Friday, April 30, 2010

എഴുതരുതെന്ന് വിജയന്‍ ആവശ്യപ്പെട്ടെന്ന് മുകുന്ദന്‍!


Mukundan, Kakkanadan
PRO
PRO
ദല്‍‌ഹിയില്‍ വച്ച് ഒരു ദിവസം കണ്ടപ്പോള്‍ അഞ്ചുവര്‍ഷത്തേക്കിനി എഴുതരുതെന്ന് ഒ വി വിജയന്‍ തന്നോട് ആവശ്യപ്പെട്ടെന്ന് പ്രശസ്ത സാഹിത്യകാരന്‍ എം മുകുന്ദന്‍. കാക്കനാടനുമായി പഴയ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടയിലാണ് ഒ വി വിജയന്റെ ഈ അഭ്യര്‍ത്ഥനയെ പറ്റി മുകുന്ദന്‍ പറഞ്ഞത്.

‘ഞാന്‍ എഴുതുന്നതൊക്കെ അത്രമോശമാണോ എന്നു ഞാന്‍ സംശയിച്ചു. അങ്ങനെയല്ല, വേണ്ടതിലേറെ എഴുതിയതുകൊണ്ടാണ്‌ അഞ്ചുവര്‍ഷത്തേക്ക്‌ എഴുതരുതെന്ന്‌ ഒ.വി.വിജയന്‍ പറഞ്ഞപ്പോഴാണ്‌ എനിക്ക് സമാധാനമായത്‌’ - മുകുന്ദന്‍ പറഞ്ഞു.

അസുഖബാധിതനായ കാക്കനാടനെ കാണാന്‍ കാക്കനാടന്റെ കൊല്ലത്തുള്ള വസതിയായ അര്‍ച്ചനയില്‍ എത്തിയതായിരുന്നു സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ് കൂടിയായ മുകുന്ദന്‍. തെല്ലൊരിടവേളയ്‌ക്കുശേഷം വീണ്ടും കണ്ടുമുട്ടിയ ഇരുവരും പഴയകാല സ്‌മരണകള്‍ പങ്കുവെച്ചു. 50 വര്‍ഷത്തെ മലയാള സാഹിത്യംമുതല്‍ വ്യക്തിപരമായ തമാശകള്‍വരെ ഇരുവരും പറഞ്ഞുരസിച്ചു. 

ഒ വി വിജയന്‍, വി കെ എന്‍, എം പി നാരായണപിള്ള തുടങ്ങി പഴയ ‘ദല്‍ഹി സര്‍ക്കിളി’ലെ എഴുത്തുകാരായ കൂട്ടുകാരെ മുകുന്ദനും കാക്കനാടനും ഓര്‍മിച്ചെടുത്തു. ഖസാക്കിന്റെ ഇതിഹാസത്തിന്റെ ഓരോ അധ്യായവും വിജയന്‍ ദല്‍‌ഹിയിലെ സാഹിത്യസദസ്സില്‍ വായിച്ചുകേള്‍പ്പിക്കുമായിരുന്നെന്നും ആ നോവല്‍ പൂര്‍ത്തിയാക്കാന്‍ പത്ത് വര്‍ഷത്തോളമെടുത്തുവെന്നും കാക്കനാടന്‍ ഓര്‍മിച്ചു. അസൂയതോന്നിയ കൃതിയാണ്‌ ഖസാക്കിന്റെ ഇതിഹാസമെന്ന്‌ മുകുന്ദന്‍ അഭിപ്രായപ്പെട്ടു. 

മയ്യഴിയില്‍ വച്ച് മുകുന്ദന്റെ കല്യാണം നടന്നപ്പോള്‍ പഴയ ആചാരപ്രകാരം താനാണ് മുകുന്ദന് കുട പിടിച്ചതെന്ന് പൊട്ടിച്ചിരിയോടെ കാക്കനാടന്‍ പറഞ്ഞു. 
‘കുടപിടിക്കുന്ന ആളെ 'ബെസ്റ്റ്‌മാന്‍' എന്നാണു പറയുന്നത്‌. രക്തബന്ധം ഉള്ളവരാവാന്‍ പാടില്ലതാനും. എന്നാല്‍ അത്ര ആത്മബന്ധം ഉള്ളവര്‍ ആവുകയും വേണം. മുകുന്ദന്‌ കുടപിടിക്കാന്‍ എന്നേക്കാള്‍ അര്‍ഹത ആര്‍ക്ക്‌?’ - കാക്കനാടന്‍ ചോദിച്ചു.

വൈക്കം മുഹമ്മദ് ബഷീര്‍ കുത്തിയിരുന്ന് മീന്‍ നന്നാക്കുന്ന ഒരു ചിത്രം അടുത്തിടെ കാണുകയുണ്ടായെന്ന് മുകുന്ദന്‍ പറഞ്ഞു. ബഷീറിന് കൂട്ടിന് പട്ടത്തുവിള കരുണാകരനും തിക്കോടിയനും. എഴുത്തുകാരുടെ പണ്ടത്തെ ക്ലേശകരമായ അനുഭവത്തെയും കൂട്ടായ്മയെയും ഈ ചിത്രം ഓര്‍മിപ്പിച്ചെന്നും എന്നാല്‍ ഇന്നത്തെ എഴുത്തുകാരുടെ ജീവിതം മൊത്തം മാറിപ്പോയി എന്നും മുകുന്ദന്‍ നിരീക്ഷിച്ചു.

http://malayalam.webdunia.com/miscellaneous/literature/articles/0908/25/1090825034_1.htm

No comments: