Thursday, July 8, 2010

ഈ കാടത്തം ഇനി അനുവദിച്ചുകൂടാ...

ബഷീര്‍ അത്തോളി

“മനുഷ്യര്‍ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു”
PRO
ഈ വരികള്‍ ഇപ്പോഴായിരുന്നു എങ്കില്‍ വയലാറിന് ഒരുപക്ഷേ എഴുതാന്‍ കഴിയുമായിരുന്നില്ല. കേരളം അതിന് അനുവദിക്കുമായിരുന്നില്ല. മതാന്ധന്‍‌മാരുടെയും മതഭീകരരുടെയും തറവാടായിരിക്കുകയാണ് കേരളം. ഒരു കോളജിലെ ഇന്‍റേണല്‍ പരീക്ഷയ്ക്ക് അധ്യാപകന്‍ വരുത്തിയ ഒരു കൈത്തെറ്റ്(വിദ്യാഭ്യാസമന്ത്രിയുടെ ഭാഷയില്‍ മഠയത്തരം), അതിന് ഈ രീതിയിലുള്ള ശിക്ഷ നല്‍കുന്നതിനെ കാടത്തം എന്നല്ലാതെ എങ്ങനെ വിശേഷിപ്പിക്കും? കൈപ്പത്തി വെട്ടിമാറ്റുക! ഇത് രാജ്യഭരണം നിലനില്‍ക്കുന്ന ഏതെങ്കിലും രാഷ്ട്രമല്ല. ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. കേരളത്തിന് എക്കാലത്തേക്കും ലജ്ജിക്കാം.

നമ്മുടെ രാഷ്ട്രീയക്കാര്‍ ദിവസവും പരസ്പരം എന്തൊക്കെ ‘വിശേഷണങ്ങള്‍’ നടത്തുന്നു. ചില പ്രത്യേക വിഷയങ്ങളില്‍ നമ്മുടെ ചാനലുകള്‍ അതിരു കടന്ന ചര്‍ച്ചകള്‍ നടത്തുന്നു. അതൊക്കെ പോകട്ടെ, കേരളത്തില്‍ ദിവസവും സ്ത്രീകള്‍ക്കെതിരെ എത്ര അതിക്രമങ്ങള്‍ നടക്കുന്നു. പിഞ്ചുകുഞ്ഞുങ്ങളെ ആക്രമിക്കുന്നു. ഇതിനെയൊക്കെ അപേക്ഷിച്ച്, അത്ര വലിയ തെറ്റാണോ ജോസഫ് എന്ന അധ്യാപകന്‍ ചെയ്തത്? ഏതെങ്കിലും മതത്തെ ബോധപൂര്‍വം അധിക്ഷേപിക്കാനായിരുന്നില്ല ആ ചോദ്യമെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഇതൊരു പബ്ലിക് പരീക്ഷ ആയിരുന്നില്ല. ഒരു കോളജിന്‍റെ ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങുന്ന ചെറിയൊരു ടെസ്റ്റ് മാത്രം.

കേരളത്തിലെ രാഷ്ട്രീയ - വിദ്യാര്‍ത്ഥി സംഘടനകള്‍ കാര്യങ്ങളെ ഭൂതക്കണ്ണാടിയിലൂടെയാണ് നോക്കിക്കാണുന്നത്. ഏതു ചെറിയ സംഭവവും വലുതാകുന്നത് അങ്ങനെയാണ്. ചോദ്യപേപ്പര്‍ വിവാദം കത്തിക്കയറിയതും അങ്ങനെ തന്നെ. കെ എസ് യു, എം എസ് എഫ്, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകള്‍ പ്രതിഷേധക്കൊടുങ്കാറ്റുയര്‍ത്തിയപ്പോഴാണ് ഈ വിവാദം ജനശ്രദ്ധയാകര്‍ഷിക്കുന്നതുതന്നെ. തെറ്റുകള്‍ക്കെതിരെ പ്രതിഷേധമാകാം. എന്നാല്‍ അതില്‍ നിന്ന് എങ്ങനെ മുതലെടുക്കാമെന്ന് ചിന്തിക്കുന്ന ചിലരുണ്ട്. അവരുടെ കൈകളില്‍ ഒരു വിവാദവിഷയം ലഭിക്കുമ്പോള്‍ അത് ഊതിക്കത്തിക്കുകയും തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കുകയും ചെയ്യുന്നു.

അധ്യാപകന്‍റെ കൈവെട്ടി പ്രതിഷേധമറിയിക്കുന്ന സംസ്കാരത്തെ വച്ചുപൊറുപ്പിക്കാനാവുന്നതല്ല. അങ്ങനെയുള്ള പ്രതിഷേധ സമരം ആരുടെ ഭാഗത്തുനിന്നുണ്ടായിരുന്നാലും അതിനെ അംഗീകരിക്കാനാവില്ല. അധ്യാപകനെ ആക്രമിച്ച സംഭവം പുറത്തുവന്നതിനു ശേഷം എല്ലാ രാഷ്ട്രീയ സംഘടനകളും പ്രതിഷേധമറിയിക്കുകയുണ്ടായി. പക്ഷേ, അവരെല്ലാം കുറച്ചു ശ്രദ്ധവച്ചിരുന്നുവെങ്കില്‍ ഇങ്ങനെയൊരു ദാരുണ സംഭവം അരങ്ങേറുമായിരുന്നില്ല. ഇതൊരു കോളജിനുള്ളില്‍ നടന്ന ചെറിയ സംഭവമാണെന്നും അതിന് അത്രയേ ഗൌരവം കൊടുക്കാന്‍ പാടുള്ളൂ എന്നും തിരിച്ചറിയാനുള്ള വിവേകം സംഘടനകളെല്ലാം കാണിക്കേണ്ടതായിരുന്നു.

അധ്യാപകന്‍ കാണിച്ചതെറ്റിന് മാപ്പു പറയുകയും അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യുകയും അറസ്റ്റുചെയ്യുകയും ചെയ്തിരുന്നതാണ്. ഒരു കൈത്തെറ്റിനോ മഠയത്തരത്തിനോ ഇതില്‍കൂടുതല്‍ എന്തു ശിക്ഷയാണ് നല്‍കേണ്ടത്? അധ്യാപകനെ കൊലപ്പെടുത്തുകയായിരുന്നു അക്രമികളുടെ ഉദ്ദേശമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. കേരളം എങ്ങോട്ടാണ് വളരുന്നത്? ഇത്തരം കാടത്തത്തിനു നേര്‍ക്ക് കണ്ണടയ്ക്കാതെ കര്‍ശനമായ നടപടികളാണ് ആഭ്യന്തരവകുപ്പില്‍ നിന്നും പൊലീസില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്