Friday, May 7, 2010

ക്ലാസ്മുറിയിലെ മുപ്പത്‌ വര്‍ഷങ്ങള്‍

ഉദ്യോഗസ്ഥകാല അനുഭവങ്ങള്‍ എഴുതി നല്ല വായനാനുഭവം സമ്മാനിച്ച എഴുത്തുകാര്‍ മലയാളത്തിലുമുണ്ട്‌. മികച്ച സാഹിത്യ സൃഷ്ടികളായി വായനക്കാര്‍ അതു സ്വീകരിച്ചപ്പോള്‍ സര്‍വ്വീസ്‌ സ്റ്റോറിയെന്ന സാഹിത്യശാഖയ്ക്ക്‌ മലയാളത്തിലും വായനക്കാരെ ലഭിക്കുകയായിരുന്നു. എന്നാല്‍ വിരലിലെണ്ണാവുന്ന രചനകള്‍ മാത്രമെ മലയാളത്തില്‍ സര്‍വ്വീസ്‌ സ്റ്റോറിയായി പിറവിയെടുത്തുള്ളൂ. മലയാറ്റൂരിന്റെയും തോട്ടം രാജശേഖരന്റെയും ഉദ്യോഗ കാല അനുഭവക്കുറിപ്പുകള്‍ വായിച്ചവര്‍ പലതും പഠിക്കുകയും അറിയുകയും ചെയ്തു. ഇപ്പോള്‍ മുന്‍ ചീഫ്‌ സെക്രട്ടറി സി.പി.നായരും സര്‍വ്വീസ്സ്റ്റോറി എഴുതുന്ന തിരക്കിലാണ്‌. മലയാറ്റൂരിനെ പോലുള്ള നല്ല എഴുത്തുകാരുടെ ഉദ്യോഗകാല അനുഭവക്കുറിപ്പുകള്‍ വലിയ സാഹിത്യ സംരംഭങ്ങളായില്ലെങ്കിലെ അത്ഭുതമുള്ളൂ. കേരളത്തിലെ സാഹിത്യ സാംസ്കാരിക ഉദ്യോഗസ്ഥ രംഗത്ത്‌ മലയാറ്റൂരിന്റെ സര്‍വ്വീസ്സ്റ്റോറി അത്രയ്ക്കു ചലനങ്ങളുണ്ടാക്കി. നിരവധി പദവികളില്‍ ഇരുന്നിട്ടുള്ള ഐഎഎസ്‌ ഉദ്യോഗസ്ഥന്‌ പറയാനുള്ളത്‌ കേള്‍ക്കാന്‍ നിരവധി കാതുകളുണ്ടായിരുന്നു. എന്നാല്‍ ഒരു സ്കൂള്‍ അധ്യാപകന്‍ സര്‍വ്വീസ്സ്റ്റോറിയെഴുതിയാല്‍ അതിലെന്താണിത്ര പ്രത്യേകത?
 http://www.janmabhumidaily.com/detailed-story?newsID=64091
.

പ്രത്യേകത ഉണ്ടെന്ന്‌ മനസ്സിലാകും അക്ബര്‍ കക്കട്ടിലിന്റെ പാഠം മുപ്പത്‌ എന്ന പുസ്തകം വായിച്ചാല്‍.

മലയാളത്തിലെ നല്ല എഴുത്തുകാരുടെ പട്ടികയില്‍ ഇടം നേടിയിട്ടുള്ള അക്ബര്‍ കക്കട്ടില്‍ സ്കൂള്‍ അധ്യാപകന്‍ കൂടിയായിരുന്നു. ഇക്കഴിഞ്ഞ അധ്യയന വര്‍ഷം മുതല്‍ അദ്ദേഹം ക്ലാസ്മുറികളോടു വിടപറഞ്ഞു. മുപ്പതു വര്‍ഷത്തെ അധ്യാപക വൃത്തിക്കു ശേഷം അന്‍പത്തിയഞ്ചു വയസ്സില്‍ റിട്ടയര്‍മെന്റെന്ന നിയമത്തിനു വിധേയനായി അദ്ദേഹം പടികളിറങ്ങി. മുപ്പതു വര്‍ഷത്തെ ക്ലാസ്സ്മുറികളില്‍ നിന്നുള്ള അനുഭവക്കുറിപ്പുകളാണ്‌ പാഠം മുപ്പത്‌ എന്ന സര്‍വ്വീസ്‌ സ്റ്റോറി.

കക്കട്ടിലിന്റെ കഥകള്‍ കൂടുതലും ജനിക്കുന്നത്‌ ക്ലാസ്മുറികളിലെ അനുഭവങ്ങളില്‍ നിന്നാണ്‌. ക്ലാസ്സ്മുറികളിലെ സംഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തു വയ്ക്കുമ്പോള്‍ അതു തനിക്ക്‌ കഥയെഴുത്തിന്‌ പ്രേരണയായെന്ന സാക്ഷ്യം കൂടി അദ്ദേഹം നല്‍കുന്നു.

അധ്യാപകന്‍ കുട്ടികള്‍ക്ക്‌ സുഹൃത്തും രക്ഷകര്‍ത്താവും ശിക്ഷകനുമൊക്കെയാണ്‌. നല്ല അധ്യാപകനില്‍ വിശ്വാസം അര്‍പ്പിക്കുന്ന കുട്ടി ജീവിതത്തില്‍ പരാജയപ്പെടുന്നില്ല. ഒരു കുട്ടിയുടെ ജീവിതം കരുപ്പിടിപ്പിക്കുന്നതില്‍ അധ്യാപകനുള്ള പങ്ക്‌ വളരെ വലുതാണ്‌. അനുകൂലമല്ലാത്ത ജീവിത സാഹചര്യങ്ങളില്‍ നിന്ന്‌ വരുന്ന നിരവധി കുട്ടികള്‍ ഉണ്ടാകും. എന്നാല്‍ ക്ലാസ്സ്മുറിയില്‍ അധ്യാപകനില്‍ നിന്ന്‌ ആ കുട്ടികള്‍ക്കു ലഭിക്കുന്ന അറിവും സ്നേഹവും സംരക്ഷണവുമെല്ലാം അവരെ ജീവിതത്തിന്റെ വസന്തകാലങ്ങളിലേക്കടുപ്പിക്കാന്‍ പര്യാപ്തമാകും. അക്ബര്‍ കക്കട്ടിലിന്റെ പുസ്തകം ഇത്തരം അനുഭവക്കുറിപ്പുകളുടെ ചേര്‍ത്തുവയ്ക്കലാണ്‌.

വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒരു പോലെ അറിഞ്ഞിരിക്കേണ്ട അനുഭവക്കുറിപ്പുകള്‍. കഥാകൃത്തിന്റെ മാസ്മരിക ഭാഷയാല്‍ സൗന്ദര്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന ഈ ഗ്രന്ഥം മികച്ച സാഹിത്യ രചന....

No comments: