Saturday, August 29, 2009

സോമനാഥവും പ്രഭാസതീര്‍ത്ഥവും

സോമനാഥം എന്ന സ്ഥലത്തെക്കുറിച്ച് പണ്ടേ കേട്ടിരുന്നുവെങ്കിലും പ്രഭാസതീര്‍ത്ഥത്തെക്കുറിച്ച് ഞാന്‍ അധികം അറിഞ്ഞിരുന്നില്ല. ദ്വാരകയില്‍വെച്ച് അവിടത്തെ ഒരു പൂജാരിയാണ് പ്രഭാസതീര്‍ത്ഥത്തിന്‍റെ പ്രാധാന്യം പറഞ്ഞുതന്നത്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ദേഹം ഉപേക്ഷിച്ചത് അവിടെവെച്ചാണത്രെ. ഗോമതിബീച്ചിലെ കാഴ്ചകള്‍കണ്ട് ഒരു കടയില്‍ കയറിച്ചെന്നപ്പോള്‍ മധ്യവയസ്കയായ കടയുടമ അടുത്തുവന്നു. ദക്ഷിണേന്ത്യന്‍ ആഹാരം എന്തെങ്കിലും തരാനായി ഞാന്‍ അവരോട് ആവശ്യപ്പെട്ടു. ഏറെ നേരത്തെ കാത്തിരിപ്പിനുശേഷം അവര്‍ എന്തെല്ലാമോ ഉണ്ടാക്കി മുന്‍പില്‍ കൊണ്ടുവന്നു വെച്ചു. ഒട്ടും രുചിയില്ലാത്ത പലഹാരങ്ങള്‍.

ആ സ്ത്രീ അവരുടെ പേരു പറഞ്ഞു. ജയ ഇന്ദിര. ആഹാരം ഞങ്ങള്‍ക്ക് തൃപ്തികരമായില്ല എന്ന് ജയ ഇന്ദിരയ്ക്ക് മനസിലായി. അവരുടെ മുഖത്ത് നിരാശയുണ്ടായിരുന്നു

ഉച്ചയ്ക്ക് രണ്ടരമണിക്ക് ഞങ്ങള്‍ ദ്വാരകയില്‍ നിന്ന് സോമനാഥിലേക്ക് പുറപ്പെട്ടു. വഴിവക്കില്‍ കോവര്‍ കഴുതകള്‍, ഒട്ടകങ്ങള്‍. ഗാന്ധിജിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഇന്ത്യയിലെ സാധാരണക്കാരായ പൌരന്മാര്‍. ആറുമണിക്കൂര്‍ നേരത്തെ അനുസ്യൂതമായ യാത്രക്കു ശേഷം രാത്രി എട്ടരമണിക്ക് സോമനാഥത്തിലെത്തി.

ഇന്ത്യയുടെ മേപ്പില്‍ കൊക്കുപോലെ കാണുന്നിടത്താണ് ഗുജറാത്ത് സംസ്ഥാനത്തിലെ സോമനാഥം. സമുദ്രക്കരയിലുള്ള ഈ ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പൈതൃകമാണ് പറയാനുള്ളത്. ഇന്ത്യയില്‍ ഏറ്റവും അവസാനമായി സുര്യന്‍ അസ്തമിക്കുന്നത് സോമനാഥത്തിലാണെന്ന് തോന്നുന്നു. എന്നാല്‍ രാത്രി എട്ടുമണി കഴിഞ്ഞാല്‍ തട്ടുകടകള്‍ മാത്രമെ അവിടെ പ്രവര്‍ത്തിക്കുന്നുള്ളു.

സോമനാഥക്ഷേത്രത്തിനരുകില്‍ ധാരാളം ഹോട്ടലുകള്‍ ഉണ്ടെങ്കിലും ഒരിടത്തും വാഷ്ബേസിനുകള്‍ ഇല്ല. ആഹാരം കഴിച്ചുകഴിഞ്ഞാല്‍ പലരും കൈ കഴുകുന്നില്ല എന്നതാണ് ഞാന്‍ കണ്ട സത്യം. ചിലര്‍ പച്ചവെള്ളം വായിലൊഴിച്ച് കുടിക്കുന്നുണ്ട്. മറ്റുചിലര്‍ കയ്യില്‍ വെള്ളമൊഴിച്ച് ആഹാരം കഴിച്ച പ്ലെയിറ്റില്‍തന്നെ കൈകഴുകും. ഇന്ത്യയിലെ ഏറ്റവും വലിയ സാംസ്കാരിക കേന്ദ്രത്തില്‍ ഇങ്ങനെയൊക്കെയാണൊ എന്ന് ചോദിക്കരുത്. ഇന്ന് ടൂറിസ്റ്റുകള്‍ മാത്രമാണ് സോമനാഥത്തിലേക്ക് വരുന്നത്. അവിടത്തെ ദേവസ്ഥാനം ഗസ്റ്റ് ഹൌസിലാണ് ഞങ്ങള്‍ താമസിച്ചത്.

ദ്രാവിഡഭാഷയില്‍ "മിന്നുന്ന ഊര്" എന്ന് അര്‍ത്ഥം പറയാവുന്ന "മിന്ന് ആര്‍" എന്നാണ് സോമനാഥത്തിന്‍റെ ആദ്യ നാമഥേയം. സൂര്യചന്ദ്രന്മാര്‍ തങ്ങളുടെ പ്രകാശരശ്മികള്‍ ഏറ്റവും ശക്തിയോടെ പതിപ്പിക്കുന്ന നാടാണിത്. സംസ്കൃതത്തില്‍ ഇതിന് പ്രഭാസ് എന്നു പറയുന്നു. അത് പ്രഭാസ് പാട്ടനായി. അതുതന്നെയാണ് ഇന്ന് അറിയപ്പെടുന്ന പ്രഭാസ പട്ടണം. ഇതു പണ്ട് ദ്രാവിഡരുടെ നാടായിരുന്നു.

സമുദ്രക്കരയില്‍ തന്നെയാണ് സോമനഥക്ഷേത്രമെന്നതിനാല്‍ അവിടെ നില്‍ക്കുമ്പോള്‍ നല്ല കാറ്റ് കിട്ടും. ക്ഷേത്രം ഉയരത്തായതിനാല്‍ മതിലിന്നരുകില്‍ നിന്ന് താഴോട്ട് നോക്കിയാല്‍ തിരമാലകള്‍ വന്ന് തീരദേശത്തെ തലോടുന്നതു കാണാം. ഗ്രാമീണരായ കുട്ടികള്‍ അവിടെ കടലില്‍ കുളിക്കുന്നു. തീര്‍ത്ഥാടകര്‍ സമുദ്രത്തിലേക്കെറിയുന്ന നാണയങ്ങള്‍ അവര്‍ സാഹസഭാവത്തില്‍ പെറുക്കിയെടുക്കുന്നുണ്ട്.

സോമനാഥത്തില്‍ രാത്രി കഴിച്ചുകൂട്ടുമ്പോള്‍ ഞാന്‍ തെല്ലൊന്ന് പരിഭ്രമിച്ചു. ഭാര്യക്ക് നേരിയ പനിയും ജലദോഷവും. ദീര്‍ഘയാത്രകളില്‍ എത്രയൊക്കെ ശ്രദ്ധിച്ചാലും യാത്രികര്‍ക്ക് അസുഖങ്ങള്‍ ഉണ്ടാകാറുണ്ട്. കനത്ത ചൂടോ അതിശൈത്യമോ എനിക്ക് താങ്ങാന്‍ കഴിയുകയില്ല. അസുഖമെന്ന് തോന്നിയാല്‍ ഞാന്‍ ആഹാരത്തില്‍ കര്‍ശനമായ നിയന്ത്രണമേര്‍പ്പെടുത്തും. അനിഷ്ടകരമായ ആഹാരമാണ് കിട്ടിയതെങ്കില്‍ എത്ര വിശപ്പുണ്ടെങ്കിലും അത് കഴിക്കാറില്ല. നേരിയ അസുഖമെങ്കിലും വരാത്ത ഒരാളും കൂട്ടത്തില്‍ ഉണ്ടാകാറില്ല. അസുഖം വന്ന് വിജിയുടെ ഉത്സാഹം കുറഞ്ഞതോടെ ഞാനും മൂഡൌട്ടായി. എന്നാലും ദേവസ്ഥാനം റസ്റ്റ് ഹൌസില്‍ ആ രാത്രി കഴിച്ചുകൂട്ടി. പിറ്റേന്ന് പ്രഭാതത്തില്‍ കുളി കഴിഞ്ഞപ്പോള്‍ എല്ലാവരും ഉന്മേഷം വീണ്ടെടുത്തു. സോമനാഥക്ഷേത്രം വിശദമായി സന്ദര്‍ശിക്കാന്‍ എല്ലാവരും തയ്യാറായിക്കഴിഞ്ഞു.

ഇടുക്കിയിലെ പണിക്കര്‍കുടി സ്വദേശിയായ ശിവരാമനെ ഞാന്‍ യാത്രയുടെ തുടക്കത്തിലെ ശ്രദ്ധിച്ചിരുന്നു. മഞ്ഞ നിറമുള്ള ഷര്‍ട്ടും മുണ്ടും ധരിച്ചാണ് അയാള്‍ യാത്രയില്‍ കേരളത്തില്‍ നിന്നും പറപ്പെട്ടത്. കണ്ടും പറഞ്ഞുകേട്ടതുമെല്ലാം അയാള്‍ ഒരു ഡയറിയില്‍ കുറിച്ചിട്ടിരുന്നു. ശിവരാമന്‍ യാത്രാകമ്പക്കാരനാണ്. ഹിമാലയ യാത്രകളെക്കുറിച്ച് ആ ചെറുപ്പക്കാരന്‍ എഴുതിയ കുറേ കവിതകള്‍ എന്നെ വായിച്ചു കേള്‍പ്പിച്ചു. ജീവിതത്തിന്‍റെ അര്‍ത്ഥം തേടുകയാണ് അയാള്‍. മനുഷ്യജീവിതത്തിന്‍റെ ഏറ്റവും വലിയ ഭാഗ്യം യാത്രകളാണെന്ന് അയാള്‍ കരുതുന്നു. ഒരു തോള്‍ സഞ്ചി മാത്രമേ അയാള്‍ യാത്രയില്‍ കരുതിയിട്ടുള്ളു. ഭാരം കുറയുമ്പോളാണ് യാത്ര കൂടുതല്‍ സുഖകരമാകുക. അത്യാവശ്യമായ വസ്ത്രങ്ങള്‍ മാത്രം കരുതുന്നതാണ് ഉചിതം. എത്ര നിയന്ത്രിച്ചാലും മടക്കത്തില്‍ ഏതാനും സാധനങ്ങള്‍ കൂടുതല്‍ ഉണ്ടായി എന്നുവരാം.

ഭാരതത്തിലെ പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളിലൊന്ന് നോമനാഥത്തിലാണ്. ഇവിടെ പുതിയ ക്ഷേത്രം പണിതത് സര്‍ദാര്‍ വല്ലഭായ് പട്ടേലാണ്. പഴയ ക്ഷേത്രം 1788ല്‍ നിര്‍മ്മിച്ചതായിരുന്നുവെങ്കിലും അത് തകര്‍ന്നുപോയിരിക്കുന്നു. ബള്‍ക്ക് തീര്‍ത്ഥമെന്ന് അറിയപ്പെടുന്ന പ്രഭാസതീര്‍ത്ഥം ഇവിടെ അടുത്താണ്. ഇവിടെവച്ചാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍റെ കാലിന് വേടന്‍റെ അമ്പേറ്റതും അദ്ദേഹം പ്രഭാസതീര്‍ത്ഥത്തില്‍ ദേഹത്യാഗം ചെയ്തതും. പുരാണപ്രസിദ്ധമായ സ്ഥലമാണത്. ഇന്ന് പ്രഭാസതീര്‍ത്ഥക്കരയില്‍ ഒരു ചെറിയ ക്ഷേത്രമുണ്ടെന്നതൊഴിച്ചാല്‍ ഇവിടെ പറയത്തക്ക കാര്യങ്ങളൊന്നുമില്ല. എന്നാല്‍ ശ്രീകൃഷ്ണ കഥകള്‍ അനുസ്മരിക്കുന്നവരെ സംബന്ധിച്ചിടത്തോളം പ്രഭാസതീര്‍ത്ഥക്കരയ്ക്ക് ദൈവീകമായ പ്രാധാന്യമുണ്ട്.

പ്രഭാസതീര്‍ത്ഥക്കരയില്‍ ഞങ്ങള്‍ ഒരിടത്ത്കൂടിയിരുന്നു. ശിവരാമന്‍ ചിന്താധീനനാണ്. പലര്‍ക്കും കൃഷ്ണനെക്കുറിച്ച് പറയാനുണ്ട്.

ഹോമിയോപ്പതിയില്‍ മദര്‍ ടിഞ്ചറില്‍ നിന്നും ഒരു തുള്ളിയെടുത്ത് വെള്ളത്തിലൊഴിച്ച് മരുന്നുണ്ടാക്കും മാതിരി ഋഗ്വേദത്തിലെ ഒരു പരാമര്‍ശം രൂപഭേദം വരുന്നത് ശ്രദ്ധിക്കുക. യാതൊരുവന്‍റെ വലുതായ മൂന്ന് കാലടികള്‍ സകലലോകങ്ങളേയും ഉള്ളിലൊതുക്കുന്നു എന്ന ചിന്താശകലം മഹാവിഷ്ണു മൂന്ന് അടി വെച്ചതായി ശതപഥ ബ്രാഹ്മണത്തിലേക്ക് സംക്രമിച്ചു. ഈ ബിന്ദു വികസിച്ച് വാമനപുരാണത്തില്‍ പതിനായിരം ശ്ലോകമായി. അവിടെ നിന്നും മഹാബലിക്കഥയുണ്ടായി. പിന്നീട് തിരുവോണമെന്ന സങ്കല്‍പമുണ്ടായി. ചെറിയ വേദവാക്യങ്ങള്‍ വലിയ പുരാണങ്ങളും പിന്നെ സങ്കല്‍പങ്ങളുമായി മാറുന്നു. അത്തരം സങ്കല്‍പങ്ങള്‍ മനുഷ്യസംസ്കൃതിയുടെ ഒരു ഭാഗമായി രൂപാന്തരപ്പെടുകയും ചെയ്യുന്നു

"കഥകളൊന്നുംതന്നെ സത്യമല്ല എന്നാണൊ പറയുന്നത്?" ശിവരാമന്‍റെ ചോദ്യം.

കഥകള്‍ സത്യം തന്നെ. സത്യത്തേക്കാള്‍ പരമമായ സത്യം എന്നു പറയാം. ഗുരുനാഥന്‍ ഒരിക്കല്‍ അദ്ദേഹത്തിന്‍റെ ശിഷ്യനെ ഗുണദോഷിച്ചു. അച്ചടിച്ച പുസ്തകങ്ങള്‍ വായിക്കരുത്. അച്ചടിക്കാത്ത പുസ്തകങ്ങള്‍ വായിക്കുക. പ്രകൃതിയെ വീക്ഷിക്കുക എന്നാണ് ആ പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത്. മൂന്നാം ക്ലാസ് കമ്പാര്‍ട്ടുമെന്‍റില്‍ യാത്ര ചെയ്യുന്ന സഹയാത്രികന്‍ പുസ്തകം വായിച്ചുതുടങ്ങിയപ്പോള്‍ ആ ഗ്രന്ഥം വലിച്ചെറിയുക എന്ന് ഗാന്ധിജി പറഞ്ഞു. പ്രകൃതിയാണ് ഏറ്റവും വലിയ ഗ്രന്ഥം. പ്രപഞ്ച സംവിധാനമാണ് ഏറ്റവും വലിയ പ്രകാശം. യൂറോപ്പില്‍ വിന്സന്‍റ് എന്നൊരാള്‍ കാട്ടില്‍ താമസിക്കുമ്പോള്‍ വികലാംഗനായ ഒരു മാന്‍കുട്ടി നിത്യേന കാട്ടില്‍ വന്ന് വെള്ളത്തില്‍ തന്‍റെ വികലമായ കാല്‍ ഇടുന്നത് കണ്ടു. പലവട്ടം ഇത് ആവര്‍ത്തിച്ചതോടെ മാന്‍കുട്ടിയുടെ കാല്‍ പൂര്‍വ്വസ്ഥിതിയിലായി. വിന്സ‍ന്‍റിന്‍റെ നിരീക്ഷണത്തില്‍ നിന്നാണ് പിന്നീട് ജലചികിത്സാസമ്പ്രദായം ഉണ്ടായത്."

പ്രഭാസതീര്‍ത്ഥക്കരയിലെ അരയാലിലകള്‍ ഉറഞ്ഞുതുള്ളുന്നു. സുഖകരമായ കാറ്റിന്‍റെ തലോടല്‍. ആരോ ചോദിക്കുന്നു-

"എന്താണ് ആര്‍ഷജ്ഞാനത്തിന്‍റെ സംഗ്രഹം?"

"അഹിംസാ സത്യമാസ്തേയം

ശൌചം ഇന്ദ്രിയ നിഗ്രഹം."

അതായത് ഈ അഞ്ചു ഗുണങ്ങള്‍ മനുഷ്യന് ഉണ്ടായാല്‍ അയാള്‍ ആര്‍ഷവിശ്വാസിയായി.

"എല്ലാ മതങ്ങളും ഇതൊക്കെ തന്നെയല്ലെ പറയുന്നത്/"

"സംശയമുണ്ടോ? പണ്ട് നബിതിരുമേനി പറഞ്ഞതും പറയാത്തതുമൊക്കെ ഓരോരുത്തര്‍ ഗ്രന്ഥങ്ങളില്‍ എഴുതി പ്രചരിപ്പിക്കാന്‍ തുടങ്ങി. ഇതില്‍ സത്യമേത് അസത്യമേത് എന്നതില്‍ ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായി. ഇമാം ബുഹാരി എന്ന ഒരാള്‍ ഇത്തരം ഗ്രന്ഥമെഴുതിയ ഒരാളെ കാണാനായി ചെന്നു. ഗ്രന്ഥകാരന്‍റെ സ്വഭാവം മനസ്സിലാക്കിയ ശേഷം എഴുതിയ കാര്യങ്ങള്‍ സത്യമാണോ എന്നറിയാനായിരുന്നു ആ യാത്ര. ഗ്രന്ഥകാരന്‍ ഒരു കുട്ട കാണിച്ച് തന്‍റെ കുതിരയെ വിളിക്കുകയായിരുന്നു അപ്പോള്‍. കാലിയായ ആ കുട്ടയില്‍ തീറ്റസാധനങ്ങള്‍ ഉണ്ടെന്നു കരുതിയ അയാളുടെ കുതിര ഓടിവന്നു. ഒരു മൃഗത്തെ തെറ്റിദ്ധരിപ്പിച്ച് കബളിപ്പിക്കുന്നത് ന്യായമല്ല. മൃഗം നിഷ്കളങ്കമായ മനസ്സിന്‍റെ ഉടമയാണ്. അവരോട് കള്ളം പറയരുത്. അതിനാല്‍ ഇമാം ബുഹാരി നിശ്ചയിച്ചു - ഈ ഗ്രന്ഥകാരനെ ഒരിക്കലും വിശ്വസിക്കരുത്. ആരാധ്യനായ നബിയെ വ്യാഖ്യാനിക്കാന്‍ ഈ ഗ്രന്ഥകാരന്‍ അര്‍ഹനല്ല എന്ന്."

"എന്തുകൊണ്ടാണ് കൃഷ്ണകഥകള്‍ എല്ലാ കാലഘട്ടങ്ങളേയും അതിജീവിച്ചുകൊണ്ടിരിക്കുന്നത്?"

"കൃഷ്ണകഥകള്‍ മാത്രമല്ല മഹത്തരമായ എന്തും കാലഘട്ടത്തെ അതിജീവിക്കും. യേശുവിന്‍റെ പ്രവചനങ്ങളും നബിവചനങ്ങളും ആചന്ദ്രതാരം നിലനില്‍ക്കുമെന്ന് നമുക്കറിയാവുന്ന കാര്യമാണല്ലോ. നമ്മെ സംബന്ധിച്ചിടത്തോളം വലിയ തത്വങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ ഈ പ്രഭാസതീര്‍ത്ഥക്കര ഒരു നിമിത്തമായി എന്നു കരുതിയാല്‍ മതി."

"ഇവിടെ ഈ നിമിഷങ്ങളില്‍ താങ്കളുടെ മനസ്സിലേക്ക് ഓടിവരുന്ന കഥ ആരുടേതാണ്?"

"ഉപകാരപ്രദങ്ങളായ വ്യാഖ്യാനം നല്‍കുന്ന എല്ലാ കഥകളും മഹത്തരങ്ങളാണ്. സംസാരിക്കുന്നത് പ്രഭാസതീര്‍ത്ഥക്കരയില്‍ വെച്ചായതിനാല്‍ കൃഷ്ണകഥതന്നെയാണ് മനസ്സിലേക്കോടി വരുന്നത്.

ധര്‍മ്മപുത്രന്‍ അശ്വമേധയാഗം നടത്തുന്ന അവസരം. മയൂരധ്വജ രാജാവ് ആ കുതിരയെ കെട്ടിയിട്ടു. മയൂരധ്വജന്‍ ഇത്ര പ്രമാണിയോ? അദ്ദേഹത്തിന്‍റെ പ്രാധാന്യമറിയാന്‍ കൃഷ്ണനും ധര്‍മ്മപുത്രരും വേഷം മാറി ബ്രാഹ്മണകുമാരന്മാരയ ശേഷം മയൂരധ്വജ രാജാവിന്‍റെ മുന്പിലെത്തി.

കൃഷ്ണ ഭക്തനായ ആ രാജാവ് കൊടുത്ത ആഹാരം കഴിക്കാതെ ബ്രാഹ്മണ വേഷത്തില്‍ വന്ന കൃഷ്ണന്‍ പറഞ്ഞു - അങ്ങയുടെ രാജ്യത്ത് ഒരു കടുവ എന്‍റെ കൂട്ടുകാരന്‍റെ മകനെ കടിച്ചുകൊണ്ടുപോയി. ഞങ്ങള്‍ സങ്കടം പറഞ്ഞപ്പോള്‍ കടുവ പറഞ്ഞു - ഒരു ഉപാധിയില്‍ മാത്രമെ കുഞ്ഞിനെ മടക്കിത്തരാന്‍ കഴിയൂ. എന്താണ് ഉപാധി എന്നായി ഞാന്‍. നിങ്ങള്‍ മയൂരധ്വജ രാജാവിന്‍റെ ശരീരത്തിന്‍റെ വലതു പകുതി ഭാഗം എനിക്കു തന്നാല്‍ കുട്ടിയെ തരാം.

ഈ സംഭവം പറഞ്ഞു കേട്ടതും മയൂരധ്വജന്‍ ശരീരം കീറാന്‍ തയ്യാറെടുത്തുകൊണ്ട് കിടന്നു കഴിഞ്ഞു. അദ്ദേഹത്തിന്‍റെ ഇടതു കണ്ണില്‍ കണ്ണുനീര്‍ നിറഞ്ഞു. അതുകണ്ട് കൃഷ്ണന്‍ പറഞ്ഞു - സന്തോഷമില്ലാതെ തരുന്ന ദാനം ഞങ്ങള്‍ക്കു വേണ്ട. ഇതുകേട്ട് മയൂരധ്വജന്‍ പറഞ്ഞ മറുപടിയിലാണ് മനുഷ്യമഹത്വം കുടികൊള്ളുന്നത്.

അദ്ദഹം ബ്രാഹ്മണ വേഷധാരിയായ കൃഷ്ണനോടു പറഞ്ഞു - ഇടതു കണ്ണ് ദുഃഖത്തോടെ കരയുവാന്‍ കാരണം വലതുപകുതിയെപ്പോലെ ഈ പകുതികൊണ്ട് ഒരു പ്രയോജനവും ഇല്ലല്ലോ എന്നോര്‍ത്തിട്ടാണ്. വലതു കണ്ണ് സന്തോഷിക്കുന്നതു അങ്ങ് കാണുന്നില്ലേ? ഉപേക്ഷയുടേതായ മനുഷ്യമഹത്വം ഉയര്‍ത്തിക്കാണിക്കാന്‍ കൃഷ്ണന്‍ എന്തെല്ലാം നാടകങ്ങള്‍ കാണിച്ചു തന്നു!.

പഴയ സോമനാഥക്ഷേത്രത്തിലെ കൊത്തുപണികളും വിഗ്രഹങ്ങളും ഒരു മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്. ഉടഞ്ഞ ശില്‍പങ്ങള്‍ ധാരാളമുണ്ട് അവിടെ. ഇവിടെ നിന്നും കേരളത്തിലേക്ക് മടങ്ങാനായി വിരാവല്‍ റെയില്‍വെ സ്റ്റേഷനിലേക്ക് യാത്ര തിരിക്കുമ്പോള്‍ സമയം ഉച്ച കഴിഞ്ഞിരുന്നു. ഒരു രാത്രിയിലെ യാത്രകൊണ്ട് ഞങ്ങള്‍ അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തിലും പട്ടേല്‍ മ്യൂസിയത്തിലും പോയിക്കഴിഞ്ഞപ്പോള്‍ ഒരു ഷോപ്പിങ്ങ് നടത്തണമെന്ന് സകലര്‍ക്കും ആഗ്രഹം.

അഹമ്മദാബാദ് നഗരത്തിന്‍റെ ബാഹ്യരൂപം എന്തുകൊണ്ടോ എനിക്ക് ഇഷ്ടമായില്ല. ഭാരതത്തിലെ എല്ലാ നഗരങ്ങളും അന്തരീക്ഷമലിനീകരണം കൊണ്ട് വീര്‍പ്പുമുട്ടുകയാണ്. എന്നാല്‍ അഹമ്മദാബാദില്‍ ഞാന്‍ യാത്ര ചെയ്ത സ്ഥലങ്ങളില്‍ ഈ മാലിന്യം അത്രയേറെ ജാസ്തിയായിരുന്നു. വിഷപ്പുക നിറഞ്ഞ അന്തരീക്ഷമായി നഗ്നനേത്രങ്ങള്‍കൊണ്ടുതന്നെ അനുഭവപ്പെട്ടപ്പോള്‍ തോന്നി. യാത്രയില്‍ നിന്നും നഗരങ്ങളെ അവഗണിക്കുക. പ്രകൃതിയുടെ ചൈതന്യം തുടിയ്ക്കുന്ന ഗ്രാമപ്രദേശങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുക.

യാത്ര കഴിഞ്ഞു മടങ്ങിയെത്തിയാല്‍ നാം എന്തൊക്കെയാണ് ഓര്‍മ്മിക്കുക. പണിക്കര്‍കുടിക്കാരന്‍ ശിവരാമന്‍ എനിയ്ക്കെഴുതിയിരിക്കുന്നു - സോമനാഥക്ഷേത്രവും പ്രഭാസതീര്‍ത്ഥവും ഞാന്‍ ഒരിക്കലും മറക്കില്ല. എന്‍റെ ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള നിമിഷങ്ങളായിരുന്നു അവ..........എഴുത്തു വായിച്ചപ്പോള്‍ എനിയ്ക്കും അങ്ങനെത്തന്നെ എന്ന് തോന്നി. ശിവരാമന്‍ കൃഷിക്കാരനാണ്. ഒരു മരപ്പെട്ടിയില്‍ അദ്ദേഹം എനിയ്ക്ക് കുറേ ഏലവും കരാമ്പൂവും അയച്ചു തന്നു. പ്രഭാസതീര്‍ത്ഥത്തില്‍ കഴിച്ചുകൂട്ടിയ നിമിഷങ്ങള്‍ക്ക് കൂടുതലായി നിറംവെച്ചുവരുന്നു എന്നാണ് ശിവരാമന്‍ അടുത്തകാലത്ത് വീണ്ടും എഴുതിയത്.

വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ പുറം ലോകത്തെക്കുറിച്ച് പലതും മനസ്സിലാക്കാറില്ല. ഒരു കാല്‍നടയാത്രക്കാരനു മാത്രമെ ലോകത്തെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിയുകയുള്ളു. സോമനാഥത്തിലും പ്രഭാസതീര്‍ത്ഥത്തിലുമെല്ലാം നാഴികകളോളം ഞങ്ങള്‍ ചുറ്റിക്കറങ്ങി. ഹെന്‍റി ഡേവിഡ് തെറൊ എന്ന ചിന്തകന്‍റെ വചനങ്ങള്‍ ആ സമയത്ത് ഞാന്‍ ഓര്‍മ്മിക്കുകയുണ്ടായി. ഒരു കാല്‍നടയാത്രക്കാരനാവാന്‍ ദൈവത്തിന്‍റെ പ്രത്യേകമായ അനുഗ്രഹം ആവശ്യമാണ്. അതിന് കാല്‍നടയാത്രക്കാരുടെ കുടുംബത്തില്‍ നിങ്ങള്‍ ജനിക്കേണ്ടിയിരിക്കുന്നു. അതൊരു ഭാഗ്യമാണ്.

ഭാരതീയ കാവ്യങ്ങളില്‍ സോമനാഥവും പ്രഭാസതീര്‍ത്ഥവും ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെടുന്നു. അക്കൂട്ടത്തില്‍ മനുഷ്യമഹത്വത്തെ വാഴ്ത്തുന്ന കവിതകള്‍ കാലാതീതമായി ശോഭിച്ചുകൊണ്ടിരിക്കുന്നു. നാം കാണുന്നതും കേള്‍ക്കുന്നതുമെല്ലാം കവിതകള്‍ തന്നെയാണ്. മനുഷ്യ സംസ്കാരമെന്നതുതന്നെ ഒരു കവിതയത്രെ. കുത്സിതമായ കാവ്യനിര്‍മ്മാണക്കാരെ കുകവികള്‍ എന്നാണ് വിളിക്കുക. കവിയല്ലാതായാല്‍ തെറ്റില്ല. കുകവിയാകല്‍ അധര്‍മ്മമാണെന്ന് ബഹായി മതക്കാര്‍ ഉത്ഘോഷിക്കുന്നു.

പുരാണ കഥകള്‍ പലപ്പോഴും ചരിത്രസത്യങ്ങളാകാറില്ല. പക്ഷെ ആ കഥകളില്‍ ആഴവും പരപ്പുമുള്ള ചിന്താശകലങ്ങളുണ്ട്. സകലയിടങ്ങളിലും ഭൂമിശാസ്ത്രപരമായ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു.

പ്രഭാസതീര്‍ത്ഥത്തില്‍വെച്ച് ദേഹമുപേക്ഷിച്ച കൃഷ്ണന്‍റെ ജനനസ്ഥലം മഥുരയിലാണല്ലോ. മഥുരയില്‍നിന്നും പതിനാലു കിലോമീറ്റര്‍ അകലെയാണ് ഗോവര്‍ദ്ധന ഗിരി സ്ഥിതി ചെയ്യുന്നത്. ശ്രീകൃഷ്ണന്‍ ഗോവര്‍ദ്ധന ഗിരിയെ കുടയാക്കിയ കഥ പ്രശസ്തമാണ്. എന്നാല്‍ ഇന്ന് ഗോവര്‍ദ്ധന ഗിരിയില്ല.. അവിടത്തെ മണ്ണ് ആളുകള്‍ എടുത്തുകൊണ്ടുപോയി വീടുകള്‍ നിര്‍മ്മിച്ചു. ഗോവര്‍ദ്ധന ഗിരിയിലെ ഭൂമി ഇപ്പോള്‍ സമനിരപ്പിലാണ്.

പുരാണകഥകളില്‍ സന്നിവേശിപ്പിച്ചിരിക്കുന്നത് സൂക്ഷ്മമായ ഏതാനും ശാസ്ത്രങ്ങളാണ്. അവയെ ബാഹ്യരൂപത്തില്‍ വിലയിരുത്തിയശേഷം തര്‍ക്കങ്ങള്‍ അഴിച്ചുവിടുന്നത് വിഡ്ഡിത്തമാണ്.. ഏതു കഥയില്‍നിന്നും നമുക്ക് എന്താണ് ഗുണപാഠമായി കിട്ടുന്നത് എന്നായിരിക്കണം അന്വേഷിക്കേണ്ടത്.

ശ്രീകൃഷ്ണപുത്രന്‍ ഋഷീശ്വര‍ന്മാരെ പരിഹസിച്ചു. അവര്‍ ഇരുമ്പുലക്കയെ പ്രസവിച്ചു. അതോടെ യദുകുലം മുടിഞ്ഞു. വലിയ തത്വത്തങ്ങളെ പരിഹസിക്കാനായി മുതിരുമ്പോള്‍ ഇത്തരം കഥകള്‍ നമുക്ക് ഗുണപാഠമായി നില്‍ക്കുന്നു

ശ്രീകൃഷ്ണന്‍റെ പുത്രന്മാരായിരുന്നാലും തെറ്റുചെയ്താല്‍ കുലം മുടിയും എന്ന തത്വം പ്രഭാസതീര്‍ത്ഥക്കരയിലിരുന്ന് ചിന്തിക്കുന്നത് നല്ലതാണ്. അത് നമ്മുടെ സ്വന്തം ജീവിതത്തില്‍ പരിപക്വമായ ഒരു പ്രകാശം സന്നിവേശിപ്പിക്കുമെന്ന് തീര്‍ച്ചയാണ്.

( ശ്രീ. പി.ആര്‍.നാഥന്‍ എഴുതിയ യാത്രാ ലേഖനം - തുളസീദളം - ജനുവരി 2009)

No comments: