Tuesday, November 10, 2009

കലയും ശാസ്ത്രവും ഒരുമിച്ചു കൊണ്ടുപോകുന്ന അപൂര്‍വ്വത

കഥകളിയെയും കര്‍ണാടക സംഗീതത്തെയും സ്നേഹിക്കുന്ന, നാടോടി നൃത്തത്തില്‍ സമ്മാനം നേടിയ ആദ്യ ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍. അതാണ് ഡോ.രാധാകൃഷ്ണന്‍.

ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍സെക്കന്ഡറി സ്കൂളില്‍ പഠിക്കുമ്പോഴായിരുന്നു അത്. നാടോടി നൃത്തത്തില്‍ 'കാലുവെച്ചു' ആദ്യം. മഹിളാസമാജം നടത്തിവന്നിരുന്ന 'കേരളനടനത്തി'ല്‍ തൃപ്പൂണിത്തുറ വിജയഭാനുവിന്‍റെ ശിഷ്യനായി. അസ്സലായി പഠിച്ചു. വര്‍ഷം 1961-62. അത്തവണ സ്കൂള്‍ കലോല്‍സവത്തില്‍ ആണ്കുട്ടികളുടെ നാടോടി നൃത്തത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം.

നാടോടി നൃത്തം പിന്നെ നളചരിതത്തിനു വഴിമാറി. ഉണ്ണായി വാര്യര്‍ സ്മാ‍രക കലാകേന്ദ്രത്തില്‍ കഥകളി വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. പള്ളിപ്പുറം ഗോപാലന്‍ നായര്‍, കലാനിലയം രാഘവന്‍ തുടങ്ങിയവര്‍ ഗുരുക്കന്മാരായി. നവരസങ്ങള്‍ മുഖത്തുവിരിഞ്ഞു. കണ്ണടക്കവും മെയ് വഴക്കവും നേടി. പഠിപ്പു തികഞ്ഞ് ദമയന്തി വേഷം കെട്ടി അരങ്ങേറി.

സ്കൂള്‍ പഠനം തീര്‍ത്ത് സാങ്കേതിക വിദ്യയുടെ വിപുലമായ ലോകത്തേക്കിറങ്ങിയപ്പോഴും കലയെ കരയ്ക്കിരുത്തിയില്ല രാധാകൃഷ്ണന്‍. പഠന, ജോലിത്തിരക്കിനിടയിലും ആട്ടവിളക്കിനു പിന്നിലെത്തി. കല്യാണസൌഗന്ധികത്തിലെ ഭീമന്‍, ദക്ഷയാഗത്തിലെ ദക്ഷന്‍, ഉത്തരാസ്വയംവരത്തിലെ സൂതന്‍, ലവണാസുരവധത്തിലെ ഹനുമാന്‍, കുചേലന്‍, സുദേവന്‍, സന്താനഗോപാലത്തിലെ ദൂതന്‍ തുടങ്ങി പല വേഷങ്ങള്‍ ആടി. ബാംഗ്ലൂര്‍ ഐ.ഐ.എമ്മില്‍ പഠിക്കുമ്പോള്‍ കോട്ടക്കല്‍ അച്യുത വാര്യരായിരുന്നു കളി ഗുരു. 1979-ല്‍ ബാംഗ്ലൂരിലെ അരങ്ങില്‍ 'ശിവതാണ്ഡവ'വുമാടി. ഒടുവില്‍ വേഷമിട്ടത് 1995-ല്‍ ബാംഗ്ലൂരില്‍. കഥ - സന്താനഗോപാലം. വേഷം - ദൂതന്‍.

ആട്ടം മാത്രമല്ല, പാട്ടും വഴങ്ങുമെന്നറിഞ്ഞപ്പോള്‍ ബഹിരാകാശത്തിന്‍റെ സൂക്ഷ്മതലങ്ങള്‍ അന്വേഷിക്കുന്നതിനൊപ്പം സ്വര‍സ്ഥാനങ്ങളും പാടിയുറപ്പിച്ചു അദ്ദേഹം. വെച്ചൂര്‍ ഹരിഹരന്‍റെ കീഴില്‍ 1975-ല്‍ കര്‍ണാടക സംഗീത പഠനം തുടങ്ങി. ആര്‍.കെ.ശ്രീകണ്ഠന്‍, നൂക്കാല ചിന്നസത്യം എന്നിവര്‍ പിന്നീട് ഗുരുക്കളായി. വിവിധ വേദികളില്‍ കച്ചേരി പാടി. കഴിഞ്ഞ വര്‍ഷം ഗുരുവായൂരിലും മള്ളിയൂരിലും കച്ചേരി നടത്തി.

ഡെപ്യൂട്ടി കളക്ടറായിരുന്ന കൃഷ്ണന്‍ കുട്ടി മേനോന്‍റെയും ഡി.ഇ.ഒ അമ്മിണിയമ്മയുടെയും മകന്‍റെ, മുതിര്‍ന്ന ബഹിരാകാശ ശാസ്ത്രജ്ഞന്‍റെ, വി.എസ്.എസ്.സി.(വിക്രം സാരാഭായ് സ്പേസ് റിസര്‍ച്ച് സെന്‍റര്‍) മുന്‍ ഡയറക്ടറുടെ, ഇപ്പോഴത്തെ ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍റെ മറ്റൊരു മുഖമാണിത്. കലയും ശാസ്ത്രവും സജീവമായി ഒരുമിച്ചു കൊണ്ടുപോകുന്ന അപൂര്‍വ്വത. (മാതൃഭൂമി വാരാന്തപ്പതിപ്പ്, 2009 നവംബര്‍ 1, ജി.വേണുഗോപാല്‍)

No comments: