Tuesday, July 13, 2010

യുവതലമുറയെ വഴിതെറ്റിയ്ക്കുന്നവര്‍ സമൂഹത്തെ ബലിയാടാക്കുന്നു - സയ്യിദ് മുനവ്വറലി തങ്ങള്‍

അറിവു നല്‍കുന്നതിന് പകരം നൈമഷിക വികാരങ്ങള്‍ പകര്‍ന്ന് യുവതലമുറയെ വഴിതെറ്റിക്കുന്നവര്‍ ഒരു സമൂഹത്തെ മൊത്തമായി ബലിയാടാക്കുകയാണ് ചെയ്യുന്നതെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു.  മുംബൈ താജ് ഹോട്ടലില്‍ നടന്ന "ഭീകരതയ്ക്കെതിരായ ജിഹാദ്" എന്ന അന്താരാഷ്ട്ര സെമിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  ലിബിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് മുസ്ലീം പീപ്പിള്‍സ് ലീഡര്‍ഷിപ്പിന്‍റെ ഇന്ത്യന്‍ ചാപ്റ്ററാണ് മുംബൈ ഭീകരാക്രമണത്തിന്‍റെ ദുരന്ത സ്മരണകളിരമ്പുന്ന താജ് ഹോട്ടലില്‍ ആഗോള ഭീകരവാദത്തിനെതിരായ ഐക്യദാര്‍ഡ്യ ചടങ്ങ് സംഘടിപ്പിച്ചത്.  സെമിനാര്‍ പീപ്പിള്‍സ് ലീഡര്‍ഷിപ്പ് ദക്ഷിണേഷ്യന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. മുഹമ്മദ് ശുഹുമി (ലിബിയ) ഉദ്ഘാടനം ചെയ്തു.

തീവ്രവാദികളെ സൃഷ്ടിക്കുന്നവര്‍ക്ക് രാജ്യത്തെ തന്നെ തകര്‍ക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട്.  എല്ലാതരം വിധ്വംസക പ്രവര്‍ത്തനങ്ങളെയും നിരാകരിക്കുന്ന മതമാണ് ഇസ്ലാം എന്നിരിക്കെ, ചില കുബുദ്ധികളുടെ നീക്കങ്ങള്‍ മതത്തിന്‍റെ പേരില്‍ ചാര്‍ത്തപ്പെടുന്നത് മാപ്പര്‍ഹിക്കാത്ത അപരാധമാണെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു

വിഭജനാനന്തരം ഇന്ത്യയിലെ മുസ്ലീംങ്ങള്‍ക്കാണ് ലോകത്തെ മറ്റേതു മുസ്ലീം വിഭാഗത്തേക്കാളും അഭിവൃദ്ധിയും സ്വാതന്ത്ര്യവും ഉണ്ടായതെന്നും ഗാന്ധിജിയെപ്പോലുള്ളവരുടെ കലര്‍പ്പില്ലാത്ത സ്വാതന്ത്ര്യ സ്വപ്നമാണ് ഇതിലൂടെ പൂവണിഞ്ഞതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ഡോ. ശുഹുമി ചൂണ്ടിക്കാട്ടി.

******   *********

മറക്കരുത് : ഇരുകൂട്ടരും 'പള്ളി'ക്കാര്‍
ചോദ്യപേപ്പറിലൂടെ പ്രവാചക നിന്ദ നടത്തിയ പ്രൊഫ. ജോസഫിന്‍റെ കൈ വെട്ടിയ സംഭവം ചരിത്രപരമായി പള്ളി സംസ്കാരത്തിനും മാപ്പിള സംസ്കാരത്തിനും മലയാളികളുടെ മുഴുവന്‍ സാംസ്കാരിക പാരമ്പര്യത്തിനും വിരുദ്ധമാണ്.

നമ്മുടെ പൂര്‍വ്വികരുടെ ചേരനാട്ടിലെ ബൌദ്ധപാരമ്പര്യത്തെ സൂചിപ്പിക്കുന്ന പദമാണ് ബുദ്ധവിഹാരങ്ങളായിരുന്ന 'പള്ളി'.  ചാതുര്‍ വര്‍ണ്യത്തിനെതിരെ പൊരുതിയ നമ്മുടെ പൂര്‍വ്വികര്‍ ക്രിസ്തുമാര്‍ഗ്ഗത്തിലൂടെയും ഇസ്ലാം മാര്‍ഗ്ഗത്തിലൂടെയും മോചനം നേടി.  പഴയ പള്ളികള്‍ ഉപേക്ഷിക്കേണ്ടിവന്നെങ്കിലും ക്രൈസ്തവരും മുസ്ലീംങ്ങളും അവരുടെ ദേവാലയങ്ങള്‍ക്ക് ഒരുപോലെ 'പള്ളി' എന്ന പേരുതന്നെ നല്‍കുകയാണുണ്ടായത്.

രണ്ടുകൂട്ടരും ഒരുപോലെ മാപ്പിളമാരായതും ആ പാരമ്പര്യത്തിന്‍റെ തുടര്‍ച്ചയാണ്.  പുതിയ മാര്‍ഗ്ഗം അഥവാ മതം സ്വീകരിച്ചവന്‍ എന്നര്‍ത്ഥം വരുന്ന മാര്‍ഗ്ഗപ്പിള്ളയാണ് മാപ്പിളയായി മാറിയത്.  ക്രൈസ്തവരും  മുസ്ലീംങ്ങളും ഒരുപോലെ പള്ളി ബന്ധമുള്ള മാപ്പിളമായിരിക്കെ പരസ്പരം സംഘര്‍ഷത്തിലേര്‍പ്പെടുന്നത് ചരിത്രപരമായ വിഡ്ഡിത്തമാണ്.

പ്രവാചകനിന്ദ പാശ്ചത്യ സാമ്രാജ്യത്വശക്തികളുടെയും ഇന്ത്യയിലെ ഫാസിസ്റ്റ് കേന്ദ്രങ്ങളുടെയും അജണ്ടയിലുള്ള പരിപാടിയാണ്.  കേരളത്തിലെ പള്ളിക്കാരും മാപ്പിളമാരും അത് ഏറ്റെടുക്കുന്നത് ആത്മഹത്യാപരമാണ്.  കൈവെട്ടല്‍ സംഭവം മലയാളികളുടെ മതേതര സംസ്കാരത്തിന് തീരാക്കളങ്കമാണുണ്ടാക്കിയിരിക്കുന്നതെന്നതില്‍ സംശയമില്ല.  ചരിത്രപരമായ ഒത്തുചേരലിലൂടെ ആ കളങ്കം കഴുകിക്കളയണം.

(കലാകൌമുദി ദിനപത്രം - 2010 ജൂലായ് 12 തിങ്കള്‍)