Sunday, February 22, 2009

ചിയേഴ്സ്

പ്രധാന നിരത്തുവിട്ട് അയാള്‍ ഇടവഴീലേക്കിറങ്ങി. മുനിഞ്ഞുകത്തുന്ന വഴിവിളക്കുകളുടെ പ്രകാശവും മങ്ങിയ നിലാവെളിച്ചവും ഇരുവശം ഇടതൂര്‍ന്ന കാട്ടുപോന്തകള്‍ തടഞ്ഞുനിര്‍ത്തിയിരുന്നു
.
കറുത്തുനരച്ച ഇരുട്ട് ചുറ്റും കൂടുകെട്ടിയപ്പോഴും അയാള്‍ ഭയന്നില്ല. അയാള്‍ ഇരുട്ടിനെ സ്നേഹിക്കാന്‍ തുടങ്ങിയിരുന്നു-വെളിച്ചത്തെ ഭയക്കാനും. വീടുകളില്‍ നിന്ന് ഒലിച്ചിറങ്ങുന്ന അഴുക്കുവെള്ളം തളംകെട്ടി വഴിയാകെ വൃത്തികേടായി കിടന്നിരുന്നു. ചെളിയില്‍ ചവിട്ടാതിരിക്കാന്‍ കരിങ്കല്‍ കഷ്ണങ്ങള്‍ നിരത്തിയിരുന്നു. അതിലൂടെ ഒരു സര്‍ക്കസ് അഭ്യാസിയെപ്പോലെ ബാലന്‍സ് പിടിച്ച് ഓരോ അടിയും അളന്നുമുറിച്ച് അയാള്‍ മുന്നോട്ടു നടന്നു. മുറിയുടെ വാതിലടഞ്ഞു കിടന്നിരുന്നു. ടേപ്പ് റെക്കോര്‍ഡറിന്‍റെ താളംതെറ്റിയ കരച്ചില്‍ അയാളുടെ കാതില്‍ തുളച്ചു കയറി. ഏതോ ഒരു മലയാള ഗാനത്തിന്‍റെ പാരഡികള്‍. ഗ്ലാസുകള്‍ കൂട്ടിമുട്ടുന്ന ശബ്ദം. ഒപ്പം തെറിയും ചിരിയും ഒരുമിച്ച് പുറത്തേക്ക് തെറിച്ചു വീണു. "അവസാനത്തെ പെഗ്ഗുകൂടി കഴിഞ്ഞാല്‍ റമ്മികളി നിര്‍ത്താം. അടുത്തത് അമ്പത്താറ്. ആര്‍ക്കെങ്കിലും വിരോധണ്ടെങ്കില്‍ ഇപ്പോ പറയണം. ഏത്......" മേനോന്‍റെ കുഴഞ്ഞ ശബ്ദം. "നോ............" അതൊരു കോറസ്സായിരുന്നു. "അപ്പോള്‍ എല്ലാവരുടേയും ആരോഗ്യത്തിനായി ഒരിക്കല്‍ കൂടി ചിയേഴ്സ്." മേനോന്‍റെ ഉദാരമായ പ്രതികരണം. ചിയേഴ്സില്‍ തുടങ്ങിയാല്‍ ചിയേഴ്സില്‍ത്തന്നെ അവസാനിക്കണമെന്ന് മേനോന്‍ പറയുന്നു. അടിപിടിയുണ്ടാകാം, കത്തിക്കുത്തുവരെ നടക്കാം. പക്ഷെ പിരിയുമ്പോള്‍ എല്ലാവരും സുഹൃത്തുക്കളായി വേണം പിരിയാന്‍. ഇതാണ് ശ്രീമാന്‍ മേനോന്‍റെ നിലപാട്. ഇത്തരത്തില്‍ എത്രയോപുതുപുത്തന്‍ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ മേനോന്‍ ബഹുകേമനാണ്. മേനൊനന് സുഹൃത്തുക്കള്‍ക്ക് പഞ്ഞമില്ല. എത്രയോ പേര്‍. പലതട്ടിലായിട്ടുള്ളവര്‍. മാസത്തില്‍ ചുരുങ്ങിയത് രണ്ട് ചിയേഴ്സ് പാര്‍ട്ടികളെങ്കിലും സംഘടിപ്പിക്കണമെന്ന് മേനോന് നിര്‍ബന്ധമാണ്. പുതിയ ഡ്രസ്സിന്‍റെ വകയില്‍, പുതിയ ജോലി കിട്ടിയാല്‍, നവ ദമ്പതികള്‍ക്ക് നന്മകള്‍ നേരാന്‍, സുഹൃത്തുക്കള്‍ക്ക് ജന്മദിനമാശംസിക്കാന്‍, വീടിന്‍റെ കുടിയിരിക്കല്‍. മേനോന്‍റെ ഈ പട്ടിക നീളുകയാണ്. ഒന്നും കിട്ടിയില്ലെങ്കില്‍ വെറുമൊരു ഗെറ്റ് റ്റുഗെദര്‍ പാര്‍ട്ടി. ഇതൊന്നും സഹിക്കാനാവാതെ മേനോന്‍റെ ഭാര്യ ആത്മഹത്യ ചെയ്തു എന്നാണ് ജനസംസാരം. ആ വകയിലും മേനോന്‍ പാര്‍ട്ടി നടത്തിയെന്ന് അടുത്ത സുഹൃത്തുക്കള്‍ സ്വകാര്യമായി പറഞ്ഞു നടക്കുന്നു.പുതിയ ജോലി കിട്ടിയപ്പോള്‍ അയാളോട് ഒരു പാര്‍ട്ടി കൊടുക്കാന്‍ മേനോന്‍ ആവശ്യപ്പെട്ടു. കാശ് കൊടുത്താല്‍ മതി. ബാക്കി കാര്യം മേനോന്‍ നോക്കിക്കൊള്ളും. അയാള്‍ വഴങ്ങിയില്ല. മേനോന്‍ പരിഭവിച്ചു. ദേഷ്യപ്പെട്ടു. പിന്നെ തെറി പറഞ്ഞു. ഒടുവില്‍ ഉപദേശത്തോടെ മേനോന്‍ പറഞ്ഞു " എടോ, താന്‍ ചെറുപ്പമല്ലേ. സാഹചര്യത്തിനനുസരിച്ച് ജീവിക്കാന്‍ പഠിക്കണം. കാശ് ചെലവഴിച്ച് എന്‍ജോയ് ചെയ്യടോ. ഈ സുഖോന്നും പിന്നെ കിട്ടിയെന്ന് വരില്ല. അപ്പൊപ്പൊ ചെയ്യെണ്ട്ത് അപ്പൊപ്പൊ ചെയ്യാ." തിരിച്ച് മേനോനോട് ഒന്നും പറഞ്ഞില്ല. എല്ലാം കേട്ടു. കാരണം ആരുടേയും സഹജമായ സ്വഭാവം മാറ്റാന്‍ പറ്റുന്ന ഒന്നല്ല. ഇപ്പോള്‍ മുറിയില്‍ കടന്നാല്‍ ഒരേറ്റുമുട്ടല്‍ അനിവാര്യമാകുമെന്ന് അയാള്‍ക്കറിയാം. രാമേട്ടന്‍റെ മുറിയില്‍ പോയാലോ? ഈ സമയത്തൊന്നും രാമേട്ടന്‍ കിടക്കാന്‍ സാധ്യതയില്ല. രാത്രി ഏറെ വൈകുന്നതുവരെ രാമേട്ടന്‍ എന്തെങ്കിലും വായിചുകൊണ്ടിരിക്കും. അയാളുടെ ഏക രക്ഷാമാര്‍ഗ്ഗവും രാമേട്ടനാണ്. എന്നുവെച്ച് രാമേട്ടനെ എല്ലായെപ്പോഴും ബുദ്ധിമുട്ടിക്കുന്നതും ശരിയല്ല. രാമേട്ടന് ഒന്നും തോന്നില്ലായിരിക്കാം. അതാണ് രാമേട്ടന്‍റെ പ്രകൃതം. ഇരുട്ടിന്‍റെ സാന്ദ്രത കൂടിയിരിക്കുന്നു. എന്തുചെയ്യണമെന്നറിയാതെ അയാള്‍ ആലോചനയിലാണ്ടു. പരിസരമാകെ കറുത്ത കട്ടിയുള്ള ഇരുട്ട്. കറുകറുത്ത രാത്രി. ഇരുണ്ട മേഘങ്ങള്‍. മങ്ങിയ നക്ഷത്രങ്ങള്‍ ഉറക്കം തൂങ്ങുന്ന ആകാശം. ഇരുട്ടിന്‍റെ മുഖത്ത് ഒരു കാറ്റ് അലറി ആഞ്ഞു വീശി. ഇരുട്ടിന്‍റെ ഗന്ധമുള്ള കാറ്റ് അയാളുടെ അരികിലൂടെ കടന്നു പോയി. അയാള്‍ കാതോര്‍ത്തു. കേള്‍ക്കാന്‍ ഇമ്പമുള്ള അമ്മയുടെ സ്വരം. അമ്മ ശ്ലോകം ചൊല്ലുകയാണ്-
കര്‍ മ്മണൈവ ഹി സംസിദ്ധി- മാസ്ഥിതാ ജനകാ ദയ: ലോക സംഗ്രഹ മേ വാപിസം പശ്യന്‍ കര്‍ത്തു മര്‍ഹസി
കാറ്റു വീണ്ടും ശക്തിയായി വീശിത്തുടങ്ങി. അമ്മയുടെ ഗന്ധമുള്ള കാറ്റ് അയാളെ തഴുകി കടന്നുപോയി. അയാള്‍ ആകാശത്തിലേക്ക് നോക്കി. എവിടെയോ തെളിഞ്ഞൊരു നക്ഷത്രം അയാള്‍ക്ക് നേരെ പുഞ്ചിരിച്ചു. " കുട്ടാ, വാശി പിടിക്കരുതെന്ന് അമ്മ എപ്പഴും പറയാറില്ലേ. ഓരോരുത്തര്‍ക്കും ഓരോ വഴികളില്ലേ മോനെ. നിനക്ക് ആരേയും കൈ പിടിച്ചു നടത്താന്‍ കഴിയില്ല. എല്ലാവരും സ്വയം തെരഞ്ഞെടുക്കുന്ന വഴിയിലൂടെ മാത്രെ നടക്കൂ. കാറ്റടങ്ങി. അമ്മയുടെ ഗന്ധം അയാളെ തലോടി. അയാള്‍ പറഞ്ഞു - സ്വസ്തി-സ്വസ്തി-സ്വസ്തി

No comments: