Sunday, March 15, 2009

സഞ്ചാരിയുടെ സത്യവാങ്മൂലം

ജ്ഞാനപീഠപ്രസംഗം - എസ്.കെ.പൊറ്റെക്കാട്ട്

1980-ലെ ജ്ഞാനപീഠസമ്മാനം ഞാന്‍ സ്വീകരിക്കുന്നത് നമ്മുടെ നാട് രാഷ്ട്രീയവും സാംസ്കാരികവുമായ ഒരു പരിവര്‍ത്തനത്തിന്റെ നീര്‍ച്ചുഴിയില്‍ അകപ്പെട്ടിരിക്കുന്ന ഒരു ഘട്ടത്തിലാണ്. ഞാനിതു പ്രത്യേകിച്ചും പരാമര്‍ശിക്കുന്നത് കല, സാഹിത്യം,സംസ്കാരം എന്നിവയെപ്പറ്റി പുതിയ തലമുറയ്ക്കുള്ള സങ്കല്പം പഴയ തലമുറയുടേതില്‍നിന്നു തീര്‍ത്തും വ്യത്യസ്തമാണെന്നുള്ളതുകൊണ്ടാണ്. അവയോടനുബന്ധിച്ചുള്ള മൂല്യങ്ങളും വളരെയധികം മാറിയിട്ടുണ്ട്. സയന്‍സും ടെക്നോളജിയും പുരോഗതിയുടെ വലിയ ചുവടുകള്‍ വയ്ക്കുന്ന ഈകാലത്ത് എഴുത്തുകാര്‍ക്ക് എവിടെയാണ് സ്ഥാനം? ചിലര്‍ ഇവ്വിധം ചോദിക്കാന്പോലും തുടങ്ങിയിട്ടുണ്ട്.

സയന്സിന്റേയും ടെക്നോളജിയുടേയും പുതിയ കണ്ടുപിടുത്തങ്ങളുടെ ഫലമായി നമ്മൂടെ ജീവിത സമ്പ്രദായങ്ങള്‍ വളരെ മാറിയിട്ടുണ്ട്. അതിനിയും അപ്രകാരം തുടരും. മഹത്തായ മാറ്റങ്ങള്‍ക്കു ഇനിയും സാദ്ധ്യതയുണ്ട്. എങ്കിലും ആഴത്തില്‍ ചിന്തിക്കുന്ന പക്ഷം അത്‌ ഇവതമ്മിലുള്ള ആസുരവാസനകളെ പെരുക്കാന്‍ മാത്രമേ പര്യാപ്തമാവുകയുള്ളുവെന്നു മനസ്സിലാകും

സയന്സിനു രണ്ടുമുഖമുണ്ട്. സുഖസൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഔത്സുക്യമുള്ളതാണൊന്ന്. നശീകരണത്തിനു വഴിയൊരുക്കുന്നതാണ് മറ്റൊന്ന്. കലയുടെയും സാഹിത്യത്തിന്റെയും ലക്ഷ്യം സൃഷ്ടിയാണ്, സംഹാരമല്ല. അതുകൊണ്ട്, ഈ കാലഘട്ടത്തില്‍, സയന്സിന്റെയും ടെക്നോളജിയുടേയും അന്തിമഫലങ്ങള്‍ മനുഷ്യലോകത്തിന്റെ നാശത്തിലേയ്ക്കു വിരല്‍ ചൂണ്ടുമ്പോള്‍, കലയും സാഹിത്യവുമാണ് മനുഷ്യന് അല്‍പമെങ്കിലും ആശ്വാസം പകരുന്നത്. യഥാര്‍ത്ഥ സാഹിത്യം നിശ്ചയമായും മനുഷ്യനിലുള്ള മൃഗീയപ്രവണതകളെ മാറ്റിനിര്‍ത്തുന്നതിന് ഗാഢമായി പ്രേരിപ്പിക്കുകയും സമത്വം, സാഹോദര്യം, സമാധാനം തുടങ്ങിയ മാനുഷികമൂല്യങ്ങളെ സമ്പുഷ്ടമാക്കുകയും ചെയ്യണം. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ അന്തിമമായി മനുഷ്യരക്ഷയ്ക്കു എത്തിച്ചേരുന്നതു സാഹിത്യമാണ്, സയന്സല്ല. സത്യം അതത്രെ.

നമ്മുടെ സാഹിത്യത്തിലെ ചില പുത്തന്‍ പ്രവണതകള്‍ കാണുമ്പോള്‍ എനിക്കു ദു:ഖം തോന്നുന്നു. സാഹിത്യസൃഷ്ടി വളരെ എളുപ്പം വിപണനം ചെയ്യാവുന്ന ഉല്‍പന്നമായിരിക്കുന്നു. അറിഞ്ഞോ അറിയാതെയോ മനുഷ്യന്റെ സദാചാരബോധത്തെ മരവിപ്പിച്ചുകൊണ്ട് പ്രാകൃതമായ ലൈംഗികത. കൊള്ള, കൊല, ബലാല്‍സംഗം എന്നിവ ഉള്‍ച്ചേര്‍ന്നുള്ള കഥകളുടെ പ്രളയമാണ് വിപണിയില്‍ കാണുക. ഇവ എളുപ്പം വിറ്റഴിയുകയും ചെയ്യുന്നു.

ആധുനികലോകത്തിന്റെ മൂന്നു ശാപം ദാരിദ്യവും മലിനീകരണവും ജനപ്പെരുപ്പവുമാണെന്നു പറയപ്പെടുന്നു. ഈ ശാപങ്ങള്‍ ആധുനിക സാഹിത്യത്തെയും പിടികൂടിയിട്ടുണ്ടെന്നു കാണാം. ആശയദാരിദ്ര്യം, അഴുകി ദുര്‍ഗ്ഗന്ധം വമിക്കുന്ന ലൈംഗികതയുടേയും കുറ്റകൃത്യങ്ങളുടേയും ആവിഷ്കരണത്തിലൂടെയുള്ള മലിനീകരണം, വിപണിയില്‍ തരം താണതും വൃത്തികെട്ടതുമായ പുസ്തകങ്ങളുടെ പെരുപ്പം.

മനുഷ്യമനസ്സിലെ നന്മകളെ വളര്‍ത്തുകയും സമൂഹത്തിന്റെ ഉത്കൃഷ്ടാശയങ്ങളെ ഉള്‍ക്കൊള്ളാന്‍ മനുഷ്യര്‍ക്ക് വഴിയൊരുക്കകയും ചെയ്യുന്ന സാഹിത്യമാണു ഉത്തമസാഹിത്യമെന്നു ഞാന്‍ വിശ്വസിക്കുന്നു. ഈ ബോധത്തോടെയാണ് ഞാനെന്റെ സാഹിത്യവൃത്തി ആരംഭിക്കുന്നത്.

എന്റെ അച്ഛന്‍ ഒരു ഇംഗ്ലീഷ് സ്കൂള്‍ അദ്ധ്യാപകനായിരുന്നു. സംസ്കൃതത്തിലും സാമാന്യമായ ജ്ഞാനം അദ്ദേഹത്തിനുണ്ടായിരുന്നു. അച്ഛന്‍ എല്ലാദിവസവും എന്നെക്കൊണ്ട് രാമായണം, മഹാഭാരതം അല്ലെങ്കില്‍ കൃഷ്ണഗാഥ വായിപ്പിക്കുകയും ചൊല്ലിപ്പിക്കുകയും ചെയ്തിരുന്നു. എന്റെ വായനയ്കിടയില്‍, രാമായണത്തിലെ സംഭവങ്ങളില്‍ നിന്നു ധാരാളം രംഗങ്ങള്‍ ഭാവനയില്‍ ദര്‍ശിക്കാനുള്ള പ്രവണത ഞാന്‍ വളര്‍ത്തിയെടുത്തിരുന്നു. സദൃശമായ പുതിയ രംഗങ്ങള്‍ സങ്കല്‍പിക്കാനുള്ള വൈഭവവും ഞാന്‍ നേടി.

കാളിന്ദിതന്‍ പുളിനവും കുളുര്‍ വെണ്ണിലാവും

മേളിച്ച രാത്രികളുമുണ്ടിനി വേണ്ടുവോളം

ശ്രീകൃഷ്ണചരിതം മണിപ്രവാളത്തിലെ ഈരടി നല്‍കുന്ന കാല്‍പനിക ദൃശ്യം ആഹ്ലാദകര്‍മാണ്. അതുപോലെത്തന്നെ ഋഷിമാരുടെയും മറ്റും കഥകള്‍ വായിക്കുന്നതിലൂടെ ഞാന്‍ വളരെ അഹ്ലാദം അനുഭവിച്ചിട്ടുണ്ട്.

ഇനിയുളള കാലം കലിയുഗമത്രെ

മുനിജനങ്ങളും മറഞ്ഞുപോമല്ലോ -

എന്ന ഈരടി വായിച്ചപ്പോള്‍ ഞാന്‍ പൊട്ടിക്കരഞ്ഞിട്ടുണ്ട്.

അച്ഛന്റെ ഉപദേശമനുസരിച്ചു ഹൈസ്കൂളിലും കോളേജിലും സംസ്കൃതം ഐച്ഛികവിഷയമായി സ്വീകരിച്ചതു പിന്നീടു സംസ്കൃതനാടകങ്ങളും കവിതകളുമായി പരിചയപ്പെടുന്നതിനു എളുപ്പം വഴിയൊരുക്കി. പ്രാചീന ഭാരതീയേതിഹാസങ്ങളില്‍നിന്നും കാവ്യങ്ങളില്‍നിന്നും ഇപ്രകാരം ഞാന്‍ സ്വായത്തമാക്കിയ അറിവും ആശയങ്ങളും എന്റെ സാഹിത്യയത്നത്തില്‍ എന്നെ ഒരു നല്ല സ്ഥാനത്തെത്തിച്ചു. പടിഞ്ഞാറന്‍ സാഹിത്യമായുള്ള പരിചയം എനിക്കു മറ്റൊരു മുതല്‍ക്കൂട്ടായിരുന്നു.

എന്റെ മാതൃഭാഷയായ മലയാളത്തിനു പല പ്രത്യേകതകളുമുണ്ട്. ഭാരതീയ ഭാഷകളിലധികവും ദേശ്യനാമങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ബംഗാളില്‍ ബംഗാളി, പഞ്ചാബില്‍ പഞ്ചാബി, തമിഴ്‌ നാട്ടില്‍ തമിഴ്‌ എന്നിങ്ങനെ. പക്ഷെ, കേരളത്തിലെ ഭാഷ മലയാളമാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്കാരില്‍ ചിലര്‍ക്കു മലയാളം ഭാരതീയ ഭാഷകളിലൊന്നാണെന്നു തിരിച്ചറിയാന്‍ കഴിയുന്നില്ല. മലയാളം, മലയായിലെ ഭാഷയാണെന്നു ധരിച്ച ഒരു പണ്ഡിറ്റിനെ എനിക്കറിയാം.

പടിഞ്ഞാറുനിന്ന് ഇസ്ലാമിക ക്രൈസ്തവ മതങ്ങളുടെ രംഗപ്രവേശം മലയാളഭാഷയെയും സാഹിത്യത്തെയും സമ്പന്നമാക്കിയിട്ടുണ്ട്. സംസ്കൃത പദങ്ങള്‍കൊണ്ട് നിബിഢമായ ഒരു ഭാഷയാണ് മലയാളം. സംസ്കൃതം, ഇതര ദ്രാവിഢ ഭാഷകള്‍, ഇംഗ്ലീഷ്, അറബിക്, പോര്‍ത്തുഗീസ്, ഫ്രെഞ്ച് തുടങ്ങിയ വിദേശ ഭാഷകള്‍ എന്നിവയുമായുള്ള സമ്പര്‍ക്കം മലയാളഭാഷയ്ക്കും സാഹിത്യത്തിനും പുതിയ ഒരു നിറവും മണവും നല്‍കിയിട്ടുണ്ട്. ശുദ്ധമായ പ്രാചീന മലയാള പദങ്ങളുള്‍ച്ചേര്‍ന്ന വടക്കന്‍ പാട്ടും, അറബിക്കും പേര്‍ഷ്യനും പദങ്ങള്‍ ധാരാളം ചേര്‍ന്ന മാപ്പിളപ്പാട്ടും മലയാള സാഹിത്യത്തെ ഗണ്യമാംവിധം സമ്പന്നമാക്കിയിട്ടുണ്ട്. ചാക്യാര്‍കൂത്ത്, കൂടിയാട്ടം തുടങ്ങിയ ക്ഷേത്രകലകളിലൂടെ സംസ്കൃത നാടകങ്ങളും സംസ്കൃത കഥനങ്ങളും ഇന്നും ജീവിച്ചുകൊണ്ടിരിക്കുന്നു. സിറിയന്‍ ക്രിസ്ത്യാനികളുടെ പ്രാചീനമായ ചവിട്ടുനാടകവും അതിന്റേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മലയാള സാഹിത്യം ചൈതിന്യമാര്‍ന്ന ചില പുതിയ പ്രവാഹങ്ങള്‍ ഉള്‍ക്കൊണ്ടു വളരുന്നത്.

ഇവിടെ അംഗീകൃതമായ പതിനാറു ഭാഷയുംസാഹിത്യവുമുണ്ടെങ്കിലും ഭാരതീയ സാഹിത്യം ഒന്നുമാത്രമെയുള്ളു. വലിയ ആല്‍മരത്തില്‍ അവിടവിടെയുണ്ടാകുന്ന വേരുകളെന്നോണം ഭാരതത്തിലെ വത്യസ്ത ഭാഷാസാഹിത്യങ്ങള്‍ ഭാരതമൊട്ടുക്കും വ്യാപിച്ചുകിടക്കുന്നു. പക്ഷെ, വ്യത്യസ്തദേശങ്ങളിലെ സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും മുഖം അറിയാനും ആസ്വദിക്കാനുമുള്ള സ്ഥിതി അവിടങ്ങളിലെ പലതരക്കാരായ ജനങ്ങള്‍ക്കു വേണ്ടത്ര അനുകൂലമല്ല. അമേരിക്കയിലെയും സോവിയറ്റ് റഷ്യയിലെയും സ്വീഡനിലെയും മറ്റും സാഹിത്യകാരന്മാരേയും സാഹിത്യങ്ങളേയും നാമറിയും. എന്നാല്‍ ഖേദകരം തന്നെ, നമ്മുടെ അയല്‍ദേശങ്ങളിലെ കഥാകാരന്മാരെയും കവികളെയും കുറിച്ചു നാം അജ്ഞരാണ്. ഇതൊരു ശോചീനയമായ അവസ്ഥയാണ്. കേന്ദ്രസാഹിത്യ അക്കാദമിയുടെ തനിച്ചുള്ള ശ്രമങ്ങള്‍കൊണ്ടുമാത്രം പ്രശ്നം പരിഹൃതമാകുന്നില്ല. ഭാരതത്തിലെ വത്യസ്ത വിഭാഗങ്ങളെല്ലാം ഭാരതീയ സാഹിത്യം പൂര്‍ണ്ണമായും അറിയാനും ആസ്വദിക്കാനും ഉള്ള അവസ്ഥയിലാകണം. എല്ലാ പ്രാദേശിക ഭാഷകളിലെയും വ്യത്യസ്തമായ സാഹിത്യസൃഷ്ടികള്‍ അറിയുന്നതി‍നുള്ള സൌകര്യങ്ങളും അവസരങ്ങളും വേണ്ടത്ര ഉണ്ടാകണം.

ഈ പശ്ചാത്തലത്തില്‍, വര്‍ഷംതോറും ഭാരതത്തിലെ മികച്ച സാഹിത്യകൃതി കണ്ടെത്താനുള്ള ജ്ഞാനപീഠത്തിന്റെ ശ്രമങ്ങള്‍ അത്യന്തം പ്രയോജനകരവും സന്ദര്‍ഭോചിതവുമായ ഒരു സാഹിത്യസേവനമാകുന്നു. വ്യത്യസ്തഭാഷകളിലെ ഉത്കൃഷ്ട രചനകളെ അവതരിപ്പിക്കുന്നതിനു അതു വഴിയൊരുക്കുന്നു. ആ രചനകളില്‍ സമ്മാനം ലഭിക്കാത്തവപോലും ഭാരതത്തിന്റെ മുഴുവന്‍ ശ്രദ്ധ പിടിച്ചു പറ്റുന്നുവെന്നതു നിസ്സാരകാര്യമല്ല.

സാഹിത്യത്തിന്റെ ലക്ഷ്യംമനുഷ്യനെ ഉണര്‍ത്തുകയും ആന്തരികമായ നന്മകളിലേയ്ക്കു അവനെ ഉയര്‍ത്തുകയുമാണ്. വിസ്തൃതമായ ഭാരതത്തിലെ വ്യത്യസ്ഥ ജനവിഭാഗത്തെ സമത്വം, സ്നേഹം, സഹകരണം, സംസ്കാരത്തെ സംബന്ധിച്ചുളള പരസ്പരധാരണ എന്നീ ബോധത്തിലൂടെ സമന്വയിക്കുന്നതിനുകൂടിയുള്ളതാണ് സാഹിത്യം. ബംഗാളിയാണോ, പഞ്ചാബിയാണോ, തമിഴനാണോ എന്ന പരിഗണ‍ന കൂടാതെ അവരെ അടുപ്പിക്കുന്നതിനുള്ളതാണ് സാഹിത്യം. ഈ സാഹോദര്യ ചിന്ത മനുഷ്യര്‍ക്ക് മാത്രമായി നിബന്ധിച്ചിട്ടുള്ളതല്ല. സ്നേഹം വിസ്തൃതമായ മണ്ഡലത്തില്‍ പരന്നുകിടക്കുന്നു. പക്ഷികളേയും മൃഗങ്ങളേയും ചെടികളേയും പോലും അതാശ്ലേഷിക്കുന്നു. പുരാണേതിഹാസങ്ങള്‍ സൃഷ്ടിച്ച ഋഷികള്‍ സാര്‍വ്വലൌകികമായ ഈ സ്നേഹത്തെ ആവിഷ്കരിച്ചു.

തരുപക്ഷിമൃഗങ്ങളോടും

മിന്നരരോടും

ശൂരരോടുമെന്നുമേ

ഒരു മട്ടിവരുള്ളിലേന്തുമ-

സ്സരളസ്നേഹരസം

നിനപ്പൂഞാന്‍

- ഇങ്ങനെ പാടി നമ്മുടെ മഹാകവി കുമാരനാശാന്‍

പക്ഷെ, കഷ്ടം! ഈ പ്രകൃതിസ്നേഹവും ജീവജാലങ്ങളോടുള്ള അനുകമ്പയും വിസ്തൃതമായ ഒരു യുഗത്തിലെ പഴങ്കഥകളായിരിക്കുന്നു.

ശങ്കരാചാര്യരുടെ നാട്ടില്‍നിന്നാണ് ഞാന്‍ വരുന്നത്. തന്റെ കിടയറ്റ അദ്വൈതസിദ്ധാന്തത്തിലൂടെ ശ്രീശങ്കരന്‍ നൂറ്റാണ്ടുകള്‍ക്കുമുന്‍പു ഭാരതം മുഴുവന്‍ കീഴടക്കുക മാത്രമല്ല ഭാരതത്തിന്റെ നാലുഭാഗത്തും മഠങ്ങള്‍ സ്ഥാപിക്കുകയും സാംസ്കാരികമായ ഐക്യത്തിലൂടെ ഭാരതീയരെ ഉദ്ഗ്രഥിക്കുകയും ചെയ്തു. ഭാരതീയരെ ഏകരൂപത്തില്‍മാത്രം കണ്ടുകൊണ്ടാണ് ആചാര്യന്‍ തന്റെ സാഹിത്യരചനകള്‍ നിര്‍വ്വഹിച്ചത്. ആ മഹാദാര്‍ശനികന്‍ ഭാരതത്തിലെ എല്ലാ നദികളേയും കുറിച്ചു കീര്‍ത്തനങ്ങളെഴുതിയിട്ടുണ്ട്. ഗംഗയെക്കുറിച്ചുള്ള ഒരു കീര്‍ത്തനം ശ്രവിക്കുക.

ശൈലേന്ദ്രാദേവതാരിണീ

നിജ്ജലേ മജ്ജജ്ജനോദ്വാരിണീ

പാരാവാരവിഹാരിണീ വിജയതേ

ഗംഗാമനോഹാരിണീ

ശങ്കാരാചാര്യരുടെ തത്ത്വശാസ്ത്രം, ഗംഗയെ ഭാരതീയ ജനതയുടേ മുഴുവന്‍ പൊതുസ്വത്തായി വിഭാവനം ചെയ്തു. കാളിദാസനെപ്പോലുള്ള മഹാകവികളും ഭാരതീയരെല്ലാവരും അതുപോലെത്തന്നെ വ്യത്യസ്തമായ ഭൂവിഭാഗങ്ങളും തമ്മിലുളള ഐക്യത്തിന്നായി ഉദ്ബോധിപ്പിച്ചു. ഈ മഹദ് സന്ദേശം തന്നെ ടാഗൂറും വിളംബരം ചെയ്തു. (ടാഗുറിന്റെ മെസ്സേജ് ഓഫ് ദി ഫോറസ്റ്റ് എന്ന സൃഷ്ടി കാണുക)

എന്നാലിന്നു ആ സ്നേഹവും സമത്വബോധവുമെല്ലാം മൃതമായ ഭൂതകാലത്തിന്റെ വിരസമാര്‍ന്ന പഴങ്കഥകളായിരിക്കുന്നു.

ഇന്നു നമ്മുടെ നാടിനെ അസഹ്യപ്പെടുത്തുന്ന എല്ലാ തിന്മകള്‍ക്കുമുള്ള മുഖ്യകാരണം ഭാരതത്തിന്റെ സാംസ്കാരികമുല്യത്തോടുള്ള നമ്മുടെ അവഗണനയില്‍മേല്‍ ആരോപിക്കപ്പെടേണ്ടിയിരിക്കുന്നു, - സേവനൌത്സുക്യത്തിനു പകരം സ്വാര്‍ത്ഥതാല്‍പര്യമാണെങ്ങും. സ്വാര്‍ത്ഥമോഹങ്ങളും ലൌകിക സുഖങ്ങളും കരസ്ഥമാക്കുന്നതിനു ഏതു പിഴച്ച മാര്‍ഗ്ഗവും കൈക്കൊള്ളാമെന്നതായിരിക്കുന്നു വര്‍ത്തമാനകാലത്തെ മാനസികാവസ്ഥ. പ്രകൃതിസ്നേഹം സയന്സിന്നായി കച്ചവടം ചെയ്യപ്പെട്ടിരിക്കുന്നു. വനങ്ങള്‍ സിസ്സംശയം വന്‍തോതില്‍ വെട്ടിനീക്കപ്പെടുകയും അനന്തരം മരുഭൂമികള്‍ സ്വാഗതം ചെയ്യപ്പെടുകയും ചെയ്യുന്നു. മുള്ളുകള്‍ നിറഞ്ഞ കുറ്റിച്ചെടികളും മരുഭൂമികളും മനുഷ്യമനസ്സില്‍ കെട്ടി ഉയര്‍ത്തപ്പെടുന്നതിനെപ്പറ്റി നാം ബോധവാന്മാരല്ല.

നമ്മുടെ സാഹിത്യകാരന്‍മാരും കലാകാരന്‍മാരും ഈ വന്‍ വിപത്തില്‍ നിന്നു നമ്മുടെ പ്രിയഭാരതത്തെ രക്ഷിക്കുന്നതിനു ദൃഢനിശ്ചയത്തോടെ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു.

എസ്.കെ.പൊറ്റെക്കാട്ട്

എസ്.കെ.പൊറ്റെക്കാട്ട് (ശങ്കരന്‍കുട്ടി പൊറ്റെക്കാട്ട്) കോഴിക്കോട് തൊട്ടുളിപ്പാടത്തെ പൊറ്റെക്കാട്ട് വീട്ടില്‍ 1913 മാര്‍ച്ച് 13-നു ജനിച്ചു - കോഴിക്കോട് ഹിന്ദുസ്കൂള്‍, ഗണപതി ഹൈസ്കൂള്‍, സാമൂതിരി ഹൈസ്കൂള്‍ എന്നിവടങ്ങളില്‍ വച്ചായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. പിന്നീട് സാമൂതിരി കോളേജില്‍ ചേര്‍ന്നു ഇന്റര്‍മീഡിയറ്റ്വരെ പഠിച്ചു.

1937 മുതല്‍ 39-വരെ കോഴിക്കോട് ഗുജറാത്തി സ്കൂളില്‍ അദ്ധ്യാപകവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന എസ്.കെ. 1939-ല്‍ ത്രിപുര കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനുവേണ്ടി ജോലി രാജിവച്ചു. പിന്നീടു ബോബെയിലൊരുവര്‍ഷം ടൈപിസ്റ്റ് അയി ജോലിനോക്കി. നാട്ടില്‍ രണ്ടുവര്‍ഷം സാഹിത്യരചനയുമായി കഴിച്ചുകൂട്ടി. 1943-ല്‍ പുരോഗമന സാഹിത്യ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വീണ്ടും ബോംബെയിലെത്തിയ എസ്.കെ. 1944 വരെ അവിടെ ടെക്സ്ടൈല്‍ കമ്മീഷണര്‍ ആഫീസില്‍ ജോലിനോക്കിയെങ്കിലും സാഹിത്യത്തോടുള്ള താല്‍പര്യം നിമിത്തം ജോലിരാജിവച്ചു. തുടര്‍ന്നു ഉത്തരേന്ത്യയിലും കശ്മീരിലും പര്യടനം ചെയ്തു. എസ്.കെ യുടെ വിദേശപര്യടനം ആരംഭിക്കുന്നത് 1949-ല്‍ ആണ്. എസ്.കെ. സന്ദര്‍ശിച്ചിട്ടില്ലാത്ത വിദേശരാജ്യങ്ങള്‍ കുറവാണ്. ഇന്ത്യയില്‍ ഇത്രയധികം സഞ്ചരിച്ച എഴുത്തുകാരനെയും കണ്ടെത്തുക പ്രയാസമായിരിക്കും. ഹെല്‍സിങ്കിയില്‍ വച്ചു നടന്ന ലോകസമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായും എസ്.കെ. പങ്കെടുത്തിരുന്നു.

1957-ലെ തെരഞ്ഞെടുപ്പില്‍ തലശ്ശേരി പാര്‍ലിമെന്റ് നിയോജക മണ്ഡലത്തില്‍നിന്നു മത്സരിച്ചുവെങ്കിലും എസ്.കെ പരാജയപ്പെട്ടു. തുടര്‍ന്ന് 1962-ല്‍ അതെ നിയോജക മണ്ഡലത്തില്‍നിന്നു മല്‍സരിച്ചു ജയിച്ചു. 1967-വരെ അഞ്ചുവര്‍ഷം പാര്‍ലിമെന്റ് അംഗമായി പ്രവര്‍ത്തിച്ചു.

കേരളസാഹിത്യ അക്കാദമി, കേന്ദ്രസാഹിത്യ അക്കാഡമി, സമസ്ത കേരള സാഹിത്യ പരിഷത്ത് എന്നിവയുടെ നേതൃസ്ഥാനങ്ങളില്‍ എസ്.കെ. പ്രവര്‍ത്തിച്ചിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ ആരംഭകാലം മുതല്‍ ജനറല്‍ കൌണ്സിലിലും ഒരു തവണയൊഴികെ നിര്‍വ്വാഹക സമിതിയിലും എസ്.കെ. അംഗമായിരുന്നു. 1971-74 കാലതത് അക്കാദമിയുടെ വൈസ്പ്രസിഡന്റ് ആയും എസ്.കെ.സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാഹിത്യപ്രവര്‍ത്തകസഹകരണസംഘം പ്രസിഡന്റ്, മലബാര്‍ കേന്ദ്രകലാസമിതി പ്രസിഡന്റ്, പ്രപഞ്ചം വാരികയുടെ എഡിറ്റര്‍ എന്നീ നിലകളിലും എസ്.കെ.പ്രവര്‍ത്തിക്കുകയുണ്ടായി.

എസ്.കെ.യുടെ ആദ്യത്തെ കഥ പ്രസിദ്ധം ചെയ്തത്‌ 1926-ലാണ്. സാമൂതിരി കോളേജ് മാസികയില്‍ പ്രസിദ്ധം ചെയ്ത 'രാജനീതി' എന്ന കഥ ആയിരുന്നു അത്. 'നാടന്‍ പ്രേമം' ആണ് എസ്.കെ.യുടെ ആദ്യത്തെ നോവല്‍. 9 നോവലും 17 യാത്രാവിവരണങ്ങളും ഒരു നാടകവും ഒരു ഉപന്യാസ സമാഹാരവും 18 ചെറുകഥാസമാഹാരവും ഒരു ജീവിചരിത്രവുമടക്കം 51 കൃതികള്‍ എസ്.കെ യുടെ വകയായുണ്ട്.

എസ്.കെ.രചിച്ച 'യവനികയ്ക്കു പിന്നില്‍' എന്ന കഥാസമാഹാരം 1940-ലും 'വിഷകന്യക' എന്ന നോവല്‍ 1949-ലും മദ്രാസ് ഗവണ്മെന്റിന്റെ അവാര്‍ഡുകള്‍ നേടുകയുണ്ടായി. 'ഒരു തെരുവിന്റെ കഥ' എന്ന നോവല്‍ 1962-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. 'ദേശത്തിന്റെ കഥ' 1972-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും 1977-ലെ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം അവാര്‍ഡും കരസ്ഥമാക്കുകയുണ്ടായി. ഇതേ ഗ്രന്ഥംതന്നെ 1981-ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠസമ്മാനത്തിനും അര്‍ഹമായി.

എസ്.കെ.യുടെ കൃതികള്‍ ഇംഗ്ലീഷ്, ജര്‍മ്മന്‍, ജാപ്പനീസ്, ചെക്ക്, റഷ്യന്‍ തുടങ്ങിയ നിരവധി ഭാഷകളില്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. തമിഴ്, ഹിന്ദി തുടങ്ങിയ ഭാരതീയ ഭാഷകളിലും എസ്.കെ. യുടെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. എസ്.കെ. യുടെ 'വിഷകന്യക' കേരള സാഹിത്യ അക്കാഡമി ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1982 ആഗസ്റ്റ് 6-)o തീയതി അന്തരിച്ചു.

( കടപ്പാട് - സരോവരം മാസിക - June 1987)

No comments: