Monday, February 2, 2009

എനിക്കുമൊരു സ്വപ്നമുണ്ടായിരുന്നു

ഡോക്റ്റര്‍ വര്‍ഗിസ് കുര്യനെപ്പോലെ നിസ്വാര്‍ത്ഥതയും അര്‍പ്പണബോധവും സ്വയം വിസ്മരിക്കുന്ന രാജ്യസ്നേഹമുള്ള ഒരു വ്യക്തിയുണ്ടായത് ഇന്ത്യയുടെ മഹാഭാഗ്യമാണ്. ഇന്നാട്ടിലെ ജനങ്ങള്‍ക്കിടയിലെ ഏറ്റവും ദരിദ്രരായ ദശലക്ഷക്കണക്കിന് പൌരന്മാരുടെ ആരോഗ്യവും ജീവിത നിലവാരവും ഉയര്‍ത്തുന്നതിനും അവരെ സമൂഹത്തിന് ക്രിയാത്മകമായ സംഭാവന നല്‍കാന്‍ കഴിവുള്ളവരായി വളര്‍ത്തിയെടുക്കുന്നതിനും വേണ്ടി തന്‍റെ ജീവിതത്തിലെ പ്രവര്‍ത്തനനിരതമായ കാലഘട്ടം മുഴുവന്‍ സമര്‍പ്പിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്................

ഗ്രാമീണ ഭാരതത്തിന്‍റെ വികസനത്തിന് ഉദാത്തമായ സംഭാവനകള്‍ നലകിയ ഒരു മഹത്തായ ദേശസ്നേഹിയുടെ അനുഭവങ്ങളും ആന്തരികഭാവങ്ങളുമാണ് ഈ ഓര്‍മ്മക്കുറിപ്പുകളിലൂടെ അനാവൃതമാകുന്നത്. രാഷ്ട്രത്തിന്‍റെ വികസനത്തില്‍ അദ്ദേഹം പതിപ്പിച്ച മുദ്ര ഏറെക്കാലം മായാതെ നില്‍ക്കും.ഈ പുസ്തകം ഒട്ടനവധി ആളുകള്‍ക്ക് പ്രചോദനമായിത്തീരും................

(സപ്റ്റെമ്പര്‍, 2004 രത്തന്‍ എന്‍ ടാറ്റാ)

xxxxxxxxx xxxxx xxxxxx

എന്‍റെ കൊച്ചുമകന്

ആനന്ദ് 2005

എന്‍റെ പ്രിയപ്പെട്ട സിദ്ധാര്‍ത്ഥിന്,

ഏറ്റവും ഒടുവില്‍ ഞാന്‍ നിനക്ക് കത്തെഴുതിയതെന്നായിരുന്നു? അതോര്‍മ്മിക്കാന്‍ കഴിയുന്നില്ല ഇന്നത്തെ തിരക്കുപിടിച്ച ലോകത്തില്‍ വേഗത്തിലുള്ള ആശയവിനിമയ മാര്‍ഗ്ഗങ്ങളാണ് നാമൊക്കെ ഇഷ്ടപ്പെടുന്നത്; അതുകൊണ്ടുതന്നെ കത്തെഴുതുന്നതിനു പകരം ഫോണില്‍ സംസാരിക്കാനാണ് നമുക്കു താത്പര്യം. എന്നാല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്നത് വേഗത്തില്‍ മാഞ്ഞുപോകുന്ന സന്തോഷമാണ്. എഴുത്ത് വ്യത്യസ്തമായ കാര്യമാണ്. - എഴുതുന്നത് കത്തായാല്‍ പോലും നമുക്കു ചുറ്റും നടക്കുന്ന സംഭവങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും നമ്മുടെ ആശങ്കകളും ആശയങ്ങളുമൊക്കെ പ്രതിഫലിപ്പിക്കുന്നതോടൊപ്പം എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും സന്തോഷത്തോടെ വീണ്ടും വീണ്ടും വായിക്കാവുന്ന ഒരു സമ്പാദ്യമാണത്..................

നിന്‍റെ തലമുറയില്‍പ്പെട്ടവരുടേയോ നിങ്ങളേക്കാള്‍ പ്രായം കുറഞ്ഞുവരുടേയോ ഓര്‍മ്മകളുമായി എന്‍റെ ഓര്‍മ്മകളെ താരതമ്യം ചെയ്യാനും, നിന്‍റെ മുത്തശ്ശനും മുത്തശ്ശിയുമൊക്കെ ജീവിച്ചിരുന്ന ലോകത്തെക്കുറിച്ച് മനസ്സിലാക്കാനും അത് നിന്നെ സഹായിക്കും..................


സത്യസന്ധതയെന്നാല്‍ തന്നോടുതന്നെ സത്യസന്ധത പുലര്‍ത്തുകയെന്നാണ് അര്‍ത്ഥമെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ഒരാള്‍ അവനവനോട് സത്യസന്ധത പുലര്‍ത്തുന്നുണ്ടെങ്കില്‍, മറ്റുള്ളവരോട് സത്യസന്ധത പുലര്‍ത്താന്‍ അയാള്‍ക്ക്‌ വിഷമമുണ്ടാവില്ല.............

എനിക്കുറപ്പുള്ള ഒരു കാര്യം ഒരു ദിവസം നീയും തിരിച്ചറിയുമെന്നും ഞാന്‍ മനസിലാക്കിയിട്ടുണ്ട്. ജീവിതമെന്നത് ഒരു സൌഭാഗ്യമാണ്, അത് പാഴാക്കുകയെന്നത് ഒരപരാധവും. ജീവിതം എന്ന ഈ സൌഭാഗ്യമനുഭവിക്കുമ്പോള്‍ നിങ്ങള്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുകയും, നിങ്ങളുടെ എല്ലാ കഴിവുകളും പരമാവധി പ്രയോജനപ്പെടുത്തുകയും, പൊതുനന്മക്കായി എന്തെങ്കിലുമൊക്കെ സംഭാവന നല്‍കുകയും വേണം. പൊതുനന്മയെന്നത് നമ്മുടെ ദൈനംദിന ജീവിതത്തില്‍ വ്യത്യസ്ത രൂപങ്ങളില്‍ കണ്ടെത്താന്‍ കഴിയും.....................

നിങ്ങള്‍ ജീവിക്കുന്ന സമൂഹം നിങ്ങളില്‍ നിന്നുമുള്ള സംഭാവന ആഗ്രഹിക്കുന്നുണ്ടാവാം. പരാജയമെന്നാല്‍ വിജയിക്കാതിരിക്കലല്ലെന്ന് ഞാന്‍ കണ്ടെത്തിയപോലെ നീയും ഒരിക്കല്‍ മനസ്സിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പരാജയമെന്നാല്‍ പൊതുനന്മക്കായി നിങ്ങളുടെ കഴിവിന്‍റെ പരമാവധി പ്രവര്‍ത്തിക്കാതിരിക്കുകയും നിങ്ങളുടേതായ സംഭാവന നലികാതിരിക്കുകയുമാണ്.........

നമ്മെക്കാള്‍ സന്തുഷ്ടരെന്ന് നാം കരുതുന്ന ബന്ധുക്കളുമായോ, പരിചയക്കാരുമായോ, നമുക്ക് വളരെക്കുറച്ചുമാത്രം പരിചയമുള്ളവരുമായോ ആണ് പലപ്പോഴും നാം സ്വയം താരതമ്യം ചെയ്യുന്നത്. എന്നാല്‍ കൂടുതല്‍ സൂക്ഷ്‌മമായി നിരീക്ഷിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്നത്, അവരെക്കുറിച്ച് നമുക്കുണ്ടായിരുന്നത് വെറും സങ്കല്‍പ്പം മാത്രമായിരുന്നുവെന്നാണ്. നമുക്കില്ലാത്തതിനെക്കുറിച്ച് തലപുണ്ണാക്കുന്നതിനുപകരം നമുക്കുള്ളതിനെ ഉള്‍ക്കൊള്ളാനും സ്നേഹിക്കാനും ഈ തിരിച്ചറിവ് നമ്മെ സഹായിക്കും....................

1999ല്‍ ഇന്ത്യയുടെ രാഷ്ട്രപതി എനിക്ക് പദ്മവിഭൂഷന്‍ സമ്മാനിച്ച ഗംഭീരമായ ചടങ്ങില്‍ പങ്കെടുക്കാന്‍ എന്നോടൊപ്പം ഡല്‍ഹിയിലേക്ക് വന്നത് നീ ഓര്‍മ്മിക്കുന്നുണ്ടോ? വലിയ അഭിമാനത്തോടെയാണ് നീ ആ മെഡല്‍ നിന്‍റെ കഴുത്തിലണിഞ്ഞത്; അതിനെ ആദരവോടെ നോക്കിക്കൊണ്ട്; ഞാനിതെടുത്തോട്ടെയെന്ന് നിഷ്കളങ്കമായി നീ എന്നോടു ചോദിച്ചു. അപ്പോള്‍ നിന്‍റെ മുത്തശ്ശിയും ഞാനും പറഞ്ഞ മറുപടി നിനക്കോര്‍മ്മയുണ്ടോ? ആ മെഡല്‍ എന്‍റേതാണെന്നതുപോലെതന്നെ നിന്‍റേതുമാണെന്നും, എന്നാല്‍ അത് കൈവശം വയ്ക്കുന്നതുകൊണ്ടുമാത്രം നീ സംതൃപ്തനാകാന്‍ പാടില്ലെന്നും, നിന്‍റെ ജീവിതകാലത്ത് നീ ചെയ്യുന്ന ജോലിയിലൂടെ അനേകം ബഹുമതികള്‍ നേടാന്‍ നിനക്കു കഴിയണമെന്നുമായിരുന്നു ഞങ്ങളന്നു നിന്നോടു പറഞ്ഞത്.

അവസാനമായി മറ്റൊന്നുകൂടി പറയട്ടെ, നമുക്ക് സ്നേഹിക്കാനുള്ള ധീരതയുണ്ടെങ്കില്‍, മറ്റുള്ളവരുടെ സന്തോഷത്തില്‍ പങ്കുചേരാനുള്ള കരുത്തുണ്ടെങ്കില്‍, എല്ലാവര്‍ക്കുമാവശ്യമുള്ളതെല്ലാം നമുക്കു ചുറ്റിലുമുണ്ടെന്ന് തിരിച്ചറിയാനുള്ള വിവേകമുണ്ടെങ്കില്‍ നമ്മുടേത് പൂര്‍ണ്ണജീവിതമാണ്..............

നിറഞ്ഞ സ്നേഹത്തോടെ

നിന്‍റെ പ്രിയപ്പെട്ട

ദാദ

(

കടപ്പാട് - എനിക്കുമൊരു സ്വപ്നമുണ്ടായിരുന്നു- വര്‍ഗിസ് കുര്യന്‍- publishers - D C Books, Kottayam First Published April 2006- Original English Title - I Too Had a Dream)

No comments: