Tuesday, January 20, 2009

സാംസ്കാരിക രൂപങ്ങള്‍ -- എഴുത്ത്

മടിക്കൈയിലെ എഴുത്ത്

സാഹിത്യരംഗത്ത് മലബാറിന്റെ പങ്കാളിത്തത്തില്‍ നിരൂപണത്തിന്റെ അളവുകോല്‍ വെയ്ക്കുമ്പോള്‍ മടിക്കൈയിലെ എഴുത്ത് ഒട്ടും പിറകിലല്ല എന്ന് കാണാന്‍ കഴിയും. മലാബാറുകാര്‍ക്ക് ഏതു മേഖലയിലും അനുഭവപ്പെടുന്ന അവഗണന എഴുത്തിന്റെ കാര്യത്തിലും സംഭവിച്ചു. അനുഭവവും ആഖ്യാനപാടവവും നിരീക്ഷണവുമുള്ള പി.കുഞ്ഞിരാമന്‍ നായരെപ്പോലുള്ളവര്‍ പിന്‍ബെഞ്ചിലേക്ക് തള്ളപ്പെട്ടത് ഇതിന്റെ സാക്ഷ്യമാണ്. ടി.എസ്. തിരുമുമ്പൊക്കെ കൃത്യമായി വിലയിരുത്തപ്പെടാത്തതിന്റെ കാരണവും ഒരു പക്ഷെ ഇത് തന്നെയായിരിക്കും. കുട്ടമത്ത് കുഞ്ഞികൃഷ്ണക്കുറുപ്പിനെ മഹാകവിയാണെന്ന് വിളിക്കാനും പരിഗണിക്കാനും തയ്യാറാവാത്ത സാഹിത്യ സമ്രാട്ടുകളുടെ നിലപാടില്ലായ്മകളെക്കുറിച്ച് ഏ.സി.കണ്ണന്‍ നായര്‍ 1947 - ല്‍ എഴുതിയിരുന്നു.
മടിക്കൈയിലെ എഴുത്തിനെ സ്വാതന്ത്യ്രത്തിന് മുമ്പെന്നും പിമ്പെന്നും രണ്ടായി തിരിക്കാം. സ്വാതന്ത്യ്രത്തിന് മുമ്പുള്ള എഴുത്ത് പ്രധാനമായും രാഷ്ട്രീയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കിടക്കുന്നു. മലബാറിലെയും, മടിക്കൈയിലേയും ആദ്യകാല എഴുത്ത് രാഷ്ട്രീയ പ്രവര്‍ത്തനവുമായി, പ്രത്യേകിച്ച് ഇടതുപക്ഷരാഷ്ട്രീയവുമായി കൂടിച്ചേര്‍ന്നിരിക്കുന്നു. അക്കാലത്തെ എഴുത്തിന്റെ പ്രമേയം വൈദേശികതയോടുള്ള സമരം മാത്രമായിരുന്നില്ല. മലബാറില്‍ അക്കാലത്ത് കൊടികുത്തി വാണിരുന്ന ജന്മിത്വ-ജാതീയ സാമൂഹിക അനാചാരങ്ങളാണ് മുഖ്യമായും ആഖ്യാനത്തില്‍ വന്നത്. മടിക്കൈയിലെ ആദ്യകാല എഴുത്തുകാര്‍ “സാഹിത്യകാരന്‍” എന്നതിനേക്കാള്‍ “രാഷ്ട്രീയക്കാരന്‍” എന്നായിരിക്കും അറിയപ്പെടാന്‍ ആഗ്രഹിച്ചിട്ടുണ്ടാവുക. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു എഴുത്ത്.
ടി.എസ്. തിരുമുമ്പ്

“പാടുന്ന പടവാള്‍” എന്ന് ഇ.എം.എസ്. വിശേഷിപ്പിച്ച ടി.എസ്.തിരുമുമ്പ് മലബാറില്‍ മാത്രമല്ല കേരളമാകെ പ്രശസ്തനായ എഴുത്തുകാരനും സ്വാതന്ത്യ്രസമര സേനാനിയുമായിരുന്നു. താന്‍ ജീവിച്ച കാലത്തിന്റെ ചലനങ്ങള്‍, പ്രാദേശികഭേദങ്ങള്‍, ഒക്കെ കൃത്യമായി മനസിലാക്കിയ താഴക്കാട്ട് മനയില്‍ സുബ്രഹ്മണ്യം തിരുമുമ്പ് എന്ന ടി.എസ്.തിരുമുമ്പ്. അതൊക്കെ തന്റെ കവിതയില്‍ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്.
1928 മുതല്‍ എഴുപതുകള്‍ വരെയുള്ള ടി.എസ്. തിരുമുമ്പിന്റെ രചനാകാലം പരിശോധിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കവിതയെ “വിപ്ളവകവിത”, “ഭക്തികവിത”, എന്നിങ്ങനെ രണ്ടായി പകുക്കാം. 1948-ല്‍ കമ്മ്യൂണിസ്റ് പ്രസ്ഥാനത്തില്‍ നിന്ന് പിന്‍വലിയുന്നത് വരെ വിപ്ളവാത്മകമായ കവിതകളാണ് തിരുമുമ്പ് രചിച്ചതെങ്കില്‍ അതിന് ശേഷം ഭക്തിമാര്‍ഗ്ഗത്തിലേക്ക് തിരിയുകയും ഭക്തിപ്രധാനമായ കാവ്യങ്ങള്‍ രചിക്കുകയും ചെയ്തു.
ഭക്തിമാര്‍ഗ്ഗത്തിലേക്ക് തിരിയും മുമ്പ് തിരുമുമ്പിന്റെ എഴുത്ത് വൈദേശിക- ജന്മി നാടുവാഴിത്ത കൊള്ളരുതായ്മകള്‍ക്കെതിരെയുള്ള ശക്തമായ താക്കീതായിരുന്നു. അക്കാലത്തെ തിരുമുമ്പിന്റെ എല്ലാ കവിതകളും സാധാരണക്കാര്‍ ആവേശത്തോടെ പാടി നടന്നിട്ടുണ്ട്. ബ്രിട്ടീഷധിനിവേശത്തിനെതിരെ ദേശീയ പ്രസ്ഥാനങ്ങളുടെ വടക്കെമലബാറിലെ നാവായിരുന്നു ടി.എസ്.തിരുമുമ്പ്. 1929-ല്‍ സുബ്രഹ്മണ്യ ഭാരതിയുടെ വന്ദേമാതരം കവിതാസമാഹാരം വിവര്‍ത്തനം ചെയ്ത് ടി.എസ്.തിരുമുമ്പ് പ്രസിദ്ധപ്പെടുത്തിയത് സാധാരണക്കാരെ ദേശീയബോധത്തിലേക്ക് ഉയര്‍ത്തി വിടുന്നതിനായിരുന്നു. “വികാസം” എന്ന ഒരേയൊരു കവിതാസമാഹാരമേ (1947-ല്‍) പ്രസിദ്ധികരിച്ചുള്ളുവെങ്കിലും “ദീനബന്ധുവിലും” “മാതൃഭൂമി”യിലും മറ്റും ധാരാളം കവിതകളെഴുതി പ്രസിദ്ധീകരിച്ചിരുന്നു. “വൃന്ദാവനത്തിലെ കണ്ണനുണ്ണി” “ശവക്കുഴിക്കരികില്‍” തുടങ്ങിയ തിരുമുമ്പിന്റെ ധാരാളം ശ്രദ്ധേയമായ കവിതകള്‍ മാതൃഭൂമിയിലും മറ്റും വന്നിട്ടുണ്ട്.

“മര്‍ദ്ദിത ലക്ഷങ്ങളേ ! ചൂഷിത വര്‍ഗ്ഗങ്ങളേനിര്‍ദ്ദയത്വത്തിന്‍ ഹസ്തം ഞെരിക്കും പാപങ്ങളെ ഇരുണ്ട ഭൂതം കൂരിരുട്ടാണ്ട വര്‍ത്തമാന -മൊരു കൈത്തിരിപോലും മിന്നാത്ത രാത്രി ഭാവിഈ വിധമത്രെ വിധി നമുക്കെന്നോര്‍ത്ത് നിങ്ങള്‍കേവല നിരാശതന്നഗാധമൂഴികളില്‍പ്രാണങ്ങള്‍ ത്യജിക്കാനൊരുങ്ങീടേണ്ട, നിങ്ങ-ളാണുങ്ങളല്ലേ ? മൂരിനിവര്‍ന്നൊന്നെഴുന്നേല്‍പിന്‍ !”

എന്ന് കവനമഞ്ജരിയിലെ മാര്‍ക്സിസം വിജയിക്കട്ടെ എന്ന കവിതയില്‍ ടി.എസ്.ഉദ്ഘോഷിക്കുന്നു.

തന്റെ ദേശത്തിന്റെ സാസ്കാരിക രൂപങ്ങളെയും ചിഹ്നങ്ങളെയും വളരെ വിദഗ്ദ്ധമായി ടി.എസ്.തിരുമുമ്പ് തന്റെ കവിതകളില്‍ കോര്‍ത്തിണക്കുന്നു. പൂരക്കളിപ്പാട്ടിന്റെ ശൈലിയില്‍ ദേശോദ്ഗ്രഥനാത്മക രീതിയില്‍ കവിതകളുണ്ടായത് അങ്ങനെയാവണം. മിത്തുകള്‍ മാത്രമല്ല സമരങ്ങളും ടി.എസി ന്റെ കവിതകളിലെ മുഖ്യപ്രമേയമായി വരുന്നു. കയ്യൂര്‍ സമരത്തെക്കുറിച്ചുള്ള “വീരകയ്യൂര്‍” എന്ന കവിതയും മടിക്കൈ നെല്ലെടുപ്പ് സമരത്തെക്കുറിച്ചുമുള്ള “മടിക്കൈ കേസ്” എന്ന കവിതയും ഇത് സാക്ഷ്യപ്പെടുത്തുന്നു.

“കേട്ടിതോ നിങ്ങള്‍ മടിക്കൈയിലെകര്‍ഷക സമര വീരകഥ” എന്ന് തുടങ്ങുന്ന “മടിക്കൈ കേസ്” എന്ന കവിത നെല്ലെടുപ്പ് സമരത്തിന്റെ ദീര്‍ഘമായ വിവരണമാകുന്നു. “കുറത്തിപ്പാട്ട്”, “ഞാന്‍ തെറ്റുകാരനോ” തുടങ്ങിയ കവിതകള്‍ അക്കാലത്ത് പ്രസക്തവും പ്രസിദ്ധവുമായിരുന്നു. കമ്മ്യൂണിസ്റ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ആത്മീയതയിലേക്ക് തിരിഞ്ഞതോടെ തിരുമുമ്പിന്റെ കവിതകളും ഈശ്വരവത്കരിക്കപ്പെട്ടു. തുടര്‍ന്ന് രചിച്ച എല്ലാ കവിതകളുടേയും മുഖ്യപ്രമേയം ഭക്തിയായിരുന്നു. ടി.എസ്.തിരുമുമ്പിന്റെ “സ്മരണകള്‍” എന്ന ആത്മകഥ ഉള്‍പ്പെടെ എല്ലാ കവിതകളും ചേര്‍ത്ത് “സ്മരണകള്‍ കവിതകള്‍” എന്ന പേരില്‍ ഡോ: കെ.കെ.എന്‍.കുറുപ്പാണ് എഡിറ്റ് ചെയ്ത പുസ്തകം കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഏ.സി. കണ്ണന്‍ നായര്‍

ഏ.സി.കണ്ണന്‍ നായരെ ഭൂരിപക്ഷവും വിലയിരുത്തുന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലായിരിക്കും. എന്നാല്‍ കേരളത്തില്‍ ആദ്യമായി ടോള്‍സ്റോയ് കഥകളുടെ സ്വതന്ത്രവിവര്‍ത്തനം (1932-ല്‍) നിര്‍വ്വഹിച്ചത് ഏ.സി.കണ്ണന്‍ നായരാണെന്നറിയുമ്പോഴാണ് കണ്ണന്‍ നായര്‍ ഒരു എഴുത്തുകാരനാണെന്ന് മനസിലാവുക. മടിക്കൈയിലെ ഏച്ചിക്കാനത്ത് ജനിച്ച കണ്ണന്‍ നായരുടെ ടോള്‍സ്റോയ് കഥാവിവര്‍ത്തന ലക്ഷ്യം ജനങ്ങളില്‍ ഒരു വലിയ വിചാരവിപ്ളവം ഉണ്ടാക്കുക എന്നതായിരുന്നു. ഗാന്ധിയന്‍ ആദര്‍ശവുമായി പൊരുത്തമുള്ള “പിശാചിന്റെ കഥ”, “വളര്‍ത്തു പുത്രന്‍” തുടങ്ങിയ കഥകള്‍ വിവര്‍ത്തനം ചെയ്തതിന്റെ ഉദ്ദേശ്യം അതായിരിക്കണം. പ്രമുഖ സ്വാതന്ത്യ്രസമര സേനാനി കെ.കേളപ്പന് സമര്‍പ്പിച്ച ഈ പുസ്തകം വഴി കിട്ടുന്ന എല്ലാവരുമാനവും കേളപ്പജിയുടെ പയ്യോളി ശ്രദ്ധാനന്ദവിദ്യാലയത്തിലേക്ക് കൊടുക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. വായനക്കാര്‍ക്ക് കഥാവായന സുഗമമാക്കാന്‍ റഷ്യന്‍ പേരുകള്‍ മലയാളീകരിച്ചിരുന്നു.
എം.ആര്‍.നായരുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയ “സഞ്ജയന്‍” മാസികയില്‍ “ശേഷം കമ്മത്തി” എന്ന പേരില്‍ ഏ.സി. നര്‍മ്മം നിറഞ്ഞ രാഷ്ട്രീയക്കുറിപ്പുകള്‍ എഴുതിയിരുന്നു. അറുപതുകളില്‍ ഈ തൂലികാനാമത്തില്‍ തന്നെ ദേശമിത്രം എന്ന ആഴ്ചപതിപ്പില്‍ “വടക്കന്‍കത്ത് ” എന്ന പംക്തിയില്‍ അന്നത്തെ അധികാരിവര്‍ഗ്ഗത്തിന്റെ കൊള്ളരുതായ്മകള്‍ക്കെതിരെ കണ്ണന്‍ നായര്‍ ശക്തമായി പ്രതികരിച്ചിരുന്നു. പാവപ്പെട്ടവനെ ചൂഷണം ചെയ്യുന്നവനായി രാഷ്ട്രീയക്കാരന്‍ മാറുന്നതില്‍ അദ്ദേഹം ആശങ്കപ്പെട്ടിരുന്നു.
1940-ല്‍ കാസര്‍ഗോഡ് താലൂക്കിലെ പണിയര്‍, മലക്കുടിയാന്‍, കോപ്പാളന്‍, മായിക്കന്മാര്‍, എന്നീ ആദിവാസി വിഭാഗങ്ങളുടെ ആചാരവിശ്വാസങ്ങളെപ്പറ്റി അദ്ദേഹം മാതൃഭമിയില്‍ എഴുതിയിരുന്നു. “കലിയുഗം”, “കല്‍ക്കി” തുടങ്ങിയ തമിഴ് മാസികകളില്‍ “ജറപ്പ” എന്ന പേരില്‍ അദ്ദേഹം ലേഖനങ്ങള്‍ എഴുതിയിരുന്നു. കമ്പരാമായണത്തില്‍ നിന്ന് ശൂര്‍പ്പണഖയെ വിവരിക്കുന്ന ഭാഗങ്ങള്‍ മലയാളത്തിലേക്കും, കര്‍ണ്ണാടകത്തിലേക്കും വിവര്‍ത്തനം ചെയ്തിരുന്നു. “മെത്തയുടെ ആത്മകഥ”, “റോഷണാര്‍ ബീഗം”, “ഗര്‍വ്വഭംഗം”, “ദല്ലാള്‍”, “അക്ബറുടെ ഭാഗ്യം”, “കുതിരപവട്ടത്തേക്ക്” എന്നീ പ്രഹസനങ്ങളും അദ്ദേഹം രചിച്ചതായി ഡയറിക്കുറിപ്പുകളില്‍ കാണാം. മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ “പ്രതിഫലം” എന്ന നീണ്ടകഥ “ശക്തി”മാസികയില്‍ 1930-ല്‍ അദ്ദേഹം എഴുതിയിരുന്നു.
കെ.മാധവന്‍

മടിക്കൈ ഏച്ചിക്കാനത്ത് ജനിച്ച്, കണ്ണന്‍ നായരുടെ ശിഷ്യനായി രാഷ്ട്രീയ രംഗത്ത വന്ന കെ.മാധവന്‍ എഴുത്തുകാരനെന്ന നിലയില്‍ അറിയപ്പെടുന്നത് “പയസ്വിനിയുടെ തീരത്ത്” എന്ന ആത്മകഥയോട് കൂടിയായിരുന്നു. 1987-ല്‍ പ്രഭാത് ബുക്ക് ഹൌസ് പുറത്തിറക്കിയ ഈ പുസ്തകം ഒരു ചരിത്രരേഖ തന്നെയാണ്.

വളരെ ലളിതമായ ഭാഷയില്‍ എഴുതപ്പെട്ട ഈ ആത്മകഥ മലബാറിലെ സ്വാതന്ത്യ്ര സമരകാല രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ആഖ്യാനത്തോടൊപ്പം ജാതിമത- ജന്മിത്വ സമ്പ്രദായങ്ങളാല്‍ അടിച്ചമര്‍ത്തലിന് വിധേയമാക്കപ്പെട്ട അടിസ്ഥാനവര്‍ഗ്ഗത്തിന്റെ സ്പന്ദനങ്ങള്‍ കൂടി ഉള്‍ക്കൊണ്ടിരുന്നു.

ഈ പുസ്തകം ചരിത്രത്തിനും അത്മകഥാ സാഹിത്യത്തിനും ഒരുമുതല്‍ കൂട്ടായിരിക്കും. മടിക്കൈയുടെ പോയ കാലചരിത്രാഖ്യാനമായ “ഒരു ഗ്രാമത്തിന്റെ ഹൃദയത്തിലൂടെ” ഇദ്ദേഹത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട പുസ്തകമാണ്.

മടിക്കൈയിലെ സാമൂഹിക അനാചാരങ്ങളുടെയും അതിനെതിരെ രൂപപ്പെട്ട സംഘടിത ചെറുത്ത് നില്‍പ്പിന്റെയും ചരിത്രാഖ്യനമായ ഈ പുസ്തകം ജനങ്ങളുടെ മനോഭാവം കണക്കിലെടുത്ത് പരിപാടികളാവിഷ്കരിച്ചാണ് പ്രസ്ഥാനത്തെ വളര്‍ത്തിയെടുക്കേണ്ടതെന്ന് പറയുന്നു.

മടിക്കൈയിലെ ആദ്യകാല കര്‍ഷക പ്രസ്ഥാന നേതാക്കളായ കനിംകുണ്ടില്‍ അപ്പുക്കാരണവര്‍, ചാര്‍ത്തങ്കാല്‍ രാമന്‍, ആലമ്പാടി ശംഭുജോത്സ്യന്‍, വടക്കന്‍ തോട്ടത്തില്‍ അമ്പാടി എന്നിവര്‍ക്ക് സമര്‍പ്പിച്ച ഈ പുസ്തകം മലബാറിലെ കമ്മ്യൂണിസ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ നേര്‍രേഖയാവുന്നു.

“പയസ്വിനിയുടെ തീരത്ത് ”എന്ന ആത്മകഥയുടെ രണ്ടാം ഭാഗമായി 1987-ല്‍ പ്രസിദ്ധീകരിച്ച “ഒരു ഗാന്ധിയന്‍ കമ്മ്യൂണിസ്റിന്റെ ഓര്‍മ്മക്കുറിപ്പുകള്‍” മാധവന്റെ മറ്റൊരു പ്രധാന കൃതിയാണ്. മാധവന്റെ ആത്മകഥ രാഷ്ട്രീയമായ ഒരു പ്രസ്താവനയാണെന്ന് ഈ കൃതിയുടെ ആമുഖത്തില്‍ പ്രശസ്ത ചരിത്രകാരന്‍ കെ.എന്‍.പണിക്കര്‍ രേഖപ്പെടുത്തുന്നു. മുഖവുരയില്‍ കെ.മാധവന്‍ ഇങ്ങനെ അടയാളപ്പെടുത്തുന്നു.

“സര്‍വ്വോദയ വ്യവസ്ഥിതിയും വര്‍ഗ്ഗരഹിത സാമൂഹ്യക്രമവും പരസ്പരം യോജിക്കാത്ത സമാന്തര രേഖകളോ ഗാന്ധിസവും മാര്‍ക്സിസവും അയവില്ലാത്ത ആശയസംഹിതകളോ അല്ല. രണ്ടും മഹത്തായ മനുഷ്യ സ്നേഹത്തില്‍ അധിഷ്ഠിതം. ഒരു പ്രത്യയ ശാസ്ത്രമെന്ന നിലയില്‍ മാര്‍ക്സിസത്തില്‍ ഉറച്ചു വിശ്വസിക്കുമ്പോഴും മാര്‍ഗ്ഗത്തിലും പ്രയോഗത്തിലും ഗാന്ധിയന്‍ ധാര്‍മ്മിക സമീപനം അനുപേക്ഷണിയമാണെന്ന് ഞാന്‍ കരുതുന്നു”
കെ.ആര്‍. കുഞ്ഞിക്കണ്ണന്‍

കെ.ആര്‍.കഞ്ഞിക്കണ്ണന്റെ എഴുത്തും ജീവിതവും വിപ്ളവമായിരുന്നു. മടിക്കൈ മേക്കാട്ട് സ്വദേശിയായ കെ.ആറിന്റെ എഴുത്തിന്റെ മുഖ്യപ്രമേയം വിപ്ളവം തന്നെയായിരുന്നു പൂരക്കളിപ്പാട്ടിന്റെയും മറ്റും താളത്തില്‍ കെ.ആര്‍.കവിതകള്‍ രചിച്ചിരുന്നു. മടിക്കൈയിലെ സാധാരണക്കാരുടെ വിപ്ളവവീര്യത്തിന് ഉണര്‍വ്വായിരുന്നു കെ.ആറിന്റെ പാട്ടുകള്‍.
കുടുക്കുവളപ്പില്‍ ഗോപാലന്‍

പുരോഗമന സാഹിത്യരംഗത്ത് മടിക്കൈയില്‍ പ്രഥമസ്ഥാനത്ത് പരിഗണിക്കേണ്ട എഴുത്തുകാരനാണ് രാഷ്ട്രീയ പ്രവര്‍ത്തകനായ കുടുക്കുവളപ്പില്‍ ഗോപാലന്‍ എന്ന കെ.വി.ജി. മടിക്കൈ. വടക്കേമലബാറിന്റെ തനത് കലയായ പൂരക്കളിപ്പാട്ടിന്റെ രീതിയില്‍ ഇദ്ദേഹം രാഷ്ട്രീയ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ “രാഷ്ട്രീയ പൂരക്കളിപ്പാട്ട്” പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാന്ത്രികാനുഷ്ഠാനകര്‍മ്മമായ കളംപാട്ടിന്റെ താളത്തില്‍ ഇദ്ദേഹം “കൈരളി” എന്ന രചന നിര്‍വ്വഹിച്ചിട്ടുണ്ട്. കേരളത്തെ ഒരു പെണ്ണായി സങ്കല്പിച്ച് എഴുതിയ രാഷ്ട്രീയ കളംപാട്ടാണ് കൈരളി. ഇതോടൊപ്പം അനേകം രാഷ്ട്രീയ ഗാനങ്ങളും കവിതകളും രചിച്ചിട്ടുള്ള ഇദ്ദേഹം പൂത്തക്കാല്‍ സ്വദേശിയാണ്.
കോതോര്‍മ്മന്‍

ജീവിതത്തിലും എഴുത്തിലും വിപ്ളവം തീര്‍ത്ത വ്യക്തിയായിരുന്നു കക്കാട്ടെ കോതോര്‍മ്മന്‍. യൌവ്വനകാലത്ത് കര്‍ക്കിടകത്തില്‍ ഒരിക്കല്‍ ഭക്ഷണത്തിന് ഗതിയില്ലാതെ അദ്ദേഹം ജന്മിയെ സമീപിച്ചെങ്കിലും ജന്മി ഒന്നും നല്‍കിയില്ല. ഒന്നും പറയാതെ തിരിച്ച് വന്ന കോതോര്‍മ്മന്‍ മാസങ്ങള്‍ക്ക് ശേഷം ജന്മിയെ കണ്ടുമുട്ടുന്നു. അക്കാലത്ത് ജന്മി വരുമ്പോള്‍ വാ പൊത്തി വന്ദിക്കണമെന്നാണ് നിയമം. എന്നാല്‍ ജന്മിയെ വന്ദിക്കാതെ അടുത്തുള്ള തമരച്ചെടിയെ വന്ദിച്ച് കോതോര്‍മ്മന്‍ ജന്മിയോട് പറയുന്നു. “വറുതിക്കാലത്ത് എനിക്ക് ഈ തമരയേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് എനിക്ക് തമ്പ്രാന്‍ ഈ തമരയാണ”് ഇങ്ങനെ വ്യക്തിപരമായ തലത്തില്‍ വിപ്ളവങ്ങള്‍ തീര്‍ത്ത കോതോര്‍മ്മന്‍ അനേകം ഗാനങ്ങളും ഹാസ്യത്മകമായ കഥകളും കവിതകളും രചിച്ചിട്ടുണ്ട്.
സ്വാതന്ത്യ്രാനന്തര മലയാള സാഹിത്യം എഴുത്തിന്റെ രചനാ ശൈലി വെച്ച് കാല്പനികത, റിയലിസം, ആധുനികത തുടങ്ങിയ പ്രസ്ഥാനങ്ങളായി വിഭജിക്കപ്പെട്ടു. ഇത്തരം പ്രസ്ഥാനങ്ങളുടെ ഭാഗമായി വിലയിരുത്താന്‍ പ്രാപ്യമായ എഴുത്തുകാര്‍ മടിക്കൈയിലുണ്ടിയിരുന്നില്ല. ഒരു പക്ഷേ നന്നായി എഴുതുന്നവര്‍ക്ക് എഴുതിത്തെളിയാനുള്ള അവസരങ്ങള്‍ ലഭിക്കാത്തത് കൊണ്ടാവാം ഇങ്ങനെ സംഭവിച്ചത്.
കെ.പി.കൃഷ്ണന്‍

ഇരുപത്തിയഞ്ച് വര്‍ഷമായി കോല്‍ക്കളിരംഗത്ത് പ്രവര്‍ത്തിക്കുന്ന മടിക്കൈ മലപ്പച്ചേരി കെ.പി.കൃഷ്ണന്‍ രാഷ്ട്രീയ ആക്ഷേപ ഗാനങ്ങളും ആക്ഷേപ ഹാസ്യങ്ങളും എഴുതിയിട്ടുണ്ട്. അക്ഷരാ ബുക്ക്സ് കെ.പി.കൃഷ്ണന്‍ ‘രാഷ്ട്രീയ ആക്ഷേപ ഹാസ്യ ഗാനങ്ങള്‍’ എന്ന പുസ്തകം അച്ചടിച്ചിറക്കിയിട്ടുണ്ട്.

“തമ്മിലകറ്റുവാനല്ല ഭാഷതമ്മിലറിയുവാന്‍ മാത്രമാണ്തമ്മിലടിക്കുവാനല്ല ജാതിതമ്മിലടുക്കുവാന്‍ മാത്രമാണ്നമ്മളീ മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ നാളെയീ മണ്ണിലലിഞ്ഞ് ചേരുംഞങ്ങളും നിങ്ങളും ചൊല്ലീടുക.നമ്മളെല്ലാവരും ഒന്നാണ്.” -

എന്ന കെ.പി.കൃഷ്ണന്റെ കവിത എക്കാലത്തും പ്രസക്തമാണ്
കൃഷ്ണശര്‍മ്മ കോട്ടപ്പാറ

കോട്ടപ്പാറയിലെ സാഹിത്യ ഭൂഷണം വി.പി. കൃഷ്ണശര്‍മ്മ നിരവധി സംസ്കൃത കവിതകളും മലയാള കവിതകളും എഴുതിയിട്ടുണ്ട്. എട്ടോളം ഭക്തിഗാനങ്ങളും അനേകം ലളിതഗാനങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. ആകാശവാണിയില്‍ സുപ്രഭാതം പരിപാടി അവതരിപ്പിക്കാറുണ്ട്.
നാടകഗാനങ്ങള്‍ എഴുതിയ മുണ്ടോട്ടെ കരുണാകരന്‍ മാസ്റര്‍, മേക്കാട്ടെ കേശവ പ്പട്ടേരി, വാസുദേവപ്പട്ടേരി, രാഷ്ട്രീയ ഗാനങ്ങള്‍ രചിച്ച കക്കാട്ടെ ഐക്യമുന്നണി കേളു, നാരാ കണ്ണന്‍ മാസ്റര്‍ തുടങ്ങിയവര്‍ മടിക്കൈയില്‍ സജീവരായ എഴുത്തുകാരായിരുന്നു.
രണ്ടാം തലമുറയ്ക്ക് ശേഷം തീവ്രഇടതുപക്ഷത്തിന്റെ തിളച്ചുമറിയലില്‍ കേരളത്തിലാകമാനം രൂപപ്പെട്ട തീവ്ര എഴുത്തിന്റെ അടയാളങ്ങള്‍ മടിക്കൈയിലുമുണ്ടായിട്ടുണ്ട്. ഒരു പുതിയ സാംസ്കാരിക മാനം മടിക്കൈയില്‍ അടയാളപ്പെടുത്താന്‍ ഇതിന്റെ വക്താക്കള്‍ ശ്രമിച്ചിരുന്നു. മണക്കടവില്‍ നിന്ന് പ്രസിദ്ധീകരിച്ച ഉദയം മാസിക, അതിന്റെ ഉദാഹരണമായി. സാംസ്കാരിക നവോത്ഥാന സമിതി പ്രസിദ്ധീകരിച്ച കനല്‍ മാസിക. പൂത്തക്കാലില്‍ നിന്നും പുറത്തിറക്കിയ മനീഷി തുടങ്ങിയവ മടിക്കൈയുടെ സാംസ്കാരിക രംഗത്ത് ഇടപെട്ട പ്രസിദ്ധീകരണങ്ങളാണ്.
നടപ്പുകാലത്ത് ഉയര്‍ന്നു വന്ന ദളിത് വാദം എന്ന പുത്തന്‍ ആശയ സംഹിതയുടെ സാധ്യതാശ്രമങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മടിക്കൈയില്‍ രൂപപ്പെട്ടിരുന്നു. ബങ്കളം സ്വദേശിയായ മാവുവളപ്പില്‍ മാധവന്‍, വെളിച്ചം പകരൂ എന്ന പുസ്തകം രചിച്ച് തന്റെ സമുദായത്തിന്റെ അസ്തിത്വം നേടാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. മാവില സമുദായത്തിലെ ആചാരങ്ങള്‍, അവസ്ഥകള്‍ എല്ലാം രേഖപ്പെടുത്തിയ മാധവന്‍ മടിക്കൈയിലെ എഴുത്തിന് ഒരു പുതിയ രൂപം നല്‍കുന്നുണ്ട്. ദളിതര്‍ക്ക് നേരെയുള്ള ഉപരിപ്ളവമായ സഹാനുഭൂതിക്കാഴ്ചകള്‍ക്ക് ഒരു പ്രഹരമായി ഈ പുസ്തകത്തെ വ്യാഖ്യാനിക്കാം.
ആഗോളീകരണ വ്യപാനത്തിന്റെ ഫലമായി നടപ്പുകാല ജീവിതം പൂര്‍ണ്ണമായും കമ്പോളവത്കരണത്തിന് വിധേയമായിട്ടുണ്ട്. ജീവിത പ്രശ്നങ്ങളേക്കാള്‍ ഇത് കണ്ണുകള്‍ക്ക് പ്രാധാന്യം കൈവരുന്ന സങ്കീര്‍ണ്ണാവസ്ഥയുടെ അടയാളമായി ഇന്നിന്റെ എഴുത്ത് മാറുന്നു. പുതിയ കാല മലയാള സാഹിത്യത്തില്‍ ശ്രദ്ധേയമായ പലരും മടിക്കൈക്കാരാണെന്നത് സന്തോഷകരമായ വസ്തുതയാണ്.
സന്തോഷ് ഏച്ചിക്കാനം

നടപ്പുകാല മലയാള സാഹിത്യത്തില്‍ ഏറെ ശ്രദ്ധേയനാണ് സന്തോഷ് ഏച്ചിക്കാനം. ഉപഭോഗീകരിക്കപ്പെട്ട വര്‍ത്തമാന കാല ജീവിതത്തെ പുതിയ ഭാഷകൊണ്ടും മനോഹരങ്ങളായ ബിംബങ്ങള്‍ കൊണ്ടും സന്തോഷ് തന്റെ കഥകളില്‍ അവതരിപ്പിക്കുന്നു. പ്രാദേശികമായ മൂല്യങ്ങള്‍ നഷ്ടമാകുന്നതിന്റെ ആശങ്ക സന്തോഷിന്റെ കഥകളില്‍ കണ്ടെത്താം. വംശാവലി, പഴയമരങ്ങള്‍, കലശം തുടങ്ങിയ കഥകള്‍ അതിനുദാഹരണമാവുന്നു. ഒറ്റവാതില്‍, കഥാപാത്രങ്ങളും പങ്കെടുത്തവരും എന്നീ രണ്ട് കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഥയ്ക്ക് ചെറുകാട് അവാര്‍ഡ്, വി.പി. ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡ്, ടി.എസ്.തിരുമുമ്പ് അവാര്‍ഡ്, പ്രവാസി ബഷീര്‍ പുരസ്കാരം, കാരൂര്‍ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
പി.വി.ഷാജി കുമാര്‍

മലയാള കഥാ സാഹിത്യത്തില്‍ സന്തോഷ് ഏച്ചിക്കാനം തുടങ്ങിയ യുവകഥാകൃത്തുക്കള്‍ക്കു പിന്നാലെ വന്ന പുത്തന്‍ തലമുറ കേരളത്തിലെ കലാലയങ്ങളില്‍ നിന്നു തന്നെ എഴുതി തെളിഞ്ഞ് പ്രശസ്തായവരാണ്. ഇങ്ങനെ ശ്രദ്ധേയരായ കഥാകൃത്തുക്കളുടെ കൂടെ പി.വി.ഷാജി കുമാറും ഉള്‍പ്പെടുന്നു. ഉത്തരാധുനികമായ ഭാവുകത്വവും സ്വകീയമായ അനുഭവാഖ്യാനവും ഷാജി കുമാറിന്റെ കഥകളെ ശ്രദ്ധേയമാക്കുന്നു. മുട്ടത്തുവര്‍ക്കി കലാലയ കഥാ അവാര്‍ഡ്, രാജലക്ഷ്മി പുരസ്കാരം, പൂന്താനം സ്മാരക കഥാ അവാര്‍ഡ്, പി.കെ. ബാലകൃഷ്ണന്‍ സ്മാരക കഥാപുരസ്കാരം, മലായളം കലാലയ കഥാ അവാര്‍ഡ് എന്നിവക്കു പുറമെ കണ്ണൂര്‍ യൂണിവേഴ്സിറ്റി കലോത്സവത്തില്‍ കഥാ രചന, പ്രബന്ധ രചന. തിരക്കഥാ രചന, എന്നിവയില്‍ ഷാജി കുമാര്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
പ്രകാശന്‍ മടിക്കൈ

കവിതാ രംഗത്ത് പ്രശസ്തനാണ് പ്രകാശന്‍ മടിക്കൈ. ലാളിത്യമാര്‍ന്നതും പുതിയ ശൈലികൊണ്ടും ശ്രദ്ധേയമാകുന്നു പ്രാകശന്റെ കവിതകള്‍. നൂഞ്ഞി സ്വദേശിയായ പ്രകാശന്റെ കവിതകള്‍ മാധ്യമം ആഴ്ചപ്പതിപ്പ്, മാതൃഭൂമി ആഴ്ചപ്പതിപ്പ്, പാഠം, ദേശാഭിമാനി, കുങ്കുമം, പച്ചമലയാളം തുടങ്ങിയ നിരവധി ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.സംസ്ഥാന ടി.ടി.ഐ.കലോത്സവത്തില്‍ കഥാരചനയില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്
നൌഷാദലി

സംസ്ഥാന സ്ക്കൂള്‍ യുവജനോത്സവത്തില്‍ കവിതാ രചനയില്‍ ഒന്നാം സ്ഥാനം നേടിയ നൌഷാദലി യുവകവികളില്‍ ശ്രദ്ധേയനാണ്. മടിക്കൈ മുണ്ടോട്ട് സ്വദേശിയായ നൌഷാദലിയുടെ കവിതകള്‍ രൂപശില്പം കൊണ്ടും നവബിംബങ്ങള്‍ കൊണ്ടും ശ്രദ്ധേയമാണ്. ഭാഷാപോഷിണി, കലാകൌമുദി, മാധ്യമം, മലയാളം തുടങ്ങിയ നിരവധി ആനുകാലികങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള നൌഷാദലിക്ക് സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ടിന്റെ കവിതാ സമ്മാനം കണ്ണൂര്‍ യൂണിവേഴ്സിറ്റി കവിതാ സമ്മാനം, പൂന്താനം സമ്മാനം എന്നിവ ലഭിച്ചിട്ടുണ്ട്. “ഇന്റീരിയര്‍ ഡെക്കറേഷന്‍”, “ജാരന്‍”, “ആണ്‍പ്പന്നി” തുടങ്ങിയ നൌഷാദിന്റെ കവിതകള്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
രാമചന്ദ്രന്‍ മടിക്കൈ

നോവല്‍ രംഗത്ത് തന്റേതായ രചനാശൈലിക്ക് ഉടമയാണ് രാമചന്ദ്രന്‍ മടിക്കൈ ഉള്ളടക്കത്തിന്റെ ലാളിത്യം കൊണ്ടും തനിമ കൊണ്ടും വായനക്കാരെ ആകര്‍ഷിക്കുന്നവയാണ് രാമചന്ദ്രന്റെ നോവലുകള്‍. “രാവിന്റെ മാറില്‍” എന്ന നോവല്‍ കേരളകൌമുദിയില്‍ ഖണ്ഡശ: പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ നോവല്‍ പിന്നീട് എന്‍.ബി.എസ്. പുസ്തകമാക്കിയുട്ടുണ്ട്. “കുങ്കുമപാടം” എന്ന അദ്ദേഹത്തിന്റെ മറ്റൊരു നോവല്‍ പൂര്‍ണ്ണ പബ്ളിക്കേഷന്‍സ് പുറത്തിറക്കിയിട്ടുണ്ട്.
യുവധാര, ദേശാഭിമാനി തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ കവിതകളെഴുതിയിട്ടുള്ള ത്യാഗരാജന്‍ ചാളക്കടവ്, കുട്ടുമന്‍ മടിക്കൈ, മുരളീധരന്‍ മടിക്കൈ, രോഷ്ണി, സുരേഷ് മടിക്കൈ, യു.വി.ജി.മടിക്കൈ, പി.കെ.ഗോപി മടിക്കൈ തുടങ്ങിയവര്‍ മടിക്കൈയിലെ പുതുതലമുറയിലെ എഴുത്തുകാരാണ്. പൂത്തക്കാല്‍ ഗവ.യുപി.സ്കൂളിലെ അഞ്ചാംതരം വിദ്യാര്‍ത്ഥിനിയും സി.പ്രഭാകരന്‍-വത്സല ദമ്പതികളുടെ പുത്രിയുമായ സ്മൃതി പി.വി. വളര്‍ന്നുവരുന്ന കവയിത്രിയാണ്. വിവിധ പ്രസിദ്ധീകരണങ്ങളിലെ കുട്ടികള്‍ക്കുള്ള പംക്തികളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മടിക്കൈയിലെ എഴുത്തിനെ പുറമെ നിന്ന് വീക്ഷിക്കുമ്പോള്‍ മനസിലാക്കാനാവുന്ന വസ്തുത ഭൂരിപക്ഷ എഴുത്തിലും “ചരിത്രം” ഒരു വലിയ പ്രമേയമായി വരുന്നു എന്നതാണ്. നാം ജിവിച്ച കാലത്തിന്റെ സ്പന്ദനങ്ങള്‍ തിരിച്ചെടുക്കാന്‍ ഇവരുടെ എഴുത്ത് സഹായകമാകുന്നു. ഈ നിലയ്ക്ക് തന്നെയാണ് മടിക്കൈയിലെ എഴുത്ത് മലബാറില്‍ മുന്‍പന്തിയില്‍ വരുന്നത്.
(കാസര്‍ഗോഡ് ജില്ലയിലെ മടിക്കൈ ഗ്രാമപഞ്ചായത്തിന്റെ സൈറ്റില്‍ നിന്ന് എടുത്തുചേര്‍ത്ത ലേഖനം. കൂടുതല്‍ വായനക്ക് സന്ദര്‍ശിക്കുക) http://www.madikaipanchayat.in/

No comments: