Sunday, March 14, 2010

കണ്ണാടിക്കൂട്ടിലിരുന്ന്‌ വരദരാജനെ കല്ലെറിയരുതേ

സ്വഭാവദൂഷ്യം ആരോപിച്ച്‌, പാര്‍ട്ടിയിലെ തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ സ്ഥാനങ്ങളില്‍ നിന്നും സി പി ഐ എം കേന്ദ്രകമ്മിറ്റി അംഗം ഡബ്ല്യൂ ആര്‍ വരദരാജനെ നീക്കം ചെയ്യാന്‍ പാര്‍ട്ടി കൈക്കൊണ്ട തീരുമാനം അദ്ദേഹത്തിന്റെ വിലപ്പെട്ട ജീവന്‍ അപഹരിക്കുന്നതില്‍ കൊണ്ടെത്തിച്ചത്‌ രാഷ്‌ട്രീയ അതിര്‍വരമ്പുകള്‍ക്കപ്പുറം രോഷവും പ്രതിഷേധവും ക്ഷണിച്ചുവരുത്തിയിരിക്കുകയാണല്ലോ. അനുചിതമായ എസ്‌ എം എസ്‌ സന്ദേശങ്ങള്‍ മൊബൈല്‍ ഫോണിലൂടെ പ്രമീള എന്നൊരു സ്‌ത്രീക്ക്‌ അയച്ചതാണ്‌ ഈ കടുത്ത നടപടിക്ക്‌ കാരണമെന്നാണ്‌ പാര്‍ട്ടിയുടെ ഔദ്യോഗിക ഭാഷ്യം. നാലു പതിറ്റാണ്ടിലേറെക്കാലം തുടര്‍ച്ചയായി പാര്‍ട്ടിക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുകയും പൊരുതുകയും ത്യാഗം സഹിക്കുകയും ചെയ്‌ത വരദരാജനെ പാര്‍ട്ടിയില്‍ നിന്നും ജീവിതത്തില്‍ നിന്നും പടിയടച്ച്‌ പിണ്‌ഡം വെക്കാന്‍ കാരണമായ കുറ്റം ഏതെങ്കിലും സ്‌ത്രീക്ക്‌ എസ്‌ എം എസ്‌ സന്ദേശം അയച്ച സ്വഭാവദൂഷ്യമാണെന്നവാദം സാമാന്യബുദ്ധിയുള്ള ആരും വിശ്വസിക്കില്ല. ഇത്‌ ഒരു നിമിത്തം മാത്രമാകാനാണിട.
വരദരാജന്‍ ലക്ഷണമൊത്ത കമ്മ്യൂണിസ്റ്റ്‌ നേതാവായിരുന്നോ എന്നതില്‍ രണ്ടഭിപ്രായമുണ്ടാകാം. മധ്യവര്‍ഗവിഭാഗത്തില്‍ നിന്ന്‌ ആദ്യം ട്രേഡ്‌ യൂണിയന്‍ പ്രസ്ഥാനത്തിലേക്കും പില്‌ക്കാലത്ത്‌ പാര്‍ട്ടിയിലേക്കും കടന്നുവന്ന നേതാവാണ്‌ വരദരാജന്‍. വരദരാജന്റെ ഭാര്യ സരസ്വതിയും പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നെങ്കിലും അവരുടെ കുടുംബജീവിതം അസ്വാരസ്യങ്ങള്‍ നിറഞ്ഞതായിരുന്നു. ആദ്യവിവാഹം വേര്‍പെടുത്തിയായിരുന്നു സരസ്വതി വരദരാജനെ ഭര്‍ത്താവാക്കിയത്‌. വീണ്ടും വിവാഹമോചനത്തിന്റെ വക്കോളമെത്തിയ ശിഥിലമായ ഈ ബന്ധത്തിനിടയിലാണ്‌ പ്രമീള എന്നൊരു സ്‌ത്രീ കടന്നുവരുന്നത്‌. അവരുടെ പശ്ചാത്തലവും സുതാര്യമോ സംശുദ്ധമോ അല്ല. വിവാഹവാഗ്‌ദാനം നല്‌കി ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച്‌ ഒരു ഡി എം കെ എം എല്‍ എ ക്കെതിരെ അവര്‍ നല്‌കിയ കേസ്‌ കോടതിയുടെ പരിഗണനയിലാണ്‌. പ്രമീളയുടെ മൊഴിയില്‍ വിശ്വാസയോഗ്യമായി കാണാനാകാത്ത പശ്ചാത്തലമുണ്ടെന്നത്‌ നിസ്‌തര്‍ക്കമാണ്‌. ഈ വസ്‌തുതകള്‍ വരദരാജന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിനയച്ച കത്തില്‍ സവിസ്‌തരം പ്രതിപാദിക്കുന്നുണ്ട്‌. അദ്ദേഹം എഴുതുന്നു: ?എന്റെ വിവാഹജീവിതത്തില്‍ ഏറെക്കാലമായി പ്രശ്‌നങ്ങളുണ്ടെന്നു പാര്‍ട്ടി നേതൃത്വത്തിനു അറിയാവുന്ന വസ്‌തുതയാണ്‌.? താനും ഭാര്യയും തമ്മിലുള്ള സ്വരചേര്‍ച്ചയില്ലായ്‌മ വരദരാജന്‍ തന്നെ മറയില്ലാതെ തുറന്നുപറയുമ്പോള്‍ പാര്‍ട്ടിയെ കബളിപ്പിക്കാന്‍ അദ്ദേഹത്തിനു തരിമ്പും ഉദ്ദേശമില്ലായിരുന്നുവെന്നു വേണം കരുതാന്‍. തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണത്തിന്മേലുള്ള അന്വേഷണം വെറും പ്രഹസനമായിരുന്നുവെന്ന്‌ പ്രകാശ്‌ കാരാട്ടിനെ ബോധ്യപ്പെടുത്താന്‍ സമചിത്തതയോടും തികഞ്ഞ ആത്മവിശ്വാസത്തോടെയും ശ്രമിച്ച വരദരാജന്റെ മനസ്സ്‌ അതില്‍ നിന്ന്‌ വ്യതിചലിച്ച്‌ പൊടുന്നനെ ആത്മഹത്യാമുനമ്പിലെത്തിയത്‌ എങ്ങിനെയെന്നത്‌ ഇപ്പോഴും ഉത്തരം കിട്ടാത്ത സമസ്യയാണ്‌. കണ്ടെത്താവുന്ന ഒറ്റ ഉത്തരമേയുള്ളൂ - സി പി ഐ എം തമിഴ്‌നാട്‌ ഘടകത്തില്‍ വരദരാജന്റെ സാന്നിധ്യം ഇഷ്‌ടപ്പെടാത്ത ചിലരുടെ കൈക്കോടാലിയായി പാര്‍ട്ടി കേന്ദ്രനേതൃത്വവും മാറിയപ്പോഴുണ്ടായ കടുത്ത നിരാശ.
പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണപ്രഹസനത്തിന്റെ തെളിവുകളാണ്‌ കാരാട്ടിനുള്ള കത്തില്‍ നിറഞ്ഞുതുളുമ്പുന്നത്‌. മിതവും സുതാര്യവും പക്വവുമായ ഭാഷയിലാണ്‌ വരദരാജന്‍ ഇതിനു പിന്നിലെ കള്ളക്കളിയെ മറനീക്കിയിരിക്കുന്നതും. തന്റെ പേരിലുള്ള ആരോപണം അന്വേഷിക്കാന്‍ നിയോഗിച്ച മൂന്നംഗ കമ്മീഷന്‍ ഒരിക്കല്‍പോലും ഒന്നിച്ച്‌ മുഖത്തോട്‌ മുഖം ഇരുന്ന്‌ തെളിവുകള്‍ പരിശോധിക്കുകയോ ചര്‍ച്ച ചെയ്യുകയോ ഉണ്ടായിട്ടില്ലെന്ന്‌ വരദരാജന്‍ കത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നു. ചിലരുമായി ടെലിഫോണിലൂടെ നടത്തിയ തെളിവെടുപ്പല്ലാതെ ഒറ്റയാളെപ്പോലും കമ്മിഷന്‍ നേരില്‍ കണ്ടോ എഴുതിവാങ്ങിയോ തെളിവെടുത്തിട്ടില്ലെന്ന്‌ വരദരാജന്‍ അവകാശപ്പെടുന്നുണ്ട്‌. അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട്‌ പോലും പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ വാക്കാലല്ലാതെ രേഖാമൂലമല്ലവെച്ചതെന്ന ഞെട്ടിക്കുന്ന വിവരവും കത്തിലുണ്ട്‌. എന്നാല്‍ കാരാട്ടിന്റെ യുക്തിബോധം ഇതൊന്നും ഗൗരവമായി കണ്ടില്ല. കാരാട്ടിന്റെ നിസ്സംഗസമീപനമാണ്‌ വയോവൃദ്ധനായ ഈ കമ്മ്യൂണിസ്റ്റ്‌ നേതാവിന്റെ ജീവന്‍ അപഹരിച്ചതെന്നുവേണം കരുതാന്‍.

http://www.janashakthionline.com/coverstorydetails.php?id=5

No comments: