്‍' എന്നതിന്‍റെ ചുരുക്ക രൂപമെന്ന നിലയിലാണ് 'ചെ' എന്ന വാക്ക് ഏവര്‍ക്കും പരിചിതം. സ്നേഹപൂര്‍വ്വമുള്ള ആ വാക്ക് അദ്ദേഹത്തിന്‍റെ ഔദ്യോഗിക പേരാകുകയും വാക്കിന്‍റെ ആദ്യക്ഷരമായ 'സി' എപ്പോഴും ഇംഗ്ലീഷ് ചെറിയ അക്ഷരത്തിലുപയോഗിക്കുകയും ചെയ്തു. പിടിക്കപ്പെട്ട് വധിക്കപ്പെട്ട ബൊളീവിയയിലെ വിപ്ലവത്തിനു പോകുന്നതിനു മുമ്പ് ഗുവേര എഴുതിയതാണിത്.

കാര്‍ഷിക വര്‍ഷം, ഹവാന, ഏപ്രില്‍ 1, 1965

ഫിഡല്‍,

ഈ നിമിഷം നിരവധി കാര്യങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു. താങ്കളുടെ നിര്‍ദ്ദേശപ്രകാരം, തയ്യാറെടുപ്പുകളുടെ എല്ലാവിധ ആകുലതകളുമായി മാരിയ ആന്‍റോണിയയുടെ ഭവനത്തില്‍ താങ്കളെ കണ്ടത്. ഒരു ദിവസം അവര്‍ വന്ന്, ഞങ്ങളുടെ മരണത്തെ അറിയിച്ചു, യാഥാര്‍ത്ഥ്യമായേക്കാവുന്ന സാധ്യതകള്‍ ഞങ്ങളെയെല്ലാം സ്തബ്ധരാക്കി. അത് സത്യമായിരുന്നുവെന്ന് പിന്നീട് ഞങ്ങളറിഞ്ഞു. വിപ്ലവത്തില്‍ ഒരാള്‍ വിജയിക്കുകയോ മരിക്കുകയോ ചെയ്യും. ഒട്ടുമിക്ക സഖാക്കളും വിജയത്തിലേക്കുളള വഴിയില്‍ വീണു.

ഇന്ന് എല്ലാത്തിനും നാടകീയമായ സ്വരങ്ങളില്ല. കാരണം ഞങ്ങളെല്ലാം പക്വത പ്രാപിച്ചിരിക്കുന്നു. പക്ഷെ സംഭവങ്ങള്‍ സ്വയം ആവര്‍ത്തിക്കപ്പെടുന്നു. ക്യൂബന്‍ വിപ്ലവത്തിന്‍റെ ഉത്തരവാദിത്തങ്ങളിലെ എന്‍റെ പങ്ക് ഞാന്‍ പൂര്‍ത്തിയാക്കി, ഞാന്‍ യാത്ര പറയുന്നു - താങ്കളോടും, സഖാക്കളോടും, ഇപ്പോള്‍ എന്‍റേതു കൂടിയായിരിക്കുന്ന നിങ്ങളുടെ ജനങ്ങളോടും. ഞാന്‍ പാര്‍ട്ടിയിലെ എന്‍റെ സ്ഥാനങ്ങള്‍, പാര്‍ട്ടി നേതൃത്വം, എന്‍റെ മന്ത്രി സ്ഥാനം, കമാന്‍ഡര്‍ സ്ഥാനം, ക്യൂബന്‍ പൌരത്വം എന്നിവ ഔദ്യോഗികമായി രാജി വയ്ക്കുന്നു. ക്യൂബയില്‍ എന്നെ ബന്ധിക്കുന്ന നിയമ ബന്ധങ്ങളില്ല. നിലനില്‍ക്കുന്ന ബന്ധത്തിന്‍റെ ഭാവങ്ങള്‍ വേറെയാണ്, സ്ഥാനമാനങ്ങള്‍ക്കവ തകര്‍ക്കാനാവില്ല.

മറ്റു ലോക രാജ്യങ്ങള്‍ സഹായത്തിനുള്ള എന്‍റെ സ്വന്തം പ്രയത്നങ്ങള്‍ക്കായി മുറവിളി കൂട്ടിയിരുന്നു. ക്യൂബയുടെ തലവനെന്ന നിലയിലെ ഉത്തരവാദിത്തങ്ങളാല്‍ നിങ്ങള്‍ നിരസിച്ച അവ ചെയ്യാന്‍ എനിക്ക് കഴിയുമായിരുന്നു. ഞാന്‍ സന്തോഷവും സങ്കടവും നിറഞ്ഞ മനസോടെയാണ് അവ നിര്‍വ്വഹിച്ചതെന്ന് നിങ്ങള്‍ അറിയണം. എന്നെ മകനായി സ്വീകരിച്ച ജനതയെ ഞാന്‍ വിട്ടകലുന്നു. എന്നിലത് മുറിവുകളേകി. നിങ്ങള്‍ പഠിപ്പിച്ച വിശ്വാസത്തിലും ശക്തിയിലും ഞാന്‍ പുതിയ പോര്‍നിലങ്ങളിലേക്ക് പോയി. എന്‍റെ ഉത്തവാദിത്തം പൂര്‍ത്തിയാക്കുന്നതിനായി. എല്ലാ ബാധ്യതകളില്‍നിന്നും ഞാന്‍ ക്യൂബയെ സ്വതത്രമാക്കുന്നതായി ഞാന്‍ പ്രഖ്യാപിക്കുന്നു. എന്‍റെ അവസാന മണിക്കൂറുകള്‍ മറ്റ്‌ ആകാശങ്ങള്‍ക്ക് കീഴിലാണെങ്കില്‍ എന്‍റെ അവസാന ചിന്ത ഈ ജനതയെക്കുറിച്ചാകും, പ്രത്യേകിച്ച് താങ്കളെക്കുറിച്ചും. താങ്കള്‍ തന്ന പാഠങ്ങള്‍ക്കും മാതൃകകള്‍ക്കും ഞാന്‍ നന്ദിയുള്ളവനാണ്. എന്‍റെ അവസാന ദൌത്യങ്ങളുടെ പ്രത്യാഘാതങ്ങളിലും ഞാനതിനോട് വിശ്വസ്തത പുലര്‍ത്തും.

എന്‍റെ ഭാര്യക്കും കുട്ടികള്‍ക്കും യതൊരു ഭൌതിക സമ്പത്തും കൊടുക്കാത്തതില്‍ എനിക്ക് ഒട്ടും ദു:ഖമില്ല; സന്തോഷമേയുള്ളു. അവര്‍ക്കുവേണ്ടി ഞാനൊന്നും ചോദിക്കുന്നില്ല, കാരണം അവരുടെ ജീവിതത്തിനും വിദ്യാഭ്യാസത്തിനും വേണ്ടത് രാഷ്ട്രം കൊടുത്തുകൊള്ളും.

താങ്കളോടും നമ്മുടെ ജനങ്ങളോടും എനിക്കൊരുപാട് പറയാനുണ്ടായിരിക്കും. പക്ഷെ അത് അനാവശ്യമാണെന്ന് ഞാന്‍ കരുതുന്നു. അവ വാക്കുകള്‍ക്കതീതമാണ്, അതുകൊണ്ട് എഴുതിക്കൂട്ടുന്നതില്‍ കാര്യമില്ല. എന്നന്നേക്കും വിജയം!

എന്‍റെ എല്ലാ വിപ്ലവ വീര്യത്തോടുംകൂടെ ഞാന്‍ താങ്കളെ ആലിംഗനം ചെയ്യുന്നു!

ചെ

(കടപ്പാട് ദ സണ്‍ഡേ ഇന്ത്യന്‍ 25/01/2009)

No comments: